അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ ഏറെ അമൂല്യമാണ് നാവ്. വിശ്വാസവും അവിശ്വാസവും വ്യക്തമാകുന്നത് നാവിലൂടെയാണ്. നിയന്ത്രിക്കാൻ ഏറ്റവും പ്രയാസമുള്ള, പകയുടെയും വിദ്വേഷത്തിന്റെയും തീ പടർത്തുന്ന, വാളിനേക്കാൾ മൂർച്ചയുള്ള ആയുധവുമാണത്.
നാവിന് കടിഞ്ഞാണിടാത്തവർ പിശാചിന്റെ ചതിവലയിൽ കുടുങ്ങിയവരാണ്. പിശാച് അവരെ സർവനാശത്തിലേക്ക് വലിച്ചെറിയും. മതനിയമങ്ങൾ കൊണ്ട് നാവിനെ നിയന്ത്രിക്കാതെ ശൈത്വാന്റെ കെണിവലകളിൽ നിന്നു രക്ഷപ്പെടാൻ കഴിയില്ല.
നാക്കിന്റെ മഹാനാശത്തിൽ നിന്നു മൗനം കൊണ്ടല്ലാതെ രക്ഷപ്പെടാൻ സാധിക്കില്ല. മൗനം പുണ്യകർമമാകുന്നത് അതുകൊണ്ടാണ്. മൗനം പാലിക്കുന്നവർ വിജയം നേടിയെന്ന് തിരുനബി(സ്വ) പറഞ്ഞിട്ടുണ്ട്. നാവും ഗുഹ്യവും ഉദരവുമാണ് ഏറ്റവും അപകടകാരികളായ അവയവങ്ങൾ. അവയുടെ തിന്മകളിൽ നിന്നു രക്ഷപ്പെട്ടാൽ സർവ വിപത്തുകളിൽ നിന്നും മോചിതരാവുമെന്ന് തിരുമൊഴികളിൽ വന്നിട്ടുണ്ട്.
സ്വർഗപ്രവേശം ഏറ്റവും കൂടുതൽ സാധ്യമാക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ നബി(സ്വ) പറഞ്ഞു: ‘തഖ്‌വയും സൽസ്വഭാവവും.’ കൂടുതലാളുകളെയും നരകത്തിലെത്തിച്ചത് ഏതവയവമാണെന്ന് ചോദിച്ചപ്പോൾ ‘നാക്കും ഗുഹ്യവുമാണെന്ന് അവിടന്ന് പ്രതിവചിച്ചു. വിനാശകരമായ വാക്കുകളും വ്യഭിചാരവുമാണ് ഇതുകൊണ്ട് വിവക്ഷിച്ചത്.
നാം വളരെ ജാഗ്രത പുലർത്തേണ്ടത് വാക്കുകളുടെ വിപത്തുകളിൽ നിന്നാണ്. ദിവസവും പ്രഭാത സമയത്ത് നാവിന്റെ വിനകളോർത്ത് വിലപിക്കുന്ന സൂഫികളുടെ ചരിത്രം ധാരാളം. നന്മ മാത്രം മൊഴിയുക, അല്ലെങ്കിൽ മൗനിയായി ജീവിക്കുകയെന്ന് ഓർമിപ്പിച്ചു അവർ. മനുഷ്യരുടെ അധിക പാപവും നാക്കുകൊണ്ടായിരിക്കുമെന്ന ഹദീസ് നമ്മെ ഉണർത്തേണ്ടതുണ്ട്. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുന്നവർ വിജയികളാണെന്നും അവരുടെ ന്യൂനതകളെല്ലാം അല്ലാഹു രഹസ്യമാക്കി വെക്കുമെന്നും തിരുവചനങ്ങളിൽ കാണാം.
