ജീവനും ജീവികൾക്കും അതിമഹത്തായ ആദരവും പരിഗണനയും ഇസ്‌ലാം നൽകുന്നുണ്ട്. ഓരോ ജീവന്റെയും നിലനിൽപ്പിനെയും ന്യായമായ സ്വാതന്ത്ര്യങ്ങളെയും വകവെച്ചു നൽകുന്ന വിശാലമായ സഹജീവി സ്‌നേഹത്തിന്റെ കാഴ്ചപ്പാടാണ് മതം പുലർത്തുന്നത്. അത്യധികം ത്യാഗം സഹിച്ച് കിണറ്റിലിറങ്ങി സ്വന്തം ഖുഫ്ഫ(കാലുറ)യിൽ വെള്ളം നിറച്ച് ദാഹിച്ചു വലഞ്ഞൊരു നായയെ കുടിപ്പിച്ചതിനാൽ പാപങ്ങൾ പൊറുക്കപ്പെട്ട ഒരു യാത്രികന്റെ അനുഭവം വിവരിച്ച് തുടിക്കുന്ന കരളുള്ള (ജീവനുള്ള) ഏത് ജീവിയോടും നിങ്ങൾ ചെയ്യുന്ന നന്മക്ക് ഉദാത്തമായ പ്രതിഫലമുണ്ടെന്ന് തിരുനബി(സ്വ) ഊന്നിപ്പറയുന്നതു കാണാം (സ്വഹീഹുൽ ബുഖാരി: 6009, സ്വഹീഹ് മുസ്‌ലിം: 2244).
ഫുളൈൽ ബിൻ ഇയാള്(റ) ഒരിക്കൽ ഖുറാസാനിലെ ചിലരോട് പറയുകയുണ്ടായി: നിങ്ങൾ അല്ലാഹുവിനെ ഭയന്ന് ജീവിക്കണം. എല്ലാ സൽകർമങ്ങളും അനുഷ്ഠിക്കുന്നൊരു മനുഷ്യൻ തന്റെ കോഴിയോട് മോശമായാണ് പെരുമാറുന്നതെങ്കിൽ തീർച്ചയായും അവൻ നന്മയുള്ളവനല്ല (തഫ്‌സീറു ഇബ്‌നി അബീ ഹാതിം 1/333). പൂച്ചയെ ഭക്ഷണം നൽകാതെ ബന്ധിയാക്കി മരണത്തിന് വിട്ടുകൊടുത്തിനാൽ നരകപ്രവേശം വിധിക്കപ്പെട്ട സ്ത്രീയെ കുറിച്ച് തിരുഹദീസിലുണ്ട് (സ്വഹീഹുൽ ബുഖാരി: 2365).
ഭക്ഷണം കഴിക്കുന്നതിനിടെ തന്നോടൊത്തിരുന്ന നായയോട്, നീ നിന്റെ മുന്നിലുള്ളത് കഴിച്ചോളൂ എന്നും സ്വിറാത്വ് പാലം വിട്ടുകടക്കാനായില്ലെങ്കിൽ ഞാൻ നിന്നേക്കാൾ മോശക്കാരനാണെന്നും പറയുന്ന ഉവൈസുൽ ഖറനീ(റ)യുടെ വാക്കുകൾ ചരിത്രത്തിലുണ്ട് (റൂഹുൽ ബയാൻ 4/364). വഴിമധ്യേ കുറുകെ വന്ന നായയെ ശിഷ്യൻ ആട്ടിയോടിക്കുന്നത് വിലക്കി ഇമാം അബൂ ഇസ്ഹാഖുശ്ശീറാസീ(റ) ശാസിച്ചു: ഈ വഴി നമുക്കു മാത്രമല്ല, അവർക്കു കൂടി അവകാശപ്പെട്ടതാണെന്ന് അറിയില്ലേ! (ഇമാം നവവി-റ, മജ്മൂഅ് 1/14).
