മക്ക ഫത്ഹിന് മുഹമ്മദുര്‍റസൂല്‍(സ്വ) ജന്മനാട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ വാഹനപ്പുറത്ത് കൂടെയൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. കറുത്ത് മൂക്ക് ചപ്പിയ വിരൂപിയായൊരാള്‍. പേര് ഉസാമ(റ). പ്രവാചകര്‍(സ്വ) കഅ്ബാലയത്തിനുള്ളില്‍ പ്രവേശിച്ചപ്പോഴും ഉസാമയായിരുന്നു രണ്ടാമന്‍. മൂന്നാമന്‍ ബിലാല്‍(റ)വും.
പ്രവിശാലമായി മുസ്ലിം സാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന രണ്ടാം ഖലീഫ ഉമര്‍(റ) പൊതുഖജനാവില്‍ നിന്ന് മുസ്ലിം സൈനികര്‍ക്കുള്ള വിഹിതം വീതിച്ചു കൊടുക്കുകയായിരുന്നു. തന്‍റെ പുത്രന്‍ അബ്ദുല്ലക്ക് നല്‍കിയതിന്‍റെ ഇരട്ടിയാണ് ഖലീഫ ഉസാമ(റ)ന് നല്‍കിയത്. ഇത് കണ്ട് ഇബ്നു ഉമര്‍(റ) പിതാവിനോട് ആരാഞ്ഞു: ‘വിഹിതത്തില്‍ വിവേചനം കാണിച്ചതെന്തിനാണ്? കൂടുതല്‍ വീതം ലഭിച്ച ഉസാമയെക്കാള്‍ അധികം ധര്‍മസമരങ്ങളില്‍ പങ്കെടുത്ത് യാതനയനുഭവിച്ചത് ഞാനാണല്ലോ. എന്നിട്ടും അദ്ദേഹത്തിന് നല്‍കിയതിന്‍റെ പകുതിയേ എനിക്കു ലഭിച്ചുള്ളൂ.’
ഖലീഫയുടെ മറുപടി: ‘നീ പറഞ്ഞത് ശരിതന്നെ. പക്ഷേ നിനക്ക് ഉസാമയെ അറിയാമോ? തിരുനബിയുമായി നിന്നെക്കാള്‍ ഏറ്റവും അടുത്തത് ഉസാമയും നിന്‍റെ പിതാവായ എന്നെക്കാള്‍ അടുത്തത് അദ്ദേഹത്തിന്‍റെ പിതാവുമാണ്.’
ഇതാണ് അധിക പരിഗണനയുടെ മാനദണ്ഡം. അതേ. പ്രവാചകരുമായി ഉസാമ(റ)യുടെ പിതാവും മാതാവും ഏറെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ഉസാമയുടെ പിതാവ് സൈദ് ബ്നു ഹാരിസ്(റ) സ്വന്തം മാതാപിതാക്കളെയും കുടുംബത്തെയും ഉപേക്ഷിച്ചാണ് റസൂല്‍(സ്വ)യെ രക്ഷാധികാരിയായി വരിച്ചത്. അക്കാരണത്താല്‍ സൈദുബ്നു മുഹമ്മദ് എന്നാണ് ജനം വിളിച്ചിരുന്നത്-മുഹമ്മദിന്‍റെ പുത്രനായ സൈദ്. പിതാവായിരുന്ന ഹാരിസിനെക്കാള്‍ അദ്ദേഹത്തിന് പ്രിയപ്പെട്ടത് വളര്‍ത്തു പിതാവായ നബി(സ്വ)മയായിരുന്നുവെന്നു ചരിത്രം. അല്‍ഹിബ്ബ് അഥവാ റസൂലിന്‍റെ പ്രിയങ്കരന്‍ എന്ന സ്ഥാനപ്പേരും
