മതവിദ്യഭ്യാസ രംഗത്ത് വിപ്ലവം തീർത്ത ദഅ്‌വ കോളേജുകളുടെ വർത്തമാനത്തെയും ഭാവിയെയും കുറിച്ച് 2022 മെയ് 1-15 ലക്കം സുന്നിവോയ്‌സിൽ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി എഴുതിയ ദഅ്‌വ കോളേജുകൾ അടിമുടി മാറേണ്ടതിന്റെ ന്യായങ്ങൾ എന്ന ലേഖനത്തോടുള്ള വായനക്കാരുടെ പ്രതികരണങ്ങളിൽ പ്രസക്തമായവ.

ഏറ്റവും അനിവാര്യമായ ഒരു ഘട്ടത്തിലാണ് കാലത്തോടൊപ്പം സഞ്ചരിക്കാൻ കഴിയുന്ന മതവിദ്യാർഥികളെ വളർത്തിയെടുക്കാനായി ആദ്യം ഇസ്‌ലാമിക് ആർട്‌സ് കോളേജുകളും പിന്നീട് രൂപമാറ്റം സംഭവിച്ചു ദഅ്‌വ കോളേജുകളും പിറവിയെടുക്കുന്നത്.

ദഅ്‌വ കോളേജുകളുടെ കൃത്യമായ മുന്നേറ്റം തന്നെയാണ് തുടർന്ന് നാം കാണുന്നത്. എല്ലായിടത്തും ഈ മുന്നേറ്റം പ്രകടമായി. കേരളത്തിന് പുറത്തുപോലും മനോഹരവും എന്നാൽ ത്യാഗപൂർണവുമായ പ്രവർത്തനങ്ങൾ നടത്തി വിദ്യാഭ്യാസ സാമൂഹ്യ സേവന സംസ്‌കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ദഅ്‌വ കോളേജുകളിൽ പിറവിയെടുത്തവർ തന്നെയാണ്. ഏതൊരു മേഖലയിലും എപ്പോഴും റിസർച്ചും അപ്‌ഡേഷനുകളും ആവശ്യമാണ്. ആ നിലക്കുള്ള ഗൗരവമായ ചിന്തക്കും ചർച്ചക്കും സുന്നിവോയ്‌സ് ലേഖനം വഴിയൊരുക്കണം.

വിദ്യാഭ്യാസ രംഗം ഇന്ന് ആഴക്കടൽ പോലെയാണ്. ദിനേനയെന്നോണം പുതിയ പുതിയ മാറ്റങ്ങളും പഠനശാഖകളും ഈ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം കൃത്യമായി പഠിക്കാനും അതനുസരിച്ചു നമ്മുടെ പഠന രംഗം പരിഷ്‌കരിക്കാനും കഴിയുന്ന ഏറ്റവും മികച്ച അക്കാദമിക് ബോഡി ഉണ്ടാവുക തന്നെയാണ് പ്രഥമവും പ്രധാനവുമായി വേണ്ടത്. അതില്ലാതാകുമ്പോൾ കോർഡിനേഷൻ നഷ്ടപ്പെടുന്നു. മാറ്റങ്ങൾക്ക് വേഗത ഇല്ലാതാവുകയും ചെയ്യുന്നു.

