നിയമസഭാ ഇലക്ഷന്റെ പടിവാതിൽക്കലാണ് നമ്മൾ. മോഹന വാഗ്ദാനങ്ങളുടെയും വികസന പിന്തുടർച്ചകളുടെയും പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും ഉയർത്തി ഭരണപക്ഷ, പ്രതിപക്ഷ കക്ഷികൾ നമ്മുടെ വീട്ടുപടിക്കലെത്തുന്നത് ഇനി കുറച്ചു നാളത്തേക്ക് തുടർക്കഥയാവും. ഇത്തരം സന്ദർഭങ്ങൾ ഉപയോഗപ്പെടുത്തി സമുദായത്തിന്റെയും നാടിന്റെയും ആവശ്യങ്ങൾ മുഴുവൻ കക്ഷികളെയും കൃത്യമായി ബോധ്യപ്പെടുത്തുന്നത് വോട്ടർ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ അവകാശങ്ങൾ ലഭിക്കുന്നുണ്ടോയെന്നും അതിൽ വരുന്ന താളപ്പിഴവുകൾ എന്തെല്ലാമാണെന്നും പാർട്ടികളെ ബോധ്യപ്പെടുത്തൽ ജനാധിപത്യത്തിന്റെ അടിസ്ഥാനവുമാണ്. ഓരോ പാർട്ടിക്കാരും പ്രകടന പത്രികകളിൽ ഉൾപ്പെടുത്തേണ്ട ചില കാര്യങ്ങൾ ഇവിടെ പങ്കുവെക്കാം.

