5പ്രപഞ്ചത്തിലെ മുഴുവന്‍ വിഭവങ്ങളും അല്ലാഹുവിന്റെ ഉടമസ്ഥതയിലാണ്. അവയത്രയും അവന്‍ ഒരുക്കിവെച്ചിരിക്കുന്നത് മനുഷ്യന് വേണ്ടിയാണ്. മനുഷ്യനത് തേടിക്കണ്ടെത്തണം. ആഹാരവും മറ്റുവിഭങ്ങളും സമ്പാദിക്കാന്‍ അനുവദനീയമായ ഏത് രീതിയും സ്വീകരിക്കാം മാന്യമായ തൊഴിലിലൂടെ കുടുംബം പുലര്‍ത്താന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും അനുവദനീയമല്ലാത്തത് കുടുംബത്തെ ഭക്ഷിപ്പിക്കാതിരിക്കാന്‍ കുടുംബ നാഥന്‍ ബദ്ധശ്രദ്ധനായിരിക്കണമെന്നും മതം സഗൗരവം പഠിപ്പിക്കുന്നുണ്ട്.
രാപ്പകലുകളെ ദൃഷ്ടാന്തങ്ങളായി അവതരിപ്പിച്ച അല്ലാഹു ഓരോന്നിനും അതിന്‍റേതായ സവിശേഷതകള്‍ വെച്ചിട്ടിണ്ട്. രാത്രിയെ ഇരുള്‍ മുറ്റിയതാക്കി ശബ്ദകോലാഹലങ്ങളില്‍ നിന്ന് ഒഴിച്ച് നിര്‍ത്തിയത് മനുഷ്യന് വിശ്രമിക്കാന്‍ വേണ്ടിയാണ്. പകലിനെ പ്രകാശമുള്ളതാക്കിയത് അല്ലാഹുവിന്റെ അനുഗ്രഹം തേടി തൊഴില്‍ അന്വേഷിച്ചിറങ്ങാനാണെന്നും ഖുര്‍ആന്‍, രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാക്കുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശമാനമാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ രക്ഷിതാവില്‍ നിന്നുള്ള അനുഗ്രഹം തേടുന്നതിനു വേണ്ടിയാണിത് (1712).
തൊഴില്‍ദാതാവായ മുതലാളിയെ മാത്രം വിശുദ്ധ വല്‍ക്കരിക്കുന്ന രീതി ഇസ്്ലാമിലില്ല. പണിയെടുക്കുന്ന തൊഴിലാളിക്കും സമാനമായ പരിഗണന ഇസ്്ലാം വകവെച്ചു നല്‍കുന്നു. പണിയെടുത്തവന് വിയര്‍പ്പുണങ്ങുന്നതിന് മുമ്പ് വേതനം നല്‍കണമെന്ന പാഠത്തിലൂടെ പ്രവാചകന്‍(സ്വ) നീതിയുടെ പരമകാഷ്ട പഠിപ്പിക്കുന്നു. ഒരിക്കല്‍ മദീനാ പള്ളിയില്‍ യാചിച്ച് വന്ന മനുഷ്യനു വേണ്ടി സ്വഹാബികളില്‍ നിന്ന് പ്രവാചകര്‍ പിരിവെടുത്തു. ആ പണം കൊണ്ട് പണിയായുധങ്ങള്‍ വാങ്ങി നല്‍കുകയും മാന്യമായ തൊഴില്‍ ചെയ്ത് ജീവിതം പുലര്‍ത്താന്‍ കല്‍പ്പിക്കുകയുമുണ്ടായി. യാചിച്ചു വരുന്നവരെ വെറും കയ്യോടെ മടക്കി അയക്കരുതെന്ന് പറയുന്നതോടൊപ്പം തന്നെ ആരോഗ്യമുള്ളവര്‍ യാചിക്കരുതെന്നും മെയ്യനങ്ങി പണിയെടുത്ത് കുടുംബം പുലര്‍ത്തണമെന്നുമാണ് പ്രവാചകന്റെ മേല്‍നടപടി സൂചിപ്പിക്കുന്നത്.
