നാം അടങ്ങുന്ന ഈ പ്രപഞ്ചം അല്ലാഹുവിന്റെ അസ്ഥിത്വത്തിനും ഏകത്വത്തിനും അവന്റെ മറ്റ് വിശേഷണങ്ങൾക്കുമുള്ള അടയാളമാണ്. ഏതൊരു നിർമിതിക്കും നിർമാതാവ് അനിവാര്യമാണല്ലോ. സൃഷ്ടിക്ക് സ്രഷ്ടാവും തഥൈവ. അമ്പരപ്പിക്കുന്ന കാഴ്ചകളും അത്ഭുതപ്പെടുത്തുന്ന ക്രമീകരണങ്ങളും ഇഴതെറ്റാതെയും ഇടമുറിയാതെയും യുക്തിഭദ്രമായി മുന്നോട്ടുകൊണ്ടുപോകാൻ ഒന്നിലധികം പരമാധികാരികളുണ്ടെങ്കിൽ അസാധ്യമാവും. ആകയാൽ സ്രഷ്ടാവായ അല്ലാഹു ഏകനാണ്. അനുഗ്രഹങ്ങളുടെ ദാതാവായ അവനെ മാത്രമേ ആരാധിക്കാവൂ. അഥവാ സ്രഷ്ടാവിനെ ആരാധിക്കുക, സൃഷ്ടികളെ ആരാധിക്കരുത്.

അനാദിയിൽ ഏകനായിരിക്കുക എന്നത് അല്ലാഹുവിന്റെ വിശേഷണങ്ങളിൽപെട്ടതാണ്. സമയം അടക്കമുള്ള കാര്യങ്ങൾ ഇതിന് വിപരീതമാണ്. അവെക്കല്ലാം ഒരു തുടക്കമുണ്ട്. പ്രഥമ സൃഷ്ടിയെ സൃഷ്ടിക്കുന്നതിനുമുമ്പ് ഉണ്മയിൽ അല്ലാഹു തനിച്ചായിരുന്നു. യമനിൽ നിന്നു തിരുനബി(സ്വ)യുടെ സമീപത്തെത്തിയ ദൗത്യസംഘത്തിന്റെ ചോദ്യത്തിന് മറുപടിയായി അവിടുന്ന് പറഞ്ഞു: അനാദിയിൽ അല്ലാഹുമാത്രമാണുണ്ടായിരുന്നത്. അവനോടൊപ്പം മറ്റൊന്നും ഉണ്ടായിരുന്നില്ല (ബുഖാരി 3191). അബൂറസീൻ(റ) തിരുനബി(സ്വ)യോട് ചോദിച്ചു: പടപ്പുകളെ പടക്കുന്നതിന് മുമ്പ് അല്ലാഹുവിന്റെ അവസ്ഥ എന്തായിരുന്നു. റസൂൽ(സ്വ) പറഞ്ഞു: വിശേഷണങ്ങളുടെ പ്രകടനങ്ങൾ പ്രകടമാകാതെ സത്തയുടെ തനതായ വ്യക്തിത്വമെന്ന് വിശേഷിപ്പിക്കാവുന്ന നിഗൂഢതയിൽ അല്ലാഹു തനിച്ചായിരുന്നു (അഹ്മദ് 16233, തിർമിദി 3109, ഇബ്‌നു മാജ 182).

ആദം നബി(അ)ന്റെ മുതുകിൽ നിന്ന് മനുഷ്യകുലത്തിന്റെയാകമാനം ആത്മാക്കളെ പുറത്തുകൊണ്ടുവന്ന് അല്ലാഹു കരാർ വാങ്ങിയശേഷം ആദം(അ)ന് പ്രസ്തുത ആത്മാക്കളെ ഒന്നടങ്കം അവൻ കാണിച്ചുകൊടുത്തു. സമ്പന്നർ, ദരിദ്രർ, സൗന്ദര്യമുള്ളവർ, ഇല്ലാത്തവർ എന്നിങ്ങനെ വിപരീത വിഭാഗങ്ങളെ തന്റെ സന്താനങ്ങളിൽ ദർശിച്ചപ്പോൾ, നിന്റെ അടിമകളെയെല്ലാം ഒരേ ഗുണമുള്ളവരാക്കിക്കൂടേ എന്ന് ആദം(അ) അല്ലാഹുവിനോട് ആരാഞ്ഞു. അത് പറ്റില്ല. ഞാൻ ചെയ്യുന്ന അനുഗ്രങ്ങളുടെ പേരിൽ നിത്യവും എനിക്ക് നന്ദി അർപ്പിക്കപ്പെടുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. അതിന് ജനങ്ങളെ വിപരീത ഗുണങ്ങളുള്ള വർഗങ്ങളായി സൃഷ്ടിക്കണം എന്നായിരുന്നു മറുപടി. (സഖാഇദു മുസ്‌നദ് 5/135, മജ്മഉസ്സവാഇദ് 7/25) ഇമാം ഇബ്‌നു ഹജരിൽ ഹൈതമി(റ) ഈ ഹദീസിനെ വ്യാഖ്യാനിച്ച് എഴുതി: സമ്പന്നൻ അവന്റെ സമ്പത്താകുന്ന വലിയ അനുഗ്രഹത്തെ നോക്കിക്കാണും. ദുൻയാവിന്റെ കളങ്കം ആപത്ത്, കഷ്ടതകൾ, കഠിനാധ്വാനങ്ങൾ, വിശ്രമമില്ലായ്മ തുടങ്ങി സമ്പത്ത് കൊണ്ടുണ്ടാകുന്ന വിഷമങ്ങളിൽ നിന്നുള്ള ദരിദ്രന്റെ ആശ്വാസമാണ് അവൻ നോക്കിക്കാണുന്ന ഉന്നതമായ അനുഗ്രഹം. ഒന്നിന് പിറകെ മറ്റൊന്ന് എന്ന നിലയിലുള്ള ഇടമുറിയാത്ത പ്രതിസന്ധികളും പ്രശ്‌നങ്ങളും പരീക്ഷണങ്ങളും പരലോകത്തെ ദീർഘമായ വിചാരണയും തുടങ്ങി പൊതുവെ സമ്പത്ത് കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളിൽ നിന്നുള്ള മോചനവും ദരിദ്രന്റെ വലിയ അനുഗ്രഹമാണ്. സൗന്ദര്യമുള്ളവർ അവരുടെ സൗന്ദര്യത്തെ മനസ്സിലാക്കുന്നു. സൗന്ദര്യമില്ലാത്തവർ സൗന്ദര്യത്തിന്റെ പേരിലുണ്ടാകുന്ന പീഡനങ്ങൾ, പരീക്ഷണങ്ങൾ എന്നിവയിൽനിന്നുള്ള മോചനത്തെയും മനസ്സിലാക്കുന്നു. അപ്പോൾ ഓരോരുത്തരും അപരനേക്കാൾ തനിക്കുണ്ടായിട്ടുള്ള അനുഗ്രഹത്തിലെ മികവ് മനസ്സിലാക്കി അല്ലാഹുവിന് നന്ദി അർപ്പിക്കും.

