ബിദ്അത്തിന്റെ കഴമ്പില്ലാത്ത ആശയങ്ങൾക്ക് മറുപടി നൽകി ആത്മീയതയുടെയും സുന്നത്ത് ജമാഅത്തിന്റെയും ദീപം കെടാതെ സൂക്ഷിച്ച മഹാപ്രതിഭയായിരുന്നു മർഹൂം പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ. ഹിജ്‌റ 1305 ശവ്വാൽ 11 വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിൽപെട്ട പാങ്ങിൽ നൂറുദ്ദീൻ-തിത്തിക്കുട്ടി ദമ്പതികളുടെ മകനായാണ് ജനനം. പിതാവ് കർഷകനായിരുന്നു. യാദൃച്ഛികമായാണ് ദർസ് പഠനത്തിന് ചേരുന്നത്. ഒരു ദിവസം പിതാവിനുള്ള ഉച്ചഭക്ഷണവുമായി കൃഷി സ്ഥലത്തേക്ക് പോകുമ്പോൾ കാൽ വഴുതി വീണ് കലം പൊട്ടുകയും ഭക്ഷണം നഷ്ടപ്പെടുകയും ചെയ്തു. വിശന്നു കഴിയുന്ന ഉപ്പയുടെയടുത്തേക്ക് വെറും കയ്യോടെ ചെന്നാൽ പ്രഹരമേൽക്കുമെന്ന് കരുതി നാടുവിട്ട് ദർസ് പഠനത്തിൽ വ്യാപൃനാവുകയായിരുന്നു.
പ്രാഥമിക പഠനം പാങ്ങിൽ നിന്നും കരസ്ഥമാക്കിയ അദ്ദേഹം കാനാഞ്ചേരിയിലെ മമ്മുട്ടി മുസ്‌ലിയാരിൽ നിന്നാണ് ദർസ് പഠനം ആരംഭിക്കുന്നത്. പിന്നീട് മണ്ണാർക്കാട് കരിമ്പനക്കൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ, ശൈഖ് അല്ലാമാ അലിയ്യത്തൂരി എന്നിവരുടെയടുക്കൽ കിതാബോതി.
വെല്ലൂർ ബാഖിയാത്തിലായിരുന്നു ഉപരിപഠനം. അബ്ദുൽ ജബ്ബാർ ഹസ്രത്ത്, അബ്ദുൽ ഖാദർ ബാദുഷ, അബ്ദുൽ വഹാബ് ഹസ്രത്ത് എന്നിവരാണ് അന്നത്തെ പ്രധാന ഉസ്താദുമാർ. ബാഖിയാത്തിലെ പഠനം പൂർത്തിയാക്കി മദ്രാസിലെ ലത്വീഫിയ്യ കോളജിലെത്തി. അവിടെ ‘ഫാരിസിഖാൻ’ എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് ഹുസൈൻ ഖാന്റെ ശിഷ്യത്വം സ്വീകരിക്കുകയും മുതിർന്ന ഉസ്താദായ മുഹഖിഖ് അബ്ദുർറഹീം ഹസ്രത്തിൽ നിന്ന് പ്രത്യേക വിഷയങ്ങളിൽ പരിശീലനം നേടുകയുമുണ്ടായി.

