ഞങ്ങളുടെ നാട്ടിൽ ഒരു ചിട്ടിയിണ്ട്. 20 അംഗങ്ങളാണ് അതിലുള്ളത്. മാസം തോറും ഓരോരുത്തരും 5000 രൂപ അടക്കണം. 21 മാസമാണ് കാലാവധി. ആദ്യ മാസത്തെ കലക്ഷൻ ചിട്ടി നടത്തിപ്പുകാരനുള്ളതാണ്. പിന്നീടുള്ള മാസങ്ങളിൽ നറുക്കിട്ട് ലഭിക്കുന്നവർക്ക് നൽകുന്നു. മൊത്തം 105000 രൂപയാണ് മെമ്പർമാർ അടക്കേണ്ടത്. ഒരു ലക്ഷമേ തിരിച്ചു ലഭിക്കൂ. ഈ സമ്പ്രദായം അനുവദനീയമാണോ. നടത്തിപ്പുകാരൻ എടുക്കുന്ന 5000 രൂപ പലിശ ഇനത്തിൽ പെടുമോ. ഇതു സംബന്ധമായി നാട്ടിൽ തർക്കം നിലനിൽക്കുന്നതിനാൽ പ്രമാണസഹിതം വിശദ മറുപടി പ്രതീക്ഷിക്കുന്നു. അധികതുക നടത്തിപ്പുകാരന് കൂലിയാകുമെന്ന് ഒരു വിഭാഗം പറയുമ്പോൾ സാമ്പത്തിക ഇടപാടിലെ ഏറ്റക്കുറച്ചിൽ പലിശയാണെന്ന് എതിർപക്ഷവും. എന്താണ് മറുപടി?

ഉമ്മർ കെഎം രണ്ടാർ, മൂവാറ്റുപുഴ

 

നറുക്കെടുപ്പിൽ പങ്കെടുക്കുന്നവരെല്ലാം പണം നൽകുകയും നറുക്ക് ലഭിച്ചവന് സാമ്പത്തിക ലാഭവും മറ്റുള്ളവർക്ക് നഷ്ടവും സംഭവിക്കുന്ന വിധത്തിലുള്ള നറുക്കെടുപ്പുകളും ചിട്ടികളുമെല്ലാം ഇസ്‌ലാം ശക്തമായി നിരോധിച്ചതാണ്. ഇമാം ഇബ്‌നു ഹജർ(റ)വിന്റെ തുഹ്ഫതുൽ മുഹ്താജ് 9-402, 10-217 പേജുകളിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്.

എന്നാൽ ആഴ്ചയിലോ മാസത്തിലോ നിശ്ചിത വ്യക്തികളിൽ നിന്ന് നിശ്ചിത സംഖ്യ സമാഹരിക്കുകയും ഓരോ പ്രാവശ്യവും ലഭിക്കുന്ന മൊത്തം സംഖ്യ കൂട്ടത്തിലൊരാൾക്ക് നറുക്കെടുപ്പിലൂടെ നൽകുകയും ചെയ്യുന്ന സമ്പ്രദായത്തിൽ എല്ലാവരും നൽകേണ്ടതും എല്ലാവർക്കും തിരിച്ചുകിട്ടുന്നതും ഒരേ സംഖ്യയാണെങ്കിൽ ഇത് ചൂതാട്ടത്തിൽ ഉൾപ്പെടുന്നില്ല. ആദ്യ നറുക്ക് ലഭിച്ചവനും അവസാന നറുക്ക് ലഭിച്ചവനും ഉൾപ്പെടെ എല്ലാവരും അടക്കുന്നതും അവർക്കെല്ലാം തിരിച്ചു ലഭിക്കുന്നതും ഒരേ സംഖ്യയായതിനാൽ ലാഭത്തിനും നഷ്ടത്തിനും സാധ്യതയെന്ന അനിശ്ചിതത്വം ഇവിടെയില്ലല്ലോ. ഈ സമ്പ്രദായത്തിൽ നിശ്ചിതസംഖ്യ നടത്തിപ്പുകാരനോ പൊതുസ്ഥാപനത്തിനോ നൽകാൻ അംഗങ്ങളെല്ലാം ധാരണയാവുകയും അത് തൃപ്തിപ്പെട്ടവർ മാത്രം അംഗങ്ങളാവുകയും ചെയ്തുകൊണ്ട് നടത്തുന്നതിലും തെറ്റില്ല. അംഗങ്ങളുടെ സമ്മതപ്രകാരം അവർ അടച്ച പണത്തിൽ നിന്ന് നിശ്ചിതസംഖ്യ നടത്തിപ്പുകാരൻ എടുക്കുന്നത് ഇസ്‌ലാം നിരോധിച്ച പലിശയല്ല. സാമ്പത്തിക ഏറ്റവ്യത്യാസങ്ങളെല്ലാം പലിശയാണെന്ന ധാരണ ശരിയല്ല. കർമശാസ്ത്ര പണ്ഡിതർ വിശദീകരിച്ച പലിശയിൽ ഇതുൾപ്പെടുകയുമില്ല.