സ്വർഗം നേടാനുള്ള ലളിത വഴിയന്വേഷിച്ച വ്യക്തിയോട് നബി(സ്വ) പറഞ്ഞു: വിശന്നവർക്ക് അന്നവും ദാഹിച്ചവർക്ക് ജലവും നൽകുക, നന്മ ഉപദേശിക്കുക, തിന്മകളെ വിലക്കുക. ഇതിനൊന്നും കഴിയുന്നില്ലെങ്കിൽ നാവിനെ സൂക്ഷിച്ചുപയോഗിക്കുക, നന്മ മാത്രം മൊഴിയുക.
മൗനികൾക്ക് അതിശക്തനായ പിശാചിനെ വരെ തോൽപിക്കാൻ കഴിയും. അല്ലാഹുവിലേക്ക് അടുക്കാനുള്ള നല്ല മാർഗമാണ് മൗനം. നാവുകൊണ്ട് മാത്രമല്ല, ഹൃദയംകൊണ്ടും മൗനികളാവാൻ കഴിയണം. അല്ലാഹുവിന്റെ തീരുമാനങ്ങളെയും വിധി നിശ്ചയങ്ങളെയും പരാതിയും പരിഭവവുമില്ലാതെ സ്വീകരിക്കുമ്പോൾ മാത്രമേ നാം യഥാർഥ മൗനികളാവൂ. മുഴുവൻ വാക്കുകളും പ്രവർത്തികളും ചിന്തകളും അല്ലാഹുവിൽ മാത്രമാകുമ്പോഴാണ് നമ്മൾ യഥാർഥ വിശ്വാസികളാകുന്നതും വിജയം നേടുന്നതും.
വാക്കുകൾ ആലോചിച്ചുപയോഗിക്കുന്നത് വിശ്വാസികളുടെ അടയാളമാണ്. ഹൃദയത്തിന്റെ പിറകിലാണ് വിശ്വാസിയുടെ നാവെന്നും കപടന്മാരുടേത് ഹൃദയത്തിന്റെ മുമ്പിലുമാണെന്ന് തിരുമൊഴികളിൽ കാണാം. അതായത്, കപടവിശ്വാസികൾ പ്രതിഫലനത്തെ പറ്റി ചിന്തിക്കാതെ എടുത്തുചാടി സംസാരിക്കും, ദുരന്തങ്ങളിൽ ആപതിക്കും. എന്നാൽ വിശ്വാസികൾ നന്മയുണ്ടെങ്കിൽ മാത്രമേ സംസാരിക്കൂ. സൽഫലമുണ്ടോയെന്ന് സംശയമാണെങ്കിൽപോലും അവർ ഇടപെടില്ല. നന്മയുണ്ടെന്ന് ബോധ്യപ്പെടാതെ ഒരാളും സംസാരിക്കരുതെന്ന് ഇമാം ശാഫിഈ(റ) ഉപദേശിച്ചിട്ടുണ്ട്.
ധിഷണാശാലികൾ മിതഭാഷികളായിരിക്കും. മൗനം വ്രതമാക്കിയവരോട് സഹവസിച്ചാൽ നമ്മുടെ അകം പ്രകാശിക്കും, ആത്മജ്ഞാനം വർധിക്കും. തത്ത്വജ്ഞാനം പത്തു ഭാഗമാക്കി പകുത്താൽ ഒമ്പതും മൗനത്തിലാണെന്ന് വഹ്ബ് ബ്‌നു വർദ്(റ) പറഞ്ഞിട്ടുണ്ട്.
പിശാചിനെ ആട്ടിയോടിക്കാനും ആത്മീയ വളർച്ച സാധ്യമാകാനും മൗനം പാലിക്കൽ അനിവാര്യമാണെന്ന് തിരുദൂതർ(സ്വ) അബൂദർറ്(റ)യോട് ഉണർത്തിയിട്ടുണ്ട്.
മത്സ്യവയറ്റിൽ നിന്നു രക്ഷപ്പെട്ട യൂനുസ് നബി(അ) ദീർഘകാലം മൗനിയായി ജീവിച്ചപ്പോൾ കൂടെയുള്ളവർ ചോദിച്ചു: ‘നിങ്ങളെന്താണ് സംസാരിക്കാത്തത്? മഹാന്റെ മറുപടി: സംസാരമാണ് എന്നെ മത്സ്യ വയറ്റിലെത്തിച്ചത്.
