ഒരിക്കൽ മുആദ്(റ) തിരുനബി(സ്വ)യോട് സ്വർഗപ്രവേശം നേടിത്തരുന്ന, നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുന്ന സൽകർമത്തെ കുറിച്ച് ചോദിച്ചു. അതിന് മറുപടി നൽകിയ ശേഷം കുറേ പ്രധാന കാര്യങ്ങളും റസൂൽ(സ്വ) അറിയിച്ചുകൊടുത്തു. എന്നിട്ട് ചോദിച്ചു: ഈ പറഞ്ഞ എല്ലാത്തിന്റെയും കടിഞ്ഞാൺ ഏതാണെന്ന് ഞാനറിയിച്ച് തരട്ടെയോ? അതേ എന്നായി മുആദ്(റ).
അപ്പോൾ നബി(സ്വ) സ്വന്തം നാവ് പിടിച്ചുകൊണ്ട് പറഞ്ഞു: ഇതിനെ നീ നിയന്ത്രിക്കുക.
മുആദ്(റ) ചോദിച്ചു: സംസാരത്തിന്റെ പേരിൽ ഞങ്ങൾ ശിക്ഷിക്കപ്പെടുമോ നബിയേ?
അവിടന്ന് പറഞ്ഞു: മുആദേ, ജനങ്ങളെ നരകത്തിലേക്ക് മുഖം കുത്തിയോ മൂക്ക് കുത്തിയോ വീഴ്ത്തുന്നത് അവരുടെ നാവിനാൽ കൊയ്‌തെടുക്കുന്ന തിന്മകളല്ലാതെ മറ്റൊന്നുമല്ല! (അഹ്‌മദ്).
നാവ് അല്ലാഹു നൽകിയ വലിയൊരനുഗ്രഹമാണ്. സംസാരിക്കാനും സുതാര്യമായി ആശയ വിനിമയം നടത്താനും മനുഷ്യനെ സഹായിക്കുന്ന പ്രധാന അവയവം. നാവില്ലാതെയോ, ഉള്ള നാവ് ഉപകാരപ്രദമല്ലാത്ത അവസ്ഥയിലോ ജനിക്കുന്നത് നമ്മുടെ സങ്കൽപത്തിൽ പോലും അസഹ്യമാണ്.
മനുഷ്യന്റെ വിജയപരാജയങ്ങൾ നിർണയിക്കുന്നതിൽ സംസാരത്തിന് പ്രധാന പങ്കാണുള്ളത്. ചൊല്ലാനും പറയാനും ബാധ്യതയുള്ള ധാരാളം കാര്യങ്ങൾ വിശ്വാസിയുടെ ജീവിതത്തിലുണ്ട്. മുസ്‌ലിമാകണമെങ്കിൽ തന്നെ ശഹാദത്ത് കലിമ പറയുക കൂടി വേണം. കുടുംബജീവിതത്തിന്റെ തുടക്കം രക്ഷാകർത്താവും വരനും തമ്മിൽ പറയുന്ന വചനങ്ങളാണ്. ചില വാക്കുകൾകൊണ്ട് ഇസ്‌ലാമിൽ നിന്ന് പുറത്തുപോകാനും സാധ്യതയുണ്ട്. വിവാഹ മോചനത്തിനും വാക്ക് തന്നെയാണുപയോഗിക്കുന്നത്. ഇടപാടുകളുടെ സാക്ഷീകരണത്തിലും വാക്കും വചനവും കടന്നുവരുന്നു.
ഉപകാരങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കേണ്ടത്. ഉപദ്രവത്തിനാകരുത്. ചെറിയ വാക്കുകൾ പോലും ചിലപ്പോൾ വലിയ ദുരന്തം വരുത്തും, തീരാദു:ഖത്തിനിടയാക്കും. നാവിന് എടുത്തുചാടുന്ന പ്രകൃതമുണ്ട്. കണ്ഠത്തിലാണത് ഉറപ്പിച്ചിരിക്കുന്നത്. താഴെ വീണുപോവാതിരിക്കാൻ കൂടിയാണത്. സംസാരങ്ങളുടെ വേര് ഉള്ളത്തിലാണ്. അത് അവിടെനിന്ന് വേർപെടാതെ നോക്കണം. സംസാരം കൈവിട്ട ആയുധമാണെന്ന ബോധം വിശ്വാസിക്ക് നഷ്ടപ്പെടരുത്. വായും നാക്കും ചെറുതാണെങ്കിലും അവയിൽ നിന്ന് വരുന്നതിന്റെ മൂർച്ചയും വ്യാപനശേഷിയും ഒട്ടും ചെറുതല്ല. അതുകൊണ്ടാണ് നാക്ക് നരകത്തിലെത്തിക്കുമെന്ന് നബി(സ്വ) ഉണർത്തിയത്. സ്വർഗത്തിലെത്തിക്കാനുള്ള നാവിനെ നരകത്തിലേക്കുള്ള കാരണമാക്കരുത്.
