അബൂലഹബിന്റെ മറ്റൊരു മകൻ ഉതൈബത്താണ് നബി(സ്വ)യുടെ മകളായ ഉമ്മുകുൽസൂം(റ)നെ വിവാഹം കഴിച്ചിരുന്നത്. ഇസ്‌ലാമിന്റെ വ്യാപനത്തിനു ശേഷവും ശത്രു പക്ഷത്ത് നിലയുറപ്പിച്ച് ഉപദ്രവം തുടർന്ന അബൂലഹബിനെ അധിക്ഷേപിച്ചു കൊണ്ട്  ഖുർആൻ സൂക്തങ്ങൾ അവതീർണമായപ്പോൾ റുഖയ്യാ ബീവിയെ വിവാഹ മോചനം നടത്താൻ ഉത്ബതിനെ നിർബന്ധിച്ചതു പോലെ, ഉമ്മു കുൽസൂം  ബീവി(റ)യെ വിവാഹ മോചനം നടത്താൻ ഉതൈബത്തിനെയും നിർബന്ധിക്കുകയുണ്ടായി. പിന്നീട് റുഖയ്യ ബീവിയുടെ വഫാത്തിനു ശേഷം ഉസ്മാനു ബ്‌നു അഫ്ഫാൻ(റ) തന്നെയാണ് ഉമ്മുകുൽസൂം(റ) വിനെയും വിവാഹം കഴിച്ചത്. ഹിജ്‌റ മൂന്നാം വർഷം റബീഉൽ അവ്വലിലായിരുന്നു വിവാഹം.

സന്താന ഭാഗ്യമില്ലാതിരുന്ന മഹതി ഹിജ്‌റ ഒമ്പതാം വർഷമാണ് വഫാത്താവുന്നത്. നബി (സ്വ)യാണ് ജനാസ നിസ്‌കാരത്തിന് നേതൃത്വം നൽകിയത്. ഉമൈസിന്റെ പുത്രിയായ അസ്മാഅ്(റ), അബ്ദുൽ മുത്ത്വലിബിന്റെ മകളായ സ്വഫിയ്യ(റ) എന്നിവരാണ് മഹതിയുടെ ജനാസ കുളിപ്പിച്ചത്. അരയുടുപ്പായി മഹതിയുടെ ശരീരത്തിൽ ചേർത്ത് വെക്കാൻ വേണ്ടി സ്വന്തം വസ്ത്രം നബി(സ്വ) നൽകി.

മുഹമ്മദുബ്‌നു സീരീൻ(റ)വിൽ നിന്നു നിവേദനം. ഉമ്മു അത്വിയ്യ(റ) പറഞ്ഞു: നബി(സ്വ)യുടെ പുത്രി വഫാതായപ്പോൾ അവിടുന്ന് ഞങ്ങളുടെ അടുത്ത് വന്ന് ഇപ്രകാരം നിർദ്ദേശിച്ചു: ‘വെള്ളവും താളിയും ഉപയോഗിച്ച് മൂന്നു പ്രാവശ്യമോ അഞ്ചു പ്രാവശ്യമോ നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ അതിൽ കൂടുതൽ തവണയോ കുളിപ്പിക്കുക. അവസാനത്തേതിൽ കർപ്പൂരം ചേർക്കുക. കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ വിവരമറിയിക്കുകയും ചെയ്യുക.’ അങ്ങനെ ഞങ്ങൾ പ്രവാചകരെ വിവരം അറിയിച്ചു. അപ്പോൾ നബി(സ്വ) അവിടുത്തെ അരയുടുപ്പ് ഞങ്ങൾക്കു നൽകി ഇപ്രകാരം പറഞ്ഞു: ‘ഇത് അവളുടെ ശരീരത്തിൽ സ്പർശിക്കുന്ന വിധത്തിൽ വെക്കുക’ (നസാഈ/1858).

അബ്ദുല്ല(റ)

