?പുരുഷന്റെ കടിപ്രദേശത്തു നിന്നും സ്ത്രീയുടെ വാരിയെല്ലിൽ നിന്നും എന്ന വ്യാഖ്യാനപ്രകാരം അണ്ഡവിസർജനം വാരിയെല്ലിൽ നിന്നാണെന്ന് വരില്ലേ? ഇതൊരു മണ്ടത്തരമല്ലേ?

??? തറാഇബ് എന്നതിന് സാധാരണ പറഞ്ഞുവരാറുള്ള ഒരർഥമാണ് വാരിയെല്ല്എന്നത്. എന്നാൽ അതിന് വ്യത്യസ്തമായ അർഥതലങ്ങളുണ്ട്.
തരീബത്ത് എന്നതിന്റെ ബഹുവചനമണിത്. അപൂർവമായി മാത്രം കാണുന്ന പദമാണിത്. വിശുദ്ധ ഖുർആനിൽ ഒറ്റ തവണയാണ് തറാഇബുള്ളത്. ജാഹിലിയ്യ കവി ഇംറുൽ ഖൈസിന്റെ ഒരു കവിതയിൽ ഈ പദം വന്നിട്ടുണ്ട്.മുഫസ്സിറുകൾ തറാഇബിന് വ്യത്യസ്തമായ അർഥങ്ങളാണ് നൽകിയിട്ടുള്ളത്. ഇബ്‌നു കസീർ പറയുന്നത് സ്വഹാബികളും താബിഉകളുമായ പ്രമുഖർ തന്നെ തറാഇബിന് വ്യത്യസ്ത വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ടെന്നാണ്. സ്ത്രീമാലയിടുന്ന ഭാഗം, നെഞ്ച്, സ്തനങ്ങൾക്കിടയിലുള്ള ഭാഗം, തോൾ മുതൽ നെഞ്ച് വരെയുള്ള സ്ഥലം, പൂണെല്ലിന്റെ താഴെയുള്ള ഭാഗം, സ്തനങ്ങൾക്ക് മുകളിലുള്ള ഭാഗം, താഴെ നാല് വാരിയെല്ലുകൾ, രണ്ട് കാലുകൾക്കിടയിലെ ഭാഗം, കണ്ണുകൾക്കിടയിലുള്ള ഭാഗം, ഹൃദയം എന്നിങ്ങനെ പോകുന്നു ആ അർഥങ്ങൾ.
ഇതിൽ ഏതാണ് അല്ലാഹു ഉദ്ദേശിച്ചതെന്ന് ഉറപ്പിച്ച് പറയാനാവില്ല. തിരുനബി(സ്വ)യിൽ നിന്ന് കൃത്യമായ സനദോടെ എന്തെങ്കിലും വിശദീകരണം മർഫൂആയി ഉദ്ധരിക്കപ്പെട്ടത് കണ്ടിട്ടുമില്ല. മൊത്തത്തിൽ, സ്ത്രീകളുടെ പല ശരീര ഭാഗങ്ങളെയും സൂചിപ്പിക്കാൻ ഈ പദം പ്രയോഗിക്കുമെന്ന് നമുക്ക് മനസ്സിലായി.

