രു സംഘം ജൂതന്മാർ ഒരിക്കൽ നബി(സ്വ)യുടെയടുത്ത് വന്നു. അസ്സലാമു അലൈകും അഥവാ അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ എന്നതിന് പകരം അവർ പറഞ്ഞത് അസ്സാമു അലൈകും അഥവാ നാശവും മരണവും നിന്റെ മേലിലു­ണ്ടാവട്ടെ എന്ന അഭിവാദ്യമായിരുന്നു. അപ്രതീക്ഷിതമായി വന്ന ഈ കടുത്ത വാക്കുകൾ കേട്ടയുടനെത്തന്നെ ആഇശ(റ) ഒരൽപം പരുഷമായി പ്രതികരിച്ചു. ‘നിങ്ങളുടെ മേൽ ശാപവും നാശവുമുണ്ടാവട്ടെ’ എന്നായിരുന്നു ബീവി പ്രതികരിച്ചത്. ഇത് രണ്ടും ശ്രവിച്ച പ്രവാചകർ(സ്വ) ആഇശ(റ)യെ തിരുത്തുകയാണ് ചെയ്തത്. ‘അടങ്ങൂ ആഇശ, അല്ലാഹു എല്ലാ കാര്യങ്ങളിലും മയം ഇഷ്ടപ്പെടുന്നു.’ അവർ പറഞ്ഞത് അങ്ങ് കേട്ടില്ലയോ എന്നായി ബീവി. ‘നിങ്ങളുടെ മേലും എന്ന് ഞാൻ പറഞ്ഞില്ലേ? അത് പോരേ?’ എന്ന് ആഇശ ബീവിയോട് റസൂൽ(സ്വ) മറുപടി സ്വരത്തിൽ പറയുകയും ചെയ്തു. ‘നിങ്ങളുടെ മേലും’ എന്ന് നബി(സ്വ) പറഞ്ഞതിന്റെ ഉദ്ദേശ്യം എനിക്ക് മരണം വരുന്നത് പോലെ നിങ്ങൾക്കും മരണം വരുമെന്ന ഉണർത്തലായിരുന്നുവെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നു (ഇർശാദുസ്സാരി: 9/149).
മദീനയിലെ അറിയപ്പെട്ട ജൂത പുരോഹിതനായിരുന്ന സൈദ്ബ്‌നു സൻഅ തന്റെ കഴിഞ്ഞകാലം ഓർത്തെടുക്കുന്ന ഒരു സംഭവം വിവരിക്കുന്നുണ്ട്. ഒരിക്കൽ നബി(സ്വ)യും അലി(റ)യും വീടിനു പുറത്തിറങ്ങിയപ്പോൾ ഒരു പാവം അഅ്‌റാബി(ഗ്രാമീണൻ) വന്ന് തന്റെ ജനതയുടെ കാര്യം ബോധിപ്പിച്ചു. അവരെല്ലാവരും ഇസ്‌ലാമിലേക്ക് വന്നിട്ടുണ്ടെന്നും പക്ഷേ ആർക്കും ഭക്ഷിക്കാൻ ഒന്നുമില്ലെന്നും അവർക്ക് ഭക്ഷണം നൽകി മതംമാറ്റം നടത്താനുള്ള ശ്രമങ്ങൾ നടന്നേക്കാമെന്നുമായിരുന്നു അഅ്‌റാബിയുടെ പരാതി. നമ്മുടെ കയ്യിൽ വല്ലതുമുണ്ടോ എന്ന് നബി(സ്വ) അലി(റ)യോട് ആരാഞ്ഞു. ഒന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് ദൂരെ നിന്നും കണ്ട സൈദ്ബ്‌നു സൻഅ നബി(സ്വ)യുടെ അടുത്ത് വരികയും തൽകാലം കടമായി ഈത്തപ്പഴം തരാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. നബി(സ്വ) സമ്മതിക്കുകയും അഅ്‌റാബിയെ സന്തോഷത്തോടെ പറഞ്ഞയക്കുകയും ചെയ്തു.
