‘നോമ്പൊരു കവചമാണ്. അത് വിശ്വാസിയുടെ രക്ഷാസങ്കേതങ്ങളിൽ പെട്ട ഒരു സങ്കേതവും. നോമ്പല്ലാത്ത എല്ലാ സൽപ്രവർത്തനങ്ങളും അവ അനുഷ്ഠിക്കുന്നവന് ഗുണകരമായി ഭവിക്കും. എന്നാൽ നോമ്പിനെക്കുറിച്ച് അല്ലാഹു പറയുന്നു: നോമ്പ് എനിക്കുള്ളതാണ്, അതിന് ഞാൻ പ്രതിഫലം നൽകും’ (ത്വബ്‌റാനി). ഉസ്മാനുബ്‌നു അബിൽ ആസ്വ്(റ) നിവേദനം; നോമ്പ് അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നുള്ള പരിചയാണ് (അഹ്‌മദ്). പോർമുഖത്ത് പരിച നിങ്ങൾക്ക് കാവലെന്ന പോലെ നോമ്പ് നരകത്തിൽ നിന്ന് കാവലാണ് (ഇബ്‌നുമാജ). നിങ്ങൾ നോമ്പനുഷ്ഠിക്കുക, നിശ്ചയം അത് നരകത്തിൽ നിന്നും ദുരിതങ്ങളിൽ നിന്നുമുള്ള കാവലാണ് (അൽജാമിഉസ്സഗീർ). എന്റെ ദാസൻ നരകത്തെ തൊട്ട് മറയായി ഉപയോഗിക്കുന്ന പരിചയാണ് നോമ്പ്. അത് എനിക്കുള്ളതാണ്. അതിനുള്ള പ്രതിഫലം ഞാൻ നൽകുന്നതാണ് എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട് (അഹ്‌മദ്).
മനുഷ്യൻ ആഗ്രഹാഭിലാഷങ്ങളും ഇച്ഛാസ്വാതന്ത്ര്യവും പ്രവർത്തന സൗകര്യവും സാധ്യതയും ഉള്ളവനാണ്. മനുഷ്യന് ആകർഷകവും ആസ്വാദ്യവുമായി തോന്നുന്ന പലതും ആത്മീയതയെ അപകടപ്പെടുത്തുന്നതോ പരിക്കേൽപ്പിക്കുന്നതോ ആയിരിക്കും. അത് കാരണമായി പാരത്രിക പരാജയം സംഭവിച്ചേക്കാം. എന്നാൽ വിശ്വാസി ഈ പ്രകൃതം കാരണം ആത്മികമായ അപകടവും നഷ്ടവും പരാജയവും സംഭവിക്കാതെ നോക്കണം. അതിന് പറ്റും വിധം ജീവിതത്തെ പാകപ്പെടുത്തുകയാണ് റമളാൻ.
ഉപര്യുക്ത ഹദീസിലൂടെ നോമ്പിന്റെ സവിശേഷ ഗുണമാണ് നബി(സ്വ) പങ്കുവെക്കുന്നത്. ജുന്നത്ത് എന്ന അറബി പദത്തിന് കവചം, പരിച, മറ, തടസ്സം എന്നൊക്കെയാണ് അർഥം. ഈ പദം കൊണ്ട് നോമ്പിനെ വിശേഷിപ്പിച്ചതിൽ നിന്ന് ഹദീസിന്റെ ആശയം വ്യക്തമാണ്. ഇമാം മുനാവീ(റ) രേഖപ്പെടുത്തിയതിങ്ങനെ: നോമ്പനുഷ്ഠിക്കുന്നവന്റെയും നരകത്തിന്റെയും ഇടയിൽ തടസ്സമായി നിൽക്കുന്ന മറയാണ് വ്രതം. നോമ്പുകാരന്റെയും അവന്റെ വികാരങ്ങളുടെയും ഇടയിലെ തടസ്സം കൂടിയാണത്. കാരണം നോമ്പ് വികാരങ്ങളെ ഇല്ലാതാക്കുന്നുണ്ട്. അമ്പിനെ പരിച പ്രതിരോധിക്കും പ്രകാരം നരകത്തെയും പാപങ്ങളെയും പ്രതിരോധിക്കുന്ന പരിചയാണ് നോമ്പ്. വികാരത്തെ ഇല്ലാതാക്കിയും അവയവങ്ങളെ തെറ്റുകളിൽ നിന്ന് സംരക്ഷിച്ചും ഈ ലോകത്ത് നോമ്പ് കാവലായി ഭവിക്കുന്നു. പരലോകത്ത് നരകത്തിൽ നിന്നും കാവലാകുന്നു. കാരണം നോമ്പ് ദുർമോഹങ്ങളെ ഇല്ലാതാക്കുകയും പിശാചിന്റെ ആയുധങ്ങളായ വികാരങ്ങളെ തകർത്ത് കളയുകയും ചെയ്യുന്നു. വയറ് നിറഞ്ഞിരിക്കുന്ന അവസ്ഥ കുറ്റങ്ങൾ ചെയ്യിപ്പിക്കുകയും അത് വഴി ഈമാനിനെ (വിശ്വാസത്തെ) കുറക്കുകയും ചെയ്യുമല്ലോ. അത് കൊണ്ടാണ് സ്വന്തം വയറിനെക്കാൾ മോശമായ ഒരു പാത്രവും മനുഷ്യൻ നിറച്ചിട്ടില്ല എന്ന് നബി(സ്വ) പറഞ്ഞത് (ഫൈളുൽ ഖദീർ).