താഴേ തട്ടിൽ നിന്ന് തന്നെ മാറ്റങ്ങൾക്ക് തുടക്കം കുറിക്കണം. എട്ടു മുതൽ പത്തു വരെയുള്ള പഠന ഘട്ടം കുട്ടികളുടെ ഫൗണ്ടേഷൻ കാലമാണെന്നു മനസ്സിലാക്കിയുള്ള നിലപാടുകളാണ് മാനേജ്‌മെന്റിനും ഉസ്താദുമാർക്കുമുണ്ടാകേണ്ടത്. മതപഠനത്തിലായാലും സ്‌കൂൾ വിഷയത്തിലായാലും ശരാശരി വിദ്യാർഥികളാണ് സ്ഥാപനങ്ങളിൽ കൂടുതൽ എത്തിപ്പെടുക. എന്നാൽ അവർക്ക് പലപ്പോഴും പഠ്യേതര വിഷയങ്ങളിൽ അപാരമായ കഴിവുകൾ ഉണ്ടാവുകയും ചെയ്യും. വേണ്ട പോലെ കുട്ടികളെ മനസ്സിലാക്കി മുന്നോട്ട് പോവാനായില്ലെങ്കിൽ അവരുടെ മതപരവും നൈസർഗികവും അക്കാദമികവുമായ കഴിവുകൾ ഇല്ലാതാവും.

ഈ മൂന്നു വർഷത്തെ അടിസ്ഥാന പരിശീലന കാലമായി കണക്കാക്കി മുന്നോട്ട് പോവാനാവണം. മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിൽ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയുന്ന തരത്തിൽ ഭാഷയിലും സാഹിത്യത്തിലും ഈ മൂന്ന് വർഷം കൃത്യമായ പദ്ധതികൾ തയ്യാറാക്കിയാൽ കുട്ടികളെ മുന്നിലെത്തിക്കാൻ സാധിക്കും. കൂടാതെ അടിസ്ഥാനപരമായ ഇസ്‌ലാമിക വിഷയങ്ങളിൽ ഖുർആൻ തെറ്റില്ലാതെ പാരായണം ചെയ്യാനും ഇബാദത്തുകൾ കുറവുകളില്ലാതെ നിർവഹിക്കാനും സ്വഭാവത്തിൽ (സംസാരം, പെരുമാറ്റം, മുഖപ്രസന്നത, സംവാദ ശൈലികൾ) ഏറ്റവും മനോഹരമായ ശൈലി ആർജിക്കാനും ജീവിതത്തിൽ ഏറ്റവും മാതൃകാപരമായ ചിട്ടകൾ പാലിക്കാനും ഈ കാലയളവ് ഉപയോഗപ്പെടുത്തണം. എസ്എസ്എൽസിയിൽ ഉന്നത വിജയം നേടാൻ പ്രാപ്തമാക്കണം. ഇപ്പോൾ എല്ലാ പഠനത്തിന്റെയും അടിസ്ഥാനം എസ്എസ്എൽസിയാണല്ലോ(നാളെ അത് മാറിയേക്കാം). അപ്പോൾ അടിസ്ഥാനപരമായി തന്നെ നമ്മുടെ കുട്ടികൾ ഏറ്റവും ഉന്നതമായ വിജയനിലവാരത്തിൽ നിന്ന് തുടങ്ങിയാൽ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വരില്ല. പത്താം ക്ലാസ് കഴിയുമ്പോഴേക്ക് ഭാഷയിലും സ്വഭാവത്തിലും ആരാധനയിലും മിടുമിടുക്കന്മാരായ കുട്ടികളാക്കി മാറ്റിയെടുക്കാൻ കഴിയണം.

പത്താം ക്ലാസ് കഴിയുന്നതോടെ കുട്ടികളെ അവരുടെ അഭിരുചിയും ആഗ്രഹവും കണക്കിലെടുത്തു വിവിധ മേഖലകളിലേക്ക് തിരിക്കാൻ നമുക്കാകണം. മതപരമായ വിവിധ ഫന്നുകളിൽ അവഗാഹത്തോടെയുള്ള പഠനത്തിനു പറ്റുന്ന കുട്ടികളെ ആ മേഖലയിലേക്ക് ഉയർത്തണം. അതിനു പറ്റുന്ന രൂപത്തിൽ മുതവ്വൽ വരെയുള്ള സംവിധാനം മാറ്റിയെഴുതണം. തിരഞ്ഞെടുക്കുന്ന കിതാബുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. വിവിധ ഫന്നുകളിൽ ആഴത്തിലുള്ള പഠനവും റിസർച്ചും സാധ്യമാകുന്ന രൂപത്തിലാണ് അവ ക്രമീകരിക്കേണ്ടത്. ഓരോ ഫന്നും ഇന്ന് ഓരോ വിശാല ലോകമാണ്. ഈ രംഗത്ത് അതുല്യരായ പണ്ഡിതർ രൂപപ്പെടേണ്ടതുണ്ട്. മുതവ്വൽ പഠനത്തോടൊപ്പം അവർക്ക് പറ്റുന്ന രൂപത്തിൽ യൂണിവേഴ്‌സിറ്റി ഡിഗ്രി കിട്ടാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ഭാഷകളിലെ മേന്മ നിലനിർത്തുകയും വേണം.

