ഹിജ്‌റ എട്ടാം വർഷം. മുഹമ്മദ് നബി(സ്വ)യും അനുചരന്മാരും ജന്മനാടായ മക്കയിലേക്ക് വിജയശ്രീലാളിതരായി തിരിച്ചെത്തി; ഒരു തുള്ളി രക്തംപോലും പൊടിയാതെ. ‘മുസ്‌ലിംകൾ വൻശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. അവരെ തകർത്തേതീരൂ, അല്ലെങ്കിൽ തങ്ങളുടെ നിലനിൽപ്പുതന്നെ അപകടത്തിലാകും.’ ഹാവാസിൻ, സഖീഫ് ഗോത്രങ്ങൾ ഉറപ്പിച്ചു. അവർ സംയുക്തമായി ഒരു സൈനിക നീക്കത്തിന് തയ്യാറെടുത്തു. യുദ്ധനിപുണരായ ഇരുപതിനായിരത്തോളം സൈനികരെ സജ്ജരാക്കി. വിവരമറിഞ്ഞ തിരുനബി(സ്വ) പതിനായിരത്തോളം പോരാളികളുമായി ഹുനൈൻ താഴ്‌വരയിലേക്കു പുറപ്പെട്ടു. പതിവില്ലാത്ത അംഗബലം കണ്ട് അമിത ആത്മവിശ്വാസത്തിലായിരുന്നു സ്വഹാബികൾ.
ശത്രുക്കൾ നേരത്തെ ഹുനൈനിലെത്തി തന്ത്രപ്രധാന സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരുന്നു. വരുന്ന വഴിയിൽ മുസ്‌ലിംകൾ അപ്രതീക്ഷിതമായി ആക്രമിക്കപ്പെട്ടു. അതിരൂക്ഷമായ ഒളിയാക്രമണം. ശരവർഷത്തിനു പിറകെ അശ്വഭടന്മാരുടെ പടയോട്ടവും. പുതു വിശ്വാസികളടങ്ങിയതായിരുന്നു മുസ്‌ലിം സംഘം. പലർക്കും വിശ്വാസം ദൃഢമായിട്ടില്ല. ഓർക്കാപ്പുറത്തുള്ള ആക്രമണത്തിൽ അവർ പരിഭ്രാന്തരായി. നല്ലൊരു ഭാഗം ചിതറിയോടി.
തിരുദൂതരും ഏതാനും സ്വഹാബികളും ആയിരക്കണക്കിന് ശത്രുക്കൾക്കിടയിൽ ഒറ്റപ്പെട്ടു. അവിടന്ന് പതറിയില്ല. ഒരുപിടി മണൽ വാരി മന്ത്രിച്ച് ശത്രുക്കൾക്കിടയിലേക്കെറിഞ്ഞു. തിരിഞ്ഞോടിയവരെ മടക്കിക്കൊണ്ടുവരാൻ അബ്ബാസി(റ)നെ നിയോഗിച്ചു. അവിടന്ന് വാളെടുത്ത് വാഹനത്തിൽ നിന്നിറങ്ങി പ്രഖ്യാപിച്ചു: ‘ഞാൻ നബിയാണ്, അത് കള്ളമല്ല. ഞാൻ അബ്ദുൽ മുത്വലിബിന്റെ പുത്രനാണ്’. തന്നെ വളഞ്ഞുനിൽക്കുന്ന ശത്രുക്കളോട് റസൂൽ(സ്വ) ഉശിരോടെ പോരാടി. അവസാനം അല്ലാഹുവിന്റെ സഹായം ലഭിച്ചു. യുദ്ധം വിജയിച്ചു.

