Thouheed ankalapp- malayalam article

തൗബയെന്നാൽ മടക്കം എന്നർത്ഥം. യജമാനനായ അല്ലാഹുവിലേക്ക് അടിമയുടെ ഹൃദയം മടങ്ങുന്ന ആത്മീയമായ അവസ്ഥയാണത്. അവിശ്വാസത്തിൽ നിന്നും പാപങ്ങളിൽ നിന്നും പരലോകത്തുപകരിക്കാത്ത പ്രവൃത്തികളിൽ നിന്നുമെല്ലാം അകന്നുനിന്ന് പൂർണമായും ഹൃദയം അല്ലാഹുവിലേക്ക് മടങ്ങുമ്പോൾ തൗബ സമ്പൂർണമാവും. കണ്ണും കാതും ഖൽബുമെല്ലാം മുഴുസമയവും സൽകർമങ്ങളിൽ മാത്രം നിറഞ്ഞുനിൽക്കുന്ന അമ്പിയാക്കളുടെ പദവിയണിത്. ഉന്നതരായ സ്വിദ്ദീഖീങ്ങൾ അതിന്റെ തൊട്ടു താഴെയാണ്. തന്റെ കുറവുകളോർത്ത് നിരന്തരം റബ്ബിലേക്ക് തിരയുന്ന മനുഷ്യഹൃദയങ്ങളെല്ലാം തൗബക്ക് ഭാഗ്യം ലഭിച്ചവരാണ്. കഴിഞ്ഞുപോയ കാലങ്ങളെയും അവസ്ഥകളെയുമോർത്ത് വേദനിക്കുകയും ഇനിയൊരിക്കലും അശ്രദ്ധനാവില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്ത് മരണം വരെ അല്ലാഹുവിന്റെ പൊരുത്തം മാത്രം ലക്ഷ്യംവെച്ച് ജീവിക്കലാണ് തൗബയുടെ കാതൽ.
വിജയത്തിലേക്കുള്ള ആദ്യ പടിയും ആത്മീയഘട്ടങ്ങളിലെ പ്രഥമവുമാണ് തൗബ. തൗബ ചെയ്ത് ശുദ്ധരായവരെ അല്ലാഹുവിന് പെരുത്തിഷ്ടമാണെന്ന് ഖുർആൻ ഉണർത്തുന്നുണ്ട്.
തൗബ വിനയത്തിന്റെ അടയാളമാണ്. പശ്ചാത്തപിക്കാത്തവന്റെ ഉള്ളിൽ അഹങ്കാരത്തിന്റെ അംശമുണ്ടെന്നുറപ്പാണ്. അണുത്തൂക്കം ഖിബ്‌റുള്ളിലുള്ളവന് അല്ലാഹുവിന്റെ പൊരുത്തം ലഭിക്കില്ല, സ്വർഗവും കിട്ടില്ല. മരിക്കുമ്പോൾ ഈമാൻ നഷ്ടപ്പെടാൻ സാധ്യതയേറെയാണെന്ന് മഹാന്മാർ മുന്നറിയിപ്പു തന്നിട്ടുണ്ട്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.
തൗബയുടെ ഫലങ്ങൾ രണ്ടാണ്. ഒന്ന്, തിന്മകളുടെ കറകൾ നീങ്ങുമ്പോൾ നന്മകൾ വർധിക്കും. ആരാധനകൾക്ക് ആവേശം കൂടും. പാപമാലിന്യങ്ങളിൽ നിന്നും ശുദ്ധരാവാത്തവർ അല്ലാഹുവിലേക്കടുക്കുന്നതെങ്ങനെയാണ്? ഖൽബിൽ കറയുണ്ടെങ്കിൽ മഅ്‌രിഫത് ലഭിക്കുന്നതെങ്ങനെ? പാപങ്ങളിൽ ബന്ധിതനായവൻ ആത്മീയലോകത്തേക്ക് സഞ്ചരിക്കുന്നതെങ്ങനെയാണ്?
