നബിശിഷ്യൻ അംറുബ്‌നുൽ ആസ്വ്(റ) ഒരിക്കൽ പറഞ്ഞു: ‘ഇത് ഇസ്‌ലാം മതമാണ്. മനുഷ്യഹത്യകളെ അത് ഒരിക്കലും അംഗീകരിക്കുന്നില്ല. മുമ്പുണ്ടായിരുന്ന മുഴുവൻ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇസ്‌ലാം തകർത്തെറിയുകയാണ്.’
സാക്ഷര കേരളത്തെ നടുക്കിയ ഇരട്ട നരബലി പത്തനംതിട്ട ജില്ലയിൽ നടന്ന വാർത്ത പുറത്തുവന്നത് ഈയിടെയാണ്. കടുത്ത ഇസ്‌ലാം വിരുദ്ധത മുഖമുദ്രയാക്കിയ ചിലർ പ്രാകൃതമായ നരബലിയെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുകയുണ്ടായി; കൂട്ടുപ്രതികളിലൊരാൾ മുസ്‌ലിം പേരുകാരനായി എന്നതാണു കാരണം. ഉത്തമ സൃഷ്ടിയായ മനുഷ്യന്റെ ജീവൻ അപഹരിക്കുന്ന നരബലി അരുതെന്ന് പഠിപ്പിച്ച മതനിയമം അനുസരിക്കാത്തയാൾക്കും ആ ഐഡന്റിറ്റി പതിപ്പിച്ചുകൊടുത്താണ് ആക്രമണം!
കടുത്തൊരു ദൈവനിഷേധിയും അന്ധവിശ്വാസികളായ ദമ്പതികളും ആസൂത്രണം ചെയ്ത് നടപ്പാക്കിയ ക്രൂരത സ്പന്ദിക്കുന്ന ഹൃദയമുള്ളവരെയെല്ലാം ഞെട്ടിക്കുന്നതാണ്. സാമ്പത്തിക സൗഖ്യം തേടിയാണ് നിരപരാധികളായ രണ്ട് മനുഷ്യ പുത്രിമാരെ വെട്ടി നുറുക്കിയതെന്നത് കൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. മരണത്തിന് മുമ്പ് ഇരുവരും അനുഭവിച്ചത് വിവരിക്കാൻ കഴിയാത്ത വേദനയാണ്. ഇര എത്രയേറെ വേദന അനുഭവിക്കുന്നുവോ അത്രയും സൗഖ്യം നിങ്ങൾക്കു വർധിക്കുമെന്നാണ് നാസ്തികനായ കൊലയാളി ദമ്പതികളെ വിശ്വസിപ്പിച്ചിരുന്നത്. ഇരയുടെ മാംസം പാകം ചെയ്തു കഴിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ വലിയ സാമ്പത്തിക തട്ടിപ്പും നടത്തുകയുണ്ടായി. ഈ ആധുനിക കാലത്ത് കേട്ടുകേൾവി പോലുമില്ലാത്ത പൈശാചികതയാണ് നടന്നിരിക്കുന്നത്. ഇത്തരമൊരു തെറ്റിനെ അതിന്റെ ഗൗരവത്തോടെ എടുക്കുകയാണ് മന:സാക്ഷിയുള്ള എല്ലാവരും ചെയ്യുക.