ആളുകള്‍ കല്‍പിച്ചു നല്‍കുകയുണ്ടായി. പരിശുദ്ധ ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഏക സ്വഹാബിയെന്ന പോരിശയും മഹാനു സ്വന്തം. സൈദ്(റ) പ്രവാചകരുടെ അടുത്തെത്തിയ കഥയിങ്ങനെ: ഹാരിസ്-സുഅ്ദ ദമ്പതികളുടെ വത്സല പുത്രനായിരുന്നു സൈദ്. സുഅ്ദ കുഞ്ഞിനെ കൂട്ടി കുടുംബ വീട്ടില്‍ പോകവെ കൊള്ളസംഘത്തിന്‍റെ ആക്രമണമുണ്ടായി. വെപ്രാളത്തിനിടയില്‍ കുഞ്ഞ് കൈ വിട്ടുപോയി. അക്രമികള്‍ കുട്ടിയെ ഉക്കാള് ചന്തയില്‍ വില്‍പനക്ക് വച്ചു. ഹക്കീമുബ്നു ഹിശാം അവനെ സ്വന്തമാക്കി ഖദീജ ബീവിക്കു കൈമാറി. വിവാഹാനന്തരം ബീവി അവനെ റസൂലിനു സമ്മാനിച്ചു. നഷ്ട പുത്രന്‍ തിരുഭവനത്തിലുണ്ടെന്നറിഞ്ഞ് കുടുംബം തേടിയെത്തി. പുത്രനെ തങ്ങള്‍ക്കു തിരിച്ചുതരണമെന്നപേക്ഷിച്ചു. അവന്‍റെ ഇഷ്ടം പോലെ ചെയ്യാമെന്നായിരുന്നു നബിയുടെ മറുപടി. എന്നാല്‍ സൈദിന്‍റെ ഉറച്ച തീരുമാനം ഇതായിരുന്നു: ‘ഇല്ല, ഞാന്‍ അങ്ങയെ ഉപേക്ഷിച്ച് എങ്ങോട്ടുമില്ല. എന്‍റെ പിതാവും പിതൃവ്യനുമെല്ലാം അങ്ങാണ്.’
അതു കേട്ടപ്പോള്‍ തിരുനബിയുടെ നയനങ്ങള്‍ ഈറനണിഞ്ഞു. അവന്‍റെ കരം പിടിച്ച് കഅ്ബാലയത്തില്‍ ചെന്ന് അവിടുന്ന് പ്രഖ്യാപിച്ചു: ‘സൈദ് എന്‍റെ പുത്രനാകുന്നു.’ ഇതോടെ സൈദിനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വന്ന ഉപ്പ ഹാരിസിന്‍റെയും ബന്ധുക്കളുടെയും മനം കുളിര്‍ത്തു. പുത്രന്‍ സുരക്ഷിതമായൊരിടത്താണ് എത്തിപ്പെട്ടിരിക്കുന്നതെന്ന സംതൃപ്തിയോടെ അവര്‍ തിരിച്ചുപോയി.
ഉസാമയുടെ പിതാവിന് പ്രവാചകരുമായുള്ള ബന്ധം ഇത്ര ദൃഢമാണെങ്കില്‍ ഉമ്മയുടെ കഥ കേള്‍ക്കാം. ഉമ്മു ഐമനാണ് അദ്ദേഹത്തിന്‍റെ മാതാവ്. തിരുദൂതരുടെ പ്രിയ മാതാവ് ആമിന ബീവി(റ)യുടെ ഉടമസ്ഥതയിലായിരുന്നു മഹതി. റസൂലിന്‍റെ തിരുപ്പിറവി സമയത്തും കൂടെയുണ്ടായിരുന്ന അവരാണ് ആമിന(റ) ജന്മം നല്‍കിയ കുഞ്ഞിനെ ആദ്യമായി കയ്യിലെടുത്തത് അവരാണ്. ഈ അബ്സീനിയക്കാരിയുടെ കരങ്ങള്‍ പിടിച്ചാണ് അവിടുന്ന് പിച്ച വച്ചത്.