കളവ് പറയുന്നവന്റെ വായയിലെ ദുർഗന്ധം കാരണം മലക്കുകൾ അകന്നുപോവുമെന്ന് ഹദീസിൽ കാണാം. മലിനമായ നാക്കുകൾ കൊണ്ടെങ്ങനെ ദിക്‌റ് ചൊല്ലാനാണ്? തഹജ്ജുദ് നിസ്‌കാരം നഷ്ടപ്പെടുന്നവരും സുന്നത്ത് കർമങ്ങൾക്ക് ഭാഗ്യം ലഭിക്കാത്തവരും മനസ്സിലാക്കേണ്ടത്, അവർ പാപങ്ങളുടെ പിടിയിലാണെന്നാണ്. ശരിയായ തൗബ ചെയ്യാതെ അവർക്ക് ഇബാദത്തിന്റെ മധുരം ലഭിക്കില്ല.
രണ്ട്, ആരാധനകളെല്ലാം സ്വീകരിക്കപ്പെടും. തൗബ ചെയ്യാത്തവരുടെ കർമങ്ങളെല്ലാം നിഷ്ഫലമാവും. എല്ലാ സൽകർമങ്ങളുടേയും താക്കോലും മുഴുവൻ നന്മകളുടേയും അടിത്തറയുമാണ് തൗബയെന്ന് ശൈഖ് മഖ്ദൂം(റ) ആലങ്കാരികമായി പറയുന്നുണ്ട്.
പത്തു കാര്യങ്ങൾ തൗബയുടെ പൂർണതക്ക് അനിവാര്യമാണെന്ന് സൂഫിപണ്ഡിതർ പറയുന്നുണ്ട്. ഒന്ന്, പാപം ആവർത്തിക്കാതിരിക്കുക. രണ്ട്, പാപ വാക്കുച്ചരിച്ചതിൽ നിന്നും പശ്ചാത്തപിക്കുക. മൂന്ന്, പാപം ചെയ്യാനുള്ള കാരണത്തിൽ നിന്നും തൗബ ചെയ്യുക. നാല്, പാപശ്രമം നടത്തിയതിൽ നിന്നും ഖേദിച്ചുമടങ്ങുക. അഞ്ച്, പാപം ആലോചിച്ചതിൽ നിന്നും കരഞ്ഞുമടങ്ങുക. ആറ്, പാപത്തെ സംബന്ധിച്ച് സംസാരം കേട്ടതിൽ നിന്നും മടങ്ങുക. ഏഴ്, തെറ്റു ചെയ്യാൻ ആഗ്രഹിച്ചുറച്ചതിൽ നിന്നും തൗബ ചെയ്യുക. എട്ട്, തൗബയിൽ വന്ന ന്യൂനതകളെ തൊട്ട് തൗബ ചെയ്യുക. ഒമ്പത്, തൗബ കൊണ്ട് ഭൗതികമോഹമുണ്ടായാതിൽ നിന്നുള്ള തൗബ. പത്ത്, തൗബയെ പറ്റി ആലോചിച്ച് അല്ലാഹുവിനെ മറന്നുപോവുന്ന അവസ്ഥയിൽ നിന്നുള്ള തൗബ. ഏറ്റവും ഉന്നതമായ തൗബയാണിത്. സ്വിദ്ദീഖീങ്ങളുടെ തൗബയാണിത്. നാം ചെയ്ത തൗബകളിൽ വന്ന അശ്രദ്ധകളെ തൊട്ട് വീണ്ടും തൗബ ചെയ്യേണ്ടതുണ്ടെന്ന് മഹാന്മാർ പറഞ്ഞത് ഈ പത്തവസ്ഥകൾ പരിഗണിച്ചാണ്.
ദുന്നൂൻ അൽ മിസ്വ്‌രി(റ) പറയുന്നു: സാധാരണക്കാരുടെ തൗബ പാപങ്ങളിൽ നിന്നാണെങ്കിൽ മഹാന്മാരുടേത് അല്ലാഹുവല്ലാത്ത ചിന്തകളിൽ നിന്നുമാണ്. സകല കാര്യങ്ങളിൽ നിന്നും പൂർണമായി അല്ലാഹുവിലേക്ക് മാത്രം മടങ്ങുന്നതാണ് തൗബയെന്ന് അബുൽ ഹസൻ അന്നൂരി പറയാറുണ്ട്. തെറ്റുകളിൽ നിന്നു ഖേദിച്ച് മടങ്ങുന്നവരും അശ്രദ്ധകളിൽ നിന്നു പശ്ചാത്തപിക്കുന്നവരും തമ്മിൽ വലിയ അന്തരമുണ്ടല്ലോ.