അതുപോലെ ശാസ്ത്ര-സാങ്കേതിക മേഖലകളിലേക്ക് ഉയർന്നുപറക്കാൻ കഴിയുന്ന കുട്ടികളെ പത്താം തരത്തിന് ശേഷം കണ്ടെത്തി ആവശ്യമായ കാമ്പസുകൾ ഒരുക്കണം. പ്ലസ്ടു സയൻസ് എടുത്തു ഡോക്ടറോ എഞ്ചിനീയറോ ആവുക എന്നതിനപ്പുറം വിവിധ ശാസ്ത്ര വിഷയങ്ങളിൽ ഗവേഷണം നടത്താൻ കഴിയുന്ന ശാസ്ത്ര പ്രതിഭകളെ സമർപ്പിക്കാൻ സാധിക്കണം. ഈ മേഖലയിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾക്ക് ആവശ്യമായ മതപഠനം ഒരുക്കണം. അത് പക്ഷേ മുതവ്വൽ പഠനരീതിയിൽ നിന്നും വ്യത്യസ്തമായി രൂപപ്പെടുത്തിയെടുക്കണം. മതമീമാംസയിൽ നല്ല കഴിവുള്ളവരായിത്തീരേണ്ടതുണ്ട് അവരും.

മറ്റൊന്ന് അക്കാദമിക് മേഖലയിലും സർക്കാർ സർവീസുകളിലും ലീഡർഷിപ്പിലും ബിസിനസ്-മാനേജ്‌മെന്റ് മേഖലയിലേക്കും ഐടി, കമ്പ്യൂട്ടർ സയൻസ് രംഗത്തും സോഷ്യൽ സർവീസ് രംഗത്തും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാക്കുന്ന സൈനിക മേഖലയിലേക്കുമൊക്കെ നമ്മുടെ വിദ്യാർഥികൾ കടന്നുവരണം. അതിനുതകുന്ന വിഷയങ്ങൾ പ്ലസ്‌വൺ, ഡിഗ്രി തലങ്ങളിൽ തിരഞ്ഞെടുക്കണം. അവിടെയും മതമീമാംസയിൽ നല്ല പഠനം കൊടുക്കണം. പക്ഷേ മുതവ്വൽ പഠന രീതിയിൽ നിന്ന് വ്യത്യസ്തമാവുകയും വേണം. എല്ലാവരും എല്ലാം പഠിക്കേണ്ടതില്ലെന്നർഥം.

പിഎച്ച്ഡി ഇന്നൊരു ഹരമായി മാറിയിട്ടുണ്ട്. പിഎച്ച്ഡി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി നല്ലൊരു സ്റ്റഡി സെന്റർ രൂപംകൊടുക്കേണ്ടതനിവാര്യമാണ്. എന്തൊക്കെ വിഷയങ്ങളിൽ ഏതുതരം റിസർച്ചുകളാണ് വേണ്ടതെന്ന് തീരുമാനിക്കാനും അതനുസരിച്ചു പിഎച്ച്ഡി വിഷയങ്ങൾ രൂപപ്പെടുത്താനും പിഎച്ച്ഡി കഴിഞ്ഞവരെ അതാത് മേഖലകളിൽ കൃത്യമായ ചുമതകൾ നൽകി ഉദ്ധരിക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കണം.