അബവാഅ് മരുഭൂമിയില്‍ മരണം കാത്തുകിടക്കുന്ന ആമിന(റ) ബറക എന്ന ഉമ്മുഐമനെ അടുത്തുവിളിച്ച് പ്രിയപുത്രനെ ഏല്‍പ്പിച്ചു പറഞ്ഞു: ‘നീ എന്‍റെ മോനെ പിരിഞ്ഞിരിക്കരുത്. ഒരു ഉമ്മയെ പോലെ എപ്പോഴും കുട്ടിയുടെ ചാരത്തു നീ ഉണ്ടായിരിക്കണം.’ പ്രസവിച്ചപ്പോള്‍ ഏറ്റുവാങ്ങിയ ആ കൈകളില്‍ കുഞ്ഞ് സുരക്ഷിതനായി വളരുമെന്ന ഉറപ്പ് ബീവിക്കുണ്ടായിരുന്നു. ബറക ആ വിശ്വാസം കാത്തു. ആ കിടപ്പില്‍ ആമിന(റ) കണ്ണുകളടച്ചു, എന്നെന്നേക്കുമായി.
കുട്ടിയുടെ കൈ പിടിച്ച് ബറക മക്കയില്‍ തിരിച്ചെത്തി. കാലം കടന്നുപോയി. യൗവനയുക്തനായ പ്രവാചകര്‍(സ്വ) ഖുവൈലിദിന്‍റെ പുത്രി ഖദീജ(റ)യെ വിവാഹം ചെയ്തു. ബീവിയുടെ വീട്ടിലായിരുന്നല്ലോ പിന്നീട് അവിടുന്ന് താമസിച്ചത്. അന്ന് ആ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ മഹതിയും കൂടെയുണ്ടായിരുന്നു. അവരെ ഇങ്ങനെയാണ് റസൂല്‍ ഖദീജ(റ)ക്കു പരിചയപ്പെടുത്തിയത്: ‘ഇത് ബറക, എന്‍റെ ഉമ്മയുടെ ശേഷമുള്ള ഉമ്മ. എന്‍റെ കുടുംബത്തിന്‍റെ ബാക്കി.’
അടിമ വിമോചനം പ്രോത്സാഹിപ്പിച്ച പ്രവാചകര്‍(സ്വ) ബറകയെ സ്വതന്ത്രയാക്കുകയും യസ്രിബിലെ ഖസ്റജ് ഗോത്രക്കാരനായ ഉബൈദുബ്നു സിയാദിന് വിവാഹം ചെയ്തു നല്‍കുകയും ചെയ്തു. ആ ദാമ്പത്യത്തിലൊരു കുഞ്ഞ് പിറന്നു- ഐമന്‍. അന്ന് മുതലാണ് ബറക ഉമ്മു ഐമന്‍ എന്നറിയപ്പെട്ടത്. വൈകാതെ ഉബൈദ് മരണപ്പെട്ടു. ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ മഹതിയും കുഞ്ഞും മക്കയിലേക്ക് തന്നെ മടങ്ങി.
‘ഉമ്മു ഐമന്‍ അനുഗ്രഹിക്കപ്പെട്ടവര്‍ക്കൊപ്പമാണ്. സ്വര്‍ഗത്തില്‍ അവര്‍ക്കൊരു സ്ഥാനമുണ്ട്.’ റസൂല്‍(സ്വ) അരുളി. ‘സ്വര്‍ഗസ്ഥയായ സ്ത്രീയുടെ ഭര്‍തൃപദവി മോഹിക്കുന്നവര്‍ നിങ്ങളിലുണ്ടെങ്കില്‍ ഉമ്മു ഐമനെ വിവാഹം ചെയ്തുകൊള്ളട്ടെ.’ പ്രവാചകര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ സദസ്സില്‍ നിന്നൊരു പ്രതികരണം: ‘യാ ഹബീബല്ലാഹ്, അവരെ എനിക്കു വിവാഹം ചെയ്തു തന്നാലും.’ സൈദുബ്നു ഹാരിസ(റ)വായിരുന്നു അത്. അങ്ങനെ ആ വിവാഹം സമംഗളം നടന്നു. അതില്‍ പിറന്ന കുഞ്ഞാണ് ഉസാമ(റ).
