വിശ്വാസിയുടെ ജീവിതം മുഴുക്കെയും സ്രഷ്ടാവിനു സമർപ്പിതമാകണമെന്നാണ് മതശാസന. ജീവിതത്തിൽ കൈവരുന്ന നേട്ടങ്ങൾ, പുരോഗതികൾ, ദുരന്തങ്ങൾ, വേദനകൾ തുടങ്ങിയവയെല്ലാം റബ്ബിനെ സ്മരിക്കാനുള്ള കാരണങ്ങളായി മതം കരുതുന്നു.
നമ്മിലില്ലാത്ത ഒരു വൈകല്യം മറ്റൊരാളിൽ കാണുക, അപകട മുഖത്തു നിന്നു അത്ഭുതകരമായി രക്ഷപ്പെടുക, ശ്രമകരമോ ദുഷ്‌ക്കരമോ ആയ കാര്യങ്ങൾ എളുപ്പത്തിൽ സാധിച്ചുകിട്ടുക തുടങ്ങിയ സാഹചര്യങ്ങളിൽ അല്ലാഹുവിന്റെ കാരുണ്യമോർത്ത് സുജൂദ് ചെയ്യുന്നത് പുണ്യകരമാണ്. സന്താന സൗഭാഗ്യം, മികച്ച ജോലി, രോഗശമനം പോലുള്ളവ മേൽപറഞ്ഞ കാര്യങ്ങൾക്ക് ഉദാഹരണങ്ങളത്രെ.
തനിക്കോ കുടുംബബന്ധം, ഗുരു ശിഷ്യബന്ധം, സ്‌നേഹബന്ധം എന്നിവ വഴി ഏറ്റവും അടുത്തവർക്കോ ഉണ്ടാകുന്ന നേട്ടങ്ങളുടെ പേരിലും സുജൂദ് സുന്നത്താണ് (ഹാശിയതു തർമസീ 2/448).
നാലു മാസമെങ്കിലും വളർച്ചയുള്ള കുട്ടി ജീവനില്ലാതെ ജനിച്ചാൽ പോലും സുജൂദ് സുന്നത്തുണ്ടെന്നു ഇമാം ശൗബരിയെ ഉദ്ധരിച്ച് ഇമാം കുർദി (അൽമവാഹിബുൽ മദനിയ്യ 2/448) രേഖപ്പെടുത്തിയിട്ടുണ്ട്. പാരത്രിക ലോകത്ത് മാതാപിതാക്കൾക്ക് ഉപകരിക്കുമല്ലോ എന്നാണു ഇതിനു നൽകിയ വിശദീകരണം.
സത്യവിശ്വാസികൾക്കു പൊതുവായ നേട്ടങ്ങൾ ലഭിക്കുമ്പോൾ (വരൾച്ചയുടെ ഭീതിമുഖത്തു പെയ്യുന്ന മഴ, പോർക്കളത്തിലെ ജയം തുടങ്ങിയവ പോലെ) സുജൂദ് എല്ലാവർക്കും പുണ്യകരമാകും. അംഗ വൈകല്യം, ആശയ വൈകല്യം, കർമ വൈകല്യം എന്നിവയിൽ ഏതെങ്കിലും സംഭവിച്ചവരെ കാണാനിടവരുമ്പോഴും സുജൂദ് സുന്നത്തുണ്ട്.
തിന്മകളുടെ ഉപാസകരെ കാണുമ്പോൾ ചെയ്യേണ്ട സുജൂദ്, പരസ്യമായി തെറ്റു ചെയ്യുന്നവരിൽ പരിമിതമാണെന്നാണ് ശൈഖുൽ ഇസ്‌ലാം (അസ്‌നൽ മത്വാലിബ് 1/199) സകരിയ്യൽ അൻസ്വാരി(റ)യെ തുടർന്ന് ഇമാം റംലി (നിഹായ 2/103-104), അൽഖത്വീബ് (മുഗ്‌നി 1/447) തുടങ്ങിയവർ പ്രബലപ്പെടുത്തുന്നത്.
സ്ഥിരമായിട്ടല്ലെങ്കിൽ പോലും ചെറിയ തെറ്റുകൾ പരസ്യമായി ചെയ്യുന്ന ആരെ കണ്ടാലും സുജൂദ് വേണമെന്ന് ഇമാം റംലി(റ) നിഹായ(2/104)യിൽ അസന്നിഗ്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചെറിയ തെറ്റുകൾ രഹസ്യമായി ശീലമാക്കിയയാൾ തിന്മകളേക്കാൾ നന്മകൾക്കു മുൻതൂക്കം നൽകുന്നുണ്ടെങ്കിൽ സുജൂദ് വേണ്ടെന്ന നിലപാടാണ് ഇമാം സകരിയ്യൽ അൻസ്വാരി(റ)യെ പോലുള്ളവരുടെ പരാമർശങ്ങളുടെ സാരമെന്ന് ഇമാം കുർദി (അൽമവാഹിബുൽ മദനിയ്യ 2/450) വിശദീകരിച്ചിട്ടുണ്ട്.
