തിരുനബി(സ്വ)ക്ക് അല്ലാഹുവിൽ നിന്ന് ലഭിച്ച സാക്ഷ്യപത്രമാണ് വിശുദ്ധ ഖുർആൻ. പ്രവാചകത്വത്തിന്റെ അനിഷേധ്യമായ തെളിവ് എന്നതോടൊപ്പം മനുഷ്യ സമൂഹത്തിന്റെ സമഗ്രമായ ജീവിത പദ്ധതി കൂടിയാണത്. ഇതര ഗ്രന്ഥങ്ങളിൽ നിന്ന് ഖുർആനെ വ്യതിരിക്തമാക്കുന്ന പ്രധാന സവിശേഷതകളാണിവ.
വളരെ സങ്കീർണത നിറഞ്ഞ അന്തരീക്ഷത്തിലാണ് വിശുദ്ധ ഖുർആൻ അവതരിക്കുന്നത്. വർഷങ്ങളായി വാഗ്ദത്ത പ്രവാചകരെ കാത്തിരിക്കുന്ന സമൂഹത്തിലായിരുന്നല്ലോ തിരുനബി(സ്വ)യുടെ നിയോഗം. അവരിലെ ഓരോ ഗോത്രവും ആ നബി തങ്ങളിൽ നിന്നാവണമെന്ന് ആഗ്രഹിച്ചിരുന്നു. തങ്ങൾക്കിടയിൽ ഒരു ദൂതൻ നിയോഗിതനാകുമെന്നും അദ്ദേഹത്തോടൊപ്പം ചേർന്ന് അറബികളെ തുരത്തിയോടിക്കാനാവുമെന്നും അന്നത്തെ യഹൂദികളും പ്രതീക്ഷിച്ചിരുന്നതായി ചരിത്രം പറയുന്നു.
ഇതോടൊപ്പം തന്നെ, മനുഷ്യത്വത്തിന് നിരക്കാത്ത അധാർമികതയും ആ സമൂഹത്തിൽ നിറഞ്ഞാടുന്നുണ്ടായിരുന്നു. ഭൗതിക ലോകത്തെ ജീവിതഭ്രമത്തിൽ മതിമറന്ന അവർ സർവ അരുതായ്മകളെയും വാരിപ്പുണർന്നു. സ്വശരീരത്തിന്റെ ഇഷ്ടാനിഷ്ടങ്ങളായിരുന്നു അവരുടെ ജീവിതവ്രതം. സാരോപദേശങ്ങളോ അന്യന്റെ വേദന സംബന്ധിച്ച ഓർമകളോ പോലും അവരിൽ വേരുറക്കുമായിരുന്നില്ല.
ഇത്തരമൊരു യുഗത്തിൽ, സമൂഹത്തിലെ ബഹുഭൂരിഭാഗത്തിന്റെയും ധാരണകളെയും താൽപര്യങ്ങളെയും തിരുത്തിക്കൊണ്ടാണ് തിരുദൂതർ(സ്വ) ഉദയം കൊള്ളുന്നത്. അവരുടെയെല്ലാം ശക്തമായ എതിർപ്പുകൾക്ക് മുന്നിൽ തന്റെ പ്രവാചകത്വ ലബ്ധി സ്ഥിരപ്പെടുത്തുന്നത് നിസ്സാരമായിരുന്നില്ല. എന്നിരുന്നാലും ലോകചരിത്രത്തിൽ സമാനതകളില്ലാത്ത ധാർമിക വിപ്ലവം തിരുദൂതർക്ക് സാധ്യമാക്കിയത് വിശുദ്ധ ഖുർആനാണ്. ഒരേ സമയം നുബുവ്വത്തിന്റെ ദൈവസാക്ഷ്യവും പ്രബോധിത സമൂഹത്തിനുള്ള മാർഗദർശനവുമായിരുന്നു ആ ഗ്രന്ഥം. തിരുനബി(സ്വ)യോടുള്ള വിശ്വാസവും ഖുർആനിനോടുള്ള അനുസരണയും കൈമുതലാക്കിയ അറബികൾ ലോകർക്ക് മുന്നിൽ മാതൃകായോഗ്യരായി. അന്നു മുതൽ കോടാനുകോടി മുസ്‌ലിംകൾ ഖുർആനെ ജീവിത പദ്ധതിയായി അനുസരിച്ചുപോരുന്നു. സാധാരണ ഗ്രന്ഥമല്ല ഖുർആനെന്ന് ഓർമപ്പെടുത്താനാണ് ഇത്രയും പറഞ്ഞത്.
