ലൈഫ് സ്റ്റൈൽ

 

ഭക്ഷണവും വെള്ളവും ജീവന്റെ നിലനിൽപ്പിന് അനിവാര്യമാണ്. ആരോഗ്യമുണ്ടെങ്കിലേ ആരാധന സാധ്യമാകൂ. ആരോഗ്യമുണ്ടാകണമെങ്കിൽ ആരോഗ്യമുള്ള ഭക്ഷണം കഴിക്കണം. എന്ത് തിന്നണമെന്നും എങ്ങനെ കഴിക്കണമെന്നും എത്രത്തോളമെന്നും നമുക്ക് വ്യക്തമായ ധാരണ വേണം. നിങ്ങൾ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക എന്ന ആജ്ഞക്കു ശേഷം ഇസ്‌ലാം പഠിപ്പിക്കുന്നത്, നിങ്ങൾ അമിതമാക്കരുത് എന്നും അമിതമാക്കുന്നവരെ പടച്ചവൻ ഇഷ്ടപ്പെടുകയില്ല എന്നുമാണ്.
ബിസ്മി ചൊല്ലണം, തിന്നുന്നത് ഹലാലാകണം, ശുദ്ധമാകണം, തിന്നാമെന്ന് കർമശാസ്ത്രപരമായി അനുവാദം ലഭിച്ചതാകണം. ഇത്രയുമാണ് അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ആരോഗ്യ ആലോചനകളിൽ മറ്റു പല വിഷയങ്ങളിലേക്കും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നാണ് മനസ്സിലാകുന്നത്. അത്തരം പല കാര്യങ്ങളിലും ചിലർ പൊതുവെ അജ്ഞരും അശ്രദ്ധരുമാണ്.
റോ ഫുഡ് നമ്മുടെ മെനുവിൽ നിർബന്ധമായും ഉണ്ടാകണം. മലയാളികളുടെ തീൻമേശകളിൽ തീരെയില്ലാത്ത ഒന്നാണത്. ഒരു നേരം വേവിച്ചത്, ഒരു നേരം വേവിക്കാത്തത് എന്ന ശീലമായിരുന്നു തിരുനബി(സ്വ)യുടേത്. ഈത്തപ്പഴം, തണ്ണിമത്തൻ, കക്കരിക്ക തുടങ്ങിയവ വേവിക്കാത്തതായതുകൊണ്ട് തന്നെ അത് ശീലമാക്കണം. മെനുവിന്റെ മൂന്നിലൊന്നു ഭാഗം നിർബന്ധമായും വേവിക്കാതെ ഉപയോഗിക്കുന്ന പച്ചക്കറികളും പഴങ്ങളുമാകണം.
പഴങ്ങൾ മുഖ്യ ഭക്ഷണത്തിനു കൂടെയെല്ലാതെ, വേറിട്ട സമയങ്ങളിലാണ് കഴിക്കേണ്ടത്. ഭക്ഷണത്തിനു മുമ്പ് കഴിക്കുന്നതാണ് നല്ലത്. മുഗ്‌നി പോലുള്ള കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്. നമ്മുടെ നാടുകളിൽ നേരെ തിരിച്ചാണ് നടക്കുന്നത്. ആ സാമൂഹിക ക്രമം മാറ്റേണ്ടതാണ്. ദഹനത്തിനും അമിതമായി ഭക്ഷണം കഴിക്കാതിരിക്കുന്നതിനും അത് സഹായിക്കും.
വീട്ടിൽ അതിഥി വന്നാൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കേണ്ടതുണ്ടോ എന്നന്വേഷിക്കണം. എന്നിട്ട് ആദ്യം കുടിക്കാനുള്ളതും പിന്നീട് ഫ്രൂട്‌സുണ്ടെങ്കിൽ അതുമാണ് നൽകേണ്ടത്. ശേഷമാണ് ആഹാരം കൊടുക്കേണ്ടത്. സൂറത്തുൽ വാഖിഅയിലെ 20, 21 ആയത്തുകളിൽ ഇതിലേക്കുള്ള സൂചനയുണ്ട്.
ഉമ്മു അയ്മൻ(റ) നബി(സ്വ)ക്ക് മാർദവമുള്ള റൊട്ടിയുണ്ടാക്കിക്കൊടുത്തത് തുർമുദിയിൽ കാണാം. അതിന്റെ ഉമി ബാക്കിയുണ്ടോ എന്ന് റസൂൽ(സ്വ) അന്വേഷിക്കുകയും അതെടുത്ത് റൊട്ടിക്ക് മുകളിൽ വിതറുകയും ചെയ്തു. അതിയായ സോഫ്റ്റ് ഭക്ഷണങ്ങളല്ല, ഫൈബറുള്ള വിഭവങ്ങളാണ് നല്ലതെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. അതുപോലെ, അമിതമായ ചൂടോടെയും അമിതമായ തണുപ്പോടെയും ഭക്ഷണം കഴിക്കരുത്.