ആ ദിനമായിരുന്നു അതിഭീകരം

ഒരിക്കൽ ആഇശ(റ) തിരുദൂതരോട് ചോദിച്ചു: ‘ഉഹുദ് ദിനത്തേക്കാൾ മന:പ്രയാസമുണ്ടാക്കിയ വല്ല ദിവസവും അങ്ങയുടെ ജീവിതത്തിൽ കഴിഞ്ഞു പോയിട്ടുണ്ടോ?’ അവിടന്ന് മറുപടിയേകി: ‘അഖബയിൽ (ത്വാഇഫിലെ ഒരു പ്രത്യേക സ്ഥലം) വെച്ച് നിന്റെ സമൂഹത്തിൽ നിന്ന് ഞാനനുഭവിച്ച പീഡനങ്ങളായിരുന്നു ഏറ്റവും ഭീകരം. കിനാനതുബ്‌നു അബ്ദിയാലീലിനെ (സഖീഫ് ഗോത്രത്തലവൻ) സമീപിച്ച് ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. സഹായമഭ്യർത്ഥിച്ചു. പ്രതികരണം അനുകൂലമായിരുന്നില്ല. ദുഃഖഭാരത്തോടെ ഞാൻ അവിടെനിന്നു മടങ്ങി’ (ബുഖാരി).
നുബുവ്വത്തിന്റെ പത്താം വർഷമായിരുന്നു ഈ സംഭവം. പിതൃവ്യനായ അബൂത്വാലിബും തിരുനബിയുടെ പ്രിയ പത്‌നി ഖദീജ(റ)യും മരണപ്പെട്ട ദുഃഖവർഷം. അഭയം നൽകുമെന്ന് കരുതിയവർ ആട്ടിയകറ്റി. പരിഹസിച്ചു വിട്ടു. കുട്ടികളെകൊണ്ട് കല്ലെറിയിച്ചു. അവിടത്തെ കാലുകളിൽ നിന്ന് ചോരയൊലിച്ചു. എവിടേക്ക് പോകണമെന്നറിയാതെ ദുഃഖപാരവശ്യത്താൽ സ്തംഭിച്ചുപോയ സമയം. ഖർനു സ്സആലബിൽ (മക്കക്കും ത്വാഇഫിനുമിടയിൽ സ്ഥിതിചെയ്യുന്ന കുന്ന്) എത്തിയ ശേഷമാണ് പീഡനങ്ങൾക്ക് ശമനമുണ്ടായത്. ജിബ്‌രീൽ(അ) പ്രത്യക്ഷപ്പെട്ട് സമാധാനിപ്പിച്ചു. അവരെ ശിക്ഷിക്കാൻ സമ്മതം ചോദിച്ചു. അവരിൽ നിന്ന് ആരെങ്കിലും സത്യവിശ്വാസം സ്വീകരിക്കുന്നപക്ഷം അതാണ് ശിക്ഷിക്കുന്നതിനേക്കാൾ എനിക്കിഷ്ടം എന്നായിരുന്നു തിരുദൂതരുടെ പ്രത്യുത്തരം.

കുടുംബത്തിന് മുന്നറിയിപ്പ്

തിരുദൂതർ(സ്വ)ക്ക് നാൽപതാം വയസ്സിൽ നുബുവ്വത്ത് ലഭിച്ചു. സത്യദീൻ പ്രബോധനം ചെയ്യാനുള്ള ദൈവിക കൽപ്പന വന്നു: നബിയേ, പ്രഖ്യാപിക്കുക, ഇതാണ് എന്റെ സരണി. ഞാൻ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു. ഞാനും എന്നെ അനുഗമിക്കുന്നവരും തികഞ്ഞ ഉൾക്കാഴ്ചയോടെ തന്നെയാണ് നിലയുറപ്പിച്ചിരിക്കുന്നത് (യൂസുഫ് 108).
കാലവിളംബമോ അലസതയോ അരുത്, ജനങ്ങളിലേക്കിറങ്ങി ദൗത്യം നിർവഹിക്കുക. അല്ലാഹു നബി(സ്വ)യോട് ആജ്ഞാപിച്ചു: പുതച്ച് കിടക്കുന്നവരേ, എഴുന്നേറ്റ് ജനങ്ങൾക്ക് മുന്നറിയിപ്പു നൽകുക. താങ്കളുടെ റബ്ബിന്റെ മഹത്ത്വം വാഴ്ത്തുക. വസ്ത്രങ്ങൾ ശുദ്ധീകരിക്കുക. മലിന വിശ്വാസങ്ങൾ വർജിക്കുക (അൽമുദ്ദസിർ).
സമൂഹഗാത്രത്തെ ഗ്രസിച്ച ദുരാചാരങ്ങളും നീച സംസ്‌കാരങ്ങളും വിപാടനം ചെയ്യുക ശ്രമകരമായ ദൗത്യമായിരുന്നു. മുന്നിൽ പൂർണ ശൂന്യത. അല്ലാഹുവിൽ മാത്രം വിശ്വാസമർപ്പിച്ചു. രഹസ്യമായി പ്രചാരണം തുടങ്ങി. വഴിയെ അത് വെളിപ്പെടുത്താനുള്ള കൽപ്പന കിട്ടി: ആകയാൽ താങ്കളോട് ആജ്ഞാപിക്കപ്പെട്ടത് പരസ്യമായി പ്രഖ്യാപിക്കുക. ബഹുദൈവ വിശ്വാസികളെ അവഗണിക്കുകയും ചെയ്യുക (അൽഹിജ്ർ 94).
പരസ്യ പ്രബോധനം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. സംസ്‌കരണ പ്രക്രിയ കുടുംബത്തിൽ നിന്ന് തുടങ്ങി പൊതുസമൂഹത്തിലേക്ക് വ്യാപിപ്പിക്കണം. ബന്ധുക്കളെയാണ് ആദ്യം രക്ഷിക്കേണ്ടത്. അവർക്ക് മുന്നറിയിപ്പ് നൽകണം. ഖുർആൻ പ്രഖ്യാപിച്ചു: അടുത്ത ബന്ധുക്കൾക്ക് താങ്കൾ മുന്നറിയിപ്പ് നൽകുക (അശ്ശുഅറാഅ് 214).
തിരുദൂതർ ഖുറൈശികളെഒന്നടങ്കം സ്വഫ കുന്നിൻ ചെരുവിൽ വിളിച്ചുചേർത്തു. തന്റെ സത്യസന്ധതയും വിശ്വസ്തതയും അവരെക്കൊണ്ട് പരസ്യമായി അംഗീകരിപ്പിച്ചു. ശേഷം ഓരോ കുടുംബത്തിന്റെയും വ്യക്തികളുടെയും പേരുപറഞ്ഞ് നരകത്തിൽ നിന്ന് സ്വയം രക്ഷപ്പെടാനാവശ്യപ്പെട്ടു. പല കുടുംബാംഗങ്ങളും അനുകൂലിച്ചു. ചിലർ വിമർശിച്ചു. പരിഹസിച്ചു. ‘മുഹമ്മദ്! നിനക്കു നാശം, ഇതിനു വേണ്ടിയായിരുന്നോ നീ ഞങ്ങളെ ഒരുമിച്ചു കൂട്ടിയത്?’ എന്നായിരുന്നു പിതൃവ്യൻ അബൂലഹബിന്റെ പ്രതികരണം. അയാൾ നബി(സ്വ)യെ മാനസികമായും ശാരീരികമായും ദ്രോഹിച്ചു. അവിടന്ന് അതൊന്നും ഗൗനിച്ചതേയില്ല. തന്റെ ആശയപ്രചാരണം കൂടുതൽ ഊർജിതമാക്കി.