അധാർമികതയിൽ വേരുറച്ചിരുന്ന അറേബ്യൻ ജനത ഖുർആനിൽ ആകൃഷ്ടരായതെങ്ങനെ? അന്ത്യനാൾ വരെയുള്ള പരകോടി മനുഷ്യരുടെ മാർഗദർശിയാവാൻ മാത്രം എന്താണ് അതിലുള്ളത്? ഈ ചോദ്യത്തിനുത്തരം തേടുമ്പോൾ ആ ഇലാഹീ വിസ്മയത്തിന്റെ സൗന്ദര്യങ്ങൾ ദർശിക്കാം.
ഇതിന് മറ്റു പലതിലൂടെയും കടന്നുപോകേണ്ടതുണ്ട്. പ്രവാചകത്വവും മുഅ്ജിസത്തും ഇഅ്ജാസും ഖുർആനിന്റെ അവതരണ ദൈർഘ്യവും പശ്ചാത്തലവും ഗത-വർത്തമാന-ഭാവി കാല വൃത്താന്തങ്ങളും ചരിത്രങ്ങളും പ്രവചനങ്ങളും തുടങ്ങി അനേകം കാര്യങ്ങൾ. ഇത്തരം അന്വേഷണങ്ങളിൽ നിന്നാണ് മനുഷ്യബുദ്ധിയെ അമ്പരപ്പിക്കുന്ന ‘ഖുർആൻ വിസ്മയങ്ങൾ’ സംബന്ധിച്ച് അനേകം ഗ്രന്ഥങ്ങൾ പിറന്നുവീണത്. വിവിധ ദിശകളിലൂടെ വ്യത്യസ്ത മാപിനികളുപയോഗിച്ച് അവ ഖുർആനെ പരിശോധിച്ചു. വരികൾക്കും വാക്കുകൾക്കും അക്ഷരങ്ങൾക്കുമിടയിൽ പ്രപഞ്ചനാഥൻ കോർത്തുവെച്ച അനേകം വിസ്മയങ്ങൾ അതുവഴി ലോകത്തിനു മുന്നിൽ അനാവൃതമായി. ഇമാം ഖത്വാബി(റ)യുടെ ബയാനു ഇഅ്ജാസിൽ ഖുർആൻ, ഇമാം ബാഖില്ലാനി(റ)യുടെ ഇഅ്ജാസുൽ ഖുർആൻ, ഇമാം സ്വുയൂത്വി(റ)യുടെ മുഅ്തരിഖുൽ അഖ്‌റാൻ, ശഅ്‌റാവിയുടെ മുഅ്ജിസതുൽ ഖുർആൻ തുടങ്ങി പ്രസ്തുത വിഷയകമായി വിരചിതമായ പൗരാണികവും ആധുനികവുമായ അനേകം ഗ്രന്ഥങ്ങൾ ഇക്കൂട്ടത്തിൽ ഉൾപെടുന്നു. അവക്ക് പുറമെ വിശുദ്ധ ഖുർആനെ സംബന്ധിച്ച് സമഗ്രമായ ചർച്ച നടത്തുന്നതിനിടയിൽ ഈ വിഷയത്തെ സുന്ദരമായി അവതരിപ്പിച്ച ഇമാം സ്വുയൂത്വി(റ)യുടെ അൽഇത്ഖാൻ, ഇമാം സുർഖാനി(റ)യുടെ മനാഹിലുൽ ഇർഫാൻ തുടങ്ങിയ രചനകൾ വേറെയുമുണ്ട്. ഡിവൈൻ സ്പീച്ച്, ദ മിറാക്കുലസ് ലാംഗ്വേജ് ഓഫ് ഖുർആൻ, ദ ഖുർആനിക് ഫിനോമിന തുടങ്ങിയ പുതിയകാല ഖുർആൻ പഠനങ്ങളും പ്രസക്തമാണ്.

