കുട്ടിക്കാലം മുതലേ ഞാൻ കണ്ടുവളർന്ന ജീവിത മാതൃകയാണ് താജുൽ ഉലമയുടേത്. ആരാധനകളിൽ ആത്മസമർപ്പണം നടത്തിയവരായിരുന്നു മഹാനവർകൾ. ഞങ്ങളുടെയും താജുൽ ഉലമയുടെയും തറവാട് വീടുകളുടെ അതിര് ഒന്നായിരുന്നു. അതുകൊണ്ടു തന്നെ ഓർമവെച്ച കാലം തൊട്ടേ ഞങ്ങളുടെ കുടുംബത്തിൽ എല്ലാ വിഷയങ്ങൾക്കും നേതൃത്വം നൽകിയിരുന്നത് അദ്ദേഹമായിരുന്നു.
അഭിവന്ദ്യ പിതാവിന്റെ വിയോഗ ശേഷം സ്വന്തം ഉപ്പയെ പോലെ എന്റെ എല്ലാ മേഖലകളിലും ഉപദേശ നിർദേശങ്ങൾ നൽകി നിയന്ത്രിച്ചതും പ്രാർഥനകൾകൊണ്ട് തണലേകിയതും അദ്ദേഹം തന്നെ. അഭേദ്യമായ ഈ ബന്ധത്തിന് നിരവധി കാരണങ്ങളുണ്ട്. ഒരേ ഖബീല(വംശ പരമ്പര)യാണ് ഞങ്ങളുടേത്. നാടും തറവാടും ഒന്ന്. അടുത്തടുത്ത വീടുകളും.
‘ചെറിഞ്ഞാക്ക’ എന്നായിരുന്നു ഞങ്ങളുടെ ഉപ്പയും ഉമ്മയുമൊക്കെ അദ്ദേഹത്തെ വിളിച്ചിരുന്നത്. തങ്ങളുടെ ജ്യേഷ്ഠനെ ‘വല്യുഞ്ഞാക്ക’ എന്നും. സയ്യിദ് അബ്ദുറഹ്‌മാൻ ചെറുകുഞ്ഞിക്കോയ തങ്ങൾ, വലിയ കുഞ്ഞിക്കോയ തങ്ങൾ എന്നിങ്ങനെയാണ് അവരുടെ പേര്. അവരുടെ ഉപ്പ സയ്യിദ് അബൂബക്കർ ചെറുകുഞ്ഞിക്കോയ തങ്ങൾ അൽബുഖാരി നാട്ടിലെ ഏതു വിഷയങ്ങൾക്കും അവസാന വാക്കും അന്തിമ തീർപ്പുകാരനുമായിരുന്നു. എന്റെ മൂത്താപ്പ സയ്യിദ് ബാ ഫഖ്‌റുദ്ദീൻ ബുഖാരിയും താജുൽ ഉലമയും സഹപാഠികളാണ്. അദ്ദേഹത്തെക്കാൾ ഏകദേശം പത്തു വയസ്സ് കുറവാണ് എന്റെ ഉപ്പാക്ക്. താജുൽ ഉലമയുടെ ജീവിത രീതിയെ കുറിച്ചും തഖ്‌വയെ കുറിച്ചും സൂക്ഷ്മതയെ പറ്റിയും ഉപ്പ ഞങ്ങൾക്ക് പറഞ്ഞു തരാറുണ്ടായിരുന്നു.
ഉപ്പ കരുവൻതിരുത്തി വലിയ ജുമുഅത്ത് പള്ളിയിൽ ഓതുന്ന കാലം. താജുൽ ഉലമ അന്ന് പുറംനാട്ടിൽ പഠിക്കുകയാണ്. ശഅ്ബാനിലും മറ്റും ദർസ് നിർത്തി ലീവിന് നാട്ടിൽ വന്നാൽ അദ്ദേഹം കരുവൻതിരുത്തി പള്ളിയുടെ മുകളിലത്തെ നിലയിൽ കയറും. അന്ന് നിഗൂഢതകൾ സങ്കൽപിക്കപ്പെട്ടിരുന്നതിനാൽ അവിടേക്ക് ആരും കയറിയിരുന്നില്ല. എന്നാൽ മഹാനവർകൾ അവിടെ നിന്നും ഉറക്കെ അൽഫിയ്യ ബൈത്തുകൾ ഓതും. അതുകൊണ്ട് തന്നെ ‘ചെറുകുഞ്ഞിക്കോയ തങ്ങൾ’ നാട്ടിലെത്തിയാൽ നാട്ടുകാരെല്ലാം അറിയും. കുട്ടിക്കാലം തൊട്ടേ വ്യത്യസ്തമായ ജീവിതശൈലിയും സവിശേഷ സ്വഭാവവുമായിരുന്നു മഹാനവർകളുടേത്.
