സത്യം ഉള്‍ക്കൊള്ളാന്‍ തയ്യാറാവാതെ ചോദ്യം ചെയ്യുകയും ജനങ്ങളെ നിസ്സാരമായി കാണുകയും ചെയ്യുന്നതിനെയാണ് അഹങ്കാരം എന്നു പറയുന്നത്.
നരകം അഹങ്കാരികളുടെ സങ്കേതമാണെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. അതിനാല്‍ തന്നെ അവന്റെ അടിമയായ മനുഷ്യന് അഹങ്കരിക്കാന്‍ അവകാശമില്ല. കാരണം, മനുഷ്യന് ഒന്നിലും അധികാരമില്ല. അടുത്ത നിമിഷം എന്ത് സംഭവിക്കും, സംഭവിക്കില്ല എന്നുപോലും പ്രവചിക്കാന്‍ അശക്തനും. ബീജവും സിക്താണ്ഡവും മാംസക്കഷണവുമായി പരിണമിച്ച്, ശേഷം എല്ലുകളില്‍ മാംസം പൊതിയുകയും അജ്ഞരായി മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും നാം ഭൂമിയിലേക്ക് എത്തുകയും ചെയ്തു.
“നിങ്ങളെ പടച്ചതും കേള്‍വി, കാഴ്ച, ഹൃദയം എല്ലാം സംവിധാനിച്ചതും സര്‍വശക്തനായ അല്ലാഹു” ആണെന്ന് പ്രഖ്യാപിക്കാന്‍ ഖുര്‍ആന്‍ പറയുന്നുണ്ട്. നബി(സ്വ) പറഞ്ഞു: “ആരെങ്കിലും അഹങ്കരിച്ചാല്‍ അവനെ അല്ലാഹു അപമാനത്തിലാക്കും, വിനയം കാണിച്ചാല്‍ അവനെ ഉയര്‍ത്തുകയും ചെയ്യും.”
സിദ്ദീഖുല്‍ അഖ്ബര്‍(റ) പറഞ്ഞു: “ഭൂമിയില്‍ നീ അഹങ്കരിക്കേണ്ട, നിന്നേക്കാള്‍ വലിയ ധിക്കാരികള്‍ ഭൂമിക്കുള്ളില്‍ നിവസിക്കുന്നുണ്ട്.”
ചരിത്രത്തില്‍ എത്ര ധിക്കാരികളുടെ ദുരനുഭവങ്ങളുണ്ട് പാഠമായി. ഭരണത്തിന്റെ ഹുങ്കില്‍ ഞാനാണ് ഏറ്റവും വലിയ റബ്ബ് എന്ന് ഘോഷിച്ച ഫിര്‍ഔനിനെ അല്ലാഹു മുക്കിക്കൊന്നു. അവന്റെ ശവം ഭാവി തലമുറകളിലെ ധിക്കാരികള്‍ക്ക് പാഠമായി ഇന്നും അല്ലാഹു സംരക്ഷിക്കുന്നു. മൂസാ നബി(അ)ന്റെ സമൂഹത്തില്‍ പെട്ട ഖാറൂന്‍ സമ്പത്തിലും പത്രാസിലും അഹങ്കരിച്ചപ്പോള്‍ അവനെയും അവന്റെ വീടും അല്ലാഹു ഭൂമിയിലേക്ക് പിടിച്ചുതാഴ്ത്തി. അഹങ്കാരത്തിന്റെ നെഗളിപ്പ് ഇതൊക്കെ ചിന്തിച്ചാല്‍ അര്‍ത്ഥശൂന്യമാണെന്ന് മനസ്സിലാക്കാമല്ലോ.
അല്ലാഹുവിന്റെ താക്കീതുകള്‍: “അവകാശമില്ലാതെ ഭൂമിയില്‍ അഹങ്കരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നും നാം തിരിച്ച് വിടും.” “അപ്രകാരം അല്ലാഹു എല്ലാ അഹങ്കാരികളുടെയും ഹൃദയങ്ങളുടെ മേല്‍ സീല്‍ വെച്ചിരിക്കുന്നു.” “എല്ലാ അഹങ്കാരികളും പരാജയപ്പെട്ടിരിക്കുന്നു.” “അല്ലാഹു അഹങ്കാരികളെ ഇഷ്ടപ്പെടുന്നില്ല.” “അഹങ്കാരികള്‍ നരകത്തില്‍ പ്രവേശിപ്പിക്കപ്പെടും.”