ആരാധനക്ക് തടസ്സമാവരുത്
അനുവദനീയമായ രീതിയില്‍ ധനസമ്പാദനം നടത്തുമ്പോള്‍ തന്നെ ആരാധനകള്‍ക്ക് തടസ്സം വരാതെ നോക്കണമെന്ന് നിഷ്കര്‍ഷയുണ്ട്. ഖുര്‍ആന്‍ പറയുന്നു: നബിയേ പറയുക, നിങ്ങളുടെ സ്വത്തുക്കളും തകര്‍ച്ച നേരിടുമെന്ന് നിങ്ങള്‍ ഭയക്കുന്ന നിങ്ങളുടെ കച്ചവടങ്ങളും പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവേക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള ധര്‍മ സമരത്തെക്കാളും പ്രിയപ്പെട്ടതായാല്‍ അല്ലാഹു അവന്റെ ശിക്ഷ കൊണ്ടുവരുന്നത് നിങ്ങള്‍ പ്രതീക്ഷിക്കുക. അവന്‍ ധിക്കാരികളെ നേര്‍വഴിയിലാക്കുന്നതല്ല (924). അല്ലാഹുവിനെ സ്മരിച്ച് കൊണ്ട് ജീവിക്കുകയും പരലോകത്തെ സുഖജീവിതത്തിന് വേണ്ടി ഇഹലോകത്ത് ധര്‍മ ജീവിതം നയിക്കുകയും ചെയ്യുന്നവരെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് കാണുക. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും നിസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയ വിക്രയങ്ങളോ അവരുടെ ശ്രദ്ധ തിരിച്ചു വിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുന്നു (2437)
കച്ചവടവും മറ്റു ജീവിത വൃത്തികളും നിസ്കാരത്തിനും മറ്റു ആരാധനകള്‍ക്കും തടസ്സമാവാതിരിക്കാന്‍ വിശ്വാസികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. നിര്‍ബന്ധ നിസ്കാരങ്ങള്‍ ജോലിത്തിരക്കില്‍ നഷ്ടപ്പെട്ടു പോവുന്നത് സൂക്ഷിക്കണം. നിസ്കാരം ഖളാഅ് ആക്കുന്നത് വമ്പാപങ്ങളില്‍ പെട്ടതാണെന്നറിയുക. പിന്നീട് ഖളാഅ് വീട്ടിയാല്‍ തന്നെ സമയം വിട്ടു പിന്തിച്ചതിന് ശിക്ഷയുണ്ട്. ചെയ്യുന്ന ജോലികള്‍ ഐശ്വര്യമില്ലാത്ത പാഴ്വേലകളാകാന്‍ ഇത് കാരണമാവും. ഒരിക്കല്‍ പ്രവാചകര്‍(സ്വ) ജുമുഅക്ക് നേതൃത്വം നല്‍കി ഖുത്വുബ നിര്‍വഹിക്കവെ ഒരു കച്ചവട സംഘം അവിടെ എത്തിപ്പെട്ടു. ഇതു കണ്ട് ശ്രോതാക്കളില്‍ നല്ലൊരു പങ്കും എഴുന്നേറ്റ് പോയി കച്ചവടത്തില്‍ ഏര്‍പ്പെട്ടു. ഈ സാഹചര്യത്തില്‍ ഖുര്‍ആന്‍ അവതരിച്ചു: സത്യവിശ്വാസികളെ, വെള്ളിയാഴ്ച ദിവസം നിസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും വ്യാപാരം ഉപേക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. അങ്ങനെ നമസ്കാരം കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ ആഹാരം തേടിയിറങ്ങുക.
തൊഴിലെടുത്ത പ്രവാചകര്‍
അല്ലാഹു മതപ്രബോധനത്തിനയച്ച പ്രാവചകന്മാര്‍ മാതൃകാ പുരുഷരായിരുന്നു. മനുഷ്യര്‍ക്കിടയില്‍ അവര്‍ ജീവിച്ചു, കുടുംബം പോറ്റി, അങ്ങാടിയിലൂടെ നടന്നു, മാന്യമായ തൊഴിലുകളെടുത്ത് ആഹാരം സമ്പാദിച്ചു. വ്യത്യസ്ത തൊഴിലുകളെടുത്ത പ്രവാചകന്മാരെ ഖുര്‍ആനില്‍ നിന്ന് നമുക്ക് വായിക്കാനാവും.
