2നിസ്കാരം ആരാധനകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമാണ്. നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങി മറ്റെല്ലാ ആരാധനകളെക്കാളും നിസ്കാരത്തിന് സ്ഥാനം കല്‍പിക്കപ്പെട്ടിട്ടുണ്ട്. അത് മതത്തിന്റെ സ്തംഭമാണ്. ഇസ്ലാമിന്റെയും കുഫ്റിന്റെയുമിടയിലുള്ള വേര്‍തിരിവുപോലും നിസ്കാരം കൊണ്ടാണെന്നു കാണാം. ഇത്രയും പ്രാധാന്യം നിസ്കാരത്തിനു കിട്ടിയത് അതിലടങ്ങിയ അതിവിശിഷ്ടമായ രഹസ്യങ്ങള്‍ കൊണ്ടാണ്. അതുകൊണ്ട് നിസ്കാരം സൂക്ഷ്മതാപൂര്‍വം നിര്‍വഹിക്കേണ്ടതുണ്ട്.
എന്നെ സ്മരിക്കാന്‍ വേണ്ടി നിങ്ങള്‍ നിസ്കാരം നിലനിറുത്തുകയെന്ന് ഖുര്‍ആനില്‍ കാണാം. സ്മരണയില്ലാത്ത നിസ്കാരം അഥവാ അശ്രദ്ധയോടെയുള്ള നിസ്കാരം പ്രസ്തുത കല്‍പനയോടുള്ള തിരസ്കാരമാണ്. നിസ്കരിക്കുമ്പോള്‍ ശ്രദ്ധയും ഹൃദയസാന്നിധ്യവും ഉണ്ടാകണം. കാരണം നിസ്കാരം അല്ലാഹുവിനോടുള്ള മുനാജാത്ത് അഥവാ അഭിമുഖ സംഭാഷണമാണ്. അശ്രദ്ധയോടെയുള്ള കേവല സംസാരത്തെ മുനാജാത്ത് എന്നു വിശേഷിപ്പിച്ചുകൂടാ.
നിസ്കാരത്തിന്റെ ആത്മാവ് ഹൃദയ സാന്നിധ്യമാണെന്ന് പണ്ഡിതന്മാര്‍ സോദാഹരണം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിലെ ഒരു പ്രധാന ആരാധനയാണല്ലോ നോമ്പ്. പിശാചിന്റെ കടന്നുവരവിന് കാരണമൊരുക്കുന്ന ജഡിക താല്‍പര്യങ്ങളെ ക്ഷയിപ്പിക്കാന്‍ നോമ്പിന് പ്രകൃത്യാതന്നെ കഴിവുണ്ട്. ഹൃദയസാന്നിധ്യമില്ലെങ്കില്‍ പോലും അതു കിട്ടിയെന്നു വരാം. സകാത്ത് അനുഷ്ഠിക്കുമ്പോള്‍ ഹൃദയ സാന്നിധ്യമില്ലെങ്കില്‍ പോലും ജഡികമോഹങ്ങളോടും മാനസിക ദാഹത്തോടും സകാത്തിലൂടെ ഒരു തരം ജിഹാദ് നടക്കുന്നുണ്ട്. ഹജ്ജും ഇങ്ങനെത്തന്നെ. എന്നാല്‍ നിസ്കാരം തികച്ചും വ്യത്യസ്തമത്രെ.
നിസ്കാരത്തിലെ പ്രധാന ഘടകങ്ങള്‍ ദിക്റും ഓത്തും റുകൂഉം സുജൂദുമൊക്കെയാണല്ലോ. ദിക്ര്‍ കൊണ്ടും ഖുര്‍ആന്‍ പാരായണം കൊണ്ടും അര്‍ത്ഥമാക്കുന്നത് അല്ലാഹുവോടുള്ള വണക്കം പ്രഖ്യാപിക്കലോ എന്തെങ്കിലും പ്രാര്‍ത്ഥിക്കലോ ആണ്. കേവലം നാവിന്റെ ചലനമല്ല അവ കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ചോദിക്കാനും ഇരയ്ക്കാനുമാണ് ദിക്റുകളും ഖുര്‍ആന്‍ പാരായണവുമെങ്കില്‍ അതിന് ഹൃദയസാന്നിധ്യം ഉണ്ടാകണമല്ലോ. നേരായപാത നീ കാണിച്ചു തരേണമേ എന്ന് ശ്രദ്ധയില്ലാതെ ഓതുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഇനി റുകൂഉം സൂജൂദുമാകട്ടെ അല്ലാഹുവിന്റെ മഹത്വത്തെ അംഗീകരിക്കുന്ന ചടങ്ങുകളാണ്. അതും അറിഞ്ഞുകൊണ്ട് ഭക്തിയോടെയാകണം. ആകയാല്‍ നിസ്കാരം അതിന്റെ പ്രകൃതത്തില്‍ തന്നെ മറ്റുള്ള അനുഷ്ഠാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹൃദയസാന്നിധ്യത്തെ ആവശ്യപ്പെടുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ നിസ്കാരത്തിന്റെ ആത്മാവുതന്നെ ഹൃദയസാന്നിധ്യമാണ്.