ഭീഷണികൾക്കു വഴങ്ങിയില്ല

തിരുനബി(സ്വ)ക്ക് കൃത്യമായൊരു ലക്ഷ്യമുണ്ടായിരുന്നു, സാംസ്‌കാരിക പ്രതലം മാറ്റിപ്പണിയണം. ലോകത്ത് വെളിച്ചം പരത്തണം. ജനങ്ങളെ നേർവഴിക്കു നടത്തണം. ഏകദൈവ വിശ്വാസത്തിലേക്ക് നയിക്കണം. അധികാരഭ്രമമോ സാമ്പത്തിക ദുരയോ നബി(സ്വ)യെ ഭരിച്ചില്ല. ഭീഷണികൾക്ക് വഴങ്ങിയില്ല.
തിരുനബി(സ്വ) അബൂത്വാലിബിന്റെ സംരക്ഷണത്തിൽ കഴിയുന്ന കാലം. സഹകരിക്കാൻ കുടുംബാംഗങ്ങളോ സഹായിക്കാൻ കൂട്ടുകാരോ ഇല്ല. ഖുറൈശി പ്രമാണിമാർ റസൂലിനെ പിന്തിരിപ്പിക്കാൻ പീഡനവും പ്രീണനവും മാറിമാറി പരീക്ഷിച്ചു. അവർ അബൂത്വാലിബിനെ സമീപിച്ച് മുഹമ്മദിനെ വിട്ടുതരാനാവശ്യപ്പെട്ടു: അബൂത്വാലിബേ, ഞങ്ങൾക്കിടയിൽ താങ്കൾക്ക് പ്രായവും പദവിയും പരിഗണനയുമുണ്ട്. താങ്കൾ സ്വന്തം സഹോദര പുത്രൻ കാരണം ഇപ്പോൾ പരിഹാസ്യനായി തീർന്നിരിക്കുന്നു, ദൈവമാണ! അവന്റെ ചെയ്തികൾ ഞങ്ങൾക്ക് ക്ഷമിക്കാവുന്നതിലും അപ്പുറമാണ്. ഞങ്ങളുടെ പൂർവികരെ ആക്ഷേപിക്കുന്നു, വിശ്വാസങ്ങളെ അവമതിക്കുന്നു, ദൈവങ്ങളെ അപഹസിക്കുന്നു. താങ്കൾ അവനെ തടഞ്ഞേതീരൂ. അല്ലെങ്കിൽ ഞങ്ങൾ കൈകാര്യം ചെയ്തു രണ്ടിലൊന്നു തീരുമാനിക്കും. സൂക്ഷിച്ചാൽ താങ്കൾക്കു നല്ലത്!
ഭീഷണി കേട്ട്അബൂത്വാലിബ് പകച്ചു. ഭയം അങ്കുരിച്ചു. മകന്റെ ജീവൻ രക്ഷിക്കണം. നബി(സ്വ)യെ വിളിച്ച് ഗൗരവം ബോധ്യപ്പെടുത്തി. പിതൃവ്യനും കൈമലർത്തുകയാണെന്ന് അവിടന്ന് ഉറപ്പിച്ചു. പക്ഷേ തളർന്നില്ല. ദൃഢസ്വരത്തിൽ പ്രഖ്യാപിച്ചു:
‘മൂത്താപ്പാ, അവർ എന്റെ വലതു കൈയിൽ സൂര്യനെയും ഇടതു കൈയിൽ ചന്ദ്രനെയും വെച്ചുതന്നാൽ പോലും ഈ ദൗത്യം ഉപേക്ഷിക്കുന്ന പ്രശ്‌നമില്ല! അല്ലാഹു അതിനെ പ്രത്യക്ഷപ്പെടുത്തുന്നതുവരെ ഞാനിത് തുടരും. അല്ലെങ്കിൽ ഞാനിതിൽ മരിക്കും. എന്നാലും ഞാനിത് കൈവെടിയുകയില്ല!’
നിലപാട് ഉറച്ചതായിരുന്നു. ജീവനേക്കാൾ പ്രധാനമാണ് വിശ്വാസം. ഇത് തന്റെ സ്രഷ്ടാവ് ഏൽപ്പിച്ച അമാനത്താണ്. അത് നിറവേറ്റിയേ അടങ്ങൂ. സൃഷ്ടികളേക്കാൾ പേടിക്കേണ്ടത് സ്രഷ്ടാവിനെയാണ്. നിശ്ചയദാർഢ്യത്തിനു മുമ്പിൽ അബൂത്വാലിബിന് അടിയറവ് പറയേണ്ടിവന്നു.

