‘ഇസ്‌ലാമിക സ്വൂഫി കവിയും അറിയപ്പെട്ട തത്ത്വജ്ഞാനിയുമായ ജലാലുദ്ദീന്‍ റൂമി സ്നേഹത്തിലൂടെയും സഹിഷ്ണുതയിലൂടെയുമാണ് അറിവും ആത്മീയതയും പ്രചരിപ്പിച്ചത്. ഇസ്‌ലാമിക പാഠങ്ങള്‍ പ്രചരിപ്പിച്ചും പ്രണയത്തില്‍ നിലീനനായുമുള്ള ആ ജീവിതം നിരവധി അത്ഭുതങ്ങള്‍ ലോകത്തിന് സമ്മാനിച്ചത്.’
(മൗലാനയുടെ വര്‍ഷം എന്നപേരില്‍ യുനെസ്കോ 2007ല്‍ റൂമിയുടെ 800-ആം ജന്മദിനം ആഘോഷിച്ചപ്പോള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നിന്ന്.)
ജലാലുദ്ദീന്‍ റൂമിയെ മനസ്സിലാക്കാനുള്ള യൂറോപ്പിന്റെ ശ്രമങ്ങള്‍ പലവിധത്തിലാണ് നടന്നത്. വ്യത്യസ്ത വീക്ഷണ കോണുകളില്‍ നിന്ന് അദ്ദേഹത്തിന്റെ ചിന്താ മണ്ഡലം പരിശോധിച്ച പടിഞ്ഞാറന്‍ എഴുത്തുകാര്‍ റൂമിയുടെ ജീവിതത്തെക്കുറിച്ചും കൃതികളെക്കുറിച്ചും വിശദമായിതന്നെ പഠിച്ചിട്ടുണ്ട്. ജലാലുദ്ദീന്‍ റൂമി അല്ലാഹുവിന്റെ വലിയ്യായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല.
പേര്‍ഷ്യയിലെ (ഇന്നത്തെ അഫ്ഗാനിസ്ഥാന്‍) ബല്‍ഖില്‍ 1207ല്‍ ജനിച്ച് തുര്‍ക്കിയിലെ കോനിയയില്‍ 1273ല്‍ മരിക്കുന്നതിനിടയിലുള്ള അദ്ദേഹത്തിന്റെ ഇതിഹാസ ജീവിതം ആഴത്തില്‍ പരിശോധിച്ചവരുടെ പഠനങ്ങളില്‍ റൂമിയുടെ വിശ്വാസധാരയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. Rumi: Past and Present, East and West എന്ന പുസ്തകം അതിലൊന്നാണ്. ഫ്രാങ്ക്ലിന്‍ ഡി. ലൂയിസ്, ജലാലുദ്ദീന്‍ റൂമിയുടെ ജീവിതകാലത്ത് ഇറാനില്‍ ഭൂരിപക്ഷവും സുന്നികളായിരുന്നുവെന്ന് പറയുന്നതു കാണാം. 680ല്‍ നടന്ന കര്‍ബല യുദ്ധത്തിന്റെ സ്മരണയെന്ന പേരില്‍ സ്വയം ശാരീരിക പീഡനമേല്‍പ്പിക്കുന്ന ശിയാക്കളുടെ രീതി ഇസ്‌ലാമിക ദര്‍ശനത്തിനെതിരാണെന്ന് റൂമി വിശ്വസിച്ചിരുന്നു. ശിയാക്കളോടുള്ള റൂമിയുടെ വിയോജിപ്പിന് തെളിവായി മസ്നവിയിലെ 777805 ഭാഗങ്ങള്‍ ഫ്രാങ്ക്ലിന്‍ ഡി. ലൂയിസ് ഉദ്ധരിക്കുന്നു. റൈനോള്‍ഡ് നിക്കള്‍സന്‍ എഴുതിയ Rumi: Poet and Mystic,  ജൂലിയറ്റ് മാബിയുടെ Rumi: A Spiritual Treasury എന്നീ കൃതികളിലും യഥാര്‍ത്ഥ സുന്നി വിശ്വാസം ജീവിതത്തില്‍ പകര്‍ത്തിയ റൂമിയെയാണ് പരിചയപ്പെടുത്തുന്നത്.