കുറഞ്ഞ ചൂടിൽ കുറെ നേരം ഭക്ഷണം വേവിച്ചാണ് തയ്യാറാക്കേണ്ടത്. മൺ/ഇരുമ്പ്/ചെമ്പ് പാത്രങ്ങളാണ് രുചിക്കും ആരോഗ്യത്തിനും ഗുണകരം. അമിതമായ ചൂടിൽ കുറഞ്ഞ സമയം വേവിക്കുന്ന ഭക്ഷങ്ങൾ (ഫാസ്റ്റ് ഫുഡ്) കഴിവതും ഒഴിവാക്കണം. വിഭവത്തിന്റെ യഥാർത്ഥ രുചി ലഭിക്കില്ല എന്ന് മാത്രമല്ല, ശരീരത്തിനത് ഒട്ടും അനുഗുണവുമല്ല. ഇബ്‌നു സീനയുടെ നാടായ ബുഖാറ സ്ഥിതി ചെയ്യുന്ന ഉസ്ബകിസ്ഥാനിൽ മസ്തവ എന്ന സൂപ്പുണ്ടാക്കുന്നത് മൂന്ന് മണിക്കൂർ വേവിച്ചിട്ടാണ്. ഹരീസ്വ വേവിക്കുന്നത് 24 മണിക്കൂറെടുത്താണ്.
മൂന്ന് നേരമാണ് നമ്മുടെ നാട്ടിൽ ഭക്ഷണം കഴിക്കുന്നത്. ദിവസം എത്ര തവണ ഭക്ഷണം കഴിക്കണമെന്നതിൽ നാട്ടിലെ സമ്പ്രദായം പിൻപറ്റുന്നതാണ് നല്ലത്. തിന്നുന്ന അളവ് കുറക്കുകയും ചെയ്യുക.
പ്രഭാത ഭക്ഷണം ബുദ്ധിക്കുള്ളതാണെന്നാണ് പറയുക. അതുകൊണ്ട് തന്നെ നാസ്ത നേരത്തേ കഴിക്കണം. ‘ബാദിറൂ ബിൽ ഫുത്തൂർ’ എന്നാണ് പ്രയോഗം. എട്ട് മണിയാകുമ്പോഴേക്ക് കഴിക്കണം. നാസ്ത കഴിക്കാതിരിക്കലും വൈകിപ്പിക്കലും ശരിയല്ല. കഷണ്ടി, അകാലനര, ആരോഗ്യക്ഷയം പോലെ പല പ്രയാസങ്ങളുമുണ്ടാകാൻ സാധ്യതയുണ്ട്. രാത്രി ഭക്ഷണവും നേരത്തെ കഴിക്കണം. കിടക്കുന്നതിന്റെ മുമ്പേ ദഹനം നടക്കണം. ഭാരമുള്ളതൊന്നും രാത്രി തിന്നരുത്. ദിക്ർ, മൗലിദ്, വഅള് മജ്ലിസുകളിൽ സദസ്സുകൾക്ക് മുമ്പ് ഭക്ഷണം കഴിക്കാൻ സംവിധാനമൊരുക്കണം. ദഹനവും നടക്കും, ഉന്മേഷവുമുണ്ടാകും.
പാചകക്കുറിപ്പുകൾ പലതും കേൾക്കുകയും വായിക്കുകയും ചെയ്യുമെങ്കിലും കുക്കിംഗ് സമയത്ത് അവ ഓർമയുണ്ടാവണമെന്നില്ല. അതിനാൽ വേഗം കാണുന്ന രൂപത്തിൽ അടുക്കളയിൽ എഴുതി ഒട്ടിച്ചുവെക്കുന്നത് നന്നാകും.
ഓയിലും മറ്റും ആവർത്തിച്ചു ചൂടാക്കുന്നത് വൻ അപകടമാണ്. പല രോഗങ്ങൾക്കും അത് കാരണമാകും. എണ്ണ കളയുന്നത് മടിച്ചിട്ടാണ് പലരും അങ്ങനെ ചെയ്യുന്നത്. പപ്പടം പൊരിക്കുമ്പോഴും മറ്റും കുറച്ചു മാത്രം എണ്ണയുപയോഗിക്കുകയെന്നതാണ് അതിനുള്ള പ്രതിവിധി. അപ്പോൾ എണ്ണ അൽപമേ നഷ്ടപ്പെടൂ.
പഞ്ചസാരയും പൊടിയുപ്പും ഒഴിവാക്കാൻ ശീലിക്കണം. വൈറ്റ് ഷുഗർ ഒഴിവാക്കിയാൽ തന്നെ ഒത്തിരി അസുഖങ്ങളിൽ നിന്ന് മുക്തി നേടാം. പൊടിയുപ്പ് അപകടകാരിയാണ്. പകരം കല്ലുപ്പ് ഉപയോഗിക്കുക. അതുതന്നെ മലകളിൽ നിന്ന് ശേഖരിക്കുന്നതാണെങ്കിൽ അത്യുത്തമം.
