രോഗികൾക്കും നിരാലംബർക്കും സാന്ത്വനത്തിന്റെ തണൽ വിരിച്ച് എസ്.വൈ.എസ് സാന്ത്വനവാരം പെയ്തിറങ്ങി. നാട്ടിൻ പുറങ്ങളും നഗരപ്രദേശങ്ങളും സാന്ത്വനം പ്രവർത്തകരുടെ തുല്യതയില്ലാത്ത സന്നദ്ധസേവനങ്ങൾ കൊണ്ട് കുളിരണിഞ്ഞു. കേരളത്തിലെ മറ്റൊരു സംഘടനക്കും അവകാശപ്പെടാനാകാത്ത വിധം ക്രമബദ്ധമായ സംഘാടനത്തിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയും ചരിത്രം രചിച്ചിരിക്കുകയാണ് എസ്.വൈ.എസ് പ്രവർത്തകർ. മികച്ച മുന്നൊരുക്കത്തോടെ ആരംഭിച്ച സാന്ത്വനവാരം സമീപകാലത്ത് കേരളം കണ്ട ഏറ്റവും മികച്ച ജീവകാരുണ്യ പദ്ധതിയായി മാറി.

കേരളത്തിലെ പതിനാല് ജില്ലകളിലും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലും ഒന്നിനൊന്ന് മികച്ച രൂപത്തിലാണ് സാന്ത്വനം പദ്ധതികൾ നടപ്പിലാക്കിയത്. ‘വേദനിക്കുന്നവർക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങൾ’ എന്ന സന്ദേശവുമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 23 മുതൽ 29 വരെയാണ് സാന്ത്വന വാരമായി ആചരിച്ചത്. കിടപ്പിലായ രോഗികൾക്കും കുടുംബങ്ങൾക്കും ഉൾപ്പെടെ സമൂഹത്തിലെ അവശരായ ആളുകൾക്ക് വേണ്ടി എസ്.വൈ.എസ് വർഷങ്ങളായി ചെയ്തുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ബഹുമുഖ പദ്ധതികളുമായി ഒരാഴ്ചത്തെ ഊർജിത സാന്ത്വന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ഗ്രാമങ്ങളിലെയും നഗരപ്രദേശങ്ങളിലെയും കിടപ്പിലായ രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസമേകി അഞ്ചരക്കോടിയുടെ സാന്ത്വന പ്രവർത്തനങ്ങളാണ് സുന്നിപ്രവർത്തകർ നടത്തിയത്. രോഗികളെ വീടുകളിൽ സന്ദർശിച്ച് ഒരു വർഷം വരെ സൗജന്യമായി മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ കാർഡുകൾ, റേഷൻ സംവിധാനം, ഓക്‌സിജൻ കോൺസൻഡേറ്റർ, വീൽചെയറുകൾ, എയർ/വാട്ടർ ബെഡുകൾ, വാക്കർ, വാക്കിംഗ് സ്റ്റിക്, സ്‌ട്രെച്ചർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ, തുടർ പഠനം നിലച്ച രോഗികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം, ദാറുൽഖൈർ ഭവന പദ്ധതി തുടങ്ങിയവയാണ് എസ്.വൈ.എസ് പ്രവർത്തകർ സമ്മാനിച്ചത്.

എസ്.വൈ.എസ് പ്രവർത്തകർക്കൊപ്പം തൃശൂർ ജില്ലയിലെ മനപ്പാടിയിൽ കിടപ്പിലായ രോഗിയുടെ വീട്ടിലെത്തി ശ്വസനയന്ത്രം നൽകി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സാന്ത്വനവാരത്തിൽ പങ്കാളിയായി. വേദനിക്കുന്നവർക്ക് ആശ്വാസം പകരുന്നതും ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതും സമൂഹത്തിന്റെ കടമയാണെന്നും അത് രോഗികളുടെയും കുടുംബത്തിന്റെയും അവകാശമാണെന്നും ഉസ്താദ് പറഞ്ഞു. വേദനിക്കുന്ന മനുഷ്യന് സാന്ത്വനമേകുന്നത് ഏറ്റവും വലിയ പുണ്യമായാണ് ഇസ്‌ലാം കാണുന്നത്. അവിടെ ജാതിയും മതവും നോക്കേണ്ടതില്ല. മാനുഷിക മൂല്യങ്ങളാണ് ഉയർത്തിപ്പിടിക്കേണ്ടത്. എസ്.വൈ.എസ് മുന്നോട്ട് വെക്കുന്ന ഈ സമഗ്ര ജീവകാരുണ്യ പദ്ധതിയിൽ മുഴുവൻ ആളുകളുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരിയും കാന്തപുരത്തോടൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിലെ കണിയാപുരം മൈപ്പള്ളി റോഡിൽ കിടപ്പിലായ രോഗിക്ക് മെഡിക്കൽ ഉപകരണം നൽകി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. കൃത്യമായ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ അർഹരായ കിടപ്പുരോഗികൾക്കും കുടുംബത്തിനും ആശ്വാസമേകാനുള്ള എസ്.വൈ.എസിന്റെ യജ്ഞത്തിന് സമൂഹത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാൻ സഖാഫി വയനാട് ജില്ലയിലെ തലപ്പുഴയിൽ കിടപ്പിലായ രോഗികളുടെ വീട് സന്ദർശിച്ച് സാന്ത്വനവാരത്തിൽ പങ്കു ചേർന്നു. കാസർകോട്ട് കെ. കുഞ്ഞിരാമൻ എം.എൽ.എ, മലപ്പുറത്ത് മന്ത്രി കെ.ടി. ജലീൽ , കോഴിക്കോട്ട് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പാലക്കാട്ട് കെ.വി. വിജയദാസ് എം.എൽ.എ, എറണാകുളത്ത് അൻവർ സാദത്ത് എം.എൽ.എ, കണ്ണൂരിൽ