വിശുദ്ധ റമളാനിൽ താജുൽ ഉലമയുടെ ആരാധന കർമങ്ങൾക്ക് മാറ്റ് കൂടും. അത്താഴത്തിന് മുമ്പേ എഴുന്നേറ്റ് തഹജ്ജുദും വിശുദ്ധ ഖുർആൻ പാരായണവുമായി കഴിഞ്ഞുകൂടും. തുടർന്ന് അത്താഴവും സ്വുബ്ഹ് നിസ്‌കാരവും കഴിഞ്ഞതിന് ശേഷം ഒമ്പത് മണിവരെ വീണ്ടും ഖുർആൻ പാരായണം തന്നെ. ഒമ്പത് മണിക്ക് ശേഷം അൽപസമയം വിശ്രമത്തിനായി മാറ്റിവെക്കും. പത്രം വായിക്കുന്നത് ഈ സമയത്താണ്. അന്താരാഷ്ട്ര വിഷയങ്ങളാണ് കാര്യമായി വായിക്കുക.
വൈകാതെ വീണ്ടും ഖുർആൻ പാരായണത്തിലേക്കും ആരാധനകളിലേക്കും തിരിയും. റമളാനിൽ നിരവധി ഖത്മുകൾ തീർക്കും. ജമാഅത്തുകൾ ഒഴിവാക്കാറില്ല. തറാവീഹ് ഇരുപതും വിത്‌റ് പതിനൊന്നും കൃത്യമായി നിസ്‌കരിക്കും. പ്രായം തളർത്തിയപ്പോഴും നിന്നുതന്നെ വിത്‌റ് പതിനൊന്നും നിസ്‌കരിക്കാറുണ്ടായിരുന്നു. ദലാഇലുൽ ഖൈറാത്തും അസ്മാഉൽ ബദ്‌റും ഓരോ ഇമാമീങ്ങളുടെ പേരിലുള്ള മൗലിദു പാരായണവുമെല്ലാം അദ്ദേഹത്തിന്റെ ജീവിതചര്യയായിരുന്നു. സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ റമളാൻ ദുആ വർധിപ്പിക്കുകയും ചെയ്യും.
ജുമുഅ നിസ്‌കാരത്തിനായി ചാലിയം ജുമുഅത്ത് പള്ളിയിലേക്കാണ് പൊതുവേ വരാറുള്ളത്. പ്രത്യേകിച്ചും റമളാൻ അവസാനത്തെ വെള്ളിയാഴ്ചകളിൽ. കാരണം അവിടെ ഇസ്മാഈൽ തങ്ങളുടെ തൗബ സദസ്സ് ഉണ്ടാവാറുണ്ട്. അതിൽ ഭാഗഭാക്കാകാൻ വേണ്ടിയായിരുന്നു ഇത്.