അസാധാരണ സംഭവങ്ങൾ

മുഅ്ജിസത്ത് എന്ന സാങ്കേതിക പദത്തിന് ശരിയായ മലയാള വിവർത്തനം സാധ്യമല്ല. പ്രവാചകരുടെ സത്യസന്ധത ജനസമക്ഷം വെളിപ്പെടുത്തുന്നതിനായി, വാദത്തെ അംഗീകരിക്കുന്ന വിധം, അല്ലാഹു അവരിലൂടെ തന്നെ പ്രകടിപ്പിക്കുന്ന അസാധാരണ സംഭവങ്ങൾ എന്ന് നിർവചിക്കാം. ആരെങ്കിലും പ്രവാചകത്വവാദം ഉയർത്തുകയും എന്തെങ്കിലും ചില അത്ഭുത സംഭവങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തതുകൊണ്ട് മാത്രം അദ്ദേഹത്തെ അംഗീകരിക്കേണ്ടതില്ല. മറിച്ച്, പ്രകൃതി നിയമങ്ങളോട് തീർത്തും വിരുദ്ധമായി, സൃഷ്ടി കഴിവുകൾക്കതീതമായി, തന്റെ വാദത്തിന്റെ സത്യസന്ധത തെളിയിക്കുന്ന വിധം അത്ഭുതം കാണിക്കുകയാണ് വേണ്ടത്. മറിച്ചുള്ളവയൊന്നും അദ്ദേഹത്തിന്റെ വാദത്തിന് തെളിവാകുന്നില്ല. അത്ഭുതങ്ങൾ പ്രകടിപ്പിക്കാൻ നിപുണരായ മാന്ത്രികർക്കാവും. എന്നാൽ അവയൊക്കെയും സ്രഷ്ടാവ് ഏർപ്പെടുത്തിയ പ്രകൃതി നിയമങ്ങൾക്കധീനമാണ്. പലർക്കും ഒറ്റനോട്ടത്തിൽ മനസ്സിലാവാത്ത രൂപത്തിൽ അവതരിപ്പിക്കുന്നുവെന്ന് മാത്രം. ദൈവിക അംഗീകാരത്തിന്റെ അടയാളങ്ങളൊന്നും ഇവിടെയില്ല എന്നത് വ്യക്തം. അതുപോലെ, തന്റെ സത്യസന്ധതയെ സാധൂകരിക്കാത്ത അസാധാരണ സംഭവമുണ്ടായത് കൊണ്ടും കാര്യമില്ല. ഉദാഹരണത്തിന്, ഒരാൾ തന്റെ പ്രവാചകത്വത്തിന്റെ തെളിവായി ഒരു മിണ്ടാപ്രാണിയെ സംസാരിപ്പിക്കാമെന്ന് പറയുകയും എന്നാൽ ആ ജീവി ഇദ്ദേഹം കള്ളനാണെന്ന് വിളിച്ചുപറയുകയും ചെയ്തുവെന്ന് കരുതുക. ഇവിടെ അയാൾ കള്ളം പറയുകയാണെന്ന് വ്യക്തമാവുകയാണ് ചെയ്യുന്നത്. തിരുനബി(സ്വ)ക്ക് ശേഷം കള്ള പ്രവാചകനായി രംഗത്തുവന്ന മുസൈലിമതുൽ കദ്ദാബ് അത്ഭുതങ്ങൾ പ്രകടിപ്പിച്ചിട്ടും അംഗീകാരം ലഭിക്കാതെ പോയത് ഇക്കാരണം കൊണ്ടാണ്.
