ദുൽഹജ്ജ് അറബി കലണ്ടറിലെ അവസാന മാസം. ഖുർആൻ വിളംബരപ്പെടുത്തിയ അതിവിശുദ്ധ മാസങ്ങളിൽ ഒന്ന്. ദുൽഹിജ്ജ എന്നാൽ ഹജ്ജ് മാസം എന്നർത്ഥം. ഒരു മാസത്തെ ഹജ്ജിലേക്ക് ചേർത്തി പറഞ്ഞിരിക്കുകയാണ്. അഥവാ, ഹജ്ജ് എന്ന അതിവിശിഷ്ട ഇബാദത്തിന്റെ കാലമാണ് ദുൽഹജ്ജ്. കാലവും കർമവും നിർവഹണ സ്ഥലവുമെല്ലാം മഹത്ത്വമേറിയവ.
ഖുർആൻ പറയുന്നു: ആകാശ ഭൂമികളെ സൃഷ്ടിച്ചപ്പോൾ മുതൽ അല്ലാഹുവിന്റെ നിശ്ചയമനുസരിച്ച്, മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയിൽ നാലെണ്ണം പവിത്ര മാസങ്ങളാണ്. നേരായ മാർഗം അതാണ്. അതിനാൽ അവയിൽ നിങ്ങൾ നിങ്ങളോട് തന്നെ അതിക്രമം കാണിക്കരുത് (അത്തൗബ: 36). കാലഗണനയുടെ സാധ്യത ഉണ്ടായ ഘട്ടത്തിൽ തന്നെ പന്ത്രണ്ട് മാസങ്ങളുടെ ഒരു ചാക്രിക ക്രമം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ഗുണഭോക്താക്കൾ നാം തന്നെയാണ്താനും. സൂര്യചന്ദ്രന്മാരുടെ ഭ്രമണത്തെ ആസ്പദിച്ചുള്ള കാലഗണന നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്.

നാല് മാസങ്ങൾ ഏതൊക്കെയെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് മുതൽ കാലം അതിന്റെ ചാക്രികത മുറ തെറ്റാതെ പാലിക്കുന്നുണ്ട്. ഒരു വർഷം എന്നത് പന്ത്രണ്ട് മാസങ്ങളാണ്. അവയിൽ നാലെണ്ണം വിശുദ്ധ മാസങ്ങളാണ്. ദുൽഖഅ്ദ്, ദുൽഹിജ്ജ, മുഹർറം എന്നീ മൂന്നു മാസങ്ങൾ തുടർച്ചയായും മുളർ ഗോത്രക്കാരുടെ മാസമായ റജബുമാണത് (ബുഖാരി). ദുൽഹജ്ജ് അടക്കമുള്ള ഈ നാലു മാസങ്ങളുടെ പവിത്രതയുടെ പ്രധാന കാരണം ഹജ്ജും കഅ്ബയും തന്നെയാണ്. അഥവാ ഒരു വിശുദ്ധ കർമവും വിശുദ്ധ ഭവനവുമാണ് ഈ മാസങ്ങളിൽ യുദ്ധം ഹറാമാക്കിയതിന്റെ അടിസ്ഥാന കാരണം. മൂന്ന് മാസങ്ങളുടെയും പേരിൽ നിന്നു തന്നെ ഈ ആശയം വ്യക്തമാണ്. ഇസ്‌ലാംപൂർവ കാലത്തും ഭക്ത്യാദരപുരസ്സരം ജനങ്ങൾ കഅ്ബ സന്ദർശിക്കുകയും മക്കയിലേക്ക് തീർത്ഥാടനം നടത്തുകയും ചെയ്തിരുന്നു. അക്കാലങ്ങളിൽ സമൂഹത്തിൽ ഇടയ്ക്കിടെ കലഹങ്ങളും സംഘട്ടനങ്ങളും പൊട്ടിപ്പുറപ്പെടുമായിരുന്നു. ഇത് കാരണം തീർത്ഥാടകർക്ക് തടസ്സവും പ്രയാസവും ഉണ്ടാവരുതെന്ന നല്ല വിചാരമാണ് ഈ മാസങ്ങൾ യുദ്ധ നിരോധിതമാക്കുന്നതിന് പ്രചോദനമായത്.