വിശുദ്ധ ഖുർആൻ 51:56-ാം സൂക്തത്തിന് ഇബ്‌നു അബ്ബാസ്(റ) നൽകുന്ന വ്യാഖ്യാനവും ഈ ആശയവുമായി സമരസപ്പെടുന്നു. എന്നെ ആരാധിക്കുന്നതിനുവേണ്ടിയല്ലാതെ മനുഷ്യ-ഭൂതവർഗങ്ങളെ ഞാൻ സൃഷ്ടിച്ചിട്ടില്ല. ഞാൻ മാത്രമാണ് അവരുടെ പരിപാലകൻ എന്നും അതിനാൽ ഞാൻ മാത്രമാണ് ആരാധനയ്ക്ക് അർഹനെന്നും മനസ്സിലാക്കി അവരെന്നെ ആരാധിക്കുകയും അതുവഴി അവരുടെ പൂർണമായ അടിമത്വം ഉടമയായ എനിക്ക് പ്രത്യക്ഷത്തിൽ കാണുന്നതിന് വേണ്ടിയുമാണ് ഞാൻ അവരെ സൃഷ്ടിച്ചത് (മിർഖാത്ത് / തിരുനബി (സ്വ)യുടെ സ്വഭാവവും വ്യക്തിവിശേഷങ്ങളും എന്ന അദ്ധ്യായം).

അനാദിയിൽ ഗോപ്യമായിക്കിടന്ന ഒരു നിധിയായിരുന്നു ഞാൻ. അറിയപ്പെടണമെന്നത് എന്റെ ഇഷ്ടമായതിനാൽ

അതിന് വേണ്ടി ഞാൻ സൃഷ്ടികളെ പടച്ചു. എന്ന പ്രസിദ്ധമായ ഖുദ്‌സിയ്യായ ഹദീസ് മുകളിൽ വിവരിച്ച ഖുർആൻ സൂക്തത്തിന്റെയും മൂന്ന് ഹദീസ് വചനങ്ങളുടെയും ആശയം ഉൾക്കൊള്ളുന്നതും സമ്പുഷ്ടവുമാണ്. മുല്ലാ അലിയ്യുനിൽഖാരി(റ) വിശദീകരിക്കുന്നു: കൽപന, നിരോധന, വാഗ്ദാനം, താക്കീത് എന്നിവ അല്ലാഹുവിന്റെ വിശേഷണങ്ങളിൽപെട്ടതാണ്. മറ്റ് വിശേഷണങ്ങളെപ്പോലെ തന്നെ അവയ്ക്കും പ്രകടനങ്ങൾ ആവശ്യമാണ്. അതിനാൽ കൽപനയും നിരോധനവും കൊണ്ട് അടിമകളോട് കീർത്തിക്കുകയും അനുസരിക്കുന്നവർക്ക് പ്രതിഫല വാഗ്ദാനവും ലംഘിക്കുന്നവർക്ക് താക്കീതും നൽകി. അല്ലാഹുവിന്റെ അധികാരം പ്രകടിപ്പിക്കാനായിരുന്നു ഇത്. അറിയപ്പെടൽ എനിക്ക് ഇഷ്ടമായപ്പോൾ അതിനുവേണ്ടി ഞാൻ സൃഷ്ടികളെ പടച്ചു എന്ന് പറഞ്ഞതിന്റെ വിവക്ഷയാണിത് (മിർഖാത്ത് / ഖദർ കൊണ്ടുള്ള വിശ്വാസം എന്ന അധ്യായം).

