ഏറ്റവും ഉന്നതമായ സ്വഭാവഗുണങ്ങൾക്കുടമയായിരുന്നു മുഹമ്മദ്(സ്വ). സമ്പൂർണ നീതിയും ക്ഷമയും വിനയവും കൈമുതലാക്കിയ അവിടത്തെ ജീവിതം പഠിച്ചവർ തിരുനബി(സ്വ)യെ കാരുണ്യത്തിന്റെയും മഹാമനസ്‌കതയുടെയും പര്യായമായി വാഴ്ത്തി. ‘നബിയേ അങ്ങയെ ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ നാം അയച്ചിട്ടില്ല’ (സൂറത്തുൽ അമ്പിയാഅ് 107), അങ്ങ് മഹത്തായ സ്വഭാവത്തിന്റെ ഉടമയാകുന്നു (സൂറത്തുൽ ഖലം 4) തുടങ്ങിയ ഖുർആനിക പ്രഖ്യാപനങ്ങളെ അന്വർത്ഥമാക്കുന്നതായിരുന്നു തിരുജീവിതം.
പ്രിയപത്‌നി ആഇശ ബീവി(റ)യോട് നബി(സ്വ)യുടെ സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോൾ, അവിടത്തെ സ്വഭാവം ഖുർആനായിരുന്നുവെന്ന പ്രസ്താവന വിശുദ്ധ ഖുർആനിന്റെ പ്രഖ്യാപനത്തിന് അടിവരയിടുന്നതാണ്. തിരുജീവിതത്തിലെ ഓരോ സംഭവവും നബി(സ്വ)യുടെ സ്വഭാവ വൈശിഷ്ട്യവും വ്യക്തിപ്രഭാവവും ഉയർത്തിക്കാണിക്കുന്നതാണ്. അത്തരമൊരു സംഭവമാണ് ഉമൈമ ബിൻത് നുഅ്മാനുബ്‌നു ശറാഹീൽ എന്നവരുമായുള്ള നബി(സ്വ)യുടെ വിവാഹവും വിവാഹമോചനവും.
പിതാവിലേക്ക് ചേർക്കാതെ വല്യുപ്പയിലേക്ക് ചേർത്തുകൊണ്ട് ‘ഉമൈമ ബിൻത് ശറാഹീൽ’ എന്നും പ്രയോഗിക്കാറുണ്ട്. ഇവരുടെ പേരിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ജൗനിയ്യ, അസ്മാഅ്, ഫാത്തിമ, അംറത്ത് എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് സ്വഹീഹുൽ ബുഖാരിയുടെ വിശദീകരണങ്ങളായ ഫത്ഹുൽബാരിയിൽ ഇമാം ഇബ്‌നുഹജർ അൽഅസ്ഖലാനിയും ഇർശാദുസ്സാരിയിൽ ഇമാം ശിഹാബുദ്ദീൻ അഹ്‌മദ് ഖസ്ത്വല്ലാനിയും ഉംദതുൽഖാരിയിൽ ഇമാം ബദ്‌റുദ്ദീൻ ഐനി(റ)യും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവരെ നബി(സ്വ) വിവാഹം ചെയ്തതിനെക്കുറിച്ച് ഇമാം ബുഖാരി(റ) സ്വഹീഹിൽ 5254, 5256, 5257 എന്നീ ഹദീസുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹ ശേഷം നടന്ന സംഭവത്തെക്കുറിച്ചും ഇമാം രേഖപ്പെടുത്തിയിട്ടുണ്ട്. അതിപ്രകാരമാണ്: അബൂഉസൈദ്(റ)വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞങ്ങൾ നബി(സ്വ)യുടെ കൂടെ പുറപ്പെട്ടു. അങ്ങനെ ‘ശൗത്’ എന്ന് പേരുള്ള ഒരു തോട്ടത്തിനടുത്ത് ഞങ്ങളെത്തി. അതിന്റെ ഇരു മതിലുകൾക്കിടയിൽ ഞങ്ങൾ വിശ്രമിച്ചു. ‘നിങ്ങൾ ഇവിടെ ഇരിക്കൂ’ എന്ന് പറഞ്ഞ് നബി(സ്വ) തോട്ടത്തിനുള്ളിലേക്ക് പോയി. ജൗൻ ഗോത്രത്തിൽ നിന്നും നബി(സ്വ) വിവാഹം ചെയ്ത ഭാര്യയെ അവിടെ കൊണ്ടുവന്നു. ഈന്തപ്പന തോട്ടത്തിലുള്ള ഒരു വീട്ടിൽ ഉമൈമ ബിൻത് നുഅ്മാനുബ്‌നു ശറാഹീലിനെ പ്രവേശിപ്പിച്ചു. കൂടെ അവരുടെ പരിചാരികയുമുണ്ടായിരുന്നു.
