തിരുനബി(സ്വ) പറഞ്ഞു: ‘നര പ്രകാശമാണ്. അത് പറിച്ചെടുക്കുന്നവന്‍ ഇസ്‌ലാമിന്റെ പ്രകാശത്തെയാണ് നശിപ്പിക്കുന്നത്’ (ഇബ്നുഅസാകിര്‍).
‘അബ്ദുല്ലാഹിബ്നു ആമിറുബ്നി കുറൈസ്(റ) നവജാത ശിശുവായിരിക്കെ നബി(സ്വ)യുടെ സന്നിധിയില്‍ ഹാജരാക്കപ്പെട്ടു. പ്രവാചകര്‍(സ്വ) ശിശുവിനെ മന്ത്രിച്ച് ഊതുകയും തന്റെ ഉമിനീര്‍ വായിലാക്കിക്കൊടുക്കുകയും ചെയ്തു. അബ്ദുല്ലാഹി(റ) അത് നുണഞ്ഞിറക്കുന്നത് കണ്ട് തിരുനബി(സ്വ) ‘ഇവന്‍ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നയാളാകുമെന്ന്’ പ്രവചിച്ചു. ആ പ്രവചനത്തിന്റെ ഫലമായി അദ്ദേഹം ഭൂമിയില്‍ എവിടെ കിണറിന് സ്ഥലം നിര്‍ണയിച്ചാലും അവിടെ ജലം ലഭ്യമാകുമായിരുന്നു.
മുആവിയ(റ)വിന്റെ പുത്രി ഹിന്ദ്(റ)യെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ഒരിക്കല്‍ അദ്ദേഹത്തിന്റെ തലമുടി ചീകികൊടുക്കുന്നതിനായി ഹിന്ദ്(റ) കണ്ണാടിയും ചീര്‍പ്പുമായി വന്നു. രണ്ട് പേരുടെയും തല കണ്ണാടിയിലൂടെ കണ്ടപ്പോള്‍ ഭാര്യയുടെ യുവത്വവും സൗന്ദര്യവും അദ്ദേഹം ശ്രദ്ധിച്ചു. തന്റെ താടി രോമങ്ങളില്‍ ചിലത് നരച്ചതും താന്‍ വാര്‍ധക്യത്തോടടുക്കുകയാണെന്നും ശ്രദ്ധിച്ചു. ശേഷം അദ്ദേഹം ഭാര്യയെ ത്വലാഖ് ചൊല്ലി ഭാര്യാപിതാവായ മുആവിയ(റ)യുടെ സമീപത്തേക്കയച്ചു.
വിവാഹമോചനം അറിഞ്ഞ് മുആവിയ(റ) ചോദിച്ചു: സ്വതന്ത്ര സ്ത്രീയെ ത്വലാഖ് ചൊല്ലുകയോ? ഹിന്ദ്(റ): ‘എന്റെ കാരണത്താലല്ല അദ്ദേഹം എന്നെ ത്വലാഖ് ചൊല്ലിയത്’. അവര്‍ സംഭവം പൂര്‍ണമായി പിതാവിന് വിവരിച്ച് കൊടുത്തു. ആളെ അയച്ച് അബ്ദുല്ലയെ വിളിച്ച് വരുത്തി ചോദിച്ചു: എന്റെ മകളെ വിവാഹം ചെയ്ത് തന്ന് ഞാന്‍ താങ്കളെ ആദരിച്ചതായിരുന്നു. പിന്നെന്തിന് അവളെ ത്വലാഖ് ചൊല്ലി? അബ്ദുല്ല(റ): ‘വാസ്തവം ഞാന്‍ പറയാം. അല്ലാഹു അവന്റെ ഔദാര്യം കൊണ്ട് എന്നെ അനുഗ്രഹിക്കുകയും എന്നെ മാന്യനാക്കുകയും ചെയ്തു. എപ്പോഴും മാന്യത പുലര്‍ത്താനാണ് എനിക്കിഷ്ടം. മറ്റുള്ളവരുടെ ഔദാര്യത്തില്‍ കഴിയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അങ്ങയുടെ മകളുടെ ഉത്തമ പെരുമാറ്റത്തിന് പ്രതിഫലം നല്‍കാന്‍ എനിക്ക് സാധിക്കാതെയായി. ഞാന്‍ വൃദ്ധനാണെന്ന കാര്യവും എനിക്ക് ബോധ്യപ്പെട്ടു. അവളാണെങ്കില്‍ യുവതിയും. അവളേക്കാള്‍ കൂടുതലായി എനിക്ക് സമ്പത്തോ മറ്റ് മഹത്ത്വങ്ങളോ ഇല്ലതാനും. അതിനാല്‍ അവളെ മടക്കി അയക്കുന്നതാണ് ശരിയെന്ന് ഞാന്‍ മനസ്സിലാക്കി. എങ്കില്‍ താങ്കള്‍ക്ക് അവളെ സുമുഖനായ ഒരു യുവാവിന് വിവാഹം ചെയ്തു കൊടുക്കാമല്ലോ’ (ഹാകിം/മുസ്തദ്റക്).