ഇരട്ട നരബലി വാർത്ത കേട്ടയുടൻ മുഖ്യപ്രതിയുടെ മുസ്‌ലിം പേര് കേട്ട് ഇസ്‌ലാമിനെ വിമർശിക്കാനിറങ്ങി പലരും. എന്നാൽ ആ നരാധമൻ ഒരു നാസ്തികനാണെന്ന് താമസിയാതെ പുറത്തുവന്നു. ഒരു എക്‌സ് മുസ്‌ലിം ചെയ്ത നിഷ്ഠൂരതയുടെ പഴി ഇസ്‌ലാമിന്! പ്രതികളുടെ പേരും മതവും ജാതിയും നോക്കി കേസിനെ ന്യായീകരിക്കുന്നതും വിമർശിക്കുന്നതും അപകടമാണെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇത്. കുറ്റവാളികളെ ഒറ്റപ്പെടുത്താൻ, പരമാവധി ശിക്ഷ ലഭ്യമാക്കാൻ തയ്യാറാവുകയാണ് നാം വേണ്ടത്. ഒപ്പം ഇത്തരമൊന്ന് ആവർത്തിക്കാതിരിക്കാൻ വേണ്ട കാര്യങ്ങളും ചെയ്യണം. ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർ തെറ്റിൽ ഉൾപ്പെടുമ്പോൾ കുറ്റവാളിയെക്കാൾ പഴി കേൾക്കേണ്ടി വരുന്നത് അവന്റെ മതത്തിനും മറ്റു സമുദായാംഗങ്ങൾക്കുമാണ് എന്ന അവസ്ഥ ആധുനിക സമൂഹത്തിന് യോചിച്ചതല്ല. സമുദായത്തെ ചാരി പ്രതിക്ക് രക്ഷപ്പെടാം എന്ന പ്രതീതിയാണ് ഇതുണ്ടാക്കുക. ഈ സാഹചര്യം കൂടുതൽ കുറ്റവാളികളെ സൃഷ്ടിക്കാനേ ഉപകരിക്കൂ.

നരബലിയുടെ ചരിത്രപരത

ആചാരത്തിന്റെ ഭാഗമായി ചരിത്രാതീത കാലം മുതൽ പല സമൂഹങ്ങളിലും നരബലി നിലനിന്നിരുന്നു. ബിസി ഒന്നാം സഹസ്രാബ്ദത്തോടെ ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നരബലി കുറഞ്ഞു. എങ്കിലും, യൂറോപ്യൻ കോളനിവൽക്കരണം വരെ അമേരിക്കയിൽ ചില വിഭാഗങ്ങൾ മനുഷ്യ ബലി തുടർന്നിരുന്നു.
ആധുനിക നിയമങ്ങൾ നരബലിയെ കൊലപാതകത്തിന് തുല്യമായാണ് കണക്കാക്കുന്നത്. പുരാതന ജപ്പാനിൽ, ഐതിഹ്യങ്ങൾ ഹിറ്റോബാഷിരയെ (മനുഷ്യസ്തംഭം) കുറിച്ച് സംസാരിക്കുന്നു. അതിൽ ചില നിർമാണങ്ങളുടെ ചുവട്ടിലോ സമീപത്തോ കെട്ടിടങ്ങളെ ദുരന്തങ്ങളിൽ നിന്നോ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നോ സംരക്ഷിക്കുന്നതിനായി കന്യകകളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു. ഏതാണ്ട് സമാനമായ വിവരണങ്ങൾ ബാൽക്കണിൽ പ്രത്യക്ഷപ്പെടുന്നു (സ്‌കാദറിന്റെ കെട്ടിടവും അർട്ടയുടെ പാലവും).
1487ൽ ടെനോക്റ്റിറ്റ്‌ലാനിലെ ഗ്രേറ്റ് പിരമിഡിന്റെ പുന:പ്രതിഷ്ഠക്കായി നാല് ദിവസത്തിനുള്ളിൽ 80,400 തടവുകാരെ അവർ കൊന്നതായി ആസ്‌ടെക്കുകൾ റിപ്പോർട്ട് ചെയ്തു. ആസ്‌ടെക് വാർഫെയറിന്റെ രചയിതാവായ റോസ് ഹാസിഗ് പറയുന്നതനുസരിച്ച് 10,000നും 80,400നും ഇടയിൽ ആളുകളെ ചടങ്ങിൽ ബലിയർപ്പിച്ചു.
നവീന ശിലായുഗത്തിൽ വിജയകരമായ കാർഷിക നഗരങ്ങൾ ഇതിനകം തന്നെ കിഴക്ക് ഉയർന്നുവന്നിരുന്നു. ചിലത് കൽമതിലുകൾക്ക് പിന്നിൽ സംരക്ഷിക്കപ്പെട്ടിരുന്നു. ഇതിൽ ഏറ്റവും അറിയപ്പെടുന്ന നഗരമാണ് ജെറിക്കോ. എന്നാൽ സമാനമായ മറ്റ് വാസസ്ഥലങ്ങൾ ലെവന്റ് തീരത്ത് വടക്ക് ഏഷ്യാമൈനറിലേക്കും പടിഞ്ഞാറ് ടൈഗ്രിസ്, യൂഫ്രട്ടീസ് നദികൾ വരെയും വ്യാപിച്ചുകിടക്കുന്നു. ഭൂരിഭാഗം ഭൂമിയും വരണ്ടതായിരുന്നു. മുഴുവൻ പ്രദേശത്തിന്റെയും മതസംസ്‌കാരം ഫലഭൂയിഷ്ഠതയിലും മഴയിലും കേന്ദ്രീകരിച്ചു. നരബലി ഉൾപ്പെടെയുള്ള പല മതപരമായ ആചാരങ്ങൾക്കും കാർഷിക ശ്രദ്ധയുണ്ടായിരുന്നു. ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താൻ രക്തം മണ്ണുമായി കലർത്തി.

