ത്വയ്യ് ഗോത്രക്കാരുടെ രാജാവായിരുന്ന പ്രസിദ്ധ കവിയും അനുപമ ധര്‍മിഷ്ഠനുമായ ഹാത്വിമുത്വായി ക്രിസ്തുമത വിശ്വാസിയായിരുന്നു. ത്വയ്യ് ഗോത്രക്കാര്‍ തങ്ങളുടെ പിതാവിന്റെ മരണാനന്തരം പുത്രന്‍ അദിയ്യിനെ രാജാവായി വാഴിക്കുകയും യുദ്ധാര്‍ജിത സമ്പത്തിന്റെ നാലിലൊന്ന് വിഹിതം നല്‍കി ആദരിച്ചുപോരുകയും ചെയ്തു.
സത്യമതത്തിന്റെ വെളിച്ചം അറേബ്യയിലെങ്ങും പ്രസരിക്കുകയും അവിടെയുള്ള ഗോത്രങ്ങള്‍ ഒന്നൊന്നായി ഇസ്ലാമിന്റെ കൊടിക്കുകീഴില്‍ അണിചേരുകയും ചെയ്യുന്നതു കണ്ട അദിയ്യ് തന്റെ രാജാധികാരവും നേതൃപദവിയും നഷ്ടമാവുമെന്നോര്‍ത്ത് ഏറെ ഭീതിപൂണ്ടു. ഇസ്ലാമിനോടും തിരുനബി(സ്വ)യോടും അടക്കാനാവാത്ത അമര്‍ശവും അന്ധമായ ശത്രുതയും വെച്ചുപുലര്‍ത്തി. ആ ശത്രുത രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്നു.

അദിയ്യുബ്നു ഹാതിം മനസ്സ് തുറക്കുന്നതിങ്ങനെ:
മുഹമ്മദ് നബിയുടെ ആഗമന വാര്‍ത്ത കേട്ടു ഞാനാകെ സംഭീതനായി. എന്നെത്തേടിയെത്തുന്ന നഷ്ടമോര്‍ത്തായിരുന്നു ഇത്. അതോടെ നബിയോട് കഠിനമായ വെറുപ്പും എന്റെ മനസ്സില്‍ കുടിയേറി. അക്കാലത്ത് എന്നേക്കാള്‍ കൂടുതല്‍ നബിയോട് വെറുപ്പുള്ള മറ്റൊരാള്‍ അറേബ്യയിലുണ്ടായിരിക്കില്ല.
നജ്ദിലെ രാജാവെന്ന നിലക്ക് എന്റെ ഗോത്രത്തില്‍ നിന്ന് വന്‍ സാമ്പത്തിക പിന്തുണയാണ് എനിക്ക് ലഭിച്ചിരുന്നത്. ഇതെല്ലാം മുടങ്ങുമെന്നതിനാല്‍ സ്വാഭാവികമായും വെറുക്കപ്പെട്ടവനായി എനിക്ക് പ്രവാചകര്‍. അറേബ്യന്‍ നാടുകളില്‍ അങ്ങുമിങ്ങായി നടക്കുന്ന ഇസ്ലാമിന്റെ പടയോട്ട വൃത്താന്തങ്ങള്‍ പുറത്തുവരികയും മുസ്ലിം സംഘശക്തി വര്‍ധിക്കുകയും ചെയ്തപ്പോള്‍ ഞാനെന്റെ ഒരു ഭൃത്യനെ വിളിച്ചുപറഞ്ഞു.
നമ്മുടെ ഒട്ടകങ്ങളില്‍ ഏറ്റവും നല്ലതും യാത്രക്ക് പറ്റിയതുമായ മേത്തരം ഇനത്തെ തയ്യാറാക്കി നിര്‍ത്തുക. മാത്രമല്ല മുഹമ്മദിന്റെ സൈന്യം നമ്മുടെ നാട്ടില്‍ എത്തുന്നുവെന്നു കേട്ടാല്‍ ഉടനെ ആ വിവരം എന്നെ അറിയിക്കുകയും വേണം.
ഞാന്‍ ഭയപ്പെട്ടതെല്ലാം സംഭവിക്കുന്നതാണ് പിന്നീട് കണ്ടത്. സന്ധ്യയോടെ ഭൃത്യന്‍ ഭയവിഹ്വലനായി എന്‍റടുക്കല്‍ ഓടിവന്നു. ഏറ്റവും വെറുക്കുന്ന ആ വാര്‍ത്ത അറിയിച്ചു. മുഹമ്മദിന്റെ സൈന്യം നമ്മുടെ നാട്ടില്‍ പ്രവേശിച്ചിരിക്കുന്നു…!