 

കക്ഷരോമം, ഗുഹ്യരോമം എന്നിവ 40 ദിവസത്തിനകം കളയണം എന്ന് പറയുന്നതിന് അടിസ്ഥാനമുണ്ടോ. അത് സുന്നത്താണോ. എങ്കിൽ പ്രതിഫലമെന്ത്?

ഒരു വായനക്കാരൻ

 

കക്ഷരോമവും ഗുഹ്യരോമവും നീക്കം ചെയ്യൽ സുന്നത്താണ്. ഇതിന് കൃത്യമായ സമയക്രമം നിശ്ചയിക്കപ്പെട്ടിട്ടില്ല. വ്യക്തികളിലെ രോമവളർച്ചക്കനുസരിച്ച് വ്യത്യാസം വരുന്നതാണ്. എന്നാൽ 40 ദിവസത്തിനപ്പുറം നീട്ടിവെക്കുന്നത് കറാഹത്താണെന്ന് കർമശാസ്ത്ര ഇമാമുകളിൽ പലരും വ്യക്തമാക്കിയിട്ടുണ്ട്. 40 ദിവസത്തിലേറെ നീക്കം ചെയ്യാതെ അവശേഷിപ്പിക്കരുതെന്ന് അനസ്(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

(മുഗ്‌നി 1-294, ശറഹുബാഫള്ൽ 1-57)

 

യാത്രയല്ലാത്തപ്പോൾ നിസ്‌കാരം ജംആക്കാൻ എന്താണ് നിബന്ധന. ഹളറിൽ ജംആക്കൽ ശാഫിഈ മദ്ഹബിൽ പ്രബലമായ അഭിപ്രായമാണോ?

 ഇംതിയാസ് മുസ്‌ലിയാർ മഞ്ചേരി

 

യാത്രകാരണമായി നിസ്‌കാരങ്ങൾ ജംഅ് ചെയ്യൽ അനുവദനീയമാണ്. യാത്രയിലല്ലാതെ – നാട്ടിൽവെച്ച്-പ്രത്യേക സാഹചര്യങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി, മഴ കാരണം നിസ്‌കാരം മുന്തിച്ച് ജംഅ് ചെയ്യാവുന്നതാണ്. നാട്ടിൽ വെച്ച് രോഗം കാരണമായി ജംഅ് അനുവദനീയമാണെന്ന അഭിപ്രായമുണ്ടെങ്കിലും ശാഫിഈ മദ്ഹബിൽ അത് പ്രബലമല്ല. ഫത്ഹുൽ മുഈൻ, തുഹ്ഫ തുടങ്ങിയ പ്രമുഖ ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്നെല്ലാം ഇത് വ്യക്തമാണ്.

 

  പന്നി മുസ്‌ലിംകൾക്ക് ഹറാമാണല്ലോ. എന്നാൽ ചില മിഠായികളിൽ പന്നിനെയ്യ് ചേർത്തിയിട്ടുണ്ട് കേൾക്കുന്നു. ചില ഉൽപന്നങ്ങളിലെല്ലാം ഉപയോഗിച്ച വസ്തുക്കളുടെ കൂട്ടത്തിൽ ഇത് പരാമർശിച്ചു കാണാം. കുട്ടികൾക്ക് താൽപര്യമുള്ള, മാർക്കറ്റിൽ സുലഭമായ മിഠായി, പലഹാരങ്ങളുടെ സ്ഥിതിയാണിത്. ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിന്റെ മതവിധി എന്താണ്?

നിസാർ അഹ്മദ് താമരക്കുഴി

 

പന്നിയും പന്നിനെയ്യുമെല്ലാം നജസാണ്. എന്നാൽ ഒരു ഉൽപന്നത്തിൽ പന്നിക്കൊഴുപ്പോ പന്നിയുടെ മറ്റു ഭാഗങ്ങളോ ചേർത്തിയിട്ടുണ്ടെന്ന പ്രചാരണം കൊണ്ട് മാത്രം ആ ഉൽപന്നം നജസാണെന്നോ നിഷിദ്ധമാണെന്നോ വിധി പറയാനാവില്ല. അതേ സമയം അതിൽ പന്നിയുടെ അംശം ചേർത്തിയിട്ടുണ്ടെന്ന് ഉറപ്പായാൽ അത് നജസാണ്. ഉപയോഗിക്കാൻ പറ്റില്ല.

