തിരുനബി(സ്വ) പറഞ്ഞു: മതം എന്നാൽ ഗുണകാംക്ഷയാണ്. സ്വഹാബത്ത് ചോദിച്ചു: ആർക്ക്? നബി(സ്വ): അല്ലാഹുവിന്, അവന്റെ കിതാബിന്, അവന്റെ ദൂതന്, മുസ്‌ലിം നേതൃത്വത്തിന്, മുസ്‌ലിം സമൂഹത്തിന് (മുസ്‌ലിം).

വിശ്വാസിയുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് വ്യക്തമാക്കുന്ന ഹദീസാണിത്. സ്രഷ്ടാവായ അല്ലാഹു, പ്രമാണമായ കിതാബ്, മാർഗദർശകരായ തിരുദൂതർ, സമൂഹ നേതൃത്വം, പൊതുസമൂഹം എന്നിവയോട് ഗുണപരമായി സമീപിക്കാനുള്ള പാഠങ്ങൾ മതത്തിന്റെ സുപ്രധാന ഭാഗമാണ്. ഘടകങ്ങളും ആമുഖങ്ങളും അനുബന്ധങ്ങളും അനിവാര്യതകളുമെല്ലാം ഉൾചേർന്ന സമ്പൂർണമായൊരു ജീവിത സംസ്‌കാരമാണ് ഇസ്‌ലാം.
അല്ലാഹുവിനോടും അവന്റെ സർവ സൃഷ്ടികളോടുമുള്ള കടമകളും കർത്തവ്യങ്ങളും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. അംഗീകരിക്കാനും അനുസരിക്കാനും വിനിമയം ചെയ്യാനും നിർദേശിക്കപ്പെട്ടവ യഥാവിധി പാലിക്കണം. വിശ്വാസവും അനുഷ്ഠാനവും സമ്പർക്ക സമീപനങ്ങളുമെല്ലാം മതത്തിന്റെ ഭാഗമാണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും മതപരമായ നിർദേശങ്ങളും പാഠങ്ങളുമുണ്ട്. അല്ലാഹുവിലുള്ള ഭദ്രമായ വിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് അവയെല്ലാം വ്യവസ്ഥവൽക്കരിക്കപ്പെട്ടിരിക്കുന്നത്. അവ പാലിച്ചുകൊണ്ട് മാത്രമേ വിശ്വാസിക്ക് തന്റെ മതപരമായ വ്യക്തിത്വം സംരക്ഷിക്കാൻ സാധിക്കൂ.
നസ്വീഹത്ത് എന്ന അറബി പദത്തിന് സാരോപദേശം, ഗുണകാംക്ഷ എന്നെല്ലാം അർഥങ്ങളുണ്ട്. സാരോപദേശവും യഥാർഥത്തിൽ ഗുണകാംക്ഷയാണ്. അപരന് ഗുണകരമായി മാത്രം ഭവിക്കുന്ന പ്രവർത്തനങ്ങളും സമീപനങ്ങളും ഒരാളിൽ നിന്ന് ഉണ്ടാവുന്നതിന് നസ്വീഹത്ത് എന്ന് പറയുന്നു. ജീവിത സാഹചര്യങ്ങളോട് അംഗീകരിക്കേണ്ട സത്യങ്ങളുമായും തത്ത്വങ്ങളുമായും ഗുണപരമായ സമീപനരീതികളുണ്ടാകുമ്പോഴാണ് ശരിയായ നസ്വീഹത്ത് ഉണ്ടായിത്തീരുക. അർഹമായത് വകവെച്ചു കൊടുക്കുക എന്നതും നസ്വീഹത്തിന്റെ ഭാഗമാണ്.
അല്ലാഹുവിലുള്ള ശരിയായ വിശ്വാസം, ആത്മാർഥമായി ആരാധനാകർമങ്ങൾ അനുഷ്ഠിക്കൽ എന്നിവയാണ് അല്ലാഹുവിനുള്ള നസ്വീഹത്ത്. വിശ്വാസവും കർമവും അല്ലാഹു ഇഷ്ടപ്പെടുന്ന വിധമായിരിക്കണം. വിശ്വാസവും കർമവും ശരിയാവുന്നതോടൊപ്പം തമ്മിൽ പൊരുത്തവുമുണ്ടാവണം. വൈകല്യങ്ങളും വ്യതിയാനങ്ങളും നസ്വീഹത്തിനെ നശിപ്പിക്കും. കർമങ്ങൾ ആത്മാർഥമായിത്തീരണമെങ്കിൽ വിശ്വാസം ശരിയായിരിക്കണം. അല്ലാഹുവിലുള്ള വിശ്വാസത്തിലെ വൈകല്യം നിഷേധവും വ്യതിയാനവുമായേക്കാം. രണ്ടായാലും കർമങ്ങളും നസ്വീഹത്ത് നിർവഹണങ്ങളും സ്വീകാര്യമാവില്ല എന്നാണ് ഇസ്‌ലാമിക പാഠം. കാരണം കർമങ്ങളുടെ തായ്‌വേര് നിലകൊള്ളുന്നത് ഹൃദയത്തിലാണ്. വിശ്വാസ വൈകല്യം വേരൂന്നിയ ഹൃദയ പശ്ചാത്തലത്തിൽ മുളയെടുക്കുന്നവ സഫലങ്ങളാവില്ല. അതിനാൽ തന്നെ അല്ലാഹുവിനോടുള്ള നസീഹത്ത് പാലിക്കുന്നത് സുപ്രധാനമാണ്, അടിസ്ഥാനപരവും.