യഥാർത്ഥത്തിൽ തൗബയെന്നത് ഹൃദയത്തിന്റെ പ്രവർത്തനമാണ്. യജമാനനായ അല്ലാഹുവിനെ മനസ്സിലാക്കുമ്പോൾ മാത്രം അടിമയുടെ ഖൽബിൽ വിരിയുന്ന സങ്കടം നിറഞ്ഞ ജാള്യത. കാരുണ്യക്കടലായ നാഥന്റെ വിധിവിലക്കുകളെ പരിഗണിക്കാതെ, തന്റെ ദേഹമോഹങ്ങൾക്കനുസരിച്ച് ജീവിക്കുന്നതിലെ വേദന നിറഞ്ഞ പശ്ചാത്താപം. തൗബയെന്നാൽ ഖേദമാണെന്ന് തിരുനബി(സ്വ) പറഞ്ഞത് അതുകൊണ്ടാണ്.
തൗബ സ്വീകരിക്കപ്പെടണമെങ്കിൽ നാല് നിബന്ധനകളുണ്ട്. ഒന്ന്, ആഴത്തിലുള്ള സങ്കടം. രണ്ട്, ഇനിയൊരിക്കൽപോലും പാപം ചെയ്യില്ലെന്ന പ്രതിജ്ഞ. മൂന്ന്, ശിഷ്ടകാലം തെറ്റില്ലാതെ ജീവിക്കൽ. നാല്, ബാധ്യതകളെല്ലാം പൂർത്തിയായി നിർവഹിക്കൽ. സൃഷ്ടികളുമായി സാമ്പത്തികമോ ശാരീരികമോ മാനസികമോ ആയ ബാധ്യതകളോ ഇടപാടുകളോ ഉണ്ടെങ്കിൽ അവരുടെ തൃപ്തിയില്ലാതെ പരലോകം രക്ഷപ്പെടില്ലെന്ന് ചുരുക്കം.
മൂന്ന് കാര്യങ്ങൾ തൗബയുടെ ആമുഖങ്ങളാണെന്ന് ഇമാം ഗസ്സാലി(റ) പറയുന്നുണ്ട്. തെറ്റുകളുടെ ഗൗരവം ഓർക്കുക, ശിക്ഷയുടെ കാഠിന്യം ആലോചിക്കുക, നമ്മുടെ ബലഹീനതയെ കുറിച്ച് ബോധവാനാവുക എന്നിവയാണവ. സൂര്യന്റെ ചൂടോ പോലീസുകാരന്റെ അടിയോ ഉറുമ്പിന്റെ ചെറിയ കടിപോലുമോ സഹിക്കാൻ കഴിയാത്ത നമ്മളെങ്ങനെയാണ് നരകച്ചൂടും മലക്കുകളുടെ പ്രഹരവും നരകസർപ്പങ്ങളുടെ തീണ്ടലും സഹിക്കക. ഈ ചിന്ത നമ്മെ നിരന്തരം ഉണർത്തുമ്പോൾ ഹൃദയങ്ങൾ തൗബ ചെയ്യാൻ വെമ്പൽകൊള്ളും, കാരുണ്യവാനായ അല്ലാഹുവിലേക്ക് ആകർഷിക്കും.
വീണ്ടും പാപങ്ങളിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്ന കാരണത്താൽ തൗബ ചെയ്യാൻ മടിക്കുന്ന ആളുകളോടായി ഗസ്സാലി(റ) പറയുന്നു: അത് പിശാചിന്റെ കുതന്ത്രമാണ്. ഭാവിയിൽ തെറ്റുചെയ്യുമെന്ന ഉറപ്പ് ആരാണ് നൽകിയത്? ഏത് നിമിഷവും മരണപ്പെടാനുള്ള സാധ്യതയില്ലേ. അന്ത്യനിമിഷങ്ങളിൽ തൗബയോടെ മരണപ്പെടാനും സാധ്യതയില്ലേ. അതിനാൽ ദുശ്ചിന്തകൾ കാരണം തൗബ മാറ്റിവെക്കരുത്, അല്ലാഹു കാരുണ്യവാനാണ്, കൃപാലുവാണ്, തൗബ ചെയ്യുന്നവരെ പെരുത്തിഷ്ടമുള്ളവനാണ്. ഖുർആനിൽ ധാരാളം ആവർത്തിച്ച വിശേഷണമാണ് തൗബ സ്വീകരിക്കുന്നവൻ എന്നത്. അത്തരം വചനങ്ങൾ നമുക്ക് പ്രചോദനമാവണം. ഭാവിയിൽ പാപം ചെയ്യില്ലെന്ന് ഉറപ്പിക്കലോടെ തൗബ പൂർണമായി. തെറ്റുകളെല്ലാം അല്ലാഹു പൊറുത്തു തരും. നാം ശുദ്ധരാവും. ഇനി ദുർബല നിമിഷങ്ങളിൽ തിന്മകൾ സംഭവിച്ചാൽ ഖേദത്തോടെ വീണ്ടും സ്രഷ്ടാവിലേക്ക് തന്നെ മടങ്ങുക.