ഇസ്‌ലാമിക സമീപനം

അകാരണമായി മനുഷ്യ ജീവൻ ഹനിക്കുന്നതിനെ ഇസ്‌ലാം അതിശക്തമായി നിഷിദ്ധമാക്കിയിരിക്കുന്നു. അനർഹമായ നരഹത്യ ഗൗരവമേറിയ പാതകമായാണ് ഖുർ പറയുന്നത്. ‘മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊന്നാൽ അത് മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിന് തുല്യമാണ്. ഒരാളുടെ ജീവൻ വല്ലവനും രക്ഷിച്ചാൽ അത് മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചതിന് തുല്യമാകുന്നു’ (5: 32).
ഇതര ജീവികളിൽ നിന്ന് മനുഷ്യന് വലിയ ആദരവ് നൽകി ഇസ്‌ലാം. ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു(14: 70)വെന്ന് ഖുർആൻ. വിശുദ്ധ വേദത്തിന്റെ പ്രമേയം തന്നെ മനുഷ്യനാണ്. ജാതി മത വർഗ വേർതിരിവില്ലാതെ മനുഷ്യർക്കെല്ലാം മാനുഷിക പരിഗണന നൽകാൻ ഖുർആൻ ശ്രദ്ധിച്ചിട്ടുണ്ട്. ‘ഓ മനുഷ്യരേ… എന്ന അഭിസംബോധന അതിന് തെളിവാണ്.
‘നിശ്ചയം അവിശ്വാസികൾ നജസാണ്’ എന്ന സൂക്തം ഖുർആനുയർത്തിയ മാനുഷിക മൂല്യങ്ങൾക്ക് എതിരാണെന്ന് വരുത്തി ത്തീർക്കാൻ ചിലർ ശ്രമിക്കാറുണ്ട്. വസ്തുത അതല്ലെന്ന് കൃത്യമായ പഠനത്തിലൂടെ ബോധ്യപ്പെടും. അവിശ്വാസികളുടെ വിശ്വാസ രാഹിത്യമാണ് ഖുർആൻ അവിടെ വിമർശിക്കുന്നത്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന വിശ്വാസധാര മാത്രമാണ് ശരി. അതോടൊപ്പം ഇതര വിശ്വാസികൾക്ക് അവരുടെ ഇച്ഛയനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന വിശാല കാഴ്ചപ്പാടാണ് ഇസ്‌ലാമിന്റേത്.
മാനുഷിക പരിഗണന ലഭിക്കുന്നതിന് മനുഷ്യർക്ക് അവരുടെ വിശ്വാസങ്ങളും മറ്റും തടസ്സമാവില്ല എന്നതാണ് ഖുർആന്റെ നിലപാടെന്നത് അനേകം സൂക്തങ്ങളിലൂടെ വ്യക്തമാകുന്നതാണ്. മനുഷ്യന് ഉപദ്രവമായവയെല്ലാം ഇസ്‌ലാം നിരുത്സാഹപ്പെടുത്തി. ഒരു ഉദാഹരണം പറയാം: വുളൂഅ് ചെയ്യുന്നവൻ കണ്ണിൽ വെള്ളമാക്കൽ കറാഹത്താണ്. കാരണം അത് കാഴ്ചശക്തിയെ ബാധിച്ചേക്കും. നല്ല ഭക്ഷണമേ കഴിക്കാവൂ, മലിനമായവയും ശവവും തിന്നരുത് തുടങ്ങി മനുഷ്യനെ ബാധിക്കുന്ന എല്ലാം നിരുത്സാഹപ്പെടുത്തി. പ്രാപഞ്ചിക സൗകര്യങ്ങളെല്ലാം മനുഷ്യ നന്മക്ക് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ പരകോടി സൃഷ്ടികളിൽ ഏറ്റവും ഉത്തമനായി ഇസ്‌ലാം കാണുന്നതും മനുഷ്യനെ തന്നെയാണ്. എങ്കിൽ മർത്യജീവൻ അകാരണമായി അപഹരിക്കുന്നതിനെ ഇസ്‌ലാം അംഗീകരിക്കുന്നതെങ്ങനെ?

