രണ്ട് ശഹാദതുകൾ കഴിഞ്ഞാൽ അതിശ്രേഷ്ഠമായ ശാരീരികാരാധന നിസ്‌കാരമാണ്. നിർബന്ധ കർമങ്ങളിൽ ഫർള് നിസ്‌കാരം ഏറ്റവും ശ്രേഷ്ഠമായതുപോലെ സുന്നത്തായ കർമങ്ങളിൽ അതിശ്രേഷ്ഠം സുന്നത്തു നിസ്‌കാരങ്ങളാണ്. സുന്നത്തു നിസ്‌കാരങ്ങൾ രണ്ടു വിധമുണ്ട്. ജമാഅത്ത് സുന്നത്തുള്ളതും സുന്നത്തില്ലാത്തതും. പെരുന്നാൾ നിസ്‌കാരങ്ങൾ, ഗ്രഹണ നിസ്‌കാരങ്ങൾ, തറാവീഹ് തുടങ്ങിയവ ഒന്നാമത്തേതിനും റവാതിബ് നിസ്‌കാരം, ളുഹാ, തഹിയ്യത്ത് നിസ്‌കാരം, തഹജ്ജുദ് എന്നിവ രണ്ടാമത്തേതിനും ഉദാഹരണങ്ങളാണ്.
തഹജ്ജുദ് നിസ്‌കാരം സുന്നത്തുണ്ടെന്നത് അവിതർക്കിത കാര്യമാണ്. രാത്രി ഉറങ്ങിയുണർന്നു നിർവഹിക്കുന്ന സുന്നത്ത് നിസ്‌കാരമാണ് തഹജ്ജുദ്. തഹജ്ജുദിന്റെ മഹത്ത്വം വിശദീകരിക്കുന്ന വിശുദ്ധ ഖുർആൻ സൂക്തങ്ങളും ഹദീസുകളും ധാരാളമുണ്ട്. ‘രാത്രി അൽപ സമയം ഉറക്കമുണർന്ന് ഖുർആൻ പാരായണം ചെയ്ത് നിങ്ങൾ തഹജ്ജുദ് നിർവഹിക്കുക. നിങ്ങൾക്ക് അധികമായിട്ടുള്ള ഒന്നാണിത്’ (അൽഇസ്‌റാഅ് 79), ‘വസ്ത്രംകൊണ്ട് മൂടിയവരേ, രാത്രി അൽപ സമയമൊഴിച്ച് എഴുന്നേറ്റ് പ്രാർഥനയിൽ നിരതനാവുക. അഥവാ അതിന്റെ പകുതി സമയം അല്ലെങ്കിൽ അതിൽ നിന്നൽപം ചുരുക്കുക. അല്ലെങ്കിൽ അതിനേക്കാൾ വർധിപ്പിക്കുക. സാവകാശം ഖുർആൻ പാരായണം നടത്തുകയും ചെയ്യുക (മുസ്സമ്മിൽ 1-4).