കടത്തിന്റെ അവധിയെത്തുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ സൈദ്ബ്‌നു സൻഅ മദീന പള്ളിക്കടുത്തെത്തി. നബി(സ്വ)യും അബൂബക്കർ(റ), ഉമർ(റ) തുടങ്ങിയവരൊക്കെയുള്ള സദസ്സിലേക്കാണ് അദ്ദേഹം ചെന്നത്. നബിയെ കണ്ടപാടെത്തന്നെ അദ്ദേഹം അവിടത്തെ ഖമീസും തലപ്പാവും ശക്തമായി പിടിച്ചുകുലുക്കി പണം ചോദിക്കാൻ തുടങ്ങി. നല്ല തെറിയഭിഷേകവും അദ്ദേഹം നടത്തുന്നുണ്ടായിരുന്നു. ഈ പെരുമാറ്റം കണ്ട് നബി(സ്വ)യുടെ കൂടെയുള്ളവരുടെ മുഖം ചുവന്നു. ക്ഷമ നഷ്ടപ്പെട്ട ഉമർ(റ) സൈദിനോട് അൽപം ദേഷ്യത്തിലാണ് സംസാരിച്ചത്. പക്ഷേ നബി(സ്വ) ഉമറിനെയാണ് തിരുത്തിയത്. ‘ഈ സംസാരമല്ല ഇവിടെ ആവശ്യം. എനിക്കും ഇദ്ദേഹത്തിനും ഇതിലേറെ നല്ലൊരു ആളെയാണ് ലഭിക്കേണ്ടത്; എന്നോട് നല്ല നിലയിൽ കടം വീട്ടാൻ കൽപിക്കുന്ന, ഇദ്ദേഹത്തോട് നല്ല നിലയിൽ കടം തിരിച്ചുചോദിക്കാൻ കൽപിക്കുന്ന ഒരാൾ!’
ശേഷം ഇദ്ദേഹത്തിന് അവകാശപ്പെട്ടതിനേക്കാൾ ഇരുപത് സ്വാഅ് അധികം നൽകാനും തിരുനബി(സ്വ) ഉമറിനോട് കൽപിക്കുകയും അങ്ങനെ കൊടുക്കുകയും ചെയ്തു. വിശാലമായ നബിസ്‌നേഹത്തിന്റെ വലയം മനസ്സിലാക്കിയ സൈദ്ബ്‌നു സൻഅ അധികം വൈകാതെ മുസ്‌ലിമാവുകയുണ്ടായി. (അൽ മുഅജ്മുൽ കബീർ 25/203).
പതിനായിരക്കണക്കിന് അനുയായികളുടെ നേതാവും, മദീനയുടെ ആത്മീയവും ഭൗതികവുമായ മുഴുവൻ നിയന്ത്രണങ്ങളുമുള്ള മുസ്‌ലിം ലോകത്തിന്റെ നേതാവ് മുഹമ്മദ് നബി(സ്വ) തന്റെ അനുയായികൾക്കൊപ്പം ഇരിക്കുമ്പോൾ തന്നെ അന്നാട്ടിലെ ന്യൂനപക്ഷ സമുദായാംഗമായ ഒരു ജൂതന് നബി(സ്വ)യോട് ഇങ്ങനെ പെരുമാറാൻ സാധിക്കുന്നതും അതിന് ധൈര്യം വരുന്നതും എന്തുകൊണ്ട് എന്ന ഒരൊറ്റ ചോദ്യത്തിന് ഉത്തരം തേടിയാൽ മതി മുഹമ്മദ് നബി(സ്വ)യിലടങ്ങിയ സഹിഷ്ണുതയുടെ ആഴം കണ്ടെത്താ
ൻ. തങ്ങളുടെ ജീവനേക്കാൾ ആയിരം മടങ്ങ് സ്‌നേഹിക്കുന്ന പുണ്യനബിയോട് വളരെ പരുഷമായി പെരുമാറിയിട്ടും അതിനോട് അതേ ഭാഷയിൽ പ്രതികരിക്കാതെ ക്ഷമിച്ച്, തിരുനബി(സ്വ) പറഞ്ഞുതരുന്നതിനനുസരിച്ച് ഇടപെട്ട് ലോകത്തിനു മാതൃക സൃഷ്ടിക്കാൻ തയ്യാറായ അനുചരരുടെ സഹിഷ്ണുത ആലോചിച്ചാൽ മതി പ്രവാചകരുടെ സന്നിധിയിൽ എത്രമാത്രം ആഴത്തിലാണ് സഹിഷ്ണുതയുടെ അധ്യാപനങ്ങൾ പകർന്നു നൽകുന്നതെന്ന് ബോധ്യപ്പെടാൻ. ഒരു പ്രകോപനവുമില്ലാതെ തീർത്തും അവിഹിതമായി അക്രമിക്കപ്പെടുമ്പോഴും ശകാരങ്ങളേൽക്കേണ്ടി വരുമ്പോഴും അനുയായികളെ ഉപയോഗപ്പെടുത്തിപ്പോലും ഒന്നും ചെയ്യാതെ, ഉപദ്രവത്തിനു പകരം ഉപകാരം ചെയ്യുന്ന മാതൃക ലോകത്ത് ഒരിക്കലും ബദലില്ലാത്തതാണെന്ന് പറഞ്ഞാൽ തെറ്റാകില്ല.
