നേരമ്പോക്കിന് പലരും പല വഴികൾ സ്വീകരിക്കാറുണ്ട്. ചിലർ വിനോദങ്ങളിൽ ഏർപെടുന്നു. പാട്ട് പാടുന്നവരും കേൾക്കുന്നവരും ഫലിതം പറയുന്നവരുമുണ്ട്. വേട്ടയാടുന്നവരെ പോലും കാണാം. മറ്റു ചിലർ വിനോദങ്ങൾ കണ്ട് ആസ്വദിക്കുന്നു. എന്നാൽ നേരമ്പോക്കിന് കണ്ടെത്തുന്ന വഴികളിൽ ഏറ്റവും നീചമായത് തർക്കമാണ്. തർക്കങ്ങളിൽ അതിനീചം മതാചാരങ്ങളിലോ ആദർശങ്ങളിലോ പടച്ചുവിടുന്ന വിവാദമാകുന്നു. മതകീയ ആദർശങ്ങളിൽ അനാവശ്യ വിവാദം സൃഷ്ടിക്കുന്നത് വിശുദ്ധ ഖുർആനിന്റെ വീക്ഷണ പ്രകാരം സത്യ-ധർമ നിഷേധികളുടെ തൊഴിലാണ്. സൂറത്തുൽ മുഅ്മിൻ, സൂറത്തുൽ ഗാഫിർ എന്നൊക്കെ നാമധേയങ്ങളുള്ള നാൽപതാം സൂറത്തിന്റെ നാലാം വാക്യം പറയുന്നു: ധർമനിഷേധികളല്ലാതെ അല്ലാഹുവിന്റെ വചനങ്ങളിൽ തർക്കമുണ്ടാക്കുന്നതല്ല. അത്തരക്കാർ നാടുകളിൽ സൈ്വരവിഹാരം നടത്തുന്നത് താങ്കളെ കബളിപ്പിക്കാതിരിക്കട്ടെ. സൂറത്തുൽ കഹ്ഫിൽ ഇതേ ആശയം പറയുന്നത് മറ്റൊരു ശൈലിയിലാണ്. അതിങ്ങനെ വായിക്കാം: സുവാർത്ത നൽകുന്ന വരും താക്കീത് നൽകുന്നവരുമായല്ലാതെ നാം സത്യദൂതന്മാരെ നിയോഗിക്കുന്നില്ല, നിഷേധികൾ സത്യത്തെ തകർക്കാൻ വേണ്ടി നിരർഥക തർക്കമുന്നയിക്കുന്നു. അവർ നമ്മുടെ വചനങ്ങളെയും താക്കീതുകളെയും പരിഹാസ്യമായി കാണുന്നു (അൽകഹ്ഫ് 56).
ഇപ്രകാരം തർക്കങ്ങളുണ്ടാക്കി മഹിതാശയങ്ങളെ വകവരുത്താൻ തുനിഞ്ഞവരെ അല്ലാഹു പിടികൂടിയ ചരിത്രവും ഖുർആൻ രേഖപ്പെടുത്തുന്നുണ്ട്. നിരർഥക വാദങ്ങൾ നിരത്തി സത്യത്തെ നശിപ്പിക്കാൻ വേണ്ടി അവർ തർക്കിച്ചു. ആയതിനാൽ നാമവരെ പിടികൂടി, അപ്പോൾ ശിക്ഷ എങ്ങനെ യുണ്ടായിരുന്നു?! (സൂറത്തുൽ ഗാഫിർ 5).
മതരംഗത്ത് തർക്കങ്ങൾ സൃഷ്ടിക്കുന്നത് ഒരു ഹോബിയായി സ്വീകരിക്കുന്ന ദുഷ്ട ലോബികളെ കാത്തിരിക്കുന്നത് കഠിന ശിക്ഷയാണ്. സൂറത്തുൽ ഹജ്ജ് താക്കീത് ചെയ്യുന്നത് കേൾക്കുക: വിവരമില്ലാതെ, സന്മാർഗ മില്ലാതെ, വെളിച്ചം പകരുന്ന ഗ്രന്ഥമില്ലാതെ അല്ലാഹുവിന്റെ കാര്യത്തിൽ തർക്കം പറയുന്നവർ ജനങ്ങളിലുണ്ട്. അഹങ്കാരി. ജനങ്ങളെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് വഴിതെറ്റിക്കാൻവേണ്ടിയുള്ള ഉദ്യമമാണത്. അത്തരക്കാർക്ക് ഇഹത്തിൽ തന്നെ അപമാനമുണ്ടായിരിക്കും. പരലോകത്ത് നാമവർക്ക് ചുട്ടെരിക്കുന്ന ശിക്ഷ രുചിപ്പിക്കുന്നതുമാണ് (ഹജ്ജ് 8,9). അവൻ ഇടിത്തീ വർഷിപ്പിക്കുന്നതാണ്, അല്ലാഹുവിന്റെ കാര്യത്തിൽ അവർ തർക്കിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ ഉദ്ദേശിക്കുന്നവരിലേക്ക് അത് ആപതിക്കുന്നതുമാണ്. അവൻ കഠിന ശിക്ഷ നൽകുന്നവനാണ് (സൂറത്തുർറഅ്ദ് 13).