മക്കയില്‍ നിന്നു മദീനയിലേക്ക് ഹിജ്റ പോകുന്നതിന്‍റെ ഏഴ് വര്‍ഷം മുമ്പ്, ഖുറൈശികളുടെ പീഡന പര്‍വം തുടരുന്ന ഘട്ടത്തില്‍ ഒരാള്‍ വന്നു പറഞ്ഞു: ‘പ്രവാചകരേ, ഉമ്മു ഐമന്‍ ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു.’ സന്തോഷത്താല്‍ പ്രസന്നമായ വദനത്തില്‍ ആനന്ദത്തിന്‍റെ മന്ദഹാസം. ഈ കുഞ്ഞിന്‍റെ മാതാപിതാക്കളോട് നബി(സ്വ)ക്കുണ്ടായിരുന്ന അടുപ്പമാണ് ഇത് അടയാളപ്പെടുത്തുന്നത്.
‘അല്‍ഹിബ്ബു ഇബ്നുല്‍ ഹിബ്ബ്’ പ്രിയങ്കരന്‍റെ പുത്രനായ പ്രിയങ്കരന്‍ എന്നാണ് ഉസാമ(റ)യെ ചരിത്രം വിളിച്ചത്. തിരുപുത്രി ഫാത്തിമ(റ)യുടെ മകനായ ഹസന്‍(റ)നെ ഒരു തുടയിലും ഉസാമ(റ)യെ മറ്റേ തുടയിലും ഇരുത്തി ലാളിക്കുമായിരുന്നു നബിതങ്ങള്‍. ഇരുവരെയും നെഞ്ചിലേക്ക് അണച്ചുപിടിച്ച് അവിടുന്ന് പറയും: ‘അല്ലാഹുവേ, ഇവരെ രണ്ടു പേരെയും ഞാന്‍ ഇഷ്ടപ്പെടുന്നു. നീയും ഇവരെ പ്രിയം വെക്കേണമേ.’
ഉഹുദ് പോരാട്ടത്തിന് സജ്ജീകരണം നടക്കുമ്പോള്‍ ഒരു സംഘം അവിടെയെത്തി. അവര്‍ക്കും പോരാളികളാകണം. നന്നെ ചെറുപ്പമായതിനാല്‍ ചിലരെ നബി(സ്വ) തിരിച്ചയച്ചു. മടക്കി വിട്ടവരില്‍ ഉസാമയുമുണ്ടായിരുന്നു. തിരുനബിക്കൊപ്പം പോകാന്‍ അനുമതി ലഭിക്കാത്ത വിഷമത്തില്‍ കണ്ണീരോടെയാണ് അദ്ദേഹം അവിടം വിട്ടത്.
ഖന്ദഖ് യുദ്ധത്തിന് കേളികൊട്ടുയര്‍ന്നപ്പോഴും ഒരു സംഘം കുട്ടികളെത്തി. പൊക്കം കുറവായതിനാല്‍ അവസരം നിഷേധിക്കപ്പെടരുതെന്ന് കരുതി കാല് തുമ്പ് നിലത്തുകുത്തി പൊക്കം തോന്നിപ്പിച്ചാണ് അവരില്‍ ചിലരെത്തിയത്. അവരില്‍ പലരും തിരഞ്ഞെടുക്കപ്പെട്ടു. അന്ന് പതിനഞ്ച് വയസ്സായിരുന്നു ഉസാമക്ക്. ഹുനൈനിലും മുഅ്തതിലും പിതാവിനൊപ്പം അദ്ദേഹം സമരത്തില്‍ പങ്കുചേര്‍ന്നു. ഹിജ്റ എട്ടിലാണ് മുഅ്തത് നടക്കുന്നത്. അന്ന് പ്രവാചക പ്രവചനം പോലെ പിതാവ് ശഹീദാകുന്നത് നേരില്‍ കണ്ടു ഉസാമ(റ). എങ്കിലും മനസ്സ് പതറിയില്ല. യുദ്ധാവസാനം വരെ ഊര്‍ജസ്വലനായി പൊരുതി.
