സ്ത്രീ ശരീരം പ്രദർശന വസ്തുവാണെന്നത് പുരുഷ കേന്ദ്രീകൃത വാണിജ്യ വ്യവസ്ഥിതിയുടെ വാദമാണ്. സ്ത്രീയുടെ സുരക്ഷിതത്വത്തിന് ഇസ്‌ലാം വലിയ മൂല്യം കൽപ്പിക്കുന്നതുകൊണ്ടാണ് അവളുടെ വസ്ത്രധാരണത്തിന്റെ കാര്യത്തിലും കൃത്യമായ ഇടപെടലുകൾ നടത്തിയത്. പൊതു ഇടങ്ങളിൽ സ്ത്രീയുടലിൽ നിന്ന് ഒരു ഭാഗവും അന്യ പുരുഷനു ദർശിക്കാനിടനൽകരുതെന്നാണ് മതത്തിന്റെ നിലപാട്.

സാങ്കേതികമായി മുഖവും കൈപ്പത്തിയും നഗ്‌നതയല്ലെങ്കിലും അന്യ പുരുഷൻ ബോധപൂർവം നോക്കാനിടയുണ്ടെങ്കിൽ മറച്ചിരിക്കണം. ഇക്കാര്യത്തിൽ നാലു മദ്ഹബുകൾക്കും ഏറെക്കുറെ യോജിപ്പുണ്ട്; ഹനഫീ മദ്ഹബിൽ ഏറ്റവും പ്രബല വീക്ഷണ പ്രകാരം യുവതികൾ അന്യപുരുഷന്മാരുടെ സാന്നിധ്യത്തിൽ മുഖം തുറന്നിടുന്നത് പാടില്ലാത്തതും വിലക്കപ്പെടേണ്ടതുമാണ് (ശർഹു കൻസുദ്ദഖാഇഖ് 2/183). അന്യ സ്ത്രീകളെ അനിവാര്യ ഘട്ടങ്ങളിലല്ലാതെ നോക്കുന്നത് കറാഹത്താണ്. എന്നാൽ മൃദുല വികാരമുണ്ടാക്കുന്ന വിധത്തിലുള്ള ദർശനം പോലും കുറ്റകരമാണ് (ദുർറുൽ മുഖ്താർ പേ. 58, റദ്ദുൽ മുഹ്താർ 1/407).

മാലികീ ധാരയിൽ പ്രബലം ലൈംഗികച്ചുവയോടെയോ ആസ്വാദനത്തോടെയോ ഉള്ള ദർശനം മാത്രം കുറ്റകരമാണെന്നാണ്. എന്നാൽ അന്യ പുരുഷനു മുമ്പിൽ മുഖം തുറന്നിടുന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇമാം ഇബ്‌നു മർസൂഖ് നിരുപാധികം ഹറാമാണെന്നു പറയുമ്പോൾ സറൂഖ്(റ) സുന്ദരികളായ സ്ത്രീകൾക്കു മാത്രമേ മുഖാവരണം ഒഴിവാക്കൽ കുറ്റകരമാവൂ എന്ന് അഭിപ്രായപ്പെടുന്നു (ശർഹുസ്വഗീർ ലി അഖ്‌റബിൽ മസാലിക്-ഹാശിയതു സ്വാവി സഹിതം 1/105).

ശാഫിഈ-ഹമ്പലീ സരണികൾ അന്യ സ്ത്രീ ദർശനം അനിവാര്യ സാഹചര്യങ്ങളിലൊഴികെ കുറ്റകരമായാണ് കണക്കാക്കുന്നത്. യുവതികളെന്നോ വയോധികയെന്നോ ആകർഷകമായ സൗന്ദര്യം ഉള്ളവരെന്നോ വിരൂപികളെന്നോ വകഭേദമില്ലാതെ ബോധപൂർവമുള്ള നോട്ടങ്ങളെല്ലാം ഹറാമാണെന്ന് അവ പറയുന്നു (തുഹ്ഫതുൽ മുഹ്താജ് 7/192-193, കശ്ശാഫുൽ ഖിനാഅ് 1/266 കാണുക).
സ്ത്രീകൾ അന്യപുരുഷ സാന്നിധ്യത്തിൽ തല പൂർണമായും മറച്ചിരിക്കണമെന്ന കാര്യത്തിൽ ഇസ്‌ലാമിക കർമശാസ്ത്ര ലോകത്ത് തർക്കമില്ല. വിശുദ്ധ ഖുർആനിലെ സൂറത്തുൽ അഹ്‌സാബ് 59ാം വചനത്തിൽ ഈ ആശയം തെളിഞ്ഞു കാണാം. കണ്ണൊഴിച്ചുള്ള ശരീര ഭാഗങ്ങൾ പൂർണമായും മറക്കാനാണ് ഈ സൂക്തം വിളംബരം ചെയ്യുന്നതെന്ന് അനവധി പൗരാണിക ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട് (തഫ്‌സീറുത്വബ്‌രി 20/324 326, തഫ്‌സീറുൽ മാവറദീ 4/423 424, തഫ്‌സീറുൽ ഖുർത്വുബി 14/243, ഇബ്‌നു കസീർ 6/425).