അലാഇദ്ദൗലയുടെ അൽ ഉർവത്ത് എന്ന ഗ്രന്ഥത്തിൽ നിന്നു അലിയ്യുനിൽഖാരി ഉദ്ധരിക്കുന്നു: അനാദിയിൽ ഞാൻ ഗോപ്യമായിരുന്ന ഒരു നിധിയായിരുന്നു എന്നത് കൊണ്ട് അല്ലാഹു അവന്റെ സത്തയിലെ ഏകത്വമാണ് വിളംബരപ്പെടുത്തുന്നത്. അറിയപ്പെടൽ എനിക്ക് ഇഷ്ടമായി എന്നത് കൊണ്ട് അവന്റെ വിശേഷണങ്ങളുടെ ഏകത്വെത്തയാണ് വെളിപ്പെടുത്തുന്നത്. അതിന് വേണ്ടി ഞാൻ പടപ്പുകളെ പടച്ചു എന്നത് കൊണ്ട് അവന്റെ പ്രവർത്തനങ്ങളിലെ ഏകത്വത്തെ പ്രഖ്യാപിക്കുകയാണ്. അതായത് സത്തയിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങൡും ഏകനായിരിക്കുക എന്ന തൗഹീദിന്റെ ഉൾപൊരുളും അന്തസത്തയുമാണ് പ്രസ്തുത ഹദീസിന്റെ മൂന്ന് ഭാഗങ്ങൾ പഠിപ്പിക്കുന്നത്.

മറ്റെല്ലാംപോലെ തന്നെ സൃഷ്ടിപ്പിന്റെയും തുടക്കം മംഗളമാകണമല്ലോ. തന്നിമിത്തമാണ് സൃഷ്ടികളഖിലത്തിലും അത്യുത്തമനായ പ്രവാചകർ(സ്വ)യുടെ തിരുപ്രഭ സൃഷ്ടിച്ചുകൊണ്ട് അല്ലാഹു അതിന്

നാന്ദികുറിച്ചത്. സൃഷ്ടികളുടെ പ്രഥമ സ്ഥാനത്തിന് വേണ്ടി അല്ലാഹു തിരഞ്ഞെടുത്തത് തന്നെ പ്രവാചകപ്രഭയുടെ മഹത്ത്വം തെര്യപ്പെടുത്തുന്നു. അതിലുപരി പുണ്യപ്രകാശത്തിന്റെ യുഗാന്തരങ്ങളിലൂടെയുള്ള ചലനത്തിലഖിലത്തിലും സംഭവവികാസങ്ങളിലും പ്രസ്തുത മഹത്ത്വം തെളിഞ്ഞ്

നിൽക്കുകയാണ്. നയനഗോചരമായ ഒരു പ്രകാശം എന്നതിലപ്പുറം അതിന്റെ ഉൾപൊരുൾ വിശദീകരിച്ചുകൊണ്ട് ഇമാം ഗസ്സാലി(റ) എഴുതി: സ്വത്തിനെയും മറ്റുള്ളതിനെയും കണ്ണുകൾക്ക് പ്രത്യക്ഷപ്പെടുത്തി തരുന്ന വസ്തുവാണ് പ്രകാശമെങ്കിൽ മറ്റുള്ളവയിൽ വെളിച്ചം ഉണ്ടാക്കുന്ന വസ്തു പ്രകാശം എന്ന പേരിന് കൂടുതൽ അർഹതയുള്ളതാണ്. എന്നല്ല, ഇതിന്റെ പ്രകാശം മറ്റുള്ളവയിലേക്ക് ഒഴുകുന്നു എന്നതിനാൽ അവയെ പ്രകാശനമാക്കുന്ന വിളക്ക് എന്നുതന്നെ അതിനെക്കുറിച്ച് പറയണം. വിശുദ്ധമായ പ്രവാചക ആത്മാവിന് ഈ പ്രത്യേകതയാണുള്ളത്. കാരണം, പ്രവാചക ആത്മാവെന്ന പ്രകാശം മധ്യമമായിട്ടാണ് വിജ്ഞാനങ്ങളഖിലവും സൃഷ്ടികളിലേക്ക് പ്രവഹിക്കുന്നത് (മിശ്കാത്തുൽ അൻവാർ പേ.9).

മുഹമ്മദീയ യാഥാർത്ഥ്യം, മുഹമ്മദീയ സത്ത, അതിശ്രേഷ്ഠ ആത്മാവ്, പരിശുദ്ധാത്മാവ്, ശോഭന ദീപം, സമീപസ്ഥ മാലാഖ, ആത്മാവാകുന്ന മാലാഖ, നിമിത്തമായ യാഥാർത്ഥ്യം, അല്ലാഹുവിന്റെ കാര്യം, മുത്ത്, രത്‌നം, ബുദ്ധി, തൂലിക എന്നീ വ്യത്യസ്ത നാമങ്ങൾ നബി പ്രകാശത്തിന്റെ പര്യായപദങ്ങളാണ്. ഈ നാമങ്ങൾ ഓരോന്നിലേക്ക് ചേർത്തുകൊണ്ട്, അതാണ് ആദ്യ സൃഷ്ടി എന്ന് പ്രമാണങ്ങളിൽ വ്യക്തമായി കാണാം. പര്യായ പദങ്ങളായതിനാൽ ഒരേ വസ്തുവിനെക്കുറിച്ചുമുള്ള വ്യത്യസ്ത പ്രയോഗങ്ങളാണവ. ആദ്യസൃഷ്ടി ഒന്നുതന്നെ. നബിപ്രകാശം! ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ), ഇമാം ഇസ്മാഈൽ ഹിഖി(റ), ഇമാം അബൂ ഹഖ് ദിമശ്ഖി(റ), ഇമാം നീസാബൂരി(റ) തുടങ്ങിയ പണ്ഡിതന്മാർ ആദ്യസൃഷ്ടിയെക്കുറിച്ചുള്ള പരസ്പര വിരുദ്ധമെന്ന് തോന്നിക്കുന്ന നബിവചനങ്ങൾ സംയോജിപ്പിച്ചത് ഈ രീതിയിലാണ്. ആദ്യസൃഷ്ടിയെക്കുറിച്ചല്ല പണ്ഡിതന്മാർക്കിടയിലുള്ള ഭിന്നിപ്പ്; നബിപ്രകാശം സൃഷ്ടിച്ചതിന് ശേഷം ആദ്യമായി അല്ലാഹു എന്തിനെയാണ് സൃഷ്ടിച്ചത് എന്നതിനെക്കുറിച്ചാണെന്ന് അല്ലാമ ഇബ്‌നുഹജർ(റ) അശ്‌റഫുൽ വസാഇൽ 36,37-ൽ വിശദീകരിക്കുന്നു.