ദർസ്-ദഅ്‌വ കോളേജ് മാനേജ്‌മെന്റ്, ഉസ്താദുമാർ, ഓഫീസ് സ്റ്റാഫ് എന്നിവർക്കൊക്കെ നല്ല പരിശീലനം നൽകണം. വർഷത്തിൽ രണ്ടു തവണയെങ്കിലും ഇത്തരം പരിശീലന കളരികൾ നടക്കണം. കേട്ട് തഴമ്പിച്ച ക്ലാസ് നോട്ടുകൾ വെച്ചുള്ള ചടങ്ങാവരുത്. പുതിയ കാലവും രീതികളുമെല്ലാം ആവാഹിച്ചുകൊണ്ടുള്ള ട്രെയിനിംഗാവണം.
പഠന രീതിയും സമീപന രീതികളുമെല്ലാം മാറിക്കൊണ്ടിരിക്കുന്ന കാലമാണ്. ഇസ്‌ലാമിക വിഷയങ്ങളിൽ വരെ പണ്ഡിതർക്ക് സമകാലിക വിഷയങ്ങൾ ചേർത്തുവെച്ചുള്ള ചർച്ചാ വേദികൾ വേണം. അങ്ങനെ വരുമ്പോൾ കാമ്പസുകളും സജീവമാകും. ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്ന നമുക്ക് മറ്റുള്ളവരുമായി നന്നായി ഇടപഴകാനുള്ള അവസരങ്ങളുണ്ട്. പലപ്പോഴും നമ്മുടെ സമീപന രീതികൾ, സംസാര ശൈലികൾ, പ്രതികരണങ്ങൾ എന്നിവയൊക്കെ മറ്റുള്ളവർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത രൂപത്തിലാകാറുണ്ട്. ഏറ്റവും വലിയ ദഅ്‌വത്ത് സ്വഭാവ രൂപീകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതാണല്ലോ. അതിനാൽ നമ്മുടെ വിദ്യാർഥികളുടെ ജീവിതത്തിലെ ഓരോ കോണിലും ഇസ്‌ലാമിന്റെ സൗന്ദര്യം നിഴലിച്ചു കാണുന്ന രൂപത്തിലാവണം. മറ്റു സമുദായ നേതാക്കളുമായും വിശ്വാസികളുമായും ഇടപഴകാനും അതുവഴി നമ്മുടെ സ്വഭാവശുദ്ധി പ്രകടിപ്പിക്കാനും സാധിക്കണം. ഇസ്‌ലാം വായിച്ചു പഠിച്ചല്ല പണ്ട് മറ്റുള്ളവർ ഇസ്‌ലാമിനെ നോക്കിക്കണ്ടിരുന്നത്. മുസ്‌ലിംകളുടെ ജീവിതരീതി കണ്ടു മനസ്സിലാക്കിയാണ്.

കാമ്പസുകളിലെ സൗകര്യങ്ങളും സാഹചര്യങ്ങളും നന്നായി വരണം. വൃത്തി, ഫിസിക്കൽ എജുക്കേഷൻ, എപ്പോഴും ക്ലാസ് റൂമുകളിൽ ചടഞ്ഞിരുന്നു ക്ലാസെടുക്കുന്ന രീതികൾ തുടങ്ങി മാറാൻ ഒരുപാടുണ്ട്. സുന്നിവോയ്‌സ് ലേഖനവും അനുബന്ധ ചർച്ചയും ഈ രംഗത്ത് ഫലപ്രദമായ മാറ്റങ്ങൾക്ക് അവസരമൊരുക്കട്ടെ എന്നാശംസിക്കുന്നു.

ഹുസൈൻ തങ്ങൾ വാടാനപ്പള്ളി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