സഹിഷ്ണുതയുടെ ആദ്യം സർവമാതൃകകളും ലോകത്തിനു സമ്മാനിച്ചാണ് തിരുനബി(സ്വ) വിട പറഞ്ഞത്. സ്വന്തം അഭിരുചിക്കും ഇഷ്ടത്തിനും വിശ്വാ സത്തിനും താൽപര്യങ്ങൾക്കും പറ്റാത്തതെല്ലാം പൂർണമായും അവഹേളിക്കപ്പെടുകയും നിഷ്‌കാസനം ചെയ്യപ്പെടുകയും ചെയ്യുന്ന പ്രവണത അഥവാ അസഹിഷ്ണുത എക്കാലവും ലോകത്ത് നടന്നിട്ടുണ്ട്. ഒരുപക്ഷേ മനുഷ്യോൽപത്തിയോളം അതിനു പഴക്കവുമുണ്ടാവും. മനുഷ്യൻ ഏറ്റവും കൂടുതൽ സാഹസം കാണിക്കേണ്ടത് ഇത്തരം നീചപ്രവർത്തനങ്ങളിൽ നിന്നുള്ള മോചനത്തിനാണ്. താൻ അല്ലെങ്കിൽ തങ്ങൾ മാത്രമെന്ന ചിന്ത ലോകത്ത് ഒരാൾക്കും പാടില്ല. അന്യനെ ഉൾകൊള്ളാനും അപരനെ മനസ്സിലാക്കാനും സാധ്യമായ വഴികളിലൂടെയെല്ലാം അവന്റെ നിലനിൽപിനെ സ്വാഗതം ചെയ്യാനുമാണ് സാമൂഹ്യജീവിയായ മനുഷ്യൻ എപ്പോഴും ശ്രമിക്കേണ്ടത്. ഈ വിചാരത്തിനെതിരെയുള്ള ഏതു പ്രവണതയും കടുത്ത തെറ്റും മനുഷ്യത്വ ത്തോടുള്ള വഞ്ചനയും പൂർണമായും മാറ്റിയെടുക്കേണ്ടതുമാണ്. മനുഷ്യൻ ഏറ്റവും കൂടുതൽ അസഹിഷ്ണുവാകേ@തും ഇത്തരം ക്രൂരമായ വിചാരങ്ങളോ ടാണ്.
ഭാഷവർഗവർണമത വൈജാത്യങ്ങൾ സൃഷ്ടിച്ച് മനുഷ്യത്വത്തെ ധ്വംസിക്കുന്ന രൂപത്തിൽ മനുഷ്യനെ വെട്ടിമുറിക്കുന്ന സകല ചിന്താധാരകളെയും മുഹമ്മദ് നബി(സ്വ) അതികഠിനമായി വിമർശിച്ചു. തന്റെ ജീവിതത്തിലൂടെ ലോകം എക്കാലവും മാതൃകയാക്കുന്ന ഉത്തമ രൂപങ്ങൾ സൃഷ്ടിച്ചെടുത്തു. ചരിത്രത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത വിധമുള്ള അനുപമ മാതൃകകൾ സമ്മാനിച്ചു. സഹിഷ്ണുത എന്ന പദത്തിന് മുഹമ്മദ് നബി(സ്വ)യെപ്പോലെ ഒരു പര്യായം ലഭിക്കാൻ ചരിത്രം എക്കാലവും കഷ്ടപ്പെടേണ്ടിവരും. അല്ലെങ്കിൽ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. തന്റെ ദൗത്യ നിർവഹണത്തിന്റെ അവസാന ദിവസങ്ങളിൽ ലക്ഷക്കണക്കിന് വരുന്ന