നിങ്ങളുടെ പഠനകാലം എത്ര വർഷമായിരുന്നു? എത്ര ഗുരുനാഥൻമാരുടെ അടുത്ത് പഠിച്ചിട്ടുണ്ട്? ഇങ്ങനെയൊരു ചോദ്യം വന്നാൽ പുതിയ തലമുറക്ക് ഉത്തരം പറയാൻ ഒട്ടും ആലോചിക്കേണ്ട കാര്യമുണ്ടാകില്ല. നിർണിതമായ സിലബസും അതു പഠിച്ചു തീർക്കാൻ നിർണയിച്ച കാലവുമെല്ലാം ഉള്ളതുകൊണ്ട് സമയബന്ധിതമായി പഠനം പൂർത്തീകരിക്കുകയും വിരലിലെണ്ണാവുന്ന ഗുരുനാഥന്മാരെ ആശ്രയിക്കുകയും ചെയ്യുന്നതാണ് പുതിയ കാലത്തെ രീതി. എന്നാൽ കഴിഞ്ഞ തലമുറയിൽ പഠനകാലത്തിന്റെ ദൈർഘ്യം നേരത്തെ നിർണയിക്കാൻ സാധിക്കുമായിരുന്നില്ല. മനസ്സിലാകുന്നതു വരെ പഠിക്കുക എന്നതായിരുന്നു രീതി. ഒരു വരി മനസ്സിലാക്കിയെടുക്കാൻ ദിവസങ്ങളോളം ഉപയോഗപ്പെടുത്തിയ അറിവന്വേഷികൾ യഥേഷ്ടമുണ്ട്, പഴയ തലമുറയിൽ.
അക്കൂട്ടത്തിൽ നമ്മെ വിസ്മയിപ്പിക്കുന്ന ഒരാളുടെ കഥ പറയാം. സമസ്ത കേന്ദ്ര മുശാവറയിലെ ഏറ്റവും പ്രായമുള്ള അംഗം. എന്നാൽ ഏറ്റവും അവസാനം നടന്ന ജനറൽ ബോഡിയിൽ മാത്രം അംഗമായിട്ടുള്ള ആൾ. ജനശ്രദ്ധയിൽ നിന്ന് എങ്ങനെ മറഞ്ഞിരിക്കാൻ കഴിയുമെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു അദ്ദേഹം. അതിനാലാണ് മുശാവറയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് തൊണ്ണൂറ് കഴിഞ്ഞതിന് ശേഷമായിപ്പോയത്. പുറക്കാട് ഉസ്താദ് എന്നും വിഎം ഉസ്താദ് എന്നുമെല്ലാം അറിയപ്പെടുന്ന വിഎം മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാരെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്താണ് അദ്ദേഹത്തിന്റെ സ്വദേശം. അറിവിന്റെ വഴിയിലുള്ള നിലക്കാത്ത യാത്രക്കിടയിലാണ് കോഴിക്കോട് വടകരക്കടുത്തുള്ള പുറക്കാട് എത്തിച്ചേരുന്നതും ഇവിടത്തുകാരനായി മാറുന്നതും. ഉപ്പ നന്നേ ചെറുപ്പത്തിൽ മരണപ്പെട്ടു. ദർസ് പഠനം തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ഉമ്മയും മരിച്ചു. ഒരുതരത്തിൽ പറഞ്ഞാൽ അതൊരു സൗകര്യമായി. പിന്നെ നാട്, കുടുംബം എന്ന ചിന്തകളേ ഇല്ലാതായി. ഒരു സമയത്തും നാട്ടിൽ പോകേണ്ടിവന്നില്ല. എല്ലാവരും നാട്ടിൽ പോകുന്ന അവധിക്കാലങ്ങളിൽ പോലും ഏതെങ്കിലും ഉസ്താദിന്റെ മുന്നിലോ ഖുതുബ്ഖാനയിലോ ചടഞ്ഞിരുന്നു. അങ്ങനെയാണ് പേരും മേൽവിലാസവും പോലും നഷ്ടമാകുന്നത്.