നിഷ്‌കളങ്കമായ തൗബയെന്നത് എല്ലാ വിശ്വാസികളുടേയും ഏറ്റവും വലിയ ലക്ഷ്യമാണ്. തൗബ സ്വീകരിക്കുക എന്നാൽ അല്ലാഹു നമ്മെ ഇഷ്ടപ്പെടുക എന്നാണർത്ഥം. ഇമാം ഇസ്ഫറായിനി(റ) പറയുന്നു: സ്വീകാര്യമായ തൗബ ചെയ്യാൻ മുപ്പത് വർഷം ഞാൻ അല്ലാഹുവിനോട് ദുആ ചെയ്തു. പിന്നീട് എനിക്ക് സ്വപ്‌നദർശനമുണ്ടായി. ഒരാൾ എന്നോട് ചോദിക്കുന്നു; മുപ്പത് വർഷം നിങ്ങൾ ചോദിക്കുന്നത് എന്താണെന്നറിയുമോ. അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടാനാണ് ആവശ്യപ്പെടുന്നത്. അത് നിസ്സാര കാര്യമാണോ. തൗബ ചെയ്യുന്നവരെ അല്ലാഹുവിന് വളരെയധികം ഇഷ്ടമാണെന്ന് ഖുർആൻ പറയുന്നുണ്ടല്ലോ.
അല്ലാഹുവിനെ മനസ്സിലാക്കിയവർ ദോഷങ്ങളെ മുഴുവൻ വൻദോഷങ്ങളായി മനസ്സിലാക്കും. കറാഹത്തുകളെപ്പോലും പേടിയോടെ കാണുന്നവരാണവർ. ചെറുപാപങ്ങളായി അറിയപ്പെടുന്നവയെ നിസ്സാരമായി കാണുന്നവർ വലിയ അപകടങ്ങളിൽ വീഴും. ചെറിയ കുറ്റങ്ങളെ ഗൗരവത്തിലെടുത്ത് പശ്ചാത്തപിച്ചില്ലെങ്കിൽ അത് ഹൃദയം കഠിനമാവാൻ കാരണമാകുമെന്ന് പണ്ഡിതർ പഠിപ്പിക്കുന്നു. പതിവായി ചെറുദോഷം ചെയ്യുന്നവർ തെമ്മാടികളാകുമെന്ന് നാം തിരിച്ചറിയണം. പാപം ചെയ്ത് സന്തോഷം പ്രകടിപ്പിക്കുന്നതാണ് ഏറ്റവും വലിയ പാതകം. ഈമാൻ നഷ്ടപ്പെടാൻ പോലും കാരണമാകുമെന്ന് മഹാന്മാർ മുന്നറിയിപ്പ് തന്നിട്ടുണ്ട്. തെറ്റുകൾ ചെറുതാണെങ്കിലും മഹാപാപങ്ങളായി മനസ്സിലാക്കി ഹൃദയം നീറി അല്ലാഹുവോടൊരാൾ പശ്ചാത്തപിച്ചാൽ നാഥനതു സ്വീകരിക്കുമെന്നു മാത്രമല്ല, അവന്റെ പദവികൾ ഉയർത്തുകയും ചെയ്ത പാപങ്ങളെല്ലാം സുകൃതങ്ങളാക്കി മാറ്റുമെന്നും ഖുർആൻ നമ്മെ പഠിപ്പിക്കുന്നു.