നിസ്കാരത്തിന്റെ ആന്തരികത്തനിമ ഉണ്ടാക്കുന്ന ആറു കാര്യങ്ങളുണ്ട്. ഒന്ന്: ശ്രദ്ധ, രണ്ട്: അര്‍ത്ഥചിന്ത, മൂന്ന്: ആദരവ്, നാല്: ഭയം, അഞ്ച്: പ്രതീക്ഷ, ആറ്: ലജ്ജ. ഈ ആറു കാര്യങ്ങള്‍ മേളിക്കുമ്പോഴാണ് നിസ്കാരം അര്‍ത്ഥവത്താകുന്നത്. ഹൃദയസാന്നിധ്യമാണ് ശ്രദ്ധകൊണ്ട് വിവക്ഷിക്കുന്നത്. പറയുന്നതും ചെയ്യുന്നതും അറിഞ്ഞായിരിക്കണം. നമ്മുടെ അതിപ്രധാനപ്പെട്ട കാര്യമെന്തോ അതില്‍ മനസ്സു വിഹരിക്കും. കച്ചവടം മുഖ്യമായെടുക്കുന്നവന് കച്ചവടത്തില്‍ മനസ്സുരമിക്കും. കളി മുഖ്യമായവന്റെ മനസ്സ് കളിയിലായിരിക്കും. നമുക്ക് അതി പ്രധാനമായ ഒരു കാര്യമായി നിസ്കാരത്തെ കാണാന്‍ കഴിയണം. അപ്പോള്‍ നിസ്കാരത്തിലും മനസ്സുവരും. അതിനെന്തു വേണം? തന്റെ ജീവിത വിജയം നിസ്കാരവുമായി ബന്ധിച്ചതാണെന്ന് ഉറപ്പുണ്ടാകണം. വിശ്വാസവും ആഖിറ വിജയവുമാണ് നമുക്ക് ഉണ്ടാകേണ്ടത്. നിസ്കാരമാവട്ടെ അതിനുള്ള മാര്‍ഗമാണ്; ഉപാധിയാണ്.
നിസ്കാരത്തെ അതീവ പ്രാധാന്യമുള്ളതായെടുക്കുന്നതോടെ ഹൃദയസാന്നിധ്യം ഉണ്ടായിത്തുടങ്ങും. ഇനി വേണ്ടത് അര്‍ത്ഥചിന്തയാണ്. ഹൃദയസാന്നിധ്യത്തോടെ ചിന്തയെ പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും കേന്ദ്രീകരിക്കണം. മൂന്നാമതായി നിസ്കാരത്തിലുണ്ടാകേണ്ട ഹൃദയവികാരം ആദരവ് ആണ്. ഒരാള്‍ക്ക് തന്റെ സേവകനോട് ഹൃദയസാന്നിധ്യത്തോടെ അര്‍ത്ഥമറിഞ്ഞ് എന്തെങ്കിലും കല്‍പിക്കാന്‍ കഴിയുമല്ലോ. ഹൃദയസാന്നിധ്യവും അര്‍ത്ഥചിന്തയുമല്ലാത്ത ഒന്നത്രെ ആദരവ്. അല്ലാഹുവോടുള്ള ആദരവാണ് ഉണ്ടാകേണ്ടത്. അതിന് രണ്ടു മുന്നുപാധികളുണ്ട്. ഒന്ന്: അല്ലാഹുവിന്റെ ഔന്നത്യവും പ്രതാപവുമറിയുക. രണ്ട്: സ്വന്തം ശരീരത്തിന്റെ നിസ്സാരാവസ്ഥ തിരിച്ചറിയുക. താന്‍ ഒരടിമയാണെന്നും അല്ലാഹുവിന്റെ വിധിക്ക് വിധേയനാണെന്നും അവന്റെ അറിവോ ആജ്ഞയോ കൂടാതെ ഒരു വിരലനക്കാന്‍ പോലും കഴിയില്ലെന്നുമറിയുക. അതോടെ ഹൃദയത്തില്‍ ഒരവസ്ഥ ജനിക്കും. അതത്രെ ആദരവ്.
