സൈദ് കൂട്ടിക്കിഴിക്കുകയായിരുന്നു മനസ്സില്‍. അയാള്‍ ഒരു കാര്യം തീരുമാനിച്ചു. പ്രവാചക മൊഴികള്‍ ശ്രദ്ധിക്കുക തന്നെ. സംശയങ്ങള്‍ ചോദിച്ചു മനസ്സിലാക്കാം. ബോധ്യപ്പെട്ടാല്‍ ദുരഭിമാനമില്ലാതെ അതു സ്വീകരിക്കുക. ധര്‍മച്യുതിയില്‍ നിന്നും മുക്തിനേടുക. വിശുദ്ധി കൈവരിച്ച് ജീവിതം ധന്യമാക്കുക. അങ്ങനെ ഭാവി ഭാസുരമാക്കുക.
അല്‍പം കഴിഞ്ഞപ്പോള്‍ മസ്ജിദുന്നബവിയില്‍ നിന്നും ആളുകള്‍ ഇറങ്ങിവന്നു. ആഗതരെ അകത്തേക്കു വിളിച്ചു. സൈദുനില്‍ ഖൈല്‍ തലയെടുപ്പോടെ ജനങ്ങള്‍ക്കിടയിലൂടെ ചെന്ന് നബി(സ്വ)യുടെ ചാരത്തെത്തി. ഗാംഭീര്യം മുറ്റിയ, ആജാനുബാഹുവായ അദ്ദേഹത്തെ എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചു. സ്വഹാബികള്‍ വഴിമാറിക്കൊടുത്തു. സൈദ് തിരുസമക്ഷം ചെന്നുനിന്നു. ഘനഗാംഭീര്യ സ്വരത്തില്‍ പറഞ്ഞു:
‘യാ മുഹമ്മദ്, അശ്ഹദു അന്‍ലാ….’
അവിടുന്ന് ചോദിച്ചു: ‘നിങ്ങളാരാണ്…?’
‘ഞാന്‍ മുഹല്‍ഹിലിന്റെ മകന്‍ സൈദുനില്‍ ഖൈല്‍’
ഉടന്‍ അവിടുന്ന് സൗമ്യമായി തിരുത്തി: ‘അല്ല, നിങ്ങള്‍ സൈദുനില്‍ ഖൈല്‍ (കുതിരക്കാരന്‍ സൈദ്) അല്ല. സൈദുനില്‍ ഖൈര്‍ (നന്മയുടെ സൈദ്) ആണ്. നിങ്ങളെ ഇവിടെ എത്തിക്കുകയും നിങ്ങളുടെ ഹൃദയത്തെ ഇസ്ലാമിന് പാകപ്പെടുത്തുകയും ചെയ്ത റബ്ബിന് സ്തുതി. അല്‍ഹംദുലില്ലാഹ്…’
നന്മയുടെ സൈദെന്ന റസൂലിന്റെ തിരുത്ത് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ തൊട്ടു. മരുഭൂവന്യതയുടെ കടുപ്പം ഉള്ളിലലിഞ്ഞു തുടങ്ങി. സൈദ് പാകപ്പെടുകയായിരുന്നു, ശരീരം കൊണ്ടും മനം കൊണ്ടും. സംസ്കാരം മാറി, പേരും. സൈദുനില്‍ ഖൈല്‍ പിന്നെ ഖൈറെന്ന് ഖ്യാതിനേടി. കൂടെ വന്നവരും നേതാവിനെ തുടര്‍ന്നു വിശ്വാസം പൂണ്ടു. തിരുനബി(സ്വ) അവരേവരെയും കൂട്ടി വീട്ടിലേക്ക് നടന്നു. ഉമര്‍ബ്നു ഖത്വാബും ഏതാനും പേരും കൂടെച്ചെന്നു.
തിരുഭവനമെത്തി. മദീനാ നായകന്റെ വീടാണോ ഇത്, ഒരു കൊച്ചുകൂര! അലങ്കാരമില്ലാതെ!! അതിശയം തന്നെ!!!
എല്ലാവരും കൂനിക്കൂടി അകത്തുകയറി. നബി(സ്വ) ഒരു തലയിണയെടുത്ത് സൈദിനു നീട്ടി. ചാരിയിരിക്കാനാണ്.
അല്ലാഹ്… തിരുദൂതരുടെ മുന്നില്‍ ചാരിയിരിക്കുകയോ?!!
സൈദ്(റ) വിനയാന്വിതനായി. അത് വാങ്ങിയില്ല. രണ്ടു തവണ കൂടി ദൈവദൂതര്‍ സൈദിനതു നീട്ടി. പക്ഷേ, അദ്ദേഹമത് വാങ്ങാന്‍ കൂട്ടാക്കിയില്ല. ബഹുമാനപുരസ്സരം നിരസിച്ചു.
അറേബ്യന്‍ മണല്‍ക്കാടുകളില്‍ ക്രൂരനടനമാടിയിരുന്ന സൈദ് ഒരു ദര്‍ശനം കൊണ്ടുതന്നെ ആളാകെ മാറി. കൂടെയുള്ളവരെ ഈ കാഴ്ച ഏറെ സ്വാധീനിച്ചു. അക്രമങ്ങളുടെയും കൊള്ളകളുടെയും മൂര്‍ത്തീഭാവമായിരുന്ന ധിക്കാരിയായ തങ്ങളുടെ നേതാവ് എത്ര വേഗമാണൊരു മനുഷ്യനായി പരിണമിച്ചത്. സംഘാംഗങ്ങള്‍ അവിശ്വസനീയതയോടെ മുഖത്തോടു മുഖം നോക്കി.
(തുടരും)

വിസ്മയ വെട്ടങ്ങള്‍

നൗഫല്‍ തൊട്ടിപ്പാലം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഹംസതുല്‍ ഖറാര്‍ (റ) ചരിത്രം വഴിമാറിയ വിസ്മയം

അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവരെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച നാലു വിഭാഗത്തില്‍ മൂന്നാമത്തേത് ശുഹദാക്കളാണ്. ശഹീദ് എന്നാല്‍ ഇസ്ലാമിന്…

ഇല്മ് : ദാര്‍ശനികതയുടെ ഔന്നത്യം

ഇസ്ലാമില്‍ വിജ്ഞാനത്തിന് ‘ഇല്‍മ്’ എന്നാണ് സാങ്കേതികമായ വ്യവഹാരം. ആധുനികമായ ബോധ ധാരയാല്‍ ജ്ഞാനത്തെ സമീപിക്കുന്ന ഒരാള്‍ക്ക്…

ജ്ഞാനസാഗരത്തിന്റെ ആഴമറിഞ്ഞ ഇബ്‌നു ഹജറുൽ ഹൈതമി(റ)

ദയനീയമായൊരു കരച്ചിൽ ആ കൊച്ചു കുട്ടി ശ്രദ്ധിച്ചു. പതിവുപോലെ സ്വുബ്ഹ് നിസ്‌കാരം കഴിഞ്ഞ് ഖുർആനോതാൻ വേണ്ടി…

● അസീസ് സഖാഫി വാളക്കുളം