നബി(സ്വ) പറഞ്ഞു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവൻ തന്റെ അയൽവാസിയോട് മാന്യമായി വർത്തിക്കട്ടെ (ബുഖാരി, മുസ്‌ലിം).
അയൽവാസം സ്‌നേഹ സാന്ത്വനത്തിന്റെ സഹവാസമാവണം. മനുഷ്യർ പരസ്പരമുള്ള ബന്ധങ്ങളിൽ ആത്മവിശ്വാസവും ആത്മധൈര്യവും പകരുന്ന ബന്ധമാണത്. സമാധാനവും സുരക്ഷിത ബോധവും ശരിയായ അയൽവാസത്തിന്റെ ഗുണഫലങ്ങളാണ്. ചിലപ്പോൾ കുടുംബബന്ധത്തേക്കാൾ ഇത് ഉപകാരപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ ഊഷ്മളവും സ്‌നേഹ മസൃണവുമായ അയൽവാസത്തെ പുണ്യകരമായ ഒരനുഷ്ഠാനമെന്ന തലത്തിലാണ് ഇസ്‌ലാം പരിഗണിച്ചത്.
ഉന്നതമായ ഈ ബന്ധത്തെ വിശ്വാസി എങ്ങനെയാണ് സമീപിക്കേണ്ടതെന്ന് ഈ നബിവചനം ബോധ്യപ്പെടുത്തുന്നുണ്ട്. അയൽവാസിയെ ആദരിക്കുക, അവനോട് മാന്യമായി വർത്തിക്കുക എന്നാണ് ഹദീസിലുള്ളത്. ആദരണീയമായ അയൽപക്ക ബന്ധത്തെ മാനിക്കാൻ വിശ്വാസിക്ക് ഏറെ ബാധ്യതയുണ്ട്. അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസവുമായി അതിനെ ബന്ധപ്പെടുത്തിയതു വഴി അയൽവാസിയെ മഹത്ത്വപ്പെടുത്തുന്നു ഇസ്‌ലാം.
അയൽവാസി ആരാവണമെന്നത് നമ്മുടെ തിരഞ്ഞെടുപ്പിലുപരി അല്ലാഹുവിന്റെ നിശ്ചയമാണ്. അവന്റെ യുക്തിഭദ്രമായ തീരുമാനത്തിന്റെ ഭാഗവും. അത് മാന്യമായി പരിഗണിച്ചാവണം വിശ്വാസി ജീവിക്കേണ്ടത്. എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന റബ്ബിന്റെ ഒരു നിശ്ചയത്തെയും ധിക്കരിക്കാനും അലങ്കോലപ്പെടുത്താനും വിശ്വാസി മുതിരില്ല. പരലോക വിശ്വാസമുള്ളയാൾക്ക് ഒരിക്കലും അല്ലാഹുവിന്റെ വിധിവിലക്കുകളെ ധി ക്കരിക്കാനാവില്ലല്ലോ. ധിക്കാരിയായി ജീവിച്ചവൻ പരലോകത്ത് അതിന്റെ കെടുതി അനുഭവിക്കേണ്ടി വരുകയും ചെയ്യും.
അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസത്തോട് ബന്ധപ്പെടുത്തി ഒരു നിർദേശം നൽകുന്നത് ലംഘിക്കാതിരിക്കാനാണ്. അയൽവാസികൾ പരസ്പരം നല്ല ബന്ധം പുലർത്തണമെന്ന് ബോധിപ്പിച്ചതിലൂടെ ഈ ഹദീസ് അപരന് ആദരവും മാന്യതയും സമാധാനപൂർണവും സുരക്ഷിതവുമായ ജീവിതവും ഉറപ്പാക്കുന്നു.
അയൽവാസിക്ക് അലോസരവും ശല്യവുമുണ്ടാക്കുന്നതിനെ ഇസ്‌ലാം കഠിനമായി വെറുക്കുകയും നിരോധിക്കുകയും ചെയ്യുന്നുണ്ട്. അതിനെയും വിശ്വാസവുമായി ബന്ധപ്പെടുത്തിയത് കാണാം. ഒരിക്കൽ തിരുന ബി(സ്വ) പറഞ്ഞു: അല്ലാഹുവാണ, സത്യവിശ്വാസിയാവില്ല, അല്ലാഹുവാണ, സത്യവിശ്വാസിയാവില്ല, അല്ലാഹുവാണ, സത്യവിശ്വാസിയാവില്ല.
