തർക്കം ഒരു നല്ല മാർഗമല്ല, യഥാർഥ പരിഹാരവുമല്ല. താൽക്കാലികമായി പിടിച്ചുനിൽക്കാനും ദുരഭിമാനം നിലനിർത്താനും കഴിയുമായിരിക്കും. എന്നാൽ തർക്കത്തിലൂടെയുള്ള വിജയം ആശാസ്യവും അഭിമാനകരവുമായ വിജയമാകുന്നില്ല.
തർക്കിക്കുന്നവരെ അല്ലാഹുവും റസൂലും സജ്ജനങ്ങളും വെറുക്കുകയാണ് ചെയ്യുക. തന്നെയുമല്ല, തർക്കിക്കുന്നവൻ ആത്മീയമായും ഭൗതികമായും നിഷ്‌കസിതനും വെറുക്കപ്പെട്ടവനുമാകും.
മറ്റുള്ളവരെ തോൽപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഇടപെടലാണ് തർക്കത്തിൽ കലാശിക്കുന്നത്. ഇത്തരമൊരു ഘട്ടത്തിൽ അവരോട് നീതിപുലർത്താനാവില്ല. ഒടുവിൽ അത് പകയായും ശത്രുതയായും രൂപാന്തരപ്പെടുകയും മാന്യമായി കൈകാര്യം ചെയ്യേണ്ട വിഷയം വലിയ കുഴപ്പവും വിപത്തുമായി മാറുകയും ചെയ്യും.
തർക്കങ്ങളുടെ കവാടം നാം തുറക്കരുത്. ആശയങ്ങൾ കൈമാറാൻ മാത്രമല്ല, സ്വീകരിക്കാനും നമ്മൾ പാകപ്പെടണം. പറയുന്നതും കേൾക്കുന്നതുമെല്ലാം ആശയ വിനിമയമാണ്, അതൊരു കലയാണ്. ആസ്വാദ്യകരമായി നിർവഹിക്കാനാവുന്ന കല! ഇലക്കും മുള്ളിനും കേടില്ലാതെ എന്ന് പറയുന്ന പോലെ ഏത് ധിക്കാരിയെയും വശീകരിക്കാനുള്ള കലയായിട്ടാണ് നാം ആശയവിനിമയ രീതികളെ രൂപപ്പെടുത്തിയെടുക്കേണ്ടത്.
ഒരു കാര്യം സത്യമാണെന്ന് നമുക്കുറപ്പുള്ളതാണെന്നതുകൊണ്ട് പ്രേക്ഷകന് ആ ഉറപ്പുണ്ടാകണമെന്നില്ല. നമ്മുടെ ബോധ്യം അവരുടെ ബോധ്യമാക്കാനാണ് ഈ ഘട്ടത്തിൽ ശ്രമിക്കുന്നത്. അതിനായി ചോദ്യോത്തരങ്ങളാവാം, ചർച്ചയാവാം, കേവല സംഭാഷണവുമാവാം. ഏതുഘട്ടത്തിലും സഹിഷ്ണുതയും ക്ഷമയും നമുക്ക് കൈമുതലായി ഉണ്ടാവണമെന്ന് മാത്രം.
സത്യം അറിയാനല്ല, നമ്മെ പ്രകോപിപ്പിക്കാനും ഇകഴ്ത്താനുമുള്ള ശ്രമങ്ങളാവും പ്രതിയോഗിയിൽ നിന്ന് നിരന്തരമുണ്ടാവുന്നത്. നാം അതിൽ വീണുപോകരുത്. സർവലോക ധിക്കാരിയായ ഫിർഔനിനോട് പ്രവാചകന്മാരായ മൂസാ, ഹാറൂൻ(അ)ന് ഹൃദ്യമായി സംസാരിക്കാൻ സാധിച്ചുവെന്നത് നമുക്ക് വലിയ പാഠമാകണം. നിങ്ങൾ രണ്ടുപേരും പോയി ഫിർഔനിനോട് മയപ്പെടുത്തി സംസാരിച്ചുനോക്കൂ എന്നായിരുന്നു രണ്ട് നബിമാരോടുമുള്ള അല്ലാഹുവിന്റെ നിർദേശം.
അറിവ് സമ്പാദിക്കുന്നതിലൂടെ ഹൃദയത്തിൽ വെളിച്ചമാണ് കടക്കേണ്ടത്, അദ്വിതീയനാവണം, സമകാലികരിൽ മുന്നിലെത്തണം, തർക്കിച്ചും ഒച്ചവെച്ചും തനിക്ക് വിലാസമുണ്ടാക്കണമെന്നൊക്കെ കരുതിയാൽ ഉള്ളിൽ ഇരുട്ട് പരക്കുകയേയുള്ളൂ.
‘മൂന്ന് കാര്യങ്ങൾക്ക് വേണ്ടി നീ അറിവ് സമ്പാദിക്കരുത്. മൂന്ന് കാര്യത്തിന് വേണ്ടി അറിവ് ഉപേക്ഷിക്കുകയുമരുത്. തർക്കിക്കുന്നതിന് വേണ്ടിയോ അന്തസ്സ് നടിക്കാനോ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയോ അറിവ് സമ്പാദിക്കരുത്. ലജ്ജ കാരണത്താലോ അറിവ് ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് വിചാരിച്ചോ അജ്ഞത ഇഷ്ടമായി തോന്നിയോ അറിവ് സമ്പാദിക്കാതിരിക്കുകയുമരുത്.’ രണ്ടാം ഖലീഫ ഉമർ(റ)വിന്റേതാണ് ഈ ഉപദേശം.

തർക്കങ്ങളിൽ ഏർപ്പെടുന്നവർ പലപ്പോഴും മറ്റുള്ളവരുടെ പാകപ്പിഴവുകളിൽ അള്ളിപ്പിടിച്ച് അതിന്റെ പേരിൽ അവരെ വിചാരണ ചെയ്യുന്നത് കാണാറുണ്ട്. തെറ്റിനെ തെറ്റാണെന്ന് സമ്മതിക്കുന്നവർക്ക് അല്ലാഹു മാപ്പ് കൊടുക്കുമെന്നുണ്ടല്ലോ, അങ്ങനെ സമ്മതിക്കാത്തവർ അഹങ്കാരികളാണ്. അവരിൽ നിന്ന് മാറിനടക്കാനാണല്ലോ ഖുർആനിന്റെ ഉപദേശം. രണ്ടായാലും തർക്കിക്കുന്നതിൽ കഴമ്പില്ല. തന്റെ ഭാഗം ജയിക്കണമെന്നല്ല, ശരിയും സത്യവും ജയിക്കണമെന്നാണ് നാം വിചാരിക്കേണ്ടത്. അത് തന്നെക്കൊണ്ട് തന്നെയാകണമെന്ന വിചാരം അഹങ്കാരമാണ്. അല്ലാഹു അവന്റെ ദീൻ ഒരു തെമ്മാടിയെ കൊണ്ടും അജയ്യമാക്കിയേക്കുമെന്ന തിരുവചനം പ്രസക്തം. എല്ലാം ഇപ്പോൾ തന്നെ നടക്കണം, എനിക്ക് തന്നെ ചെയ്യണം, ബോധ്യപ്പെടുത്തിയേ പറ്റൂ എന്നിങ്ങനെയുള്ള ധൃതിയും തിടുക്കവും പിശാചിനെയാണ് സന്തോഷിപ്പിക്കുക.

ഹാദി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