ഒരു റമളാൻ ഇരുപത്തിയേഴാം രാവിലെ പ്രാർഥനാ സമ്മേളനത്തിന്റെ തലേദിവസം ശാരീരികമായ അസ്വസ്ഥതകൾ കാരണം എനിക്ക് സ്റ്റേജിൽ കയറാൻ പറ്റാത്ത അവസ്ഥ വന്നു. ഏകദേശം 24 വർഷം മുമ്പാണത്. അന്നൊന്നും പുറത്ത് നിന്നാരെയും വിശിഷ്ടാതിഥികളായി കൊണ്ടുവരാറുണ്ടായിരുന്നില്ല. ഇരുപത്തിയാറാം രാവിന്റെയന്ന് ദുആ ചെയ്യിപ്പിക്കാൻ വേണ്ടി അനുജൻ ശിഹാബുദ്ദീൻ ബുഖാരി താജുൽ ഉലമയെ കാണാൻ പോയി. എന്നെ ഫോണിൽ വിളിച്ച് രോഗവിവരങ്ങൾ തിരക്കുകയും ദുആ ചെയ്തുതന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. പേടിക്കേണ്ടെന്നും എല്ലാം സന്തോഷത്തിലാവുമെന്നും പറഞ്ഞു. ‘കുറേ ആളുകൾ കൂടുന്ന സ്വലാത്ത് മജ്‌ലിസല്ലേ. നാളെ ഞാനും വരുന്നുണ്ടെ’ന്നു കൂടി അറിയിച്ചു. സ്വലാത്ത് മജ്‌ലിസിനോട് അത്രകണ്ട് താൽപര്യമായിരുന്നു അദ്ദേഹത്തിന്. പെട്ടെന്നായതിനാൽ താജുൽ ഉലമ വരുന്ന വിവരം പത്രത്തിൽ പരസ്യപ്പെടുത്താൻ കഴിഞ്ഞില്ല. അതിനാൽ സി ഹൈദർ ഹാജിയെ ബന്ധപ്പെട്ട് പരിപാടിയുടെ ദിവസം 12.20ന്റെ ആകാശവാണി വാർത്തയിലൂടെയാണ് താജുൽ ഉലമ സംബന്ധിക്കുന്ന കാര്യം പുറത്തുവിട്ടത്. പ്രസ്തുത പരിപാടിയിൽ മഹാനവർകൾ പറഞ്ഞത് പോലെ എന്റെ അസ്വസ്ഥകളെല്ലാം നീങ്ങുകയും സന്തോഷത്തോടെ പങ്കെടുക്കാൻ സാധിക്കുകയും ചെയ്തു. അന്നു മുതൽ എല്ലാ വർഷവും 27ാം രാവിന്റെ മജ്‌ലിസിൽ തങ്ങൾ വരാറുണ്ടായിരുന്നു.
റമളാനുമായി ബന്ധപ്പെട്ട് മറ്റൊരു സംഭവം കൂടി ഓർക്കുകയാണ്. ഒരിക്കൽ മഞ്ചേശ്വരം പൊസോട്ട് പള്ളിയിലെത്തി മഹാൻ. താജുൽ ഉലമക്ക് ഖാളി സ്ഥാനമുള്ള മഹല്ലാണത്. റമളാനിലെ അവസാനത്തെ വെള്ളിയാഴ്ചയാണ്. അദ്ദേഹത്തിന് പെട്ടെന്ന് ഷുഗർ ഡൗണായി. പരിശോധിച്ച ഡോക്ടർ പഞ്ചസാര കലക്കി പെട്ടെന്ന് കുടിക്കാൻ നിർദേശിച്ചു. അതു പ്രകാരം അദ്ദേഹം നോമ്പ് മുറിച്ചു. കാരണം ശരീരത്തിന് ബുദ്ധിമുട്ട് വന്നാൽ ആരോഗ്യ സംരക്ഷണമാണ് നടത്തേണ്ടത് എന്നാണല്ലോ. ഏത് സാഹചര്യത്തിലും കർമശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കണമെന്നായിരുന്നു മഹാന്റെ തത്ത്വം.
റമളാനിലും അല്ലാത്തപ്പോഴും ഇബാദത്തും ഇൽമുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ജീവിതം ചിട്ടപ്പെടുത്തിയിരുന്നത്. ‘ഇൽമ് എന്നാൽ കുറെ സർട്ടിഫിക്കറ്റുണ്ടാക്കലും തൊഴിൽ നേടലും കുറെ മനഃപാഠമാക്കലും മാത്രമല്ല, നൂറുൻ യഖ്ദിഫുല്ലാഹു ഫീ ഖൽബി അബ്ദിഹിൽ മുഅ്മിൻ… അല്ലാഹു മുഅ്മിനായ മനുഷ്യന്റെ ഹൃദയത്തിൽ ഇട്ടുകൊടുക്കുന്ന ഒരു ആത്മീയ വെളിച്ചമാണ്. അത് എല്ലാവർക്കും കിട്ടൂലാ…’ അദ്ദേഹത്തിന്റെ പ്രസംഗം ഇന്നും കാതുകളിൽ മുഴങ്ങുന്നു. ആ ജീവിതവും ഇതിനെ അന്വർഥമാക്കുന്നതായിരുന്നല്ലോ.

സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