പുതപ്പിട്ട് മൂടിക്കിടക്കുന്ന പ്രവാചകരേ’ എന്ന വിശുദ്ധ ഖുർആൻ 74:1-ലെ സംബോധന കൃത്യമായി നബിപ്രകാശത്തെയാണ് ലക്ഷ്യംവെക്കുന്നത്. മനുഷ്യരൂപം കൊണ്ട് മുഹമ്മദീയ യാഥാർത്ഥ്യത്തെ ഒളിപ്പിച്ച് വെച്ച പ്രവാചകരേ, സൃഷ്ടി നയനങ്ങൾക്ക് ഗോപ്യമായിക്കിടക്കുന്ന പ്രവാചകരേ എന്നിങ്ങനെയൊക്കെയാണ് അതിന്റെ വ്യാഖ്യാനം. അതുകൊണ്ട് തന്നെ സത്തകളുടെ സത്തയായ, അല്ലെങ്കിൽ യാഥാർത്ഥ്യങ്ങളുടെ യാഥാർത്ഥ്യമായ തിരുപ്രകാശത്തെ കൃത്യമായി മനസ്സിലാക്കാൻ മനുഷ്യൻ അശക്തനാണ്. അതിനെക്കുറിച്ചുള്ള പൂർണമായ ജ്ഞാനം അല്ലാഹുവിന് മാത്രമാണുള്ളത് (റൂഹുൽ മആനി 29/116). സൽഗുണങ്ങളിൽ പങ്കാളികളെതൊട്ട് പരിശുദ്ധനും സൗന്ദര്യത്തിന്റെ കാതൽ ഓഹരി ചെയ്യപ്പെടാതെ ഉൾക്കൊണ്ടവരുമാണ് എന്ന് പുണ്യറസൂലിനെക്കുറിച്ച് ഇമാം ബൂസ്വീരി(റ) പറഞ്ഞത് ഈ അർത്ഥത്തിലാണ്.

മുഴുവൻ വസ്തുക്കളെയും സൃഷ്ടിക്കുന്നതിന് മുമ്പ് അല്ലാഹു അവന്റെ പ്രകാശത്തിൽ നിന്ന് തിരുനബി(സ്വ)യുടെ പ്രകാശത്തെ സൃഷ്ടിക്കുകയായിരുന്നു. മലക്കുകളെ പ്രകാശത്തിൽനിന്നും ഭൂതങ്ങളെ അഗ്നിയിൽനിന്നും ആദംനബി

(അ)നെ മണ്ണിൽനിന്നും സൃഷ്ടിച്ചു എന്ന രീതിയിലല്ല അല്ലാഹുവിന്റെ പ്രകാശത്തിൽ

നിന്ന് നബിപ്രകാശം സൃഷ്ടിക്കുന്നത്. പൂർണതക്കനിവാര്യമായ വിശേഷണങ്ങൾ കൊണ്ടുമാത്രം വിശേഷിപ്പിക്കപ്പെടുന്ന അല്ലാഹുവിന്റെ പരിശുദ്ധ സത്തയെക്കുറിച്ച് പ്രകാശം എന്ന് വിശേഷണം പറയപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ സത്ത തന്നെയാണ് അവന്റെ പ്രകാശം. ആദം(അ), ഈസാ(അ) എന്നിവരുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ മലക്കുകളെ ഏൽപിച്ച് അല്ലാഹു നടപ്പാക്കുകയായിരുന്നു. എന്നാൽ നബിപ്രകാശത്തിന്റെ സൃഷ്ടിപ്പ് അല്ലാഹു നേരിട്ട് നിർവഹിക്കുകയായിരുന്നു. മലക്കുകളെയോ മറ്റോ ഏൽപിക്കാൻ അന്ന് മലക്കുകൾ സൃഷ്ടിക്കപ്പെട്ടിട്ടുമില്ല. അതിലുപരി സൃഷ്ടികളിൽ മഹോന്നത

നായ തിരുനബി(സ്വ)യുടെ പ്രകാശത്തിന്റെ മഹത്ത്വത്തിന് യോജിച്ചതും സൃഷ്ടിപ്പിന്റെ പ്രാരംഭം കുറിക്കുന്നതിനോടു യോജിച്ചതും അല്ലാഹു നേരിട്ട് നിർവഹിക്കുന്നതാണ്.