വിവാഹം, കുടുബം

പഠനമവസാനിപ്പിച്ച് നാട്ടിലെത്തിയ അഹമ്മദ് കുട്ടി മുസ്‌ലിയാർ പഴയ കുടുംബമായ പാലപ്പുറം കൊറ്റോത്ത് തച്ചർ തൊട്ടുവിൽ സൈതലവി-കുഞ്ഞാത്തു ഹജ്ജുമ്മ ദമ്പതികളുടെ മകളായ ഖദീജയെ (കദിയമ്മു) 1917ൽ വിവാഹം കഴിച്ചു. പിന്നീട് 1927ൽ വല്ലപ്പുഴയിലെ പാലക്കാപ്പറമ്പിൽ വീരാൻ കുട്ടി മുസ്‌ലിയാരുടെ മകൾ ഫാത്വിമയെയും 1940ൽ പൊന്നാനി മഖ്ദൂം കുടുംബത്തിലെ ആമിനയെയും വിവാഹം ചെയ്തു. ഇവരിൽ രണ്ട് കുട്ടികൾ പിറന്നെങ്കിലും ശൈശവത്തിൽ തന്നെ മരണപ്പെട്ടു. ഫാത്വിമയിൽ ഒരു പെൺകുട്ടിയടക്കം അഞ്ചു മക്കൾ ജനിച്ചു. നൂറുദ്ദീൻ എന്ന മകനൊഴികെ എല്ലാവരും ചെറുപ്പത്തിലേ മരണപ്പെടുകയുണ്ടായി. നൂറുദ്ദീൻ നെല്ലായിലെ ദർസ് പഠനത്തിനിടെ രോഗം ബാധിച്ചാണ് മരിക്കുന്നത്. ആദ്യ ഭാര്യയിൽ പിറന്ന ബാപ്പു എന്ന് വിളിക്കുന്ന മുഹമ്മദ് അറിവിന്റെ മാർഗത്തിലൂടെ വളർന്നു. ഉപ്പയുടെ ബുദ്ധി വൈഭവം മകനിലുണ്ടായിരുന്നു. തുടർ പഠനത്തിനായി അദ്ദേഹം ബാഖിയാത്തിലെത്തി. കർമശാസ്ത്രത്തിൽ വിസ്മയം തീർത്ത പാങ്ങിലിന്റെ മകനാണന്നറിഞ്ഞപ്പോൾ പ്രധാന ഉസ്താദായ ശൈഖ് ആദം ഹസ്രത്ത് പ്രത്യേകം ആശീർവദിക്കുകയുണ്ടായി. എന്നാൽ പ്രായപരിധി കർശനമായി പാലിക്കുന്നതു കാരണം പ്രവേശന പരീക്ഷയിൽ പങ്കെടുപ്പിക്കാനാവില്ലെന്ന് അദ്ദേഹം വൈമനസ്യത്തോടെ അറിയിച്ചു. ഉടനെ ബാഖിയാത്തിൽ വരാനുണ്ടായ സാഹചര്യം അനാവരണം ചെയ്യുന്ന അറബി കവിത രചിച്ച് ആലപിച്ചു. മികവുറ്റ അറബി സാഹിത്യം തന്നെയായിരുന്നു അത്. കവിത ആദം ഹസ്രത്തിനിഷ്ടപ്പെടുകയും പ്രവേശന പരീക്ഷയെഴുതാൻ അനുമതി നൽകുകയും ചെയ്തു.

