മഞ്ചേശ്വരത്ത് ഓട്ടോയില്‍ പോവുന്നതിനിടെ ഡ്രൈവര്‍ പെട്ടെന്ന് വണ്ടി ഇടതുഭാഗത്തേക്ക് തിരിച്ചപ്പോള്‍ ഞെട്ടിപ്പോയി! കാര്യം തിരക്കിയപ്പോഴാണയാള്‍ പറയുന്നത്, മുന്നില്‍ പോലീസ് ചെക്കിംഗുണ്ടെന്ന്. കാക്കിയിട്ടിട്ടില്ല. ഫൈന്‍ ഒടുക്കേണ്ടിവരും. കാക്കിക്കുപ്പായമിടാന്‍ വേണ്ടി വണ്ടി സൈഡാക്കിയതാണ്. അയാളുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു.
മറ്റൊരിക്കല്‍, മംഗലാപുരം ടൗണിലൂടെ സുഹൃത്തിന്റെ വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ അറിയാതെ, എതിര്‍ദിശയില്‍ വണ്ടി വണ്വെയിലേക്ക് കയറിയതും ട്രാഫിക് പോലീസ് മുന്നില്‍ പ്രത്യക്ഷപ്പെട്ടതും ഒന്നിച്ചായിരുന്നു. എന്തു പറഞ്ഞിട്ടും ഫലമുണ്ടായില്ല, ഫൈനടച്ചിട്ടേ അയാള്‍ കാര്‍ മുന്നോട്ടെടുക്കാന്‍ സമ്മതിച്ചുള്ളൂ.
നിത്യജീവിതത്തില്‍ പലര്‍ക്കും ഉണ്ടാകാറുണ്ട് ഇത്തരം അനുഭവങ്ങള്‍. യൂണിഫോമിടാന്‍ മറന്ന് വാഹനമോടിക്കുന്നവര്‍, പോലീസ് ചെക്കിംഗ് പോയിന്റിലെത്താറായപ്പോള് ധൃതിപിടിച്ച് യൂണിഫോം ധരിക്കാന്‍ തയ്യാറാവുന്നു. പിടികൂടുമെന്ന് ഉറപ്പുള്ള ഒരു കാര്യം അതിന്റെ വക്കിലെത്തുമ്പോഴെങ്കിലും തിരുത്തുവാനും പിടികൂടാതെ രക്ഷപ്പെടാനുമുള്ള വഴി തേടുന്നതാണ് ഒന്നാമത്തെ സംഭവത്തിലെങ്കില്‍ പിഴയൊടുക്കേണ്ടി വരുമെന്ന ഒരു ധാരണയുമില്ലാതെ നീങ്ങുന്നതിനിടയില്‍ അധികൃതരുടെ മുന്നില്‍ പെടുകയും രക്ഷയില്ലാതെ പിഴയടച്ചതുമാണ് രണ്ടാമത്തേതില്‍.
പിന്നീട് പിടിക്കപ്പെടുമെന്ന വിചാരമില്ലായ്മയാണ് തിന്മകള് വ്യാപിക്കാന്‍ കാരണം. അതുണ്ടായിരുന്നെങ്കില്‍ തിന്മയിലേക്കുള്ള കുത്തൊഴുക്കിന് നിയന്ത്രണങ്ങളുണ്ടാവുമായിരുന്നു. തന്റെ പ്രവര്‍ത്തനങ്ങളൊക്കെ നിരീക്ഷിക്കാനൊരാള് എപ്പോഴുമുണ്ടെന്ന് മനസ്സിലാക്കിയാല്‍ പിന്നീടയാളില്‍ നിന്നുണ്ടാകുന്ന ചലനനിശ്ചലനങ്ങളെല്ലാം വളരെ സൂക്ഷ്മതയോടെ മാത്രമായിരിക്കും. ഗള്‍ഫ് നാടുകളിലെ ഡ്രൈവര്‍മാര്‍ എത്ര ശ്രദ്ധയോടെയാണ് വണ്ടിയോടിക്കുന്നത്. ശ്രദ്ധ തെറ്റിയാല്‍ റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള റഡാര്‍ പിടികൂടും. പലവിധ ബുദ്ധിമുട്ടുകളും പിറകെവരും. അതിനാലവര്‍ കൂടുതല്‍ നിയന്ത്രണവും സുരക്ഷയും പാലിക്കുന്നു. ഈ തിരിച്ചറിവുമൂലം ശാന്തമായ യാത്ര അനുഭവപ്പെടുന്നു.
