തിരുനബി(സ്വ) പറഞ്ഞു: ‘അല്ലാഹു അറിയിച്ചിരിക്കുന്നു; ആദം സന്തതിയുടെ എല്ലാ സൽപ്രവൃത്തികളും അവനുള്ളതാണ്, നോമ്പൊഴികെ. അത് എനിക്കുള്ളതാണ്, ഞാൻ അതിനുള്ള പ്രതിഫലം നൽകും. റസൂൽ(സ്വ) തുടർന്നു: ‘നോമ്പ് ഒരു കവചമാണ്. നോമ്പനുഷ്ഠിക്കുന്ന ദിവസത്തിൽ, അവൻ അശ്ലീലം പറയരുത്. കലഹിക്കരുത്. ആരെങ്കിലും തന്നെ തെറിവിളിക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്താൽ അവൻ പറയണം: ‘ഞാനൊരു നോമ്പുകാരനാണ്.’ അല്ലാഹു സത്യം, നോമ്പുകാരന്റെ വായിൽ നിന്ന് വരുന്ന വാസന ഖിയാമത്ത് നാളിൽ കസ്തൂരിയുടെ ഗന്ധത്തേക്കാൾ അല്ലാഹുവിങ്കൽ ഉത്തമമായതാണ്. നോമ്പനുഷ്ഠിക്കുന്ന വ്യക്തിക്ക് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന്, അവൻ നോമ്പ് തുറക്കുമ്പോൾ. നോമ്പ് തുറക്കുന്നതിന്റെ പേരിൽ അവൻ സന്തോഷിക്കുന്നു. രണ്ട്, തന്റെ നാഥനെ കണ്ടുമുട്ടുമ്പോൾ. നോമ്പിന്റെ കാരണത്താൽ അവൻ സന്തുഷ്ടനാവുന്നു (ബുഖാരി, മുസ്‌ലിം).
റമളാൻ വരുമ്പോൾ വിശ്വാസികൾ സന്തുഷ്ടരായിരിക്കും. റമളാനിലേക്ക് ഞങ്ങളെ എത്തിക്കേണമേ എന്ന പ്രാർത്ഥന റജബ് മുതൽ തുടങ്ങിയതാണല്ലോ. ‘നോമ്പ് എനിക്കുള്ളതാണ്, അതിനുള്ള പ്രതിഫലം ഞാൻ തന്നെ നൽകുന്നതാണ്’ എന്ന ഖുദ്‌സിയ്യായ ഹദീസിലെ പരാമർശം വിശ്വാസികളിൽ ആനന്ദമുണ്ടാക്കും. ആരാധനകളിൽ നോമ്പിനെ വ്യത്യസ്തമാക്കുന്ന ഏറെ ഘടകങ്ങളുണ്ട്. ഭക്തിക്കും വിജയലബ്ധിക്കും ഉപയുക്തമായ ഉപാധിയാണത്. ത്യാഗവും സമർപ്പണവും കൃത്യമായി സമന്വയിപ്പിക്കാൻ നോമ്പിന് സാധിക്കും. അതിലൂടെ പാരത്രിക വിജയം ഉറപ്പാക്കാനും.
മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം: ‘അവന്റെ വികാരത്തെയും (ആഗ്രഹങ്ങളെയും) ഭക്ഷണത്തെയും എനിക്ക് വേണ്ടി അവനൊഴിവാക്കുന്നു’ (മുസ്‌ലിം).
മനുഷ്യപ്രകൃതിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആസ്വാദനങ്ങളും കടുത്ത നിയന്ത്രണത്തിന് വിധേയപ്പെടുത്തലുണ്ട് നോമ്പിൽ. ദിവസത്തിന്റെ പാതിയിലധികം സമയം ഭക്ഷണം, വെള്ളം തുടങ്ങി ഖര-ദ്രവ പദാർത്ഥങ്ങളൊന്നും അകത്തെത്താതെ കഴിയുകയെന്നത് തികഞ്ഞ ആത്മനിയന്ത്രണമാണ്. ഇംസാക് എന്നാണതിന് പറയുക. നിശ്ചിത സമയത്തെ അന്നപാന നിയന്ത്രണമെന്നർത്ഥം. അന്നപാനീയങ്ങൾ കൂടുതൽ സമയത്തേക്ക് ഉപേക്ഷിക്കാൻ മനുഷ്യന് കഴിയില്ല. വിശപ്പും ദാഹവും ക്ഷീണവും സ്വാഭാവികം. അന്നപാനീയങ്ങൾ കൈയെത്തും ദൂരത്ത് സുലഭമായിരിക്കെയാണ് നിശ്ചിത സമയം അതുപയോഗിക്കാതിരിക്കുന്നത്. വിശപ്പ് മാറലും ദാഹശമനവും മാത്രമല്ല ഇവിടെ നീട്ടി വെക്കുന്നത്. നോമ്പിന് വിഘാതമാകുന്ന എല്ലാമാണ്. അല്ലാഹുവിന് വേണ്ടിയുള്ള ഈ കടുത്ത നിയന്ത്രണം മഹത്തായ ത്യാഗമത്രെ.