ഇനിയുണ്ടാകേണ്ടതാണ് ഭയം. അല്ലാഹുവിന്റെ സര്‍വാധിപത്യവും സമുന്നതമായ കഴിവും തിരിച്ചറിയുമ്പോള്‍ ഭയമുണ്ടാക്കും. അവന്‍ മുന്‍ഗാമികളില്‍ പല ജനതയെയും നശിപ്പിച്ചതും സച്ചരിതരായ അമ്പിയാക്കള്‍, ഔലിയാക്കള്‍ എന്നിവരെയെല്ലാം പരീക്ഷിച്ചതും മനസ്സിലുണ്ടാകണം. അപ്പോള്‍ അല്ലാഹുവോടുള്ള ഭയം ജനിക്കും. നിസ്കാരത്തിലെ അടുത്ത വികാരം പ്രതീക്ഷയാണ്. അല്ലാഹുവിന്റെ കരുണ്യവും കനിവും മനസ്സിലാക്കുമ്പോള്‍ പ്രതീക്ഷ ജനിക്കും. അല്ലാഹുവിന്റെ കാരുണ്യം സര്‍വ വസ്തുക്കളെയും ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. സ്വര്‍ഗമാണ് വിശ്വാസിക്ക് അല്ലാഹു വാഗ്ദാനം നല്‍കിയത്. അല്ലാഹു വാഗ്ദാനം ലംഘിക്കുന്നവനല്ല. അതുകൊണ്ട് നിസ്കാരത്തിന്റെ പ്രതിഫലം പ്രതീക്ഷിക്കാം.
ഇനിയുള്ള മറ്റൊരു വികാരം ലജ്ജയാണ്. ആരാധനാ ചടങ്ങുകളിലുണ്ടാകുന്ന ന്യൂനതകളും അല്ലാഹുവോടുള്ള കടമയനുസരിച്ച് തനിക്കതു നിര്‍വഹിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവും ഒരാളില്‍ ലജ്ജയുണ്ടാക്കുന്നു. മുകളില്‍ പറഞ്ഞ ഈ ഗുണങ്ങളെല്ലാം മനസ്സിലും ശരീരത്തിലും ഒരുറപ്പായും പ്രകൃതമായും അലിഞ്ഞുചേര്‍ന്ന് രൂപപ്പെടുന്ന പ്രത്യേക മാനസികാവസ്ഥയാണ് നിസ്കാരത്തില്‍ പ്രാപിക്കേണ്ടത്. ഈ രീതിയില്‍ രൂപപ്പെട്ട ഒരു വ്യക്തിത്വത്തിന് നിസ്കാരം മുഖ്യമായ ഒന്നായിത്തീരും. ആഇശ(റ) പറഞ്ഞു: നബി(സ്വ) ഞങ്ങളോടും ഞങ്ങള്‍ നബി(സ്വ)യോടും സംസാരിക്കാറുണ്ട്. എന്നാല്‍ നിസ്കാരം ആഗതമായാല്‍ നബി(സ്വ) ഞങ്ങളെ അറിയാത്തതു പോലെയാണ്. ഞങ്ങള്‍ നബി(സ്വ)യെ അറിയാത്തവരെപ്പോലെയും. നീ എന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ നിസ്സാരനായ ഒരടിമയുടെ നിര്‍ത്തം നില്‍ക്കണമെന്ന് അല്ലാഹു പഠിപ്പിച്ചിട്ടുണ്ട്.
ഇനി നിസ്കാരത്തിലെ വാക്കുകളെയും പ്രവൃത്തികളെയും പറ്റി അല്‍പമാവാം. വാങ്ക്, ശുദ്ധീകരണം, ഔറത്ത് മറക്കല്‍, ഖിബ്ലയിലേക്ക് തിരിയല്‍ തുടങ്ങിയ കാര്യങ്ങള്‍ നിസ്കരിക്കുന്നതിന് മുന്പേ നടക്കുന്നതും നടക്കേണ്ടതുമാണല്ലോ. വാങ്ക് കേള്‍ക്കുമ്പോള്‍, അന്ത്യനാളിലെ വിളിയാളത്തെ മനസ്സിലോര്‍ക്കണം. അകവും പുറവും ആ വിളിക്കുത്തരമേകാന്‍ തയ്യാറാകണം. സന്തോഷത്തോടെ അതിനെ സ്വീകരിച്ച് ഉത്തരമേകാന്‍ തിടുക്കപ്പെടണം. നിസ്കരിക്കുന്നവന്‍ അവന്റെ ശരീരവും വസ്ത്രവും നിസ്കരിക്കുന്ന സ്ഥലവും ശുദ്ധീകരിക്കണം. ഈ മൂന്നും ശുദ്ധിയാക്കണമെന്നതിന്റെ അനുബന്ധമാണ് സ്വശരീരത്തിന്റെ ഉള്ളായ ഹൃദയം വിമലീകരിക്കണമെന്നത്. അതുകൊണ്ട് ശരീര, വസ്ത്ര, സ്ഥല ശുദ്ധീകരണത്തിന്റെ ഭാഗമായി, പശ്ചാതാപ ചിന്തയാലും ഖേദത്താലും ആന്തരിക ശുദ്ധിയും വരുത്തണം. കാരണം അതാണ് സ്രഷ്ടാവായ അല്ലാഹു നോക്കുന്ന ഇടം.