മനുഷ്യപിതാവായ ആദം നബി(അ)ക്ക് വിവിധ കൈതൊഴിലുകള്‍ വശമായിരുന്നു. നബി വസ്ത്രം നിര്‍മ്മിച്ചിരുന്നുവെന്നതിന് ഖുര്‍ആനില്‍ സൂചനയുണ്ട് (20121). കഅ്ബ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന പിതാവും പുത്രനുമായിരുന്നു ഇബ്രാഹീം (അ), ഇസ്മാഈല്‍(അ) എന്നിവര്‍. കെട്ടിട നിര്‍മ്മാണം അവര്‍ക്ക് പരിചയമുണ്ടായിരുന്നു (21125). ദാവൂദ് നബി(അ)ക്ക് പടയങ്കി നിര്‍മാണമറിയാമായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ നേരിടുന്ന യുദ്ധ വിപത്തുകളില്‍ നിന്ന് സംരക്ഷണം നല്‍കുവാനായി പടയങ്കിയുടെ നിര്‍മാണവും അദ്ദേഹത്തെ നാം പഠിപ്പിച്ചു (2180). ഇരുമ്പിനെ ഉരുക്കിയെടുക്കാനും അതുപയോഗിച്ച് ആയുധങ്ങളും മറ്റു ഉപകരണങ്ങളും നിര്‍മ്മിക്കാനും ദാവൂദ് നബിക്ക് പ്രത്യേക കഴിവ് നല്‍കിയെന്ന് ഖുര്‍ആന്‍ ഊന്നിപ്പറയുന്നു (3410). സ്വന്തം അണികള്‍ക്ക് യുദ്ധത്തിന് വേണ്ട പടയങ്കിയും, ആയുധങ്ങളും നബി നിര്‍മിച്ചു.
ആശാരിപ്പണിയില്‍ വിദഗ്ദ്ധനായിരുന്നു നൂഹ് നബി(അ) (1137). അല്ലാഹു നബിയോട് കപ്പലുണ്ടാക്കാന്‍ കല്‍പ്പിച്ചു. നൂഹ് നബി(അ) നാഥന്റെ കല്‍പ്പനപ്രകാരം കപ്പലുണ്ടാക്കുകയും ചെയ്തു (2327). ആടിനെ മേയ്ക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന മൂസാ നബി(അ)യോട് കയ്യിലെന്താണെന്ന സ്രഷ്ടാവിന്റെ ചോദ്യത്തിന് വടിയാണെന്നും എന്റെ ആടുകള്‍ക്ക് ഇല അടിച്ചു വീഴ്ത്തികൊടുക്കാനും മറ്റാവശ്യങ്ങള്‍ക്കും അതുപയോഗിക്കുമെന്നുമായിരുന്നു നബിയുടെ മറുപടി (2018). തങ്ങളുടെ ആളുകള്‍ക്ക് വേണ്ടി ഈജിപ്തില്‍ വീടുകള്‍ സൗകര്യപ്പെടുത്തി കൊടുക്കാന്‍ മൂസാ, ഹാറൂന്‍ (അ) നബിമാരോട് അല്ലാഹു കല്‍പ്പിച്ചു (1087). ശുഐബ് നബി (അ) തന്റെ മകളെ മൂസാ നബിക്ക് വിവാഹം ചെയ്തു കൊടുത്തത് എട്ടുവര്‍ഷം തന്റെ കൂലിക്കാരനായി നില്‍ക്കണമെന്ന നിബന്ധന വെച്ച ശേഷമായിരുന്നു (2827). യൂസുഫ് നബി(അ) ജോലി ചെയ്തിരുന്നുവെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു (1255). അന്ത്യപ്രവാചകര്‍(സ്വ) കച്ചവടവും ആടുമേയ്ക്കലും ഈത്തപ്പനത്തോട്ടത്തിലെ പണിയുമെല്ലാം ചെയ്തിരുന്നു. നിയോഗത്തിനു മുമ്പ് തന്നെ ഖദീജ(റ) കച്ചവട സംഘത്തിനു നേതൃത്വം നല്‍കി പ്രവാചകന്‍ വ്യാപാരപാടവം തെളിയിച്ചു. പ്രവാചകരുടെ നേതൃത്വത്തില്‍ പോയകച്ചവട സംഘം വലിയ ലാഭവുമായിട്ടായിരുന്നു തിരിച്ചു വന്നിരുന്നത്.
ഒരിക്കല്‍ തന്റെ പേരമക്കളായ ഹസനും, ഹുസൈനും (റ) വിശന്നു കരയുന്നത് കണ്ട് പ്രവാചകര്‍(സ്വ) മദീനയിലെ ഒരു ഗ്രാമീണനായ അറബിയുടെ തോട്ടത്തില്‍ പന നനച്ചു കൊടുത്ത് പകരം കൂലിയായി ഏതാനും ഈത്തപ്പഴങ്ങള്‍ വാങ്ങിയെന്നും അവസാനം ബക്കറ്റ് പൊട്ടി കിണറ്റില്‍ വീണതിനാല്‍ ബദവി തന്റെ പരുത്ത കരം കൊണ്ട് പ്രാവചകരെ അടിച്ചുവെന്നും ചരിത്രത്തിലുണ്ട് (ഹികാത്തുല്‍ ഖല്‍യൂബി). പക്ഷേ, പ്രവാചകര്‍ തിരിച്ച് പുഞ്ചിരിച്ചു മാത്രം പ്രതികരിച്ചു.
