തിരുനബി(സ്വ) അരുളി: നന്മതിന്മകൾ ഹൃദയങ്ങൾക്ക് മുന്നിൽ ആകർഷകമാക്കിയും അല്ലാതെയും അവതരിപ്പിക്കപ്പെടും. ഏതൊരു ഹൃദയം അതിനെ വരിച്ച് സ്വന്തത്തിൽ ചാലിച്ചുവോ ആ ഹൃദയത്തിൽ ഒരു കറുത്ത പാട് വീഴും. ഏതൊരു ഹൃദയം അതിനെ വെറുത്ത് തിരസ്‌കരിച്ചുവോ ആ ഹൃദയം പളുങ്കുപോലെ വെളുത്തതായിത്തീരും. അങ്ങനെ വെളുത്ത ഹൃദയത്തെ ഒരു കാലത്തും ഒരു കുഴപ്പവും ബാധിക്കുകയില്ല. എന്നാൽ തിന്മകൾ അലിഞ്ഞു ചേർന്ന ഹൃദയം കറുത്തതും നിറം മങ്ങിയതും തട്ടിമറിഞ്ഞ പാത്രം പോലെയുമായിരിക്കും. അതിൽ നന്മകൾ പതിയുകയില്ല. അങ്ങനെ ഒരു നന്മയെയും നന്മയായി കണ്ട് സ്വീകരിക്കാനും തിന്മയെ തിന്മയായി കണ്ട് തിരസ്‌കരിക്കാനും കഴിയാത്ത വിധമായിത്തീരും. അവന്റെ ഹൃദയത്തിൽ പതിഞ്ഞിട്ടുള്ള മോഹങ്ങൾ മാത്രമായിരിക്കും അവിടെയുണ്ടാവുക (മുസ്‌ലിം).
സുപ്രസിദ്ധമായ മറ്റൊരു ഹദീസ്: അറിയുക, ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ദുഷിച്ചാൽ ശരീരം മുഴുവനും ദുഷിച്ചു. അറിയുക, ഹൃദയമാണത് (ബുഖാരി, മുസ്‌ലിം).
മനുഷ്യ ഹൃദയമെന്നതുകൊണ്ട് നബി(സ്വ) ഉദ്ദേശിച്ചത് ആലോചനയുടെയും തീരുമാനത്തിന്റെയും കേന്ദ്രമാണ്. ശരീരം ആകെയും നന്നാക്കാനും ദുഷിപ്പിക്കാനും കാരണമാകുന്ന ആലോചനകൾ നടക്കുന്ന ആ കേന്ദ്രത്തിന്റെ സംസ്‌കരണം പ്രധാനമാണ്. അത് നന്നായാൽ/ദുഷിച്ചാൽ എന്നാണ് ഹദീസിലെ പ്രയോഗം. യഥാർത്ഥത്തിൽ സ്വയം നന്നാകലോ ദുഷിക്കലോ അതിനില്ല. വെടിപ്പുള്ള ഖൽബ് നന്മകളെ ഉൽപാദിപ്പിക്കും. ദുഷിച്ച ഖൽബ് തിന്മകളെയും.