അനുയായികളെ അറഫാ മരുഭൂമിയിൽ അണിനിരത്തി സ്വന്തം ജീവിതം തന്നെ സാക്ഷിനിർത്തി ഇക്കാര്യങ്ങളെല്ലാം തുറന്നു സംസാരിക്കുകയും ലോകത്തെ മുഴുവൻ ജനങ്ങളിലേക്കും ഈ സന്ദേശം എത്തിക്കാനുള്ള ആഹ്വാനം നൽകുകയും ചെയ്തു. മനുഷ്യന് അവകാശങ്ങളുണ്ട് എന്ന് ലോകം ചിന്തിക്കുന്നതിന്റെ നൂറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ഇതെല്ലം. ‘ഓ മനുഷ്യരേ’ എന്ന് അഭിസംബോധന ചെയ്താണ് തു കൊണ്ടാണ് പ്രസംഗം തിരുനബി(സ്വ) ആരംഭിക്കുന്നത് തന്നെ. അഥവാ മനുഷ്യ സമൂഹത്തെ മൊത്തം ഒരു മാലയിൽ അണിനിരത്തിയുള്ള ജീവിതവും സന്ദേശവും. ലോകത്ത് അതിനു മുമ്പും ശേഷവും മനുഷ്യന്റെ അവകാശങ്ങൾ പ്രഖ്യാപിക്കാനും സംസ്ഥാപിക്കാനും പ്രചരിപ്പിക്കാനും മാലോകരെ സഹിഷ്ണുവാക്കാനും ഇങ്ങനെയൊരു സംഗമം നടന്നിട്ടില്ലെന്നതാണ് യാഥാർഥ്യം.
ഇസ്‌ലാം മാത്രമാണ് ശരിയെന്ന് മുഹമ്മദ് നബി(സ്വ) സമൂഹത്തെ ബോധ്യപ്പെടുത്തി. അതേസമയം തെറ്റായ കാര്യ ങ്ങൾ വിശ്വസിക്കാൻ ഒരു മനുഷ്യനുള്ള സ്വാതന്ത്ര്യം ഒരിക്കലും ഹനിക്കരുതെന്നും പ്രഖ്യാപിച്ചു. അറേബ്യയിൽ മതസ്വാതന്ത്ര്യം മരീചികയായ കാലത്താണ് ഇഷ്ടമുള്ള മതം സ്വീകരിക്കാൻ ഓരോ മനുഷ്യനെയും അനുവദിക്കൂ എന്ന് മക്കയിലെ പ്രമാണിമാരോട് നബി(സ്വ) ആവശ്യപ്പെട്ടത്. മതം മനുഷ്യൻ സ്വാതന്ത്ര്യത്തോട് കൂടിയാണ് സ്വീകരിക്കേണ്ടതെന്ന് ലോകത്ത് വിളംബരപ്പെടുത്തിയ നേതാവും മുഹമ്മദ് നബി(സ്വ)യാണ്. മനസ്സിനുള്ളിലാണ് മതം മാറേണ്ടത്. മനസ്സ് മാറാതെയുള്ള ഏതു മാറ്റവും ഒരാളെ മുസ്‌ലിമാക്കുന്നില്ല എന്ന് പറയാൻ ധൈര്യം കാണിച്ചതുതന്നെ ഏറ്റവും വലിയ സഹിഷ്ണുതയായിരുന്നു. കാരണം മതങ്ങളുടെ അടിസ്ഥാന ധർമം മനുഷ്യന് സ്വസ്ഥത സമ്മാനിക്കലാണല്ലോ. മനസ്സിൽ പരിവർത്തനം സാധ്യമാകാതെ ഈ സ്വസ്ഥത ഒരിക്കലും ലഭ്യമാകില്ല.