നിസ്കരിക്കുന്നവന്‍ ഔറത്ത് (നഗ്നത) മറക്കണം. ആരില്‍ നിന്നാണ് നാം ഔറത്ത് മറക്കുന്നത്? സൃഷ്ടികളില്‍ നിന്ന് ഇത്രയും മറ സ്വീകരിക്കണമെങ്കില്‍, റബ്ബ് മാത്രം കാണുന്ന ആന്തരിക മ്ലേഛതയാകുന്ന ഔറത്തുകളെ മറക്കാതെ പറ്റില്ല. പാപങ്ങളിലും വീഴ്ചകളിലും ഖേദിക്കുക, ലജ്ജിക്കുക, പശ്ചാതപിക്കുക. ഈ മാനസികാവസ്ഥയോടെ തലകുനിച്ച് വിനയത്തോടെ ഖിബ്ലയിലേക്ക് തിരിഞ്ഞു നില്‍ക്കണം. ഖിബ്ലയിലേക്ക് തിരിയുകയെന്നത് ഒരു ബാഹ്യപ്രവൃത്തിയാണ്. കഅ്ബ നില്‍ക്കുന്ന ദിശയിലേക്ക് നാം തിരിഞ്ഞു നില്‍ക്കുകയെന്നതാണത്. എന്നാല്‍ അതിന്റെ അര്‍ത്ഥം ശരീരം തിരിഞ്ഞിടത്തേക്ക് മനസ്സു തിരിയണമെന്നാകുന്നു. ശരീരം അങ്ങോട്ട് തിരിഞ്ഞത് മറ്റെല്ലാ വസ്തുക്കളില്‍ നിന്നും മാറ്റി അങ്ങോട്ട് മുന്നിടുമ്പോഴാണല്ലോ. അതുകൊണ്ട് ഹൃദയംമനസ്സ് അല്ലാഹുവിലേക്ക് തിരിക്കാനും വേണം ഒരു തിരസ്കാരമെന്നു നാം മനസ്സിലാക്കണം. അല്ലാഹുവെ മാത്രം കരുതുകയും മറ്റെല്ലാറ്റില്‍ നിന്നും മുക്തി നേടുകയും വേണം. നബി(സ്വ) ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്: ഒരാള്‍ തന്റെ നിസ്കാരത്തിലേക്ക് പ്രവേശിക്കുകയും തന്റെ ഇച്ഛയും മുഖവും ഹൃദയവും അല്ലാഹുവിലേക്കാവുകയും ചെയ്താല്‍ അവന്റെ ഉമ്മ അവനെ പ്രസവിച്ച ദിവസത്തെപ്പോലെ അവന്‍ ആയിത്തീരും.
ഇനി തലയല്‍പം മുന്നോട്ട് താഴ്ത്തി വിനീതമായ മനസ്സോടെയും ശരീരത്തോടെയും നില്‍ക്കണം. മനസ്സിലെ അഹങ്കാര ദോഷങ്ങളെ അകറ്റി വിനയം പ്രാപിക്കുകയാണിതിന്റെ ലക്ഷ്യം. തുടര്‍ന്ന് നിയ്യത്ത് വെച്ച് തക്ബീര്‍ ചൊല്ലണം. മറ്റെല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി, നിസ്കരിക്കുകയാണെന്ന ബോധത്തെ ഏറ്റെടുക്കുകയും നിസ്കാരത്തില്‍ തനിക്കുള്ള പ്രതിബദ്ധതയെയും ആത്മാര്‍ത്ഥതയെയും ഉറപ്പുവരുത്തുകയുമാണ് നിയ്യത്ത്. എന്നാല്‍ തക്ബീര്‍ ചൊല്ലുന്നതോ? അല്ലാഹുവാണ് വലിയവനെന്നും അവനല്ലാതെ നാം ബന്ധപ്പെടുന്നതെല്ലാം ചെറുതാണെന്നും പ്രഖ്യാപിക്കലാണത്. അതുകൊണ്ട് തക്ബീര്‍ ചൊല്ലുമ്പോള്‍ അതു കളവാകാതിരിക്കണം. അല്ലാഹുവേക്കാള്‍ വലുതായൊന്നു മനസ്സിലുണ്ടായിക്കൂടാ. അങ്ങനെ ആയാല്‍ ഇപ്പറയുന്നത് കളവാകും. തുടര്‍ന്നുണ്ടാകേണ്ടത് ദുആഉല്‍ ഇഫ്തിതാഹ് എന്ന പേരിലറിയപ്പെടുന്ന ഒരു പ്രതിജ്ഞയാണ്. എല്ലാ ആഭിമുഖ്യങ്ങളെയും അല്ലാഹുവിലേക്ക് തിരിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നു. ഋജുമാനസനായ മുസ്ലിമാണെന്ന് തുറന്നുപറയുന്നു. ശിര്‍ക്ക് ചെയ്യില്ല എന്നും. സ്വന്തം നിസ്കാരവും മറ്റു ആരാധനകളും ജീവിതവും മരണവും അല്ലാഹുവിനാകുന്നുവെന്ന് ശപഥം ചെയ്യുന്നു. സന്പൂര്‍ണമായ സ്വത്വസമര്‍പ്പണത്തിന്റെ പ്രഖ്യാപനമാണ് വജ്ജഹ്തു. അതുകഴിഞ്ഞ് അഊദു ഓതണം. അല്ലാഹുവിന്റെ കരുണാകടാക്ഷങ്ങളില്‍ നിന്ന് അകറ്റിമാറ്റപ്പെട്ട പിശാചില്‍ നിന്ന് അഭയം തേടണം. മനുഷ്യന്റെ ശത്രുവാണ് പിശാച്. മനുഷ്യനെ കീഴടക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് അവന്‍. നിസ്കരിക്കുന്നത് അവന് കണ്ടുകൂടാ. സുജൂദ് ചെയ്യുന്നതും അവന് രസിക്കില്ല. അല്ലെങ്കിലും ഒരു സുജൂദ് ചെയ്യാത്തതിന്റെ പേരിലാണല്ലോ അവന്‍ ശപിക്കപ്പെട്ടത്. അവനെങ്ങനെയാണ് ഈ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള നിസ്കാരം ഇഷ്ടപ്പെടുക? അതുകൊണ്ട് അവന്റെ ചതിയില്‍ നിന്ന് രക്ഷതേടണം. അല്ലാഹുവെ അഭയമായി സ്വീകരിക്കണം. അല്ലാഹുവിന്റെ കാവല്‍ കുടക്കീഴിലേക്ക് മാറിനില്‍ക്കണം.
ഇനിയാണ് ഓതാന്‍ തുടങ്ങേണ്ടത്. കാരുണ്യവാനായ അല്ലാഹുവിനെക്കൊണ്ട് തുടങ്ങണം. ബിസ്മില്ലാഹ്! എല്ലാം അല്ലാഹുവിനെക്കൊണ്ടാണ് അങ്ങനെയെങ്കില്‍ അതിന്റെ അനിവാര്യ തുടര്‍ച്ചയാണ് അടുത്തുവരുന്ന ഹംദ്. നന്ദിയെല്ലാം അല്ലാഹുവിന് തന്നെ. കാരണം കാര്യങ്ങളെല്ലാം അല്ലാഹുവില്‍ സമര്‍പ്പിതമാകുന്നു. അതുകഴിഞ്ഞ് അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന വചനങ്ങള്‍ ഉരുവിടണം. റഹ്മാന്‍! റഹീം! മഹാ കാരുണ്യവാന്‍, സദാ കാരുണ്യവാന്‍ എന്നിങ്ങനെ അല്ലാഹുവെ കരുതണം. തുടര്‍ന്ന് അന്ത്യനാളിലെ അവന്റെ അധികാരത്തെ ഓര്‍ക്കണം. ആദരവും ഭയവും മനസ്സിലുദിക്കാനാണിത്. വിശ്വാസി പ്രതീക്ഷക്കും ഭയത്തിനുമിടയിലാണെന്ന് ഹദീസിലുണ്ടല്ലോ. അന്ത്യനാളിന്റെ രംഗങ്ങളില്‍ പേടിയും അവന്‍ അന്നാളിലെ പരമാധികാരിയാണെന്നത് അവന്റെ മഹോന്നൗത്യവും മനസ്സിലുദിപ്പിക്കും. അനന്തരം ഇഖ്ലാസ് ഒന്നുകൂടി പുതുക്കണം. നിന്നെ ഞങ്ങള്‍ ആരാധിക്കുന്നുവെന്നു പ്രഖ്യാപിക്കുന്നതു അതിനത്രെ. നിന്നോട് സഹായം തേടുന്നുവെന്ന വചനങ്ങളാകട്ടെ സ്വന്തം അശക്തതയും ബലഹീനതയും പ്രകടിപ്പിക്കാനാണ്. ഈ രീതിയില്‍ പിശാചില്‍ നിന്ന് അഭയം തേടി ബിസ്മിയും ഹംദും ചൊല്ലി പ്രതീക്ഷയും ഭയവും പ്രകടിപ്പിച്ച് സ്വന്തം നിസ്സഹായത തിരിച്ചറിഞ്ഞ് നിഷ്കപടതയും നിഷ്കളങ്കതയും തുറന്നുപറഞ്ഞ്, ചോദിക്കാനുള്ളത് ചോദിക്കണം; ഏറ്റവും പ്രധാനപ്പെട്ട ഇത് തന്നെ ചോദിക്കുക. ഇഹ്ദിന…. നേരായ പാതയില്‍ നീ ഞങ്ങളെ ചേര്‍ക്കേണമേ. ഉള്ളറിഞ്ഞ അനിവാര്യമായ ആ അര്‍ത്ഥന അവിടെ നിറുത്തിക്കൂടാ. ഒത്തിരി നീട്ടിപ്പറയണം. നബിമാരും സ്വിദ്ദീഖുകളും ശുഹദാക്കളും സ്വാലിഹുകളും പോയ, അല്ലാഹുവിന്റെ കോപമേറ്റുവാങ്ങുകയും പിഴച്ചുപോവുകയും ചെയ്തവരുടേതല്ലാത്ത വഴിയിലേക്കാണ് ചേര്‍ത്തിത്തരേണ്ടത്. നേരായ പാതയ്ക്കുവേണ്ടിയുള്ള ഈ അര്‍ത്ഥന മനസ്സിന്റെ ഉള്ളിന്റെയുള്ളില്‍ നിന്നുള്ള സ്വഛന്ദമായ വികാരത്താല്‍ ആമീന്‍  നീ ഞങ്ങള്‍ക്ക് ഉത്തരം നല്‍കേണമേ  എന്നു ചൊല്ലി അവസാനിപ്പിക്കണം.