വൃത്തിയുള്ള, അന്യൂനമായ ഹൃദയത്തിൽ നന്മക്ക് കാരണമാകുന്ന ആത്മീയ പ്രഭാവങ്ങളുണ്ടാകും. അല്ലാഹുവിനോടുള്ള സ്‌നേഹം, റസൂലിനോടുള്ള പ്രണയം, അല്ലാഹുവിനോടുള്ള ഭയഭക്തി, അവന് ഇഷ്ടപ്പെടാത്തതിൽ അകപ്പെടുമോ എന്ന ആശങ്ക തുടങ്ങിയവ ശുദ്ധഹൃദയത്തിൽ അധിവസിക്കുന്ന ആത്മസിദ്ധികളും സൗഭാഗ്യങ്ങളുമാണ്. ഇവയുള്ള ഹൃദയത്തിനുടമ സൽകർമങ്ങളോടും നല്ലതിനോടും നല്ലവരോടും അടുപ്പം പ്രകടപ്പിക്കും. അപ്പോൾ അവന്റെ ശാരീരികാവയവങ്ങൾക്ക് ലഭിക്കുന്ന സന്ദേശവും പ്രചോദനവും നന്മ പ്രവർത്തിക്കാനായിരിക്കും. അങ്ങനെ അവയുടെ ചലന-നിശ്ചലനങ്ങൾ നന്മകൾ മാത്രമായിത്തീരും. തൽഫലമായി നിഷിദ്ധ കാര്യങ്ങളിൽ നിന്ന് അകലം പാലിക്കും. മാത്രമല്ല, നിഷിദ്ധമായതിലകപ്പെടുമോ എന്ന ഭയത്താൽ സംശയകരമായവയും വർജിക്കും. അങ്ങനെ ഹൃദയത്തെളിമ കൂടിവരും. തെളിഞ്ഞ ഹൃദയത്തിലേക്ക് ദുർവിചാരത്തിന് മാത്രമല്ല, അവയുടെ കാരണങ്ങൾക്ക് പോലും പ്രവേശനമുണ്ടാകില്ല. ശക്തിപ്രാപിക്കുന്ന ആത്മപ്രഭാവം അത്തരം ഹൃദയങ്ങളിൽ നിന്ന് പുറത്തേക്കു പ്രസരിക്കും.
ദുഷിച്ച ഹൃദയങ്ങൾ തിന്മയുടെ ഫാക്ടറികളായിരിക്കും. കാരണം അവിടെ ആധിപത്യം നേടിയിരിക്കുക ശരീരത്തിന്റെ ഇച്ഛകളാണ്. ശരീരം ഇഷ്ടപ്പെടുന്നത് തേടിപ്പിടിക്കുന്നതിനായുള്ള ആലോചനയിലായിരിക്കും അത്തരം ഹൃദയങ്ങൾ. അവിടെ ആത്മവിചാരം രൂപപ്പെടുകയേയില്ല. അല്ലാഹുവോ റസൂലോ എന്ത് പറയുന്നുവെന്നത് പ്രശ്‌നമാകില്ല.
എന്ത് വന്നാലും എനിക്ക് സുഖിക്കണം, സമ്പാദിക്കണം എന്നതായിരിക്കും അത്തരം ഹൃദയമുള്ളവന്റെ നിലപാട്. അപ്പോൾ പിന്നെ, അവിടെ ഉൽപാദിപ്പിക്കപ്പെടുന്നതും ഉയിരെടുക്കുന്നതുമായ കാര്യങ്ങളെല്ലാം ആത്മനാശകാരികളായിരിക്കും. ശാരീരികാവയവങ്ങൾ പ്രത്യക്ഷ സുഖം തേടി അലയും. പിന്നെ ചെയ്യുന്നതെല്ലാം തിന്മകളും പരദ്രോഹങ്ങളുമായിരിക്കും. ദുർവിചാരങ്ങളുടെ ആധിപത്യത്തിന്റെ ശക്തി/ദൗർബല്യങ്ങൾക്കനുസരിച്ച് വിവേചനശേഷി തന്നെ ഇല്ലാതാകും. ചിലപ്പോൾ തിന്മയെ നന്മയായി ന്യായീകരിച്ചേക്കും. ഇത്തരമൊരവസ്ഥയിലെത്തിയാൽ പിന്നെ സംഭവിക്കുന്നത് എന്തെന്ന് പറയേണ്ടതില്ല.