കഴിക്കുമ്പോൾ ഭക്ഷണം വെക്കുന്നതും കഴിക്കുന്നവന്റെ ഇരുത്തവും ഒരേ പ്രതലത്തിലാകണം. വീടുകളിൽ ഡൈനിംഗ് ടേബിൾ വാങ്ങാതിരിക്കലേ അതിന് പരിഹാരമുള്ളൂ. ഉണ്ടായാൽ ഉപയോഗിച്ച് പോകും. നിലത്ത് പതിഞ്ഞിരുന്ന് കഴിക്കുന്നത് നമ്മൾ തീർച്ചയായും ശീലിക്കേണ്ട ഒരു കാര്യമാണ്.
ഫുഡ് എക്‌സ്‌പ്ലോറേസ് (ഭക്ഷണ പര്യവേക്ഷണം) ധാരാളമുള്ള കാലമാണിത്. ടേസ്റ്റ് മോട്ടീവാ(രുചി പ്രചോദകം)ണ് ഇപ്പോഴത്തെ വിഭവങ്ങൾ. മുമ്പ് ഓരോ നാട്ടിലെ ഓരോ വിഭവത്തിനും ചരിത്ര പശ്ചാത്തലമുണ്ടായിരുന്നു. എക്‌സ്‌പ്ലോറേസ് ചരിത്രത്തിനും പ്രാധാന്യം കൊടുത്തിരുന്നു. ഒരു നാട്ടിൽ ചെന്നാൽ അവിടത്തെ ഹലാലായ ഭക്ഷണം തന്നെയാണ് കഴിക്കാൻ നല്ലത്. അതിനാണ് ടേസ്റ്റുണ്ടാവുക. പക്ഷേ, നമ്മുടെ ശരീര പ്രകൃതത്തിനും കാലാവസ്ഥക്കും അനുയോജ്യമാണോ എന്ന് പലയാവർത്തി ആലോചിച്ചതിനു ശേഷമേ പരിചയമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കാവൂ. സംഘ യാത്രകളിൽ ഭക്ഷണം കൂടെ കരുതുക. നമുക്കുള്ള ഭക്ഷണം നമ്മൾ തന്നെ കരുതണം. സഹയാത്രികർക്ക് നാമൊരു ഭാരമാകരുത്.
സീസണനുസരിച്ച് ഭക്ഷണം ക്രമപ്പെടുത്തണം. മലയാളികൾക്ക് തീരെയില്ലാത്ത സ്വഭാവമാണിത്. ഉഷ്ണകാലത്തും മൺസൂണിലും നമ്മുടെ ശരീരത്തിന് ഒരേ ഭക്ഷണമായിരിക്കില്ല വേണ്ടതെന്ന് സുവ്യക്തമാണല്ലോ. ഫെബ്രുവരി 15 മുതൽ ജൂണിൽ മഴ തുടങ്ങുന്നത് വരെ വെജിറ്റേറിയൻ മാത്രം കഴിക്കുന്നത് വളരെ നല്ലതാണ്. ആ സമയത്ത് തൈരും മോരും മറ്റും ഉപയോഗിക്കാം. ഉഷ്ണ പ്രകൃതമുള്ള നോൺവെജ് വിഭവങ്ങൾ ഉഷ്ണകാലത്ത് കൂടുതൽ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങൾക്ക് കാരണമാവും.
വെള്ളം കുടിക്കുന്നതാണ് കൂടുതൽ ശ്രദ്ധ വേണ്ട മറ്റൊരു കാര്യം. കുടിക്കുമ്പോൾ ബിസ്മി ചൊല്ലണം. കുടിച്ചു കഴിഞ്ഞാൽ ഹംദ് ചൊല്ലണം. നിന്ന് കുടിക്കരുത്. വെള്ളം അമിതമായി കുടിക്കരുത്, വളരെ കുറഞ്ഞും പോകരുത്. പല തവണകളായി കുടിക്കുക. ധാരാളം വെള്ളം ഒരേ സമയത്ത് കുടിക്കുന്നത് കിഡ്‌നി രോഗങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ പറയാറുണ്ട്. പൊടിപടലങ്ങളോ പ്രാണികളോ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കിണ്ടിയുടെ വാലിൽ നിന്ന് വെള്ളം കുടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സ്‌ട്രോ ഉപയോഗിക്കുന്നതിലും ഇതേ അപകടമുണ്ട്. വെള്ളത്തിലേക്ക് നോക്കി കുടിക്കണം. വല്ല കരടോ മറ്റോ അകത്തു പോകാതിരിക്കാൻ അതുപകരിക്കും.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആരോഗ്യം അതിപ്രധാനമാണ്. അതിനെ നശിപ്പിക്കാൻ പാടില്ല. എന്നല്ല, അത് പരിപോഷിപ്പിക്കൽ നമ്മുടെ കടമയാണ്. നമ്മുടെ പ്രവർത്തനങ്ങളിൽ മുഴുവൻ നാം ബോധവാന്മാരാവുക എന്നതാണ് ഇത്തരം ആലോചനകളുടെ ആകെത്തുക. അപ്പോൾ മാത്രമേ അല്ലാഹു ഏകിയ അനുഗ്രഹങ്ങൾക്ക് നാം അൽപമെങ്കിലും നന്ദി ചെയ്തവരാവുകയുള്ളൂ.

 

ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