നബി(സ്വ) പറഞ്ഞു: “അണു അളവ് അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അണു അളവ് ഈമാന്‍ ഹൃദയത്തിലുള്ളവന്‍ നരകത്തിലും പ്രവേശിക്കുകയില്ല.”
“അഹങ്കാരിയും ലുബ്ധനും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.” “സ്വര്‍ഗവും നരകവും തര്‍ക്കിച്ചു. നരകം പറഞ്ഞു, അഹങ്കാരികളേയാണ് എനിക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സ്വര്‍ഗ്ഗം പറഞ്ഞു, ബലഹീനരായ ജനങ്ങളാണ് എന്നിലേക്ക് പ്രവേശിക്കുക.” “അഹങ്കരിച്ച് പരിധി വിട്ട് അല്ലാഹുവിനെ വിസ്മരിച്ച അടിമ എത്ര വൃത്തികെട്ടവന്‍.” “അഹങ്കാരികള്‍ നരകാവകാശികളാണ്. ബലഹീനര്‍ സ്വര്‍ഗക്കാരും.” “നിങ്ങളില്‍ വെച്ച് എനിക്ക് ഏറ്റവും ദ്യേവും വെറുപ്പുമുള്ളവര്‍ അഹങ്കാരികളാണ്.” “മൂന്ന് കാര്യങ്ങളില്‍ നിന്ന് വിമോചിതനായി ഒരാളുടെ ആത്മാവ് പിരിഞ്ഞാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അഹങ്കാരം, കടം, ചതി എന്നിവയാണ് അവ.
ചിന്താകിരണങ്ങള്‍
ദാവൂദ് നബി(അ) പറഞ്ഞു: “അല്ലാഹുവില്‍ നിന്ന് ഏറ്റവും അകന്നവന്‍ അഹങ്കാരിയാണ്.”
സിദ്ദീഖ്(റ) പറഞ്ഞു: “മുസ്‌ലിംകളില്‍ നിന്നും ഒരാളും ഒരാളെയും നിസ്സാരമാക്കരുത്. കാരണം, ജനങ്ങളുടെ ദൃഷ്ടിയില്‍ ചെറിയവന്‍ ഒരുപക്ഷേ അല്ലാഹുവിന്റെ അടുക്കല്‍ വലിയവനായിരിക്കും.”
വഹബ്ബ്നു മുനബ്ബഹ് (റ) പറഞ്ഞു: “സ്വര്‍ഗം സൃഷ്ടിച്ചപ്പോള്‍ അല്ലാഹു പറഞ്ഞു: എല്ലാ അഹങ്കാരികള്‍ക്കും നീ നിഷിദ്ധമാണ്.”
അഹ്നഫ് ബ്നു ഖൈസ് (റ) പറഞ്ഞു: “ആദം സന്തതിയുടെ കാര്യം അദ്ഭുതം തന്നെ. മൂത്രച്ചാലിലൂടെ അവന്‍ രണ്ട് പ്രാവശ്യം പോയിരിക്കുന്നു. എന്നിട്ടാണവന്‍ അഹങ്കരിക്കുന്നത്.”“ മുഹമ്മദ് ബ്നു ഹുസൈന്‍ബ്നു അലി(റ) പറഞ്ഞു,: “ഒരു മനുഷ്യന്റെ ഹൃദയത്തില്‍ ലേശം അഹങ്കാരം പ്രവേശിച്ചാല്‍ അതിന്റെ കണക്കനുസരിച്ച് അവന്റെ ബുദ്ധിക്ക് മാന്ദ്യം സംഭവിക്കും.”“
എങ്ങനെ ഒഴിവാക്കാം
അടിമത്വം മനസ്സില്‍ അരക്കിട്ട് ഉറപ്പിച്ചവന് അഹങ്കാരം ഉണ്ടാവുകയില്ല. എനിക്ക് ഒരു അധികാരവുമില്ല, സ്വന്തമായി എനിക്കൊന്നുമില്ല, എന്റെതായി ഞാന്‍ കരുതുന്നതൊന്നും എന്‍റേതല്ല. ഏത് ലോകത്തിന്റെ ഭരണാധികാരിയാണെങ്കിലും ഒരു ചെറിയ തലവേദന വരുമ്പോള്‍ തടുക്കാന്‍ അവന് കഴിയുന്നില്ലല്ലോ. മീശ പിരിച്ച് വലിയ ഹുങ്ക് കാണിച്ചവനാണെങ്കിലും അതിലെ രോമം വെളുക്കുമ്പോള്‍ അതിന്റെ കറുപ്പ് നിറം നിലനിര്‍ത്താന്‍ അവന് കഴിയുന്നില്ല. ഇത്രയും ബലഹീനരാണ് നാം. അധികാരം അല്ലാഹുവിന് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ അഹന്ത കാണിക്കാന്‍ അവകാശം അവനു മാത്രമേയുള്ളൂ.
