‘തിങ്കളാഴ്ച നോമ്പിനെ കുറിച്ചു തിരുനബി(സ്വ)യോട് ചോദിക്കുകയുണ്ടായി. അവിടന്ന് പറഞ്ഞു: അത് ഞാൻ പ്രസവിക്കപ്പെട്ട ദിനമാണ്. എനിക്ക് വഹ്‌യ് ലഭിച്ചതും നിയോഗിതനായതും അന്നാണ്’ (മുസ്‌ലിം). തിങ്കളാഴ്ച നോമ്പനുഷ്ഠിക്കൽ സുന്നത്താണ്. അതിന്റെ കാരണമെന്താണെന്ന് നബി(സ്വ) ഈ ഹദീസിൽ വ്യക്തമാക്കുന്നുണ്ട്.
ഇബ്‌നു ഹിബ്ബാൻ(റ) സ്വഹീഹിൽ നൽകിയ ഒരു ശീർഷകം ഇങ്ങനെയാണ്: നബി(സ്വ)യുടെ ജന്മവും വഹ്‌യിന്റെ അവതരണാരംഭവും നടന്നതിനാൽ സുന്നത്തായ തിങ്കളാഴ്ച നോമ്പിനെ സംബന്ധിച്ച് വിവരിക്കുന്ന അധ്യായം (5/ 260). നബി(സ്വ)യുടെ ജന്മദിനത്തെ ഒരു സുപ്രധാന ഇബാദത്തുമായി ബന്ധപ്പെടുത്തി അവിസ്മരണീയവും പുണ്യാവസരവുമാക്കി മതം. നോമ്പെന്ന പുണ്യകർമം സ്വന്തം ജന്മദിനത്തിൽ നബി(സ്വ) നിർദേശിക്കുകയും അനുഷ്ഠിച്ചു മാതൃക കാണിക്കുകയും ചെയ്തു. എന്നാൽ നിശ്ചിത അനുഷ്ഠാനമോ ചടങ്ങോ മാത്രമേ അന്ന് ആകാവൂ എന്ന കണിശത ഇവിടെയില്ല. മറിച്ച്, അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന കർമത്തിന്റെ കാരണം ബോധ്യപ്പെടുത്തുകയാണുണ്ടായത്. അതിനാൽ തന്നെ നോമ്പെടുത്ത് മാത്രമേ നബിജന്മദിനം കൊണ്ടാടാവൂ എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നില്ല. ഏതു സുകൃതവും അന്നു നടത്താം.
നബി(സ്വ)യുടെ ജന്മദിനം തിങ്കളാഴ്ചയാണ്, റബീഉൽ അവ്വലിലാണ്, പന്ത്രണ്ടിനാണ്. ദിവസം ആഴ്ചയിലൊരിക്കലും തിയ്യതി വർഷത്തിലൊരിക്കലും ആവർത്തിച്ചു വരുന്നുണ്ട്. ആഴ്ചതോറും നബിജന്മദിനത്തെ പരിഗണിക്കാനുള്ള പ്രോത്സാഹനം ഇതിലടങ്ങിയിട്ടുണ്ട്. എങ്കിൽ പിന്നെ ആശൂറാഅ് (മുഹർറം പത്ത്) നോമ്പിന്റെ കാരണം വിവരിച്ചതിന്റെ അടിസ്ഥാനത്തിലും സ്വന്തമായി തന്നെയും റബീഉൽ അവ്വൽ പന്ത്രണ്ടും ആ മാസവും ആഘോഷാർഹമാണെന്ന് മനസ്സിലാക്കാം.