ഉസാമ(റ)ക്ക് പതിനെട്ടു വയസ്സുള്ളപ്പോഴാണ് വലിയൊരു സൈന്യത്തിന്‍റെ അധിപനായി റസൂല്‍(സ്വ) അദ്ദേഹത്തെ നിയോഗിച്ചത്. പ്രമുഖരും നേതാക്കളുമായ അബൂബക്കര്‍(റ), ഉമര്‍(റ) പോലുള്ളവര്‍ സാധാ സൈനികരായി അദ്ദേഹത്തിന് കീഴിലായിരുന്നു. ഈ സൈന്യത്തെക്കുറിച്ച് സ്വഭാവികമായും ചില ചര്‍ച്ചകളൊക്കെ നടന്നു. നബി(സ്വ)യുടെ കാതിലും ചില വിവരങ്ങളെത്തി. അവിടുന്ന് അതിനെല്ലാം വിശദീകരണമായി പറഞ്ഞു: ‘ഉസാമയെ സൈനിക നേതൃത്വമേല്‍പിച്ചതില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടെന്ന് ഞാനറിഞ്ഞിരിക്കുന്നു. മുമ്പ് ഉസാമയുടെ പിതാവ് സൈദുബ്നു ഹാരിസയുടെ കാര്യത്തിലും ഭിന്നാഭിപ്രായമുണ്ടായിരുന്നവരാണ് അവര്‍. നേതൃത്വമലങ്കരിക്കാന്‍ സൈദിന് അര്‍ഹതയുള്ള പോലെ ഉസാമക്കുമുണ്ട്. സൈദ് എനിക്ക് പ്രിയപ്പെട്ടവനാണ്. അതു പോലെ ഉസാമയും. ഉസാമ നിങ്ങളില്‍ സദ്വൃത്തനാണെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ നിങ്ങള്‍ അദ്ദേഹത്തില്‍ നിങ്ങള്‍ അഭ്യുദയ കാംക്ഷികളാവുക.’
എന്നാല്‍ ഈ സൈന്യം പ്രവാചകര്‍ക്ക് അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ യാത്ര പിന്തിച്ചു. ദിവസങ്ങള്‍ക്കകം റസൂല്‍(സ്വ) വിടവാങ്ങി. എന്നാല്‍ പ്രവാചകരുടെ ഇംഗിതം മനസ്സിലാക്കി ഈ സൈന്യത്തെ റോമക്കാരുമായുള്ള പോരാട്ടത്തിന് നിയോഗിക്കുകയായിരുന്നു ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട അബൂബക്കര്‍(റ) ആദ്യം ചെയ്തത്. ഉസാമയുടെ അനുമതിയോടെ ഖലീഫയുടെ സഹായത്തിന് ഉമര്‍(റ) മദീനയില്‍ നിന്നു. സൈന്യം സിറിയയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് നീങ്ങി. റോമാ ചക്രവര്‍ത്തി ഹിര്‍ക്കലിന് മുസ്ലിംകളുടെ മനോധൈര്യവും ഐക്യബോധവും ബോധ്യപ്പെടുത്താന്‍ ഈ ദൗത്യം സഹായകമായി. പ്രവാചകരുടെ നിര്യാണം മൂലം ഇസ്ലാം നാമാവശേഷമായിട്ടില്ലെന്നും മുസ്ലിംകള്‍ തളര്‍ന്നിട്ടില്ലെന്നും അദ്ദേഹം മനസ്സിലാക്കി. ഉസാമയുടെ സൈന്യം കാര്യമായ എതിര്‍പ്പില്ലാതെ മടങ്ങുകയാണുണ്ടായത്.