ആഗ്രഹവും ആസ്വാദനവും തടഞ്ഞുവെക്കുന്ന ഇംസാകാണ് നോമ്പിന്റെ പ്രത്യേകത. പകൽ സമയത്തെ മൈഥുനവും രതിയും മൂലം നോമ്പ് മുറിയും. ഇണതുണകൾ സമീപത്തുണ്ടായിട്ടും ആഗ്രഹത്തെ നിഗ്രഹിക്കുന്ന ത്യാഗം ദൈവിക സമർപ്പണമാണ്.
പ്രത്യേകിച്ചൊരു ഉപകാരവുമില്ലാത്ത ശീലങ്ങൾ ചിലർക്കുണ്ടാവും. പുകവലി, താംബൂലം തുടങ്ങിയവ അതിൽ പെട്ടതാണ്. എന്നാൽ ചികിത്സാർത്ഥം ചില വാതകങ്ങൾ അകത്തേക്ക് വലിച്ച് കയറ്റേണ്ടിവരാറുണ്ട്. മൂക്കിലൂടെ നൽകുന്ന ഔഷധങ്ങളുമുണ്ട്. നെബുലൈസർ, ഇൻഹേലർ തുടങ്ങിയവ ഉപയോഗിച്ചാണിത് ചെയ്യാറുള്ളത്. ചില ധൂമങ്ങൾ മൂക്കിലൂടെ കയറ്റി സായൂജ്യമടയുന്നവരുണ്ട്. ദുഃശീലമാണെങ്കിലും ചികിത്സയാണെങ്കിലും നോമ്പിന്റെ സമയത്ത് ഇവയൊന്നും അനുവദനീയമല്ല.
ചിലർ ചില കാര്യങ്ങൾക്ക് അഡിക്റ്റായിട്ടുണ്ടാവും. സാധാരണ ഗതിയിൽ അവ വർജിക്കാനോ നീക്കിവെക്കാനോ അവർക്ക് സാധിക്കില്ല. എന്നാൽ നോമ്പിന്റെ കാരണത്താൽ മാറ്റിവെക്കാൻ തയ്യാറാകുന്നു. ഇതും കടുത്ത ആത്മനിയന്ത്രണമാണ്. നോമ്പ് ത്യാഗമാണെങ്കിലും ആത്മപീഡനമോ ആത്മനാശകമോ അല്ല. മറിച്ച്, എല്ലാ അനുകൂല സാഹചര്യങ്ങളും നിലനിൽക്കെ തന്നെ സ്വന്തത്തെ നിയന്ത്രിക്കാൻ തനിക്കാവുമെന്ന ഇച്ഛാശക്തിയുടെ മികച്ച കർമാവിഷ്‌കാരമാണത്. ‘സ്വൗമ്’ എന്നതിന് അടക്കം എന്നാണർത്ഥം. ഈ അടക്കമാണ് നോമ്പിന്റെ സത്ത.
നോമ്പ് ആത്മപീഡനത്തിന്റെ തലത്തിലേക്ക് മാറിപ്പോകരുതെന്ന് ഇസ്‌ലാമിന് നിർബന്ധമുണ്ട്. കാരണം ഇസ്‌ലാമിലെ അടിസ്ഥാന കർമങ്ങൾ വഴി സദാ സജീവവും രചനാത്മകവുമായ മതജീവിതമാണ് നടക്കേണ്ടത്. ഏതെങ്കിലുമൊരു കർമത്തിന്റെ കഠിനാനുഷ്ഠാനത്തിലൂടെ മറ്റുള്ളവക്ക് നാശവും നഷ്ടവും സംഭവിക്കാനിട വന്നുകൂടാ. അത് കൊണ്ടാണ് രാപ്പകൽ നോമ്പ് (വിസ്വാൽ) ഇസ്‌ലാം വിലക്കിയത്. സമയമായ ഉടൻ നോമ്പു തുറക്കാൻ പ്രോത്സാഹിപ്പിച്ചു റസൂൽ(സ്വ). മഗ്‌രിബ് നിസ്‌കരിക്കുന്നതിന് മുമ്പുതന്നെ തുറക്കണം.
നോമ്പിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ‘സുഹൂർ’ എന്നറിയപ്പെടുന്ന അത്താഴം കഴിക്കൽ സുന്നത്താണ്. ആദി പ്രഭാതത്തിന് മുമ്പായിരിക്കണം ഇത്. ‘സ്വുബ്ഹ്’ അഥവാ പ്രഭാത നിസ്‌കാരത്തിന്റെ സമയ മെത്തുമ്പോഴാണ് ആദി പ്രഭാതം ആരംഭിക്കുക.
പ്രത്യക്ഷ അടയാളങ്ങളൊന്നും നോമ്പിനില്ല. തീർത്തും രഹസ്യമായി നിർവഹിക്കാനാവും. മറ്റുള്ളവർക്ക് മുമ്പിൽ നോമ്പുകാരനെ പോലെ കഴിഞ്ഞ് രഹസ്യത്തിൽ തോന്നിയപോലെ ജീവിക്കാനും സാധിക്കുമല്ലോ. അതിനാൽ തന്നെ ആത്മാർത്ഥമായ അനുഷ്ഠാന സാധ്യത നോമ്പിൽ കൂടുതലാണ്. അല്ലാഹുവിന് വേണ്ടി എന്ന സൽകർമങ്ങളുടെ നിഷ്‌കളങ്കാവസ്ഥ പൂർണാർത്ഥത്തിൽ സാധിക്കുന്ന കർമമായി നോമ്പ് മാറുന്നു. നോമ്പ് മറ്റാരുമറിയാതെ നിർവഹിക്കാമെന്ന പോലെ നോമ്പില്ലായ്മ മറ്റാരുമറിയാതെ സംരക്ഷിക്കുകയുമാകാം. ഇബ്‌നു ഹജർ അസ്ഖലാനി(റ) രേഖപ്പെടുത്തുന്നു: ‘എല്ലാ സൽകർമങ്ങളും അല്ലാഹുവിന് വേണ്ടിയാണ്, പ്രതിഫലം നൽകുന്നതും അവൻ തന്നെ. എന്നിരിക്കെ നോമ്പിനെ കുറിച്ച്, അതെനിക്കുള്ളതാണ്, അതിന് ഞാനാണ് പ്രതിഫലം നൽകുന്നത് എന്ന് അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. ഒന്ന്: മറ്റു ഇബാദത്തുകളെ പോലെ നോമ്പിൽ റിയാഅ് (ലോകമാന്യം) സംഭവിക്കില്ല. ‘നോമ്പിൽ റിയാഅ് ഉണ്ടാകില്ല’ എന്ന നബിവചനം ഈ വിവരണത്തിന് ബലം നൽകുന്നതാണ്. കാരണം നോമ്പല്ലാത്ത കർമങ്ങൾ ശാരീരിക ചലനങ്ങളില്ലാതെ സാധ്യമാകില്ല. എന്നാൽ നോമ്പ് നിയ്യത്ത് കൊണ്ടുണ്ടാകുന്നതാണ്. നിയ്യത്ത് ജനങ്ങളിൽ നിന്ന് ഗോപ്യമാണല്ലോ (ഫത്ഹുൽ ബാരി). അല്ലാഹു ഒരുക്കിയതും ഹലാലാക്കിയതുമായ കാര്യങ്ങളിൽ ചിലത് അവനു വേണ്ടി വർജിക്കുന്നതിന്റെ മൂല്യവും ഫലവും പ്രതിഫലവും വ്യക്തമാക്കുകയാണ് അത് എടുത്തുപറഞ്ഞതിലൂടെ നാഥൻ.
നോമ്പിന്റെ ചൈതന്യവും മഹത്ത്വവും വളരെ ഉന്നതമാണ്. അതിനാൽ അല്ലാഹുവിന്റെ ലിഖാഅ് ആണ് വലിയ പ്രതിഫലം. നോമ്പുകാരന്റെ രണ്ട് സന്തോഷങ്ങളിലൊന്ന് അല്ലാഹുവിന്റെ ലിഖാഅ് ഉണ്ടാകുമ്പോഴാണെന്ന് ഹദീസ് വ്യക്തമാക്കിയിട്ടുണ്ടല്ലോ. സവിശേഷമായ മൂല്യവും പവിത്രതയുമുള്ളതായതിനാൽ നോമ്പിനെ കേവലം പട്ടിണി കിടക്കലിൽ ഒതുക്കിക്കൂടാ. തന്നെയുമല്ല, അതിനെതിരെ കടുത്ത മുന്നറിയിപ്പുകൾ നൽകിയിട്ടുമുണ്ട്. നോമ്പിന്റെ മഹത്ത്വം നഷ്ടപ്പെടാതെ ഉറപ്പാക്കാനാണ് തിരുനബി(സ്വ) ആ മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളത്. നോമ്പ് അല്ലാഹുവിന് വേണ്ടി പൂർണ മന:സംതൃപ്തിയോടെയും ആത്മാർത്ഥമായും ചിട്ടകൾ പാലിച്ചും അനുഷ്ഠിക്കുമ്പോഴേ നേട്ടങ്ങൾക്ക് നാം അർഹരാവൂ.

 

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