ഒരു ഖുദ്സിയ്യായ ഹദീസുകൂടി ചേര്‍ത്തുവായിക്കുക: നിസ്കാരം എനിക്കും എന്റെ അടിമക്കുമിടയില്‍ പകുതിയായി വിഭജിച്ചിരിക്കുന്നു. അടിമ ചോദിക്കുന്നത് അവന് കിട്ടും. അടിമ അല്‍ഹംദുലില്ലാഹി റബ്ബില്‍…. എന്നു പറഞ്ഞാല്‍, എന്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നുവെന്നു അല്ലാഹു പറയും. അടിമ അര്‍റഹ്മാനിര്‍റഹീം എന്നു പറയുമ്പോള്‍ എന്റെ അടിമ എന്നെ പുകഴ്ത്തിയിരിക്കുന്നുവെന്നു അല്ലാഹു പറയും. അടിമ മാലികി…. എന്നു പറയുമ്പോള്‍ എന്റെ അടിമ എന്നെ വന്ദിച്ചിരിക്കുന്നുവെന്നു അവന്‍ പറയും. അടിമ ഇയ്യാക നഅ്ബുദു…. എന്നു പറയുമ്പോള്‍ ഇത് എനിക്കും അടിമക്കുമിടയിലുള്ളതാണ്. എന്റെ അടിമക്ക് അവന്‍ ചോദിച്ചത് ഞാന്‍ കൊടുക്കും എന്നു അല്ലാഹു പ്രതികരിക്കും. അടിമ ഇഹ്ദിനസ്വിറാതല്‍…. വലള്വാല്ലീന്‍ എന്നു പറഞ്ഞാല്‍, ഇത് എന്റെ അടിമക്ക് മാത്രമുള്ളതാണ്. എന്റെ അടിമക്ക് അവന്‍ ചോദിച്ചതുണ്ട് എന്നു അല്ലാഹു പ്രതികരിക്കും (മുസ്ലിം).
ഇനി നിസ്കാരത്തിലെ കര്‍മങ്ങളിലേക്ക് തിരിച്ചുവരണം. ഫാതിഹ ഓതിക്കഴിഞ്ഞാല്‍ തുടര്‍ന്നുവരുന്ന പ്രധാന കര്‍മങ്ങള്‍ റുകൂഅ്, ഇഅ്തിദാല്‍, സുജൂദ്, രണ്ടു സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തം, അത്തഹിയ്യാത്ത്, സലാം എന്നിവയാണ്. പ്രസ്തുത കര്‍മങ്ങളെല്ലാം വിനയാന്വിതനായ ഒരു ദാസനെ സൃഷ്ടിക്കാനുള്ള പ്രായോഗിക പരിശീലനമാണ്.