ഇമാം താജുദ്ദീൻ സുബ്കീ(റ) തനിക്കുണ്ടായ ഒരനുഭവം അയവിറക്കി: ഒരിക്കൽ ഞങ്ങൾ വീട്ടിലിരിക്കെ ഒരു നായ ഞങ്ങളുടെ തൊട്ടടുത്ത് വന്നപ്പോൾ ഞാൻ ‘നായന്റെ മകൻ നായേ’ എന്ന് ആക്രോശിച്ചു. ഇത് കേട്ട എന്റെ വന്ദ്യ പിതാവ് തഖ്‌യുദ്ദീൻ സുബ്കീ(റ) അങ്ങനെ പ്രയോഗിക്കരുതെന്ന് വിലക്കി. അത് ആ ജീവിയെ അവഹേളിക്കലാണെന്നും ഒരു ജീവിയെ വിളിക്കുന്നിടത്ത് അതിന് അനുയോജ്യമായ പരിഗണന വകവെച്ച് കൊടുക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു (ഇമാം താജുദ്ദീൻ സുബ്കീ-റ, അത്തർശീഹ് അലത്തൗശീഹ്).

ഇത്തരത്തിൽ സഹജീവി സ്‌നേഹത്തിന്റെ അർത്ഥവ്യാപ്തിയും ആവശ്യകതയും അതുവഴി കരഗതമാവുന്ന ഇഹപര നന്മകളും സാക്ഷ്യപ്പെടുത്തുന്ന മഹാന്മാരുടെ ജീവിത പാഠങ്ങൾ നിരവധിയാണ്. അറുക്കുന്ന മൃഗങ്ങളോട് അറവ് നടത്തുന്ന വേളയിൽപോലും വിവിധ തരത്തിൽ കരുണയേകണമെന്ന് നിഷ്‌കർഷിക്കുന്നു (സ്വഹീഹ് മുസ്‌ലിം: 1955).

മനുഷ്യകുലം ഇതര ജീവികളിൽ നിന്ന് വേർതിരിയുന്ന സവിശേഷമായ ധാരാളം ഘടകങ്ങളുണ്ട്. ഏറ്റവും സുന്ദരമായ ശരീര ഘടനയിലും മഹിത സ്വഭാവങ്ങളിലും സൃഷ്ടിച്ചും ഇന്ദ്രിയങ്ങൾ സംവിധാനിച്ചും കരയും കടലും കപ്പലുകളും മൃഗങ്ങളും രാവും പകലും ആകാശ ഭൂമികളും കീഴ്‌പ്പെടുത്തിക്കൊടുത്തും അല്ലാഹുവിന്റെ പ്രതിനിധിയായി മനുഷ്യ പിതാവ് ആദം നബി(അ)യെ ഭൂമിയിൽ അവതരിപ്പിച്ച്, വിശേഷ ബുദ്ധിയേകി ആത്യന്തിക വിജയത്തിനാധാരമായ ശരീഅത്ത് നിശ്ചയിച്ച് അല്ലാഹു ആദരവേകിയവരാണവർ (സൂറത്തുത്തീൻ: 4, ഖലം: 4, നഹ്ൽ: 5, 78, ഇബ്‌റാഹീം: 32-33, ജാസിയ: 12-13, ഗ്വാഫിർ: 79, ബഖറ: 29, 30, മാഇദ: 48, ഇസ്‌റാഅ്: 70 തുടങ്ങിയവ നോക്കുക).

നരബലിയും ഇസ്‌ലാമും

മനുഷ്യജീവന്റെ മഹത്ത്വം അനിർവചനീയമാണ്. അതിനാൽ അന്യായമായി മറ്റൊരാളുടെ ജീവൻ അപഹരിക്കുന്നതും സ്വയം ജീവനൊടുക്കുന്നതും ഗൗരവതരമായ വൻപാപങ്ങളായി ദീൻ പരിചയപ്പെടുത്തി. വേദന സഹിക്കവയ്യാതെ ശയ്യാവലംബിയായ രോഗിക്ക് മരണം വേഗത്തിലാക്കാൻ വേണ്ടി വല്ലതും ചെയ്യൽ പോലും ഹറാമാണ് (മുഗ്‌നിൽ മുഹ്താജ് 4/250).