ബൈബിൾ പറയുന്നത്

നരബലിയുടെ നീറുന്ന പല കഥകളും ബൈബിൾ പറയുന്നുണ്ട്. ആദം ചെയ്ത പാപം മൂലം മനുഷ്യരല്ലാം പാപികളായി മാറി എന്ന് ബൈബിൾ പ്രതിപാദിക്കുന്നു: ഒരു മനുഷ്യൻ മൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. നിയമം നൽകപ്പെടുന്നതിനു മുമ്പുതന്നെ പാപം ലോകത്തിൽ ഉണ്ടായിരുന്നു. എന്നാൽ, നിയമമില്ലാത്തപ്പോൾ പാപം കണക്കിലെടുക്കപ്പെടുന്നില്ല. ആദത്തിന്റെ പാപത്തിനു സദൃശമായ പാപം ചെയ്യാതിരുന്നവരുടെ മേൽപ്പോലും ആദത്തിന്റെ കാലംമുതൽ മോശയുടെ കാലംവരെ മരണം ആധിപത്യം പുലർത്തി. ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ് (റോമാ 5:12-14).
മനുഷ്യരെല്ലാം പാപഭാരം പേറിയാണ് ജനിക്കുന്നതെന്ന് പറയുന്ന ബൈബിൾ യേശുവിന്റെ ജീവത്യാഗം അതിന് പരിഹാരമാണ് എന്നും പറയുന്നുണ്ട്. യഹൂദന്മാരാൽ അതിക്രൂരമായി യേശു കൊല്ലപ്പെടുന്നത് ബൈബിൾ വിവരിക്കുന്നു. നിസ്സഹായനായി യേശു വാവിട്ട് കരയുന്നുമുണ്ട്. മാർക്കോസ് 15 ‘വിചാരണയും വിധിയും’ ഈ സംഭവം വിവരിക്കുന്നു: അതിരാവിലെതന്നെ, പുരോഹിത പ്രമുഖന്മാർ ജനപ്രമാണികളോടും നിയമജ്ഞരോടും ന്യായാധിപ സംഘം മുഴുവനോടും ചേർന്ന് ആലോചന നടത്തി. അവർ യേശുവിനെ ബന്ധിച്ചു കൊണ്ടുപോയി പീലാത്തോസിനെ ഏൽപിച്ചു. പീലാത്തോസ് ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ തീരുമാനിച്ചുകൊണ്ട്, ബറാബ്ബാസിനെ അവർക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചതിനു ശേഷം ക്രൂശിക്കാൻ ഏൽപിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് യേശു കുരിശിൽ തറക്കപ്പെട്ടു. ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?
യേശു ഉച്ചത്തിൽ നിലവിളിച്ച് ജീവൻ വെടിഞ്ഞു. യേശുവിന്റെ ഈ ജീവത്യാഗമാണ് സ്വർഗത്തിൽ വെച്ച് ആദം ചെയ്ത ആദിമ പാപക്കറ ഏറ്റ മനുഷ്യരെ ശുദ്ധീകരിച്ചത്. അതിന് വേണ്ടിയായിരുന്നു യേശുവിന്റെ ബലിദാനം. ബൈബിൾ പറയുന്നു: അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവർക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂർവകമായ പ്രവൃത്തി എല്ലാവർക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താൽ അനേകർ നീതിയുള്ളവരാകും. അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലർത്തിയതുപോലെ, കൃപ നീതിവഴി നമ്മുടെ കർത്താവായ യേശു ക്രിസ്തുവിലൂടെ നിത്യജീവനിലേക്ക് നയിക്കാൻ ആധിപത്യം പുലർത്തും (റോമാ 5: 19-21).