ജീവിക്കാനും വിശ്വസിക്കാനും ആചരിക്കാനും സാമൂഹ്യ കടപ്പാടുകൾ നിർവഹിക്കാനും മറ്റെല്ലാ മാനുഷിക കാര്യങ്ങൾക്കും മനുഷ്യന് സ്വാതന്ത്ര്യം വേണം. അവിടെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണണം. ഇവിടെയാണ് തിരുനബി(സ്വ)യും ഇസ്‌ലാമും വേറിട്ടുനിൽക്കുന്നത്. മനുഷ്യകുലത്തെ മൊത്തം ആദരിച്ച മതമാണ് ഇസ്‌ലാം. ഖുർആൻ ഇത് അടിവരയിടുന്നുണ്ട് (ഇസ്‌റാഅ് 70). ഓരോ മനുഷ്യനെയും ആദരിച്ചുവെന്ന് പറയുന്നത് പതിനാലു നൂറ്റാണ്ടു മുമ്പാണെന്നു കൂടി മനസ്സിലാക്കണം. ഖുർആന്റെ ഈ പ്രസ്താവന വന്നതിന് ആയിരം വർഷങ്ങൾക്കിപ്പുറവും സ്ത്രീജന്മം മനുഷ്യ ജന്മമാണോ, അടിമകൾ മനുഷ്യരാണോ തുടങ്ങിയ ധാരാളം ചർച്ചകൾ ലോകത്ത് ചൂടുപിടിച്ചിരുന്നു; അഥവാ പരിഷ്‌കൃത ലോകത്തുതന്നെ മനുഷ്യനെ വെട്ടിമുറിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഇന്നും കറുത്തവർഗക്കാരനും മറ്റു മതാനുയായികൾക്കും വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത ലോകരാഷ്ട്രങ്ങളുടെ നീണ്ട പട്ടിക നമുക്കറിയാം. മതം വ്യത്യാസപ്പെട്ടതിന്റെ പേരിലും നിറം കറുത്തതിന്റെ പേരിലും അനാവശ്യ ഫോബിയകൾ സൃഷ്ടിക്കുന്ന അനേകായിരം ശ്രമങ്ങൾക്കിടയിൽ അഥവാ ഇത്തരം അസഹിഷ്ണുതകൾക്കിടയിലാണ് മുഹമ്മദ്(സ്വ) കെടാവിളക്കായി പ്രകാശിച്ചു നിൽക്കുന്നത്.
ഒരു മതത്തെയും മതാനുയായിയെയും ഇല്ലാത്തത് പറഞ്ഞ് പീഡിപ്പിക്കാനോ അനാവശ്യ ഫോബിയകൾ വളർത്തി മാനസികാഘാതം സൃഷ്ടിക്കാനോ നബി(സ്വ) സമ്മതിച്ചില്ല. മുസ്‌ലിമിനോടും അമുസ്‌ലിമിനോടും ഒരുപോലെ സത്യസന്ധമായി പെരുമാറുന്നവനാണ് യഥാർത്ഥ വിശ്വാസി. അതാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന നീതിയും. ഒരു സമൂഹത്തോടുള്ള വിദ്വേഷം അഥവാ അനാവശ്യ ഫോബിയ ആ സമൂഹത്തോട് അനീതി ചെയ്യാനുള്ള കാരണമാകരുത് എന്ന് ശക്തമായി താക്കീത് ചെയ്യുകയും ഓരോ സമൂഹത്തോടും നീതിചെയ്യൽ നിർബന്ധമാണെന്ന് പഠിപ്പിക്കുകയും ചെയ്ത ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ (മാഇദ 8). വിദ്വേഷം ജനിപ്പിക്കുന്നത് കുടിൽ വ്യവസായമായി മാറിയ ആധുനിക അസഹിഷ്ണുതാ ലോകത്ത് ഈ കൽപന എത്രയേറെ പ്രസക്തമാണ്!