ജലാലുദ്ദീന്‍ റൂമിയുടെ ചിന്തകളില്‍ അന്തര്‍ലീനമായിരിക്കുന്ന മനഃശാസ്ത്ര വിശകലനങ്ങളെക്കുറിച്ചുള്ള കൃതികളും ശ്രദ്ധേയമാണ്. സിഗ്മണ്ട് ഫ്രോയിഡിന്റെ മനഃശാസ്ത്ര വിശകലനങ്ങള്‍ ഉള്‍പ്പെടെ ആധുനിക പഠനങ്ങളിലെ വിവിധ മേഖലകള്‍ റൂമിയുടെ സിദ്ധാന്തങ്ങളില്‍ കടന്നുവരുന്നുവെന്നാണ് ടെഹ്റാനിലെ ഇസ്‌ലാമിക് ആസാദ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍മാരായ ഫാത്തിമ നസ്ര്‍ അസദാനിയും ഫാരിബോര്‍ ബഗേരിയും കണ്ടെത്തുന്നത്. നിഗൂഢ ജ്ഞാനത്തിന്റെ അഗാധതയില്‍ മനുഷ്യനും ദൈവവും തമ്മില്‍ ഉണ്ടായിത്തീരുന്ന ബന്ധത്തെക്കുറിച്ച് റൂമി എപ്പോഴും ബോധവാനായിരുന്നു. ഹൃദയം കൊണ്ട് നടത്താവുന്ന ആത്മീയ ഇന്ദ്രജാലങ്ങളും സ്വൂഫീ ജീവിത മാര്‍ഗത്തിലെ ആത്മീയ നിര്‍വൃതിയും ജലാലുദ്ദീന്‍ റൂമി സ്വയം അനുഭവിച്ചുകൊണ്ടിരുന്നു. തന്റെ ചുറ്റുമുള്ള സമൂഹത്തിന് ഹൃദയത്തിന്റെ വിശാലമായ സാധ്യതകളെക്കുറിച്ച് പറഞ്ഞു കൊടുക്കാനും റൂമിക്ക് സാധിച്ചു. അദ്ദേഹത്തിന്റെ മുഴുവന്‍ കൃതികളിലും മനുഷ്യഹൃദയം അല്ലാഹുവുമായി സന്ധിക്കുന്നതിനെക്കുറിച്ച് മനോഹരമായ വിവരണങ്ങളുണ്ട്. റൂമി സിദ്ധാന്തങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന മനഃശാസ്ത്ര വിശകലനങ്ങളുടെ വിശദമായ ചര്‍ച്ചകളാണ് A Comparative Analysis of the Concept of Normality in the Works of Rumi and in Empirical Psychology എന്ന ബൃഹദ് പഠനത്തില്‍ ഫാത്തിമ നസ്ര്‍ അസദാനിയും ഫാരിബോര്‍ ബഗേരിയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്വത്വത്തെപ്പറ്റി ബോധവാനായ മനുഷ്യനെക്കുറിച്ച് റൂമിയും ആധുനിക മനഃശാസ്ത്രവും ഒരുപോലെ പ്രതിപാദിക്കുന്നുണ്ടെന്ന്  The Gar- den of Truth: The Vision and Promise of Sufism, Islam and Mystical Tradition എന്ന പുസ്തകത്തില്‍ പ്രൊഫ. സയ്യിദ് ഹുസൈന്‍ നസ്ര്‍ പറയുന്നു. സ്വന്തം ഹൃദയത്തെ ഒരാള്‍ അല്ലാഹുവിന് മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ പുതിയൊരു മാറ്റത്തിന് അയാള്‍ വിധേയനാവുന്നത് ആധുനിക മനഃശാസ്ത്രം പരിചയപ്പെടുത്തുന്ന സിദ്ധാന്തം തന്നെയാണെന്ന് Full Man in Anthropology of Rumi  എന്ന പഠനത്തില്‍ ഇഹ്സാന്‍ ഖുദ്റത്ത് എഴുതുന്നു. അതുപോലെ, റൂമി പരിചയപ്പെടുത്തുന്ന ആധ്യാത്മിക രീതിയില്‍ ആധുനിക മനഃശാസ്ത്ര കല്‍പനകളായ സ്വത്വാന്വേഷണം, ക്രിയാത്മകത, സ്വന്തം കഴിവുകളെക്കുറിച്ചും പരിധികളെക്കുറിച്ചുമുള്ള ബോധം, പ്രതികരണ ശേഷി, അധികാരം, സ്വാതന്ത്ര്യം, ഹൃദയ വിശാലത, ആത്മജ്ഞാനം, നേതൃപാടവം, സംഘര്‍ഷ രഹിതമായ മനസ്സ്, ധീരത, സ്നേഹം, സാമൂഹ്യബോധം തുടങ്ങിയവ നിരന്തരം കടന്ന് വരുന്നുണ്ട് എന്ന് Comparative Psychology and Implement New Ideas with Ideas of Rumi  എന്ന ഗ്രന്ഥത്തില്‍ എസ്.എച്ച്. ജലാലിയും പറയുന്നു.