അപ്പോൾ ‘പുരുഷന്റെ കടി പ്രദേശത്ത് നിന്നും സ്ത്രീകളുടെ വിവിധ ശരീര ഭാഗങ്ങളിൽ നിന്നുമായി പുറപ്പെടുന്ന ദ്രാവകങ്ങളിൽ നിന്നാണ് മനുഷ്യസൃഷ്ടിപ്പ്’എന്ന് കിട്ടും. ഇത് ആധുനിക ഗവേഷണങ്ങളുമായി കലഹിക്കുന്നില്ലല്ലോ. മാത്രമല്ല, പരാമർശിക്കപ്പെട്ട അവയവ ഭാഗങ്ങൾക്ക് അണ്ഡോൽസർജനത്തിൽ പ്രത്യേകമായ പങ്കുണ്ടോ എന്ന കാര്യങ്ങൾ ഇനിയും ഗവേഷണമർഹിക്കുന്നതാണ്.
എന്നാൽ ചില വ്യാഖ്യാനങ്ങൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നുണ്ട്. മാലയിടുന്ന സ്ഥലം, താഴെ വാരിയെല്ലുകൾ തുടങ്ങിയ അർഥങ്ങൾ എടുക്കുമ്പോൾ ഒരുതരത്തിൽ അത് കൃത്യമാവുന്നുണ്ട്. പുരുഷനായാലും സ്ത്രീയായാലും നാഭിതടത്തിനും വാരിയെല്ലുകൾക്കുമിടയിലുള്ള പ്രവിശ്യയിൽ നിന്നുതന്നെയാണല്ലോ രണ്ട് ദ്രാവകങ്ങളും ഉൽസർജിക്കുന്നത്.
എന്നാൽ താബിഈ പ്രമുഖനായ ളഹ്ഹാക് രേഖപ്പെടുത്തുന്നതു പ്രകാരം രണ്ട് കാലുകൾക്കിടയിലുള്ള ഭാഗം എന്നാണർഥം. അഥവാ വസതി കമാനം. മുഹമ്മദ് അസദിന്റെ പരിഭാഷയിൽ വസ്തി കമാനം (pelvic arch) എന്ന് പ്രയോഗിച്ചിരിക്കുന്നു. കാലുകൾക്കിടയിലുള്ള എല്ലിൻകൂടിനാണ് pelvic girdle എന്ന് പറയുന്നത്. സ്ത്രീയുടെ അണ്ഡാശയമുള്ളത് ഗർഭാശയത്തിന് ഇരുവശത്തുമായി pelvic girdle ന് അകത്താണ്. അപ്പോൾ അർഥം ഇങ്ങനെയായി: ‘പുരുഷന്റെ കടിപ്രദേശത്ത് നിന്നും സ്ത്രീയുടെ വസ്തിക മാനത്തിൽ നിന്നും പുറപ്പെടുന്ന ദ്രാവകങ്ങളിൽ നിന്നാണ് മനുഷ്യസൃഷ്ടിപ്പ്.’ ഈ വിശദീകരണ പ്രകാരം അണ്ഡസ്രാവമുണ്ടാവുന്നത് തറാഇബിൽ നിന്ന് തന്നെയാണെന്ന് മനസ്സിലാക്കാം.

? സാധാരണ നാം പറയുന്ന നട്ടെല്ലുംവാരിയെല്ലും കൃത്യമായി ഈ വിശദീകരണങ്ങളിൽ എവിടെയും വരുന്നില്ലല്ലോ. അപ്പോൾ ആ അർഥകൽപന ശരിയല്ലായിരിക്കാം. അല്ലേ?

??? അങ്ങനെ പറയാവതല്ല. ഖുർആനിന്റെ അർഥങ്ങൾ അവസാനിക്കുന്നില്ല. ബിജോൽപാദനത്തിൽ നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയിലുള്ള ഭാഗത്തിന്റെ പങ്ക് വളരെ പ്രധാനമാണ്.
1. ഭ്രൂണത്തിനകത്ത് ശുക്ലമുൽപാദിപ്പിക്കുന്ന ആന്തരിക ഗ്രന്ഥികൾ നട്ടെല്ലിനും വാരിയെല്ലിനുമിടയിൽ കിഡ്‌നികൾക്കടുത്താണ് ഉത്ഭവിക്കുന്നത്. അവിടെനിന്ന് പിന്നീടത് ക്രമേണ വൃഷ്ണങ്ങളിലേക്കിറങ്ങിവരുന്നു.
2. ശുക്ലപദാർഥം ഉണ്ടാവുകയും സ്രവിക്കുകയും ചെയ്യുന്ന വ്യവസ്ഥക്ക് ആമാശയം, കരൾ, ശ്വാസകോശങ്ങൾ, ഹൃദയം, മസ്തിഷ്‌കം, കിഡ്‌നി തുടങ്ങിയ അവയവങ്ങൾ അവയുടെ ധർമങ്ങൾ നടത്തുന്നില്ലെങ്കിൽ സ്വയം പ്രവർത്തിക്കാനാകില്ല. ശുക്ലോൽപാദനത്തിനും അതിന്റെ സ്രവണത്തിനും ശരീരത്തിന്റെ ചില ഭാഗങ്ങൾ നിർവഹിക്കുന്ന പ്രത്യേക സാങ്കേതിക സംവിധാനം അതിന്റെ പ്രവർത്തനം നടത്തുന്നത് അല്ലാഹു വാരിയെല്ലിനും നട്ടെല്ലിനുമിടയിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ അവയവങ്ങളുടെയും മൊത്തത്തിലുള്ള പ്രവർത്തനം വഴിയാണ്.
3. ejaculation ഉണ്ടാക്കുന്ന sympathetic stimulation ഉണ്ടാക്കുന്നsympathetic runk നിലകൊള്ളുന്നത് നട്ടെല്ലിന്റെ T11, T12, L1 & L2 ലെവലുകളിലാണ് (T=thoracic, L=lumbar).
ഈ ലെവലുകളെല്ലാം വാരിയെല്ലുകൾ vertebral bodies ൽ ചേരുന്നതിനു സമാന്തരമോ തൊട്ടു താഴെയോ ആണ്. തലച്ചോറിൽ നിന്ന് നാഡിവഴിയുള്ള സൂചന ഈ കേന്ദ്രത്തിലെത്തുമ്പോൾ, ഈ കേന്ദ്രത്തിന്റെ ചലനത്തിലൂടെ (Trigger action) ശുക്ലകോശം സങ്കോചിക്കുകയും ശുക്ലം ഒരു സിറിഞ്ചിൽ നിന്നെന്ന പോലെ പുറംതള്ളപ്പെടുകയും ചെയ്യുന്നു.