നിഷ്ഫലമായ പ്രീണനങ്ങൾ

അന്തരീക്ഷം മാറുകയാണ്. ഹംസയും ഉമറും(റ) വിശ്വാസികളായിരിക്കുന്നു. മുസ്‌ലിംകളുടെ എണ്ണം പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുന്നു. തമസ്സിന്റെ ഉപാസകർക്ക് ഉറക്കം നഷ്ടപ്പെട്ടു. എങ്ങനെയെങ്കിലും മുഹമ്മദിനെ പിന്തിരിപ്പിക്കണം. ആലോചനകൾ മുറുകി. മോഹന വാഗ്ദാനങ്ങൾ നൽകി മനം കവരാം. ഇഷ്ടങ്ങൾ നിറവേറ്റിക്കൊടുത്ത് വശപ്പെടുത്താം. അതിനായി ഉത്ബതുബ്‌നു റബീഅയെ ചുമതലപ്പെടുത്തി.
ഉത്ബ തിരുദൂതരെ സമീപിച്ചു: ‘സഹോദര പുത്രാ, നീ ഞങ്ങളുടെ കുടുംബാംഗമാണ്, ഉന്നത കുലത്തിൽ പിറന്നവനാണ്. ഗുരുതരമായ സാമൂഹിക പ്രശ്‌നമാണ് നീ രൂപപ്പെടുത്തിയിരിക്കുന്നത്. സംഘശക്തിയെ നീ ശിഥിലമാക്കി. അവരുടെ വിശ്വാസങ്ങളെ അവമതിച്ചു. ദൈവങ്ങളെ അപമാനിച്ചു. പൂർവികരെ കൊള്ളരുതാത്തവരാക്കി. അതുകൊണ്ട് ചില കാര്യങ്ങൾ ഞാൻ മുന്നോട്ടുവെക്കാം. ഇഷ്ടമുള്ളത് സ്വീകരിക്കുക. സഹോദര പുത്രാ, ഇതുകൊണ്ട് നീ ഉദ്ദേശിക്കുന്നത് സമ്പത്താണെങ്കിൽ നിനക്കു ധനം സംഭരിച്ചു തന്ന് ഏറ്റവും വലിയ ധനികനാക്കാം. ഉന്നത പദവിയാണ് ലക്ഷ്യമെങ്കിൽ ഞങ്ങളുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാക്കാം. അധികാരമാണ് ആവശ്യമെങ്കിൽ ഞങ്ങൾ നിന്നെ രാജാവാക്കാം. സ്ത്രീകളെയാണ് വേണ്ടതെങ്കിൽ താൽപര്യപ്പെടുന്നവരെ വിവാഹം ചെയ്തുതരാം.’
വാഗ്ദാനങ്ങളുടെ പെരുമഴ കഴിഞ്ഞു. വ്യക്തിതാൽപര്യമായിരുന്നു നബിക്ക് പ്രചോദനമായിരുന്നതെങ്കിൽ ആ പ്രയാണം ഇവിടെ അവസാനിക്കേണ്ടതായിരുന്നു. എന്തും ചെയ്തുകൊടുക്കാൻ അവർ സന്നദ്ധരായിരുന്നു. വിഗ്രഹാരാധന അത്രമേൽ അവരിൽ വേരുറച്ചിട്ടുണ്ട്. എന്തു വില കൊടുത്തും അവരതു സംരക്ഷിക്കും. പക്ഷേ, ഭൗതിക നേട്ടങ്ങൾക്ക് അവിടന്ന് തെല്ലും വില കൽപ്പിച്ചില്ല. പ്രീണന തന്ത്രങ്ങൾ വായുവിലലിഞ്ഞു.
തന്നെ ശ്രവിക്കാനാവശ്യപ്പെട്ട് ഏതാനും ദിവ്യവചനങ്ങൾ ഉത്ബക്ക് അവിടന്ന് ഓതിക്കേൾപ്പിച്ചു: ‘ഹാമീം, കാരുണ്യദായകനും പരമദയാലുവുമായ അല്ലാഹുവിൽ നിന്ന്അവതീർണമായ ഗ്രന്ഥമാണിത്. അറിയാൻ താൽപര്യമുള്ള ജനതക്കുവേണ്ടി വചനങ്ങൾ വ്യക്തമാക്കപ്പെട്ട, അറബിയിൽ പാരായണം ചെയ്യപ്പെടുന്ന, ശുഭവാർത്തയും മുന്നറിയിപ്പും നൽകുന്ന ഗ്രന്ഥം… (ഫുസ്സ്വിലത്).
ഖുർആനിക വചനങ്ങളുടെ മാസ്മരികതയിൽ ഉത്ബ ലയിച്ചിരുന്നു. ശിക്ഷകളെ കുറിച്ചുള്ള മുന്നറിയിപ്പ് അയാളെയും മഥിച്ചു. ഇസ്‌ലാം സ്വീകരിക്കുന്നതിൽ നിന്ന് ദുരഭിമാനം മാത്രമാണ് അയാളെ തടഞ്ഞത്.