എത്ര കാലമാണ് പഠിച്ചത്, എത്ര ഗുരുനാഥൻമാരുടെ അടുത്ത് ചെന്നു? എന്ന ചോദ്യത്തിന് സമയമെടുത്ത് ആലോചിച്ചാൽ പോലും കൃത്യമായ ഉത്തരം പറയാൻ പുറക്കാട് ഉസ്താദിന് കഴിയില്ല. ചില ഗുരുനാഥൻമാരുടെ പേര് പറയും. അവരുടെ വിവരങ്ങൾ ഓർത്തുവെക്കാൻ മാത്രമല്ല ഉള്ളത് എന്നത് തന്നെയാണ് കാരണം. ഓത്തുപള്ളിയിൽ അഞ്ചുവർഷം പഠിച്ചിട്ടുണ്ട.് കുഞ്ഞലവി മുസ്‌ലിയാരും അദ്ദേഹത്തിന്റെ പിതാവുമാണ് ആ കാലഘട്ടത്തിലെ ഗുരുനാഥർ. അറബി അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിച്ചതും ഫാത്തിഹ ഓതിപ്പഠിപ്പിച്ചതുമെല്ലാം അവരാണ്. ശേഷം പാലക്കോട് എന്ന സ്ഥലത്ത് തേരാംമൂച്ചി അലവി മുസ്‌ലിയാരുടെ ദർസിൽ പഠിച്ചു. പിന്നീട് മണ്ണാർക്കാടിനടുത്ത് മലപുറത്ത് മൊയ്തുട്ടി മുസ്‌ലിയാരുടെ അടുത്ത്.
അതു കഴിഞ്ഞ് മാരായമംഗലം ചളവറയിൽ, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാരുടെ ശിഷ്യൻ യൂസുഫ് മുസ്‌ലിയാരുടെ അടുത്ത് ആറുവർഷം. സാധാരണഗതിയിൽ ഒരു മുതഅല്ലിമിന്റെ പഠനകാലത്തിന് ഇത്രയൊക്കെ ദൈർഘ്യമേ കാണൂ. എന്നാൽ പുറക്കാട് ഉസ്താദിന്റെ പഠന തപസ്യയിൽ ഇതൊരു തുടക്കം മാത്രമായിരുന്നു. ഈ ഉസ്താദുമാരുടെ അടുത്തുള്ള പഠനം കഴിഞ്ഞശേഷം ഒരു യാത്രയായിരുന്നു. കാലവും ദൂരവും ഒരിക്കലും പരിഗണിക്കാത്ത യാത്ര.
ഓരോ വിഷയത്തിലും അവഗാഹം നേടിയ പണ്ഡിതന്മാരെ തിരഞ്ഞുപിടിച്ച് ആ വിഷയത്തിലെ തഹ്ഖീഖ്(പ്രാഗത്ഭ്യം) സ്വന്തമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരാളുടെ അടുത്ത് ചെലവഴിക്കുന്ന കാലത്തിനു കൃത്യമായ കണക്കുണ്ടായിരുന്നില്ല. പലയിടങ്ങളിലും ആറുമാസവും ഒരു വർഷവുമൊക്കെ ചെലവിട്ടു. നേരത്തെ പറഞ്ഞ ഉസ്താദ് യൂസുഫ് മുസ്‌ലിയാർ ഫിഖ്ഹിൽ നല്ല തഹ്ഖീഖുള്ള ആളായിരുന്നു. ഹദീസിലെ തഹ്ഖീഖ് തേടിയാണ് ഒപി മുഹമ്മദ് മുസ്‌ലിയാരുടെ പട്ടിക്കാടിനടുത്തുള്ള ദർസിൽ ചെന്നത്. കുറച്ചുകാലം താനൂരിലുണ്ടായിരുന്നു. അങ്ങനെ പലയിടങ്ങളിൽ ഒരുപാട് ഗുരുമുഖങ്ങളിലെത്തിച്ചേർന്നു. ഗുരുനാഥൻമാരുടെ എണ്ണം പുറക്കാട് ഉസ്താദിന് നിശ്ചയമില്ല. അമ്പത് പേരുണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ അതിലുമധികം കാണും എന്നായിരുന്നു മറുപടി.
