ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. രണ്ടു മാസം കഴിഞ്ഞപ്പോള്‍ മറ്റൊരു കാര്യമാണ് ശാദിയ ഭര്‍ത്താവിനോട് പറഞ്ഞത്: ‘ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ അവള്‍. രണ്ടിലൊന്ന് ഇന്നു തീരുമാനിക്കണം.’ അപ്പോള്‍ ഫിറോസ് ചിന്തിച്ചത്, ഒരിക്കലും പിടികിട്ടാത്ത സ്ത്രീ മനസ്സിനെ കുറിച്ചായിരുന്നു
എന്റെ മക്കള്‍ക്കിനി ആരുണ്ട്?
തൃശൂരിലെ ക്യാന്‍സര്‍ ആശുപത്രിയില്‍ നിന്നു പതിവു പരിശോധന കഴിഞ്ഞിറങ്ങുമ്പോള്‍ ശാദിയ ചിന്തിച്ചത് ഇത്രമാത്രമായിരുന്നു.
രണ്ടു കുട്ടികളുണ്ടവള്‍ക്ക്. ഭേദപ്പെട്ട കുടുംബത്തില്‍ സന്തോഷത്തോടെ വളരുകയും ഡിഗ്രി വരെ പഠിക്കുകയും ചെയ്ത പെണ്‍കുട്ടിയാണവള്‍. പരീക്ഷയുടെ റിസള്‍ട്ട് വരുംമുമ്പെ, അവളേക്കാള്‍ സമ്പന്ന കുടുംബത്തില്‍ നിന്ന് സുമുഖനായ ഫിറോസിന്റെ വിവാഹാലോചന വന്നപ്പോള്‍ ഭാഗ്യം ചെയ്തവള്‍ എന്നാണ് കൂട്ടുകാരികള്‍ പറഞ്ഞത്.
ടെന്‍ഷനറിയാത്ത നാളുകള്‍…
ഫിറോസിന്റെ കൂടെ വിലകൂടിയ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അവളുടെ ഉള്ളിലുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്…
മൂന്ന് ആങ്ങളമാരുണ്ടായിരുന്നു അവള്‍ക്ക്. മൂന്നു പേരും യുഎഇയിലെ അജ്മാനില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയാണ്. ഫിറോസും അജ്മാനിലാണ്. അവിടന്നുള്ള പരിചയം, വിവാഹ ബന്ധത്തിനു നിമിത്തമാവുകയാണുണ്ടായത്.
ശാദിയ, വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനകം ഗള്‍ഫിലെത്തി. താന്‍ സ്വപ്നം കണ്ട ജീവിതം അനുഭവിച്ചു തീര്‍ക്കുമ്പോഴേക്കും അവള്‍ ഗര്‍ഭിണിയായിക്കഴിഞ്ഞിരുന്നു. ഉദരത്തില്‍ പിറവികൊണ്ടത് ഇരട്ടകള്‍. ആദ്യം ഒന്നു നടുങ്ങിയെങ്കിലും ക്രമേണ മനസ്സ് പാകപ്പെട്ടുവന്നു.
ഫിറോസിന്റെ സാന്ത്വനവും ആങ്ങളമാരുടെ സാന്നിധ്യവും ഒപ്പം വിദഗ്ധ ചികിത്സയും കിട്ടിയപ്പോള്‍ അവള്‍ തന്നെ പറയാന്‍ തുടങ്ങി, നോ പ്രോബ്ലം…
സിസേറിയന്‍ വേണ്ടി വന്നെങ്കിലും അവള്‍ ഹാപ്പിയായിരുന്നു. കുറച്ചുകാലം ഇനി നാട്ടില്‍ നില്‍ക്കാം എന്ന് അവള്‍ തന്നെയാണ് ഭര്‍ത്താവിനോട് പറഞ്ഞത്. ഫിറോസിനും എതിര്‍പ്പുണ്ടായിരുന്നില്ല. രണ്ടു മാസത്തിലൊരിക്കല്‍ നാട്ടിലെത്തി, അവനും കുടുംബത്തിന്റെ കൂടെ കുറച്ചുനാളുകള്‍ ചെലവഴിക്കുമായിരുന്നു.
അതിനിടെ, വീട്ടുകാര്യങ്ങള്‍ നോക്കാനും കുട്ടികളെ പരിചരിക്കാനും ഒരു വേലക്കാരിയെ നിശ്ചയിച്ചു; ഹസീന. ശാദിയയുടെ പ്രായം വരില്ല. അനാഥയാണ്. നിറം കുറവാണെങ്കിലും സാമാന്യം സുന്ദരിയാണ്.
വീട്ടില്‍ കഷ്ടപ്പാടിന്റെ തീ പുകയാന്‍ തുടങ്ങിയപ്പോള്‍, ഒരല്‍പം സമാധാനത്തിനു വേണ്ടിയാണ് കുടുംബക്കാരിയായ ശാദിയയുടെ വീട്ടില്‍ അവള്‍ സഹായത്തിനെത്തുന്നത്. അത് ശാദിയക്കും ആശ്വാസമായി.
കുട്ടികള്‍ക്ക് മൂന്നു വയസ്സായ സമയത്താണ്, ഒരു നാള്‍ അപ്രതീക്ഷിതമായി ശാദിയക്കൊരു ഛര്‍ദി ഉണ്ടായത്. രണ്ടു നാള്‍ തുടരെത്തുടരെ ഛര്‍ദിച്ചു. കൂടുതലും ചോരത്തുള്ളികളായിരുന്നു. പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന റിസള്‍ട്ട്; തൊണ്ടയില്‍ ക്യാന്‍സറാണ്.
എല്ലാ സന്തോഷങ്ങളും പൊടുന്നനെ അസ്തമിച്ചതുപോലെ….
ഫിറോസ് ഗള്‍ഫില്‍ നിന്ന് പാഞ്ഞെത്തി. വിദഗ്ധ ചികിത്സകള്‍ക്കായി ആശുപത്രികള്‍ കയറിയിറങ്ങി. വിവരം പുറത്തറിഞ്ഞതോടെ, കുടുംബക്കാരൊക്കെ സന്ദര്‍ശിക്കാന്‍ വന്നു. അവരില്‍ പലരും പറയാതെ പറഞ്ഞത് ഇങ്ങനെയായിരുന്നു; ക്യാന്‍സര്‍ വന്നാല്‍ രക്ഷപ്പെടില്ല മോളേ, ഒക്കെ വിധിയാണെന്ന് കരുതി സമാധാനിക്കുക…