ഞാന്‍ പെട്ടെന്ന് ഉറ്റവരെയും ഉടയവരെയും വിളിച്ചുകൂട്ടി അത്യാവശ്യ വസ്തുക്കളുമെടുത്ത് ഒട്ടകപ്പുറത്ത് കയറി സിറിയയിലേക്ക് പുറപ്പെട്ടു. അവിടെയായിരുന്നു പ്രസ്ഥാന ബന്ധുക്കളായ ക്രിസ്ത്യാനികള്‍. പ്രിയപ്പെട്ട നജ്ദിനോടുള്ള വിടവാങ്ങല്‍ ഹൃദയഭേദകമായിരുന്നു. ബദ്ധപ്പെട്ടുള്ള യാത്രയില്‍ എന്റെ പെങ്ങളെ വിട്ടുപോയി. നജ്ദില്‍ ബാക്കിയായ ഞങ്ങളുടെ ഗോത്രക്കാരോടൊപ്പം അവളും അവിടെ ഒറ്റപ്പെട്ടു.
പിന്നീടാണ് അറിഞ്ഞത്, എന്റെ സഹോദരിയെയും ഗോത്രക്കാരെയും നബിയുടെ അനുയായികള്‍ ബന്ധികളാക്കി മദീനയിലേക്ക് കൊണ്ടുപോയിരിക്കുന്നു.
ബന്ധികളെയെല്ലാം മദീനാ പള്ളിമുറ്റത്തിരുത്തിയിരിക്കുകയാണ്. സഹോദരിയും കൂട്ടത്തിലുണ്ട്. തിരുനബി(സ്വ) അതുവഴി വരുന്നത് കണ്ട അവര്‍ വിനയാന്വിതയായി പറഞ്ഞു:
‘യാ റസൂലല്ലാഹ്, ഞാനൊരു പാവം പെണ്ണാണ്. എന്‍റുപ്പയാണെങ്കില്‍ മരിച്ചുപോയി. ഉറ്റവരെല്ലാം നാടുകടക്കുകയും ചെയ്തു. അത്താണിയും കാവലാളുമെല്ലാം നഷ്ടപ്പെട്ട ഇവളോട് അങ്ങ് ദയ കാണിക്കണം. ദൈവം തമ്പുരാന്‍ അങ്ങയോടും കാരുണ്യപൂര്‍വം പെരുമാറും…’
റസൂലുല്ലാഹ് മന്ദസ്മിതം തൂകി ചോദിച്ചു: ‘ആരാണ് നിന്റെ ഉറ്റവര്‍.’
‘ഹാതിമിന്റെ പുത്രന്‍ അദിയ്യ്’
‘ഓ, പ്രപഞ്ചനാഥനില്‍ നിന്നും ഒളിച്ചോടിപ്പോയ അദിയ്യോ?’
ഇത്രയും പറഞ്ഞു തിരുദൂതര്‍(സ്വ) തിരിഞ്ഞുനടന്നു.
അടുത്ത ദിവസം റസൂലിനെ കണ്ടപ്പോഴും അവള്‍ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. മൂന്നാം നാള്‍ തിരുദൂതര്‍(സ്വ) അവരോടു ചോദിച്ചു: ‘നിങ്ങള്‍ക്കെന്താണ് വേണ്ടതെന്ന് പറഞ്ഞോളൂ, ഞാന്‍ സാധിപ്പിച്ചുതരാം…’
‘എനിക്ക് സിറിയയില്‍ എന്റെ കുടുംബത്തില്‍ എത്തിച്ചേരണം, അതുമാത്രം മതി.’
‘ധൃതി കാണിക്കേണ്ട, സിറിയയിലേക്ക് പോകുന്ന വിശ്വസ്തരായ യാത്രികരെ കിട്ടിയാല്‍ എന്നെ അറിയിക്കുക’ നബി(സ്വ) പറഞ്ഞു.
പിന്നെ ഏറെ താമസിച്ചില്ല. നബി(സ്വ) അവര്‍ക്ക് വാഹനവും പുതിയ വസ്ത്രങ്ങളും യാത്രാചെലവും നല്‍കി വിശ്വസ്തരായ ഒരു സംഘത്തോടൊപ്പം പറഞ്ഞയച്ചു.
സുരക്ഷിതയായി കുടുംബത്തില്‍ മടങ്ങിയെത്തിയ പെങ്ങളെകണ്ട് അദിയ്യ് മുഹമ്മദ് നബി(സ്വ)യെ പറ്റി അന്വേഷിച്ചു. അവള്‍ വിശദീകരിച്ചു:
‘സഹോദരാ, താങ്കളുടനെ തിരുസന്നിധിയില്‍ ചെല്ലണം. അദ്ദേഹം ദൈവദൂതനാണെങ്കില്‍ ഏറെ വൈകാതെ അവിടെ എത്തുന്നതാണ് നല്ലത്. മറിച്ച് ഒരു രാജാവാണെങ്കില്‍ തന്നെ അദ്ദേഹം നല്ലവനാണ്. ആരെയും നിന്ദിക്കുന്ന പ്രകൃതക്കാരനല്ല.’