പവിത്ര മാസങ്ങൾ
ഹജ്ജിനും ഉംറക്കും കഅ്ബയുടെ സവിധത്തിലേക്ക് തീർത്ഥാടനം ചെയ്യൽ ഇസ്‌ലാമിലെ പൂർവകാല പ്രവാചകന്മാരിലൂടെ നിലനിന്ന വിശിഷ്ടമായ ഒരു കർമമാണ്. ആ നിലയിൽ തീർത്ഥാടകർക്ക് ഗുണകരമായി നിശ്ചയിക്കപ്പെട്ട പവിത്രവൽകരണത്തെ ഇസ്‌ലാമും അംഗീകരിച്ചു. കുറവുകൾ പരിഹരിച്ച്, നിബന്ധനകൾ നിശ്ചയിച്ച് വിശ്വാസികൾക്ക് സാർവത്രികമായി ഉപകാരപ്പെടുംവിധം നിയമമാക്കുകയുണ്ടായി.
ഇബ്‌നു കസീർ എഴുതുന്നു: മൂന്ന് മാസങ്ങൾ തുടർച്ചയായും ഒരു മാസം ഒറ്റക്കായും യുദ്ധ നിരോധിത പവിത്ര മാസങ്ങളായി നിശ്ചയിക്കപ്പെട്ടത്, ഹജ്ജിന്റെ അനുഷ്ഠാനങ്ങൾ നിർവഹിക്കാൻ സൗകര്യത്തിനു വേണ്ടിയാണ്. ഹജ്ജ് നടക്കുന്നതിന് മുമ്പുള്ള ദുൽഖഅ്ദ് മാസത്തെ അവർ പവിത്രമാക്കി. ഒരു സംഘർഷത്തിനും പോകാതെ അടങ്ങിക്കഴിഞ്ഞു. ദുൽഹജ്ജ് മാസത്തെ ഹജ്ജ് കർമങ്ങൾ അനുഷ്ഠിക്കുന്നതിനായി വിനിയോഗിച്ചു. ഹജ്ജ് മാസം കഴിഞ്ഞുള്ള മുഹർറം മാസത്തെ ആദരിച്ചു നിർത്തി. അതുവഴി ദൂരദിക്കുകളിൽ നിന്നും തീർത്ഥാടനത്തിനെത്തിയവരുടെ സുരക്ഷിതത്വം ഉറപ്പാക്കി. വർഷത്തിന്റെ മധ്യത്തിലായി റജബ് മാസത്തെ അവർ പവിത്രമാക്കി. ദൂരദേശക്കാരിൽ നിന്ന് കഅ്ബ സന്ദർശിക്കാനും ഉംറ നിർവഹിക്കാനും വരുന്നവർക്ക് അനുകൂല സാഹചര്യമൊരുക്കി ആ മാസത്തിൽ സുരക്ഷിതവും നിർഭയവുമായ കഅ്ബാ തീർത്ഥാടനം സാധ്യമാക്കി (തഫ്‌സീർ ഇബ്‌നുകസീർ).
കുഴപ്പങ്ങളുടെ സാഹചര്യം ഉണ്ടാകാതിരിക്കാൻ അടങ്ങിയിരിക്കുന്ന മാസത്തെ ദുൽഖഅ്ദ് = ഇരുത്തത്തിന്റെ കാലമെന്നും ഹജ്ജ് കർമങ്ങൾ നിർവഹിച്ച മാസത്തെ ദുൽഹിജ്ജ = ഹജ്ജിന്റെ കാലമെന്നും തൊട്ടടുത്ത മാസത്തെ മുഹർറം അതായത് വിശുദ്ധ മാസമെന്നും വിളിച്ചു.

നബി(സ്വ) ഈ പേരുകൾ നിലനിർത്തുകയും ഉദ്ദേശ്യ ലക്ഷ്യങ്ങൾ തത്ത്വത്തിൽ സ്വീകരിക്കുകയും റജബ് മാസത്തെ ശഹ്‌റു മുളറ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അറബികൾക്കിടയിൽ നിലനിന്നിരുന്ന ഒരു ദുരാചാരത്തെ നിരാകരിക്കലും അത് തള്ളിയവരെ അംഗീകരിക്കലും ഈ വിശേഷണത്തിൽ അടങ്ങിയിട്ടുണ്ട്. തങ്ങളുടെ താൽപര്യങ്ങൾക്ക് വേണ്ടി വിശുദ്ധ മാസങ്ങളിലെ പവിത്രതയെ മറ്റൊരു മാസത്തിലേക്ക് മാറ്റിവെച്ച്, യഥാർത്ഥ മാസത്തിൽ അതിക്രമങ്ങൾ നടത്തുന്ന രീതി അവർ സ്വീകരിച്ചിരുന്നു. നസീഅ് എന്ന ഈ ദുർനടപടിയെ ഖുർആൻ, സത്യനിഷേധത്തിന്റെ ആധിക്യം എന്നാണ് വിശേഷിപ്പിച്ചത് (9/37). എന്നാൽ മുളർ ഗോത്രക്കാർ പവിത്രതയെ മാറ്റം വരുത്താതെ പരിരക്ഷിച്ചുവന്നു. അതിനാൽ അവരുടെ റജബ് കൃത്യമായിരുന്നു. റമളാൻ മാസത്തെയാണ് റബീഅത്ത് ഗോത്രക്കാർ റജബായി കണക്കാക്കിയിരുന്നത്. അതിനാൽ അങ്ങനെ ഒരു വിശേഷണം സംഗതമാണ്.