അവിശ്വാസി, വികല വിശ്വാസി, തെമ്മാടി എന്നിവരെ കാണുമ്പോൾ അവർ കാൺകെ തന്നെയും അംഗ വൈകല്യമുള്ളവരുടെ അസാന്നിധ്യത്തിലുമാണ് സാഷ്ടാംഗം ചെയ്യേണ്ടത് (തുഹ്ഫ 2/218). അതേസമയം പ്രകടമായ ഏതോ നേട്ടം കൈവന്നതിന്റെ പേരിലുള്ള സുജൂദ്, സമാനമായ അനുഗ്രഹം കൈവരാത്തവരുടെ ഉള്ളുലയ്ക്കും എന്ന ഭീതിയുണ്ടെങ്കിൽ അവരുടെ അഭാവത്തിലാണ് നിർവഹിക്കേണ്ടത് (തുഹ്ഫ 2/217, മുഗ്‌നി 1/447).
വർഷങ്ങളായി കാത്തിരുന്നിട്ടും സന്താന സൗഭാഗ്യം ലഭിക്കാത്ത ദമ്പതികളുടെ മുന്നിൽ സന്താന ലബ്ധിയുടെ ആഹ്ലാദം പ്രകടിപ്പിച്ച് സുജൂദ് ചെയ്യുന്നത് ശരിയല്ല.
ഏതെങ്കിലും തരത്തിലുള്ള ദുരന്തം ബാധിച്ചവരെ കാണുമ്പോൾ
‘????? ??? ???? ?????? ??? ?????? ??? ?????? ??? ???? ?? ????? ??????’
എന്നു ശബ്ദം ഉയർത്താതെ ചൊല്ലൽ പ്രത്യേകം സുന്നത്തുണ്ട് (ബുശ്‌റൽ കരീം 1/310, അന്നജ്മുൽ വഹ്ഹാജ് 2/282, തുഹ്ഫ 2/217). ഇങ്ങനെ ചൊല്ലിയാൽ സമാനമായ ദുരന്തത്തിൽ നിന്നു ചൊല്ലിയയാൾക്കു സുരക്ഷയുണ്ടാകുമെന്ന് തുർമുദി (ഹദീസ് നമ്പർ 3431) നിവേദനം ചെയ്ത ഹദീസിലുണ്ട്. ഇത് സുജൂദിനു ശേഷമാണു ചൊല്ലേണ്ടതെന്ന് ഇമാം ഹലബിയെ ഉദ്ധരിച്ച് ഇമാം ബുജൈരിമി (തുഹ്ഫതുൽ ഹബീബ് 1/434) രേഖപ്പെടുത്തിയിട്ടുണ്ട്.
സുജൂദിനു പുറമെ നന്ദിസൂചകമായി രണ്ടു റക്അത്ത് നിസ്‌കരിക്കലും ആർക്കെങ്കിലും സാമ്പത്തിക സഹായം ചെയ്യലും സുന്നത്തുണ്ട് (ശർഹുൽ മുഹദ്ദബ് 4/69, അസ്‌നൽ മത്വാലിബ് 1/199). എന്നാൽ നന്ദിസൂചകമായി പ്രത്യേക നിസ്‌കാരം നിയമപരമല്ലാത്തതിനാൽ കേവല സുന്നത്ത് കരുതിയാണ് (നന്ദിയുടെ നിസ്‌കാരം എന്നല്ല) ഉദ്ധൃത നിസ്‌കാരം നിർവഹിക്കേണ്ടത് (ഹാശിയതു ശബ്‌റാമല്ലിസി 2/103). കേവല സുജൂദിനു പകരം മുകളിൽ വിശദീകരിച്ച പോലെ നിസ്‌കരിക്കുകയോ ദാനം നൽകുകയോ മാത്രം ചെയ്യുന്നതും ശ്രേഷ്ഠകരമാണ് (തുഹ്ഫ 2/217).