ചാരിത്ര്യശുദ്ധിയുള്ള മർയം(റ)യെ വിശ്വാസികൾക്ക് മാതൃകയായി അല്ലാഹു അവതരിപ്പിച്ചിരിക്കുന്നു. നമ്മുടെ ആത്മാവിനെ നാം അവരിൽ ഊതുകയും ചെയ്തു’ എന്ന് ഈസാനബി(അ)ന്റെ സൃഷ്ടിപ്പിനെക്കുറിച്ച് വിശുദ്ധ ഖുർആൻ (66/ 12) പ്രസ്താവിക്കുന്നുണ്ട്. ഊതുക എന്നൊരു പ്രക്രിയ അല്ലാഹുവിൽനിന്ന് ഉണ്ടായിട്ടില്ല. നാം ഊതി എന്ന് അല്ലാഹു പറഞ്ഞത് ജീവൻ നൽകുക എന്ന അർത്ഥത്തിലാണ്. നമ്മുടെ ആത്മാവ് എന്ന് അല്ലാഹുവിലേക്ക് ചേർത്ത് പറഞ്ഞത് ബഹുമാനാർത്ഥവും (റൂഹുൽ മആനി 17: 88). ചുരുക്കത്തിൽ, നബിപ്രകാശത്തെ കുറിച്ചുള്ള ഹദീസ് പ്രസ്താവന ഈസാനബി(അ)ന്റെ ആത്മാവിനെക്കുറിച്ചുള്ള ഖുർആൻ പ്രസ്താവനക്ക് തുല്യമാണ്. ഇമാം മുഹമ്മദുസ്സുർഖാനി(റ), ഇമാം അജ്‌ലൂനി(റ), ഇമാം അബ്ദുൽ ഹയ്യിൽ ഫറൻകിമഹല്ലി(റ) എന്നിവർ ഇത് വിശദീകരിച്ചിട്ടുണ്ട്. നബിപ്രകാശം അത്ഭുത സൃഷ്ടിയാണ്. രക്ഷിതാവിന്റെ സന്നിധിയിൽ അതിന് പ്രത്യേക ബന്ധവും യോജിപ്പുമുണ്ട് എന്നതാണ് അല്ലാഹുവിന്റെ പ്രകാശത്തിൽനിന്ന് സൃഷ്ടിച്ചു എന്ന് പ്രസ്താവിച്ചതിന്റെ രഹസ്യമെന്ന് ഇമാം സുർഖാനി(റ) വിശദീകരിക്കുകയും ചെയ്തു (ശറഹുസ്സുർഖാനി അൽ മവാഹിബ് 1/46).

പടപ്പിന്റെ തുടക്കമായി തിരുനബി പ്രകാശം സൃഷ്ടിച്ച അല്ലാഹു മുഴുവൻ നന്മകളുടെയും ഉറവിടങ്ങളെ അതിന് അനുബന്ധമായി പടച്ചു. ശേഷം മുഴുവൻ വസ്തുക്കളെയും സമയാസമയങ്ങളിൽ സൃഷ്ടിക്കുകയായിരുന്നു. തിരുപ്രകാശത്തെ സൃഷ്ടിച്ച അല്ലാഹു അതിനെ ഏറ്റവും ശ്രേഷ്ഠമായ മഖാമുൽ ഖുർബിൽ (സാമീപ്യ പദവി) പന്ത്രണ്ടായിരം വർഷം താമസിപ്പിച്ചു. പിന്നീട് മഖാമുൽ ഹുബ്ബിൽ(സ്‌നേഹപദവി) പന്ത്രണ്ടായിരം വർഷം താമസിപ്പിച്ചു. ശേഷം അതിനെ മഖാമുൽ ഖൗഫിൽ (ഭക്തിയുടെ പദവി) പന്ത്രണ്ടായിരം വർഷം താമസിപ്പിച്ചു. പിന്നീട് മഖാമുർ റജാഅ് (പ്രതീക്ഷയുടെ പദവി)യിലും പന്ത്രണ്ടായിരം വർഷം താമസിപ്പിച്ചു. അതിന് ശേഷം മഖാമുൽ ഹയാഅ് (ലജ്ജയുടെ പദവി)യിലും പന്ത്രണ്ടായിരം വർഷം താമസിപ്പിച്ചു.

പിന്നീട്, അല്ലാഹു പന്ത്രണ്ടായിരം തിരശ്ശീലകളെ സൃഷ്ടിക്കുകയും അവയിൽ ഓരോന്നിന്റെ പിന്നിലും തിരുപ്രകാശത്തെ ആയിരം വർഷം വീതം താമസിപ്പിക്കുകയും ചെയ്തു. യജമാനനായ അല്ലാഹുവിനോടുള്ള പൂർണവിധേയത്വം, അച്ചടക്കം, ക്ഷമ, സത്യസന്ധത, വിശ്വാസദാർഢ്യം തുടങ്ങിയ ഉന്നതഗുണങ്ങളെയാണ് ആ തിരശ്ശീലകൾ പ്രതിനിധീകരിക്കുന്നത്. പ്രസ്തുത തിരശ്ശീലകളിൽ നിന്നു പുറത്തെടുത്ത തിരുപ്രകാശത്തെ അല്ലാഹു ഭൂമിയിലേക്കയച്ചു. തൽഫലമായി ഉദയാസ്തമനദിക്കുകളും ചക്രവാളങ്ങളുമാകമാനം പ്രകാശിച്ചു. ശേഷം മണ്ണിനെ അടിസ്ഥാനമാക്കി ആദംനബി(അ)നെ സൃഷ്ടിക്കുകയും നെറ്റിയിലൂടെ തിരുപ്രകാശത്തെ പ്രകടമാക്കുകയും ചെയ്തു. പിന്നീട് തലമുറകളായി പരിശുദ്ധരായ മാതാപിതാക്കളിലുടെ സഞ്ചരിച്ച തിരുപ്രകാശം അബ്ദുല്ല(റ)വിൽനിന്ന് ആമിന(റ)ലേക്ക് നീങ്ങുകയും ആ പ്രകാശം ഉൾകൊള്ളുന്ന ആത്മാവിന്റെ വാഹകനായി മുഹമ്മദ്(സ്വ) ജനിക്കുകയും ചെയ്തു.