സ്ത്രീകൾ നിസ്‌കാരത്തിൽ മറച്ചിരിക്കൽ നിർബന്ധമായ ഭാഗങ്ങൾ സംബന്ധിച്ച് മാലികീ ധാരയിൽ വ്യത്യസ്തമായ വിശദീകരണങ്ങളുണ്ട്. നഗ്‌നത തീവ്രം, നേർത്തത് എന്നിങ്ങനെ രണ്ടായി തിരിക്കുകയും തീവ്ര സ്വഭാവമുള്ളത് മാത്രമാണ് നിസ്‌കാരത്തിൽ അനിവാര്യമായും മറക്കേണ്ടത് എന്നുമാണത്. പുരുഷനെ സംബന്ധിച്ചിടത്തോളം മുൻപിൻ ഗുഹ്യഭാഗങ്ങളാണ് (ലിംഗം, ലിംഗ രോമം, വൃഷ്ണം, ഗുദപാളികൾ) തീവ്ര നഗ്‌നത. സ്വതന്ത്ര സ്തീയുടെ തീവ്ര നഗ്‌നതകൊണ്ടു വിവക്ഷ നെഞ്ചും അഗ്രഭാഗങ്ങളും (കണങ്കാലുകൾ, കൈകൾ, തല, പുറം) ഒഴിച്ചുള്ള ശരീര ഭാഗങ്ങളാണ്. അപ്പോൾ ഈ അഭിപ്രായ പ്രകാരം വയറു മുതൽ കാൽമുട്ടുവരെയുള്ള ഭാഗങ്ങൾ (ഗുദപാളികൾ, യോനി, യോനീ രോമം, തുടകൾ) മാത്രമാണ് നിസ്‌കാരത്തിന്റെ സാധുതക്ക് മറക്കൽ അനിവാര്യം. എന്നാൽ കൂരിരുട്ടിൽ പോലും തീവ്രത കുറഞ്ഞ ഭാഗങ്ങൾ കൂടെ മറക്കുന്നത് പുണ്യകരമാണെന്നും അവ തുറന്നിട്ട് നിസ്‌കരിക്കുന്നത് കറാഹത്താണെന്നും അവർ വിശദീകരിക്കുന്നുണ്ട് (ശർഹു ദർദീർ, സ്വാവി സഹിതം 1/283-286).

ഹനഫീ മദ്ഹബിൽ, ചെവിക്കു കീഴിലേക്ക് നീണ്ട തലമുടിയുടെ ഭാഗം നിസ്‌കാരത്തിൽ മറക്കൽ നിർബന്ധമില്ലെന്നു ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും പ്രബലം അതും അനിവാര്യമായും മറച്ചിരിക്കണമെന്നതാണെന്ന് ഇബ്‌നു ആബിദീൻ(റ) അടക്കമുള്ള ആധികാരിക ഇമാമുമാർ രേഖപ്പെടുത്തിയിട്ടുള്ളത് (റദ്ദുൽ മുഹ്താർ 1/405 കാണുക). കൈപ്പത്തിയുടെ പുറം ഭാഗം കൂടി മറക്കണമെന്നാണ് അവരുടെ പ്രബല പക്ഷം. ഇരുപാദങ്ങളുടെ അകവും പുറവും നിസ്‌കാരത്തിനകത്തും പുറത്തും ‘നഗ്‌നത’ തന്നെയാണോ അല്ലയോ എന്നിങ്ങനെ രണ്ടഭിപ്രായമുണ്ട്. അതിൽ പ്രബലം നിർബന്ധമില്ലെന്നതാണ്. നാലിലൊന്നു പുറത്തായാൽ നിസ്‌കാരം അസാധുവാകുമെന്ന ശക്തമായൊരു പക്ഷവും അവരുടെ മദ്ഹബിലുണ്ട് (റദ്ദുൽ മുഹ്താർ 1/405-406).
സ്ത്രീയുടെ പാദത്തിന്റെ ഉൾവശം നിസ്‌കാരത്തിൽ മറക്കൽ നിർബന്ധമായ ഔറത്തിന്റെ പരിധിയിൽ പെട്ടതല്ലെന്ന് ശാഫിഈ മദ്ഹബിനകത്തു തന്നെ ഒരു അഭിപ്രായമുണ്ട്. പാദം (ഉള്ളും പുറവും) തീരെ ഔറത്തല്ലെന്നാണു ഇമാം മുസ്‌നി(റ)യുടെ പക്ഷം (അന്നജ്മുൽ വഹാജ് 2/191). കാലുറ ധരിക്കാതെ നിസ്‌കരിക്കുന്ന വേളയിൽ സ്ത്രീകളുടെ കാൽപാദം പുറത്തു കാണാനുള്ള സാധ്യത ഏറെയാണ്. കാലുറ തരപ്പെടാത്ത ഘട്ടങ്ങളിൽ ഇത്തരം അഭിപ്രായങ്ങൾ വലിയ ആശ്വാസം പകരുന്നവയാണ്.
ഹമ്പലീ ധാരയിൽ സ്വതന്ത്ര സ്ത്രീ മുഖമൊഴിച്ചുള്ള എല്ലാ ഭാഗങ്ങളും നിസ്‌കാര വേളയിൽ മറച്ചിരിക്കണം. ഇതിൽ കൈപ്പത്തിയും ഉൾപ്പെടും. എന്നാൽ നിസ്‌കാരത്തിൽ പാലിക്കേണ്ട നിർബന്ധ മര്യാദയിൽ കൈപ്പത്തി ഉൾപ്പെടില്ലെന്ന അപ്രബലമായൊരു വീക്ഷണവുമുണ്ട് (ദഖാഇഖു ഉലിന്നുഹാ 1/150).

 

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