ആത്മീയ സരണികളിൽ പ്രവേശിക്കുന്നവരോട് സൂഫിഗുരുനാഥന്മാർ ആദ്യം നിർദേശിക്കുന്നത് തൗബയാണ്. തൗബ ചെയ്ത് ഹൃദയം സ്ഫുടം ചെയ്‌തെടുത്താൽ മാത്രമേ ആത്മജ്ഞാനത്തിന്റെ വെളിച്ചം ഖൽബിൽ നിറയുകയുള്ളൂ. ഔലിയാക്കളുടെ വഴിയിൽ പ്രവേശിക്കാനാഗ്രഹിക്കുന്നവർക്ക് ശൈഖ് മഖ്ദൂം(റ) നൽകുന്ന ഒമ്പത് ഉപദേശങ്ങളിൽ ഏറ്റവും ആദ്യത്തേത് തൗബയാണ്. തൗബ ആത്മീയ കവാടങ്ങളുടെ താക്കോലാണെന്നും മഹാൻ ഓർമപ്പെടുത്തുന്നു.
പുണ്യസ്ഥലങ്ങൾ, മജ്‌ലിസുകൾ, മാസങ്ങൾ, പവിത്രമായ സമയങ്ങളിലെല്ലാം തൗബ സ്വീകരിക്കാൻ സാധ്യതയേറെയുണ്ട്. റമളാൻ മാസം തൗബയുടെ മാസമാണെന്ന് ഇമാമീങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. വിശേഷ സമയങ്ങളും സ്ഥലങ്ങളും സംവിധാനിച്ചത് തന്നെ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അടയാളമാണ്. തൗബ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുകയും പ്രത്യേക സമയങ്ങൾ നിർണയിച്ചു നൽകുകയും സ്വീകരിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നവൻ എത്ര കാരുണ്യവാനാണ്! പ്രവാചകരല്ലാത്ത മനുഷ്യരെല്ലാം പാപം ചെയ്യുന്നവരാണെന്നും അവരിൽ ഉത്തമർ തൗബ ചെയ്യുന്നവരുമാണെന്ന ഹദീസ് നമ്മെ പ്രചോദിപ്പിക്കാതിരിക്കില്ല.
റമളാൻ മാസം പോലുള്ള പുണ്യസമയങ്ങൾ ലഭിച്ചിട്ടും തൗബ ചെയ്യാൻ മനസ്സുകാണിക്കാത്തവൻ ഹതഭാഗ്യനും സകലം തുലഞ്ഞവനുമാണ്. എത്ര ക്രൂരമായ പാപവും ഞാൻ പൊറുത്തുതരുമെന്ന കാരുണ്യവാനായ റബ്ബിന്റെ വാഗ്ദാനം സ്വീകരിക്കാത്തവൻ പരാജിതൻ തന്നെ. അല്ലാഹു പറയുന്നു: പാപങ്ങൾ കൊണ്ട് ശരീരങ്ങളെ അക്രമിച്ചവരേ, അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്നും നിങ്ങൾ ആശമുറിയരുത്, അല്ലാഹു മുഴുവൻ ദോഷങ്ങളും പൊറുത്തുതരും. ചെറിയ ഓഫറുകളിൽ പോലും വീണുപോവുന്ന നമുക്ക്, ഇതിനേക്കാൾ വലിയ മറ്റെന്ത് വാഗ്ദാനം വേണം? അകം മുഴുവൻ കഴുകിത്തുടക്കുന്ന പുണ്യറമളാൻ, നമ്മുടെ ജീവിതത്തെ പൂർണമായും അല്ലാഹുവിലേക്കടുപ്പിക്കണം. ഭൗതികതയോടുള്ള ഹൃദയബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് അല്ലാഹുവിൽ ആനന്ദം കണ്ടെത്തണം. അശ്രദ്ധമായ നോട്ടം, വാക്ക്, ചലനം, ചിന്ത എല്ലാം ഒഴിവാക്കി സമയം മുഴുവനും ഇലാഹിന്റെ തൃപ്തി സമ്പാദിക്കാൻ നാം ജാഗ്രത്താവുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

അബ്ദുൽബാരി സിദ്ദീഖി കടുങ്ങപുരം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