അധ്യാപനം

മണ്ണാർക്കാട്, നാദാപുരം എന്നിവിടങ്ങളിൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ അധ്യാപനം നടത്തി. പിന്നീട് താനൂർ വലിയകുളങ്ങര പള്ളിയിൽ സദർ മുദരിസായി. മുൻഗാമിയായിരുന്ന പരീകുട്ടി മുസ്‌ലിയാരെ ബ്രിട്ടീഷുകാർ നാടുകടത്തിയതിനെ തുടർന്നായിരുന്നു പാങ്ങിൽ ആ തസ്തികയിൽ നിയുക്തനായത്.
അനേകം ശിഷ്യഗണങ്ങളെ വാർത്തെടുക്കാൻ അഹമ്മദ് കുട്ടി മുസ്‌ലിയാർക്ക് സാധിച്ചു. കേരളത്തിൽ ഇസ്‌ലാമിക പ്രബോധനത്തിലും സേവനത്തിലും വലിയ സേവനം കാഴ്ചവെച്ച പല പണ്ഡിത പ്രതിഭകളും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ ഉൾപ്പെടുന്നു. കാടേരി മുഹമ്മദ് മുസ്‌ലിയാർ, ചെറുശ്ശേരി അഹ്‌മദ് കുട്ടി മുസ്‌ലിയാർ, നിറമരുതൂർ വീരാൻകുട്ടി മുസ്‌ലിയാർ, താഴക്കോട് കുഞ്ഞലവി മുസ്‌ലിയാർ, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാർ, അബ്ദുൽ ഖാദിർ ഫള്ഫരി, തൂതക്കൽ കുഞ്ഞഹമ്മദ് മുസ്‌ലിയാർ, കുളപ്പുറം കുട്ടി ഹസൻ മുസ്‌ലിയാർ, ഇരുമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാർ, ഓമച്ചപ്പുഴ അബൂബക്കർ മുസ്‌ലിയാർ, വളവന്നൂർ മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ ശിഷ്യരിൽ പ്രധാനികളാണ്.
താനൂരിൽ ദർസ് നടത്തവെയാണ് ഇസ്‌ലാഹുൽ ഉലൂം എന്ന ആശയം പാങ്ങിലിന്റെ മനസ്സിൽ മുളപൊട്ടുന്നത്. സാമ്പത്തിക പരാധീനതകൾ കാരണം വെല്ലൂർ, ദയൂബന്ദ് പോലുള്ള വിദൂര സ്ഥലങ്ങളിൽ ഉപരി പഠനത്തിനു പോകാനാകാത്ത മലയാളികൾക്ക് ഉയർന്ന പഠനം കേരളത്തിൽനിന്നുതന്നെ നൽകുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. 1921ലെ ബ്രിട്ടീഷ് നരനായാട്ടിനെ തുടർന്നു ശോഷിച്ചിരുന്ന താനൂർ വലിയകുളങ്ങര ദർസ് കൂടുതൽ മികവോടെ ‘ഇസ്‌ലാഹുൽ ഉലൂം’ എന്ന് നാമകരണം ചെയ്ത് ബാഖിയാത്ത് മാതൃകയിലാക്കി. കേരളത്തിന്റെ വിവിധ തുറകളിൽ നിന്ന് വിദ്യാർഥികൾ ആ അക്ഷരഖനി തേടിയെത്തി. സ്ഥല പരിമിതി കാരണം മറ്റൊരു കെട്ടിടം കൂടി നിർമിച്ചു. അഹമ്മദ് കുട്ടി മുസ്‌ലിയാർക്ക് അക്കാലത്ത് പ്രസംഗം നടത്തി ലഭിക്കുന്ന പ്രതിഫലമാണ് സ്ഥാപനത്തിന്റെ കർമപദ്ധതികൾക്കായി ചെലവാക്കിയത്. അവശേഷിക്കുന്ന ചെലവുകൾ നാട്ടിലെ ധനികരുമായി ബന്ധപ്പെട്ട് നികത്തി. സ്ഥാപനത്തിന്റെ സ്ഥായിയായ വരുമാനത്തിനായി പലയിടങ്ങളിലും സ്ഥലങ്ങൾ വാങ്ങി. പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ മരണം വരെ ഇസ്‌ലാഹുൽ ഉലൂം പ്രതാപത്തോടെ മുന്നേറിക്കൊണ്ടിരുന്നു. എന്നാൽ പിൽക്കാലക്കാർ പരിപാലനത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തത് മുരടിക്കാൻ കാരണമായി.