ഒരിക്കല്‍ തിരുനബി(സ്വ) ഉസാമയെ ഒരു ചെറുസംഘത്തിന്‍റെ നേതാവായി നിയോഗിച്ചു. അദ്ദേഹത്തിന്‍റെ ആദ്യ ദൗത്യം ഇതായിരുന്നു. വിജയശ്രീലാളിതനായി തിരിച്ചുവന്ന ശേഷം യാത്രാനുഭവങ്ങള്‍ അദ്ദേഹം പ്രവാചകര്‍(സ്വ)ക്ക് വിശദീകരിച്ചു കൊടുത്തു. റസൂല്‍ സാകൂതം അതു കേട്ടു. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ മുന്നേറുമ്പോള്‍ ശത്രുക്കള്‍ പിന്തിരിഞ്ഞോടാനാരംഭിച്ചു. ഒരു ശത്രു എന്‍റെ മുമ്പിലാണ് അകപ്പെട്ടത്. ഞാന്‍ ആയുധമെടുത്ത് പ്രയോഗിക്കാനൊരുങ്ങിയപ്പോള്‍ ഉടനെ അയാള്‍ ലാ ഇലാഹ ഇല്ലല്ലാഹ്… എന്നു പറഞ്ഞു. എന്നില്‍ നിന്നു രക്ഷപ്പെടാനുള്ള ഉപായമാണെന്ന് തോന്നിയതിനാല്‍ ഞാന്‍ അയാളുടെ കഥ കഴിച്ചു. എന്‍റെ വിവരണം കേട്ട് തിരുനബിയുടെ മുഖം വിവര്‍ണമാകുന്നത് ഞാന്‍ കണ്ടു. അവിടുന്ന് ഗൗരവ പൂര്‍വം ചോദിച്ചു: കഷ്ടം, ലാ ഇലാഹ ഇല്ലല്ലാഹ് എന്നു വിളിച്ചുപറഞ്ഞിട്ടും നീ അയാളെ വധിച്ചെന്നോ? അദ്ദേഹം തുടരുന്നു: ഞാന്‍ അന്നു വരെ ചെയ്ത ധീരകൃത്യങ്ങളെ കുറിച്ചെല്ലാം എനിക്ക് വിരക്തി തോന്നുംവിധം തിരുദൂതര്‍ അതുതന്നെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. എന്‍റെ ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത പാഠമായിരുന്നു ആ സംഭവം.’ ഈ ഓര്‍മ കൊണ്ടായിരിക്കണം മുസ്ലിംകള്‍ക്കിടയില്‍ പില്‍ക്കാലത്ത് സംഭവിച്ച ചേരിതിരിവില്‍ ഒരു പക്ഷത്തും ചേരാതെ പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ അദ്ദേഹം പ്രചോദിതനായത്. തൗഹീദ് ഉള്‍ക്കൊണ്ടവരാണല്ലോ ഇരുപക്ഷവും. അലി(റ)വും മുആവിയ(റ)വും തമ്മില്‍ നടന്ന സംഘട്ടനങ്ങളില്‍ അദ്ദേഹം പക്ഷംപിടിക്കാതെ മാറിനടന്നു, മനസ്സ് കൊണ്ട് അലി(റ)യുടെ പക്ഷത്തായിരുന്നെങ്കിലും സമര രംഗത്ത് അദ്ദേഹം വന്നതേയില്ല. തദ്വിഷയകമായി അലി(റ)ന് അദ്ദേഹമെഴുതി: ‘താങ്കള്‍ ഒരു സിംഹത്തിന്‍റെ വായിലായിരുന്നെങ്കില്‍ അങ്ങയോടൊപ്പം അതില്‍ പ്രവേശിക്കാന്‍ എനിക്ക് മടിയുണ്ടാകുമായിരുന്നില്ല. എങ്കിലും ഇപ്പോഴത്തെ വിവാദത്തില്‍ എനിക്ക് യോജിപ്പില്ല.’ വീട്ടില്‍ കഴിഞ്ഞുകൂടുകയായിരുന്നു ഈ കാലത്തെല്ലാം അദ്ദേഹം. തന്‍റെ നിഷ്പക്ഷ നിലപാടിനെ വിമര്‍ശിച്ചു രംഗത്തുവന്നവരോട് അദ്ദേഹം പറയുകയുണ്ടായി: ‘ലാ ഇലാഹ ഇല്ലല്ലാഹ് എന്നുച്ചരിക്കുന്ന വ്യക്തിക്കെതിരില്‍ ഞാനൊരിക്കലും ആയുധമെടുക്കില്ല.’ ഒരാള്‍ അദ്ദേഹത്തോട് തിരക്കി: ‘നാശം ഇല്ലായ്മ ചെയ്യുന്നതുവരെയും ദീന്‍ പരിപൂര്‍ണമായും അല്ലാഹുവിന് വിധേയപ്പെടുന്നതു വരെയും അവരൊട് യുദ്ധം ചെയ്യണമെന്ന് അല്ലാഹു കല്‍പിച്ചിട്ടില്ലേ. പിന്നെന്തിനാണ് അമാന്തം?’ അദ്ദേഹത്തിന്‍റെ മറുപടി: ‘ശരിയാണ്, ആ പറഞ്ഞത് പക്ഷേ അവിശ്വാസികളായ ശത്രുക്കളുടെ കാര്യത്തിലാണ്. അതനുസരിച്ച് അവരോട് നിരന്തരം പോരടിച്ചവരാണ് ഞങ്ങള്‍. ഇന്ന് ഞങ്ങള്‍ വിശ്വാസികളോട് പൊരുതണമെന്നോ, നടപ്പില്ല.’