മനുഷ്യന്റെ ഇച്ഛാശേഷിയുടെ വഴിത്തിരിവും അപഥ സഞ്ചാരവും തീർക്കുന്ന അനർത്ഥങ്ങൾ വൈയക്തികം മാത്രമായിരിക്കില്ല. സാമൂഹിക പ്രത്യാഘാതങ്ങൾ തീർക്കുന്നവയുമുണ്ടാവും. എല്ലാറ്റിന്റെയും കാരണം ആസൂത്രണ കേന്ദ്രത്തിന്റെ കുഴപ്പമാണ്. നന്മ പ്രവർത്തിക്കാൻ പ്രചോദനം നൽകുന്നതിനേക്കാൾ ശക്തിയിലും വേഗത്തിലും തിന്മകൾക്ക് പ്രേരണയും സമ്മർദവും ലഭിക്കും. ശരീരത്തിന്റെ ഇച്ഛകൾ എന്നതിനർത്ഥം മനുഷ്യ ശരീരത്തിലെമ്പാടും സഞ്ചാര സ്വാതന്ത്ര്യമുള്ള പൈശാചിക സ്വാധീനമെന്നാണ്. ശാരീരികാവയവങ്ങളിലൊന്ന് എന്ന നിലയിൽ പിശാചിന്റെ കയറ്റിറക്കം ഹൃദയത്തിലുമുണ്ടാവും. അങ്ങനെ ഹൃദയവും മറ്റവയവങ്ങളും ശേഷികളും തിന്മയിൽ ഒരേ തലത്തിലും വിധത്തിലും ആയിത്തീരും. അപ്പോൾ ഹൃദയത്തിന്റെ ആജ്ഞാനുവർത്തികളായി പ്രത്യക്ഷാവയവങ്ങൾ മാറും.
ഹൃദയത്തെ രാജാവിനോടും അവയവങ്ങളെ സൈന്യങ്ങളോടും ഉപമിക്കാറുണ്ട്. ഇബ്‌നു റജബ്(റ) എഴുതുന്നു: ഹൃദയം അവയവങ്ങളുടെ രാജാവാണ്. മറ്റവയവങ്ങൾ അതിന്റെ സൈന്യവും. രാജാവിന് വഴിപ്പെടുന്നതിലും കൽപ്പനകൾ നിറവേറ്റുന്നതിലും സ്വയം സമർപ്പിതരായ സൈന്യമാണത്. ഒരു കാര്യത്തിലും എതിരു പ്രവർത്തിക്കാത്തവരും. അതുകൊണ്ട് തന്നെ രാജാവ് നല്ലവനാണെങ്കിൽ സൈന്യവും നല്ലവരാകും. രാജാവ് മോശക്കാരനാണെങ്കിൽ അതിനനുസൃതമായി സൈന്യവും മോശമാവും. എന്നാൽ അല്ലാഹുവിന്റെ അടുത്ത് വൃത്തിയുള്ള ഖൽബ് മാത്രമേ ഉപകാരപ്രദമാകൂ (ജാമിഉൽ ഉലൂമി വൽഹികം).
ഹൃദയത്തിന്റെ വൃത്തിയും ശുദ്ധിയും സംരക്ഷിക്കാനായില്ലെങ്കിൽ കർമങ്ങളും ശീലങ്ങളും സ്വഭാവങ്ങളും അരുതായ്മകളും തിന്മകളും കലർന്നതായിത്തീരും. നന്മവിചാരങ്ങളും സുകൃതം പ്രവർത്തിക്കാനുള്ള പ്രചോദനങ്ങളും ഉണ്ടാക്കുന്ന വിധത്തിൽ തന്റെ ഇച്ഛയെ പിടിച്ചുനിർത്താൻ സഹായിക്കുന്ന കാര്യങ്ങൾ അനുവർത്തിക്കുകയാണതിനുള്ള മാർഗം. കാരണം, എന്തിനെയും ന്യായീകരിക്കാനുള്ള പ്രവണത മനുഷ്യസഹചമാണ്. അതുകൊണ്ട്, പാപങ്ങളെ പാപങ്ങളായി ഗണിക്കുന്നതിന് സാഹചര്യമുണ്ടാവണം. ഉദ്‌ബോധനങ്ങൾ കേൾക്കൽ, ദിക്ർ, സ്വലാത്ത്, പ്രാർത്ഥന, ഖുർആൻ പാരായണം, ഇസ്തിഗ്ഫാർ, സജ്ജന സമ്പർക്കം തുടങ്ങിയ കാര്യങ്ങൾ ഹൃദയശുദ്ധിക്കുപകരിക്കുന്നവയാണ്.