‘രക്ഷിതാവേ, ഈ കഠിന ശിക്ഷയില്‍ നിന്നും ഞങ്ങളെ നീ രക്ഷപ്പെടുത്തിയാല്‍ മുമ്പ് ചെയ്തിരുന്ന തിന്‍മകളില്‍ നിന്നും മുക്തരായി നന്‍മ ചെയ്ത് സദ്വൃത്തരായിക്കൊള്ളാം’ എന്ന് പറഞ്ഞ് നരകവാസികള്‍ അട്ടഹസിക്കുമ്പോള്‍ ‘കാര്യങ്ങള്‍ ഗ്രഹിച്ച് കല്‍പനകള്‍ അനുസരിക്കാന്‍ മതിയായ ആയുസ്സ് നിങ്ങള്‍ക്ക് തന്നിരുന്നില്ലേ. അതോടൊപ്പം താക്കീതുകാരന്‍ വരികയും ചെയ്തിരുന്നില്ലേ. അതിനാല്‍ നിങ്ങള്‍ ശിക്ഷ അനുഭവിച്ച് കൊള്ളുക. അക്രമികള്‍ക്ക് ഒരു സഹായിയും ഇല്ല’ എന്ന് അല്ലാഹു അവരോട് പറയുന്നതാണ് (ഖുര്‍ആന്‍ 35/37). ഇതില്‍ പരാമര്‍ശിച്ച താക്കീതുകാരന്‍ മുടിനരക്കലാണെന്ന് വിശദീകരിക്കപ്പെട്ടിരിക്കുന്നു.
മുടി നരക്കുന്നത് മരണം അടുത്തിട്ടുണ്ടെന്ന താക്കീതിന്റെ സന്ദേശമാണെന്ന ഈ ഖുര്‍ആന്‍ പ്രസ്താവനയോട് എ്യെപ്പെട്ട് നിരവധി കവികള്‍ വാചാലരായിട്ടുണ്ട്. ‘മരണത്തിന്റെ താക്കീതുകളില്‍ ഒന്നാണ് നര. അതിനാല്‍ മുടിനരച്ചവന് മറ്റൊരു താക്കീതുകാരന്റെ ആവശ്യമില്ല’, ‘നരയും ഇസ്‌ലാം വിശ്വാസവും മനുഷ്യനെ തിന്‍മകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മതിയായ ഉപാധികളാണ്’ ഇവ ചില കവിതാ ആശയങ്ങളാണ്.
‘നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തു’ (ഖുര്‍ആന്‍ 78/8).
ഇമാം റാസി (റ) പറയുന്നു: ‘ഉയരം കൂടിയവര്‍, കുറഞ്ഞവര്‍, സൗന്ദര്യമുള്ളവര്‍, ഇല്ലാത്തവര്‍ എന്നിങ്ങനെ പരസ്പര വൈരുദ്ധ്യങ്ങളായ വിശേഷണങ്ങളോടെയാണ് നിങ്ങളെ സൃഷ്ടിച്ചതെന്നാണ് ഇണകളായി സൃഷ്ടിച്ചു എന്നതിന്റെ ഒരു വ്യാഖ്യാനം’.