സാർവത്രിക നേട്ടം

ഈ കാലഘട്ടത്തെ പവിത്രമാക്കിയതിന്റെ ഉദ്ദേശ്യം തീർത്ഥാടകരുടെ സൗകര്യമായിരുന്നെങ്കിൽ, ഇസ്‌ലാം അതോടൊപ്പം മുഴുവൻ വിശ്വാസികൾക്കും ഉപകാരപ്പെടും വിധം ആവശ്യമായ പരിഷ്‌കാരത്തോടെയും ലക്ഷ്യത്തോടെയുമാണ് പവിത്രത നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ യുദ്ധങ്ങളും കുഴപ്പങ്ങളും ഇല്ലെങ്കിലും പവിത്രതയുടെ ഗുണങ്ങൾ ആവാഹിച്ച് നേട്ടമുണ്ടാക്കുന്നതിന് വിശ്വാസികൾക്ക് സാധിക്കും. തീർത്ഥാടകർക്കും അല്ലാത്തവർക്കും ഒരുപോലെ ഇതിന്റെ ഗുണഫലങ്ങൾ നേടാനുമാവും. തീർത്ഥാടകരെ സംബന്ധിച്ചിടത്തോളം അവർ എത്തിച്ചേരുന്ന സ്ഥലങ്ങളും നിർവഹിക്കുന്ന കർമങ്ങളും ഈ മഹത്ത്വത്തെ കൂടുതൽ തിളക്കമുള്ളതാക്കും എന്ന് മാത്രം.

നാം ജീവിക്കുന്ന സാമൂഹിക സാംസ്‌കാരിക സാഹചര്യം പഴയ കാലങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഒരു വ്യവസ്ഥയുടെ പരിധിയിൽ ക്രമപ്പെടാൻ കൂട്ടാക്കാത്ത സമൂഹങ്ങളും അതിനനുവദിക്കാത്ത താൽപര്യങ്ങളുമാണ് ഇക്കാലത്തുള്ളത്. അതുകൊണ്ട് തന്നെ, സഞ്ചാര സൗകര്യവുമായി ബന്ധപ്പെട്ടോ സമാധാന ജീവിത സംസ്ഥാപനവുമായി ബന്ധപ്പെട്ടോ പവിത്ര മാസങ്ങളുടെ പ്രാധാന്യവും പ്രസക്തിയും നമുക്കാലോചിക്കേണ്ടതില്ല. പക്ഷേ, വിശ്വാസിക്ക് മുമ്പിൽ എക്കാലവും നിലനിൽക്കുന്ന ആത്മസമര സാഹചര്യത്തെ കൂടി ഈ പവിത്രവൽകരണം ഉൾകൊണ്ടിട്ടുണ്ട്. ഇത് ഖുർആൻ തന്നെ അറിയിക്കുന്നുണ്ട്. ‘പവിത്ര മാസങ്ങളിൽ നിങ്ങൾ നിങ്ങളെത്തന്നെ ആക്രമിക്കരുത് (9/36) എന്നത് ശക്തമായൊരു താക്കീതാണ്. ഭൗതികമായ പ്രത്യക്ഷ സമരപരിപാടികൾ നടത്തരുതെന്ന് മാത്രമല്ല, മഹത്തായ സമരം എന്ന് വിശേഷിപ്പിക്കപ്പെട്ട ആത്മസമരത്തിന് നിങ്ങൾ തയ്യാറായിരിക്കണം എന്നു കൂടി അതിലടങ്ങിയിട്ടുണ്ട്.

നാം ജീവിക്കുന്ന കാലത്ത് ആത്മസമരത്തിന്റെ ആവശ്യകത വലിയ അളവിലും വ്യാപകമായും നിലനിൽക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ അരുതായ്മകളും ജീർണതകളും നിറഞ്ഞാടുന്ന കാലത്ത് നമ്മിലേക്കെത്തുന്ന പവിത്ര മാസങ്ങൾ വലിയ സന്ദേശമാണ് നൽകുന്നത്. ചില വിലക്കുകളും നിയന്ത്രണങ്ങളും സ്വയം സ്വീകരിച്ച് ആത്മീയതയെ സംരക്ഷിക്കാനുള്ള ആഹ്വാനം അതിലടങ്ങിയിട്ടുണ്ട്. ഖതാദ(റ) പറയുന്നു: പവിത്ര മാസങ്ങളിൽ സംഭവിക്കുന്ന അതിക്രമങ്ങൾ മറ്റു കാലങ്ങളിലെ അതിക്രമങ്ങളേക്കാൾ ഗുരുതരമായ തെറ്റും കുറ്റവുമാണ്. ഏതവസ്ഥയിലും അതിക്രമം ഗുരുതരം തന്നെ. എങ്കിലും അല്ലാഹു അവന്റെ നിശ്ചയം പോലെ ചിലതിനെ അതീവ ഗുരുതരമാക്കും (ഇബ്‌നുകസീർ).