മുല്ലാ അലിയ്യുൽ ഖാരി(റ) എഴുതി: ഇസ്‌ലാം കാര്യങ്ങളിൽ മൂന്നാമത്തേതായി നോമ്പിനെ അല്ലാഹു നിശ്ചയിച്ചതിൽ ധാരാളം നേട്ടങ്ങളുണ്ട്. അവയിൽ ഏറ്റവും മഹത്ത്വമേറിയത് രണ്ട് കാര്യങ്ങൾ അത് കാരണമായി നടക്കുന്നുവെന്നതാണ്. അവയിൽ ഒന്ന് ഉണ്ടായാൽ മറ്റേതുമുണ്ടായിരിക്കും. ദുഷ്‌പ്രേരക മനസ്സിന്റെ നിശ്ചലാവസ്ഥയും കണ്ണ്, നാക്ക്, ചെവി, ഗുഹ്യാവയവം തുടങ്ങി എല്ലാ അവയവങ്ങളുമായി ബന്ധപ്പെട്ട അനാവശ്യ വികാരത്തെ തകർക്കുന്നു എന്നതുമാണത്. നോമ്പ് കാരണം ദുഷ്‌പ്രേരക മനസ്സിൽ ഉയിരെടുക്കുന്ന കാര്യങ്ങളിൽ അതിന്റെ ഇടപെടൽ ദുർബലമാവുന്നതാണ്. ഇങ്ങനെയായാൽ കലർപ്പുകളിൽ നിന്നെല്ലാം ഹൃദയം തെളിയുന്ന സ്ഥിതിയുണ്ടാവും. കാരണം നാക്കിന്റെയും കണ്ണിന്റെയും മറ്റവയവങ്ങളുടെയും അനാവശ്യങ്ങളാണ് ഹൃദയത്തിന്റെ തെളിമക്ക് മങ്ങലേൽപ്പിക്കുന്നത്. ഹൃദയം തെളിയുമ്പോൾ നന്മകളും പദവികളും അതിനെ ചുറ്റിപ്പറ്റി ഉണ്ടായിത്തീരും (മിർഖാതുൽ മഫാതീഹ്).
നോമ്പിന്റെ അടിസ്ഥാന ഘടകമായ നിശ്ചിത സമയത്തെ അന്നപാനാദികൾ മാറ്റിവെക്കൽ പൊതുവെ പ്രയാസകരമല്ല. കൂടുതൽ പേർക്കും നിർവഹിക്കുവാൻ സാധിക്കുന്ന വിധത്തിലാണ് നോമ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇളവ് നൽകപ്പെട്ട വിഭാഗങ്ങളിൽ തന്നെ നോമ്പനുഷ്ഠാനം സാധ്യമായേക്കാവുന്നവരുണ്ട്. വിലക്കില്ലാത്തവർക്ക് അൽപം ബുദ്ധിമുട്ടിയാലും നോമ്പനുഷ്ഠിച്ച് പുണ്യം നേടുന്നത് തന്നെയാണ് ഗുണകരം. റമളാൻ മാസത്തിന് പകരമാകാൻ മറ്റൊരു മാസവുമില്ല. വളരെ ആദരവുള്ളതും നമുക്കുപകാരപ്പെടുന്നതുമായ കാലമാണ് റമളാൻ മാസം.
