ഈസാ നബി(അ)യോട് ഒരാൾ അന്വേഷിച്ചു: ‘അല്ലാഹു നമ്മെ ഇഷ്ടപ്പെടാനുള്ള മാർഗമെന്താണ്?’
‘ദുൻയാവിനെ വെറുക്കുക, എങ്കിൽ അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടും’- എന്നായിരുന്നു മറുപടി.
ആകാശത്തു നിന്നും സ്വർണമഴ വർഷിച്ചാലും അരുവിയിലെ ജലം മുഴുവൻ കനകമായി മാറിയാലും കാൽചുവട്ടിലെ മണ്ണെല്ലാം തങ്കമായിത്തീർന്നാലും സൂഫിയുടെ ഹൃദയത്തിൽ ഒരു ചലനവുമുണ്ടാകില്ല. അല്ലാഹുവിനോടുളള അനുരാഗം ഖൽബിൽ നിറഞ്ഞു വിരിഞ്ഞാൽ ഒരു സൃഷ്ടിക്കും അതില്ലാതാക്കാൻ കഴിയില്ല. കൈവശമുള്ളതെല്ലാം നശിച്ചാലോ മോഷ്ടിക്കപ്പെട്ടാലോ അവർ കുലുങ്ങില്ല.
പുണ്യ നബി(സ്വ) അരുളി: ‘ഞാൻ അറിയുന്ന പോലെ നിങ്ങളും അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ അൽപം മാത്രമേ ചിരിക്കുകയുള്ളൂ. നന്നായി കരയും. ദുൻയാവിനെ വലിച്ചെറിഞ്ഞ് പരലോകത്തെ പുൽകും.’
ഭൗതിക ചിന്തയിൽ നിങ്ങളുടെ സമയം നഷ്ടപ്പെടുത്തരുതെന്ന് നബി(സ്വ) ഉണർത്തിയിട്ടുണ്ട്. ദുൻയാവിൽ ദീർഘകാലം ജീവിക്കണമെന്നു മോഹിക്കുന്നവർ പരലോക ബോധമില്ലാത്തവരാണ്. യാത്രികർ വിഭവങ്ങൾ ഒരുക്കുന്നത് പോലെ, പരലോക യാത്ര പോകേണ്ട നമ്മൾ തഖ്‌വയെ വിഭവമായി ഒരുക്കിവെക്കണമെന്ന് ഉമർ ബിൻ അബ്ദിൽ അസീസ്(റ) പറയാറുണ്ട്.
പരലോകത്തെ സംബന്ധിച്ച് യഥാർഥ ജ്ഞാനമുള്ളവർ ഭൗതികാസ്വാദനങ്ങളിൽ മുഴുകില്ല. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പോയി തന്റെ കുറവുകളോർത്ത് പൊട്ടിക്കരഞ്ഞ് ജീവിക്കുമെന്ന് അബുദ്ദർദാഅ്(റ) പറഞ്ഞു.
ദുൻയാവ് സമ്പാദിച്ച് ആഖിറം നേടാമെന്ന് മോഹിക്കുന്നവർ വിഡ്ഢികളാണ്. ദാനം ചെയ്ത് പുണ്യം നേടാൻ വേണ്ടി പണം സമ്പാദിക്കുന്നവനേ, ഭൗതിക സമ്പാദ്യങ്ങളില്ലാതിരിക്കലാണ് ഏറ്റവും വലിയ പുണ്യ കർമമെന്ന് ഈസാ നബി(അ) ഉണർത്തുകയുണ്ടായി.
വിജയികൾക്ക് ആറു ഗുണങ്ങളുണ്ട്: ഒന്ന്, അല്ലാഹുവിനെ അറിഞ്ഞ് വഴിപ്പെടുക.
രണ്ട്, പിശാചിനെ തിരിച്ചറിഞ്ഞ് എതിരിടുക.
മൂന്ന്, സത്യമന്വേഷിച്ച് പിന്തുടരുക.
നാല്, തിന്മയെ മനസ്സിലാക്കി ഉപേക്ഷിക്കുക.
അഞ്ച്, ദുൻയാവിനെ ഹൃദയത്തിൽ നിന്നും കുടഞ്ഞെറിയുക.
ആറ്, പരലോകത്തെ പഠിച്ചറിഞ്ഞ് തേടിപ്പോവുക.
ഈ ആറ് ഗുണങ്ങൾ ജീവിതത്തിൽ പകർത്തിയവൻ സ്വർഗത്തിലേക്ക് മറ്റൊരു വഴി നോക്കേണ്ടതില്ലെന്ന് അലി(റ).