പീഡനപർവം താണ്ടി

പ്രബോധന വീഥിയിൽ പീഡനങ്ങളുടെ മഹാപർവം താണ്ടിയാണ് തിരുദൂതർ(സ്വ) വിജയചരിത്രം രചിച്ചത്. ജനമധ്യേ നിരന്തരം പരിഹസിക്കപ്പെട്ടു. ഭ്രാന്തൻ, വ്യാജൻ, ദുർമന്ത്രവാദി, കവി, കുടുംബബന്ധം ശിഥിലമാക്കുന്നവൻ തുടങ്ങി പല ദുഷ്‌പേരുകളും ചാർത്തപ്പെട്ടു. കല്ലേറു കൊണ്ടു. വഴിയിൽ മുള്ളുകളും വീട്ടുപടിക്കൽ മാലിന്യങ്ങളും നിക്ഷേപിച്ച് ബുദ്ധിമുട്ടിച്ചു.
അവിടന്ന് നിസ്‌കരിക്കുമ്പോൾ ചീഞ്ഞളിഞ്ഞ കുടൽമാല കഴുത്തിലിട്ട് ശത്രുക്കൾ ആർത്തു രസിച്ചു. പ്രിയപുത്രിഫാത്വിമ(റ)യാണ് അന്ന് രക്ഷിച്ചത്. മറ്റൊരിക്കൽ കഅ്ബയുടെ മുറ്റത്ത് നിസ്‌കരിച്ചുകൊണ്ടിരിക്കെ ഉഖ്ബത് പ്രവാചകരുടെ കഴുത്തിൽ മുണ്ടിട്ടു മുറുക്കി വധിക്കാൻ ശ്രമിച്ചു. അബൂബക്കർ(റ)വായിരുന്നു അന്ന് രക്ഷകനായത്. ‘എന്റെ റബ്ബ് അല്ലാഹുവാണെന്നു പറഞ്ഞത് കാരണം ഒരാളെ നിങ്ങൾ കൊല്ലുകയാണോ?’ (ബുഖാരി) എന്നലറിക്കൊണ്ടായിരുന്നു അദ്ദേഹം പ്രതിരോധം തീർത്തത്.
തിരുദൂതരെയും അനുചരന്മാരെയും ഖുറൈശികൾ മൂന്നു വർഷത്തോളം ബഹിഷ്‌കരിച്ചു. സമ്പർക്കവും സഹകരണവും സംസാരവും വിവാഹവും വിലക്കി. ഭക്ഷണം നിഷേധിക്കപ്പെട്ടു. ഉപരോധപത്രം കഅ്ബയിൽ പ്രദർശിപ്പിച്ചു. വെള്ളവും പച്ചിലകളും മറ്റും ഭക്ഷിച്ചായിരുന്നു ബഹിഷ്‌കരണത്തെ അവർ അതിജീവിച്ചത്. ബഹിഷ്‌കരണവും മർദനങ്ങളും അവിടത്തെ മനോവീര്യത്തിന് മുമ്പിൽ പരാജയപ്പെട്ടു. രക്ഷയില്ലെന്ന് മനസ്സിലാക്കിയ ശത്രുക്കൾ റസൂലിനെ വധിക്കാൻതന്നെ തീരുമാനിച്ചു. രാത്രി വീടു വളഞ്ഞു. പക്ഷേ, അവിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