റുകൂഉം സുജൂദും അല്ലാഹുവിന്റെ ഔന്നത്യവും മഹത്ത്വവും സ്വന്തം നിസ്സാരതയും അംഗീകരിക്കാനുള്ള കര്‍മങ്ങളാകുന്നു. ആ സമയങ്ങളില്‍ അടിമ വിനയം പുതുക്കണം. അല്ലാഹുവിന്റെ പരിശുദ്ധി പ്രകീര്‍ത്തിക്കണം. മഹത്ത്വത്തെ വാഴ്ത്തിപ്പറയണം. റുകൂഇല്‍ നിന്നും സുജൂദില്‍ നിന്നും ഉയരുമ്പോള്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷിക്കണം. സുജൂദില്‍ തന്റെ മുഖം മണ്ണിലമര്‍ത്തി അവന്‍ അല്ലാഹുവിന്റെ മഹത്ത്വം പ്രകീര്‍ത്തിക്കണം; പരമ വിധേയത്വത്തിലേക്ക് ശരീരത്തെ കീഴ്പ്പെടുത്തിക്കൊണ്ട്. അങ്ങനെ ഹൃദയനൈര്‍മല്യം കിട്ടിയാല്‍ ഉയര്‍ന്ന് അല്ലാഹുവോട് പൊറുക്കലിരക്കണം; അത്തഹിയ്യാത്ത് ഓതണം. ആ ഇരുത്തം നോക്കൂ, അച്ചടക്കത്തോടെ! വിനയത്തോടെ! തിരുമുല്‍കാഴ്ചകള്‍ അല്ലാഹുവിന് അര്‍പ്പിക്കുന്നു. അതുകഴിഞ്ഞ് നബി(സ്വ)യെ ഓര്‍ക്കണം. അവിടുത്തേക്ക് സലാം പറയണം. തുടര്‍ന്ന് സ്വന്തത്തിനും എല്ലാ സുകൃതാചരികള്‍ക്കും സലാം പറയണം. രണ്ടു കലിമത്തുശ്ശഹാദത്ത് ആവര്‍ത്തിച്ചുരച്ച് ആ വിശുദ്ധാവസ്ഥയില്‍ ഭക്തിയോടെ ദുആ ചെയ്ത് സലാം വീട്ടണം. അതോടെ നിസ്കാരമെന്ന പുണ്യകര്‍മം തീരുന്നു.
ഉടമയുടെ മുമ്പില്‍ അടിമ ചെയ്യുന്ന വിനയപ്രകടനങ്ങളെല്ലാം നിസ്കാരത്തിലുണ്ട്. കൈകെട്ടി നിസ്സഹായനായി നിന്നുകൊണ്ടും തലകുനിച്ചും മുഖം നിലത്തുവെച്ചും ഭവ്യതയോടെ ഇരുന്നുമുള്ള വിവിധ രൂപങ്ങള്‍. അതുകൊണ്ട് നിസ്കാരത്തെ അല്ലാഹുവിന്റെ മുമ്പില്‍ വിനയവും ഒതുക്കവും പ്രകടിപ്പിച്ച് അനിര്‍വചനീയ ഒരാത്മികാവസ്ഥയിലേക്കുള്ള പ്രയാണമായിട്ടാണ് കാണേണ്ടത്. നിസ്കാരം തന്റെ കണ്‍കുളിര്‍മയാണെന്ന് തിരുനബി(സ്വ) പരിചയപ്പെടുത്തിയത് ശ്രദ്ധേയമാണ്.
നിസ്കാരത്തിലുണ്ടാകേണ്ട ആന്തരിക മര്യാദകള്‍ പാലിക്കുന്നതുമൂലം വിവരണാതീതമായ ആത്മികൗന്നത്യം ഉണ്ടാകും. ആന്തരിക വിശുദ്ധിയോടെയുള്ള നിസ്കാരത്തിന്റെ അനന്തരഫലം ഹൃദയത്തില്‍ ഒരു പ്രത്യേക പ്രകാശം ലഭ്യമാകലാണ്. അതായത് അലൗകിക ജ്ഞാനത്തിന്റെ താക്കോലുകളായി വര്‍ത്തിക്കുന്ന പ്രകാശം ഹൃദയത്തില്‍ ലഭിക്കും. ആകാശ ഭൂവനങ്ങളുടെ രാജത്തവും രഹസ്യങ്ങളും തുറന്നുകാണിക്കപ്പെടും. ഇതെല്ലാം നിസ്കാരത്തില്‍, പ്രത്യേകിച്ചും സുജൂദില്‍ ലഭിക്കും.
ഒരടിമ സുജൂദിലാണ് തന്റെ സ്രഷ്ടാവായ അല്ലാഹുവിനോട് ഏറ്റവും കൂടുതല്‍ അടുക്കുന്നതെന്ന് ഹദീസിലുണ്ടല്ലോ. നിസ്കരിക്കുന്നവന്റെ ആന്തരിക വിശുദ്ധിയുടെ തോതനുസരിച്ച് ഈ വെളിപ്പെടല്‍ ജ്ഞാനത്തില്‍ ഏറ്റവ്യത്യാസങ്ങളുണ്ടാകാം. നീ സുജൂദ് ചെയ്യുകയും റബ്ബിന്റെ സാമീപ്യം നേടുകയും ചെയ്തുകൊള്ളുക (സൂറതുല്‍ അലഖ്19) എന്ന ഖുര്‍ആന്‍ വചനം നിസ്കാരത്തിന്റെ ആത്മികോയര്‍ച്ചയെയാണ് തുറന്നുകാണിക്കുന്നത്. പണ്ഡിത വിശാരദര്‍ ഇപ്പറഞ്ഞതിന് ചില ന്യായങ്ങള്‍ ഉന്നയിച്ചിട്ടുള്ളതു കൂടി കാണുക.