ചില തൊഴിലുകള്‍
കൃഷിയും കച്ചവടവും ശ്രേഷ്ഠ തൊഴിലുകളായി ഇസ്്ലാം പരിചയപ്പെടുത്തിയിരിക്കുന്നു. വഞ്ചനയും കൊള്ള ലാഭവും ചൂഷണവുമില്ലാത്ത കച്ചവടക്കാര്‍ സ്വര്‍ഗസ്ഥരാണെന്നാണ് മതപാഠം: വിശ്വസ്തരായ കച്ചവടക്കാര്‍, പ്രവാചകര്‍ക്കും ശുഹദാക്കള്‍ക്കും സ്വാലിഹീങ്ങള്‍ക്കുമൊപ്പമായിരിക്കും. കച്ചവടത്തിനിറങ്ങുന്നതും ആരാധനക്ക് ഭംഗം വരാതെ വ്യാപാരം നടത്തുന്നതുമെല്ലാം ഖുര്‍ആന്‍ പ്രോത്സാഹിപ്പിച്ച കാര്യമാണ്.
കൃഷിയും പ്രവാചകര്‍(സ്വ) ശക്തമായി പ്രചോദിപ്പിച്ച ജീവിത മാര്‍ഗമാണ്. അചേതനമായ ഭൂമിയെ കൃഷിയോഗ്യമാക്കുന്നതിനെ ഇസ്്ലാം പ്രോത്സാഹിപ്പിച്ചു. ആരെങ്കിലും തരിശ് ഭൂമി കൃഷിയോഗ്യമാക്കിയാല്‍ ആ ഭൂമി അയാള്‍ക്കുള്ളതാണെന്ന് പ്രവാചകര്‍ പഠിപ്പിച്ചു. മദീനയില്‍ നബി പലായനം ചെയ്തെത്തിയപ്പോള്‍ അവിടെയുള്ളവരെല്ലാം കര്‍ഷകരായിരുന്നു. പ്രഥമകാല മുസ്്ലിംകളുടെ സാമൂഹിക ജീവിതവും സംസ്കാരവും രൂപീകരിക്കുന്നതില്‍ കൃഷിക്ക് വലിയ പങ്കുണ്ടായിരുന്നു.
സ്വര്‍ണവും വെള്ളിയുമടക്കമുള്ളവയുടെ ഖനനവും ഇസ്ലാമിക കര്‍മശാസ്ത്ര സംബന്ധമായ വ്യവഹാരങ്ങളാണ്. അവക്കു സകാത്തുമുണ്ട്. മറ്റൊരു പരാമര്‍ശനീയ സമ്പാദന രീതിയാണ് സമുദ്രവുമായി ബന്ധപ്പെട്ട തൊഴിലുകള്‍. മത്സ്യ ബന്ധനവും സമുദ്രത്തിലൂടെ യാത്ര ചെയ്തുള്ള വ്യാപാരവും മുത്തു ശേഖരണവും കടലിലെ മറ്റു വിഭങ്ങള്‍ കണ്ടെത്തി വ്യാപാരം ചെയ്യുന്നതുമെല്ലാം മതം അനുവദനീയമാക്കുന്നു. അവന്‍ നിങ്ങള്‍ക്ക് സമുദ്രത്തെ കീഴ്പ്പെടുത്തി തന്നു. നിങ്ങള്‍ അതില്‍ നിന്ന് പുതുമാംസം ഭക്ഷിക്കാന്‍ വേണ്ടി. നിങ്ങള്‍ക്ക് ധരിക്കുന്നതിനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുന്നതും അതിലൂടെ കപ്പലുകള്‍ കടന്നു പോവുന്നതും നിങ്ങള്‍ക്ക് കാണാം. നിങ്ങള്‍ അവന്റെ അനുഗ്രഹങ്ങള്‍ തേടാനും നന്ദിയുള്ളവരാവാനും വേണ്ടിയാണിത് (164)
സമഗ്രവും സന്പൂര്‍ണവുമായ ഇസ്്ലാം തൊഴിലിനോടും തൊഴിലാളികളോടും വിഭവ ശേഖരണത്തോടും കാണിക്കുന്ന അനുകൂല മനോഭാവവും നിലപാടുകളുമാണ് ഇതെല്ലാം ബോധ്യപ്പെടുത്തുന്നത്.

മുഹമ്മദ് നിശാദ് രണ്ടത്താണി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