ഇനി, മുഅ്ജിസത്ത് വഴി പ്രവാചകത്വം സ്ഥിരപ്പെടുന്നതെങ്ങനെയാണെന്ന് നോക്കാം. താൻ പ്രവാചകനാണ് എന്നതിന്റെ തെളിവായി അല്ലാഹു തന്നിലൂടെ ചില അടയാളങ്ങൾ കാണിക്കുന്നു എന്നതാണല്ലോ വാദം. അങ്ങനെ അദ്ദേഹം പ്രകടിപ്പിക്കുന്ന അടയാളങ്ങൾ പ്രാപഞ്ചിക നിയമങ്ങൾക്ക് അതീതമാണെന്ന് വന്നാൽ അത് ഇലാഹീ പിന്തുണയോടെയായിരിക്കുമെന്ന് തീർച്ചയാണല്ലോ. കാരണം, ഭൗതിക നിയമങ്ങൾക്ക് വിരുദ്ധമായ ഇടപെടലുകൾ നടത്താൻ പ്രപഞ്ചാതീതനായ അല്ലാഹുവിനും അവൻ കഴിവു നൽകുന്നവർക്കും മാത്രമേ സാധിക്കൂ. അങ്ങനെ, അത്തരം കാര്യങ്ങൾ പ്രവാചകത്വവാദിയിലൂടെ വെളിപ്പെടുന്നത് വഴി അദ്ദേഹത്തിന്റെ വാദത്തിന് ദൈവികാംഗീകാരമുണ്ടെന്നും അദ്ദേഹം ദൈവദൂതനാണെന്നും സ്ഥിരപ്പെടുന്നു. അഥവാ, ഒരു മുഅ്ജിസത്ത് പ്രകടമാകുന്നതിലൂടെ അദ്ദേഹം പ്രവാചകനാണെന്ന് നിസ്സംശയം തെളിയിക്കപ്പെടുന്നു. നബി(സ്വ)യുടെ ആജ്ഞ പ്രകാരം വൃക്ഷം നടന്നുവരുന്നത് കണ്ട മാത്രയിൽ ഇസ്‌ലാം ആശ്ലേഷിച്ചവരെയും ഉടുമ്പിന്റെ സാക്ഷ്യം കേട്ട് സത്യവിശ്വാസം പുൽകിയവരെയും ചരിത്രത്തിൽ കാണാം. മൂസാ നബി(അ)യുടെ മുഅ്ജിസത്തിൽ നിന്നു സത്യം മനസ്സിലാക്കിയ മാസ്മര വിദ്യക്കാർ സാക്ഷാൽ ഫിർഔനിന്റെ മുന്നിൽവെച്ചു തന്നെ സത്യസാക്ഷ്യം പ്രഖ്യാപിച്ചതും പ്രസിദ്ധം. അസാധാരണ സംഭവത്തിന് സാക്ഷിയാകുന്ന മാത്രയിൽ നുബുവ്വത്തിനെ സംബന്ധിച്ച് ഖണ്ഡിതമായ ജ്ഞാനം ലഭിക്കുന്നുവെന്ന് സാരം.
അതേസമയം, ഇത്തരം അത്ഭുതങ്ങൾ ഔലിയാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായേക്കും. എന്നാൽ അവയൊക്കെയും ഒരു പ്രവാചകന്റെ സന്ദേശത്തെ പ്രബോധനം ചെയ്യുവാനും ശാക്തീകരിക്കുവാനും വേണ്ടിയുള്ളതാണ്. അവരാരും പ്രവാചകത്വവാദം ഉയർത്തുകയോ തങ്ങളുടെ ദൃഷ്ടാന്തങ്ങളെ എതിർത്തു തോൽപിക്കാൻ ആവശ്യപ്പെടുകയോ ചെയ്യില്ല.
എല്ലാ നബിമാർക്കും ഒരുപോലെയുള്ള ദൃഷ്ടാന്തങ്ങളല്ല നൽകപ്പെടുക. പ്രബോധിത സമൂഹത്തിന്റെയും കാലഘട്ടത്തിന്റെയും സാഹചര്യങ്ങളും പ്രവാചക ദൗത്യത്തിന്റെ സവിശേഷതകളുമെല്ലാം അതിൽ പരിഗണിക്കപ്പെടും. സ്വാലിഹ് നബി(അ) പാറയിൽ നിന്ന് ഒട്ടകത്തെ പുറപ്പെടുവിച്ചത് പോലെ സമൂഹം തെളിവ് ആവശ്യപ്പെടുന്നതനുസരിച്ച് അവയുണ്ടായേക്കാം. മൂസാ നബി(അ)യുടെ കൈ പ്രകാശിച്ചത് പോലെ പ്രബോധിതർ ആവശ്യപ്പെടാതെയും സംഭവിക്കാം. വിശുദ്ധ ഖുർആൻ രണ്ടാമത്തെ ഇനത്തിലാണ് ഉൾപെടുന്നത്. അമ്പിയാക്കളുടെ ആഗ്രഹ പ്രകാരം സംഭവിക്കുന്നവയും (തിരുനബിയുടെ കൈ വിരലുകൾക്കിടയിൽ നിന്ന് ശുദ്ധജലം ഉറവയെടുത്തത് പോലെ) അല്ലാഹുവിന്റെ മാത്രം ഇച്ഛ പ്രകാരം നടപ്പിലാകുന്നവയുമുണ്ട്.