നോമ്പിൽ എന്ത് ആഘോഷമാണുള്ളത് എന്ന ചിന്ത അസ്ഥാനത്താണ്. കാരണം, ആഘോഷമായാലും സന്തോഷമായാലും അതിന് അവസരം നൽകിയവനു നന്ദി രേഖപ്പെടുത്തുക എന്നത് പ്രധാനമാണ്. ആഘോഷവും വിശ്വാസിക്ക് ആരാധന തന്നെയാണല്ലോ. ആരാധനകൊണ്ട് ആഘോഷിക്കുക എന്ന സന്ദേശമാണ് തിങ്കളാഴ്ച നോമ്പ് നൽകുന്നത്. എന്നും അനുഷ്ഠിക്കാവുന്ന ഒരു കർമത്തെ വാരാന്തം നിർദേശിക്കുക വഴി നബിജന്മദിനത്തിന്റെ മഹത്ത്വമാണ് വെളിപ്പെടുന്നത്. ദൈനംദിന ജീവിതത്തെ ബാധിക്കാതെ നിർവഹിക്കാവുന്ന ഒരു കർമമാണ് നോമ്പ്. നബി(സ്വ)യുടെ തിരക്കുപിടിച്ച പ്രബോധന ജീവിത കാലത്തും ശേഷം നമുക്കും അത് കൂടുതൽ സൗകര്യപ്രദമാണല്ലോ.
ജന്മദിനത്തെ ഒരു അനുഷ്ഠാനവുമായി ബന്ധപ്പെടുത്തിയതിലെ സൂചനകളും താൽപര്യങ്ങളും വ്യക്തം. നബിജന്മദിനം സാധാരണ ദിവസമല്ല. അന്ന് ഇബാദത്ത് പ്രത്യേകം സുന്നത്താണ്. ഇത് ആർക്കും മനസ്സിലാക്കാൻ പ്രയാസമില്ല.
സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രതിവാരം ആവർത്തിക്കുന്ന മറ്റൊരു ജന്മദിനം കൂടിയുണ്ട്. പ്രഥമമനുഷ്യനും പിതാവുമായ ആദം(അ)ന്റെ സൃഷ്ടിപ്പ് നടന്ന വെള്ളിയാഴ്ചകളിലാണത്. അനുബന്ധമായി പലതും നടന്നതും ലോകാവസാനത്തോടനുബന്ധിച്ച് പലതും നടക്കാനുള്ളതുമായ ദിനവുമാണ് വെള്ളിയാഴ്ച. അന്നേ ദിവസം വൈയക്തിക ബാധ്യതയുള്ളതും സമയവും സൗകര്യവും ആവശ്യമുള്ളതുമായ അനുഷ്ഠാനങ്ങളും ആചാരങ്ങളും നിശ്ചയിക്കപ്പെട്ടിട്ടുണ്ടല്ലോ.
നബി(സ്വ)പറഞ്ഞു: സൂര്യനുദിച്ച ദിനങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായത് വെള്ളിയാഴ്ചയാണ്. അന്നാണ് ആദം(അ) സൃഷ്ടിക്കപ്പെട്ടതും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതും ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ടതും. അന്ത്യദിനവും വെള്ളിയാഴ്ചതന്നെ (മുസ്‌ലിം).
വെള്ളിയാഴ്ച നിർദേശിക്കപ്പെട്ട നിർബന്ധവും ഐച്ഛികവുമായ ധാരാളം കർമങ്ങളുണ്ടല്ലോ. മറ്റൊരു ദിനത്തിൽ കൂടി വേറെ ചില ചടങ്ങുകളും ആരാധനകളും നിർദേശിച്ചാൽ പ്രായോഗികമായി ബുദ്ധിമുട്ടാണ്. അതില്ലാതിരിക്കാൻ താരതമ്യേന പ്രയാസരഹിതമായ മാർഗമാണ് പ്രബോധകർ സ്വീകരിക്കുക. നബി(സ്വ) പറഞ്ഞു: നിങ്ങൾ എളുപ്പമാക്കണം, കടുപ്പമാക്കരുത്. നിങ്ങൾ സന്തോഷമുണ്ടാക്കണം, വെറുപ്പുണ്ടാക്കരുത് (കൻസുൽ ഉമ്മാൽ). പ്രയാസരഹിതമാക്കാനും ലളിതമാക്കാനും നിർദേശിച്ച നബി(സ്വ)യിൽ നിന്ന് അതിനു വിരുദ്ധമായത് ഉണ്ടാവില്ലല്ലോ.