സുജൂദും രൂപവും

നിസ്‌കാരത്തിൽ നിർവഹിക്കുന്ന സുജൂദുകളുടെ രൂപവും സ്വഭാവവും നന്ദിസൂചകമായുള്ള സുജൂദിലും പരിഗണിക്കണം. അതിനാൽ ചെറിയ, വലിയ അശുദ്ധികളിൽ നിന്നുള്ള മോചനം, ഖിബ്‌ല പാലനം, വസ്ത്രധാരണം എന്നിവ ഇവിടെയും വ്യവസ്ഥയുണ്ട്. എന്നാൽ യാത്രയിലെ ഐച്ഛിക നിസ്‌കാര വേളയിലെ പോലെ നെറ്റി നിലത്തുവെക്കാതെ കുനിഞ്ഞു പ്രതീകാത്മകമായി നിർവഹിക്കുന്ന ‘സുജൂദും’ പരിഗണനീയവും പ്രതിഫലാർഹവുമാണ് (തുഹ്ഫ 2/218).
എഴുന്നേറ്റുനിന്ന് ‘നന്ദി സൂചകമായുള്ള സുജൂദ് ഞാൻ നിർവഹിക്കുന്നു’ എന്നു കരുതി തക്ബീർ ചൊല്ലിയ ഉടനെ സുജൂദ് ചെയ്ത് ഇരുന്നു സലാം വീട്ടുകയാണു വേണ്ടത്. നിയ്യത്ത്, തക്ബീറത്തുൽ ഇഹ്‌റാം, സലാം എന്നിവ മാത്രമാണ് നിർബന്ധം. സലാം നിർബന്ധമില്ലെന്നൊരു അഭിപ്രായവുമുണ്ട് (തുഹ്ഫ 2/100-101, ഹാശിയതു തർമസി ശർഹു ബാഫള്ൽ സഹിതം 2/447-448 കാണുക).
സുജൂദിൽ ചൊല്ലാറുള്ള തസ്ബീഹിനു പുറമെ
‘????? ???? ?? ??? ???? ??????? ???? ???? ??? ??? ??? ???? ??????? ??? ??? ?????? ?? ???? ????’ എന്നു കൂടി ചൊല്ലൽ സുന്നത്തുണ്ട്.
നന്ദിസൂചകമായുള്ള പ്രത്യേക സുജൂദ് കറാഹത്താണെന്നാണ് മാലികീ മദ്ഹബിൽ പ്രബലമെങ്കിലും സന്തോഷവേളകളിൽ സുജൂദ് ചെയ്യാമെന്നൊരു പക്ഷവുമുണ്ട്. അങ്ങനെ ചെയ്യുന്നതാണ് നടപ്പുരീതിയെന്ന് ഇമാം ദസൂഖീ (ഹാശിയതു ദസൂഖ്വീ അലാ ശർഹിൽ കബീർ 1/308) എഴുതിയിട്ടുണ്ട്. ദുരന്തമുണ്ടാകുമ്പോൾ സുജൂദല്ല, നിസ്‌കാരമാണ് വേണ്ടതെന്നാണു മാലികികൾ കരുതുന്നത്. നന്ദിസൂചകമായുള്ള സുജൂദിന് ശുദ്ധി വേണ്ടതില്ലെന്ന ഒരഭിപ്രായവും മാലികീ മദ്ഹബിലുണ്ട് (മവാബിഫുൽ ജലീൽ 2/62).
കാൽപന്തു കളിക്കളങ്ങളിൽ പന്ത് ലക്ഷ്യം കാണുകയോ മത്സരം ജയിക്കുകയോ ചെയ്യുന്ന വേളകളിൽ കണ്ടുവരുന്ന സുജൂദ് നിരുപാധികം നിരൂപിക്കാവതല്ല. കാരണം വിശ്വാസികളായ കളിക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ അഭിമാനവും ഈമാനും ഉയർത്തിപ്പിടിക്കുന്നതിൽ ഓരോ ഗോളും വിജയവും നിർണായകമായേക്കാം. മതത്തിന്റെ പേരിൽ വിദ്വേഷം വെച്ചുപുലർത്തുന്നവരാകാം എതിരാളികൾ. സന്തോഷത്തിന്റെ ഏതു നിമിഷവും സ്രഷ്ടാവുമായി പങ്കുവെക്കുന്ന സാഷ്ടാംഗ മുഹൂർത്തങ്ങൾ അവരവർ പിന്തുടരുന്ന കർമശാസ്ത്ര ധാരയനുസരിച്ച് ലക്ഷണമൊത്തതാകാം. ഗുഹ്യഭാഗങ്ങൾ മാത്രം മറച്ചാൽ മതിയെന്നും നന്ദിസൂചകമായ സുജൂദിന് ശുദ്ധി നിബന്ധനയല്ലെന്നുമുള്ള വിശാല കാഴ്ചപ്പാട് ഇസ്‌ലാമിക കർമശാസ്ത്ര ശാഖകളിലുണ്ടല്ലോ.

 

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