ഇടക്ക് ബാഖിയാത്തിൽ ചെന്നു. ബാഖവി എന്ന പേരായിരുന്നില്ല ലക്ഷ്യം. ശൈഖ് ഹസൻ ഹസ്‌റത്തിന്റെ ക്ലാസിൽ ഇരിക്കണം. മേട്ടുപാളയം അബൂബക്കർ ഹസ്‌റത്തിന്റെ അടുക്കലും ചെല്ലണം. പിന്നെ ഖുതുബ്ഖാനയും. അതായിരുന്നു അങ്ങോട്ട് മാടിവിളിച്ചത്. സെലക്ഷൻ പരീക്ഷ നടത്തിയവർക്കും പിന്നീട് ഈ വിദ്യാർഥിയുടെ അറിവളന്ന ഗുരുനാഥൻമാർക്കും അദ്ദേഹത്തെ മനസ്സിലായി. അതുകൊണ്ടുതന്നെ ആരും സബ്ഖുകളിൽ അദ്ദേഹം ഇരിക്കണമെന്ന് വാശി പിടിച്ചില്ല. കിട്ടിയ സമയം ബാഖിയാത്തിലെ പ്രസിദ്ധമായ ഖുതുബ്ഖാനയിൽ ചെലവഴിച്ചു. കാണാത്ത കിതാബുകളിൽ മുഴുകിയിരുന്നു. പ്രിന്റില്ലാത്ത ഗ്രന്ഥങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതിയെടുത്തു. അങ്ങനെ ഒരു വർഷം അവിടെ കഴിച്ചു. ഈ കാലഘട്ടത്തിൽ സഹപാഠികൾക്കിടയിൽ ചിലരുടെ അകക്കാമ്പ് മനസ്സിലായപ്പോൾ അവരുടെയും പിന്നാലെ കൂടി. ഇകെ ഹസൻ മുസ്‌ലിയാരുടെ അടുത്തുനിന്ന് മുഖ്തസറിലെ ബദീഅ് ഓതി. കൊച്ചിക്കാരനായ അബൂബക്കർ ഹസ്‌റത്തിൽ നിന്നും ചഗ്മീനിയും. ഒരു ഹസൻകുട്ടി മുസ്‌ലിയാരെ കുറിച്ച് അനന്തരാവകാശ നിയമങ്ങളിൽ നിപുണനാണ് എന്ന് എല്ലാവരും പറയാറുണ്ട്. പിന്നെ ഒന്നും ആലോചിച്ചില്ല, അദ്ദേഹത്തെ തേടിപ്പിടിച്ച് ഇൽമുൽ ഫറാഇളിലെ ‘സിറാജ്’ ഓതി.
തന്നെക്കാൾ പ്രായമുള്ളവരെന്നോ പ്രായം കുറഞ്ഞവരെന്നോ പരിഗണനയില്ലാതെ ഏതു നാട്ടുകാരൻ, എവിടെ ദർസ് എന്നൊന്നും ആലോചിക്കാതെ ഓരോ വിഷയത്തിലും അവഗാഹമുള്ളവരുടെ അടുത്തുചെന്നു. അവർ ചിലപ്പോൾ മുതഅല്ലിമീങ്ങളും മറ്റു ചിലപ്പോൾ മുദരിസുമാരും ചിലർ വീട്ടിൽ വിശ്രമിക്കുന്നവരുമായിരുന്നു. അതൊന്നും പ്രശ്‌നമായിരുന്നില്ല. ഓരോ വിഷയത്തിലെയും തീർപ്പ് സ്വന്തമാകുന്നതു വരെ അവരുടെ പിന്നാലെ കൂടി.
വേലൂരിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് പുറക്കാട് മുദരിസായി നിയമിതനാകുന്നത്. ഈ യുവപണ്ഡിതന്റെ അറിവനുഭവങ്ങൾ മനസ്സിലായപ്പോൾ പുറക്കാട്ടെ നാട്ടുപ്രമാണി മകളെ വിവാഹം ചെയ്തു കൊടുത്തു. അവിടെ വീടുവെക്കുകയും ചെയ്തു. അങ്ങനെ അറിവിനു വേണ്ടിയുള്ള നിലക്കാത്ത യാത്രകൾക്കിടയിൽ ഊരും പേരും നഷ്ടപ്പെട്ടുപോയ ഒരാൾ പിന്നീട് പുതിയ മേൽവിലാസത്തിൽ അറിയപ്പെടാൻ തുടങ്ങി.
അളന്നുമുറിച്ച സമയത്തിനിടക്ക് വളരെ വേഗം ഖദ്‌റ്‌സബുക്കുകളിൽ ചെന്നവസാനിക്കുന്ന പുതിയ പഠനകാലത്ത് ഒരു വിസ്മയം തന്നെയാണ് പുറക്കാട് ഉസ്താദ്. സ്ഥാപനങ്ങൾക്കും കോഴ്‌സുകൾക്കും ചില ക്രമങ്ങൾ ആവശ്യമാകും. അതിൽ ചേർന്നു പഠിക്കുമ്പോൾ അതിന്റെ സമയവും കാലവും പരിഗണിക്കേണ്ടി വരും. എന്നാൽ കോഴ്‌സ് കഴിഞ്ഞ് സനദ് നൽകുമ്പോൾ നിങ്ങളുടെ പഠനം അവസാനിച്ചുവെന്നല്ല, അന്വേഷണത്തിന്റെ ലോകത്ത് സഞ്ചരിക്കാൻ നിങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നു എന്നാണ് ഓരോ ഗുരുനാഥനും ശിഷ്യരോട് പറയാറുള്ളത്. അങ്ങനെയുള്ള ഒരു ദേശാടനത്തിന് നമുക്കു മനസ്സില്ലാതെ പോയത് എന്തിനാലാണ്? ആ ചോദ്യമാണ് പുറക്കാട് ഉസ്താദിന്റെ ജീവിതം നമ്മോട് ചോദിക്കുന്നത്.

എംടി ശിഹാബുദ്ദീൻ സഖാഫി മലയമ്മ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