മറ്റൊരു നരബലിയുടെ കഥയും ‘ന്യായാധിപന്മാർ’ പറയുന്നുണ്ട്. ഗിലയാദുകാരനായ ജഫ്താ ശക്തനായ സേനാനിയായിരുന്നു. പക്ഷേ, അവൻ വേശ്യാപുത്രനായിരുന്നു. ഗിലയാദായിരുന്നു അവന്റെ പിതാവ്. ഗിലയാദിന് സ്വഭാര്യയിലും മക്കളുണ്ട്. പിതാവിന്റെ സ്വത്ത് മക്കൾ വേശ്യാപുത്രനായിരുന്ന ജഫ്തക്ക് നൽകാൻ തയ്യാറാകുന്നില്ല. ജഫ്ത അവിടെ നിന്ന് ഓടിപ്പോയി ‘തോബ്’ എന്ന സ്ഥലത്ത് താമസമാക്കി. അക്കാലത്താണ് അമ്മോന്യർ ഇസ്രായേലിനെതിരെ യുദ്ധത്തിനു വന്നത്. യുദ്ധനിപുണനായ ജഫ്തായുടെ സഹായം തേടി ജ്യേഷ്ഠന്മാർ അവനെ സമീപിച്ചു. യുദ്ധത്തിൽ വിജയിച്ചാൽ തന്നെ നേതാവാക്കണമെന്ന വ്യവസ്ഥയോടെ ജഫ്ത സമ്മതിക്കുന്നു. അദ്ദേഹം അവരുടെ കൂടെ വരികയും യുദ്ധത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. കൂടാതെ യുദ്ധമുഖത്ത് വെച്ച് ജഫ്ത ഒരു നേർച്ച നേർന്നിരുന്നു. അമ്മോന്യർക്കെതിരെ വിജയം വരിച്ചാൽ ഞാൻ അവരെ തോൽപിച്ച് ജേതാവായി തിരികെ ചെല്ലുമ്പോൾ എന്നെ എതിരേൽക്കാൻ പടിവാതിൽക്കലേക്ക് ആദ്യം വരുന്നത് ആരായിരുന്നാലും അവൻ കർത്താവിന്റേതായിരിക്കും. ഞാൻ അവനെ ദഹനബലിയായി അവിടുത്തേക്ക് അർപ്പിക്കും. തിരിച്ച് വീട്ടിലെത്തിയ ജഫ്ത്തയെ സ്വീകരിക്കാൻ എത്തിയത് തന്റെ ഏക മകളായിരുന്നു. ബൈബിൾ പറയുന്നു: ജഫ്താ മിസ്പായിലുള്ള തന്റെ വീട്ടിലേക്കു വന്നു. അതാ, അവന്റെ മകൾ തപ്പുകൊട്ടി നൃത്തംവച്ച് അവനെ എതിരേൽക്കാൻ വരുന്നു. അവൾ അവന്റെ ഏകസന്താനമായിരുന്നു. വേറെ മകനോ മകളോ അവനില്ലായിരുന്നു. അവളെ കണ്ടപ്പോൾ അവൻ വസ്ത്രം കീറിക്കൊണ്ടു പറഞ്ഞു: അയ്യോ! മകളേ, നീ എന്നെ ദുഃഖത്തിലാഴ്ത്തിയല്ലോ. നീ എന്നെ വല്ലാത്ത വിഷമത്തിലാക്കിയിരിക്കുന്നു. ഞാൻ കർത്താവിനു വാക്കു കൊടുത്തുപോയി. നേർച്ചയിൽ നിന്ന് പിന്മാറാൻ എനിക്ക് സാധിക്കുകയില്ല.
അവൾ പറഞ്ഞു: പിതാവേ, അങ്ങ് കർത്താവിന് വാക്കുകൊടുത്തെങ്കിൽ അതനുസരിച്ച് എന്നോടു ചെയ്തു കൊള്ളുക. കർത്താവ് ശത്രുക്കളായ അമ്മോന്യരോട് പ്രതികാരം ചെയ്തല്ലോ.