ഇബ്‌നുൽ ഹാജ്ജ്(റ) എഴുതി: സകലരുടെയും നേതാവിനെകൊണ്ട് നമ്മെ അനുഗ്രഹിച്ച റബീഉൽ അവ്വലിൽ ഈ മഹത്തായ അനുഗ്രഹത്തിന്റെ പേരിൽ അല്ലാഹുവിന് നന്ദിയായി അധികം ഇബാദത്തുകളും സുകൃതങ്ങളും ചെയ്യൽ അനിവാര്യമാണ്. നബി(സ്വ) അങ്ങനെ ചെയ്യാതിരുന്നത് അനുയായികളോടുള്ള കാരുണ്യംകൊണ്ടാണ്. അതെങ്ങാനും നിർബന്ധമാക്കിയാലോ എന്ന ഭയത്താലായിരുന്നു അവിടന്ന് അങ്ങനെ ചെയ്യാതിരുന്നത് (അൽമദ്ഖൽ).
അദ്ദേഹം തുടരുന്നു: നബി(സ)യോട് തിങ്കളാഴ്ച നോമ്പിനെക്കുറിച്ച് ചോദിച്ചയാളോട് ഈ മാസത്തിന്റെ മഹത്ത്വം സൂചിപ്പിച്ച് അന്ന് എന്നെ പ്രസവിച്ച ദിനമാണെന്ന് റസൂൽ(സ്വ) പറഞ്ഞിട്ടുണ്ട്. ഈ ദിവസത്തിന് നൽകിയ മാഹാത്മ്യം നബി(സ്വ)യുടെ ജന്മമാസത്തിന്റെ മൊത്തം മഹത്ത്വം ഉൾക്കൊള്ളുന്നതത്രെ. ദിവസങ്ങൾക്കും കാലങ്ങൾക്കും ശ്രേഷ്ഠതയുണ്ടാവുന്നത് അവയിൽ നിശ്ചയിക്കപ്പെട്ട ഇബാദത്തുകളും അവയുടെ പ്രത്യേകമായ ആന്തരാർത്ഥങ്ങളും കൊണ്ടാണ്. അപ്രകാരം ഈ ദിവസത്തിനും മാസത്തിനും അല്ലാഹു മഹത്ത്വം നൽകിയിട്ടുണ്ട് (അൽമദ്ഖൽ). തിങ്കളാഴ്ച എല്ലാ അർത്ഥത്തിലും ഗുണകരമാണ് (അൽമദ്ഖൽ).
വെള്ളിയാഴ്ചയിൽ പ്രാർത്ഥനക്കുത്തരം ലഭിക്കുന്ന ഒരു സമയമുണ്ടെന്നത് സുവിദിതമാണ്. കൃത്യസമയം അറിയിച്ചിട്ടില്ലെങ്കിലും അസ്വ്‌റിന്റെ ശേഷമാണെന്നതിനാണ് ഫാത്വിമ(റ) അടക്കം പ്രാമുഖ്യം നൽകിയത്. കാരണം ആ സമയത്താണ് ആദം(അ)നെ സൃഷ്ടിച്ചത്. ഇമാം ത്വർത്വൂശി(റ)യെ ഇബ്‌നുൽ ഹാജ്ജ് ഉദ്ധരിക്കുന്നു: ആദം(അ) സൃഷ്ടിക്കപ്പെട്ട സമയത്ത് അല്ലാഹുവിനോട് ചോദിക്കുന്ന കാര്യം അവൻ സാധിപ്പിക്കുന്നതാണ്. അതിനാൽതന്നെ നബി(സ്വ)യുടെ ഭൗതിക ലോകത്തേക്കുള്ള വരവിന്റെ സമയത്തോട് യോജിച്ച് വല്ലതും അല്ലാഹുവിനോട് ചോദിച്ചാൽ അവന്റെ പ്രവർത്തനവും ഉദ്ദേശ്യവും സ്ഥലമാവുമെന്നതിൽ സംശയമില്ല. കാരണം വെള്ളിയാഴ്ചയിലെ പ്രസ്തുത സമയത്ത് അല്ലാഹു ചെയ്ത അനുഗ്രഹം ആദം(അ)നെ സൃഷ്ടിച്ചുവെന്നതാണ്. എങ്കിൽ വിശ്വനേതാവായ നബി(സ്വ) പിറവിയെടുത്ത സമയത്തെ കുറിച്ച് നിന്റെ ധാരണയെന്താണ്? (അത് കൂടുതൽ ഫലമുള്ള ദിനമാണെന്നതിൽ എന്തിന് സംശയിക്കണമെന്നു സാരം-അൽമദ്ഖൽ).