തഹജ്ജുദ് നിസ്‌കാരം ശ്രദ്ധയിലുണ്ടാവണമെന്നും അതു നിർവഹിക്കുന്നവർ സ്രഷ്ടാവിന്റെ നല്ല അടിമകളാണെന്നും അവർക്ക് സ്വർഗത്തിൽ ഉന്നത സ്ഥാനമുണ്ടെന്നും ഖുർആൻ പലയിടങ്ങളിലും സൂചിപ്പിക്കുന്നു. ‘രാത്രിയിൽ നിന്നുള്ള ഏതാനും സമയം അവന്റെ പരിശുദ്ധിയെ വാഴ്ത്തുക (50/40), രാത്രിയിലെ ഏതാനും സമയവും നക്ഷത്രങ്ങൾ പിൻവാങ്ങുന്ന നേരത്തും നിങ്ങൾ അവന്റെ പരിശുദ്ധിയെ വാഴ്ത്തുക (52/49), രാത്രിയിൽ നിങ്ങൾ അവന് സുജൂദ് നിർവഹിക്കുകയും ദീർഘമായി അവനെ പ്രകീർത്തിക്കുകയും ചെയ്യുക (76/26), തന്റെ നാഥന്റെ അനുഗ്രഹം ആഗ്രഹിച്ചും പരലോകത്തെ കുറിച്ച് ജാഗ്രത പാലിച്ചും സുജൂദ് ചെയ്തും നിന്ന് പ്രാർഥിച്ചും രാത്രി സമയം കീഴ്‌വണക്കം നടത്തുന്നവൻ-ഉത്തമൻ തന്നെ- (39/9), തങ്ങളുടെ രക്ഷിതാവിന് സുജൂദ് ചെയ്യുന്നവരായും നിന്ന് നിസ്‌കരിക്കുന്നവരായും രാത്രി കഴിച്ചുകൂട്ടുന്നവരാണ് അവർ-ഭക്തർ- (3/17), ഭയം മൂലവും പ്രതീക്ഷ മൂലവും തങ്ങളുടെ നാഥനോട് പ്രാർഥിക്കുന്നതിനു വേണ്ടി ശയനയിടങ്ങളിൽ നിന്ന് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ് -ശയ്യകളിൽ നിന്ന് എഴുന്നേറ്റ് പ്രാർഥനാ നിരതനാവുന്നു അവർ- (32/16), അത്തരക്കാർക്ക് അവർ ക്ഷമിച്ചതിന്റെ പേരിൽ (സ്വർഗത്തിൽ) ഉന്നതമായ സ്ഥാനം പ്രതിഫലമായി നൽകപ്പെടുന്നതാണ്. അവർ അതിൽ സ്ഥിരതാമസക്കാരായിരിക്കും. എത്ര നല്ല സങ്കേതവും പാർപ്പിടവുമാണത് (25/74-75), തീർച്ചയായും തഖ്‌വയുള്ളവർ അവർക്ക് തങ്ങളുടെ രക്ഷിതാവ് നൽകിയത് ഏറ്റുവാങ്ങിക്കൊണ്ട് സ്വർഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും. തീർച്ചയായും അവർ അതിനു മുമ്പ് സദ്‌വൃത്തരായിരുന്നു. രാത്രിയിൽ നിന്ന് അൽപ ഭാഗമേ അവർ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യസമയങ്ങളിൽ അവർ പാപമോചനം തേടുന്നവരായിരുന്നു (51/15-18).
തഹജ്ജുദിന് പല സവിശേഷകതകളുമുണ്ടെന്നും അതു സ്വർഗപ്രവേശം സാധ്യമാക്കുന്നതാണെന്നും പല ഹദീസുകളും വ്യക്തമാക്കുന്നുണ്ട്. തിരുനബി(സ്വ) പറയുന്നു: ഫർള് നിസ്‌കാരങ്ങൾക്കു ശേഷം നിസ്‌കാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് തഹജ്ജുദ് നിസ്‌കാരമാണ് (മുസ്‌ലിം), നിങ്ങൾ തഹജ്ജുദ് നിസ്‌കരിക്കുക. അത് നിങ്ങൾക്ക് മുമ്പുള്ള സദ്‌വൃത്തരുടെ ചര്യയാണ്. നിങ്ങൾക്ക് ഇലാഹീ സാമീപ്യം ലഭിക്കാനുള്ള ഇബാദത്തുമാണ്. പാപങ്ങൾ പൊറുപ്പിക്കുന്നതും തിന്മകൾ തടയുന്നതുമാണ്. അത് ശരീരത്തിൽ നിന്ന് രോഗങ്ങൾ അകറ്റുകയും ചെയ്യും (തുർമുദി), ജനങ്ങളേ, നിങ്ങൾ സലാം വ്യാപിപ്പിക്കുക, ഭക്ഷണം നൽകുക, കുടുംബ ബന്ധം പുലർത്തുക, ജനങ്ങളെല്ലാം ഉറങ്ങുമ്പോൾ രാത്രി നിസ്‌കരിക്കുക. എങ്കിൽ നിങ്ങൾ സമാധാനത്തോടെ സ്വർഗത്തിൽ പ്രവേശിക്കും. ജനങ്ങളെയെല്ലാം ഒരു മരുഭൂമിയിൽ ഒരുമിച്ചു കൂട്ടപ്പെടും. എന്നിട്ട് ഒരാൾ ചോദിക്കും: ‘ശയ്യകളിൽ നിന്ന് പാർശ്വങ്ങൾ അകന്നവർ (ഉറക്കമൊഴിച്ച് നിസ്‌കരിച്ചവർ) എവിടെ? അപ്പോൾ അവർ എഴുന്നേൽക്കും. അവർ കുറഞ്ഞ പേരാണുണ്ടാവുക. അവർ വിചാരണ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് (ബൈഹഖി).