ശാദിയക്ക് ഉറക്കമില്ലാത്ത രാത്രികള്‍. എല്ലാ സൗഭാഗ്യങ്ങളും എത്ര പെട്ടെന്നാണ് അലിഞ്ഞില്ലാതാവുന്നത്. താന്‍ ഖബ്റില്‍ മൂടപ്പെടുന്നതും തന്റെ കുട്ടികളെ വിട്ടു ഭര്‍ത്താവ് പുതിയ പങ്കാളിയെ തേടുന്നതും അവളെ അസ്വസ്ഥയാക്കി.
കുട്ടികള്‍ ഒറ്റപ്പെടരുത്… അതിനെന്താണൊരു വഴി. ഈ ചിന്തയില്‍ നിന്നാണ് ഹസീനയില്‍ തനിക്ക് ഉത്തരമുണ്ടെന്ന് അവള്‍ കണ്ടെത്തിയത്. തന്റെ മക്കളെ പൊന്നുപോലെ നോക്കാന്‍ അവളേക്കാള്‍ ഉത്തമ ആര്? എങ്കില്‍ തന്റെ ജീവിതകാലത്തു തന്നെ അവളെ വിവാഹം കഴിക്കുന്നതല്ലേ നല്ലത്?
ഫിറോസിനെ സമ്മതിപ്പിക്കാന്‍ കുറച്ചൊന്നുമല്ല അവള്‍ പാടുപെട്ടത്. കാരണം, ഫിറോസ് അതൊന്നും ആലോചിച്ചിട്ടേയില്ല. എങ്ങനെയെങ്കിലും ശാദിയയുടെ അസുഖം മാറിക്കിട്ടണം എന്ന പ്രാര്‍ത്ഥന മാത്രമാണയാള്‍ക്ക്.
എന്നെ പരിചരിക്കാനും കുട്ടികളെ നോക്കാനും നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും ഒരാള് വേണം. അത് ഹസീന തന്നെ മതി. എനിക്ക് സമാധാനായിട്ട് കണ്ണടക്കാലോ…
എത്ര മനഃശക്തിയുള്ളയാളും ചില സന്ദര്‍ഭങ്ങള്‍ക്കു വഴങ്ങേണ്ടി വരുമല്ലോ! കുടുംബങ്ങളും നിര്‍ബന്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഫിറോസിന് സമ്മതിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല.
ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളമാകുമെന്ന് ചൊല്ലുണ്ടെങ്കിലും, ഹസീന പക്ഷേ, ശാദിയയുടെ മനസ്സറിയുന്ന പക്വമതിയായിരുന്നു. അവള്‍ കൂടുതല്‍ സമയവും ശാദിയയെ ചുറ്റിപ്പറ്റി നിന്നു. കുട്ടികള്‍ക്ക് സന്തോഷം പകര്‍ന്നു. ശാദിയക്ക് മരുന്നുകൊടുത്തു. വസ്ത്രം അലക്കിക്കൊടുക്കുകയും കുളിപ്പിക്കുകയും ആവുംവിധം പരിചരിക്കുകയും ചെയ്തു.
ഫിറോസ് ഗള്‍ഫില്‍ വന്നും പോയുമിരുന്നു. രണ്ടുമൂന്നു കൊല്ലം കടന്നുപോയത് പെട്ടെന്നായിരുന്നു. ഇതിനകം ഹസീനയും ഒരു കുഞ്ഞിനെ പ്രസവിച്ചു. തന്റെ ആഗ്രഹം സഫലമായെന്നാണ് ശാദിയ പ്രതികരിച്ചത്.
ചികിത്സകള്‍ തുടരുന്നുണ്ടായിരുന്നു. ഇത്തവണയാണ് ഫിറോസ് അത് ശ്രദ്ധിച്ചത്. ശാദിയയുടെ മുഖപ്രസാദം കൂടിവന്നു. ഛര്‍ദിയും കുറവ്. മനസ്സിന്റെ സന്തോഷം കൊണ്ടായിരിക്കുമോ?
അടുത്ത തവണ നാട്ടില്‍ വന്നപ്പോള്‍ അവന്‍ കൂടുതല്‍ ഹാപ്പിയായി. കാരണം ശാദിയയുടെ തലമുടിയില്‍ സമൃദ്ധമായ വളര്‍ച്ച. കാര്യങ്ങളൊക്കെ ഇപ്പോള്‍ സ്വയം നിര്‍വഹിച്ചുപോരുന്നു. കുളിയും ഭക്ഷണമൊരുക്കലും വരെ എല്ലാം….
തൃശൂരില്‍ നിന്ന് ചികിത്സ കഴിഞ്ഞു മടങ്ങുമ്പോള്‍ രണ്ടു പേര്‍ക്കും സന്തോഷം അടക്കാനായില്ല. ഡോക്ടറുടെ വാക്കുകള്‍ അവരുടെ കാതുകളില്‍ മുഴങ്ങി.
‘ദൈവത്തിന് നന്ദി പറയുക; ശാദിയക്കിനി മരുന്നിന്റെ ആവശ്യമില്ല. ക്യാന്‍സറിന്റെ ഒരണുപോലും ഈ ശരീരത്തിലിപ്പോഴില്ല. ക്യാന്‍സറും മാറുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ…’
ഇപ്പോഴവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്ന് ഫിറോസിന് തോന്നി
പക്ഷേ, ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. രണ്ടു മാസം കഴിഞ്ഞപ്പോള്‍ മറ്റൊരു കാര്യമാണ് ശാദിയ ഭര്‍ത്താവിനോട് പറഞ്ഞത്.
‘ഹസീനയെ ഇക്ക ഒഴിവാക്കണം, ഇനിയവള്‍ വേണ്ട….’
എന്തുകൊണ്ട് എന്ന ചോദ്യത്തിന് അവള്‍ക്കുത്തരമില്ല.
പറഞ്ഞത് ഇത്രമാത്രം; ‘ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ അവള്‍. രണ്ടിലൊന്ന് ഇന്നു തീരുമാനിക്കണം.’
അപ്പോള്‍ ഫിറോസ് ചിന്തിച്ചത്, ഒരിക്കലും പിടികിട്ടാത്ത സ്ത്രീ മനസ്സിനെ കുറിച്ചായിരുന്നു.