മൂസാ നബി(അ)യുടേതു പോലെ ഇന്ദ്രിയ ഗോചരമായ തെളിവുകളായിരിക്കും ചില സമൂഹങ്ങൾക്ക്. പ്രവാചകരുടെ ചുരുങ്ങിയ ദൗത്യ കാലയളവ് പരിഗണിച്ചാണിത്. അതേസമയം, തിരുനബി(സ്വ)യുടെ സമുദായം ധൈഷണികമായി ഏറെ ഉന്നതരാണെന്നതു കൊണ്ടും അവിടത്തെ നുബുവ്വത്ത് അന്ത്യനാൾ വരെ നിലനിൽക്കുന്നുവെന്നതു കൊണ്ടും എന്നെന്നും നിലനിൽക്കുന്നതും ബൗദ്ധികവുമായ ഖുർആൻ നബി(സ്വ)ക്ക് മുഅ്ജിസത്തായി. അങ്ങനെ ലോകാവസാനം വരെയുള്ള ഏതൊരു മനുഷ്യനും നിഷ്പക്ഷ ബുദ്ധിയോടെ ചിന്തിക്കുന്ന പക്ഷം സത്യം വ്യക്തമാവും വിധം നുബുവ്വത്തിന്റെ അനിഷേധ്യ തെളിവായി വിശുദ്ധ ഖുർആൻ നിലകൊള്ളുന്നു.
മുഅ്ജിസത്തുകൾ നിർണയിക്കുന്നിടത്ത് ദൗത്യ കാലത്തിന്റെ സവിശേഷതകൾക്കും വലിയ പ്രാധാന്യമുണ്ട്. ആ കാലഘട്ടത്തിൽ വൈജ്ഞാനികമായി ഏറ്റവും ഉന്നതി പ്രാപിച്ച മേഖലയിൽ നിന്നായിരിക്കും പ്രസ്തുത അസാധാരണത്വം പ്രകടമാവുക. തങ്ങൾക്ക് നൈപുണ്യമുള്ള മേഖലയിൽ നിന്നായിട്ട് കൂടി നബിമാരുടെ അത്ഭുത ദൃഷ്ടാന്തങ്ങളോട് ഏറ്റുമുട്ടാനാവുന്നില്ലെന്ന് വരുമ്പോൾ പ്രവാചകത്വം കൂടുതൽ ദൃഢതയോടെ സ്ഥിരപ്പെടും. മൂസാ(അ)ന്റെ ആഗമന ഘട്ടം മാരണക്കാരുടെ സുവർണ കാലമായിരുന്നല്ലോ. അതുകൊണ്ട് സിഹ്‌റിനെ തോൽപ്പിക്കുന്ന അമാനുഷിക അത്ഭുതങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പ്രവാചകത്വം സ്ഥിരപ്പെടുത്തി. വൈദ്യശാസ്ത്രം വളരെ ഉന്നതി പ്രാപിച്ചിരുന്ന കാലത്ത്, മരിച്ചവരെ ജീവിപ്പിച്ചുകൊണ്ട് ഈസാ നബി(അ) തന്റെ നുബുവ്വത്ത് സ്ഥിരപ്പെടുത്തി. ഇപ്രകാരം, അറബി സാഹിത്യം വളരെ ഉന്നതി പ്രാപിച്ചിരുന്ന ചുറ്റുപാടിലാണ് വിശുദ്ധ ഖുർആൻ അവതരിച്ചതും അറബികളെ മുട്ടുകുത്തിച്ചതും.

ഇഅ്ജാസ്, തഹദ്ദി

നബിമാരിൽ നിന്ന് പ്രകടമാകുന്ന അസാധാരണ സംഭവങ്ങളെല്ലാം മുഅ്ജിസത്തുകളാണ്. പ്രവാചകത്വത്തിന്റെ അനിഷേധ്യ തെളിവുകളായ അവയിൽ ഒന്നിനെ പോലും എതിർത്തു തോൽപിക്കാൻ സൃഷ്ടികൾക്കാവില്ല. എന്നാൽ, മുഅ്ജിസത്തുകളിൽ നിന്ന് ചിലതിനെ മാത്രം പ്രത്യക്ഷമായ വെല്ലുവിളിയോടെ (തഹദ്ദി) അവതരിപ്പിക്കുന്നത് കാണാം. സമകാലികരോട് ഏറ്റുമുട്ടി, അവരെ പരാജയപ്പെടുത്തി പ്രസ്തുത മുഅ്ജിസത്ത് സൃഷ്ടിജാലങ്ങളുടെ കഴിവിന് അതീതമാണെന്ന് സ്ഥിരീകരിക്കുന്നതോടെ പ്രവാചകത്വം അസന്ദിഗ്ധമായി തെളിയിക്കപ്പെടുകയും ചെയ്യുന്നു.