സ്വഹാബികൾ ചോദിച്ചു: ആരാണ് നബിയേ?
നബി(സ്വ)യുടെ മറുപടി: തന്റെ ശല്യപ്പെടുത്തലുകളിൽ നിന്ന് അയൽവാസി രക്ഷപ്പെടാത്ത അവസ്ഥയിലുള്ളവൻ (അഹ്‌മദ്). അയൽവാസിക്ക് ശല്യം ചെയ്യുന്നവന്റെ വിശ്വാസത്തിന് പരിപൂർണതയില്ല എന്നർത്ഥം. അയൽവാസിയെ ശല്യം ചെയ്യുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്നും (മുസ്‌ലിം) ഹദീസിൽ വന്നിട്ടുണ്ട്. നമ്മുടെ വാക്ക്, പ്രവൃത്തി, സമീപനം, ആംഗ്യം അടക്കം ഒന്നുകൊണ്ടും ശല്യപ്പെടാതെ അയൽവാസിക്ക് ജീവിക്കാൻ സാധിക്കണം.
നിസ്‌കാരവും നോമ്പും കൂടുതൽ നിർവഹിക്കാറുള്ള ഒരു സ്ത്രീ, അവളുടെ നാവ് കൊണ്ട് അയൽവാസിയെ ബുദ്ധിമുട്ടിക്കുന്നുവെന്ന് നബി(സ്വ)യോടൊരാൾ പറഞ്ഞപ്പോൾ അവിടന്ന് പ്രതികരിച്ചത് അവളിൽ ഒരു ഗുണവുമില്ല, അവൾ നരകത്തിലാണെന്നാണ്.
നിർബന്ധമായ നോമ്പ്, നിസ്‌കാരം തുടങ്ങിയവയല്ലാതെ അധിക പുണ്യങ്ങളൊന്നും പ്രവർത്തിക്കുന്നില്ലെങ്കിലും തന്റെ നാവുകൊണ്ട് അയൽവാസിയെ ബുദ്ധിമുട്ടിക്കാതെ കഴിയുന്ന സ്ത്രീയെക്കുറിച്ച്, അവൾ സ്വർഗസ്ഥയാണെന്നും റസൂൽ(സ്വ) പറയുകയുണ്ടായി (അഹ്‌മദ്). പുണ്യങ്ങൾ അധികമായി ചെയ്താൽ പോലും അയൽവാസിയെ പ്രയാസപ്പെടുത്തിയാൽ രക്ഷപ്പെടാനാകില്ലെന്നു ചുരുക്കം.
സാധിക്കുന്ന ഗുണങ്ങളും സേവനങ്ങളും അയൽവാസിക്ക് ചെയ്തുകൊടുക്കണം. വിശ്വാസി എന്ന നിലയിൽ അയൽവാസിയുമായുള്ള നല്ല ബന്ധത്തിന് കോട്ടം തട്ടുന്ന ഒന്നും വരാതെ നോക്കണം. നീ നിന്റെ അയൽവാസിക്ക് ഗുണം ചെയ്യുക, എങ്കിൽ നീ മുസ്‌ലിമാകും (ഇബ്‌നുമാജ) എന്ന ഹദീസ് ഇസ്‌ലാമിക വ്യക്തിത്വത്തെ പൂർണമാക്കുന്നതിൽ നന്മാധിഷ്ഠിതമായ അയൽപക്ക ബന്ധത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നു.