ചുരുക്കത്തിൽ, വെള്ളിയും തിങ്കളും ജന്മദിനങ്ങളാണ്. രണ്ടിലും നിശ്ചിത ഇബാദത്തുകളുമുണ്ട്. പക്ഷേ, എല്ലാ ജന്മദിനങ്ങളിലും ജുമുഅ നടത്തണമെന്നോ നോമ്പെടുക്കണമെന്നോ ധരിക്കരുത്. മറിച്ച്, വാരാന്തമുള്ള ജന്മദിനങ്ങളിൽ നിശ്ചിതവും ഐച്ഛികവുമായ അനുഷ്ഠാനാചാരങ്ങളുണ്ട്. ഇസ്‌ലാമിക നിയമമനുസരിച്ചാണ് ചടങ്ങുകൾ നടത്തേണ്ടത്. ജുമുഅ എന്ന നിർബന്ധാരാധന തന്നെ സ്ത്രീകൾക്ക് നിർബന്ധമില്ലല്ലോ. എന്നാൽ അവർ സാധാരണ ദിനങ്ങളിലെ പോലെ ളുഹ്ർ നിസ്‌കരിക്കാൻ ബാധ്യസ്ഥരുമാണ്. അതുകൊണ്ടുതന്നെ ‘ഖൈറു യൗമി'(ഉത്തമ ദിനം)ന്റെ പുണ്യമവർക്ക് ലഭിക്കും.
ആഘോഷം അർമാദമാകരുത്. മാനവരാശിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹത്തിന് അനുയോജ്യമായ മാർഗേണയാണ് നന്ദി രേഖപ്പെടുത്തേണ്ടത്. ഇബ്‌നുൽ ഹാജ്ജ് എഴുതി: ഈ വിശുദ്ധ മാസത്തെ ആദരിക്കേണ്ടത് നല്ല അമലുകളും ദാനധർമങ്ങളും മറ്റു പുണ്യങ്ങളും ചെയ്താണ്. അതിന് സാധിക്കാത്തവർ ഈ പവിത്ര മാസത്തിന്റെ ബഹുമാനം പരിഗണിച്ച് ഹറാമും കറാഹത്തുമായ കാര്യങ്ങൾ വർജിക്കുകയെങ്കിലും ചെയ്യേണ്ടതാണ്. ഹറാമായ കാര്യങ്ങൾ വർജിക്കുന്നത് എല്ലാ മാസങ്ങളിലും വേണ്ടതാണെങ്കിലും വിശുദ്ധ റമളാനിലും യുദ്ധം നിഷിദ്ധമായ മാസങ്ങളിലുമെന്ന പോലെ റബീഉൽ അവ്വലിനെ ആദരിച്ചുകൊണ്ട് തിന്മ ഉപേക്ഷിക്കുന്നത് സുപ്രധാനമാണ് (അൽമദ്ഖൽ).
അലവിക്കുട്ടി ഫൈസി എടക്കര