നബി(സ്വ) അവരുടെ അടുത്തുചെന്ന് പറഞ്ഞു: എന്നിലേക്ക് ഇണങ്ങിച്ചേരൂ.
ഉടൻ അവർ പറഞ്ഞു: ഒരു രാജ്ഞി പ്രജകളിലൊരാളോട് ഇണങ്ങിച്ചേരുമോ?
അപ്പോൾ തിരുദൂതർ അവരുടെ ദേഹത്ത് കൈവെച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ആ സമയത്ത് അവർ പ്രതികരിച്ചതിങ്ങനെ: ‘താങ്കളിൽ നിന്നും ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു.’
അപ്പോൾ നബി(സ്വ) പറഞ്ഞു: ‘അഭയം തേടേണ്ടിടത്തു തന്നെ നീ തേടിയിരിക്കുന്നു.’
പിന്നെ നബി(സ്വ) ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു: അബൂഉസൈദേ, രണ്ട് റാസിഖിയ്യത്ത് (വെളുത്ത ചണവസ്ത്രം) നൽകി അവരെ ബന്ധുക്കളുടെ അടുത്തെത്തിക്കുക (ബുഖാരി 5255).
കുലീന തറവാട്ടുകാരിയായ ഉമൈമ ബിൻത് നുഅ്മാൻ തനിക്ക് ഇണയായി തന്റെ പിതാവ് പ്രവാചകരെയാണ് തിരഞ്ഞെടുത്തതെന്ന് അറിയില്ലായിരുന്നു. ധനികയായ താൻ ഒരു പ്രജയുടെ ഇണയാകുന്നതിലുള്ള നീരസമാണ് അവർ പ്രകടിപ്പിച്ചത്. തന്റെ പത്‌നിയായ ഉമൈമ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അതൃപ്തി പ്രകടിപ്പിച്ചപ്പോൾ നബി(സ്വ) കൈവെച്ച് ആശ്വസിപ്പിക്കാൻ ശ്രമം നടത്തുന്നു. അപ്പോഴും അസന്തുഷ്ടി പ്രകടമാക്കിയപ്പോൾ സ്വന്തം ഭാര്യ ആയിരുന്നിട്ടുപോലും അവരുടെ ഇഷ്ടം പരിഗണിച്ചുകൊണ്ട് വിലപിടിപ്പുള്ള വസ്ത്രങ്ങൾ സമ്മാനമായി നൽകി വീട്ടിലേക്ക് പറഞ്ഞയക്കാൻ നിർദേശിക്കുന്ന സുന്ദരമായ കാഴ്ചയാണ് ഇവിടെ കാണുന്നത്. സ്ത്രീയുടെ എല്ലാ സ്വാതന്ത്ര്യത്തെയും അവകാശത്തെയും വകവെച്ചു കൊടുക്കുന്ന, ഇഷ്ടാനിഷ്ടങ്ങൾ മാനിക്കുന്ന മഹത്തായൊരു മുഹൂർത്തമാണിത്. ലോകത്ത് മറ്റൊരാൾക്കും ഇത്തരമൊരു സമീപനം സ്വീകരിക്കാൻ സാധിക്കില്ല. സ്വന്തം ഭാര്യ ആദ്യ കൂടിക്കാഴ്ചയിൽ നീരസം പ്രകടിപ്പിച്ചാൽ ഏതു പുരുഷനാണ് സഹിക്കുക? എന്നാൽ അത്തരമൊരു സ്ത്രീയോട് മറുത്തൊന്നും പറയാതെ, ശകാരിക്കാതെ, കോപിക്കാതെ, സൗമ്യനായി അവർക്ക് സമ്മാനങ്ങൾ നൽകി തിരിച്ചയക്കുകയാണ് പ്രവാചകർ ചെയ്തത്. നബി(സ്വ)യുടെ അനുപമ വ്യക്തിത്വത്തിന്റെ മകുടോദാഹരണമാണ് ഈ സംഭവം. അന്ത്യദൂതരായ മുഹമ്മദ് നബി(സ്വ)യാണ് തന്നെ വിവാഹം ചെയ്തതെന്നറിഞ്ഞ ഉമൈമ പിന്നീട് താൻ ശഖിയ്യത്ത്(പരാജിത) ആണെന്ന് പറഞ്ഞു ഖേദം പ്രകടിപ്പിച്ചിരുന്നുവെന്ന് ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്തതായി കാണാം.