സമകാലികരും നിപുണരുമായ മാരണക്കാരോട് മൂസാ(അ) ഏറ്റുമുട്ടുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തത് വിശ്രുതമാണല്ലോ. അതുവഴി, മറുപക്ഷത്തുണ്ടായിരുന്ന മാരണക്കാർ ഫിർഔനിന് മുന്നിൽ ചങ്കുറപ്പോടെ സത്യവിശ്വാസം പ്രഖ്യാപിക്കുകയുണ്ടായി. അതേസമയം, വേറെയും അനേകം അസാധാരണ സംഭവങ്ങൾ മൂസാ(അ)യിൽ നിന്ന് ഉണ്ടായിട്ടുണ്ട്. അവയിൽ പലതിനും പ്രത്യക്ഷത്തിൽ വെല്ലുവിളി സ്വഭാവമുണ്ടായിരുന്നില്ല. അതുപോലെ മുഹമ്മദ് നബി(സ്വ)യിൽ നിന്ന് ആയിരക്കണക്കിന് അത്ഭുത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വിശുദ്ധ ഖുർആനാണ് അതിൽ പരമ പ്രധാനം. തിരുദൂതരുടെ നുബുവ്വത്തിന്റെ ജീവിക്കുന്ന തെളിവായി ഖുർആൻ എന്നും പരിലസിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ ചരിത്രത്തിലും വെല്ലുവിളിയുടെ നൈരന്തര്യം കാണാം. തുടരെത്തുടരെ സൃഷ്ടിജാലങ്ങളെ വെല്ലുവിളിച്ച ഖുർആൻ ഒരേ സമയം അതിന്റെ അമാനുഷികതയും തിരുനബി(സ്വ)യുടെ നുബുവ്വത്തും സ്ഥിരപ്പെടുത്തുകയുണ്ടായി.
മൂന്ന് ഘട്ടങ്ങളിലായാണ് ഖുർആൻ അതിന്റെ അജയ്യത പ്രഖ്യാപിച്ചത്. വിശുദ്ധ ഗ്രന്ഥം തിരുനബി(സ്വ)യുടെ സൃഷ്ടിയാണെന്ന് നിങ്ങൾക്ക് വാദമുണ്ടെങ്കിൽ സമാനമായ ഗ്രന്ഥം കൊണ്ടുവരാൻ ആവശ്യപ്പെട്ടതാണ് അതിൽ ഒന്നാമത്തേത്. കാരണം, ഖുർആൻ മാനുഷികമാണെങ്കിൽ അതുപോലുള്ള ഒരു ഗ്രന്ഥം അവതരിപ്പിക്കാൻ മറ്റുള്ളവർക്കും കഴിയുമല്ലോ. എന്നാൽ ആ വെല്ലുവിളി നേരിടാൻ ആർക്കുമായില്ല. അതോടെ 10 അധ്യായങ്ങൾ കൊണ്ടുവരാമോ എന്ന രണ്ടാംഘട്ട പ്രഖ്യാപനമെത്തി. അതും അപ്രാപ്യമാണെന്ന് വ്യക്തമായതോടെയാണ് ഖുർആനിലെ ഏതെങ്കിലും ഒരധ്യായത്തിന് തുല്യമായത് കൊണ്ടുവരാൻ വെല്ലുവിളിച്ചത്. ഇതാണ് മൂന്നാം ഘട്ടം. അങ്ങനെയെങ്കിൽ ഖുർആനിലെ ഏറ്റവും ചെറിയ അധ്യായമായ സൂറത്തുൽ കൗസറിന് തുല്യമാവുന്ന ഒന്ന് മാത്രം മതി വിശുദ്ധ ഗ്രന്ഥത്തെ എതിരിടാൻ. എന്നിട്ടു പോലും അതേറ്റെടുക്കാൻ നാളിതുവരെ ആർക്കുമായിട്ടില്ല എന്നറിയുമ്പോഴാണ് വിശുദ്ധ ഖുർആനിന്റെ അമാനുഷികതയും അസാധാരണത്വവും ബോധ്യപ്പെടുക.

 

അംജദ് അലി ഓമശ്ശേരി

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