മനുഷ്യന്റെ ഭാഷയും വർണവും വ്യത്യാസപ്പെടുന്നത് അല്ലാഹുവിന്റെ പ്രത്യേകമായ ദൃഷ്ടാന്തമാണെന്ന് പഠിപ്പിച്ച മതവും ഇസ്‌ലാമാണ്. ഖുർആൻ വളരെ മനോഹരമായി ഈ ദൃഷ്ടാന്തം വരച്ചിടുന്നു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പും നിങ്ങളുടെ ഭാഷകളും നിറങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നതും അവന്റെ ഉന്നതമായ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് (അർറൂം 22). ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് പോലെ അതികമനീയമായ ദൃഷ്ടാന്തമായാണ് മനുഷ്യരുടെ ഈ വൈജാത്യങ്ങളെ ഇസ്‌ലാം ദർശിക്കുന്നത്. മുഴുവൻ മനുഷ്യരെയും ഒരൊറ്റ ആണിൽനിന്നും പെണ്ണിൽനിന്നുമാണ് സൃഷ്ടിച്ചതെന്ന് ഖുർആനും മുഹമ്മദ്(സ്വ)യും പറയുകയുണ്ടായി. ഭാഷയുടെ പേരിൽ പോലും മനുഷ്യനെ വെട്ടിമുറിക്കുന്ന അസഹിഷ്ണുത വാഴുന്ന ലോകത്ത് ഇതിലപ്പുറം എന്തു സന്ദേശമാണ് ഈ സമൂഹം ആവശ്യപ്പെടുന്നത്?! അറബികൾക്ക് എന്നും അറേബ്യൻ പെരുമയിൽ അഹങ്കാരവും ആഭിജാത്യവുമുണ്ടായിരുന്നു. അനറബികളെ അവർ രണ്ടാം കണ്ണുകൊണ്ടു മാത്രമാണ് നോക്കിയത്. അറബികൾക്കിടയിൽ വന്ന അറബി സംസാരിക്കുന്ന പ്രവാചകർ(സ്വ)യെ സംബന്ധിച്ചിടത്തോളം ഈ അറേബ്യൻ വികാരം നിലനിർത്തിയോ ആളിക്കത്തിച്ചോ തന്റെ ഔന്നത്യവും ആഭിജാത്യവും തെളിയിക്കാനും മതത്തെ പെട്ടെന്ന് ജനമനസ്സുകളിൽ കുടിയിരുത്താനും സാധിക്കുമായിരുന്നിട്ടും ഒരിക്കലും അത്തരം പ്രവൃത്തികൾക്ക് മുതിരാതെ അറബികളുടെ മുഖത്ത് നോക്കി ഉച്ചൈസ്തരം നബി(സ്വ) ഇങ്ങനെ താക്കീത് ചെയ്തു: ‘ഒരു അറബിക്കും മറ്റൊരു അനറബിയെക്കാൾ ഒരു ശ്രേഷ്ഠതയുമില്ല. വെളുത്തവന് കറുത്തവനെക്കാൾ യാതൊരുവിധ ശ്രേഷ്ഠതയുമില്ല, എല്ലാ ശ്രേഷ്ഠതയുടേയും മാനദണ്ഡം ഹൃദയത്തിലുള്ള ദൈവഭക്തി മാത്രമാണ്.’ ലോകം കണ്ട ഏറ്റവും വലിയ സഹിഷ്ണുതയുടെ സന്ദേശമായിരുന്നു അത്. മുസ്‌ലിംകൾ നെഞ്ചോട് ചേർക്കുന്ന വിശുദ്ധ ഖുർആനിൽ ഒരിടത്തുപോലും അറബികൾ എന്ന വാക്ക് പ്രയോഗിച്ചിട്ടുമില്ല. പതിനാലു നൂറ്റാണ്ടിനിടയിൽ ഒരു മുസ്‌ലിമിനും നിറത്തിന്റെ പേരിലോ ഭാഷയുടെ പേരിലോ ഒരൽപം പോലും അവഗണന നേരിടേണ്ട ദുരവസ്ഥ വരാത്തതിന്റെ പിന്നിലെ രഹസ്യവും ഇതുതന്നെയാണ്.
ജനങ്ങൾക്കിടയിൽ മതിൽകെട്ടുകളില്ലാതെ സ്‌നേഹവും സഹിഷ്ണുതയും വളർത്തിയെടുത്ത ലോകത്തിന്റെ അതുല്യനായ മാതൃകാ പുരുഷനായ നബി(സ്വ) ജനങ്ങൾക്ക് സേവനം ചെയ്യാനാണ് നിരന്തരം തന്റെ ജനതയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. മുസ്‌ലിം ജനതയുടെ പ്രത്യേകത തന്നെ അവർ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് ഖുർആൻ ഉണർത്തി. ‘നിങ്ങൾ ജങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഉത്തമ ജനതയാണ്’ (ആലുഇംറാൻ 110). തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടമാകുന്നത് വരെ ഒരാളും സമ്പൂർണ വിശ്വാസിയാകില്ലെന്ന സന്ദേശം വ്യക്തമായി പലയാവർത്തി സമൂഹത്തോട് പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ച വ്യക്തിത്വം പ്രവാചകർ (സ്വ) മാത്രമാണ്. കേവല പ്രഖ്യാപനങ്ങളോ നിർദേശങ്ങളോ മാത്രമായിരുന്നില്ല ഇവയൊന്നും. ജീവിതത്തിൽ കാണിക്കുകയും അതുപോലെ ജീവിക്കുന്ന കോടിക്കണക്കിനു മനുഷ്യരെ സൃഷ്ടിക്കുകയും ചെയ്തു. ഒരു യുദ്ധവേളയിൽ അവസാന നിമിഷം കിട്ടിയ പാനജലം പരസ്പരം കൈമാറി ആരും കുടിക്കാതെ അവസാനം എല്ലാവരും മരണത്തിനു കീഴടങ്ങിയ സൗഹൃദം പ്രവാചകരുടെ അനുയായികൾക്കല്ലാതെ മറ്റാർക്കും അവകാശപ്പെടാനാവില്ല.