അവൾ തുടർന്നു: ഒരു കാര്യം എനിക്കു ചെയ്തുതരണം. സഖിമാരോടൊത്ത് പർവതങ്ങളിൽ പോയി എന്റെ കന്യാത്വത്തെപ്രതി രണ്ടു മാസത്തേക്ക് വിലപിക്കാൻ എന്നെ അനുവദിക്കണം.
പൊയ്‌ക്കൊള്ളുക എന്നു പറഞ്ഞ് അവൻ രണ്ടു മാസത്തേക്ക് അവളെ അയച്ചു. അവൾ പർവതങ്ങളിൽ സഖിമാരൊടൊപ്പം താമസിച്ച് തന്റെ കന്യാത്വത്തെപ്പറ്റി വിലപിച്ചു.
രണ്ടുമാസം കഴിഞ്ഞ് അവൾ പിതാവിന്റെ പക്കലേക്കു തിരിച്ചുവന്നു. അവൻ നേർന്നിരുന്നതുപോലെ അവളോട് ചെയ്തു. അവൾ ഒരിക്കലും പുരുഷനെ അറിഞ്ഞിരുന്നില്ല. ഗിലയാദുകാരനായ ജഫ്തായുടെ പുത്രിയെ ഓർത്ത് ഇസ്രായേൽ പുത്രിമാർ വർഷംതോറും നാലു ദിവസം കരയാൻ പോകുക പതിവായിത്തീർന്നു (ന്യായാധിപന്മാർ 11: 34-40).
കർത്താവിന് സമർപ്പിക്കുന്ന നരബലിയെ കുറിച്ച് പഴയ നിയമത്തിലെ ലേവ്യറിലും കാണാം: മൃഗങ്ങളുടെ കടിഞ്ഞൂൽ സന്തതികളെ ആരും വിശുദ്ധീകരിക്കേണ്ടതില്ല. അവ കർത്താവിനുള്ളതാണ്. കാളയായാലും ആടായാലും അതു കർത്താവിന്റേതാണ്. എന്നാൽ കർത്താവിനു നിരുപാധികം സമർപ്പിച്ച യാതൊന്നും മനുഷ്യനോ മൃഗമോ അവകാശമായി കിട്ടിയ നിലമോ ആകട്ടെ, വിൽക്കുകയോ വീണ്ടെടുക്കുകയോ അരുത്. സമർപ്പിത വസ്തുക്കൾ കർത്താവിന് ഏറ്റവും വിശുദ്ധമാണ്. മനുഷ്യരിൽനിന്നു നിർമൂലനം ചെയ്യാൻ ഉഴിഞ്ഞിട്ട ഒരുവനെയും വീണ്ടെടുക്കരുത്. അവനെ കൊന്നുകളയണം (ലേവ്യർ 27: 27-29).

ബുദ്ധമതം

ടിബറ്റൻ ബുദ്ധമതത്തിനെതിരെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും റിപ്പബ്ലിക് ഓഫ് ചൈനയിലെ ചൈനീസ് ദേശീയവാദികളും ടിബറ്റിലെ നരബലിയുടെ ചരിത്രപരമായ സമ്പ്രദായത്തെ ഉയർത്തിക്കാട്ടി പതിവായി ശക്തമായ പരാമർശങ്ങൾ നടത്തുന്നു. 1950ലെ പീപ്പിൾസ് ലിബറേഷൻ ആർമി ടിബറ്റിലെ അധിനിവേശത്തെ മാനുഷിക ഇടപെടലായി ചിത്രീകരിക്കുന്നു. ചൈനീസ് സ്രോതസ്സുകളനുസരിച്ച് 1948ൽ ലാസയിൽ നിന്നുള്ള 21 വ്യക്തികളെ ശത്രുസംഹാര ചടങ്ങിന്റെ ഭാഗമായി കൊലപ്പെടുത്തി. അവരുടെ അവയവങ്ങൾ മാന്ത്രിക ചേരുവകളായി ആവശ്യമായതായിരുന്നു കാരണം. ടിബറ്റൻ റെവല്യൂസ് മ്യൂസിയം ചൈനക്കാർ ലാസയിൽ സ്ഥാപിച്ച ഈ അവകാശവാദങ്ങൾ വ്യക്തമാക്കുന്നതിനായി നിരവധി രോഗാതുരമായ ആചാര വസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

 

അസീസ് സഖാഫി വാളക്കുളം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