ആർ.പി ഹുസൈൻ, ഇടുക്കിയിൽ അബ്ദുസ്സലാം സഖാഫി, പത്തനംതിട്ടയിൽ സ്വലാഹുദ്ദീൻ മദനി, ആലപ്പുഴയിൽ മുഹമ്മദ് ഹാശിം സഖാഫി, കൊല്ലത്ത് നൗഷാദ് എം.എൽ.എ, നീലഗിരി ജില്ലയിൽ ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.

സാന്ത്വന പ്രവർത്തനങ്ങളിലുടനീളം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, പോരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവരുടെ ആത്മീയനേതൃത്വം പ്രവർത്തകർക്ക് ആവേശമായി. വിവിധ ജില്ലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സമസ്ത, കേരളമുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കളുടെ നിറസാന്നിധ്യവും അണികൾക്ക് ഊർജം പകർന്നു. സാന്ത്വന പ്രവർത്തനങ്ങൾ അല്ലാഹുവിന്റെ മാർഗത്തിലുള്ള ഏറ്റവും വലിയ പുണ്യപ്രവർത്തനങ്ങളിലൊന്നായി ഇതിനകം വിശ്വാസികൾ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, പൊതുജനങ്ങളുടെ കയ്യടി നേടുന്നതിനുപകരം കൂടുതൽ അർഹരായവരിലേക്ക് സാന്ത്വനമെത്തിക്കാൻ ഓരോ പ്രവർത്തകനും വിശ്രമമില്ലാതെ അധ്വാനിക്കുക തന്നെ ചെയ്തു. അത്രമാത്രം ചെയ്തുതീർക്കാനുണ്ടായിരുന്നു അവർക്ക്.

സാന്ത്വനവാരത്തിന്റെ മുന്നോടിയായി വൈവിധ്യങ്ങളായ പരിപാടികളാണ് നടന്നത്. ജില്ലാതലങ്ങളിൽ സാന്ത്വനം വളണ്ടിയർ ക്യാംപ് നടന്നു. സന്നദ്ധസേവനങ്ങളുടെ മഹത്ത്വം, സാന്ത്വനം പദ്ധതി വിശദീകരണം, എമർജൻസി മെഡിക്കൽ കെയർ, നിർധനർക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ എന്നീ വിഷയങ്ങളിൽ പഠന-പരിശീലന ക്ലാസുകളാണ് ക്യാമ്പിൽ മുഖ്യമായും നടന്നത്. ആശുപത്രികളിൽ വളണ്ടിയർ സേവനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാനും സംഘകുടുംബത്തിന് സാധിച്ചു. വിവിധ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് വളണ്ടിയർ സേവനവും രോഗികൾക്കും കൂട്ടിനിരിക്കുന്നവർക്കും സഹായമെത്തിക്കാനുള്ള സ്ഥിരം സംവിധാനങ്ങളും എസ്.വൈ.എസിന് നേരത്തേയുണ്ട്. നിരവധി രോഗികളുടെ കണ്ണീരൊപ്പാനും പാവപ്പെട്ട രോഗികൾക്ക് സഹായമെത്തിക്കാനും ഈ വളണ്ടിയർ സേവനങ്ങൾക്ക് സാധിക്കുകയും ചെയ്തു. സാന്ത്വനവാരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ക്രിയാത്മകമായ വളണ്ടിയർ സേവനങ്ങൾ ആരംഭിക്കുകയുണ്ടായി. സർക്കിൾ തലങ്ങളിൽ മികച്ച പരിശീലനം ലഭിച്ച പ്രത്യേക വളണ്ടിയർമാർ കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിക്കുകയും ആവശ്യമായ മെഡിക്കൽ സഹായങ്ങൾ എത്തിക്കുകയും ചെയ്തു.