തഹജ്ജുദ് അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ആരാധനയാണ്. മഹാനായ ജുനൈദ്(റ)വിനെ സ്വപ്നം കണ്ട ഒരാൾ ചോദിച്ചു: ‘അല്ലാഹു നിങ്ങളോട് എങ്ങനെയാണ് പെരുമാറിയത്? അദ്ദേഹം മറുപടി നൽകി: ‘ജനങ്ങൾക്ക് നമ്മൾ നൽകിയിരുന്ന ഉപദേശങ്ങളെല്ലാം പ്രതിഫലമില്ലാതായി. മുരീദുമാർക്ക് നൽകിയ നസ്വീഹത്തുകളും നിഷ്ഫലമായി. ശിഷ്യർക്ക് പകർന്നു നൽകിയ അറിവുകളെല്ലാം നിഷ്പ്രഭമായി. പ്രാരംഭ വിദ്യാർഥികൾക്കു വേണ്ടി വരച്ചുകാണിച്ചതും വിഫലമായി. അത്താഴ സമയത്ത് നിസ്‌കരിച്ച ചില റക്അത്തുകൾ മാത്രമാണ് നമുക്ക് ഉപകാരപ്പെട്ടത് (ഇആനത്ത് 1/419).

സമയവും രൂപവും

രാത്രി ഉറങ്ങുകയും ഇശാഅ് നിസ്‌കരിക്കുകയും ചെയ്താലാണ് തഹജ്ജുദിന്റെ സമയമാവുക. മറ്റൊരു തരത്തിൽ പറഞ്ഞാൽ, രാത്രി ഉറങ്ങുകയും ഇശാഅ് നിസ്‌കരിക്കുകയും ചെയ്തവർക്കേ തഹജ്ജുദ് നിസ്‌കരിക്കാൻ കഴിയൂ. രാത്രി ഉറങ്ങിയയാൾ ഇശാഅ് നിസ്‌കരിച്ച ശേഷം നിർവഹിക്കുന്ന ഏത് നിസ്‌കാരംകൊണ്ടും തഹജ്ജുദ് ലഭിക്കുകയും ചെയ്യും.
തഹജ്ജുദിന്റെ റക്അത്തുകൾക്ക് പരിധിയില്ല; എത്രയുമാവാം. പന്ത്രണ്ടാണ് പരമാവധിയെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദുആ, ഇസ്തിഗ്ഫാർ എന്നിവ രാത്രിയിൽ വർധിപ്പിക്കൽ സുന്നത്തുണ്ട്. വളരെയേറെ മഹത്ത്വമുള്ളതുകൊണ്ട് ഉറങ്ങിയ ശേഷം എഴുന്നേറ്റ് രണ്ട് റക്അത്തെങ്കിലും നിസ്‌കരിക്കൽ വളരെ പ്രാധാന്യമുള്ളതാണ്. രാത്രിയുടെ രണ്ടാം പകുതിയാണ് തഹജ്ജുദിന് ഏറ്റവും ഉത്തമ സമയം. അതിൽ തന്നെ അവസാന സമയമായ അത്താഴ നേരത്താണ് അത്യുത്തമം. തഹജ്ജുദിന് താൽപര്യമുള്ളവരെ ഉറക്കത്തിൽ നിന്ന് ഉണർത്തലും സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ).