പ്രചോദിതരാവുക

ആ മാസങ്ങളിൽ നിങ്ങൾ നിങ്ങളുടെ ശരീരങ്ങളെ അരുതായ്മകളിൽ നിന്ന് സൂക്ഷിക്കുക, കാരണം ആ മാസങ്ങളിൽ നന്മതിന്മകൾ ഇരട്ടിയാക്കപ്പെടും എന്ന് ഈ ആയത്തിന്റെ ഭാഗം ഓർമിപ്പിക്കുന്നുവെന്ന് ഇബ്‌നു അബ്ബാസ്(റ) വിശദീകരിച്ചിട്ടുണ്ട് (തഫ്‌സീറുൽ വാഹിദി).
അല്ലാഹുവിന്റെ വിധിവിലക്കുകൾക്ക് പ്രത്യേകമായ പരിഗണന നൽകാൻ സത്യവിശ്വാസികൾക്ക് ഈ പവിത്രീകരണം കൂടുതൽ പ്രചോദനമാകുന്നുണ്ട്. ലാഭവും നേട്ടവും തിരഞ്ഞു നെട്ടോട്ടമോടുന്നവരാണ് നാം. അപകടകരമായ സാഹചര്യങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നും രക്ഷനേടാനും പ്രതിരോധം തീർക്കാനും ഉപാധികളന്വേഷിച്ച് ഉപയോഗപ്പെടുത്തുന്നതും സ്വാഭാവികമാണ്. സത്യവിശ്വാസി എന്ന നിലയിൽ നൻമകളിലേക്ക് കൂടുതൽ ആകർഷണവും തിന്മകളിൽ നിന്ന് അകന്ന് നിൽക്കാനുള്ള പ്രേരണയും വർധിക്കാൻ സ്ഥലകാലങ്ങളിലെ മഹത്ത്വങ്ങളും വിശിഷ്ട കർമങ്ങളും കാരണമാകുമെന്നത് സത്യവിശ്വാസത്തിന്റെ സ്വാഭാവികതയാണ്. ഈ അവസ്ഥയെ തന്റെ ദാസന്മാർക്ക് ഗുണകരമായി തീർക്കാനാണ് അല്ലാഹു ചിലതിനെ സവിശേഷ പ്പെടുത്തിയതും മഹത്ത്വപ്പെടുത്തിയതും. നബി(സ്വ)യിലൂടെ അത് നമ്മെ അറിയിച്ച് ഗുണപരമായ മാറ്റത്തിന് അവൻ തന്നെ അവസരമൊരുക്കിയിട്ടുമുണ്ട്. അഥവാ, കാലത്തിനും സ്ഥലത്തിനും കർമങ്ങൾക്കും മഹത്ത്വം നിശ്ചയിക്കപ്പെട്ടത് അത് പരിഗണിക്കുന്നതിലൂടെ വിശ്വാസികളുടെ വിജയത്തിന് തിളക്കമുണ്ടാക്കാനാണ്.

മനുഷ്യ പ്രകൃതത്തിന്റെ തിൻമകളോടുള്ള അടുപ്പം സ്വാഭാവികമാണെന്നത് ഒരു സത്യമാണ്. സാഹചര്യം അനുകൂലമാണെങ്കിൽ തെറ്റുകാരനാവാനെളുപ്പവുമാണ്. ഭൗതിക സാഹചര്യങ്ങളും സമ്പർക്കപ്പെടുന്നവരുടെ ജീവിത സ്വഭാവരീതികളും പകരാനും സ്വാധീനിക്കാനും സാധ്യത കൂടുതലാണ്. അതുവഴി തിന്മകളോട് ആകർഷണമുണ്ടാവുകയും നന്മകളോട് അകലം വന്നുചേരുകയും ചെയ്യാം. ഇത്തരം അവസ്ഥയുടെ പടുകുഴിയിൽ അകപ്പെടാതിരിക്കാൻ ഇസ്‌ലാം ചിലതിന് നിശ്ചയിച്ചിട്ടുള്ള സവിശേഷതകളും മഹത്ത്വങ്ങളും കാരണമാകും. നൻമകൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കുമെന്ന അവബോധം നൻമകളോട് ആഭിമുഖ്യവും തിൻമകൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ തീർക്കുമെന്ന ബോധം തിന്മകളിൽ നിന്ന് മാറിനിൽക്കാനും കാരണമാണ്. സവിശേഷ സ്ഥലകാലങ്ങളെല്ലാം വിശ്വാസിക്ക് ഗുണകരമായി മാത്രമാണ് ഭവിക്കുക.