രചനകൾ

വൈജ്ഞാനിക പ്രചാരണത്തിനുതകുന്ന അനേകം കനപ്പെട്ട രചനകൾ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ നിർവഹിച്ചിട്ടുണ്ട്. മൻഹ ലുറവി ഫീ മനാഖിബി സയ്യിദ് അഹമ്മദ് ബദവി, അന്നഫഹാതുൽ ജലീൽ ഫീ മനാഖിബി സയ്യിദ് മുഹമ്മദ് അലവി അൽ മൻഫുറമീ, മവാഹിബുൽ ജലീൽ ഫീ മനാഖിബിൽ ഖുത്വുബിസ്സയ്യിദി മുഹമ്മദ് ജമലില്ലൈൽ, അൽഫൈളുൽ മദീദ് ഫീ തവസ്സുലി ആലി ഐദീദ് എന്നീ കൃതികൾ പ്രസിദ്ധ മനാഖിബു(അനുസ്മരണം)കളാണ്.
ഖസ്വീദതുൽ ഖുതുബിയ്യ ഫീ മദ്ഹി ഗൗസിൽ ബരിയ്യ, അൽ ഖസ്വീദതുൽ മുസ്സമ്മാ ബിതുഹ്ഫതി റബീഇയ്യ ഫീ മദ്ഹി ഖൈറിൽ ബരിയ്യ എന്നിവ ശ്രദ്ധേയ കാവ്യ കൃതികളും. രോഗശയ്യയിലായിരുന്ന സമയത്ത് ശമനത്തിനായെഴുതിയ ‘താജുൽ വസ്വാഇൽ’ ഏറെ പ്രസിദ്ധിയാർജിച്ച അറബി കാവ്യഗ്രന്ഥമാണ്. ബദ്‌രീങ്ങളുടെ നാമങ്ങൾ, അമ്പിയാക്കളുടെ നാമങ്ങൾ, അസ്മാഉൽ ഹുസ്‌ന എന്നിവ അടങ്ങിയതാണ് കൃതി.
ഹാശിയ അലാ മുഖദ്ദിമതി തുഹ്ഫതിൽ മുഹ്താജ്, അൽഖൗലുൽ മുത്തസഖ് ഫീ ബയാനിൽ അഖ്‌വാലി വൽ ഔജുഹി വത്ത്വുറുഖ്, അൽഖൗലുസ്സദീദ് ഫീ അഹ്കാമിത്തഖ്‌ലീദ്, അന്നഹ്ജുൽ ഖവീം ലിമൻ യുഖല്ലിദു ഖൗലൽ ഖദീം ഫിൽ ജുമുഅ എന്നിവയാണ് കർമശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങൾ.
തൻബീഹുൽ ഗഫൂൽ ഫീ ദഅ്‌വാ അന്നന്നബി ദാവൂദ് നബിയ്യുൻ വ റസൂലുൻ, റദ്ദുശ്ശറുശ്ശേരി എന്നിവ വിശ്വാസ ശാസ്ത്രത്തിലെ രചനകളാണ്. ഖിസ്സതു ചേരമാൻ പെരുമാൾ എന്ന ചരിത്ര ഗ്രന്ഥവും തൻഖീഹുൽ മൻദിഖ് ഫീ ശർഹി തസ്വ്‌രീഹിൽ മൻദിഖ് എന്ന യുക്തിശാസ്ത്ര ഗ്രന്ഥവും ഏറെ പ്രചാരണം നേടിയതാണ്. അൽബയാനുശ്ശാഫീ ഫീ ഇല്മയിൽ അറൂളി വൽ ഖവാഫീ, ഇബ്‌റാസുൽ മുഹ്‌മിൽ ബിശറഹി നള്മി, അലാഖാത്തിൽ മജാസിൽ മുർസൽ എന്നിവ സാഹിത്യ ശാസ്ത്രത്തിലെ ഗ്രന്ഥങ്ങളാണ്. അറബി, തമിഴ്, ഉർദു, പേർഷ്യൻ ഭാഷകളിൽ അസാമാന്യ പ്രതിഭയായിരുന്ന പാങ്ങിൽ നിരവധി അറബി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഈജിപ്തിൽ നിന്നാണ് പലതും പ്രസിദ്ധീകരിച്ചിട്ടുള്ളത്. അക്കാലത്ത് അദ്ദേഹം നേടിയ ആഗോള പ്രശസ്തി വരച്ചു കാട്ടുന്നു ഈ അംഗീകാരം.
കേരളത്തിലെ ബിദഈ വിരുദ്ധ പോരാട്ടത്തിന്റെ പടനായകനായിരുന്നു പാങ്ങിൽ. ആദർശ വിഷയങ്ങളിൽ വഹാബികളുമായി അദ്ദേഹം നിരന്തരം സംവദിക്കുകയുണ്ടായി. തിരൂരങ്ങാടിയിൽ പ്രസംഗിക്കാനെത്തിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്യിക്കാൻ വഹാബികൾ ശ്രമം നടത്തുകയുണ്ടായി. യൂസുഫ് ഇസ്സുദ്ദീൻ എന്ന നവീനവാദി പിഴച്ച ആശയങ്ങളുമായി രംഗപ്രവേശം ചെയ്യുകയും മലബാറിന്റെ പല ഭാഗങ്ങളിലും പ്രസ്ഥാനം വളർത്താൻ ശ്രമിക്കുകയും ചെയ്തപ്പോളാണ് ദീനിന്റെ ഉറച്ച ശബ്ദമായി പാങ്ങിൽ പൊതുരംഗത്തേക്ക് വരുന്നത്. യൂസുഫ് ഇസ്സുദ്ദീൻ ഫിത്‌നയുണ്ടാക്കിയ ഇടങ്ങളിലെല്ലാം അഹമ്മദ് കുട്ടി മുസ്‌ലിയാർ യഥാർഥ ഇസ്‌ലാമികാദർശം പ്രസംഗിച്ചു. പണ്ഡിത നിന്ദ, ഖാദിയാനിസം, പിഴച്ച ത്വരീഖത്തുകൾ, ശീഇസം എന്നിവക്കെതിരെയും അദ്ദേഹം നിലകൊണ്ടു.