ആ ക്ഷമക്ക് തുല്യതയില്ല

തിരുനബി(സ്വ)യും അനുചരന്മാരും മദീനയിലേക്ക് പലായനം ചെയ്തു. അവിടെയും ശത്രുതക്ക് കുറവുണ്ടായിരുന്നില്ല. മക്കയിൽ നിന്നുള്ള ആക്രമണങ്ങൾക്ക് പുറമെ മദീനയിലെ ജൂതന്മാരുടെ വൈരാഗ്യവും കനത്തു. അവർ സംഘർഷങ്ങൾ സൃഷ്ടിച്ചു. വിഷം കലർത്തിയ ഭക്ഷണം ചതിയിലൂടെ റസൂലിന് നൽകി. കപട വിശ്വാസികൾ ഉപദ്രവങ്ങൾക്ക് മൂർച്ച കൂട്ടി. കൈവിരലുകൾ ചെവികളിൽ തിരുകിയായിരുന്നു അവർ നബി(സ്വ)യുടെ സഭയിൽ ഇരുന്നിരുന്നത്. വ്യാജ കാരണങ്ങൾ പറഞ്ഞ് യുദ്ധങ്ങളിൽ നിന്ന് പിന്മാറുകയും മറ്റുള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്തു. നബിപത്‌നിയെ കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിച്ചു. ഉറ്റവരും ഉടയവരും യുദ്ധങ്ങളിൽ കൊല്ലപ്പെട്ടു.
‘നിശ്ചയം കണ്ണുകൾ നിറഞ്ഞൊഴുകുന്നു, ഹൃദയം ദുഃഖസാന്ദ്രമായിരിക്കുന്നു. എന്നാലും നമ്മുടെ റബ്ബ് ഇഷ്ടപ്പെട്ടതല്ലാതെ നാം പറയുകയില്ല…’ (ബുഖാരി, മുസ്‌ലിം). പുത്രൻ ഇബ്‌റാഹീം മരിക്കുമ്പോൾ തിരുദൂതർ പറഞ്ഞ ഈ വാചകം തിരുജീവിതത്തിന്റെ സമസ്ത ഘട്ടങ്ങളിലും നിറഞ്ഞുനിൽക്കുന്നത് കാണാം.
വളരെ പാടുപെട്ടായിരുന്നു പലപ്പോഴും ആത്മനിയന്ത്രണം പാലിച്ചത്. ക്ഷമ കൈക്കൊള്ളാൻ അല്ലാഹു നിരന്തരം നിർദേശിച്ചു. താങ്കളുടെ റബ്ബിനെ ഓർത്ത് ക്ഷമിക്കുക, അവരുടെ ആരോപണങ്ങളിൽ ക്ഷമ പുലർത്തുക, ദൃഢചിത്തരായ ദൂതന്മാർ ക്ഷമിച്ചത് പ്രകാരം താങ്കളും ക്ഷമിക്കുക, അങ്ങയുടെ റബ്ബിന്റെ വിധി വരുന്നത് വരെ ക്ഷമിക്കുക… തിരുനബി(സ്വ)യോട് സഹിക്കാനും ക്ഷമിക്കാനും ഉദ്‌ഘോഷിക്കുന്ന എത്രയെത്ര സൂക്തങ്ങൾ!
സമചിത്തതയോടെ സാഹചര്യങ്ങൾ വിലയിരുത്താനും യുക്തിപൂർവം കരുക്കൾ നീക്കാനും ക്ഷമ അനിവാര്യമാണ്. ക്ഷമിച്ചു കാത്തിരുന്നാൽ വിജയം സുനിശ്ചിതമാണെന്ന ഉറച്ച വിശ്വാസം പ്രവാചകർക്കുണ്ടായിരുന്നു. ഈ ദൗത്യത്തിന് തന്നെ ചുമതലപ്പെടുത്തിയത് പ്രപഞ്ചനിയന്താവാണെന്ന ധൈര്യമായിരുന്നു സർവം ക്ഷമയോടെ നേരിടാനുള്ള കരുത്ത് പ്രദാനിച്ചത്. അനുയായികളെയും അതിന് പരിശീലിപ്പിച്ചു.