‘നിഖില വസ്തുക്കളിലും നാം ഇണകളെ സൃഷ്ടിച്ചു’ (51/49) എന്ന വിശുദ്ധ ഖുര്‍ആന്റെ ആശയവും ഇതാണ്. സൃഷ്ടിപ്പിലെ ഈ വൈജാത്യം അല്ലാഹുവന്റെ കഴിവിന്റെയും യുക്തിയുടെയും പൂര്‍ണതയാണ്. രണ്ട് വിരുദ്ധ ഗുണങ്ങളില്‍ ഉത്തമമായത് ലഭിച്ചവന്‍ പ്രസ്തുത അനുഗ്രഹത്തിന്റെ പേരില്‍ അല്ലാഹുവിന് നന്ദിചെയ്യണം. ഉത്തമഗുണം ലഭിക്കാത്തവര്‍ ക്ഷമ അവലംബിക്കാന്‍ ബാധ്യസ്ഥരാണ്. ഏതൊന്നിന്‍റേയും ഗുണം മനസ്സിലാകുന്നത് അതിന്റെ വിപരീത അവസ്ഥയിലായിരിക്കും. യുവത്വത്തിന്റെ വില മനുഷ്യന് ബോധ്യപ്പെടുന്നത് മുടി നരക്കുമ്പോഴാണെന്നതുപോലെ. സുരക്ഷയുടെ മൂല്യം അറിയുന്നത് ഭയത്തിന്റെ സന്ദര്‍ഭത്തിലും. അനുഗ്രഹങ്ങളെ ബോധ്യപ്പെടുത്താന്‍ കൂടുതല്‍ സഹായകമാണ് പരസ്പര വൈരുദ്ധ്യങ്ങളായ സൃഷ്ടിപ്പ്. നരക്കാത്തവര്‍ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിച്ചും നരച്ചവര്‍ ക്ഷമ അവലംബിച്ചും ഇലാഹീ തൃപ്തി കരസ്ഥമാക്കണമെന്ന് ചുരുക്കം.
‘രക്ഷിതാവേ, എന്റെ എല്ലുകള്‍ ദുര്‍ബലമാവുകയും തലമുടി നരക്കുകയും ചെയ്തു’ എന്ന വിശുദ്ധ ഖുര്‍ആന്‍ (19/4) ഉദ്ധരിക്കുന്ന സകരിയ്യ നബി(അ)ന്റെ പ്രാര്‍ത്ഥന വിശദീകരിച്ചു കൊണ്ട് ഇമാം റാസി(റ) രേഖപ്പെടുത്തുന്നു: ‘മനുഷ്യ ശരീരത്തിലെ കൂടുതല്‍ ഉറപ്പുള്ള എല്ലുകള്‍ക്ക് ക്ഷീണം സംഭവിച്ചാല്‍ താരതമ്യേന ഉറപ്പ് കുറഞ്ഞ മറ്റ് ശരീര ഭാഗങ്ങള്‍ കൂടുതലായി ക്ഷീണിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്. ശരീര ഭാഗങ്ങള്‍ക്കുണ്ടാകുന്ന വ്യാപകമായ ക്ഷീണത്തിന്റെയും ദുര്‍ബലതയുടെയും പ്രകടമായ അടയാളമാണ് നര’.