പന്നിയുടെ അംശം ചേർത്താണ് നിർമിക്കുന്നതെന്ന് പ്രചാരണമുണ്ടായിരുന്ന ഒരു ഉൽപന്നത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇമാം ഇബ്‌നു സ്വലാഹ്(റ) മറുപടി നൽകിയതിപ്രകാരമാണ്: നജസാണെന്ന് കൃത്യമായ ഉറപ്പില്ലാതെ അത് നജസാണെന്ന് വിധിക്കപ്പെടുകയില്ല(മുഗ്‌നി 1-408). ഇത്തരം വസ്തുക്കളെ കുറിച്ച് നജസാണെന്നും ശുദ്ധിയുള്ളതാണെന്നും രണ്ടഭിപ്രായങ്ങളുണ്ടെന്നും ശുദ്ധിയുള്ളതാണെന്നഅഭിപ്രായമാണ് പ്രബലമെന്നും സൈനുദ്ദീൻ മഖ്ദൂം(റ) ഫത്ഹുൽ മുഈനിൽ വിശദീകരിച്ചിട്ടുണ്ട്. ശാമിൽ നിർമിക്കപ്പെടുന്ന പാൽകട്ടികൾ പന്നിയുടെ ഭാഗങ്ങൾ കൊണ്ടാണ് ഉണ്ടാക്കുന്നതെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ ആ പാൽകട്ടികൾ റസൂൽ(സ്വ) ഭക്ഷിച്ചിട്ടുണ്ട് എന്നത് ഇതിന് രേഖയായി ഇമാമുകൾ ഉദ്ധരിച്ചിട്ടുണ്ട്.

(ഫത്ഹുൽ മുഈൻ പേ. 41 കാണുക)

 

ഉറക്കിൽ നിന്നുണർന്നാൽ ചൊല്ലേണ്ട ദിക്‌റ് നേരം പുലരുമ്പോൾ മാത്രമാണോ അതോ എപ്പോൾ ഉണർന്നാലും ചൊല്ലേണ്ടതുണ്ടോ?

ഫർഹ മുജീബ് വെള്ളാട്ട്പറമ്പ്

 

അൽഹംദുലില്ലാഹില്ലദീ അഹ്‌യാനീ… പോലെ പൊതുവെ ഉറക്കത്തിൽ നിന്നുണർന്നാൽ ചൊല്ലാൻ നിർദേശിക്കപ്പെട്ട ദിക്‌റുകൾ എപ്പോൾ ഉണർന്നാലും സുന്നത്താണ്. അതേസമയം രാത്രിയുടെ അവസാനം – സുബ്ഹിയുടെ മുമ്പായി – ഉറക്കിൽ നിന്നുണർന്നാൽ ചൊല്ലേണ്ട പ്രത്യേക ദിക്‌റുകളും ഖുർആൻ വചനങ്ങളും ആ സമയത്തേ സുന്നത്തുള്ളൂ എന്നാണ് മനസ്സിലാകുന്നത്.

 

താടി വടിച്ചവരോട് തുടർന്ന് നിസ്‌കരിക്കുന്നതിന്റെ വിധിയെന്ത്. ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുമോ. ആ നിസ്‌കാരം സ്വഹീഹാകുമോ?

മുജീബ് റഹ്മാൻ വിപി

പുരുഷന്റെ താടി വടിച്ചുകളയുന്നത് തെറ്റാണ്. ഹറാമാണെന്നും കറാഹത്താണെന്നും അഭിപ്രായമുണ്ട്. താടിയിലടക്കം ഇസ്‌ലാമിക അദബുകൾ പാലിക്കുന്ന ഇമാമിനെ തുടർന്ന് നിസ്‌കരിക്കലാണ് ഏറെ നല്ലത്. എന്നാൽ താടി വടിച്ചവനെ തുടർന്നു നിസ്‌കരിച്ചാൽ നിസ്‌കാരം സ്വഹീഹാവുകയില്ലെന്നോ തുടർച്ച ശരിയാവുകയില്ലെന്നോ തീരെ പ്രതിഫലം ലഭിക്കുകയില്ലെന്നോ പറയാവതല്ല.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