സമരഗോഥയിൽ ഒറ്റക്കാണെങ്കിലും

ഉഹുദ് യുദ്ധത്തിനുവേണ്ടി തയ്യാറെടുക്കുന്ന സമയം. തിരുദൂതർ(സ്വ) ജനങ്ങളെ ഒരുമിച്ചുകൂട്ടി. ജാഗ്രതാ നിർദേശം നൽകി. കഠിനാധ്വാനം ചെയ്യുക, ശത്രുക്കളെ നേരിടാൻ തയ്യാറെടുക്കുക, ക്ഷമിക്കുമ്പോളാണ് സഹായമുണ്ടാവുക- അവിടന്ന് ഉദ്‌ബോധിപ്പിച്ചു.
അനുചരന്മാരുമായി കൂടിയാലോചിച്ച ശേഷമാണ് യുദ്ധത്തിനിറങ്ങാൻ തീരുമാനിച്ചത്. അനുകൂലനങ്ങളും പ്രാതികൂല്യങ്ങളും ചർച്ച ചെയ്തു. ഒടുവിൽ യുദ്ധാഹ്വാനം പുറപ്പെടുവിച്ചു. സംഘടിതമായി അസ്വർ നിസ്‌കരിച്ചു. തിരുനബി(സ്വ) ടെന്റിനകത്ത് പ്രവേശിച്ചു. കൂടെ അബൂബക്കറും ഉമറു(റ)മുണ്ട്. ജനങ്ങൾ ആകാംക്ഷയോടെ പുറത്ത് അണിയൊപ്പിച്ച് കാത്തിരുന്നു. സമ്പൂർണ വസ്ത്രം അണിഞ്ഞ് അവിടന്ന് പുറത്തിറങ്ങി. രണ്ടു പടയങ്കികളുമുണ്ട്.
ജനങ്ങൾ: ‘തിരുദൂതരേ, അങ്ങയുടെ നിലപാടുകളോട് വിയോജിക്കാൻ ഞങ്ങൾക്കൊരു ന്യായവുമില്ല. താങ്കൾക്ക് വെളിപ്പെട്ടതെന്തോ അത് പ്രഖ്യാപിക്കുക!’
റസൂൽ(സ്വ): ‘ഞാൻ നിങ്ങളെ യുദ്ധത്തിന് ക്ഷണിച്ചിരിക്കുന്നു. നിങ്ങൾ അത് നിരസിക്കുന്നപക്ഷം അറിയുക, യുദ്ധവസ്ത്രമണിഞ്ഞ ഒരു നബിക്കും തനിക്കും ശത്രുക്കൾക്കുമിടയിൽ അല്ലാഹു തീർപ്പുകൽപ്പിക്കുന്നതു വരെ ആ വസ്ത്രം അഴിച്ചുവെക്കുക അനുയോജ്യമല്ല. നിങ്ങളോടു നിർദേശിച്ച കാര്യങ്ങൾ ചിന്തിച്ചു പിന്തുടരുക. അല്ലാഹുവിന്റെ നാമത്തിൽ ദൗത്യം നിർവഹിക്കുക. ക്ഷമിക്കുന്ന കാലത്തോളം അവന്റെ സഹായം നിങ്ങൾക്കുണ്ടാകും.’
സമരഗോഥയിൽ കൂടെ ആരുമില്ലെങ്കിലും പിന്നോട്ടില്ലെന്ന വ്യക്തമായ സന്ദേശം അനുചരർക്കു നൽകി. അനുയായികളെ എറിഞ്ഞു കൊടുത്ത് ഭീരുവായി ഒളിച്ചോടിയില്ല. മുന്നിൽ നിന്ന് പട നയിച്ചു.