റസൂലിന്‍റെ വളര്‍ത്തു പുത്രനായിരുന്ന ഉസാമയെ ഖലീഫ അബൂബക്കര്‍(റ)വും ഉമര്‍(റ)വും അതിരറ്റ് ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുമായിരുന്നു. സിദ്ദീഖ്(റ)വിന്‍റെ കുതിരപ്പുറത്ത് ഉസാമ(റ)യെ കയറ്റി ഖലീഫ നടന്നുപോകുന്നത് മദീനയിലെ കാഴ്ചയായിരുന്നു. വാഹനത്തില്‍ കയറാന്‍ ഉസാമ നിര്‍ബന്ധിക്കുമ്പോള്‍ ഖലീഫ പറയും: ‘ഉസാമാ, താങ്കള്‍ കുതിരപ്പുറത്തിരിക്കുക. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ എന്‍റെ കാലുകളില്‍ അല്‍പം മണ്ണും പൊടിയും പുരളട്ടെ.’
പ്രവാചകര്‍(സ്വ) രോഗശയ്യയില്‍ കിടക്കുന്ന സമയം. സഹായിയായി ഉസാമയുണ്ട് കൂടെ. തിങ്കളാഴ്ച രാവിലെ അവിടുന്ന് ഉസാമയോട് പറഞ്ഞു: വിശുദ്ധ യുദ്ധത്തിന് പുറപ്പെട്ടുകൊള്ളുക. എല്ലാവിധ സൗഖ്യങ്ങളും നിനക്കു ഞാന്‍ നേരുന്നു. അപ്പോള്‍ ഉസാമ(റ) പ്രതിവചിച്ചു: ‘യാ റസൂലല്ലാഹ്, ഫിദാക്ക അബീ. അല്ലാഹു അങ്ങേക്ക് ശമനം തരുന്നതാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അങ്ങ് സുഖം പ്രാപിക്കുന്നത് വരെ ശുശ്രൂഷിച്ച് കഴിയാന്‍ എനിക്കു സമ്മതം തരണം. ഈ അവസ്ഥയില്‍ അങ്ങയെ പിരിയുകയാണെങ്കില്‍ അവിടുത്തെ പറ്റി അന്വേഷിക്കുന്ന ജനങ്ങളോട് ഞാനെന്ത് മറുപടി പറയും?’ തന്നെ വിട്ടുപിരിയാന്‍ ഉസാമക്ക് വിഷമമുണ്ടെന്ന് മനസ്സിലാക്കിയ ദൂതര്‍ കൂടെ നില്‍ക്കാന്‍ സമ്മതമരുളി. പ്രവാചക വിയോഗത്തിനു ശേഷം പ്രസ്തുത ദൗത്യം അദ്ദേഹം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഹിജ്റ 54-ലായിരുന്നു റസൂലിന്‍റെ ഈ ഇഷ്ടഭാജനത്തിന്‍റെ വേര്‍പ്പാട്.
(അല്‍ഇസ്വാബ 1/31, അല്‍ഇസ്തീആബ് 1/57, താരീഖുല്‍ ഇസ്ലാം ലി ദഹബി 2/270, ത്വബഖാതുല്‍ കുബ്റ 4/42, സുവറുന്‍ മിന്‍ ഹയാതി സ്വഹാബ 225-232).