എന്നാൽ ധാർമികബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത അരാജകവാദികളായ നവനാസ്തികർ ഈ സംഭവത്തെ നീലക്കണ്ണുകളോടെയാണ് വീക്ഷിക്കുന്നത്. അവർക്ക് ഏതൊരു കാര്യവും അങ്ങനെയേ കാണാൻ സാധിക്കുകയുള്ളൂ. പ്രസ്തുത സംഭവത്തിൽ അവരുടെ ദുരാരോപണങ്ങൾ ഇപ്രകാരമാണ്:
1. അന്യസ്ത്രീയായ ഒരു യുവതിയെ തോട്ടത്തിലേക്ക് കൊണ്ടുപോകുന്നു.
2. അവളുടെ ശരീരം കാഴ്ചവെക്കാൻ ആവശ്യപ്പെടുന്നു.
3. വിസമ്മതിച്ച അവളെ തോട്ടത്തിൽ വെച്ച് കയറിപ്പിടിക്കുന്നു.
ഈ സംഭവം വിവരിച്ച ഹദീസുകൾ ഒരാവർത്തി വായിച്ച ഏതൊരാളും ഇതൊക്കെ കേട്ടാൽ ഊറിച്ചിരിക്കും. കാരണം ഈ മൂന്ന് ആരോപണങ്ങളും സത്യത്തോട് നീതി പുലർത്താത്ത വ്യാജങ്ങളാണ്. സ്വന്തം മാതാവിനെ ഭോഗിക്കാൻ ഏതെങ്കിലും നാസ്തികൻ ആഗ്രഹിച്ചാൽ അതും അവരുടെ ഇഷ്ടത്തിന്റെ പട്ടികയിൽ എഴുതിച്ചേർക്കുന്ന നവനാസ്തികർ ഇതു പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. കളവുകൾ പൊലിപ്പിച്ച് സത്യമാക്കാൻ ശ്രമിക്കുന്ന സത്യാനന്തര കാലഘട്ട (ജീേെ ൃtuവേ ലൃമ)ത്തിൽ പ്രത്യേകിച്ചും.
റസൂൽ(സ്വ) അന്യപുരുഷന് മുലപ്പാൽ കൊടുക്കാൻ ഒരു സ്ത്രീയോട് കൽപിച്ചുവെന്നതാണ് മറ്റൊരു നാസ്തികാരോപണം. അവർ ഉദ്ധരിക്കുന്ന ഹദീസ് ഇപ്രകാരമാണ്: ആഇശ(റ)യിൽ നിന്ന് നിവേദനം. മഹതി പറയുന്നു: സഹ്‌ല ബിൻത് സുഹൈൽ(റ) നബി(സ്വ)യുടെ അടുക്കൽ വന്നു. അവർ പറഞ്ഞു: തന്റെ ദത്തുപുത്രനായ സാലിം എന്റെ അടുക്കൽ വരുമ്പോൾ അബൂഹുദൈഫയുടെ മുഖത്ത് മാറ്റമുണ്ടാകുന്നു.
അപ്പോൾ നബി(സ്വ) പറഞ്ഞു: അവന് മുലപ്പാൽ കൊടുക്കൂ.
അവർ തിരിച്ച് ചോദിച്ചു: ഞാൻ എങ്ങനെ അവന് മുലപ്പാൽ നൽകും? അവൻ വലിയ ആൺകുട്ടിയല്ലേ!
റസൂൽ(സ്വ) ചിരിച്ചുകൊണ്ട് പറഞ്ഞു: അവൻ വലിയ ആൺകുട്ടിയാണെന്ന് എനിക്കറിയാം (സ്വഹീഹ് മുസ്‌ലിം).
ഉദ്ധൃത ഹദീസ് ഉയർത്തിപ്പിച്ചാണ് പ്രവാചകർ(സ്വ) അന്യപുരുഷന് മുല കൊടുക്കാൻ കൽപ്പിച്ചുവെന്ന് നാസ്തികർ ആരോപിക്കുന്നത്. ഇൻസെസ്റ്റും(അഗമ്യ ഗമനം) മൃഗഭോഗവും ശവരതിയും സ്വതന്ത്ര ലൈംഗികതയും ധാർമികതയായി കണക്കാക്കുന്ന നവനാസ്തിക ലിബറലുകൾ അന്യപുരുഷന് സ്തനത്തിൽ നിന്ന് നേരിട്ട് പാലു കുടിപ്പിക്കാൻ തിരുനബി(സ്വ) നിർദേശിച്ചുവെന്ന് ചിന്തിക്കുക സ്വഭാവികം.