? നിങ്ങളിപ്പോൾ പല അർഥങ്ങളും പറഞ്ഞു. ഇതിൽ ഏതാണ് ശരി?

??? ഈ ആയത്തിന് പൗരാണിക പണ്ഡിതന്മാർ തന്നെ 3 വ്യാഖ്യാനങ്ങൾ പറഞ്ഞിട്ടുണ്ട്.
എ. പുരുഷന്റെ സുൽബിന്റെയും തറാഇബുകളുടെയും ഇടയിൽ നിന്ന് പുറപ്പെടുന്ന ദ്രാവകം.
ബി. പുരുഷന്റെ സുൽബിൽ നിന്നും സ്ത്രീയുടെതറാഇബുകളിൽ നിന്നും പുറപ്പെടുന്ന ദ്രാവകം.
സി. പുരുഷന്റെയും സ്ത്രീയുടെയും സുൽബിന്റെയും തറാഇബുകളുടെയും ഇടയിൽ നിന്ന് പുറപ്പെടുന്ന ദ്രാവകം.

ഈ മൂന്ന്വ്യാഖ്യാനങ്ങളിൽ എല്ലാം ശരിയാണെന്നും അവയിലൊന്നുപോലും ആധുനിക ശാസ്ത്ര നിരീക്ഷണങ്ങളുമായി കലഹിക്കുന്നില്ലെന്നുമാണ് നാം പറഞ്ഞത്.

ഇവക്കു പുറമേ ഭാഷാപരമായി ചിന്തിച്ചാൽ ഇനിയും കുറേ വ്യാഖ്യാന സാധ്യത കാണുന്നുണ്ട്. ഖുർആന്റെ ഭാഷാപരമായ അമാനുഷികതയാണ് അത് വ്യക്തമാക്കുന്നത്. ഒരു പദസഞ്ചയത്തിന് ഒട്ടനവധി അർഥ സാധ്യതകളുണ്ടാവുകയും ഒരേസമയം അവ ശരിയാവുകയും ചെയ്യുക എന്നത് സാഹിത്യപരമായ ഒരത്ഭുതമല്ലേ? അക്ഷരജ്ഞാനമില്ലാത്ത ഒരാൾ കൊണ്ടുവന്ന ഈ പദസഞ്ചയം ആധുനിക നിരീക്ഷണങ്ങളുമായി നൂറു ശതമാനം യോജിക്കുമ്പോൾ തീർച്ചയായും അമാനുഷിക സൗന്ദര്യം ബോധ്യപ്പെടും.

? അപ്പോൾ ഇത് വരെ സൂചിപ്പിച്ചതല്ലാത്ത വേറെയും അർഥസാധ്യതകളുണ്ടോ?

??? അതേ.

? അതൊന്ന് പറഞ്ഞാട്ടെ.

??? പുരുഷനും സ്ത്രീയും ഇണചേരുമ്പോൾ അവക്കിടയിലൂടെയാണല്ലോ ശുക്ലം തെറിച്ച് വീഴുന്നത്. ഒരു വസ്തുവിനെ മുഴുവനായി പറയേണ്ടിടത്ത് ഒരു ഭാഗം മാത്രം പറയുന്ന രീതി സാഹിത്യത്തിൽ ഏറെ സുപരിചിതമാണ്. ‘ഈ പ്രശ്‌നത്തിൽ നീ തലയിടരുത്’/ ‘അവന്റെ കയ്യെത്താത്ത വിഷയങ്ങളില്ല’ എന്നൊക്കെ പറയുന്നിടത്ത് കൈയും തലയും മാത്രമല്ല ഉദ്ദേശ്യം. തലക്കും കൈയിനും ഉദ്ദിഷ്ട വിഷയത്തിൽ മുഖ്യ റോളുണ്ടായതിനാൽ അതിനെ പരാമർശിച്ചുവെന്ന് മാത്രം.
ലൈംഗിക വേഴ്ചയിലും ഉത്തേജനത്തിലും സ്ത്രീകളുടെ സ്തനങ്ങളുടെ (തറാഇബിന് നേരത്തേ വിശദീകരിച്ച പല അർഥങ്ങളിൽ ഒന്നാണല്ലോ സ്തനവുമായി ബന്ധപ്പെട്ട പല പരികൽപനകൾ) പ്രാധാന്യവും പുരുഷ അരക്കെട്ടിന്റെ (സുൽബ്) പ്രധാന്യവും ആർക്കാണറിയാത്തത്. ലൈംഗിക വേഴ്ച എന്ന് പച്ചയായി പറയാതെ ഇങ്ങനെ ആലങ്കാരികമായി വ്യംഗമാക്കി പറയുമ്പോൾ അതിന്റെ സാഹിത്യ ഭംഗി വേറെതന്നെയാണ്. ഈ സൂക്തം കുറഞ്ഞപക്ഷം ഇത്രയും കാര്യങ്ങളിലേക്ക് സൂചന നൽകുന്നുണ്ട്:

