ധാർമിക ജീവിതമാണ് പ്രവാചക സ്‌നേഹികളുടെ പ്രത്യേകതകളിലൊന്ന്. സുന്ദരമായ ജീവിതംകൊണ്ട് അവർ നമ്മെ അമ്പരപ്പിക്കുന്നു. ഓരോ നിമിഷവും മനോഹരമായി ജീവിച്ച, വാക്കും നോക്കും അനക്കവും അടക്കവും മൗനവുമെല്ലാം കൊണ്ട് അതു പഠിപ്പിച്ച തിരുനബി(സ്വ)യിൽ നിന്നാണ് വിശ്വാസികൾ ഈ സ്വച്ഛത പകർത്തിയെടുക്കുന്നത്. സ്രഷ്ടാവിന്റെ ഏറ്റവും കൃതാർത്ഥനായ അടിമ, നേതാവ്, ഗുരു, കുടുംബനാഥൻ എന്നിങ്ങനെ നീളുകയാണ് റസൂലിന്റെ ജീവിതവഴികളുടെ പട്ടിക. മദീനാ പള്ളിയിൽ ആയിരങ്ങൾക്ക് ദിവ്യജ്ഞാനം പകർന്നുനൽകുന്ന അതേ റസൂൽ(സ്വ) വീട്ടിലെത്തിയാൽ അവിടത്തെ ജോലികൾ ചെയ്യും, രാവു വീണാൽ റബ്ബിന് മുന്നിൽ സർവാത്മനാ നിസ്‌കരിച്ചു കൊണ്ടേയിരിക്കും. ഈ ദിനചര്യകൾക്കിടയിൽ ആരെങ്കിലും നാട്ടിൽ പട്ടിണിയാണെന്നറിഞ്ഞാൽ അവർക്ക് ഭക്ഷണം നൽകും. രോഗിയായെന്ന് കേട്ടാൽ സന്ദർശിച്ചു സമാധാനിപ്പിക്കും. കടംകയറി മുടിഞ്ഞുപോയി എന്ന പരാതി കിട്ടിയാൽ അത് വീട്ടാനുള്ള മാർഗങ്ങൾ എളുപ്പമാക്കും. വല്ല സഹായവും ചോദിച്ചു വന്നവരോട് ഇല്ല എന്നു പറയുകയേയില്ല. ഭാര്യമാർക്ക്, ശിഷ്യർക്ക്, അശരണർക്ക്, അയൽവാസികൾക്ക്, സഹോദര മതസ്ഥർക്കു പോലും ഒരു മന്ദമാരുതൻ കണക്കെ പ്രവാചകർ(സ്വ) ആശ്വാസമേകി. ഒരാൾക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കിയില്ല. പൂത്തുനിൽക്കുന്ന മരം പോലെയുള്ള ഈ ജീവിതമാണ് വിശ്വാസിയുടെ ധാർമികതയുടെ മാർഗരേഖ.
പുറത്ത് മാത്രമല്ല, ഉള്ളിലും നന്മ മാത്രമേ ഉണ്ടാകാവൂ എന്നാണ് റസൂൽ(സ്വ) ഈ ലോകത്തെ ഉദ്‌ബോധിപ്പിച്ചത്. ചിന്തകൾ മുതൽ സംസാരവും പ്രവൃത്തിയുമെല്ലാം അത്തരത്തിലേ ആകാവൂ എന്ന നിർബന്ധം അവിടന്ന് മുന്നോട്ടുവെച്ചു. അങ്ങനെയൊക്കെ ഒരാൾക്ക് ജീവിക്കാനാകുമോ എന്ന ചോദ്യത്തിന് ഇട വരാത്ത വിധം അത് ജീവിച്ചു കാണിച്ചുതരികയും ചെയ്തു. മൂല്യങ്ങൾക്ക് വില കൽപിക്കാത്തവരായി സമൂഹം മാറുന്ന പുതിയ കാലത്ത് എങ്ങനെയൊക്കെയാണ് നബി(സ്വ) ഒരു ധാർമിക, നൈതിക, സംസ്‌കാര സമ്പന്നരായ സമൂഹത്തെ സൃഷ്ടിച്ചത് എന്നതിനെക്കുറിച്ചുള്ള ചില ആലോചനകൾ പ്രസക്തമാണ്.