ധവള രത്‌നങ്ങളുടെ നിർമിതിയായ തിരശ്ശീലയിലാണ് തിരുപ്രകാശത്തെ താമസിപ്പിച്ചത്. ചതുർശിഖിരങ്ങളുള്ള വിശ്വാസ ദാർഢ്യത്തിന്റെ വൃക്ഷത്തിൽ അല്ലാഹു നബിപ്രകാശത്തെ താമസിപ്പിച്ചിട്ടുണ്ട്. എഴുപതിനായിരം വർഷം പ്രസ്തുത വൃക്ഷത്തിൽ നബിപ്രകാശം അല്ലാഹുവിന് തസ്ബീഹ് നിർവഹിച്ചു. ശേഷം അല്ലാഹു അതിനെ ലജ്ജയുടെ കണ്ണാടിക്ക് അഭിമുഖമായി നിർത്തി. മയിലിനെ വെല്ലുന്ന ഭംഗിയുള്ള വിശുദ്ധ പ്രകാശം ലജ്ജയുടെ കണ്ണാടിയിലൂടെ സ്വന്തം സൗന്ദര്യം ദർശിച്ചു. അല്ലാഹുവിന്റെ അനുഗ്രഹപൂർത്തീകരണത്തിന് പകരമാകുന്ന നിലയിൽ നന്ദി പ്രകടിപ്പിക്കുന്നതിനുള്ള അശക്തത അനുഭവത്തിലൂടെ ബോധ്യപ്പെട്ടപ്പോൾ തിരുപ്രകാശം നന്ദി പ്രകടനത്തിന്റെ പ്രതീകമെന്നോണം അഞ്ച് തവണ അല്ലാഹുവിന് സാഷ്ടാംഗം ചെയ്തു. അഞ്ചു നേരത്തെ നിസ്‌കാരങ്ങൾ നബിപ്രകാശത്തിന്റെ അഞ്ച് സുജൂദുകളെ പ്രതിനിധീകരിക്കുന്നു. അതിന്റെ അർത്ഥവും ആശയവും ഉൾക്കൊള്ളുകയും ചെയ്യുന്നു.

ശേഷം അല്ലാഹു ആത്മാവുകളെ സൃഷ്ടിച്ചപ്പോൾ അവ തിരുപ്രകാശത്തെ പ്രദക്ഷിണം ചെയ്തു. ഒരുലക്ഷം വർഷം തുടർന്ന ഈ പ്രദക്ഷിണത്തിൽ ആത്മാക്കൾ അല്ലാഹുവിന് തസ്ബീഹും തഹ്‌ലീലും നിർവഹിച്ചുകൊണ്ടിരുന്നു. ഇങ്ങനെ, നബിപ്രകാശത്തിന്റെയും തിരുനബി(സ്വ)യുടെയും മഹിമയും പെരുമയും ബോധ്യപ്പെടുത്തുന്ന വ്യത്യസ്ത വിശദീകരണങ്ങൾ ഹദീസുകളിൽ വായിക്കാവുന്നതാണ്.

‘ഭൂമിയിൽ ഞാൻ പ്രതിനിധിയെ സൃഷ്ടിക്കുന്നു’ എന്ന മലക്കുകളോടുള്ള അല്ലാഹുവിന്റെ പ്രസ്താവന വിശദീകരിച്ചുകൊണ്ട് ഇമാം സഹ്ൽ തസ്തുരി(റ) പറയുന്നു: ഈ  പ്രസ്താവന മലക്കുകളോട് നടത്തിയ അല്ലാഹു നബിപ്രകാശത്തെ തുടർന്ന് സൃഷ്ടിച്ച കുതിരയുടെ നെറ്റിപട്ടത്തിന് സമാനമായി ശോഭിക്കുന്ന മണ്ണിൽ നിന്ന് ആദം(അ)നെ സൃഷ്ടിച്ചു. തിന്മകൾ പ്രോത്സാഹിപ്പിക്കുന്ന ശരീരേച്ഛ മനുഷ്യന്റെ കഠിനശത്രുവാണെന്ന് ആദം(അ)നെ അറിയിക്കുകയും ചെയ്തു (തഫ്‌സീറു ത്തസ്തുരി പേജ്. 27).

കഅ്ബുൽ അഹ്ബാർ(റ) പറയുന്നു: മലക്കുകളെയോ മറ്റുള്ളവരുടെ ആത്മാവിനെയോ പോലെയല്ല ആദം(അ)ന്റെ ആത്മാവ്. ആദം(അ)ന്റെ ശരീരെത്ത സൃഷ്ടിച്ചശേഷം എന്റെ ആത്മാവിനെ ഞാൻ അതിൽ ഊതി. അതിനെ തുടർന്ന് മലക്കുകൾ ആദമിന് സാഷ്ടാംഗം ചെയ്തു എന്ന പ്രസ്താവനയിലൂടെ അല്ലാഹു ആദം(അ)ന്റെ ആത്മാവിന്റെ മഹിമയാണ് തെര്യപ്പെടുത്തുന്നത്. നിഖില പ്രകാശങ്ങളിലും മുക്കിയെടുത്ത ആദമിന്റെ ആത്മാവിനോട്

നാസികയിലൂടെ അകത്തേക്ക് കടക്കാൻ അല്ലാഹു കൽപിച്ചു. ആത്മാവ് തലച്ചോറിൽ എത്തിയപ്പോൾ ആദമിന്റെ ശരീരത്തിന് കാഴ്ച, കേൾവി, ഘ്രാണം എന്നീ കഴിവുകൾ പ്രവർത്തിച്ചുതുടങ്ങി. ശ്വാസോഛ്വാസവും ആരംഭിച്ചു. തിരുനബി പ്രകാശം ആദം(അ)മിന്റെ ആത്മാവിനൊപ്പം ശരീരത്തിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ അതിന്റെ പ്രതിഫലനം മഹാന്റെ തിരുനെറ്റിയിൽ ഇരുനയനങ്ങൾക്ക് മധ്യേ കാണപ്പെട്ടു. കുതിരയുടെ വെള്ളനെറ്റിപ്പട്ടംപോലെ അതിശക്തിയായി തിളങ്ങുന്ന പ്രകാശമാണ് ആദം(അ)ന്റെ നെറ്റിയിൽ കാണപ്പെട്ടത്.