വിശ്വസിക്കുകയും പാഠങ്ങൾ പകർത്തുകയും ചെയ്യുക എന്നതാണ് കിതാബിനോടുള്ള നസ്വീഹത്ത്. സമ്പൂർണമായ മാർഗദർശനമാണ് ഖുർആന്റേത്. ജീവിതത്തിലെ എല്ലാ മേഖലകളിലും അതിന് പ്രവേശനമുണ്ട്. ശരിയായ ജീവിതസരണി സമർപിക്കുന്ന ഖുർആനിനെ, പ്രായോഗിക ജീവിതംകൊണ്ടും പാഠങ്ങളായി വിശകലനം ചെയ്തും പണ്ഡിതർ നമുക്ക് വിശദീകരിച്ചു തന്നിട്ടുണ്ട്. അവ സ്വീകരിക്കുകയെന്നത് ഖുർആനിനോടുള്ള നസ്വീഹത്തിന്റെ കാതലാണ്. അതോടൊപ്പം, ഖുർആൻ അല്ലാഹുവിന്റെ വചനമാണ്, അതർഹിക്കുന്ന മഹത്ത്വം അതിന്റെ പ്രകാശനത്തിനുപയോഗിച്ച ഓരോ അക്ഷരത്തിനുമുണ്ട്. അത് പരിഗണിക്കാനും വിശ്വാസി ബാധ്യസ്ഥനാണ്.
നുബുവ്വത്തിനെ അംഗീകരിക്കലും തിരുനിർദേശങ്ങളും നിരോധനങ്ങളും അനുസരിക്കലുമാണ് റസൂൽ(സ്വ)യോടുള്ള നസ്വീഹത്ത്. നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്ന കേവലമായ അംഗീകാരം നസ്വീഹത്തിന്റെ പൂർണതയാകില്ല. അവിടത്തെ വ്യക്തിത്വത്തിന്റെ പ്രഭാവങ്ങളെയും ചൈതന്യത്തെയും അംഗീകരിച്ചു വിശ്വസിക്കണം. പിന്തുടരുക എന്നതിൽ മാത്രം നബി(സ്വ)യോടുള്ള കടപ്പാടുകൾ അവസാനിക്കുന്നില്ല. പ്രവാചകത്വത്തെ, അതിന്റെ ദൗത്യനിർവഹണ തലത്തിലേക്കും സർവ ദൂതൻമാരുടെയും നേതൃപദവിയിലേക്കും ഉയർത്തുക വഴി ആദരണീയമായ വ്യക്തിത്വമാണ് നബി(സ്വ)യുടേത്. അതുകൊണ്ട് അംഗീകരിക്കലും അനുസരിക്കലും ആദരിക്കലും സ്‌നേഹിക്കലും പിന്തുടരലും വാഴ്ത്തലുമെല്ലാം നബി(സ്വ)യുടെ മഹത്ത്വത്തിന്റെ താൽപര്യങ്ങളാണ്. വഴിപ്പെട്ടാൽ മതിയെന്ന ധാരണ നസ്വീഹത്തിനെതിരാണ്. സ്വലാത്ത് നിർവഹിക്കാനുള്ള നിർദേശവും അത് നൽകിയ രീതിയും നബിമഹത്ത്വത്തിന്റെ വിളംബരമാണ്.
നേതൃത്വത്തിനുള്ള നസ്വീഹത്ത്, ഭരണാധികാരികൾ എന്ന തലത്തിൽ മാത്രം ഒതുങ്ങുന്നതല്ല. സമൂഹത്തിന് മുന്നിൽനിന്ന മാർഗദർശകരും നായകരുമായ വ്യക്തിത്വങ്ങളെ അനുസരിക്കണം. സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ അച്ചടക്കവും പുരോഗതിയും സാധ്യമാക്കുന്നതിന് അല്ലാഹു നിശ്ചയിച്ച സംവിധാനങ്ങൾ സാഹചര്യപരമായ രൂപഭേദങ്ങളുള്ളതായിരിക്കും. അല്ലാഹുവിന്റെ, അത്തരത്തിലുള്ള ഒരു ക്രമീകരണമാണ് കാലാകാലങ്ങളിലെ മതനേതൃത്വം. വിശ്വാസത്തിന്റെയും വിശ്വാസിയുടെയും സുരക്ഷക്ക് വേണ്ടിയാണ് മതനേതൃത്വം പ്രവർത്തിക്കേണ്ടത്. അപ്പോൾ അവരെ കേൾക്കുകയും അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുക എന്നതാണ് സമൂഹത്തിന്റെ മോക്ഷമാർഗം.