മതകാര്യത്തിൽ നിന്നോട് മത്സരിക്കാൻ വന്നവരോട് നീ എതിർത്ത് നിൽക്കണം, ഭൗതിക സമ്പാദ്യങ്ങളിൽ എതിരിടാൻ വന്നവർക്ക് എല്ലാം വലിച്ചെറിഞ്ഞുകൊടുത്ത് നിന്റെ ആഖിറം രക്ഷപ്പെടുത്തണമെന്ന് സൂഫിയാക്കൾ ഉപദേശിക്കാറുണ്ട്.
ഭൗതിക മോഹം ഒരു വിഷമാണ്. അത് ഉള്ളിൽ കയറുംതോറും ഇരുട്ട് നിറയും, ഭക്തി നഷ്ടപ്പെടും. ഏത് തിന്മയും ഭയമില്ലാതെ ചെയ്യാൻ മടിക്കില്ല. അതോടെ പരാജയം തുടങ്ങും. പിശാച് വിശ്വാസികളെ വേട്ടയാടുന്നത് ഭൗതികാലങ്കാരങ്ങൾ കാണിച്ചാണ്. അതിനാൽ പിശാചിന്റെ കെണിവലകളിൽ വീഴാതിരിക്കണമെങ്കിൽ ഭൗതികമോഹം പൂവണിയിക്കാൻ മാത്രമായുള്ള ജീവിതം ഉപേക്ഷിക്കണം.
പരലോക വിജയമാണ് നമ്മുടെ പ്രധാന ലക്ഷ്യം. ബുദ്ധിയുള്ളവരെല്ലാം ഇക്കാര്യം തിരിച്ചറിഞ്ഞവരാണ്. അതിന് തടസ്സമായി നിൽക്കുന്ന മഹാവിപത്താണ് ഭൗതിക പ്രേമം. പണം സമ്പാദിച്ച് ജനങ്ങൾക്കിടയിൽ പേരും പ്രശസ്തിയും നേടാൻ ശ്രമം നടത്തുന്നവർ പരാജയത്തിന്റെ പടുകുഴിയിലാണ്.
ഒരാൾ ദുൻയാവിനെ മോഹിക്കുകയും അതു ലക്ഷ്യം വെച്ച് കഠിനാധ്വാനം നടത്തുകയും ചെയ്താൽ അപകടം ഉറപ്പാണെന്ന് വിശുദ്ധ ഖുർആൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരാൾ ഭൗതിക ജീവിതത്തെയും അതിന്റെ ആഡംബരങ്ങളെയും ലക്ഷ്യമാക്കിയാൽ പരലോകത്ത് നരകം ഉറപ്പായിരിക്കും. അവരുടെ ശ്രമങ്ങളെല്ലാം വൃഥാവിലായിരിക്കുമെന്നാണ് ഖുർആൻ പാഠം.
പരലോകത്ത് വീടില്ലാത്തവർക്കുള്ള വീടും സമ്പാദ്യമില്ലാത്തവർക്കുള്ള സ്വത്തുമാണ് ദുൻയാവ്. ബുദ്ധിശൂന്യന്മാർ മാത്രമേ ദുൻയാവ് തേടിപ്പോവുകയുള്ളൂവെന്ന് റസൂൽ(സ്വ) ഓർമപ്പെടുത്തിയിട്ടുണ്ടല്ലോ. യഥാർഥ ധിഷണാശാലികളെ ചതിയിൽ പെടുത്താൻ പണത്തിനും ഭൗതികാലങ്കാരങ്ങൾക്കും കഴിയില്ല. ദുൻയാവുമായി ഹൃദയ ബന്ധം മുറിച്ചപ്പോൾ ഖൽബ് പ്രകാശിച്ചവരാണ് സൂഫികൾ.
ഈസാ നബി(അ)യോട് ശിഷ്യർ ചോദിച്ചു: ‘ജലപ്പരപ്പിലൂടെ നടക്കാൻ എങ്ങനെ സാധിക്കുന്നു? ഞങ്ങൾക്ക് കഴിയുന്നില്ലല്ലോ? ഈസാ(റ) തിരിച്ച് ചോദിച്ചു: ‘പണത്തെ സംബന്ധിച്ച കാഴ്ചപ്പാടെന്താണ്?’ അവർ: നല്ല അഭിപ്രായമാണ്. മഹാന്റെ പ്രതികരണം: ‘എന്നാൽ എന്റെ ഖൽബിൽ സ്വർണവും മണ്ണും തുല്യ സ്ഥാനത്താണ്. ദുൻയാവിനോടുളള ഹൃദയ പൂജ ഉപക്ഷിച്ചാൽ ഏതൊരു ഹൃദയവും ഉന്നതിയിലേക്കുയരും.’