ദുഃഖിക്കേണ്ട,
അല്ലാഹു നമ്മോടൊപ്പമുണ്ട്

അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു തിരുദൂതരുടെ ഊർജം. അവനിൽ സർവം സമർപ്പിച്ചു. ‘അല്ലാഹുവിൽ ഭരമേൽപ്പിക്കുക. നിശ്ചയം താങ്കൾ സുവ്യക്തമായ സത്യത്തിലാണ് നിലകൊള്ളുന്നത്’ (അന്നംല് 79).
ആ ധൈര്യമായിരുന്നു തിരുനബിക്കുണ്ടായിരുന്നത്. നജ്ദിലേക്ക് സൈന്യത്തെ നയിച്ചുള്ള യാത്രയിൽ ഒരു വൃക്ഷച്ചുവട്ടിൽ നബി(സ്വ) വിശ്രമിക്കാനിരുന്നു. വാൾ മരച്ചില്ലയിൽ തൂക്കിയിട്ടു. സഹയാത്രികർ മലഞ്ചെരുവിലെ ഓരോരോ മരച്ചുവട്ടിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. അവിടന്ന് നിദ്രയിലാണ്ട തക്കത്തിൽ ഒരപരിചിതൻ വന്ന് പ്രവാചകരുടെ ഖഡ്ഗം കൈക്കലാക്കി. അത് നബിക്കു നേരെ ഉയർത്തി അയാൾ ചോദിച്ചു: ‘നിന്നെ ആരു രക്ഷിക്കും?’ തുണയായി സമീപത്ത് ആരുമില്ല. നിരായുധനായിരുന്നിട്ടും അവിടന്ന് അക്ഷോഭ്യനായി പ്രതികരിച്ചു: അല്ലാഹു! (ബുഖാരി). അതു കേട്ട് ശത്രു നിന്നു വിറച്ചു. വാൾ നിലത്തു വീണു. ‘അല്ലാഹു താങ്കളെ ജനങ്ങളിൽ നിന്നു സംരക്ഷിക്കും’ (അൽമാഇദ 67) എന്ന വിശ്വാസമാണ് തിരുനബിക്കതിനു ശക്തി പകർന്നത്.
മദീനയിലേക്കുള്ള പലായനത്തിനിടയിൽ തിരുദൂതരും അബൂബക്കറും(റ) സൗർ ഗുഹയിൽ ഒളിച്ചുതാമസിച്ചു. ‘അവരിൽ ആരെങ്കിലും തന്റെ കാൽച്ചുവട്ടിലേക്ക് നോക്കിയാൽ നാം കണ്ടുപിടിക്കപ്പെടും!’ അബൂബക്കർ(റ) ആശങ്ക പങ്കുവെച്ചപ്പോൾ പ്രവാചകരുടെ മറുപടി ഖണ്ഡിതമായിരുന്നു: അബൂബക്കറേ, സഹായത്തിന് മൂന്നാമനായി അല്ലാഹു കൂട്ടിനുള്ള രണ്ടാളുകളെക്കുറിച്ച് താങ്കൾ എന്താണു ധരിച്ചത്? (ബുഖാരി). ‘ദുഃഖിക്കേണ്ട, നിശ്ചയം അല്ലാഹു നമ്മോടൊപ്പമുണ്ട്’ (അത്തൗബ 128) എന്നു പറഞ്ഞ് ധൈര്യപ്പെടുത്തി.
അല്ലാഹുവിൽ സമ്പൂർണമായി സമർപ്പിച്ചതിനാൽ തിരുദൂതർക്ക് ഒന്നും പേടിക്കാനുണ്ടായിരുന്നില്ല. അല്ലാഹു ഏകനും സർവശക്തനുമാണ്. അവന്റെ കഴിവുകൾ അപാരമാണ്. അവനെ വെല്ലുന്ന ഒരു ശക്തിയുമില്ല. അവൻ ഉയർത്തിയവരെ താഴ്ത്താനും ഇകഴ്ത്തിയവരെ വാഴ്ത്താനും ആർക്കുമാകില്ല. അവൻ നൽകിയത് തടയുന്നവനും നിഷേധിച്ചത് നൽകുന്നവനുമില്ല. ഈയൊരു ബോധ്യമായിരുന്നു തിരുനബിയുടെ ഏക പിൻബലം. കലർപ്പറ്റ വിശ്വാസത്തിന്റെയും ആദർശ പ്രതിബദ്ധതയുടെയും ബലത്തിൽ മർദനങ്ങൾ സഹിച്ചു, സമ്മർദങ്ങൾ അതിജീവിച്ചു, ശത്രുക്കളുടെ ബാഹുല്യവും ശക്തിയും കണ്ട് ഭയന്നില്ല, പ്രലോഭനങ്ങളിൽ കാൽ വഴുതിയില്ല. അറിയുക, നിശ്ചയം നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതരിൽ ഉത്തമ മാതൃകയുണ്ട് (33: 21).

അലി സഖാഫി പുൽപറ്റ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