തഹജ്ജുദ് നിത്യമാക്കിയവർ കാരണം കൂടാതെ അത് ഉപേക്ഷിക്കൽ കറാഹത്താണെന്ന് സൈനുദ്ദീൻ മഖ്ദൂം(റ) രേഖപ്പെടുത്തിയിട്ടുണ്ട്. തഹജ്ജുദ് ശീലമാക്കിയവർക്ക് അതു നഷ്ടപ്പെടുമ്പോൾ ഖളാഅ് വീട്ടാവുന്നതാണ്. അത്തരം സാഹചര്യത്തിൽ സുബ്ഹിക്കു മുമ്പ് ഖളാആയ തഹജ്ജുദ് നിസ്‌കരിക്കുന്നതാണോ ആദ്യം സുബ്ഹ് നിസ്‌കരിക്കുകയാണോ വേണ്ടതെന്നതിൽ ചർച്ചയുണ്ട്. സുബ്ഹ് ആദ്യ സമയത്തുതന്നെ നിർവഹിച്ച് അതിനു ശേഷം തഹജ്ജുദ് ഖളാഅ് വീട്ടുന്നതാണ് ഉത്തമമെന്ന് പണ്ഡിതർ. അവൻ ഇമാമാണെങ്കിൽ വിശേഷിച്ചും. നിസ്‌കാരം ആദ്യ സമയത്ത് നിർവഹിക്കുന്നത് ഏറ്റവും ശ്രേഷ്ഠമായ കർമമാണെന്ന് സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ടതു കൊണ്ടും ഇരുട്ട് മാറുന്നതിനു മുമ്പ് സുബ്ഹ് നിർവഹിക്കണമെന്ന് ബുഖാരിയിലും മുസ്‌ലിമിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലും സ്ഥിരപ്പെട്ടതു കൊണ്ടുമാണിത്. തന്നെയുമല്ല, നബി(സ്വ) വഫാത്താകുന്നത് വരെ ഇതേ നിലപാട് തുർന്നിരുന്നുവെന്നും ജിബ്‌രീൽ(അ) നിസ്‌കരിച്ചു കാണിച്ചുകൊടുത്ത ആ ദിവസത്തിന് ശേഷം അവിടന്ന് ശരിക്കു വെളിച്ചംവെച്ച ശേഷം സുബ്ഹ് നിസ്‌കരിച്ചിട്ടില്ലെന്നും ശരിയായ പരമ്പരയിലൂടെ അബൂദാവൂദ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഫതാവൽ കുർദി 52).
തഹജ്ജുദ് നിസ്‌കാരത്തിൽ പാരായണം ചെയ്യേണ്ടതായി പ്രത്യേക സൂറത്തുകൾ നിർദേശിക്കപ്പെട്ടിട്ടില്ല. സാധ്യമാവുന്നവർക്ക് വലിയ സൂറത്തും കഴിയാത്തവർക്ക് ചെറുതും ഓതി നിസ്‌കരിക്കാവുന്നതാണ്.
തഹജ്ജുദിലെ ഖുർആൻ പാരായണത്തിന് ഏറ്റവും ശ്രേഷ്ഠമായത് മധ്യനില സ്വീകരിക്കലാണ്. ഉറക്കെ ഓതാതിരിക്കുകയും സ്വന്തത്തെ മാത്രം കേൾപ്പിക്കുന്ന വിധത്തിൽ പതുക്കെയാക്കാതിരിക്കുകയും ചെയ്ത് മധ്യനില സ്വീകരിക്കണമെന്നതാണ് ശരിയായ അഭിപ്രായം (ഫതാവന്നവവി 46).