ഈ ഹദീസ് വസ്തുനിഷ്ഠമായി നമുക്ക് പരിശോധിക്കാം: അബൂഹുദൈഫ എന്നവരുടെ ദത്തു പുത്രനാണ് സാലിം. ദത്തുപുത്രനു സ്വത്തവകാശമടക്കം സ്വപുത്രന്റെ എല്ലാ സ്ഥാനവും അംഗീകാരവും ആദ്യ കാലത്ത് നൽകിയിരുന്നു. പിന്നീട് ഇത് വിരോധിച്ചുകൊണ്ടുള്ള നിയമം വന്ന പശ്ചാത്തലത്തിലാണ് ഈ സംഭവമുണ്ടാകുന്നത്. സ്വന്തം പുത്രനായി സ്‌നേഹിച്ചു വളർത്തുകയും വീട്ടിൽ എല്ലാ സ്വാതന്ത്ര്യവും നൽകുകയും ചെയ്തിരുന്ന സാലിമിനെ പെട്ടെന്ന് പുറത്താക്കാൻ സാധിക്കാതെ വന്നു. എന്നാൽ പ്രായമെത്തിയ സാലിം തന്റെ ഭാര്യ സഹ്‌ലയെ കാണുന്നതിൽ മന:പ്രയാസമുണ്ടായപ്പോൾ പരിഹാരമായി മുലപ്പാൽ നൽകി മുലകുടി ബന്ധം ഉണ്ടാക്കാൻ നിർദേശിക്കുകയായിരുന്നു തിരുനബി(സ്വ).
ഇസ്‌ലാമിക കർമശാസ്ത്ര ശാഖയായ ശാഫിഈ മദ്ഹബിൽ മുലകുടി ബന്ധം സ്ഥിരപ്പെടാൻ രണ്ട് വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് അഞ്ചു തവണ മുലപ്പാൽ കുടിക്കണമെന്ന നിബന്ധനയുണ്ട് (ഫത്ഹുൽ മുഈൻ). എന്നാൽ ഇത് ഇവർക്ക് മാത്രമായി തിരുനബി(സ്വ) നിർദേശിച്ച കാര്യമാണ്. മറ്റുള്ളവർക്ക് ഈ നിയമം ബാധകമല്ല. മുലകുടി ബന്ധമുണ്ടായാൽ പരസ്പരം കാണുന്നതിന് വിലക്കുണ്ടാകില്ലല്ലോ. ഇസ്‌ലാമിൽ മുലകുടി ബന്ധം സ്ഥിരപ്പെടാൻ സ്തനത്തിൽ നിന്ന് നേരിട്ട് പാൽ കുടിക്കണമെന്ന തെറ്റിദ്ധാരണയാലാണ് ഈ സംഭവം വിമർശിക്കപ്പടുന്നത്. ശാരീരിക സ്പർശനം കൂടാതെ മുലപ്പാൽ സ്വീകരിച്ചാലും ഇസ്‌ലാമിൽ മുലകുടി ബന്ധം സ്ഥിരപ്പെടുന്നതാണ്. ഇവിടെ തിരുനബി(സ്വ) നിർദേശിച്ചതും അത്തരത്തിലാണ്. ഇമാം നവവി(റ) അക്കാര്യം തന്റെ വ്യാഖ്യാന ഗ്രന്ഥമായ ശറഹ് മുസ്‌ലിമിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. മാത്രമല്ല നേരിട്ട് മുല കൊടുക്കാനാണ് പ്രവാചകർ(സ്വ) കൽപിച്ചത് എന്നതിനോ അവർ അപ്രകാരമാണ് ചെയ്തത് എന്നതിനോ യാതൊരു തെളിവുമില്ലാതെ വെറും ആരോപണം ഉന്നയിക്കുക മാത്രമാണ് ഇക്കൂട്ടർ ചെയ്യുന്നത്.
ഇവ ചില ഉദാഹരണങ്ങൾ മാത്രം. ഈ രൂപത്തിൽ അരാജക വാദികളും അധാർമികതയുടെ അപ്പോസ്തലന്മാരുമായ നാസ്തിക/ലിബറൽ/സ്വതന്ത്ര ചിന്തകർ ഹദീസുകളെ വളച്ചൊടിച്ചും ദുർവ്യാഖ്യാനിച്ചും ധാർമികതയുടെ അധ്യാപനങ്ങൾ ലോകത്തിന് പഠിപ്പിച്ച മുഹമ്മദ് നബി(സ്വ)യെ അപകീർത്തിപ്പെടുത്താനുള്ള വിഫല ശ്രമങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നു.
ജുനൈദ് ഖലീൽ നൂറാനി