അന്ത്യനാളിൽ ജനങ്ങൾക്കിടയിലുള്ള തെറ്റുകളിൽ ആദ്യം വിധി പറയുന്നത് രക്തച്ചൊരിച്ചിലിന്റെ കാര്യത്തിലാണെന്നും (ബുഖാരി: 6533) വിവിധ മാർഗങ്ങളിലൂടെ സ്വയം ജീവനൊടുക്കുന്നവർ നരകാവകാശികളാണെന്നും തിരുനബി(സ്വ) അരുളിയിട്ടുണ്ട് (ബുഖാരി: 5778). അന്യായമായി ഒരാളെ കൊലപ്പെടുത്തുന്നത് സർവ ജനങ്ങളെയും കുരുതികൊടുക്കുന്നതിന് സമാനമാണെന്നാണ് ഖുർആനിക (മാഇദ: 32) അധ്യാപനം.
ഇത്രയും ഭയാനകമായ ക്രൂരകൃത്യം ഇന്ന് ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. അന്ത്യനാളോടടുത്ത് അക്കാര്യം സംഭവിക്കുമെന്ന് റസൂൽ(സ്വ) പ്രവചിച്ചിട്ടുണ്ട് (ബുഖാരി: 1036). എന്നാൽ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും മേൽവിലാസത്തിൽ നിർലജ്ജം ഈ ക്രൂരത നടമാടുന്നത് അതീവ ഗുരുതരമാണ്. ഈയിടെ നടന്ന ദൗർഭാഗ്യകരമായ നരബലിയിൽ പ്രതികളിലൊരാൾ മുസ്‌ലിം പേരുകാരനാണെന്നത് പർവതീകരിച്ച് വിശുദ്ധ മതത്തെ പ്രതിചേർക്കാൻ ചിലർ ശ്രമം നടത്തുന്നത് പച്ചയായ വർഗീയതതന്നെയാണ്.
ആചാരത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്ന ക്രൂരപ്രവൃത്തിയാണ് നരബലി. ഒരുദ്ധരണം കാണുക: ആചാരത്തിന്റെ ഭാഗമായി ഒന്നോ അതിലധികമോ മനുഷ്യരെ കൊല്ലുന്ന പ്രവൃത്തിയാണ് നരബലി. വിവിധ വിശ്വാസ പ്രേരണയാൽ ദൈവങ്ങൾ, ഭരണാധികാരികൾ, പുരോഹിതർ, മരിച്ച പൂർവികരുടെ ആത്മാക്കൾ തുടങ്ങിയവർക്ക് വേണ്ടി ഒന്നുകിൽ സാമ്പത്തികമായോ ആരോഗ്യപരമായോ ഉള്ള ഐഹിക ലക്ഷ്യമോ അല്ലെങ്കിൽ തങ്ങളുടെ അടുത്ത ജന്മത്തിലെ നന്മകൾ പോലുള്ള പാരത്രിക ലക്ഷ്യങ്ങളോ മുന്നിൽ കണ്ട് സാധാരണയായി നരബലി നടത്തപ്പെടുന്നു (ങശരവമലഹ ഞൗറീഹുവ, ഞശൗേമഹ ജലൃളീൃാമിരല െമ െഅൗവേലിശേരമശേിഴ ജൃമരശേരല.െ ു.78).