വാനലോകത്ത് അല്ലാഹുവിന് ആരാധനയര്‍പ്പിക്കുന്ന ഒരുപാട് മലക്കുകളുണ്ട്. അവരില്‍ ചിലര്‍ നിറുത്തത്തിലാണ്. അന്ത്യനാള്‍ വരെ അവര്‍ നിറുത്തത്തിലായി ആരാധിക്കും. മറ്റു ചിലരാകട്ടെ അന്ത്യനാള്‍ വരെ റുകൂഇലായിരിക്കും. ഇനിയും ചിലര്‍ സുജൂദില്‍ മാത്രമായിരിക്കും. ഈയവസ്ഥയില്‍ നിന്ന് മാറ്റമുണ്ടാകുന്നതല്ല. ഇതേക്കുറിച്ചാണ് ഞങ്ങള്‍ക്ക് അറിയപ്പെട്ട ഒരു സ്ഥാനം ഉണ്ടെന്ന് ഖുര്‍ആന്‍ പരാമര്‍ശിച്ചത്. എന്നാല്‍ മനുഷ്യര്‍ക്കായി നല്‍കപ്പെട്ട നിസ്കാരത്തില്‍ നിറുത്തവും റുകൂഉം സുജൂദുമെല്ലാം മേളിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് തികവൊത്ത നിസ്കാരത്തിലൂടെ മാറ്റമില്ലാത്ത സ്ഥാനങ്ങളില്‍ കഴിയുന്ന മലക്കുകളേക്കാള്‍ ഉയര്‍ന്ന പദവികളിലേക്ക് മനുഷ്യന് ഉയര്‍ന്നെത്താന്‍ കഴിയും.
നിസ്കാരത്തില്‍ ഭക്തി കാണിക്കുന്നവരായ വിശ്വാസികള്‍ വിജയിച്ചിരിക്കുന്നു (അല്‍മുഅ്മിനൂന്‍1,2). അത്തരം ഭക്തരായ വിശ്വാസികളുടെ അന്തിമ വിജയത്തെ കുറിച്ചുള്ള പരാമര്‍ശം കാണുക: അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍. അതായത് ഉന്നതമായ സ്വര്‍ഗം അനന്തരമായി നേടുന്നവര്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
നോക്കുക, ഭക്തിപൂര്‍വമുള്ള നിസ്കാരം വിജയത്തിന്റെയും സ്വര്‍ഗപ്രവേശനത്തിന്റെയും മാനദണ്ഡമായി അവതരിപ്പിച്ചിരിക്കുന്നു. നിസ്കാരത്തിലൂടെയാണ് മനുഷ്യന്‍ സ്വര്‍ഗത്തിലെത്തുന്നതും അവിടെയുള്ള അനുഗ്രഹങ്ങള്‍ ആസ്വദിക്കുന്നതും എന്നു കാണാന്‍ പ്രയാസമൊന്നുമില്ല.

ഇഎംഎ ആരിഫ് ബുഖാരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ശഅ്ബാന്‍ തിരുനബി(സ്വ)യുടെ മാസം, സ്വലാത്തിന്‍റെയും

അബൂബയാനുല്‍ ഇസ്ഹാഖ്(റ) സ്വപ്നത്തില്‍ തിരുനബി(സ്വ)യെ ദര്‍ശിച്ചു. പ്രവാചകരോട് അദ്ദേഹം ചോദിച്ചു: ‘നബിയേ, ഇമാം ശാഫിഈ അങ്ങയുടെ…

● അസീസ് സഖാഫി വാളക്കുളം

ഗസ്‌വത് ഹിന്ദും കപടഭക്തരുടെ കൗടില്യങ്ങളും

പ്രമാണങ്ങൾ എത്രമാത്രം മാരകമായി ദുരുപയോഗം ചെയ്യാമെന്നും അങ്ങനെയുള്ള തീക്കളികൾ സമൂഹത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നതിനും വ്യക്തമായ ദൃഷ്ടാന്തമാണ്,…

● ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി

സ്വുൽബും തറാഇബും: ഖുർആന്റെ മറ്റൊരു വിസ്മയം.

  ?പുരുഷന്റെ കടിപ്രദേശത്തു നിന്നും സ്ത്രീയുടെ വാരിയെല്ലിൽ നിന്നും എന്ന വ്യാഖ്യാനപ്രകാരം അണ്ഡവിസർജനം വാരിയെല്ലിൽ നിന്നാണെന്ന്…

● ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി