കഫ്ഫാറത്തുമായി ബന്ധപ്പെട്ടതാണ് എന്റെ സംശയം. ഭാര്യയുടെ നോമ്പുകളുടെ മുദ്ദുകൾ ഭാര്യ താമസിക്കുന്ന നാട്ടിൽ തന്നെ നൽകണമെന്നുണ്ടോ? അതല്ലെങ്കിൽ ഭർത്താവ് താമസിക്കുന്ന സ്ഥലത്ത് നൽകിയാൽ മതിയാവുമോ? ഫിത്വ്ർ സകാത്തിലേതു പോലെ സ്വന്തം നാട്ടിൽ നൽകണമെന്ന കണിശത ഈ വിഷയത്തിലുണ്ടോ? സകാത്തിന്റെ അവകാശികൾ തന്നെയാണോ നോമ്പിന്റെ കഫ്ഫാറത്തിന്റെയും അവകാശികൾ?
കുഞ്ഞാലിക്കോയ ഒളവണ്ണ

സ്വന്തം നാട്ടിൽ തന്നെ നൽകണമെന്ന നിർബന്ധം നോമ്പിന്റെ മുദ്ദുകളിലില്ല. അത് ഏത് നാട്ടിലും കൊടുക്കാവുന്നതാണ് (ഹാശിയതുശ്ശർവാനി 3/446).
സകാത്തിന്റെ അവകാശികളെല്ലാം നോമ്പിന്റെ മുദ്ദുകളുടെ അവകാശികളല്ല. സകാത്തിന്റെ അവകാശികളിൽ ഫഖീർ, മിസ്‌കീൻ എന്നീ രണ്ടു വിഭാഗങ്ങൾ മാത്രമാണ് നോമ്പിന്റെ മുദ്ദുകളുടെ അവകാശികൾ (തുഹ്ഫ 3/446).

ഇമാം മിഹ്‌റാബിൽ
കയറേണ്ടതെപ്പോൾ?

ചില ഇമാമുമാർ ഇഖാമത്ത് കഴിഞ്ഞതിനു ശേഷമാണ് മിഹ്‌റാബിലേക്ക് കയറി നിൽക്കാറുള്ളത്. മറ്റു ചിലർ ആദ്യം തന്നെ മിഹ്‌റാബിൽ കയറി നിൽക്കുകയോ ഇഖാമത്ത് തീരുംമുമ്പ് മിഹ്‌റാബിലെത്തുകയോ ചെയ്യുന്നു. ഇവയിൽ ഏതാണ് ശരി? ഇക്കാര്യത്തിൽ മഅ്മൂമീങ്ങൾ എന്താണ് ചെയ്യേണ്ടത്?
കെകെ സുഹൈൽ പൂക്കയിൽ

ഇഖാമത്ത് കഴിഞ്ഞ ഉടനെ മിഹ്‌റാബിലേക്ക് നിൽക്കുക എന്നതാണ് ശരിയായ രീതി. ജമാഅത്ത് ഉദ്ദേശിക്കുന്നവർ ഇഖാമത്ത് കഴിയുന്നതിന് മുമ്പ് ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കാതിരിക്കുകയും ഇഖാമത്ത് കഴിഞ്ഞതിനു ശേഷം നിസ്‌കാരത്തിനായി എഴുന്നേൽക്കുകയും ചെയ്യലാണ് സുന്നത്ത്.
ഇഖാമത്ത് വിളിക്കുന്ന വ്യക്തിയല്ലാത്ത ജമാഅത്ത് ഉദ്ദേശിക്കുന്ന മുഴുവനാളുകളും ഇഖാമത്ത് തീർന്നതിനു ശേഷമല്ലാതെ എഴുന്നേൽക്കാതിരിക്കൽ സുന്നത്താകുന്നു (ശർഹു ബാഫള്ൽ 2/36). തുടർച്ച ഉദ്ദേശിക്കുന്നവർ ഇഖാമത്ത് പൂർണമായും കഴിഞ്ഞതിനു ശേഷമല്ലാതെ എഴുന്നേൽക്കൽ സുന്നത്തില്ല. ഇഖാമത്ത് പൂർണമായും കഴിഞ്ഞതിനു ശേഷമാണ് എഴുന്നേൽക്കേണ്ടത്. അതാണ് നിസ്‌കാരത്തിൽ പ്രവേശിക്കുന്ന സമയം. അതിനു മുമ്പ് ഇഖാമത്തിന് ഇജാബത്ത് ചെയ്യുന്ന പണിയാണുള്ളത്. തിരുനബി(സ്വ) ഇഖാമത്തിനുടനെയായിരുന്നു പുറപ്പെട്ടിരുന്നത് (തുഹ്ഫ 2/322).

തറാവീഹിൽ നിന്നുള്ള രണ്ട് റക്അത്ത്
എന്നു തന്നെ കരുതണോ?

തറാവീഹിന്റെ നിയ്യത്തിൽ തറാവീഹിൽ നിന്നുള്ള രണ്ട് റക്അത്ത് നിസ്‌കരിക്കുന്നു എന്ന് തന്നെ നിയ്യത്ത് ചെയ്യേണ്ടതുണ്ടോ? അതല്ലെങ്കിൽ തറാവീഹ് നിസ്‌കാരം രണ്ട് റക്അത്ത് നിസ്‌കരിക്കുന്നു എന്ന നിയ്യത്ത് മതിയാകുമോ?
മുഹമ്മദലി വെട്ടിച്ചിറ

തറാവീഹ് നിസ്‌കാരം രണ്ട് റക്അത്ത് നിസ്‌കരിക്കുന്നു എന്ന നിയ്യത്ത് മതിയാകുന്നതാണ്. തറാവീഹിൽ നിന്നുള്ള രണ്ട് റക്അത്ത് എന്ന് കരുതൽ നിർബന്ധമില്ല (തുഹ്ഫ 2/241 കാണുക)

കാൽപാദം
ഖിബ്‌ലയിൽ നിന്നു തെറ്റിയാൽ…

ചിലർ നിസ്‌കരിക്കുമ്പോൾ കാൽപാദങ്ങളും വിരലുകളും ഖിബ്‌ലയിൽ നിന്ന് തെറ്റിയതായി കാണാറുണ്ട്. നിസ്‌കാരത്തിന്റെ നിർത്തത്തിൽ കാലുകളും ഖിബ്‌ലയിലേക്ക് ആവേണ്ടതുണ്ടോ? കാൽപാദങ്ങളും വിരലുകളും ഖിബ്‌ലയിൽ നിന്ന് തെറ്റുന്നതിന് കുഴപ്പമുണ്ടോ?
റഹ്ഫ മങ്കട

നിസ്‌കാരത്തിന്റെ നിർത്തത്തിൽ കാൽപാദങ്ങളും വിരലുകളും ഖിബ്‌ലക്ക് നേരെയാക്കൽ സുന്നത്താണ്. നിർബന്ധമല്ല. അതിനാൽ കാൽപാദങ്ങൾ ഖിബ്‌ലയിൽ നിന്ന് തെറ്റിയത് കൊണ്ട് നിസ്‌കാരം ബാത്വിലാവുകയില്ല (ശർഹുൽ മുഹദ്ദബ് 3/266, ഹാശിയതുന്നിഹായ 1/424 കാണുക).

വജ്ജഹ്ത്തു ഉപേക്ഷിക്കൽ
കറാഹത്തല്ലേ?

നിസ്‌കാരത്തിൽ വജ്ജഹ്തു ഒഴിവാക്കൽ കറാഹത്താണോ? നിസ്‌കാരത്തിന്റെ ഏത് സുന്നത്ത് ഒഴിവാക്കിയാലും കറാഹത്ത് വരുമോ? വിശദീകരിച്ചാലും?
അമീർ നിലമ്പൂർ

നിസ്‌കാരത്തിലെ ഏത് സുന്നത്ത് ഒഴിവാക്കലും കറാഹത്താണെന്നില്ല. ഒഴിവാക്കുന്നതിനെ കുറിച്ച് പ്രത്യേക നിരോധനയോ നിർബന്ധമാണെന്ന അഭിപ്രായമോ ഉള്ള മുഅക്കദായ സുന്നത്ത് ഒഴിവാക്കൽ കറാഹത്താകുന്നു. അതല്ലാത്ത മറ്റു സുന്നത്തുകൾ ഒഴിവാക്കൽ ഖിലാഫുൽ ഔലയാണ്, കറാഹത്തല്ല (തുഹ്ഫ 2/101, 161 കാണുക). കറാഹത്തും ഖിലാഫുൽ ഔലയുമെല്ലാം ഒഴിവാക്കപ്പെടേണ്ടതും ഒഴിവാക്കുന്നതിൽ പ്രതിഫലമുള്ളതുമാണ്. പ്രമാണങ്ങളുടെ വ്യത്യാസമുണ്ടെന്ന് മാത്രം.
മയ്യിത്ത് നിസ്‌കാരമല്ലാത്ത ഫർളും സുന്നത്തുമായ എല്ലാ നിസ്‌കാരങ്ങളിലും തക്ബീറതുൽ ഇഹ്‌റാമിന് ശേഷം ‘ദുആഉൽ ഇഫ്തിതാഹ്’ സുന്നത്തുണ്ട്. നിർബന്ധമാണെന്ന അഭിപ്രായവുമുണ്ട് (തുഹ്ഫ 2/29). നിർബന്ധമാണെന്ന അഭിപ്രായമുള്ളതിനാൽ അതൊഴിവാക്കൽ കറാഹത്താണെന്ന് മനസ്സിലാക്കാവുന്നതാണ്. അഊദു ഒഴിവാക്കൽ കറാഹത്താണെന്നും ദുആഉൽ ഇഫ്തിതാഹും അതുപോലെ തന്നെയാണെന്നും ഇമാം ഇബ്‌നു ഹജർ(റ) ശറഹുൽ ഉബാബിൽ പറഞ്ഞിട്ടുണ്ട്.
ദുആഉൽ ഇഫ്തിതാഹിൽ വിവിധ ദുആകൾ ഹദീസിൽ വന്നിട്ടുണ്ട്. അവയിൽ ഏറ്റവും ഉത്തമമായതാണ് വജ്ജഹ്തു… എന്നത്. അൽഹംദുലില്ലാഹി ഹംദൻ കസീറൻ ത്വയ്യിബൻ മുബാറകൻ ഫീഹി… തുടങ്ങിയ മറ്റു വാചകങ്ങളുമുണ്ട്. അവയിൽ ഏത് ചൊല്ലിയാലും അടിസ്ഥാന സുന്നത്ത് ലഭിക്കുന്നതാണ് (നിഹായ 1/474).

ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