ജനങ്ങളെല്ലാം വാഗ്ചാരുതയിൽ അഭിമാനം കൊള്ളുമ്പോൾ നീ മൗനംകൊണ്ട് അഭിമാനിക്കണമെന്ന് ലുഖ്മാനുൽ ഹകീം(റ) മകന് നൽകിയ പ്രസിദ്ധമായ ഉപദേശങ്ങളിൽ കാണാം. സംസാരം മരുന്നാണ്, അനിവാര്യമാണെങ്കിൽ. അധികമായാൽ ജീവനെടുക്കുന്ന വിഷവും.
വാളിനേക്കാൾ മൂർച്ചയും കുന്തത്തേക്കാൾ ശക്തിയും അഗ്‌നിയേക്കാൾ സംഹാരശേഷിയുമുള്ള അതിശക്തമായ ആയുധമാണ് നാവ്. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ സകലതും അത് ചാമ്പലാക്കും. ബന്ധങ്ങൾ ശിഥിലമാക്കും. കൂട്ടായ്മകളെ തകർക്കും. ഇഷ്ട ജനങ്ങളെ തമ്മിലടിപ്പിക്കും. നാടുകളെ തമ്മിലകറ്റും. സൗഹൃദങ്ങളിൽ വിള്ളൽ വീഴ്ത്തും.
ജനങ്ങളോട് മയത്തിൽ പെരുമാറുകയും അലിവോടെ സംസാരിക്കുകയും ചെയ്യണം. വിശ്വാസിയുടെ ബാധ്യതയാണത്. ജനത്തോട് നല്ലതു മാത്രം പറയണമെന്ന് ഖുർആൻ കൽപിക്കുന്നുണ്ട്. അന്നം നൽകുന്നവനും നല്ല വാക്ക് സംസാരിക്കുന്നവനും സ്വർഗപ്രവേശം എളുപ്പമായിരിക്കുമെന്ന് റസൂൽ(സ്വ) അരുളിയിട്ടുണ്ട്. സ്വർഗത്തിൽ സവിശേഷമായൊരു ഇടംതന്നെ അവർക്കുണ്ടെന്ന് ഇമാം തുർമുദി(റ) നിവേദനം ചെയ്തതു കാണാം. നന്മയുള്ള വാക്കുകളും നല്ല സമീപനവും നരകത്തിൽ നിന്നകറ്റുകയും സ്വർഗത്തിലെത്തിക്കുകയും ചെയ്യും.
അത്വാഅ് ബ്ൻ അബീ റബാഅ്(റ) പറയുന്നു: ‘വാക്കുകൾ സൂക്ഷിച്ചുപയോഗിച്ചവരായിരുന്നു നമ്മുടെ മുൻഗാമികൾ. അവർ നന്മ മാത്രം പറഞ്ഞു. ഖുർആൻ, ഹദീസ്, സദുപദേശം തുടങ്ങി അല്ലാഹുവിന്റെ തൃപ്തിയുള്ള കാര്യങ്ങൾക്ക് മാത്രം നാക്കുപയോഗിച്ചു. നമ്മുടെ വാക്കുകൾ രേഖപ്പെടുത്തുന്ന മലക്കുകൾ നമുക്ക് ചുറ്റുമുണ്ടെന്ന് മറക്കരുത്. ദുൻയാവിൽ നാം ഉപയോഗിക്കുന്ന വാക്കുകളുടെ എണ്ണത്തിനനുസരിച്ച് മഹ്ശറയിൽ ഹിസാബിൽ നിൽക്കേണ്ടിവരും, വിയർക്കേണ്ടിവരും.

 

അബ്ദുൽബാരി സിദ്ദീഖി കടുങ്ങപുരം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