1. വൃഷണത്തിന്റെ ഭ്രൂണശാസ്ത്ര ഉത്ഭവം embryonic gonadal ridge ൽ നിന്നാണ്. ഇത് locate ചെയ്യുന്നത് വാരിയെല്ലുകൾക്കും നട്ടെല്ലിനും ഇടയിലാണ്.
2. ഇജാക്കുലേഷന് ആവശ്യമായ സംവിധാനങ്ങൾ നട്ടെല്ലിനും വാരിയല്ലിനും ഇടയിലുള്ള സ്ഥലത്താണ് പ്രധാനമായും ഒരുക്കപ്പെട്ടിട്ടുള്ളത്.
3. ലൈംഗിക വേഴ്ചയിലൂടെ ശുക്ലവിസർജനമുണ്ടാകുന്നു.
4. നട്ടെല്ലിനും വാരിയെല്ലിനുമിടയിലായി സ്ഥിതി ചെയ്യുന്നsympathetic runk ലാണ് ഇജാക്കുലേഷനാവശ്യമായ ചലനം നടക്കുന്നത്.
5. ejaculation നടക്കുന്നത് മുതുകെല്ലിന്റെ അഗ്രഭാഗത്തിനും (സുൽബ്) വാരിയെല്ലുകൾക്കും ഇടയിൽ നിന്നാണ്.
6. അണ്ഡോൽസർജനം നടക്കുന്നത് അടിയിലെ വാരിയെല്ലുകൾക്കും മുതുകെല്ലിന്റെ അഗ്രഭാഗത്തിനും (സുൽ ബ്) ഇടയിലാണ്.
7. അണ്ഡോൽസർജനം നടക്കുന്നത് തറാഇബ് എന്ന് വിളിക്കപ്പെടാവുന്ന സ്ത്രീയുടെ ശരീര ഭാഗങ്ങളിൽ (pelvic girdle) നിന്നാണ്.
8. ശുക്ലം തെറിച്ചുവീഴുന്നത് കടിപ്രദേശത്ത് നിന്നാണ്.

ചുരുക്കത്തിൽ ശുക്ലത്തിന്റെ ഉത്ഭവസ്ഥാനം, അവയുടെ ഉൽപാദത്തിനാവശ്യമായ അടിസ്ഥാന അവയങ്ങളുടെ സ്ഥാനം, ശുക്ല വിസർജനത്തിനാവശ്യമായ പ്രവർത്തനം, അതിനെ തുടർന്ന് വിസർജനത്തിലേക്ക് നയിക്കുന്ന അന്തരിക അവയവത്തിന്റെ ചലനത്തിന്റെ സ്ഥാനം, തുടർന്ന് ശുക്ലം പറപ്പെടുന്ന വിവിധ അവയവങ്ങളുടെ സ്ഥാനം, അതിലെ കണ്ടന്റ്, സ്വഭാവം, ഒപ്പം അണ്ഡോൽസർജനത്തിന്റെ സ്ഥാനം, അതിന്റെ സ്വഭാവം എല്ലാറ്റിലേക്കും പത്ത് വാക്കുകൾ പോലുമില്ലാത്ത ഒരു വാചകത്തിൽ സൂചിപ്പിച്ചിരിക്കുന്നു! ആറാം നൂറ്റാണ്ടിൽ അക്ഷരജ്ഞാനം പോലും ആർജിച്ചിട്ടില്ലാത്ത ഒരു മനുഷ്യനാണിത് പറയുന്നത്. പറയൂ; ഇതത്ഭുതമല്ലേ?

(തുടരും)

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