പതിവാക്കണം

തഹജ്ജുദ് നിസ്‌കരിക്കുന്നവർ അല്ലാഹുവുമായി സ്വകാര്യ ബന്ധം സുദൃഢമാക്കുന്നവരാണ്. ഖബ്‌റിന്റെ ഇരുട്ടിൽ ചെന്നു കിടക്കുന്ന മനുഷ്യന് അവിടെ വെളിച്ചമായി മാറുന്നത് രാത്രി നിസ്‌കാരമാണ്. മനസ്സിനുണ്ടാകുന്ന മാരക രോഗങ്ങളുടെ ചികിത്സക്കുള്ള മരുന്നുകളിൽ അതിപ്രധാനമാണ് രാത്രി നിസ്‌കാരം. നിരവധി പവിത്രതകളുള്ളതുകൊണ്ടുതന്നെയാണ് മുൻഗാമികൾ തഹജ്ജുദ് പതിവാക്കി ശീലിച്ചത്. അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) ഉപദേശിച്ചു: ‘നിശാ നിസ്‌കാരം ശരീരത്തിന് കൂടുതൽ ഭാരമുള്ളതാണെന്ന് നിങ്ങൾ മനസ്സിലാക്കുക. ഉറക്കത്തിൽ നിന്നുണർന്നുള്ള നിസ്‌കാരം പ്രത്യേകിച്ചും. ആദ്യം മുതൽ തന്നെ പരിശ്രമങ്ങൾ നടത്തുന്നത് കൊണ്ടും പ്രയാസങ്ങൾ സഹിക്കുന്നതു കൊണ്ടും സ്ഥിരമായി നിർവഹിക്കൽ കൊണ്ടുമാണ് അത് ലഘുവായിത്തീരുന്നത്. അല്ലാഹുവുമായുള്ള സംഭാഷണത്തിന്റെ ആസ്വാദന കവാടമാണ് പിന്നീട് തുറക്കപ്പെടുക. ഈ സുഖമാസ്വദിച്ചു കഴിഞ്ഞാൽ പിന്നെ എത്ര നിസ്‌കരിച്ചാലും വിശ്വാസിക്ക് ആത്മീയ വിശപ്പടങ്ങുകയില്ല. പിന്നെ അതൊരു ഭാരമായിതോന്നുകയോ മടി അനുഭവപ്പെടുകയോ ഇല്ല. അത്തരം അനുഭൂതി സദ്‌വൃത്തരിൽ പലരും അനുഭവിച്ചിട്ടുണ്ട്. അവരിൽ ചിലർ പറഞ്ഞതിങ്ങനെ: രാത്രി നിസ്‌കാരം കൊണ്ട് ഞങ്ങൾ അനുഭവിക്കുന്നതിനു സമാനമായ അനുഭൂതിയാണ് സ്വർഗവാസികൾക്കുള്ളതെങ്കിൽ തീർച്ചയായും സ്വർഗസ്ഥർ നല്ല ജീവിതത്തിലായിരിക്കും. വേറെ ചിലർ പറഞ്ഞു: നാൽപത് വർഷമായി ഫജ്ർ ഉദയമല്ലാത്ത ഒന്നും എന്നെ സങ്കടപ്പെടുത്തിയിട്ടില്ല (നിശാ നിസ്‌കാര സമയം തീരുന്നതിലായിരുന്നു അവർക്ക് സങ്കടം). മറ്റു ചിലർ: ഉല്ലാസക്കാർക്ക് വിനോദങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ നല്ല സുഖവും ആസ്വാദനവും നിശാ നിസ്‌കാരക്കാർക്ക് രാത്രികളിൽ ലഭിക്കുന്നുണ്ട്’ (ഇആനതു ത്വാലിബീൻ).
സച്ചരിതരായ മുൻഗാമികൾ തഹജ്ജുദ് സ്ഥിരമായി നിർവഹിച്ചു സ്രഷ്ടാവിനോട് കാണിച്ച സാമീപ്യം സാധ്യമാകുന്നേടത്തോളം നമ്മളും പകർത്തേണ്ടതുണ്ട്. പുണ്യങ്ങൾക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന റമളാൻ പുതുജീവിതത്തിനുള്ള ശ്രമം കൂടിയാവണം. അത്താഴത്തിന് എഴുന്നേൽക്കുമ്പോൾ സമയം കണ്ടെത്തി തഹജ്ജുദ് കൂടി നിർവഹിച്ചാൽ അത് നമ്മുടെ ഇഹപര വിജയത്തിന് കാരണമാകും.

സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