വിദ്യാഭ്യാസം

ജനസംഖ്യാടിസ്ഥാനത്തിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ പൊതുവിദ്യാലയങ്ങൾ തുടങ്ങുകയോ ഉള്ള വിദ്യാലയങ്ങൾ അപ്‌ഗ്രേഡ് ചെയ്യുകയോ വേണം. തെക്കൻ കേരളത്തെ അപേക്ഷിച്ച് ഉത്തര കേരളത്തിലും മധ്യ കേരളത്തിലും ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ സ്ഥാപനങ്ങൾ ഉണ്ടാവുന്നില്ല. പലപ്പോഴും മലബാർ ഏരിയകളോട് മാറിമാറി വരുന്ന സർക്കാറുകൾ ചിറ്റമ്മനയം സ്വീകരിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടി വരാറുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനാവശ്യമായ പഠനങ്ങളും തുടർ നടപടികളും എത്രയും വേഗത്തിൽ ഉണ്ടാവണം. വിദ്യാർത്ഥികൾ കൂടുതലുള്ളതും ഭൗതിക സൗകര്യങ്ങളുള്ളതുമായ സ്വാശ്രയ സ്‌കൂളുകളെ എയ്ഡഡാക്കി പൊതുവിദ്യാഭ്യാസം വിപുലപ്പെടുത്താൻ നടപടിയുണ്ടാവുന്നത് നല്ലതാണ്.
വിദൂര വിദ്യാഭ്യാസത്തിലൂടെ തുടർ പഠനം നടത്തുന്നവരിൽ ഗണ്യമായൊരു വിഭാഗം മലബാറിലാണുള്ളത്. അതുകൊണ്ടു തന്നെ കഴിഞ്ഞ വർഷം (02/10/2020) നാടിന് സമർപ്പിച്ച കൊല്ലം ആസ്ഥാനമായുള്ള ഓപൺ സർവകലാശാലയുടെ പ്രാദേശിക കേന്ദ്രം മലപ്പുറത്ത് സ്ഥാപിക്കണം. കാരണം ബിരുദ, ബിരുദാനന്തര പഠിതാക്കൾ ധാരാളമായി വിദൂര വിദ്യാഭ്യാസം വഴി പഠനം നടത്തുന്നത് കാലിക്കറ്റ് സർവകലാശാലയിലാണ്. അതിനാൽ വിദ്യാർത്ഥികളുടെ സൗകര്യം പരിഗണിക്കണം. കൂടാതെ ഓപൺ സർവകലാശാല പൂർണാർത്ഥത്തിൽ യാഥാർത്ഥ്യമാകുന്നതു വരെ കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രം നിലനിർത്തി വിദ്യാർത്ഥികളുടെ തുടർ പഠനം സുഗമമാക്കുകയും വേണം.
ഇതുപോലെ ശ്രദ്ധിക്കേണ്ട വിദ്യാഭ്യാസ മേഖലയാണ് ഹയർ സെക്കണ്ടറി തലം. മലപ്പുറം ജില്ലയിൽ മാത്രം കാൽലക്ഷത്തിൽപരം വിദ്യാർത്ഥികൾക്ക് ഹയർ സെക്കണ്ടറി തലത്തിൽ പൊതുവിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നുണ്ട്. പതിറ്റാണ്ടുകളായി മലപ്പുറം ജില്ല ഈ ദുരവസ്ഥ അനുഭവിക്കുന്നു. സുന്നി സംഘടനകളും മറ്റും ജനാധിപത്യപരമായി തന്നെ പലവട്ടം ഇത് സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അനിവാര്യമായ ഇടങ്ങളിലെല്ലാം സ്ഥിരമായി അധിക ബാച്ചുകളും ഹയർ സെക്കണ്ടറി ഇല്ലാത്ത ഹൈസ്‌കൂളുകളിൽ അതനുവദിച്ചും ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണം. സർക്കാർ പ്രഫഷണൽ കോളേജുകളും മലബാറിൽ കുറവാണ്. മലപ്പുറം ജില്ലയിൽ ഒരു സർക്കാർ പ്രഫഷണൽ കോളേജ് പോലുമില്ല. അതുകൊണ്ട് ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ മലബാറിന് അർഹതപ്പെട്ടത് ഇനിയും നിഷേധിക്കരുത്.
മലബാറിലെ വിദ്യാർത്ഥികളുടെ വിജയ ശതമാനം അടിസ്ഥാനമാക്കി ആവശ്യമായ പുതിയ പ്രഫഷണൽ കോളേജുകൾ അനുവദിക്കണം. വർഷങ്ങളായി ജനങ്ങൾ നിരന്തരം ഉന്നയിക്കുന്നതും ഏറെ തൊഴിൽ സാധ്യതയേകുന്നതുമായ അറബിക് ഉൾപ്പെടെയുള്ള വിദേശ ഭാഷാപഠന സർവകലാശാല സ്ഥാപിക്കുകയും അതിന്റെ ആസ്ഥാനം മലപ്പുറത്താക്കുകയും ഇതിന് കേരള ചരിത്രത്തിലെ അഗ്രേസരനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ പേരു നൽകുകയും വേണം.
കഴിഞ്ഞ എൽഡിഎഫ് ഭരണത്തിൽ തുടക്കം കുറിച്ച കേരളത്തിന് അഭിമാനമായ ചേലാമല അലീഗഡ് സർവകലാശാലയിൽ കേരള സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുകയും അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ നൽകുന്നതോടൊപ്പം കാമ്പസിന്റെ മറ്റു വികസന കാര്യങ്ങളിലും അക്കാദമിക് കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണം.

ആരോഗ്യം

വിദ്യാഭ്യാസ രംഗം പോലെ പ്രാധാന്യമർഹിക്കുന്നതാണ് ആരോഗ്യ മേഖല. സർക്കാർ ആശുപത്രികളിൽ ഒപി സംവിധാനം 24 മണിക്കൂറാക്കുകയും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുകയും വേണം. ഇതിനായി മെഡിക്കൽ, പാരാമെഡിക്കൽ പഠന സംവിധാനം കൂടുതൽ ലഭ്യമാക്കണം. ഇത്തരത്തിൽ ആരോഗ്യ പരിരക്ഷക്കാവശ്യമായ എല്ലാ സൗകര്യങ്ങളും (വൈറസ് മൂലവും അല്ലാതെയുമുള്ള പകർച്ചവ്യാധി ഉൾപ്പെടെയുള്ള മാരക രോഗനിർണയത്തിനും ചികിത്സക്കുമടക്കം) ജില്ലാടിസ്ഥാനത്തിൽ തന്നെ സംവിധാനിക്കണം.