സംഘാടനം

1926ൽ സ്ഥാപിച്ചതു മുതൽ 32 വരെ അദ്ദേഹം സമസ്തയുടെ ഉപാധ്യക്ഷനും ശേഷം നിര്യാണം വരെ പ്രസിഡന്റുമായി. പൊതുമണ്ഡലത്തിലും സജീവ സാന്നിധ്യമായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ നേതൃനിരയിലും ആലി മുസ്‌ലിയാർ, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ തുടങ്ങിയവരോടൊപ്പം ഖിലാഫത്ത് സഭയിലും അംഗമായി. രാജ്യസ്‌നേഹം ഉദ്‌ഘോഷിക്കുന്ന രചനകളുടെയും സ്വാതന്ത്ര്യവാഞ്ഛ തുടിക്കുന്ന പ്രസംഗങ്ങളുടെയും പേരിൽ ബ്രിട്ടീഷ് ഗവൺമെന്റ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും പല തവണ അറസ്റ്റു വരിക്കുകയും ചെയ്തു.
ബ്രിട്ടീഷുകാർ ഓത്തുപള്ളികൾ അടച്ചുപൂട്ടിയപ്പോൾ മദ്‌റസ സംവിധാനത്തിന് തുടക്കമിട്ടു. അദ്ദേഹം സ്ഥാപിച്ച ഇസ്‌ലാഹുൽ ഉലൂം കേരളത്തിലെ ആദ്യ മദ്‌റസകളിലൊന്നാണ്. ഹൈദരാബാദ് നൈസാം, കണ്ണൂർ അറക്കൽ കുടുംബം പോലുള്ളവരുടെ സഹായത്തോടെ പലയിടത്തും മദ്‌റസ സ്ഥാപിക്കുകയും 1951ൽ രൂപീകരിച്ച സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് വഴി പാഠ്യപദ്ധതി ഏകീകരിക്കുകയും ചെയ്തു. സമസ്തയുടെ മുഖപത്രമായ അൽബയാൻ മാസിക അദ്ദേഹത്തിന്റെ സാഹിതീയാഭിമുഖ്യത്തിന്റെ നിദർശനമാണ്.

വഫാത്ത്

ഇരുപതാം നൂറ്റാണ്ടിൽ മലബാർ കണ്ട വിജ്ഞാന നിറകുടമായിരുന്നു പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശിൽപികളിൽ പ്രധാനി, സൂഫീവര്യൻ, സ്വാതന്ത്ര്യ സമര സേനാനി, ഖിലാഫത്ത് പോരാളി, പ്രസിദ്ധ വാഗ്മി, കവി, വിദ്യാഭ്യാസ പ്രചാരകൻ എന്നീ തലങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആ മഹാമനീഷി പ്രതിസന്ധികളിൽ തളരാതെ സത്യദീനിന്റെ ഉന്നമനത്തിനായി അഹോരാത്രം യത്‌നിച്ചു. പടന്നയിലെ അധ്യാപന കാലത്ത് 1365 ദുൽഹിജ്ജ 25(1946 നവംബർ 19)നാണ് വഫാത്താകുന്നത്. പാങ്ങിൽ ജുമുഅത്ത് പള്ളിയിലാണ് അന്ത്യവിശ്രമം.

 

ശാമിൽ ചുള്ളിപ്പാറ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