വിശുദ്ധ മാസങ്ങൾക്ക് പവിത്രത നിശ്ചയിക്കപ്പെട്ടതിലെ യുക്തിയും അതിന്റെ ഗുണഫലങ്ങളും ഇമാം റാസി(റ) വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. അല്ലാഹു ചില സ്ഥലകാലങ്ങളെ ചില പ്രത്യേകതകൾ കൊണ്ടും ചില പ്രത്യേക വ്യക്തികളെ രിസാലത്ത് പദവി നൽകിക്കൊണ്ടും സവിശേഷപ്പെടുത്തിയിട്ടുണ്ട്. ആ ഇനത്തിൽ പെട്ടതാണ് ഈ നാല് മാസങ്ങൾക്ക് നൽകപ്പെട്ട ബഹുമതി. ഈ മഹത്ത്വപ്പെടുത്തൽ കാരണമായി മനുഷ്യപ്രകൃതത്തിന്റെ സ്വാഭാവികതയായ തിൻമകളോടുള്ള ആഭിമുഖ്യവും അതിൽ നിന്ന് പിന്തിരിയാനുള്ള വിമുഖതയും ഇല്ലാതാകുന്നതിന് സാഹചര്യമൊരുങ്ങുന്നുണ്ട്.
സവിശേഷ സ്ഥലകാലങ്ങളിൽ തിൻമകൾ വർജിക്കുക എന്നത് പ്രത്യേകമായ നിർദേശമുള്ളതാണ് എന്ന ബോധം തിൻമകൾ കുറക്കാൻ കാരണമാകും. ഇത്തരം സ്ഥലകാലങ്ങളിൽ തിന്മകളിൽ നിന്ന് മാറിനിൽക്കൽ തിന്മകളിൽ നിന്ന് പാടെ മാറിനിൽക്കാൻ വരെ കാരണമാകും. അതുപോലെ സവിശേഷ കാലത്ത് നന്മകളിൽ പ്രചോദിതനായി നന്മകൾ പ്രവർത്തിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇങ്ങനെ ഒരു പരിവർത്തനമുണ്ടായാൽ പിന്നെ പഴയ അവസ്ഥയിലേക്ക് തിരിച്ചുപോവുക എന്നത് ബുദ്ധിയുള്ളവരെ സംബന്ധിച്ചിടത്തോളം തൃപ്തികരമായിരിക്കില്ല. അങ്ങനെ പൂർണമായി തെറ്റുകളിൽ നിന്ന് മാറിനിൽക്കുന്നതിന് പോലും ഇത് കാരണമായിത്തീരും. ഇതാണ് ചില സ്ഥലകാലങ്ങളെ അല്ലാഹു സവിശേഷപ്പെടുത്തിയതിലെ യുക്തി (തഫ്‌സീർ റാസി).