ഇത്തരം അനാചാരങ്ങളെയും ജാഹിലിയ്യാ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങളെയും ഇസ്‌ലാം അംഗീകരിച്ചിട്ടേയില്ല. ആഭിചാര ക്രിയകളെ മതം മഹാപാപങ്ങളിൽ ഉൾപ്പെടുത്തി (ബുഖാരി: 5764). ജ്യോത്സ്യവൃത്തിയെയും അത്തരക്കാരെ സമീപിക്കുന്നതിനെയും പക്ഷിലക്ഷണം നോക്കലിനെയും ശരീഅത്ത് എതിർത്തു. ഇസ്‌ലാമിന് മുമ്പ് കൊടികുത്തി വാണിരുന്ന ജീവനോടെ പെൺകുരുന്നുകളെ കുഴിച്ചുമൂടുന്നതടക്കമുള്ള ധാർമിക സാമൂഹിക ജീർണതകളെ ഉടച്ചുവാർത്തുകൊണ്ടാണ് ഇസ്‌ലാം മുന്നേറിയത്.
നരബലി ആരു നടത്തിയാലും ശിക്ഷാർഹമാണ്. പരമാവധി ശിക്ഷതന്നെ കുറ്റവാളി അർഹിക്കുന്നു. അതിൽ മതം ചികയേണ്ടതില്ല. എന്നാൽ ചില കുറ്റവാളികളുടെ കാര്യത്തിൽ മതം കൂടി പ്രതിസ്ഥാനത്ത് വരികയും ചിലരുടേതിൽ അതില്ലാതെ പോവുകയും ചെയ്യുന്നത് പക്ഷപാതമാണ്.
ഇസ്‌ലാമിക ശരീഅത്ത് അന്യായ കൊലപാതകത്തിൽ കൈകൊണ്ട കർക്കശ നിലപാടുകൾ നരബലിയിലും ബാധകമാണ്. ഇക്കാര്യത്തിൽ ഇബ്‌റാഹീം നബി(അ)യുടെ ചരിത്രമുദ്ധരിച്ച് ഇസ്‌ലാമിനെതിരായി ബോധപൂർവം തെറ്റിദ്ധാരണയുണ്ടാക്കുകയാണ് ചില വിമർശകർ. അല്ലാഹു ഇബ്‌റാഹീം(അ)നോട് പരീക്ഷണാർത്ഥമാണ് സ്വന്തം മകനെ അറുക്കാൻ നിർദേശിച്ചത്. റബ്ബിന്റെ കൽപ്പനയനുസരിച്ച് സ്വന്തം മകനെ പോലും ത്യജിക്കാൻ സന്നദ്ധനായി പരീക്ഷണത്തിൽ വിജയം വരിച്ച ഇബ്‌റാഹീം നബി(അ) മകനെ ബലികഴിച്ചിട്ടില്ല. പകരം ജിബ്‌രീൽ(അ) കൊണ്ടുവന്ന മൃഗത്തെയാണ് ബലി നടത്തിയത് (സ്വാഫ്ഫാത്ത്: 102-107 നോക്കുക).
ഇബ്‌റാഹീമീ സ്മൃതിയിലായി തുടർന്നുവരുന്ന ഉള്ഹിയ്യത്ത് (മൃഗബലി)യുടെ പേരിൽ ഇസ്‌ലാമിനെ ക്രൂശിക്കാനാവില്ല. ഭക്ഷണമായും വെറും ആസ്വാദന-ആഭാസ വേലകൾക്ക് വേണ്ടിയും അനിയന്ത്രിതമായി മൃഗങ്ങൾ കുരുതി കൊടുക്കപ്പെടുമ്പോൾ ഇസ്‌ലാമിന്റെ പുണ്യകർമം മാത്രം നീചമാണെന്ന് പറയാവതല്ല. ബലിമൃഗത്തെ നശിപ്പിക്കുകയോ മറ്റോ അല്ല, പാവങ്ങൾക്ക് കഴിക്കാൻ നൽകുകയാണ് മുസ്‌ലിംകൾ ചെയ്യുന്നതെന്നതിനാൽ പ്രത്യേകിച്ചും. അറുത്തിട്ട് പോവുകയല്ല മതരീതി. അങ്ങനെ ചെയ്യുന്നത് കടുത്ത തെറ്റാണ്. മറിച്ച്, മാസം വിതരണം ചെയ്യേണ്ട നിയമങ്ങൾ കൃത്യമായി മതം പഠിപ്പിച്ചിട്ടുണ്ട്.