എങ്ങനെയാണ് അയൽവാസിക്ക് സേവനം ചെയ്യേണ്ടത്? നബി(സ്വ) സ്വഹാബികളോട് ചോദിച്ചു: അയൽവാസികൾ പരസ്പരമുള്ള ബാധ്യതകൾ നിങ്ങൾക്കറിയുമോ? നിന്നോട് വല്ല സഹായവും തേടിയാൽ നീ സഹായിക്കണം, കടം ചോദിച്ചാൽ കൊടുക്കണം, ദാരിദ്ര്യത്തിലകപ്പെട്ടാൽ കരകയറ്റാൻ ശ്രമിക്കണം, രോഗിയായാൽ സന്ദർശിക്കണം, സന്തോഷമുണ്ടായാൽ ആശംസിക്കണം, വിഷമം വന്നാൽ അനുശോചിക്കണം, മരണപ്പെട്ടാൽ ജനാസയെ അനുഗമിക്കണം, അവന് ശുദ്ധവായു നഷ്ടപ്പെടും വിധം അവന്റെ സമ്മതമില്ലാതെ നിർമാണം നടത്തരുത്, നിന്റെ വീട്ടിൽ പാചകം ചെയ്യുന്നത് അവന് നൽകുന്നില്ലെങ്കിൽ നിന്റെ പാചകത്തിന്റെ വാസന കൊണ്ട് അവനെ അലോസരപ്പെടുത്തരുത്, നീ പഴം വാങ്ങിയാൽ അവനും കൊടുക്കണം, അല്ലെങ്കിൽ അവൻ അറിയാത്തവിധം വീട്ടിൽ കൊണ്ടുപോകണം, നിന്റെ കുട്ടി അത് കൈയിൽ പിടിച്ച് പുറത്തിറങ്ങി അയൽവാസിയുടെ കുട്ടിയെ മോഹഭംഗത്തിലാക്ക രുത് (ഖറാഇത്വീ).
അയൽപക്ക ബന്ധത്തിന്റെ വ്യാപ്തിയും സമീപനരീതിയും ഇമാം ശഅ്‌റാനി(റ) രേഖപ്പെടുത്തിയത് ഇങ്ങനെ സംക്ഷേപിക്കാം: കടുത്ത വിരോധിയും ശത്രുവുമായിരുന്നാൽ പോലും അയൽവാസിയുടെ അവകാശത്തെ നിസ്സാരമായി കാണരുത്. അവനോട് ഗുണത്തിൽ വർത്തിക്കാൻ സ്വന്തത്തെ പാകപ്പെടുത്തണം. അവനെ കുറിച്ച് ദുഷിച്ച് പറയരുത്. എല്ലാ രാത്രികളിലും തയ്യാറാക്കുന്ന കറിയിൽ ഒരു പങ്ക് അവന് നൽകണം. പെരുന്നാളുകളിലും മറ്റ് ആണ്ടറുതികളിലും തയ്യാറാക്കുന്ന ഭക്ഷണത്തിൽ നിന്ന് അവനും നൽകണം. അവന്റെ കുട്ടികൾക്ക് വസ്ത്രമില്ലെങ്കിൽ നാം നൽകണം. അവർക്ക് വേണ്ടി പഴങ്ങളും പലഹാരങ്ങളും വാങ്ങണം. അവൻ സമീപത്ത് കൂടി പോകുന്നുവെങ്കിൽ മാനിക്കണം. അവന്റെ ശരീര, കുടംബ, സന്താന, സമ്പദ് കാര്യങ്ങളിലെ പ്രയാസങ്ങൾ പ രിഗണിക്കുക- ഇങ്ങനെ സർവരിലേക്കും വ്യാപിക്കുന്ന നിലപാടുകൾ നമ്മിൽ നിന്നുണ്ടാവണമെന്ന് തിരുനബി പാഠങ്ങളിലുണ്ട് (അൽഉഹൂദുൽ മുഹമ്മദിയ്യ).
അയൽവാസിയോടുള്ള ബന്ധം നമ്മുടെ മാന്യതയെയും അതോടൊപ്പം വിശ്വാസവ്യക്തിത്വത്തെയും അടയാളപ്പെടുത്തുന്ന കാര്യമാണ്. നമ്മെക്കുറിച്ച് നല്ലത് പറയുന്ന അയൽവാസികളെ ഉണ്ടാക്കുന്നതിൽ നമുക്ക് തന്നെയാണുത്തരവാദിത്തം. ഭൗതികലോകത്ത് സമാധാനത്തിനും പാരത്രിക ലോക വിജയത്തിനും അതനിവാര്യമാണ്.

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