ദുൽഹിജ്ജയുടെ ധന്യത

ദുൽഹിജ്ജ പവിത്ര മാസങ്ങളിൽപെട്ട ഒന്നു മാത്രമല്ല, മറ്റു മാസങ്ങളിൽ നിന്ന് അതിനെ വ്യത്യസ്തമാക്കുന്ന ഏറെ ഘടകങ്ങളുണ്ട്. ഹജ്ജനുഷ്ഠാനമെന്ന ഇസ്‌ലാമിന്റെ അഞ്ചാമത്തെ സ്തംഭത്തിന് നിശ്ചയിക്കപ്പെട്ട ദിനരാത്രങ്ങൾ ഉൾക്കൊള്ളുന്ന മാസമാണത്. വൈയക്തികമായി ഒരാളുടെ ഇസ്‌ലാമിന്റെ പൂർത്തീകരണം നടക്കുന്നത് ഹജ്ജ് നിർവഹിക്കുന്നതോടെയാണ്. ഹജ്ജനുഷ്ഠാനത്തിലൂടെ സ്ഥല, കാല, കർമ, വിചാര, വാചിക നന്മകളുടെ മഹാസംഭരണമാണ് ഹാജി നടത്തുന്നത്.
നബി(സ്വ)യുടെ പ്രബോധന വിജയത്തിന്റെയും ഇസ്‌ലാം സമ്പൂർത്തീകരണത്തിന്റെയും പ്രഖ്യാപനമുണ്ടായതും ദുൽഹജ്ജിലാണ്. ഹജ്ജത്തുൽ വദാഅ്, ഇസ്‌ലാമിക ചരിത്രത്തിലെ കേവലമായൊരു രംഗമല്ല, ചരിത്ര പ്രധാനമായ ഒരു മഹാസംഭവമാണത്. ഇബ്‌റാഹീം(അ)ന്റെ കുടുംബത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും ദുൽഹജ്ജിലായിരുന്നു. മൂസാ(അ)ന്റെ മുനാജാത്ത് (ഇലാഹീ സംഭാഷണം) നടന്നതും ഈ മാസത്തിൽ തന്നെ.
ഈ കാര്യങ്ങളെല്ലാം ചരിത്ര പ്രധാനമാണെങ്കിൽ ദുൽഹജ്ജിന്റെ താത്ത്വികവും ആത്മീയവുമായ പെരുമയും ധാരാളമുണ്ട്. അതിൽ വിശ്വാസികൾക്ക് വേണ്ടി ഒരുക്കിവെച്ചിട്ടുള്ള അവസരങ്ങളും മഹത്ത്വങ്ങളും നിരവധിയത്രെ. അതിലെ ആദ്യ പകുതിയിലെ പതിമൂന്ന് ദിനരാത്രങ്ങൾ പുണ്യങ്ങളുടെ വിളനിലമാണ്. വിശുദ്ധ ഖുർആൻ സത്യം ചെയ്ത് പറഞ്ഞിട്ടുള്ള പത്ത് ദിനരാത്രങ്ങൾ ഇതിലെ ആദ്യ പത്ത് ദിവസങ്ങളാണ്.
ഹജ്ജിനായി പുണ്യഭൂമിയിൽ എത്തിയ വർക്കും പോയിട്ടില്ലാത്തവർക്കും ദുൽഹജ്ജ് തുറന്നുതരുന്നത് മഹത്ത്വങ്ങളുടെ കവാടമാണ്. ദുൽഹജ്ജിൽ മാത്രം നിർദേശിക്കപ്പെട്ട പുണ്യകർമങ്ങളെല്ലാം വിശ്വാസിയെ ആത്മീയതയുടെ നെറുകയിൽ എത്തിക്കുന്നു. വളരെ മഹത്ത്വമുള്ള ഒരു മാസത്തിലെ പുണ്യം നിറഞ്ഞ നാളുകൾ എന്ന വിചാരത്തിൽ അവയെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്താൽ ഐഹികവും പാരത്രികവുമായി ലഭിക്കുന്ന നേട്ടങ്ങൾ ശൈഖ് ജീലാനി(ഖ.സി) ഗുൻയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിലെ ഓരോ നോമ്പിനും ഒരു വർഷത്തെ നോമ്പിന് സമാനതയുണ്ട്. ഓരോ രാത്രിയും ലൈലത്തുൽ ഖദ്‌റിനോട് സമാനതയുള്ളതാണ് എന്ന് അബൂഹുറൈറ(റ) നിവേദനം ചെയ്ത ഹദീസിലുണ്ട് (ബുഖാരി).
നബി(സ്വ) പറഞ്ഞു: ഈ പത്തു നാളുകളേക്കാൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നത് അവന് ഏറെ ഇഷ്ടമുള്ളതായി മറ്റു ദിനങ്ങളൊന്നുമില്ല (ബുഖാരി). എന്തുകൊണ്ടാണ് ഈ ബഹുമതികൾ ഇവക്ക് സിദ്ധിച്ചതെന്ന് ഇബ്‌നുഹജറിൽ അസ്ഖലാനി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. നോമ്പ്, സ്വദഖ, ഹജ്ജ്, ദിക്‌റുല്ലാഹി എന്നീ പ്രധാന ഇബാദത്തുകളെല്ലാം ഈ ദിനങ്ങളിൽ വരുന്നുണ്ട് എന്നതാണ് അതിന്റെ കാരണം (ഫത്ഹുൽബാരി).
ഇബ്‌നു റജബ്(റ) രേഖപ്പെടുത്തുന്നു: ‘അല്ലാഹുവിന്റെ ഭവനമായ വിശുദ്ധ കഅ്ബ കാണാനുള്ള മോഹം വിശ്വാസി മാനസങ്ങളിൽ അല്ലാഹു നിക്ഷേപിച്ചതാണ്. പക്ഷേ, എല്ലാവർക്കും എല്ലാ വർഷങ്ങളിലും അതിനു സാധ്യമല്ലല്ലോ. അതിനാൽ ഇസ്തിത്വാഅത്തുള്ളവർക്ക് ആയുസ്സിൽ ഒരു പ്രാവശ്യം ഹജ്ജനുഷ്ഠാനം നിർബന്ധമാക്കി. അതോടൊപ്പം ദുൽഹജ്ജിലെ പത്ത് നാളുകളെ ഹജ്ജിനു പോയവർക്കും അല്ലാത്തവർക്കും പങ്കാളികളാവാൻ പറ്റും വിധത്തിൽ നന്മകളുടെ കാലഘട്ടമാക്കി. അങ്ങനെ, ഒരാൾക്ക് ഹജ്ജിനു പോകാൻ സാധിച്ചില്ലെങ്കിലും ഹജ്ജിനേക്കാൾ ശ്രേഷ്ഠമായ കർമങ്ങൾ സ്വന്തം വീട്ടിൽ വച്ച് ചെയ്യാൻ സാധിക്കുന്നു (ലത്വാഇഫുൽ മആരിഫ്).