സ്വർഗത്തിലായിരുന്ന ആദം(അ)ന് തിരുനബി(സ്വ)യെ കാണാൻ അതിയായ ആഗ്രഹമുണ്ടായി. താങ്കളുടെ മുതുകിലാണ് ഇപ്പോൾ മുഹമ്മദ്(സ്വ) ഉള്ളതെന്നും അവസാനകാലത്താണ് ജനിക്കുകയെന്നും അല്ലാഹു ആദം(അ)ന് വഹ്‌യ് നൽകി. സ്വർഗത്തിൽ നിന്ന് തന്നെ പുണ്യറസൂലിനെ

കാണാനുള്ള തന്റെ അടക്കാനാകാത്ത ആഗ്രഹം ആദം(അ) അല്ലാഹുവിനോട് പറഞ്ഞു. അതനുസരിച്ച് തിരുനബി(സ്വ)യുടെ പ്രകാശത്തിന്റെ അവർണനീയ സൗന്ദര്യം ആദം

(അ)ന്റെ  ഇരു തള്ളവിരലുകളിലെ നഖങ്ങളിൽ അല്ലാഹു പ്രതിഫലിപ്പിച്ചു. ഉടൻ ആദം(അ) ഇരു പെരുവിരലുകളുടെ നഖങ്ങളും ചുംബിച്ച് ഇരുനയനങ്ങൾ ആ നഖങ്ങൾകൊണ്ട് തടവി നബിപ്രകാശത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു. ഇതിനെ അനുസ്മരിച്ച് ആദം(അ)ന്റെ സന്താനങ്ങൾ പെരുവിരലുകളുടെ നഖങ്ങൾ ചുംബിച്ച് കണ്ണുകൾ തടവുന്നത് ആദിപിതാവിന്റെ ചര്യയായി തുടർന്നുവന്നു. ജിബ്‌രീൽ(അ) ഇക്കാര്യം തിരുനബി(സ്വ)യെ അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: ‘വാങ്ക് വിളിക്കുമ്പോൾ എന്റെ പേര് കേട്ട് ആരെങ്കിലും  പെരുവിരലുകളുടെ നഖങ്ങൾ ചുംബിച്ച് അവകൊണ്ട് കണ്ണുകൾ തടവിയാൽ ഒരിക്കലും അവന്റെ കാഴ്ചശക്തി പൂർണമായി നഷ്ടപ്പെടുകയില്ല’ (റൂഹുൽ ബയാൻ 4/461).

ആദം(അ)ന് സുജൂദ് ചെയ്യാൻ മലക്കുകളോട് അല്ലാഹു കൽപിച്ചത് ആദം(അ)ന്റെ ഇരുനയനങ്ങൾക്ക് മധ്യേ പ്രശോഭിച്ച തിരുപ്രകാശത്തെ ആദരിക്കാനായിരുന്നു എന്ന് ഇമാം റാസി(റ), ഇമാം ദിമശ്ഖി(റ), ഇമാം ഇസ്മാഈൽ ഹിഖി(റ) തുടങ്ങിയവർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇബ്‌നു കസീർ പറയുന്നു: ആദം(അ)ന്റെ മുതുകിൽനിന്ന് ആദം സന്തതികളെ പുറത്തെടുത്തപ്പോൾ പ്രവാചകന്മാരെ തിരിച്ചറിയാനായി അവരുടെ ഇരുനയനങ്ങൾക്കു മധ്യേ പ്രത്യേകമായൊരു പ്രകാശം അല്ലാഹു നൽകി. ഓരോ പ്രവാചകന്റെയും സ്ഥാനമാനങ്ങൾക്കനുസരിച്ച് ആ പ്രകാശം വ്യത്യസ്തമായിരുന്നു. തിരുനബി(സ്വ)യുടെ പ്രകാശം ഏറ്റവും വ്യക്തവും വലുതും ഉന്നതവുമായിരുന്നു. റസൂൽ(സ്വ)യുടെ ഉന്നതസ്ഥാനവും മഹത്ത്വവും എല്ലാവരെയും അറിയിക്കുന്നതിനും ബോധ്യപ്പെടുത്തുന്നതിനുമായിരുന്നു ഇത് (അൽബിദായതു വന്നിഹായ 2/392).

ഒഴുകുന്ന ജലത്തിന്റെ കളകളാരവത്തിനോ ആടിയുലയുന്ന മരച്ചില്ലകളുടെ മർമരത്തിനോ തുല്യമെന്ന് വിശേഷിപ്പിക്കാവുന്ന ശബ്ദം ആദം(അ) തന്റെ മുതുകിൽ നിന്ന് ശ്രവിക്കാനിടയായി. എന്താണീ ശബ്ദമെന്ന് ആദം(അ) അല്ലാഹുവിനോട് അന്വേഷിച്ചു. താങ്കളുടെ സന്താനങ്ങളിൽ അതിശ്രേഷ്ഠരും അന്ത്യപ്രവാചകനുമായ തിരുനബി(സ്വ)യുടെ പ്രകാശത്തിന്റെ തസ്ബീഹാണ് താങ്കൾ കേൾക്കുന്ന ശബ്ദം എന്ന് അവൻ അറിയിച്ചു. ആ ശബ്ദം മലക്കുകളും കേട്ടിട്ടുണ്ട്. അവർ അതിനെക്കുറിച്ച് ആദം(അ)നോട് അന്വേഷിച്ചു. അല്ലാഹു അറിയിച്ചുകൊടുത്ത മറുപടി ആദം(അ) അവരോട് പറഞ്ഞു.