ഇത്തരം തർക്കങ്ങളെയും താർക്കികരെയും പിന്തുടരുന്നവർ പിശാചിന്റെ വഴിയിലാണെന്നു കൂടി ഖുർആൻ ഓർമപ്പെടുത്തുന്നു: വിവരമില്ലാതെ അല്ലാഹുവിന്റെ കാര്യത്തിൽ തർക്കം പറയുന്നവരും ശപിക്കപ്പെട്ട പിശാചിനെ പിന്തുടരുന്നവരും ജനങ്ങളിലുണ്ട്. അത്തരക്കാരെ കൈകൊള്ളുന്നവരെ അവൻ പിഴപ്പിക്കുമെന്നതും എരിയുന്ന ശിക്ഷയിലേക്ക് നയിക്കുമെന്നതും തീർച്ചയാണ് (സൂറത്തുൽ ഹജ്ജ് 3,4).
വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ലോകമുസ്‌ലിംകൾക്ക് ഏറ്റവും പ്രാമാണികമായ ആറു ഗ്രന്ഥങ്ങളുണ്ട്. സ്വിഹാഹുസ്സിത്ത എന്ന പേരിൽ അറിയപ്പെടുന്ന ആ ഹദീസ് സമാഹാര ഗ്രന്ഥങ്ങളിലെ മൊത്തം അധ്യായങ്ങൾ ഏതാണ്ട് പതിനായിരമാണ്. വിശ്വാസപരവും കർമപരവുമായ ഏതാണ്ടെല്ലാ കാര്യങ്ങളും ആ അധ്യായങ്ങൾ ഉൾകൊള്ളുന്നുണ്ട്. എന്നാൽ മുസ്‌ലിം സമുദായത്തിലെ ഒറ്റപ്പെട്ട ചില വ്യക്തികൾ ആനക്കാര്യമായി കുത്തിപ്പൊക്കിയ ഇസ്തിഗാസ ശിർക്കാണെന്ന തർക്കവുമായി ബന്ധപ്പെട്ട ഒരു പരാമർശം പോലും ആ അധ്യായങ്ങളിൽ കാണാൻ കഴിയില്ല. തീർത്തും അനാവശ്യമായ ഒരു തർക്കമാണതെന്ന് വളരെ വ്യക്തം. ഖുർആനോ തിരുസുന്നത്തോ പറഞ്ഞിട്ടില്ലാത്ത ഒരു പുതിയ ശിർക്ക്‌വൽക്കരണമാണ് ആ തർക്കത്തിലൂടെ സമുദായത്തിൽ വിനാശം വിതക്കുന്നത്.
എന്നാൽ പ്രസക്തമായ വിഷയങ്ങളിൽ മാന്യമായ സംവാദങ്ങൾ ആകാവുന്നതാണ്. നിർദേശിക്കപ്പെട്ടതുമാണ്. താങ്കളുടെ നാഥന്റെ സരണിയിലേക്ക് തത്ത്വാധിഷ്ഠിതമായും സദുപദേശത്തിലൂടെയും ക്ഷണിക്കുക, ഏറ്റവും നല്ല രീതിയിൽ അവരോട് സംവാദത്തിലേർപ്പെടുകയും ചെയ്യുക. തന്റെ സൽസരണിയിൽ നിന്ന് പിഴച്ചവരെ തീർച്ചയായും അവന് നന്നായി അറിയാം, സന്മാർഗചാരികളെയും അവന് വ്യക്തമായി അറിയാം (സൂറത്തുന്നഹ്ൽ 125).

സുലൈമാൻ മദനി ചുണ്ടേൽ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