തിരുനബി(സ്വ)യുടെ മഹിതമാര്‍ന്ന സ്വഭാവങ്ങള്‍ അല്‍പദിവസമാണെങ്കിലും അനുഭവിച്ചറിഞ്ഞ ബുദ്ധിമതിയായിരുന്നു അദിയ്യിന്റെ സഹോദരി. അവരുടെ നിര്‍ദേശാനുസാരം അദിയ്യ് മദീനയിലെത്തി. മസ്ജിദുന്നബവിയില്‍ ഇരിക്കുകയായിരുന്ന തിരുനബി(സ്വ)യോട് സലാം പറഞ്ഞു അദിയ്യ് കടന്നുചെന്നു.
‘നിങ്ങളാരാണ്?’
‘ഞാന്‍ അദിയ്യുബ്നു ഹാതിമാകുന്നു’
തിരുദൂതര്‍ അദിയ്യിന്റെ കരം കവര്‍ന്നു പറഞ്ഞു: ‘വരൂ, നമുക്ക് വീട്ടിലേക്കു പോകാം.’
അദിയ്യിന്റെ മനസ്സ് ആനന്ദത്താല്‍ ആറാടി. ലോകം കീഴടക്കിയ പ്രതീതിയായിരുന്നു അദ്ദേഹത്തിന്. അദിയ്യ് തന്നെ പറയട്ടെ:
എന്നെ വീട്ടിലേക്ക് കൊണ്ടുപോകവെ ദരിദ്രയായ ഒരു സ്ത്രീ കൈക്കുഞ്ഞുമായി നബി(സ്വ)യുടെ അടുത്തുവന്നു. അവര്‍ ദീര്‍ഘനേരം സംസാരിക്കുകയും അവരുടെ ആവശ്യം അവിടുന്ന് നിര്‍വഹിച്ചു കൊടുക്കുകയും ചെയ്തു. ഇതില്‍ നിന്നും ഇദ്ദേഹം വെറുമൊരു രാജാവല്ലെന്ന് ഞാന്‍ ആത്മഗതം ചെയ്തു. ശേഷം എന്റെ കൈപിടിച്ചു വീട്ടില്‍ പ്രവേശിച്ചു. എനിക്കിരിക്കാന്‍ ഒരു തലയിണ നല്‍കി. അതിന്മേല്‍ കയറിയിരിക്കാന്‍ ആവശ്യപ്പെട്ടു. തിരുദൂതരോടുള്ള ബഹുമാനാര്‍ത്ഥം ഞാനത് നിരസിച്ചു. വീണ്ടും വീണ്ടും നിര്‍ബന്ധിച്ചതിനാല്‍ ഞാന്‍ വഴങ്ങി. തിരുനബിയാകട്ടെ താഴെ തറയില്‍ ഇരിക്കുകയാണ് ചെയ്തത്. റസൂലുല്ലാഹിക്ക് ഇരിക്കാന്‍ രണ്ടാമതൊരു തലയിണ ഇല്ലെന്ന് എനിക്ക് ബോധ്യമായി. ഇതും ഒരു രാജാവിന്റെ സ്ഥിതിയല്ലെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. തുടര്‍ന്ന് അവിടുന്ന് എന്നോട് ചോദിക്കുകയാണ്:
അദിയ്യേ, മുസ്ലിം ജനവിഭാഗത്തിന്റെ ദാരിദ്ര്യവും കഷ്ടപ്പാടുകളും കണ്ടതിനാലാണോ ഇത്രയും കാലം ഈ പ്രസ്ഥാനത്തില്‍ നിന്നും അകലം പാലിച്ചത്?
എങ്കില്‍ അറിയുക, മുസ്ലിം സമുദായത്തിന് അതിവിദൂരമല്ലാത്ത ഒരു കാലം വരാനിരിക്കുന്നു. അന്ന് സമ്പല്‍സമൃദ്ധി അവരില്‍ നിറഞ്ഞുനില്‍ക്കും. സമ്പത്തിന്റെ ആധിക്യം മൂലം അതിന് ആവശ്യക്കാരില്ലാത്ത സ്ഥിതി സംജാതമാവുകയും ചെയ്യും.
മുസ്ലിംകള്‍ ന്യൂനപക്ഷവും അവരുടെ ശത്രുക്കള്‍ ഭൂരിപക്ഷവുമായതു കൊണ്ടാണോ നീ ഇസ്ലാമില്‍ നിന്ന് അകന്നുനിന്നത്?