കാലവും കർമവും വിശ്വാസിയുടെ സൗഭാഗ്യങ്ങളാണ്. മനുഷ്യന്റെ പ്രകൃതി ഗുണങ്ങളുടെ സംസ്‌കരണവും സംരക്ഷണവും നേടിത്തരുന്ന കർമകാലങ്ങൾ നമ്മുടെ വിജയമുറപ്പിക്കാനുള്ള അവസരോപാധികളാണ്. അതുകൊണ്ടാണ് നോമ്പിന് (ജുന്നത്ത്), രക്ഷാകവചം (ഹിസ്വ്ൻ) കോട്ട, രക്ഷാസങ്കേതം എന്നൊക്കെ വിശേഷണം നൽകപ്പെട്ടത്. നരകത്തിലേക്കും ശിക്ഷയിലേക്കും ചെന്നുപെടുന്നതിൽ നിന്ന് നമുക്ക് മറയാണ് നോമ്പ്. അതുപോലെ പാപങ്ങളും വിപത്തുകളും നമ്മെ ബാധിക്കുന്നതിൽ നിന്നുള്ള പരിചയും. ഇത് സാധിക്കണമെങ്കിൽ മറയും പരിചയും ദ്വാരമോ കീറലോ ഉള്ളതാവരുത്. അപ്പോൾ മറയുടെ ഉപകാരം ലഭ്യമാവാതെവരും.
നോമ്പെന്ന ഇബാദത്തിനെ മാത്രമല്ല അതിന്റെ കാലമായ റമളാൻ മാസത്തെയും പരിഗണിക്കേണ്ടതുണ്ട്. ഇബ്‌നു ഹജറിൽ അസ്ഖലാനി(റ) എഴുതി: അബൂഉബൈദതൽ ജർറാഹ്(റ) നിവേദനം ചെയ്ത ഹദീസിൽ നോമ്പ് മറയാകുന്നത് ആ മറ പൊളിക്കാതിരിക്കുമ്പോഴാണ് എന്നുണ്ട്. പരദൂഷണം കൊണ്ട് പൊളിക്കാതിരുന്നാൽ എന്നാണ് ഇമാം ദാരിമി(റ)യുടെ നിവേദനത്തിലുള്ളത്. ഖുർത്വുബി(റ) പറഞ്ഞു: നോമ്പ് മതനിയമമായി നിശ്ചയിച്ചിരിക്കുന്നത് മറയായിട്ടാണ്. അതിനാൽ നോമ്പിനെ നാശമാക്കുന്നതും പ്രതിഫലം കുറക്കുന്നതുമായ കാര്യങ്ങളിൽ നിന്ന് നോമ്പിനെ നോമ്പുകാരൻ സംരക്ഷിക്കേണ്ടതനിവാര്യം. നോമ്പ് ദിനങ്ങളിൽ നിങ്ങൾ മോശമായ കാര്യങ്ങൾ ചെയ്യരുത് എന്ന് തുടങ്ങുന്ന ഹദീസ് ഇത് സൂചിപ്പിക്കുന്നു. നോമ്പ് നരകത്തിൽ നിന്ന് മറയാകുന്നത് വികാരങ്ങളെ നിയന്ത്രിക്കുമ്പോഴാണ്, നരകം വികാരങ്ങൾ കൊണ്ട് വലയം ചെയ്യപ്പെട്ടതാണ് എന്ന് ഇമാം അബൂബക്ർ ബ്‌നുൽ അറബി(റ) പറഞ്ഞിട്ടുണ്ട്. ഈ വിവരണത്തിന്റെ ആകെത്തുക ഇതാണ്: നോമ്പുകാരൻ ഈ ലോകത്ത് വികാരങ്ങളിൽ നിന്ന് സ്വയം തടഞ്ഞാൽ പരലോകത്തുവെച്ച് നമുക്ക് നരകത്തെ തൊട്ട് മറയായിത്തീരും. ഗീബത്ത് കൊണ്ട് നോമ്പ് മുറിയുമെന്ന് ആഇശ(റ)യെ തൊട്ട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (ഫത്ഹുൽ ബാരി 4/88).
ഇതിന്റെ ഗൗരവം നബി(സ്വ) അറിയിക്കുന്നതിങ്ങനെ: നോമ്പ് പരിചയാണ്. അതിനാൽ മോശം വാക്കുകൾ പറയരുത്. അറിവ് കേട് പ്രവർത്തിക്കരുത്. ആരെങ്കിലും ചീത്ത പറയുകയോ അക്രമം കാണിക്കുകയോ ചെയ്താൽ തന്നെ ഞാൻ നോമ്പുകാരനാണ്, ഞാൻ നോമ്പുകാരനാണ് എന്ന് പറയുക (ബുഖാരി). അരുതായ്മകളിൽ നിന്ന് നോമ്പ് എത്രമാത്രം സുരക്ഷിതമാണോ അതിനനുസരിച്ചാണ് നോമ്പുകാരന്റെ നേട്ടങ്ങൾ.

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