റൂമി മുന്നോട്ട് വെക്കുന്ന സ്നേഹം എന്ന സങ്കല്‍പത്തെക്കുറിച്ച് മാത്രം ആഴത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടുണ്ട്. ആര്‍.എ. നിക്കള്‍സണ്‍, എ.ജെ. ആര്‍ബറി നസ്ര്‍, ചിറ്റിക്, ആന്‍മേരി ഷിമ്മല്‍ തുടങ്ങിയവര്‍ ഈ ദിശയിലുള്ള പഠനങ്ങള്‍ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. റൂമി എഴുതിയ മുഴുവന്‍ കൃതികളുടെയും കേന്ദ്രവിഷയം സ്നേഹമാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്നേഹത്തിന് മതേതരമെന്നും മതകീയമെന്നും അര്‍ത്ഥതലങ്ങള്‍ വരുമ്പോള്‍ മിക്കപ്പോഴും നിരവധി ആശയങ്ങളാണ് കടന്നുവരുന്നത്. സ്നേഹിക്കുന്നവനും സ്നേഹഭാജനത്തിനു മിടയില്‍ ഒന്നുമില്ലാതിരിക്കുന്ന അവസ്ഥയിലാണ് ഇലാഹീസ്നേഹം ആരംഭിക്കുന്നത്. സ്വയം നഷ്ടപ്പെടുന്ന ആത്മജ്ഞാനികള്‍ അല്ലാഹുവിനോടുള്ള സ്നേഹത്തില്‍ ലയിക്കുമ്പോള്‍ സ്നേഹത്തെക്കുറിച്ചുള്ള ആശങ്കകള്‍ അസ്ഥാനത്താകുന്നു. ഈയൊരു വ്യക്തതയാണ് റൂമി പരിചയപ്പെടുത്തുന്ന സ്നേഹത്തിന്റെ അടിസ്ഥാനം. അതുകൊണ്ടു തന്നെയാണ് ജലാലുദ്ദീന്‍ റൂമി ഇസ്‌ലാമിക തസ്വവ്വുഫിനെ ആധാരമാക്കി മാത്രം ചിന്തിച്ചത്. കഴിവും പ്രാപ്തിയുമുള്ള മുറബ്ബിയായ ഒരു ആത്മീയ ഗുരു ഇല്ലാതെ ദൈവസ്നേഹം നേടിയെടുക്കാനാവില്ലെന്ന് റൂമി പറഞ്ഞുവെച്ചു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രശസ്ത സ്വൂഫീ വര്യനായ ശംസ് തബ്രീസ് ആയിരുന്നു ആത്മീയ ഗുരുവിന്റെ സ്ഥാനം അലങ്കരിച്ചിരുന്നത്.
ഇങ്ങനെ പടിഞ്ഞാറിന്റെ റൂമി വായന വ്യത്യസ്ത മേഖലകളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. സത്യം തേടിയുള്ള ആത്മീയയാത്രയില്‍ നിരവധി യൂറോപ്യന്മാര്‍ ഇസ്‌ലാമിക തസ്വവ്വുഫില്‍ അഭയം പ്രാപിക്കാനും ഇത്തരം പഠനങ്ങള്‍ ഇടയായിട്ടുണ്ട്. റൂമി മുന്നോട്ടുവെച്ച ആശയ പ്രപഞ്ചം വിശദീകരിച്ചു കൊണ്ടെഴുതിയ വ്യാഖ്യാനഗ്രന്ഥങ്ങള്‍ വായിച്ച് സ്വൂഫി മാര്‍ഗത്തില്‍ ആത്മനിര്‍വൃതി കണ്ടെത്താന്‍ അനേകം ജനങ്ങള്‍ മുന്നോട്ട് വന്നു. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ സ്വൂഫിസത്തിന്റെ പാതയിലൂടെ നിരവധി ധൈഷണികര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അതേസമയം, ആസ്വാദന സ്വൂഫിസം മുന്നോട്ടുവെക്കുന്ന ഉപരിപ്ലവ ചിന്തകള്‍ക്കും ഈ മാര്‍ഗത്തില്‍ രചനകള്‍ നടത്തുന്നവര്‍ക്കും ജലാലുദ്ദീന്‍ റൂമി(റ)യെ ആഴത്തില്‍ മനസ്സിലാക്കാനോ നിലവാരമുള്ള സംഭാവനകള്‍ ചെയ്യാനോ കഴിഞ്ഞിട്ടില്ല. അവര്‍ക്ക് വേണ്ടിയിരുന്നത് അല്ലാഹുവിനെ അടുത്തറിയാനും ഇലാഹീ സ്നേഹത്തില്‍ അര്‍പ്പണം നടത്താനുമുള്ള വഴികളായിരുന്നില്ല. മറിച്ച്, കേവല ആസ്വാദനം മാത്രമായിരുന്നു. എന്നാല്‍ ജലാലുദ്ദീന്‍ റൂമി(റ)യെ അടുത്തറിയാന്‍ യഥാര്‍ത്ഥ തസ്വവ്വുഫിന്റെ പാതയിലൂടെ മാത്രമേ കഴിയൂ. മസ്നവി, ദിവാനെ കബീര്‍, ഫീഹി മാ ഫീഹി, ദീവാനെ ശംസ് തബ്രീസ്, മജാലിസെ സബാ, മകാതിബ് തുടങ്ങിയ റൂമി കൃതികള്‍ പ്രതിപാദിച്ച ആത്മീയ ലോകം അടുത്തറിയാന്‍, ആസ്വാദനത്തിന്റെ വഴിമാത്രമായി സ്വൂഫിസത്തെ സമീപിച്ചവര്‍ക്ക് കഴിഞ്ഞില്ല എന്നത് തസ്വവ്വുഫിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ഗം തന്നെയാണ് റൂമിയിലേക്കെത്താനുള്ള വഴി എന്ന് തെളിയിക്കുന്നു.

 

യാസര്‍ അറഫാത്ത് നൂറാനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