‘കൊച്ചുകുട്ടികളെ നരപ്പിക്കുന്ന കഠിനക്ലേശമുള്ള ദിവസത്തെ ശിക്ഷയില്‍ നിന്നും സത്യനിഷേധികളായ നിങ്ങള്‍ എങ്ങനെ രക്ഷപ്പെടും’ (73/17) എന്ന ഖുര്‍ആന്റെ പ്രസ്താവന മാനസിക ക്ലേശങ്ങളാണ് പൊതുവെ നരക്ക് ഹേതുവാകുന്നതെന്ന ധാരണകൂടി സാധൂകരിക്കുന്നു. ഇതിന്റെ ശാസ്ത്രീയത ഇമാം റാസി (റ) വിശദീകരിക്കുന്നു: ‘ആത്മാവ് ഹൃദയത്തിന്റെ ഉള്ളിലേക്ക് വലിയാന്‍ കഠിനമായ മനഃക്ലേശങ്ങള്‍ കാരണമാകുന്നു. ആത്മാവ് ഹൃദയാന്തരങ്ങളിലേക്ക് പിന്‍വാങ്ങുന്നത് ശരീരഭാഗങ്ങളിലെ സൃഷ്ടിപരമായ ഊഷ്മാവിനെ കെടുത്താന്‍ നിമിത്തമാകുന്നു. അതിനെതുടര്‍ന്ന് ഭക്ഷണപദാര്‍ത്ഥങ്ങളിലെ പോഷക ഘടകങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ ദഹിക്കാതെ അവശേഷിക്കും. തന്നിമിത്തം ശരീരത്തിന്റെ കഫക്കൂറ് ഇതര പ്രകൃതങ്ങളെ കീഴ്പെടുത്തും. അപ്പോള്‍ മുടിയുടെ കറുപ്പ് നഷ്ടപ്പെട്ട് നരക്കുന്നു’.
ഒരിക്കല്‍ അബൂബക്ര്‍ സിദ്ദീഖ്(റ) തിരുനബി(സ്വ)യോട് ചോദിച്ചു: അങ്ങേക്ക് നര ഉണ്ടായല്ലോ? ‘ഹൂദ്, വാഖിഅ, മുര്‍സലാത്ത്, നബഅ്, തക്വീര്‍ എന്നീ ഖുര്‍ആന്‍ അധ്യായങ്ങളിലെ പ്രസ്താവനകള്‍ എന്നെ നന്നായി സ്വാധീനിച്ചതിലുള്ള മനക്ലേശമാണ് പ്രായമാകുന്നതിന് മുമ്പ് തന്നെ എന്നെ നരപ്പിച്ചത്’ എന്ന് അവിടുന്ന് മറുപടി നല്‍കി. എങ്കിലും തിരുനബി(സ്വ)യുടെ ശിരസ്സിലും ദീക്ഷയിലും കൂടി ഇരുപതോളം കേശങ്ങള്‍ മാത്രമാണ് നരച്ചത്. അവയില്‍ പതിനഞ്ചെണ്ണം താഴെ ചുണ്ടിനോട് ചേര്‍ന്നുള്ള കേശങ്ങളായിരുന്നു. പൊതുവില്‍ സ്ത്രീകള്‍ക്ക് നരയോട് അനിഷ്ടമാണ്. എന്നാല്‍ തിരുനബി(സ്വ)യുടെ നരയോട് അനിഷ്ടം ഉണ്ടാകുന്നത് കുഫ്ര്‍ ആണ്. ഇക്കാരണത്താല്‍ സത്യവിശ്വാസികളുടെ ഈമാനിന് സംരക്ഷണമായിട്ടാണ് തിരുനബി(സ്വ)യെ അടുത്ത് നിന്ന് നിരീക്ഷിച്ചാല്‍ മാത്രം വ്യക്തമാകുന്ന രീതിയില്‍ നരയുടെ എണ്ണം അംഗുലീപരിമിതമായത്.
തലയുടെ മുന്‍ഭാഗത്തെ നര അനുഗ്രഹത്തിന്റെയും കൃതാവിലേത് ഔദാര്യത്തിന്റെയും ഉച്ചിയിലേത് ധീരതയുടെയും ലക്ഷണങ്ങളാണ്. പിരടിയിലെ നര ദുശ്ശകുനമാണെന്ന് ഇമാം ദൈലമി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ആദ്യമായി മുടിനരച്ചത് ഇബ്റാഹീം നബി(അ)മിന്‍റേതായിരുന്നു. ഇതെന്താണെന്ന് ഇബ്റാഹീം(അ) അല്ലാഹുവിനോട് ആരാഞ്ഞു. ജനസമക്ഷത്തിലുണ്ടാകുന്ന പ്രൗഢിയുടെയും യശസ്സിന്റെയും പ്രേരകമാണതെന്ന് അല്ലാഹു മറുപടി നല്‍കി. ഉടന്‍ ഇബ്റാഹീം (അ) പ്രാര്‍ത്ഥിച്ചു: ‘രക്ഷിതാവേ നീ എനിക്ക് യശസ്സ് വര്‍ധിപ്പിക്കണേ’ (ഇമാം മാലിക്, മുവത്വഅ്). ‘യശസ്സുള്ളവന്റെ സജ്ജീകരണമാണ് നര. അതിനാല്‍ നരച്ചവരില്‍ നിന്നും നിയമലംഘനങ്ങളും തിന്‍മകളും ഉണ്ടാവുകയില്ല’ എന്ന കവിതാ സാരം നര കൊണ്ടുണ്ടാകുന്ന പ്രൗഢിയുടെ ഫലം വെളിപ്പെടുത്തുന്നു. വാര്‍ധക്യം ബഹുമാനം അര്‍ഹിക്കുന്നു എന്ന അര്‍ത്ഥത്തിലുള്ള ‘നരക്ക് നാല്‍പ്പത് മടങ്ങ്’ എന്ന പഴമൊഴി ഓര്‍ക്കുക.