ഹൃദയത്തിൽ സഹിഷ്ണുതയുണ്ടെങ്കിൽ അല്ലാഹുവിന്റെ കാരുണ്യമുണ്ടാകുമെന്നും സൗമ്യരായ മനുഷ്യർക്ക് നരകമുണ്ടാവില്ലെന്നുമെല്ലാം പറഞ്ഞു ഹൃദയം മൃദുവാക്കാനാണ് മുഹമ്മദ്(സ്വ) പ്രാഥമികമായി പഠിപ്പിച്ചത്. യതീമിനെ തലോടിയാൽ, അഗതികൾക്ക് ഭക്ഷണം നൽകിയാൽ ഹൃദയം മയപ്പെടുമെന്ന് മാർഗവും പറഞ്ഞുതന്നു. മനുഷ്യശരീരത്തിലെ ഹൃദയമെന്ന മാംസപിണ്ഡം നന്നായാൽ എല്ലാം നന്നായി, കെട്ടുപോയാൽ എല്ലാം കെട്ടുപോയി എന്ന് അതിന്റെ പ്രാധാന്യം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു തന്നു. ഈ വിശുദ്ധ അധ്യാപനങ്ങളെല്ലാം അതിമഹത്തായ, സഹസ്രാബ്ദങ്ങളോളം ഫലംചെയ്യുന്ന ഒരു വൻ സാമൂഹിക മാറ്റങ്ങളിലേക്കുള്ള താക്കോൽ വാചകങ്ങളായിരുന്നു. അവയാണ് ലോകത്ത് കോടിക്കണക്കിനു ഹൃദയങ്ങളെയും അവയിലുത്ഭവിക്കുന്ന ചിന്തകളെയും ഇപ്പോഴും നിയന്ത്രിക്കുന്നത്.
മനുഷ്യൻ സമൂഹത്തോട് വിനിമയം നടത്തുന്ന പ്രഥമ ഉപാധികളിലൊന്ന് സംസാരമാണ്. നാവുകൊണ്ട് സ്വന്തത്തിനോ സമൂഹത്തിനോ ഒരു ഉപദ്രവവുമുണ്ടാകരുതെന്ന് അവിടന്ന് പലപ്പോഴായി പഠിപ്പിച്ചുകൊണ്ടേയിരുന്നു. സംസാരം മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതേ ആകാവൂ.
രക്ഷയുടെ വാചകമാണ് അഭിവാദനമായി നബി(സ്വ) വിശ്വാസികൾക്ക് നിർണയിച്ചു കൊടുത്തത്. ആവശ്യമുണ്ടെങ്കിൽ മാത്രം സംസാരിച്ചാൽ മതി, അല്ലാത്തപ്പോൾ മൗനമാണ് നല്ലതെന്ന് ബോധിപ്പിച്ചു. നാം സംസാരിക്കുന്ന ഓരോ വാക്കും നിരീക്ഷണ ചുമതലയുള്ള മലക്കുകൾ രേഖപ്പെടുത്തുന്നുണ്ടെന്നും നാവുകൾ, അവയവങ്ങൾ നാളെ നമുക്കെതിരെ സാക്ഷി പറയുമെന്നും പഠിപ്പിച്ച് അതിന്റെ ഗൗരവം ബോധ്യപ്പെടുത്തി തരികയും ചെയ്തു. കേട്ടതൊക്കെ പറയാൻ നിന്നാൽ അത് കളവാകുമെന്നും സംസാരം കൂടിയാൽ പാപങ്ങൾ വർധിക്കുമെന്നും പറഞ്ഞുതന്നു.
നല്ല സംസാര ശീലർക്ക് സ്ഫടിക സമാനമായ സ്വർഗമാണ് മുത്ത് നബി വാഗ്ദാനം ചെയ്തത്. അതിനോട് ചേർത്തുപറഞ്ഞ മറ്റ് രണ്ടു കാര്യങ്ങൾ കൂടി വായിക്കുമ്പോളാണ് ഇതിന്റെ പ്രാധാന്യം കൂടുതൽ മനസ്സിലാവുക; ജനങ്ങൾക്ക് ഭക്ഷണം നൽകലും രാത്രി എഴുന്നേറ്റ് നിസ്‌കരിക്കലുമാണവ!
നബി(സ്വ)യുടെ സംസാര ശൈലി ഓരോ മനുഷ്യനും പഠിക്കേണ്ടതുണ്ട്. സുന്ദരമായ ആ ഭാഷണത്തിന്റെ വിശേഷണങ്ങൾ ഇങ്ങനെ വായിക്കാം: വ്യക്തവും കൃത്യവും ആകർഷണീയവുമായ സംസാരമായിരുന്നു തിരുനബി(സ്വ)യുടേത്. കേൾക്കുന്നവരിൽ മാധുര്യമുണ്ടാക്കുമത്. ആവശ്യമില്ലാത്തത് പറയുകയേയില്ല. അളന്നു മുറിച്ച, സ്ഫുടമായ വാക്കുകൾ. ഇക്കാരണം കൊണ്ടുതന്നെ ശ്രോതാക്കൾ വളരെ ശ്രദ്ധിച്ചും ഏറെ ആസ്വദിച്ചുമായിരിക്കും അതിന് ചെവിയോർക്കുക. തലയിൽ ഒരു പക്ഷി ഇരിക്കുന്നത് പോലെ, ഒന്നിളകിയാൽ അത് പറന്നുപോകുമോയെന്നു ഭയപ്പെടുന്ന പോലെയാണ് സ്വഹാബികൾ തിരുസവിധത്തിൽ ഇരിക്കാറുള്ളത്.