ദിക്‌റുല്ലാഹി

ഹജ്ജിന്റെ ലക്ഷ്യങ്ങളായി പറഞ്ഞതിൽ പ്രധാനപ്പെട്ടതാണ് ദിക്‌റുല്ലാഹി. അല്ലാഹുവെന്ന വിചാരവും അവനിലുള്ള പ്രതീക്ഷയും അവനെ കുറിച്ചുള്ള ഭക്ത്യാദരവുകളും തുടിച്ച് നിൽക്കുന്ന അനുഷ്ഠാനങ്ങളുടെ സവിശേഷ കാലമാണല്ലോ ഹജ്ജ്കാലം. ദിക്‌റുല്ലാഹിയിലുള്ള പങ്കാളിത്തം എവിടെ വെച്ചും വിശ്വാസികൾക്ക് സാധിക്കും. എന്നാൽ ദുൽഹജ്ജിലെ ആദ്യ പകുതിയിലെ പതിമൂന്ന് നാളുകളിൽ ഇതിന് പ്രത്യേക നിർദേശമുണ്ട്. ദുൽഹജ്ജിന്റെ പിറവി മുതൽ ഉള്ഹിയ്യത്തിന്റെ യോഗ്യതയുള്ള മൃഗങ്ങളെ കാണുമ്പോൾ തക്ബീർ സുന്നത്തുണ്ട്. അറഫാ ദിനത്തിലെ സ്വുബ്ഹ് മുതൽ പതിമൂന്നിലെ അസ്വർ നിസ്‌കാര ശേഷം വരെ നിസ്‌കാരങ്ങൾക്ക് ശേഷം തക്ബീർ സുന്നത്തുണ്ട്. പെരുന്നാൾ രാവിൽ പ്രവേശിച്ചത് മുതൽ പെരുന്നാൾ നിസ്‌കാരത്തിൽ പ്രവേശിക്കുന്നത് വരെ എപ്പോഴും തക്ബീർ ചൊല്ലൽ സുന്നത്താണ്. ഇരുപത് വഖ്ത് നിസ്‌കാരങ്ങൾക്ക് ശേഷം പ്രത്യേകമായ ഈ തക്ബീർ ചൊല്ലൽ നടക്കും. നിസ്‌കാര ശേഷമുള്ള ദിക്‌റുകൾ തന്നെ മഹത്ത്വമേറിയതാണ്. അതോടൊപ്പം ഈ തക്ബീറുകൾ കൂടി ആകുമ്പോൾ മഹത്ത്വം ഏറുകയാണ്. ദുൽഹജ്ജിൽ പ്രയാസരഹിതമായി വിശ്വാസിക്ക് ദിക്‌റുല്ലാഹിയിലെ പങ്കാളിത്തത്തിന് സാധിക്കും.

പെരുന്നാൾ രാത്രിയിലെ പ്രത്യേകമായ നേട്ടങ്ങളും അവസരങ്ങളും പെരുന്നാൾ ദിനത്തിലെ അനുഷ്ഠാനങ്ങളും മറ്റു മൂന്നു മാസങ്ങളിലില്ലെങ്കിലും ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ശവ്വാൽ മാസത്തിലുണ്ട്. പക്ഷേ, അത് പവിത്രമായ മാസത്തിലല്ല എന്ന നിലയിൽ ദുൽഹജ്ജിലെ പെരുന്നാളായ ബലിപെരുന്നാളും അതോടനുബന്ധിച്ച അനുഷ്ഠാനങ്ങളും ചര്യകളും കൂടുതൽ പുണ്യകരമാണ്. പെരുന്നാൾ ദിനത്തിന്റെ ഉടനെയുള്ള മൂന്ന് ദിനങ്ങളാണല്ലോ അയ്യാമുത്തശ്‌രീഖ്. നബി(സ്വ) ഈ ദിവസങ്ങളെ കുറിച്ച് പറഞ്ഞു: തിന്നുക, കുടിക്കുക, ദിക്‌റുല്ലാഹി എന്നിവയുടെ നാളുകളാണ് തശ്‌രീഖിന്റെ ദിനങ്ങൾ (മുസ്‌ലിം).

ഇബ്‌റാഹീമീ കുടുംബത്തിന്റെ ജീവിതത്തിലെ വിവിധ രംഗങ്ങൾ ഹജ്ജനുഷ്ഠാനത്തിന്റെ ഭാഗമായി നിർദേശിക്കപ്പെട്ടിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ബലികർമം. അതിനെ നിർബന്ധമായി നിശ്ചയിക്കാതെ ഹാജിക്കും അല്ലാത്തവർക്കും നാട്ടിൽ വെച്ചും പുണ്യഭൂമിയിൽ വെച്ചും നിർവഹിക്കാൻ പ്രോത്സാഹനം നൽകിയിരിക്കുകയാണ്. നിർബന്ധമല്ലെങ്കിലും സാധിക്കുമെങ്കിൽ ഓരോ ബലിപെരുന്നാളിനോടനുബന്ധിച്ചും ഉള്ഹിയ്യത്ത് നടത്തൽ ശക്തമായ സുന്നത്താണ്. സാഹചര്യം ഒത്തുവന്നാൽ അത് ഉപേക്ഷിക്കുന്ന കാര്യത്തിൽ ഞാൻ ഇളവ് നൽകില്ല എന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട്. ഉള്ഹിയ്യത്ത് ഉദ്ദേശിക്കുന്നവൻ ദുൽഹജ്ജ് പിറന്നാൽ പിന്നെ ഹാജിയെ പോലെ തന്നെ ദേഹത്തുനിന്ന് മുടിയോ നഖമോ നീക്കാതിരിക്കൽ സുന്നത്താണ്.