സത്യവിശ്വാസി ഗുണമേ, ഗുണത്തിനു വേണ്ടിയേ സംസാരിക്കൂ. ഗുണമുള്ള സംസാരമല്ലാതെ വിശ്വാസിയിൽ നിന്ന് ഉണ്ടാകരുത്. നിർഗുണ സംസാര സാഹചര്യത്തിൽ നിന്ന് വിശ്വാസി മാറിനിൽക്കണം. ആവശ്യമില്ലാത്ത കാര്യങ്ങൾ പറയാതിരിക്കുക എന്നത് ഈമാനിന്റെ പ്രത്യക്ഷ ഫലമാണ്. നാവിന്റെ നന്മസാധ്യതകൾ ഏറെയാണെന്ന പോലെ തിന്മസാധ്യതയും ഏറെയാണ്.
നാവ് വിലയേറിയ അനുഗ്രഹമായതിനാൽ വലിയ നാശവും അത് കൊണ്ടുണ്ടാവും. വിലയേറിയതിന്റെ ഇല്ലായ്മയേക്കാൾ ഗുരുതരമാണ് അതിന്റെ ദുരുപയോഗം. നാവിന്റെ കാര്യത്തിൽ ഇത് തീർത്തും ശരിയാണ്. അതുകൊണ്ട് തന്നെ, നാവും സംസാര ശേഷിയും ദുരുപയോഗപ്പെടുത്തുന്നതും നാശം വിതക്കുന്നതും സൂക്ഷിക്കേണ്ടതുണ്ട്. ഉപകാരത്തിന് വേണ്ടിയല്ലാതെ വായും നാക്കും ഉപയോഗിക്കാതിരിക്കാൻ കഴിയുക എന്നത് വിശ്വാസിയുടെ വിജയത്തിന്റെ അടയാളമാണ്. നബി(സ്വ) പറഞ്ഞു: മൗനം പാലിച്ചവൻ വിജയിച്ചു (തുർമുദി).
സംസാരങ്ങൾ ഗുണമായാലും ദോഷമായാലും അതിന്റെ പരിണതിയെ കുറിച്ചുള്ള നമ്മുടെ ധാരണ കൃത്യമായിരിക്കില്ല. അതിനാൽ എന്ത് സംസാരിക്കുമ്പോഴും ജാഗ്രത വേണം. എവിടെ? എന്തിൽ? എങ്ങനെ? എത്രത്തോളം? എന്നൊക്കെ കൃത്യമായി മനസ്സിലാവുന്നത് വൈകിയായിരിക്കും.
സംസാരങ്ങളുടെ പരിണതികളെ കുറിച്ച് ജാഗരൂകരാൻ നബി(സ്വ) നമ്മെ ഉണർത്തിയിട്ടുണ്ട്. അവിടന്ന് പറഞ്ഞു: നിശ്ചയം നിങ്ങളിലൊരാൾ അല്ലാഹുവിന് തൃപ്തിയുള്ള വല്ലതുമൊക്കെ സംസാരിക്കും. എന്നാൽ അത് അവൻ ധരിച്ചതിനെക്കാൾ അപ്പുറത്തായിരിക്കും എത്തുന്നത്. അതു കാരണം അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ അവന് തന്റെ പൊരുത്തത്തെ അല്ലാഹു നിശ്ചയിച്ചുകൊടുക്കും. നിശ്ചയം നിങ്ങളിലൊരാൾ അല്ലാഹുവിന് ദേഷ്യമുള്ള വല്ലതും സംസാരിക്കും. എന്നാൽ അത് അവൻ ധരിച്ചതിനെക്കാൾ അപ്പുറത്തായിരിക്കും എത്തുക. അതുകാരണം തന്നെ കണ്ടുമുട്ടുന്നത് വരെ അവന് അല്ലാഹുവിന്റെ ദേഷ്യത്തെ നാഥൻ നിശ്ചയിച്ചുകൊടുക്കും (തുർമുദി).
വാക്കുകൾ നല്ലതായാലും ചീത്തയായാലും അതിന്റെ പ്രവേഗ ശേഷിയും പരിധിയും നമുക്ക് കണക്കാക്കാൻ പറ്റില്ല. നബി(സ്വ) പറഞ്ഞു: ഒരാൾ അല്ലാഹുവിന് പൊരുത്തമുള്ള എന്തെങ്കിലും വാക്കുകൾ കാര്യത്തിലെടുക്കാതെയങ്ങ് പറയുന്നു. എന്നാൽ, ആ വാക്കുകൾ കാരണമായി അവനെ വലിയ പദവികളിലേക്ക് റബ്ബ് ഉയർത്തുന്നതാണ്. ഒരാൾ അല്ലാഹുവിന് ദേഷ്യമുള്ള എന്തെങ്കിലും വാക്കുകൾ കാര്യത്തിലെടുക്കാതെ പറയുന്നു. പക്ഷേ, ആ വാക്കുകൾ കാരണമായി അവൻ നരകത്തിൽ വീഴും (ബുഖാരി).