മദ്യപാനം, വ്യഭിചാരം, ചൂതുകളി തുടങ്ങി സര്വതിന്മകളിലും തന്റേതായ ഭാഗഭാഗിത്വം ഉറപ്പുവരുത്തി അലക്ഷ്യമായുള്ള ജീവിതമാണ് ചിലരുടേത്. യാഥാര്‍ത്ഥ്യത്തിന്റെ നേരെ കണ്ണ് തുറക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. താന്‍ ചെയ്യുന്ന തെറ്റുകളാല്‍ ആത്മീയമായുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചുള്ള ഓര്‍മക്കപ്പുറം, ഭൗതികമായി തനിക്കുണ്ടാകുന്ന കഷ്ട നഷ്ടങ്ങളെക്കുറിച്ച് ഓര്‍ത്താല്‍ തന്നെ, ശകലം ബുദ്ധിയുള്ളവര്‍ അവയില്‍ നിന്നെല്ലാം പിന്മാറും. ആരോഗ്യം നശിച്ച് അകാലത്തില്‍ തന്നെ മൃതപ്രായരാകുന്നതും മടിശ്ശീല മുഴുവന്‍ കാലിയായി സാമ്പത്തിക തകര്‍ച്ച നേരിടുന്നതും വലിയ അപകടമാണെന്ന് സ്വയം ബോധ്യപ്പെടുക മാത്രമാണ് നന്മയിലേക്ക് കയറാനുള്ള പോംവഴി.
നേരത്തെ പറഞ്ഞ ഓട്ടോഡ്രൈവര്‍ യൂണിഫോമിടാന്‍ വണ്ടി സൈഡാക്കിയതും അതു ധരിച്ചതുമൊക്കെ വെറും ഒരു കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. പോലീസിന്റെ ശ്രദ്ധ തെറ്റുന്നതുവരെ കുറച്ച് സമയത്തേക്കു മാത്രം. പോലീസിന്റെ കണ്‍വെട്ടത്തുനിന്ന് ഒഴിവായാല്‍ പഴയ പടി യൂണിഫോമില്ലാതെ വണ്ടിയോടിക്കുകയായി. നൂറുരൂപ പിഴയടച്ചവനും തഥൈവ! ഇനി നിയമലംഘനം ഒഴിവാക്കണമെന്ന ദൃഢപ്രതിജ്ഞയൊന്നും അവരാരും എടുക്കുന്നില്ല. പ്രത്യുത, എത്രവലിയ നിയമലംഘനം നടത്തിയാലും പിഴ ഒടുക്കിയാല്‍ രക്ഷപ്പെടാമെന്ന വിശ്വാസം വര്‍ധിക്കുകയും ചെയ്തു.
ലോകം മുഴുവന്‍ ഉറങ്ങിയാലും, ഏതു കൂരിരുട്ടുള്ള രാത്രിയിലും തന്നെത്തന്നെ ശ്രദ്ധിക്കുന്ന പ്രപഞ്ച സ്രഷ്ടാവില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന വസ്തുതയിലേക്ക് മനുഷ്യന് എത്തുമ്പോള്‍ മാത്രമേ തെറ്റുകുറ്റങ്ങളില്‍ നിന്ന് പിന്മാറാനുള്ള മാനസാന്തരമുണ്ടാവൂ. സൂക്ഷ്മശാലികളായ അടിമകള്‍ ആ തലത്തിലേക്ക് എത്തിയവരാണ്. അതുകൊണ്ടാണവര്‍ ഇബാദത്തുകളില്‍ ശുഷ്കാന്തി കാണിക്കുന്നത്. സകല തിന്മകളുടെയും വക്താക്കളായി അപഥ സഞ്ചാരം നടത്തുന്നവരെ നേരിന്റെ വഴിയിലേക്കെത്തിക്കാനുള്ള വഴിയാരായേണ്ടത് സമൂഹത്തില്‍ ആത്മീയോല്‍ക്കര്‍ഷം ആഗ്രഹിക്കുന്നവരില്‍ നിക്ഷിപ്തമായ ദൗത്യമാണ്.
തിന്മയുടെ വാഹകരെ കണ്ടെത്തി വ്യക്തിഗത സമീപനത്തിലൂടെ മനസ്സൊന്ന് തട്ടിയുണര്ത്താനായാല് നന്മയിലേക്ക് അവര്‍ തിരിഞ്ഞുനടക്കുമെന്നാണനുഭവം. “ഉപദേശിക്കുക, ഉപദേശം സത്യവിശ്വാസികള്‍ക്ക് ഉപകരിക്കു’മെന്ന ഖുര്‍ആനിക സൂക്തം (ദാരിയാത്55) പ്രസക്തം. ചീഞ്ഞളിഞ്ഞ സംസ്കാരത്തിന്റെ ഉപാസകരായ നിരവധി പേര് ഉപദേശത്തിന്റെ ഗുണഭോക്താക്കളായി നന്മയുടെ തോഴരായി മാറിയ ചിത്രങ്ങള്‍ ഗ്രന്ഥങ്ങളില്‍ സുലഭം. ശ്രമകരമായ യജ്ഞമാണെങ്കിലും ആസൂത്രണവും ആലോചനയും കൈമുതലാക്കി മുന്നിട്ടിറങ്ങിയാല്‍ ഫലമുണ്ടാകുമെന്നതില്‍ സംശയമില്ല.
ബഷീര്‍ അബ്ദുല്‍കരീം സഖാഫി