അല്ലാഹുവിനെ ഓർക്കുന്നവരും ഓർമിപ്പിക്കുന്നവരുമല്ലാത്തതെല്ലാം ഭൗതികവും അഭിശപ്തവുമാണെന്ന് തിരുമൊഴികളിൽ കാണാം. അത്യാവശ്യമുള്ള വിഭവങ്ങളല്ലാതെ ദുൻയാവിൽ നിന്നും സമ്പാദിക്കുന്നവർ അവരുടെ നാശമാണ് സ്വരുക്കൂട്ടുന്നതെന്ന് അവരറിയുന്നില്ല.
ആഖിറത്തിലേക്കുള്ള യാത്രയിലെ കേവലം വിശ്രമസ്ഥലം മാത്രമാണ് ഈ ലോകം. നമ്മുടെ ലക്ഷ്യസ്ഥാനം പരലോകം മാത്രമാകണമെന്ന് പ്രവാചകർ(സ്വ) ഉണർത്തി. ഹൃദയത്തിൽ നിന്നു ഭൗതികമോഹം പറിച്ചെറിഞ്ഞാൽ നമ്മുടെ മനസ്സും ശരീരവും സ്വതന്ത്രമാകും. ഹൃദയം വിശാലമാകും. പണത്തേക്കാൾ അപകടകാരിയാണ് ദുൻയാവിലെ സ്ഥാനമോഹം. സമ്പാദ്യങ്ങൾ പോലും ഭൗതിക പദവികൾ നേടാനാണ്.
പണവും നേതൃമോഹവും ഹൃദയ കാപട്യം മുളപ്പിക്കുമെന്ന് നബി(സ്വ) അരുളിയിട്ടുണ്ട്. കാപട്യത്തിന്റെ കറുപ്പ് നിറഞ്ഞ ഖൽബിൽ ഈമാനിന്റെ പ്രകാശം കടക്കില്ല.
പദവിമോഹം മാരകമായ ഹൃദയ രോഗമാണെന്ന് സൂഫി പണ്ഡിതർ പഠിപ്പിക്കുകയുണ്ടായി. പേരും പ്രശസ്തിയും ജനസമ്മതിയുമെല്ലാം ലക്ഷ്യമാകുമ്പോൾ അല്ലാഹുവിൽ നിന്ന് അകലാൻ തുടങ്ങും. ജീവിതം ഇരുട്ടിലാകും. സ്ഥാനമോഹികളുടെ ഉള്ളിൽ സർവ മാലിന്യങ്ങളും രോഗങ്ങളും കട്ടപിടിച്ചിട്ടുണ്ടാകും. അവർ അഹങ്കാരികളും ലോകമാന്യക്കാരും ഉൾനാട്യക്കാരും അഹംബോധമുള്ളവരുമായിരിക്കും. പരലോകബോധവും മരണചിന്തയും അവരിൽ നിന്നും അപ്രത്യക്ഷമാകും.
അധികാരമോഹം മനുഷ്യനെ മൃഗതുല്യനാക്കും, ക്രൂരനാക്കും. ഈ ഉമ്മത്തിനെ നശിപ്പിക്കുന്ന വന്യമൃഗത്തേക്കാൾ സംഹാരശേഷിയുള്ള അപകടകാരിയാണ് പദവിമോഹമെന്ന് നബി(സ്വ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രശസ്തിമോഹം വിനാശകാരിയാണ്. നമ്മുടെ ബാഹ്യരൂപങ്ങളോ കർമങ്ങളോ അല്ല, ഹൃദയശുദ്ധിയും ഭക്തിയുമാണ് അല്ലാഹു പരിഗണിക്കുക. അവന്റെ പൊരുത്തം മാത്രമാണ് നമ്മുടെ ലക്ഷ്യം. അധികാരമോഹമോ പ്രശസ്തിപ്രിയമോ വാഴ്ത്തപ്പെടലുകളോ ലക്ഷ്യമായാൽ നാം പരാജയപ്പെടും. അല്ലാഹുവിന്റെ പ്രത്യേക കാവൽ ലഭിച്ചിട്ടില്ലെങ്കിൽ നാശം ഉറപ്പ്.

അബ്ദുൽ ബാരി സിദ്ദീഖി കടുങ്ങപുരം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