നല്ല വീട്4
ഇബ്റാഹിം ടിഎന്‍ പുരം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉമര്‍(റ) : വിനയാന്വിതനായ ധീരന്‍

ആനക്കലഹ സംഭവത്തിന്റെ പതിമൂന്ന് വര്‍ഷത്തിനു ശേഷമാണ് ഉമര്‍(റ) ജനിക്കുന്നത്. തടിച്ച് നീളം കൂടിയ ശരീരപ്രകൃതിയായിരുന്നു അദ്ദേഹത്തിന്.…

മുഹറം: പുതുവര്‍ഷം നന്മയില്‍ തുടങ്ങുക

മുഹറം അറബി കലണ്ടറിലെ ആദ്യത്തെ മാസമാണ്. ഹിജ്റ വര്‍ഷത്തിന്റെ തുടക്കം മുഹറം കൊണ്ടായതില്‍ വിശ്വാസിക്ക് ഏറെ…

നബി(സ്വ)യുടെ വിവാഹവും വിശുദ്ധ ലക്ഷ്യങ്ങളും

നബി(സ്വ)ക്ക് നാലിലധികം പത്‌നിമാരെ അനുവദിച്ചതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. സാർവകാലികവും സമ്പൂർണവുമായ ഒരു ശരീഅത്തെന്ന നിലയിൽ…

● മുഷ്താഖ് അഹ്മദ്‌