നബി(സ്വ) വിഭാവനം ചെയ്ത വിശാലമായ സഹിഷ്ണുത കേവലം മനുഷ്യനിൽ ഒതുങ്ങുന്നതായിരുന്നില്ല. അവിടന്ന് പ്രപഞ്ചത്തിന്റെ കാരുണ്യമാണ്. ഓരോ ജീവിയോടും പറവയോടും സസ്യത്തോടും പ്രകൃതിയോടുമെല്ലാം തിരുനബി(സ്വ) സഹിഷ്ണുത കാണിച്ചു. ഖുർആൻ പറയുന്നത് ഏറെ ശ്രദ്ധേയം: ‘ഭൂമിയിൽ നടക്കുന്ന ഏതു ജന്തുവും ആകാശത്ത് പറക്കുന്ന ഏതു പറവയും നിങ്ങളെപോലുള്ള ജനത മാത്രമാണ്’ (അൻആം 38). ഭൂമിയിലെ ഓരോ ജന്തുവിനെയും മനുഷ്യരെപ്പോലെയുള്ള സമൂഹം അല്ലെങ്കിൽ ഉമ്മത്തായാണ് ഇവിടെ ഖുർആൻ പരിഗണിച്ചത്. ഉമ്മത്ത് എന്ന വിശാലമായ ആശയത്തിൽ ഓരോ ജീവിയെയും കാണണമെന്ന സന്ദേശത്തിലുപരി മനുഷ്യരുടെ സഹോദര ജീവികളായ ഈ കോടാനുകോടി ജന്തുജാലങ്ങളെ ലോകത്ത് ഒരാൾക്കും പരിഗണിക്കാനാവില്ല. മുഹമ്മദ് നബി(സ്വ) ലോകാനുഗ്രഹിയാണല്ലോ.
അതേസമയം മുഹമ്മദ് നബി(സ്വ) അസഹിഷ്ണുവായിരുന്നു, എപ്പോഴും തെറ്റുകളോടും തിന്മകളോടും മാത്രം. സ്വന്തം സമൂഹത്തിലും മറ്റെല്ലാ വിഭാഗങ്ങളിലും തിന്മയെ ശക്തമായി വിപാടനം ചെയ്തു. തന്റെ മകൾ ഫാത്വിമ(റ) മോഷ്ടിച്ചാലും ഞാൻ അവളുടെ കൈ മുറിക്കുമെന്ന് ഉറച്ച സ്വരത്തിൽ പറഞ്ഞത് അന്നും ഇന്നും ലോകത്തെ തെല്ലൊന്നുമല്ല കുലുക്കിയത്. പ്രമാണിമാർക്ക് കേട്ടു ശീലമില്ലാത്ത വാക്കുകളായിരുന്നു അത്. പ്രമാണിത്വം മനുഷ്യന് എല്ലാ ആനുകൂല്യവും നൽകിയപ്പോൾ മുഹമ്മദ്(സ്വ) തെറ്റുകൾക്ക് മുമ്പിലും മനുഷ്യരെ തുല്യരായി ക@ു. നിങ്ങളുടെ രൂപത്തിലേക്കോ കോലത്തിലേക്കോ അല്ല അല്ലാഹു നോക്കുന്നതെന്നും മനസ്സ് നന്നാക്കുകയാണ് വേണ്ടതെന്നും പഠിപ്പിച്ചു. ഏറ്റവും നല്ലവനും വലിയനും സൂക്ഷ്മ ജീവിതം നയിച്ചവനാണെന്ന് നിരന്തരം ഓർമപ്പെടുത്തി. ഇതിലപ്പുറം ഒരു സന്ദേശം സഹിഷ്ണുത വിളഞ്ഞുകാണാൻ ആഗ്രഹിക്കുന്ന ലോകത്തിന് ആവശ്യമില്ലായിരുന്നു.

ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