ഇത്തരം ഉപാധികളൊന്നും സ്വീകരിക്കാതിരുന്നാൽ ഹൃദയത്തിലേക്ക് തിന്മവിചാരങ്ങളും വികാരങ്ങളും ചേക്കേറും. അങ്ങനെ തിന്മകൾ സൃഷ്ടിക്കപ്പെടുകയും അതുവഴി ഹൃദയവെളിച്ചം മങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും. ഓരോ പാപവും കറുത്ത പാടുകളായി ഹൃദയത്തിൽ പതിഞ്ഞ് ക്രമേണ കറുത്ത ഹൃദയമായി പരിണമിക്കും.
നന്മതിന്മകളെ വേർതിരിച്ചറിയുകയും അവയുടെ ഗുണദോഷങ്ങൾ മനസ്സിലാക്കി ചെയ്യേണ്ടത് ചെയ്യാനും തിരസ്‌കരിക്കേണ്ടത് തിരസ്‌കരിക്കാനും പറ്റുംവിധത്തിൽ തന്റെ ഇച്ഛാശക്തിയെ ജ്വലിപ്പിച്ച് നിർത്തുന്നത് പ്രധാനമാണ്. അതിനുള്ള ഉൾവിളിയും പ്രചോദനവും ഉണ്ടാക്കുന്ന കാര്യങ്ങളാണ് ഉപരിസൂചിപ്പിച്ചത്. അത്തരം നന്മകൾക്ക് കേവലമൊരു നന്മ എന്നതിലുപരി മറ്റു നന്മകളെ ഉൽപാദിപ്പിക്കാനുമാകും. അങ്ങനെ നന്മകളോട് ആകർഷണം കൂടി വരും, ഹൃദയം തെളിയും. അല്ലാഹുവിന്റെ വിനീതനായ ദാസനെന്ന നിലയിൽ അവൻ നൽകിയ ശുദ്ധപ്രകൃതത്തെ സംരക്ഷിക്കാൻ ശ്രമിച്ചതിന്റെ ഫലമായി ആത്മനിയന്ത്രണശേഷി അവൻ നൽകിയേക്കും. അങ്ങനെയായാൽ അത് വലിയ വിജയമായിരിക്കും.
നബി(സ്വ) പറഞ്ഞു: ‘അല്ലാഹു ഒരാളെ കൊണ്ട് നന്മ ഉദ്ദേശിച്ചാൽ അവന്റെ സ്വന്തത്തിൽ നിന്ന് തന്നെ ഉപദേശകനെ നൽകും. ആ ഉപദേശകൻ അവനോട് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തു കൊണ്ടിരിക്കും (ദൈലമി). അതുവഴി തിന്മകളുടെ മോശമായ പരിണതികളെ കുറിച്ച് ശക്തമായ ആത്മവിചാരമുണ്ടാവും. അങ്ങനെ പിശാചിന്റെയും സ്വന്തത്തിന്റെയും ദു:സ്വാധീനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. അപ്പോൾ തന്റെ മോഹങ്ങൾ നന്മകളിലുടക്കിയതായി മാറും. പിന്നെ നന്മകളുടെ പഴുതും അവസരവും തേടി ഉപയോഗപ്പെടുത്തും. അത് വലിയ ആത്മീയ നേട്ടങ്ങളുണ്ടാക്കിത്തരും. ഇമാം മുനാവീ(റ) എഴുതുന്നു: അല്ലാഹുവിന് വേണ്ടി, അവന്റെ ഇച്ഛപോലെ ഒരാൾ അമൽ ചെയ്താൽ അമലുകളിൽ അല്ലാഹു അവന് സഹായിയാകും. അടിമയുടെ ഇച്ഛകൾ സത്യസന്ധമായാൽ, തീരുമാനങ്ങൾ തെളിഞ്ഞതായിത്തീർന്നാൽ, നന്മകളെ നിലനിർത്തിയാൽ ശാരീരിക വികാരങ്ങൾ അവനെ ആകർഷിച്ച് വരുതിയിലാക്കില്ല. ഭൗതിക കാര്യങ്ങളിൽ മനസ്സിന്റെ ഉദ്‌ബോധനങ്ങൾക്ക് വശംവദനാകില്ല. അങ്ങനെ അവന്റെ മനസ്സ് സത്യത്തെ പ്രാപിക്കും (ഫൈളുൽ ഖദീർ).

 

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