സാന്ത്വനം സർവേ വിവരങ്ങൾ  ഞെട്ടിപ്പിക്കുന്നത്

ആറായിരം ഗ്രാമങ്ങളിലാണ് എസ്.വൈ.എസ് സാന്ത്വനം സർവേ നടത്തിയത്. പാലിയേറ്റീവ് കെയർ യൂണിറ്റുകളുമായി സഹകരിച്ച് കിടപ്പിലായ രോഗികളുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും അവർക്ക് അടിയന്തരമായി എത്തിക്കേണ്ട സഹായങ്ങളെക്കുറിച്ചുമുള്ള വിശദമായ അന്വേഷണമായിരുന്നു സർവേ. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് തീർത്തും ശാസ്ത്രീയമായി നടത്തിയ ഈ സർവേയിൽ പുറത്തുവന്നത്. സർക്കാർ-സർക്കാരേതര സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനുമപ്പുറം രോഗികൾക്കാണ് അടിയന്തരമായി സഹായങ്ങൾ എത്തിക്കേണ്ടത്. സർവേയിൽ പങ്കെടുത്ത മിക്ക രോഗികളെയും പരിചരിക്കാൻ വേണ്ടത്ര സംവിധാനങ്ങളോ ആളുകളോ ഇല്ല. ഹൃദയം തകർക്കുന്ന കാര്യങ്ങളാണ് സാന്ത്വനം പ്രവർത്തകർക്ക് പലയിടത്ത് നിന്നും കേൾക്കേണ്ടി വന്നത്. പന്ത്രണ്ടായിരത്തോളം പുതിയ സന്നദ്ധ പ്രവർത്തകർക്ക് ആതുര സേവന മേഖലയിൽ പ്രവർത്തിക്കാൻ സമഗ്ര പരിശീലനം നൽകി സജ്ജീകരിച്ചു എന്നതാണ് സാന്ത്വനവാരം പദ്ധതിയുടെ മറ്റൊരു മികച്ച നേട്ടം. ഇനി ഗ്രാമ-നഗര പ്രദേശങ്ങളിൽ ഈ സന്നദ്ധസേവകരുടെ സഹായങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകും.

നിർധനർക്ക് നിർമിച്ചു നൽകിയ ദാറുൽഖൈർ വീടുകളുടെ കൈമാറ്റം, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം, ഭക്ഷണക്കിറ്റ് വിതരണം, സാന്ത്വനപ്രവർത്തനങ്ങളുടെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖ വിതരണം, വിദഗ്ധർ നേതൃത്വം നൽകിയ ആരോഗ്യബോധവത്കരണ ക്ലാസുകൾ, വിവിധ കേന്ദ്രങ്ങളിൽ പുതിയ സാന്ത്വനം ക്ലബ്ബുകൾ, നവീകരിച്ച സാന്ത്വനം കേന്ദ്രങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവയും സാന്ത്വനവാരത്തിന്റെ ഭാഗമായി നടന്നു.

സാന്ത്വനവാരം അവസാനിക്കുന്നില്ല

ഇതോടെ സാന്ത്വന പ്രവർത്തനങ്ങൾ അവസാനിക്കുന്നില്ല. കൂടുതൽ മേഖലകളിലേക്കും ആളുകളിലേക്കും പടർന്നുകയറുന്ന ഒരു ജനകീയ സംസ്‌കാരമായി സാന്ത്വനം പദ്ധതി ചരിത്രത്തിൽ അടയാളപ്പെടും. കൂടുതൽ മികച്ച പ്രവർത്തനങ്ങളുമായാണ് ഇനി വരുന്ന മാസങ്ങളിൽ എസ്.വൈ.എസ് സാന്ത്വനം പരിപാടികൾ നടക്കുക. മാർച്ച് മാസത്തോടെ സംസ്ഥാനത്തെ മുഴുവൻ ജില്ലാ ആശുപത്രികളിലും സന്നദ്ധസേവന പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തും. മെയ് മാസത്തോടെ മുഴുവൻ യൂണിറ്റുകളിലും സാന്ത്വനം ക്ലബ്ബുകൾ പൂർത്തീകരിക്കും. ജൂലൈയിൽ സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും സാന്ത്വന കേന്ദ്രങ്ങൾ ഉറപ്പാക്കുകയും ചെയ്യും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