നബിപ്രകാശത്തെ വിശുദ്ധരായ സ്ത്രീയിലല്ലാതെ നിക്ഷേപിക്കരുതെന്ന് അല്ലാഹു ആദം(അ)നോട് കരാർ വാങ്ങിയിട്ടുണ്ട്. തിരുനബി(സ്വ)യുടെ പിതൃപരമ്പരയിലെ

പുരുഷന്മാരുടെ മുതുകിൽ നബിപ്രകാശം വസിക്കുമ്പോൾ അവരുടെ മുഖത്തായിരുന്നു അതിന്റെ പ്രതിഫലനം ഇതേപ്രകാരം പ്രസ്തുത പ്രകാശം റസൂൽ(സ്വ)യുടെ മാതൃപരമ്പരയിലെ സ്ത്രീകളുടെ ഗർഭാശയത്തിൽ വസിച്ചപ്പോൾ അതിന്റെ പ്രകടനം ആ മഹതിമാരുടെ തിരുനെറ്റികളിലായിരുന്നു. ആദം(അ)ൽ നിന്ന് ഹവ്വാഅ്(റ) ശീസ്‌നബി(അ)നെ ഗർഭം ധരിച്ചകാലയളവിൽ ആ വിശുദ്ധ പ്രകാശം ഹവ്വാഅ്(റ)യുടെ വദനത്തിൽ പ്രകടമാവുകയുണ്ടായി.

തിരുപ്രകാശത്തിന്റെ വിശുദ്ധിക്ക് കളങ്കമാകുന്നതൊന്നും അരുതെന്ന് ആദം(അ)ൽ നിന്ന് കരാർ വാങ്ങിയ അല്ലാഹു ആ പ്രകാശത്തെ വഹിക്കുന്ന മകനോടും ഇക്കാര്യം കരാർ ചെയ്യാൻ നബിയോട് കൽപിക്കുകയും അതനുസരിച്ച് ആദം(അ) ശീസ്(അ)നോട് പ്രസ്തുത ഉടമ്പടി വാങ്ങിച്ചു. തിരുനബി(സ്വ)യുടെ പിതൃപരമ്പരയിലെ ഓരോരുത്തരും തന്റെ മകനെ നബിപ്രകാശത്തിന്റെ പരി

പാലകനും സംരക്ഷകനുമായി കാലാകാലങ്ങളിൽ കരാർ വാങ്ങിച്ച് കൊണ്ടിരുന്നു.

ഇബ്‌നു അബ്ബാസ്(റ) ഒരിക്കൽ നബി(സ്വ)യോട് ആരാഞ്ഞു: പ്രവാചകരേ, ആദം(അ) സ്വർഗത്തിൽ വസിച്ചപ്പോൾ അങ്ങ് എവിടെയായിരുന്നു? തിരുനബി(സ്വ) പറഞ്ഞു: ‘അന്ന് ഞാൻ ആദം(അ)ന്റെ മുതുകിൽ ഉണ്ടായിരുന്നു. മഹാന്റെ മുതുകിലായാണ് ഞാൻ ഭൂമിയിലേക്ക് ഇറങ്ങിയത്. നൂഹ്(അ)ന്റെ മുതുകിലായി പ്രളയസമയത്ത് മഹാന്റെ കപ്പലിൽ കയറി. ഇബ്‌റാഹീം(അ)നെ നംറൂദ് അഗ്നിയിൽ വലിച്ചെറിഞ്ഞപ്പോൾ ഞാൻ നബിയുടെ മുതുകിൽ ഉണ്ടായിരുന്നു. അങ്ങനെ ഞാൻ എന്റെ പിതാക്കന്മാരുടെ മുതുകിൽനിന്ന് മാതാക്കളുടെ ഗർഭാശയങ്ങളിലൂടെ സഞ്ചരിച്ച് അബ്ദുല്ല(റ)വിന്റെ മുതുകിലെത്തി. ശേഷം എന്റെ മാതാവ് ആമിന(റ) എന്നെ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തു.”

ബുസ്വ്‌റാകൊട്ടാരങ്ങളെ കീഴടക്കുന്ന പ്രകാശം പ്രസവ സയമത്ത്  ആമിന(റ) കണ്ടിട്ടുണ്ട്. നബിപ്രകാശത്തിന്റെ പ്രകടനമായിരുന്നു അത്. ആദം(അ) ഇറങ്ങിയത് അവിഭക്ത ഇന്ത്യാരാജ്യത്താണ്. മഹാന്റെ മുതുകിലായി നബിപ്രകാശവും ഇറങ്ങി എന്നതിനാൽ ഭൂമിയിൽ ആദ്യമായി നബിപ്രകാശത്തിന്റെ അനുഗ്രഹസാന്നിധ്യം ലഭിച്ചത് നമ്മുടെ രാജ്യത്തിനാണെന്നു പറയാം. ഇസ്‌ലാമിന് വേരോട്ടവും വളക്കൂറുമുള്ള മണ്ണായി ഇവിടം മാറിയതിന് അതും നിദാനമായിരിക്കണം.

(ലേഖകൻ നൂർമുഹമ്മദ് എന്ന വിഷയത്തിൽ പി.എച്ച്.ഡി. നേടിയിട്ടുണ്ട്.)

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