ആരും അഹങ്കാരികളാവരുത്. അത് കൊണ്ടല്ലേ പ്രസവിക്കപ്പെടുന്ന കുട്ടിയുടെ ചെവിയില്‍ അല്ലാഹു വലിയവനാണ് എന്ന ആശയം ആദ്യമായി കേള്‍പ്പിക്കുന്നത്. ആറു പ്രാവശ്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആ ആശയം പ്രഖ്യാപിക്കുന്നു വാങ്കുവിളിയില്‍.
അനുഭവ തീക്ഷ്ണത
യുവത്വം പ്രസരിക്കുന്ന പ്രായത്തില്‍ ശബ്ദ ഗാംഭീര്യമുള്ള ഒരു രാജാവ് ഖുതുബക്കായി കൊട്ടാരത്തില്‍ നിന്നിറങ്ങുമ്പോള്‍ കണ്ണാടിയില്‍ നോക്കി അഭിമാനിച്ച് അഹങ്കാരത്തോടെ പറഞ്ഞു: “ഞാന്‍ യുവാവും രാജാവുമാണ്.”
അങ്ങനെ പള്ളിയിലേക്ക് പുറപ്പെട്ടു. മിമ്പറില്‍ കയറി ഖുതുബ നിര്‍വഹിച്ചു. സാധാരണ ഗതിയില്‍ ദൂരെയുള്ളവരെ കേള്‍ക്കിപ്പിക്കുമാര്‍ ഉച്ചത്തില്‍ പ്രസംഗിക്കാറുണ്ട്. എന്നാല്‍ അഹങ്കാരം പിടികൂടിയ അയാളുടെ ശബ്ദം കേള്‍ക്കാത്ത പരുവത്തിലായി. നിസ്കാരം കഴിഞ്ഞയുടന്‍ കുഴഞ്ഞ് വീണ അദ്ദേഹത്തെ ജനങ്ങള്‍ താങ്ങിപ്പിടിച്ച് കൊട്ടാരത്തിലെത്തിക്കേണ്ടി വന്നു. വൈകാതെ അയാള്‍ മരിക്കുകയും ചെയ്തു. അഹങ്കാരം തലക്കുപിടിച്ച് നടത്തിയ വാചക കസര്‍ത്തുകള്‍ അയാളെ മണ്ണില്‍ താഴ്ത്തി. അതിനാല്‍ ഇത്തരം വീമ്പൂപറച്ചിലുകള്‍ ഒഴിവാക്കുക.
പ്രവാചകന്മാര്‍ പ്രബോധനം നടത്തുമ്പോള്‍ അഹങ്കരിച്ച് എതിരുനിന്ന ധിക്കാരികളെ അല്ലാഹു പാഠം പഠിപ്പിച്ചിട്ടുണ്ട്. നൂഹ് നബി(അ)യുടെ പുത്രനും ലൂത് നബി(അ)യുടെ ഭാര്യയും അഹങ്കരിച്ച് പരാജയപ്പെട്ടപ്പോള്‍ ഫിര്‍ഔനിന്റെ ഭാര്യ അടിമത്വം അംഗീകരിച്ചപ്പോള്‍ വിജയിക്കുകയുമുണ്ടായി.
അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത അല്ലാഹുവിന്റെ അടിമകളെ സൂറത്തുല്‍ ഫുര്‍ഖാനില്‍ അവന്‍ അതിരറ്റ് പ്രശംസിക്കുന്നുണ്ട്; “അവര്‍ക്ക് സ്വര്‍ഗമുണ്ട്, ഗംഭീരമായ സ്വീകരണം നല്‍കപ്പെടുന്നതുമാണ്.”

അജ്മല്‍ പി. മമ്പാട്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