പ്രവാചകത്വലബ്ധിക്കു ശേഷം ജനിച്ചതു കൊണ്ട് ത്വയ്യിബ്, ത്വാഹിർ എന്നീ പേരുകളിലും അബ്ദുല്ല(റ) അറിയപ്പെടുന്നു. ഇദ്ദേഹം മരണപ്പെട്ടപ്പോഴാണ് ആസ്വ്ബ്‌നു വാഇൽ തിരുനബി(സ്വ))യെ അപഹസിച്ചു കൊണ്ട് വംശപരമ്പര മുറിഞ്ഞവനെന്ന പ്രസ്താവന നടത്തിയത്. വംശ പരമ്പര മുറിഞ്ഞവൻ ആസ്വ്ബ്‌നു വാഇൽ തന്നെയാണെന്ന മറുപടിയാണ് ഖുർആൻ ഉടനെ നൽകിയത്. ‘താങ്കൾക്ക് നാം വർധിച്ച അനുഗ്രങ്ങൾ ചെയ്തു തന്നിരിക്കുന്നു. അതുകൊണ്ട് താങ്കളുടെ നാഥന് വേണ്ടി നിസ്‌കരിക്കുകയും ബലിയറുക്കുകയും ചെയ്യുക. താങ്കളോട് വിദ്വേഷം വെക്കുന്നവൻ തന്നെയാണ് വാലറ്റവൻ(വംശ പരമ്പര മുറിഞ്ഞവൻ)’ (വിശുദ്ധ ഖുർആൻ108/1-3).

ഇബ്‌റാഹീം(റ)

ഹിജ്‌റ എട്ടാം വർഷം ദുൽഹിജ്ജ മാസത്തിലാണ് ഇബ്‌റാഹീം(റ) ജനിച്ചത്. ജനനവേളയിൽ മാലാഖമാർ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. ജിബ്‌രീൽ(അ) നബി(സ്വ)യോട് ഇങ്ങനെ അഭിവാദ്യമറിയിക്കുമായിരുന്നു. ‘അസ്സലാമു അലൈക്കും യാ അബാ ഇബ്‌റാഹീം…’ പൂർവ പ്രവാചകന്റെ പേരാണ് നബി(സ്വ) മകന് നൽകിയത്. അനസ്(റ) പറയുന്നു: സുബ്ഹി നിസ്‌കാരത്തിന് പള്ളിയിലെത്തിയ പ്രവാചകർ(സ്വ) സന്തോഷപൂർവം ജനങ്ങളോട് പറഞ്ഞു: ‘ഇന്നലെ രാത്രി എനിക്കൊരു ആൺകുഞ്ഞ് പിറന്നിരിക്കുന്നു. എന്റെ പിതാവ് ഇബ്‌റാഹീമിന്റെ പേരാണ് ഞാനവന് നൽകിയിട്ടുള്ളത് (അഹ്മദ്).

പ്രസവിച്ച ഏഴാമത്തെ ദിവസമാണ് നബി(സ്വ) കുഞ്ഞിന് ഔദ്യോഗികമായി പേരിട്ടത്. രണ്ടു ആടുകളെ അഖീഖ അറുക്കുകയും കുഞ്ഞിന്റെ മുടി കളയുകയും ചെയ്തു. മുടിയുടെ തൂക്കം അനുസരിച്ച് സ്വർണം ദാനം ചെയ്തു. എന്നാൽ രണ്ടു വയസ്സ് പൂർത്തിയാകുന്നതിനു മുമ്പ് തന്നെ തിരുനബി(സ്വ)യുടെ മടിയിൽ കിടന്ന് ഇബ്‌റാഹീം(റ) അന്ത്യശ്വാസം വലിക്കുകയാണുണ്ടായത്. പെട്ടെന്ന് മാനം കറുത്തു. കൂരിരുട്ട് അനുഭവപ്പെട്ടു. അപ്പോൾ ജനങ്ങൾ പറഞ്ഞു: ‘ഇബ്‌റാഹീം മരണപ്പെട്ടതു നിമിത്തം സൂര്യനു ഗ്രഹണം ബാധിച്ചിരിക്കുന്നു. ഉടനെ നബി(സ്വ) അതുതിരുത്തി: ‘ഒരാളുടെ മരണം കാരണമായോ ജനനം കാരണമായോ സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുന്നതല്ല. അങ്ങനെ നിങ്ങൾ കണ്ടാൽ ഗ്രഹണ നിസ്‌കാരം നിർവഹിക്കുകയും അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യുക (ബുഖാരി/1043).

സന്താനങ്ങളാണ് ദമ്പതികളുടെ വസന്തം. നന്നായി വളർത്തുമ്പോൾ അവരിൽ നിന്നു നല്ല ഫലങ്ങൾ ലഭിക്കും. അവരുടെ ദുശ്ശീലങ്ങൾ മിക്കവാറും വളർത്തുദോഷവും. അകാലത്തിലുള്ള സന്താന മരണങ്ങൾ വിധിയായി സഹനത്തോടെ ഉൾക്കൊള്ളാനാണ് പ്രവാചകാധ്യാപനം. റസൂലിന്റെ സന്താന പരിപാലനത്തിൽ നിന്ന് നമുക്ക് മാതൃകയുൾക്കൊള്ളാം.

സൈനുദ്ദീൻ ഇർഫാനി മാണൂർ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