‘എന്റെ ഔന്നത്യം, യശസ്സ്, ഏകത്വം, സൃഷ്ടികളുടെ എന്നിലേക്കുള്ള ആശ്രയം, അര്‍ശിലുള്ള എന്റെ ആധിപത്യം എന്നിവ കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു: ഇസ്‌ലാമിലായി (മതമാചരിക്കുന്നതിന് ക്ലേശമനുഭവിച്ച്) നരച്ച എന്റെ അടിമകളെ അവരുടെ തിന്‍മകളുടെ പേരില്‍ ശിക്ഷിക്കാന്‍ ഞാന്‍ ലജ്ജിക്കുന്നു’ എന്ന അല്ലാഹുവിന്റെ സന്ദേശം പ്രഖ്യാപിച്ച തിരുനബി (സ്വ) പൊട്ടിക്കരഞ്ഞു. സ്വഹാബത്ത് ചോദിച്ചു: ‘എന്താണ് അങ്ങ് കരയാന്‍ കാരണം.’ അടിമയെ ശിക്ഷിക്കുന്നതില്‍ നിന്നും അല്ലാഹു ലജ്ജിക്കുമ്പോഴും അല്ലാഹുവിന്റെ കല്‍പ്പനകള്‍ ലംഘിക്കുന്നതില്‍ ലജ്ജയില്ലാത്ത മനുഷ്യന്റെ അവസ്ഥ ആലോചിച്ചാണ് ഞാന്‍ കരഞ്ഞതെന്ന് തിരുനബി (സ്വ) മറുപടി നല്‍കി.
നബി(സ്വ) പറഞ്ഞു: ‘ഇസ്‌ലാമിലായി ഒരു മുടി നരച്ചാല്‍ അല്ലാഹു അദ്ദേഹത്തിന് ഒരു നന്‍മ രേഖപ്പെടുത്തുകയും ഒരു പദവി ഉയര്‍ത്തുകയും ഒരു തിന്മ മാപ്പാക്കുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ നരച്ച രോമങ്ങള്‍ പറിച്ച് കളയുകയോ വെട്ടിമാറ്റുകയോ ചെയ്യരുത്’ (ബൈഹഖി/സുനനുല്‍ കുബ്റാ). തിരുദൂതര്‍(സ്വ) വീണ്ടും പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരാളുടെ മുടി നരച്ചാല്‍ അന്ത്യദിനത്തില്‍ അവന് വഴികാണിച്ച് കൊടുക്കുന്ന പ്രകാശമാവുമത്’. ഇത് കേട്ട് ഒരാള്‍ ചോദിച്ചു: ചിലരൊക്കെ നരച്ച മുടി പറിച്ച് കളയുന്നുണ്ടല്ലോ? ‘നരച്ചമുടികള്‍ പറിച്ചോ വെട്ടിയോ മാറ്റുന്നവന്‍ അവരുടെ പ്രകാശത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്’ തിരുനബി(സ്വ) മറുപടി പറഞ്ഞു (ത്വബ്റാനി).