സമൂഹത്തിന്റെ ഗുണത്തിനുവേണ്ടി സമർപിക്കുന്ന നിർദേശങ്ങളും നിലപാടുകളും അംഗീകരിച്ച് ഉത്തമ സമൂഹം എന്ന വിശേഷണം സാർഥകമാക്കാൻ വിശ്വാസി ശ്രമിക്കണം. സ്വന്തമായി നിർവഹിക്കാനാവാത്ത കാര്യങ്ങൾ ഏറെയുണ്ട്. ഒരു നേതൃത്വത്തിന് കീഴിൽ കൂട്ടായ്മയിൽ അവ ചെയ്ത് വിജയിപ്പിക്കാൻ സാധിക്കുകയും ചെയ്യും. അതിൽ ഒരു കണ്ണിയായിത്തീരുക എന്നത് നസ്വീഹത്തിന്റെ താൽപര്യമാണ്.
നന്മകളിലേക്കും ഗുണങ്ങളിലേക്കും മാർഗ ദർശനം ചെയ്യുക, തിന്മകളിൽ നിന്നും അഹിതങ്ങളിൽ നിന്നും അകറ്റുന്നതിന് വേണ്ടി പരിശ്രമിക്കുക എന്നിവയാണ് സമൂഹത്തിനുള്ള നസ്വീഹത്ത്. ആത്മീയവും ആദർശപരവുമായ നന്മകൾക്കാണ് പ്രാധാന്യം. എന്നാൽ അതിന് അടിസ്ഥാന സാഹചര്യപ്പൊരുത്തമുണ്ടാവാൻ ഭൗതിക കാര്യങ്ങളിൽ ഗുണം ചെയ്യുകയും ഗുണം കാംക്ഷിക്കുകയും ചെയ്യേണ്ടി വരുന്നു.
സ്വജീവിതത്തെ നന്മയിൽ കേന്ദ്രീകൃതമായി നയിക്കുവാൻ സാധിക്കുന്നതിലൂടെയാണ് മതപരമായ വ്യക്തിത്വം കൂടുതൽ പ്രകാശനം നേടുന്നത്. വിശ്വാസത്തിലും കർമങ്ങളിലും സ്വഭാവ ശീലങ്ങളിലും നന്മയുടെ പ്രഭാവമുണ്ടാകണം. പ്രത്യേകിച്ച് സമൂഹത്തിൽ തന്റെ ഭാഗധേയത്തെ നസ്വീഹത്തിലധിഷ്ഠിതമായി നിർവഹിക്കാൻ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്. മതപരമായ നിർദിഷ്ട അനുഷ്ഠാനങ്ങൾക്കും മീതെ ഉയർന്ന നിലവാരവും മഹത്ത്വവും പ്രതിഫലവും നസ്വീഹത്തിനു കൈവരുന്ന സാഹചര്യമുണ്ട്. ഫുളൈലുബ്‌നു ഇയാള്(റ) പറഞ്ഞു: നിസ്‌കാരം, നോമ്പ് തുടങ്ങിയവ അധികമായി നിർവഹിച്ചല്ല വിജയികളൊന്നും വിജയം വരിച്ചത്. ഉദാരശീലം, നിർമല ഹൃദയം, സമൂഹ ഗുണകാംക്ഷ എന്നിവ കൊണ്ടാണ് അവർ വിജയികളായത് (ജാമിഉൽ ഉലൂമി വൽഹികം).
ചുരുക്കത്തിൽ, നസ്വീഹത്തിന്റെ അർഥവ്യാപ്തി വളരെ വിശാലമാണ്. എല്ലാവർക്കും എല്ലാറ്റിനും ഗുണം വരുത്തുന്നതിലുള്ള പങ്കാളിത്തമാണ് വിശ്വാസിയിൽ നിന്നുണ്ടാവേണ്ടത്. ഹൃദയത്തിൽ അല്ലാഹുവിനോടുള്ള സ്‌നേഹവും സൃഷ്ടികളോടുള്ള ഗുണകാംക്ഷയുമാണ് സിദ്ദിഖ്(റ)വിനെ ഉന്നത സ്ഥാനീയനാക്കിയതെന്ന് ഇബ്‌നു ഉലയ്യ(റ) പറഞ്ഞിട്ടുണ്ട്. നമുക്കു വിജയിക്കാനുള്ള പോംവഴിയും അതുതന്നെ!

അലവിക്കുട്ടി ഫൈസി എടക്കര

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