ഹാജിയോടൊപ്പം

ഹജ്ജിന് പോയിട്ടില്ലാത്ത നാട്ടിലുള്ളവർക്കും അല്ലാഹു ഹജ്ജ് ദിനങ്ങളോടനുബന്ധിച്ച് നന്മക്കുള്ള ധാരാളം അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. അവ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി നടത്തുന്ന പരിശ്രമങ്ങൾക്കും വലിയ അംഗീകാരമുണ്ട്. നാട്ടിലുള്ളവർ ഹാജിമാരോട് ഐക്യപ്പെടുന്നതിനുള്ള കർമങ്ങളും ചര്യകളും നിശ്ചയിച്ച് അകലങ്ങളിലും അടുപ്പം സാധ്യമാക്കുന്നു. അഥവാ പത്ത് ദിനരാത്രങ്ങളിൽ നോമ്പ്, ദിക്‌റുല്ലാഹി, ഇബാദത്തിലുള്ള അധ്വാനം എന്നിവവഴി പാപമോചനം നേടുന്നതിലും ഉള്ഹിയ്യത്ത് മുഖേന അല്ലാഹുവിനോട് അടുക്കുന്നതിലും ഹാജിയോട് ചേരുന്നതിന്റെ ചൈതന്യമുണ്ട്. ഹാജിമാരെല്ലാം അറഫയിൽ നിന്ന് മടങ്ങി മുസ്ദലിഫയും കഴിഞ്ഞ് മൂന്നുനാൾ മിനായിൽ കഴിയുന്നു. ജംറകളെ എറിയലും രാപാർക്കലുമായി ആ മൂന്ന് ദിനങ്ങളിൽ അവിടെ തുടരും. ഈ സന്ദർഭത്തിൽ നോമ്പനുഷ്ഠിക്കാതെ ദിക്‌റുല്ലാഹിയിൽ ഏർപ്പെടാനാണ് അല്ലാഹുവിന്റെ തീരുമാനം. അതുകൊണ്ടു തന്നെ പുണ്യകാലമല്ലേ, പുണ്യസ്ഥലമല്ലേ, പുണ്യകർമമല്ലേ എന്നീ ന്യായങ്ങളുയർത്തി നോമ്പനുഷ്ഠിക്കാൻ പാടില്ലെന്നാണ് നിയമം. അതുവഴി ദിക്‌റുല്ലാഹിയിൽ ആശ്വാസവും ആവേശവും നിലനിൽക്കണം. ബലിമാംസം ഉപയോഗിച്ച് ഭക്ഷണപാനീയങ്ങൾ കഴിച്ച് ദിക്‌റുല്ലാഹിയിൽ മുഴുകാനവസരം നിശ്ചയിച്ചിരിക്കുകയാണ്. അതേ ദിവസങ്ങളിൽ നാട്ടിലുള്ളവരും പുണ്യങ്ങൾ വാരിക്കൂട്ടാനുള്ള അവസരം ഉപയോഗപ്പെടുത്തണം. ഉള്ഹിയ്യത്ത് മാംസം ഉപയോഗപ്പെടുത്തിയും അന്നപാനാദികൾ മുടങ്ങാതെയും ദിക്‌റുല്ലാഹി ചെയ്യണം. ഹാജിയും നാട്ടിലുള്ളവരും അന്നേ ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുകയല്ല വേണ്ടത്. ഇബ്‌നുറജബ്(റ) ലത്വാഇഫുൽ മആരിഫിൽ ഇക്കാര്യങ്ങൾ വിശദമായി എഴുതുന്നുണ്ട്.

ഹാജിയും നാട്ടിലുള്ളവരുമെല്ലാം അല്ലാഹുവിന്റെ അടിമകളാണ്. രണ്ടു വിഭാഗത്തിന്റെയും അധ്വാനത്തിനു ആത്മാർത്ഥതക്കും അനുസരിച്ച് അർഹിക്കുന്ന പരിഗണനയും പ്രതിഫലവും നൽകപ്പെടുന്ന കാലമാണ് ദുൽഹജ്ജ്. അതുകൊണ്ടു തന്നെ നാല് പവിത്ര മാസങ്ങളിലെ രാജാവാണ് ദുൽഹജ്ജ് മാസം. നാട്ടിലാണെങ്കിലും വിശുദ്ധ ഭൂമിയിലാണെങ്കിലും ലഭിക്കുന്ന പുണ്യാവസരങ്ങളെ അനുഷ്ഠാനങ്ങൾ കൊണ്ട് പരമാവധി ഉപയോഗപ്പെടുത്തി ധന്യരാവുക. അലങ്കോലപ്പെട്ട് കിടക്കുന്ന ജീവിതത്തെ ക്രമവും അച്ചടക്കവും കൊണ്ട് മനോഹരമാക്കുക. അങ്ങനെ നമ്മുടെ ജീവിതത്തിൽ നൽകിയ ഈ നല്ല കാലത്തെ നന്നായി മുതലെടുക്കുക.

അലവിക്കുട്ടി ഫൈസി എടക്കര

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