അന്യായമായ കൊലപാതകങ്ങൾക്കുള്ള ശിക്ഷയായി ഇസ്‌ലാം പരിഗണിക്കുന്ന ഖിസ്വാസ്വിനെ നരബലിയോട് തുലനപ്പെടുത്തുന്നതും ശരിയല്ല. കാരണം തീർത്തും നിരപരാധിയായ ഒരു ജീവന് ലഭിക്കാവുന്ന പരമോന്നത നീതിയാണ് ഖിസ്വാസ്വ്. ഖിസ്വാസ്വിൽ നിങ്ങൾക്ക് ജീവനുണ്ടെന്ന ഖുർആനിക സൂക്തം (അൽബഖറ: 179) ഇക്കാര്യം വ്യക്തമാക്കുന്നു. മറ്റു രാജ്യങ്ങളും നിയമവ്യവസ്ഥകളും കൈകൊള്ളുന്നതിനേക്കാൾ കുറ്റമറ്റ ശിക്ഷാമുറകളാണ് ഇസ്‌ലാം നടപ്പാക്കിയത്.
അംറ് ബിൻ ആസ്വ്(റ) ഈജിപ്ഷ്യൻ ഗവർണറായ കാലത്ത് ജനങ്ങൾ മഹാനെ സമീപ്പിച്ചുകൊണ്ട് പറഞ്ഞു: ‘ഞങ്ങളുടെ നാട്ടിൽ ഒരു ആചാരമുണ്ട്. ഓരോ വർഷവും ബഊന മാസത്തിലെ പന്ത്രണ്ടാം തിയതി ഈ നാട്ടിൽ നിന്നുള്ള സുന്ദരിയായൊരു കന്യകയെ കണ്ടെത്തി പട്ടുടയാടകളും ആഭരണങ്ങളും അണിയിച്ച് നൈൽ നദിയിലേക്കിടണം. ഇല്ലെങ്കിൽ അതിന്റെ ഒഴുക്ക് നിലച്ച് പ്രളയമുണ്ടാകും.’
വിവരണം കേട്ട് അംറ് ബിൻ ആസ്വ്(റ) പറഞ്ഞു: ‘ഇസ്‌ലാം ഇത്തരം മനുഷ്യഹത്യകളെ ഒരിക്കലും അംഗീകരിക്കുന്നില്ല. മുമ്പുണ്ടായിരുന്ന അനാചാരങ്ങൾ ഇസ്‌ലാമോടെ തള്ളപ്പെടുന്നതാണ്’.
പക്ഷേ, ഈ കലയളവിൽ മൂന്ന് മാസത്തോളം നൈലിന്റെ ഒഴുക്ക് നിലച്ചു. നാട്ടുകാർ പലായനത്തിനുള്ള ഒരുക്കത്തിലായി. അവസാനം ഇക്കാര്യത്തിൽ ഖണ്ഡിതമായ ഒരു തീരുമാനത്തിനായി ഖലീഫ ഉമറുൽ ഫാറൂഖ്(റ)ന് ഗവർണർ വിശദമായ കത്തെഴുതി. കത്തു വായിച്ച് അദ്ദേഹം മറുപടി എഴുതി: ‘പ്രിയപ്പെട്ട അംറ്, ഈ കത്തിനകത്ത് ഞാൻ ഒരു തുണ്ട് പേപ്പർ കൂടി വെക്കുന്നു. അത് നിങ്ങൾ നൈൽ നദിയിൽ എറിയുക’.