‘നര പ്രകാശമാണ്. അത് പറിച്ചെടുക്കുന്നവന്‍ ഇസ്‌ലാമിന്റെ പ്രകാശത്തെയാണ് നശിപ്പിക്കുന്നത്’ (ഇബ്നുഅസാകിര്‍). അമിതമായി കുങ്കുമം കലര്‍ത്തിയ സുഗന്ധദ്രവ്യങ്ങള്‍, നരനശിപ്പിക്കല്‍, പുരുഷന്‍ വസ്ത്രം നിലത്തിഴക്കല്‍, പുരുഷന്‍ സ്വര്‍ണമോതിരം ധരിക്കല്‍, ചതുരംഗം കളിക്കല്‍, സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി വീട് വിട്ട് പുറത്തിറങ്ങല്‍ എന്നിവ തിരുനബി (സ്വ) വെറുത്തിരിക്കുന്നു (ബൈഹഖി, സുനനുല്‍ കുബ്റാ).
മതപരമായും പ്രകൃതിപരമായും ഇങ്ങനെ അനവധി മഹത്ത്വങ്ങള്‍ നരയ്ക്ക് ഉണ്ടെങ്കിലും ജനങ്ങള്‍ പൊതുവെ നരയോട് വിമുഖതയുള്ളവരാണ്. പലരും ഡൈ ചെയ്ത് നര കറുപ്പിക്കുകയും ചെയ്യുന്നു. നരയോട് പ്രതിഷേധിക്കുകയല്ല; അതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കി സ്വാഗതമരുളുകയാണ് ചെയ്യേണ്ടത്. ‘നീ നരച്ചല്ലോ എന്ന് എത്ര പേരാണ് എന്നോട് പറയുന്നത്. സുന്ദരികള്‍ക്ക് നര കാണുന്നത് അറപ്പാണ്. നര എന്റെ ആയുസ്സിനെ കുറിച്ചുള്ള താക്കീതുകാരനാണെന്നാണ് ഞാന്‍ അവരോട് മറുപടി പറഞ്ഞത്. താക്കീതുകാരന്റെ മുഖത്ത് ഞാന്‍ കരിവാരി തേക്കുകയില്ല’ എന്ന കവി വാക്യമാണ് അനുവര്‍ത്തിക്കേണ്ടത്.
നബി(സ്വ) പറഞ്ഞു: ‘നരയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലത് മൈലാഞ്ചിയാണ്’ (ബൈഹഖി). (തല, താടി തുടങ്ങിയ) നീക്കല്‍ സുന്നത്തില്ലാത്ത രോമങ്ങളിലെ നര മൈലാഞ്ചിയോ തത്തുല്യവസ്തുക്കളോ ഉപയോഗിച്ച് ചായം കൊടുക്കുന്നത് സുന്നത്താണ് (നിഹായ, മുഗ്നി).
നര മറച്ചു വെക്കുന്നതിനായി കറുപ്പ് ചായം കൊടുക്കുന്നത് ഹറാമാണ്. ആദ്യമായി നര കറുപ്പിച്ചത് ഫിര്‍ഔന്‍(ഫറോവ) ആണത്രെ (ഇബ്നു അബീ ശൈബ). ഹിംസ്വിലെ ഗവര്‍ണര്‍ അബ്ദുല്‍ റഹ്മാനുബ്നു ഖുര്‍ത്വ്(റ) പറയുന്നു: ‘ഇബ്റാഹിം നബി(അ)ന് നര ബാധിച്ചപ്പോള്‍ അതിനെ പ്രകാശമായി മനസ്സിലാക്കി അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. ഹിംസ്വില്‍ ആദ്യമായി ഡൈ ചെയ്ത ഇബ്നുല്‍ ഹിറാബിയ്യ നരയുടെ പ്രകാശം കെടുത്തുകയാണ് ചെയ്തത്. അതിനാല്‍ അല്ലാഹു അയാളുടെ പ്രഭ പരലോകത്ത് കെടുത്തിക്കളയുന്നതാണ്’ (മുഖ്തസ്വര്‍ താരീഖു ദിമശ്ഖ്).