ചിന്തകൊണ്ടും വാക്കുകൊണ്ടും മറ്റൊരു വ്യക്തിക്കോ സമൂഹത്തിനോ പോറൽ പോലുമേൽപ്പിക്കാൻ സമ്മതിക്കാത്ത നബി(സ്വ) പ്രവൃത്തികൊണ്ടും മറ്റുള്ളവരെ പ്രയാസപ്പെടുത്തുന്നത് ശക്തമായി വിലക്കിയിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. വിശ്വാസിയെ റസൂൽ(സ്വ) നിർവചിച്ചത് തന്നെ മറ്റാരെയും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പ്രയാസപ്പെടുത്താത്തവനെന്നാണ്. എല്ലാവർക്കും ഉപകാരം ചെയ്തു ജീവിക്കാനാണ് അവിടന്ന് കൽപിച്ചത്. വിശ്വാസികൾ സഹോദരരാണെന്നും ഒരു കെട്ടിടത്തിന്റെ ഇഷ്ടികകൾ പോലെയാകണം പരസ്പരാശ്രിതവും ബന്ധിതവുമാകണം സാഹോദര്യമെന്നും നബി(സ്വ) വരച്ചുകാണിച്ചു. നബിയുടെ ഓരോ ഇടപെടലും നിരീക്ഷിച്ചാൽ മാത്രം മതി കെട്ടുറപ്പുള്ള ഒരു സമൂഹത്തെ നിർമിക്കാൻ. അത്രയും പാഠങ്ങളും സുകൃതങ്ങളും കൊണ്ട് സമ്പന്നമായിരുന്നു അവ.
ബാല്യം മുതലേ അവിടന്ന് കാണിച്ച സ്വഭാവ വൈശിഷ്ട്യം എത്രമേൽ മനോഹരമാണ്! ആവശ്യക്കാരെ സഹായിക്കും, ബുദ്ധിമുട്ടിച്ചവർക്കും ശത്രുക്കൾക്കും പോലും സഹായ ഹസ്തങ്ങൾ നീട്ടും. ഇങ്ങനെ അനേകം പ്രത്യേകതകൾ തിരുജീവിതത്തിൽ ദൃശ്യം. ഇമാം ഹുസൈൻ(റ) ഒരിക്കൽ പിതാവായ അലി(റ)യോട് നബി(സ്വ)യുടെ സ്വഭാവത്തെ പറ്റി തിരക്കി. മറുപടി ഇങ്ങനെയായിരുന്നു: ‘മയമുള്ള സ്വഭാവം, ഗൗരവക്കാരനോ ധാർഷ്ട്യക്കാരനോ അല്ല. ഒരാളെയും പഴിക്കുകയോ നിന്ദ്യനായി കാണുകയോ ഇല്ല. പടച്ചവനിൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചല്ലാതെ ഒന്നും സംസാരിക്കില്ല. ആർക്കെങ്കിലും വല്ല ആവശ്യവുമുണ്ടെന്നറിഞ്ഞാൽ അത് സാധിപ്പിച്ചുകൊടുക്കും.’ ചുരുങ്ങിയ വാക്കുകളിൽ തിരുജീവിതത്തെ വരച്ചിടുകയാണ് അലി(റ).
ഈ ജീവിതമാണ് ലോകത്തുള്ള നബിസ്‌നേഹികളെ വഴിനടത്തുന്നത്. ധാർമികമായ ഉന്നമനത്തിലേക്ക് പ്രപഞ്ചത്തിനാകെയുമുള്ള വിജയമന്ത്രവും ഇതുതന്നെ. ഓരോ വസന്തമാസവും ഇത്തരം അധ്യാപനങ്ങളുടെ കൂടി വാർഷികമാണല്ലോ. അവ കൂടുതൽ പകർത്താനും പ്രചരിപ്പിക്കാനും കൂടിയുള്ള ശ്രമങ്ങൾ നിർബന്ധമായും നമ്മിൽ നിന്നുണ്ടാകണം. ഓർക്കുക, ലോകം തിരുനബിയെ ആവശ്യപ്പെടുന്ന കാലമാണ്. നബിയെ കാണിച്ചുകൊടുക്കാൻ നബിസ്‌നേഹികൾക്കേ കഴിയൂ.

ഡോ. അബ്ദുൽ ഹകീം അസ്ഹരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