എങ്കില്‍ അറിയുക, ഖാദിസിയ്യയില്‍ നിന്ന് ഒരു മുസ്ലിം വനിതക്ക് ഒട്ടകപ്പുറത്ത് കയറി ഏകാന്തപഥികയായി മദീനയിലെ ഈ ഭവനം വരെ യാത്ര ചെയ്യാന്‍ ആരെയും ഭയപ്പെടേണ്ടതില്ലാത്ത ഒരു കാലം വരും.
രാജാക്കന്മാരും ചക്രവര്‍ത്തിമാരുമെല്ലാം ഇസ്ലാമേതര പക്ഷത്തായതു കൊണ്ടാണോ ഇസ്ലാമില്‍ വരാന്‍ താങ്കള്‍ മടിച്ചു നില്‍ക്കുന്നത്?
എങ്കില്‍ ഓര്‍ക്കുക, ദയാപരനായ രക്ഷിതാവാണ് സത്യം. ബാബിലോണിയയിലെ വെള്ളക്കൊട്ടാരങ്ങളും ഹുര്‍മുസാന്റെ നിക്ഷേപങ്ങളും മുസ്ലിം അധീനതയില്‍ വരുന്ന കാലവും വിദൂരമല്ല.
എല്ലാം കേട്ട് അദിയ്യ് അല്‍ഭുതസ്തബ്ധനായി ആരാഞ്ഞു:
‘കിസ്റയുടെ നിക്ഷേപങ്ങളോ…?!’
‘അതെ, കിസ്റയുടെ നിക്ഷേപങ്ങള്‍ തന്നെ’ തിരുനബി(സ്വ) ആവര്‍ത്തിച്ചു.
ഇതെല്ലാം കേട്ടപാടെ ത്വയ്യ്കാരുടെ രാജാവ് അദിയ്യ് സത്യസാക്ഷിയായി. പിന്നീട് പല യുദ്ധങ്ങളിലും തന്റേതായ ഭാഗധേയം നിര്‍ണയിച്ചു. യമാമ, ഇറാഖ്, ജമല്‍, സിഫ്ഫീന്‍ തുടങ്ങിയ ധര്‍മസമരങ്ങളില്‍ അദ്ദേഹം പങ്കെടുത്തു.
തിരുവഫാത്തിന് ശേഷം ദീര്‍ഘകാലം അദിയ്യ്(റ) ജീവിച്ചു. നബി(സ്വ)യുടെ പ്രവചനം സ്മരിച്ച് ഒരിക്കല്‍ പറഞ്ഞു: ‘അന്ന് തിരുദൂതര്‍(സ്വ) പറഞ്ഞ മൂന്നില്‍ രണ്ടു പ്രവചനങ്ങളും കാണാനും അനുഭവിക്കാനും എനിക്കു ഭാഗ്യമുണ്ടായി. ഖാദിസിയ്യയില്‍ നിന്ന് അംഗനമാര്‍ നിര്‍ഭയരായി മദീനതുറസൂലിലേക്ക് സഞ്ചരിക്കുന്നത് കാണാനിടയായി. കിസ്റയുടെ കൊട്ടകൊത്തളങ്ങളിലേക്കുള്ള പ്രഥമ കുതിച്ചുകയററത്തില്‍ കുതിരപ്പടയാളിയായി നേതൃനിരയില്‍ തന്നെ ഞാനും ഉണ്ടായിരുന്നു. അവിടെയുള്ള നിക്ഷേപങ്ങള്‍ അധീനപ്പെടുത്തുകയും ചെയ്തു. മൂന്നാം പ്രവചനം ഇനി പുലരാനിരിക്കുന്നു.
ഖലീഫ ഉമറുബ്നു അബ്ദില്‍ അസീസിന്റെ കാലത്താണ് മൂന്നാം പ്രവചനം പുലര്‍ന്നത്. ഇസ്ലാമിക ലോകത്ത് സമ്പദ്സമൃദ്ധികള്‍ നിറഞ്ഞൊഴുകി. സമ്പന്നന് അവന്റെ സകാത്ത് നല്‍കാന്‍ ഒരു ദരിദ്രനെ ലഭിക്കാത്ത സ്ഥിതിവരെ ജാതമായി.
ഹിജ്റ അറുപത്തിയേഴാം വര്‍ഷം നൂറ്റിയിരുപതിലെത്തിയ അദിയ്യ്(റ) കൂഫയില്‍ വെച്ച് വഫാതായി, ഇന്നാലില്ലാഹി…
(സുവറുന്‍ മിന്‍ ഹയാത്തിസ്വഹാബ)

ടിടിഎ ഫൈസി പൊഴുതന

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