ഖലീഫയുടെ മറുപടി കിട്ടിയ അംറ്(റ) നൈൽ നദിയിലെറിയാനുള്ള എഴുത്ത് വായിച്ചു നോക്കി. അതിലിങ്ങനെ കുറിച്ചിരുന്നു: ‘അല്ലാഹുവിന്റെ ദാസനും അമീറുൽ മുഅ്മിനീനുമായ ഉമർ നൈൽ നദിയെ അറിയിക്കുന്നത്. നീ ഒഴുകുന്നത് നിന്റെ സ്വന്തം താൽപര്യത്തിനാണെങ്കിൽ ഇനി നീ ഒഴുകേണ്ടതില്ല. അതേസമയം, എല്ലാം അടക്കി ഭരിക്കുന്ന അല്ലാഹുവിന്റെ കൽപ്പന പ്രകാരമാണ് നിന്റെ ഒഴുക്കെങ്കിൽ ആ അല്ലാഹുവിനോട് ഞാൻ അപേക്ഷിക്കുന്നു നിന്നെ ഒഴുക്കാൻ!’
നിർദേശം പോലെ അംറ്(റ) ആ എഴുത്ത് നൈലിലിട്ടു. അടുത്ത ദിവസം രാവിലെ നൈൽ പഴയപടി ഒഴുകുന്ന അത്ഭുത കാഴ്ച്ചയാണ് ഈജിപ്തുകാർ കാണുന്നത് (അൽബിദായത്തു വന്നിഹായ 1/59-60).
ഇന്ത്യയിൽ നടമാടിയിരുന്ന സതി ആചാര പ്രകാരം ഭർത്താവിനൊരുക്കിയ ചിതയിൽ ചാടി ഭാര്യ ആത്മഹത്യ ചെയ്യണമായിരുന്നു. ഭർത്താവ് വേർപിരിഞ്ഞാൽ ജാഹിലിയ്യ കാലഘട്ടത്തിൽ വിധവ അനുഭവിച്ചിരുന്നത് ഇരുൾ നിറഞ്ഞ യാതനകളായിരുന്നു. ഇസ്‌ലാം ഇതിനെല്ലാം അറുതി വരുത്തുകയും സമാധാനപരമായ ജീവിതം വിധവകൾക്ക് ഉറപ്പുവരുത്തുകയും അവരെ സഹായിക്കുന്നവർക്ക് വർധിച്ച പ്രതിഫലം ഉറപ്പുനൽകുകയും ചെയ്തു. വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചു.
ഇങ്ങനെ, മനുഷ്യന്റെ ശാരീരികവും മാനസികവും കുടുംബപരവും സാമൂഹികവുമായ നിഖില മേഖലകളിലും സമഗ്രമായി ഇടപെട്ട്, തന്റെ രക്തത്തിനും സ്വത്തിനും അഭിമാനത്തിനും കാവലാകുന്ന ഋജുവായ നേർരേഖയാണ് ശരീഅത്ത് സാധ്യമാക്കുന്നത്. നിന്റെ മനസ്സിൽ അങ്കുരിക്കുന്ന ഏത് ചിന്തകളെയും മതനിയമവുമായി തുലനം ചെയ്യുകയാണ് പരിഹാരം. തുടർന്ന് അക്കാര്യം ശർഇൽ കൽപ്പിക്കപ്പെട്ടതാണെന്നു മനസ്സിലായാൽ നീ ആ ചിന്തകളെ ഏറ്റെടുക്കുക. കാരണം അവ കാരുണ്യവാന്റെ കടാക്ഷമാണ്. അല്ലാത്തപക്ഷം അവയെ നിസ്സങ്കോചം തള്ളിയകറ്റുക. കാരണം അവ പിശാചിന്റെ ദുർബോധനങ്ങളാണ് (ജംഉൽ ജവാമിഅ് 2/517-518).

 

അബൂബക്കർ അഹ്‌സനി പറപ്പൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