കാർഷികം

ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു മേഖലയാണ് കാർഷിക രംഗം. കോവിഡാനന്തരം ഒട്ടനവധിയാളുകൾ ഉപജീവനമാർഗമായി കണ്ടെത്തിയത് കാർഷികവൃത്തിയാണ്. അതുകൊണ്ടു തന്നെ പഴം, പച്ചക്കറി, ധാന്യങ്ങൾ, മുട്ട, പാൽ തുടങ്ങിയ ഭക്ഷ്യവിഭവങ്ങളിൽ ജില്ലാടിസ്ഥാനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കണം.
തരിശ് ഭൂമികളിൽ പ്രദേശിക സന്നദ്ധ സംഘടനകളെ ഉപയോഗപ്പെടുത്തി കൃഷിയിറക്കുന്നതോടൊപ്പം പ്രോത്സാഹനമായി സാമ്പത്തിക സഹായം നൽകുകയും വേണം. സന്നദ്ധ സംഘടനകൾ നടത്തുന്ന സംഘകൃഷികൾക്ക് സ്‌പെഷ്യൽ ഗ്രാന്റ് അനുവദിക്കുകയും അടുക്കളത്തോട്ടം പദ്ധതിയുടെ മോണിറ്ററിംഗ് നടത്തി പ്രോത്സാഹിപ്പിക്കുകയും പരിശീലനം നൽകുകയും ചെയ്യണം.
പുഞ്ചവയൽ, പുഞ്ചപ്പാടം, മോര്യകാപ്പ് പാടശേഖരം എന്നിവയിൽ കൃഷി ചെയ്യുന്നതിനും ജലക്ഷാമം പരിഹരിക്കുന്നതിനും കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. കൃഷിക്കും നാട്ടുകാർക്കും ശല്യമാകുന്ന ആന, പന്നി, കുരങ്ങ് പോലുള്ളവയെ പ്രതിരോധിക്കുന്നതിന് പ്രായോഗിക സംവിധാനം വേണം. കർഷകരുടെയും വനത്തിനോടടുത്തു താമസിക്കുന്നവരുടെയും ജീവന് സുരക്ഷ ഉറപ്പാക്കണം.

പ്രവാസം

പ്രവാസികളാണ് കേരളത്തിന്റെ നട്ടെല്ല്. ഇന്ന് കേരളം ലോകത്തിന്റെ മുമ്പിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നതിൽ പ്രവാസികളുടെ പങ്ക് ചെറുതല്ല. അതുകൊണ്ട് തന്നെ പ്രവാസികളുടെ പുനരധിവാസത്തിന് കൃത്യമായ പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ലയാണ് മലപ്പുറം. ആ അർത്ഥത്തിൽ മലപ്പുറം പ്രവാസി ജില്ലയാണ്. പ്രവാസികളില്ലാത്ത കുടുംബങ്ങൾ ഇവിടെ നന്നേ കുറവാണ്. അതിനാൽ തന്നെ പ്രവാസി ക്ഷേമ പദ്ധതികൾ സുതാര്യവും ലളിതവുമാക്കണം. പ്രവാസികളുടെ തൊഴിൽ, ബിസിനസ് പഠനം എന്നീ മേഖലകളിലെ പ്രശ്‌ന പരിഹാരത്തിനും നിയമ സഹായങ്ങൾക്കും നോർക്ക സംവിധാനം വിപുലമാക്കി പ്രവാസി ഹെൽപ് ഡെസ്‌കുകൾ താലൂക്കടിസ്ഥാനത്തിൽ സർക്കാർ സംവിധാനിക്കണം. പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തുന്നവർക്കു ചെറുസംരംഭങ്ങൾ തുടങ്ങുന്നതിന് നിയമ, സങ്കേതിക സഹായം ചുവപ്പ്‌നാടയിൽ കുരുങ്ങാതെ ഉടനടി നൽകുകയും പലിശ രഹിത വായ്പകൾ കാലതാമസമില്ലാതെ ലഭ്യമാക്കുകയും ചെയ്യണം. ഇതിനായി ഗ്രാമ പഞ്ചായത്തടിസ്ഥാനത്തിൽ ഏകജാലക സംവിധാനം ഒരുക്കണം.
ഇത്തരത്തിൽ ടൂറിസം, സാംസ്‌കാരികം, വ്യവസായം തുടങ്ങിയ മേഖലകളിലും കൃത്യമായ പഠനം നടത്തി ആവശ്യമായ നിർദേശങ്ങൾ സ്വരൂപിച്ച് പൗരാവകാശങ്ങൾ നേടിയെടുക്കാൻ ഓരോ വോട്ടറും ശ്രദ്ധചെലുത്തണം.

സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