പ്രവാചകരില്‍ നിന്ന് ഉദ്ധരണം: ‘ആരെങ്കിലും നര കറുപ്പിച്ചാല്‍ പരലോകത്ത് അല്ലാഹു അവന്റെ മുഖം കറുപ്പിക്കുന്നതാണ്’ (ത്വബ്റാനി). ‘അവസാന കാലത്ത് കുറേ ആളുകള്‍ അവരുടെ മുടി കറുപ്പിക്കുന്നതാണ്. അവര്‍ക്ക് സ്വര്‍ഗത്തിന്റെ സുഗന്ധം ആസ്വദിക്കാന്‍ സാധ്യമല്ല’ (നസാഈ). ‘ഡൈ ചെയ്ത് നര കറുപ്പിച്ചവരെ അന്ത്യ ദിനത്തില്‍ അല്ലാഹു പരിഗണിക്കുകയില്ല’ (ബൂസ്വീരി/ഇത്ഹാഫ്). നര കറുപ്പിക്കുന്നത് വന്‍ ദോഷങ്ങളില്‍പെട്ട കഠിന കുറ്റമാണെന്ന് ഹദീസുകളിലെ ശക്തമായ താക്കീതുകള്‍ പഠിപ്പിക്കുന്നു (ഇബ്നു ഹജര്‍/സവാജിര്‍).
വിപണിയില്‍ ലഭ്യമായ ഡൈ ചെയ്യാന്‍ ഉപയോഗിക്കുന്ന കറുപ്പ് ചായങ്ങളില്‍ പലതും പെയിന്‍റ്, ക്യൂട്ടക്സ് പോലെ വെള്ളം ചേരുന്നതിന് തടസ്സമാകുന്ന വസ്തുക്കളാണ്. അത്തരം ചായങ്ങള്‍ ഉപയോഗിച്ച് ഡൈ ചെയ്താല്‍ വുളൂഅ്, കുളി എന്നിവ സ്വഹീഹാവുകയില്ല. അത്തരക്കാരുടെ നിസ്കാരം വലിയ അശുദ്ധിയോടെയും വുളൂഅ് ഇല്ലാതെയും ആയിരിക്കും. കാലാകാലം നിസ്കരിക്കാത്തവനായിട്ടാണ് അല്ലാഹുവിന്റെയടുത്ത് അവര്‍ ഗണിക്കപ്പെടുന്നത്. അതിലുപരി വലിയ അശുദ്ധിയും ചെറിയ അശുദ്ധിയും ഉള്ളതോടെ നിസ്കരിച്ചതിന് കഠിന ശിക്ഷ വേറെയുണ്ടാകും. അവരെ തുടര്‍ന്ന് നിസ്കരിച്ചവന്റെയും നിസ്കാരം സ്വഹീഹാവുകയില്ല.
മയ്യിത്ത് നിസ്കാരത്തിന് അവര്‍ ഇമാമായാല്‍ ആരുടേയും നിസ്കാരം സ്വഹീഹാകാത്തതിനാല്‍ നിസ്കരിക്കാതെ മയ്യിത്ത് ഖബറടക്കിയ പോലെയാവും. നാട്ടിലെ മുഴുവന്‍ മുസ്‌ലിംകളും അതിന്റെ പേരില്‍ കുറ്റക്കാരായിത്തീരും. ഇങ്ങനെ ഡൈ ചെയ്തയാള്‍ മരണപ്പെട്ടാല്‍ ആ മുടി പൂര്‍ണമായും മുറിച്ച് മാറ്റാതെ മയ്യിത്ത് കുളിപ്പിക്കല്‍ സ്വഹീഹാവില്ല. കുളി സ്വഹീഹാകാതെയുള്ള മയ്യിത്ത് നിസ്കാരവും സ്വഹീഹാകില്ല.
വിപണിയില്‍ ലഭിക്കുന്ന കൃത്രിമ മൈലാഞ്ചികളിലും വെള്ളം ചേരുന്നതിന് തടസ്സമാകുന്നവയുണ്ട്. നര മനോഹരമാക്കാന്‍ മൈലാഞ്ചി ഉപയോഗിക്കുന്നവര്‍ ഇത് ശ്രദ്ധിക്കണം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