നമ്മുടെ സംസാരങ്ങൾ നന്മ/തിന്മകളായി ഗുണദോഷങ്ങൾ ലഭിക്കുമെന്നതിൽ സംശയമില്ല. അവയത്രയും രേഖപ്പെടുത്തുന്നുണ്ടെന്നത് ഗൗരവത്തിലെടുക്കേണ്ട വസ്തുതയാണ്. റഖീബ്, അതീദ് എന്നീ മലക്കുകൾ നമ്മുടെ സംസാരങ്ങൾ രേഖപ്പെടുത്തുന്നുണ്ടെന്ന് ഖുർആൻ വ്യക്തമാക്കി. പ്രതിഫലത്തിനോ ശിക്ഷക്കോ കാരണമാകുന്ന കാര്യങ്ങൾ മാത്രമല്ല എഴുതിവെക്കുന്നതെന്ന് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്. ‘നന്മയായാലും തിന്മയായാലും സംസാരിക്കുന്നതെന്തും എഴുതപ്പെടും. എത്രത്തോളമെന്നാൽ, തിന്നു, കുടിച്ചു, വന്നു, പോയി എന്നിങ്ങനെ നാം പറയുന്നവയടക്കം എഴുതുന്നതാണ്. അങ്ങനെ, വ്യാഴാഴ്ച എല്ലാ പ്രവർത്തനങ്ങളും പ്രദർശിപ്പിച്ച് ഗുണമോ ദോഷമോ ഉള്ളത് നിലനിർത്തി മറ്റുള്ളവ കളയും (ജാമിഉൽ ഉലൂമി വൽഹികം).
വെറും വർത്തമാനങ്ങൾ മലക്കുകൾക്ക് ജോലി നൽകുന്ന പണിയാണ്. നമുക്ക് സമയനഷ്ടവും ഖേദവുമുണ്ടാക്കുന്ന കാര്യവും. ഇതിനെ കുറിച്ച് ഇമാമുകൾ പഠിപ്പിക്കുന്നു: ‘നന്മയല്ലാത്ത വെറും വർത്തമാനങ്ങളും തിന്മയാണ്. പക്ഷേ, അതിന്റെ പേരിൽ ശിക്ഷയുണ്ടാവില്ല. ചില തിന്മകൾ ശിക്ഷയില്ലാത്തവയാണ്. വലിയ തെറ്റുകൾ സംഭവിക്കാതിരിക്കുമ്പോൾ അവ പൊറുക്കപ്പെട്ടേക്കും. എന്നാൽ അതിന് വേണ്ടി വിനിയോഗിച്ച സമയം വെറുതെ നഷ്ടപ്പെടുകയാണല്ലോ. അത് വെറും നഷ്ടമല്ല. അന്ത്യനാളിലും അതിന്റെ പേരിൽ ഖേദമുണ്ടാവും. അതുതന്നെ ഒരുതരം ശിക്ഷയാണല്ലോ (ജാമിഉൽ ഉലൂമി വൽഹികം). ശിക്ഷയുണ്ടാവില്ല എന്നത് ആശ്വാസത്തിന് വകനൽകുന്നില്ലെന്നർത്ഥം.
വെറും വർത്തമാനങ്ങൾ തന്നെ ഗുണകരമല്ലെന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. കാരണം, അതിനും ചില പ്രത്യാഘാതങ്ങളുണ്ട്. ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ഫലശൂന്യമായ വർത്തമാനങ്ങൾ നിങ്ങൾ വർജിക്കണം. ആവശ്യമുള്ളത്ര മതി സംസാരം (ജാമിഉൽ ഉലൂമി വൽഹികം). അതു മൂലം ഹൃദയം കടുത്തുപോകുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. കൂടുതലായി സംസാരിക്കുന്നത് നല്ലതല്ല. അപകടം എവിടെ പതിയിരിക്കുന്നുവെന്ന് നമുക്കറിയില്ല. ഉമർ(റ) ഉപദേശിച്ചു: സംസാരം കൂടിയവന്റെ പിഴകളും കൂടും. പിഴവ് കൂടിയവന്റെ ദോഷങ്ങളും വർധിക്കും. ദോഷങ്ങൾ അധികരിച്ചവന് നരകമാണ് ഏറ്റവും അർഹതപ്പെട്ടത് (മുസ്‌നദുശ്ശിഹാബ്).

 

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