ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോയി. അനേകം പേർ ഒറ്റക്കും കൂട്ടായും തൈകൾ നട്ടു, വിതരണം ചെയ്തു. വർഷാവർഷം പരിസ്ഥിതി ദിനത്തിൽ നടുന്നതെല്ലാം നിലനിൽക്കുകയാണെങ്കിൽ കേരളം എന്നോ കാടായി മാറിയേനെ എന്നു പറയാറുണ്ട്. വെറും ട്രോളല്ല, വസ്തുതയാണത്. നടുന്നതിലുള്ള ആവേശം പരിപാലിക്കുന്നതിലില്ലാത്തതാണ് ദിനാചരണം ആചാരമായി പരിണമിക്കുന്നതിന് ഹേതുകം.
പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിനും പരിഹാര പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി 1974ലാണ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. അതിനു ശേഷം നാലര പതിറ്റാണ്ട് കടന്നുപോയി. എന്നിട്ടും അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ലൂറോ കാർബണുകൾ എന്നിവയുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഓസോൺ പാളികളുടെ തകർച്ചയ്ക്കു ശമനമില്ല. ആഗോളതാപനം വർധിച്ചുവരുന്നു. എന്താണു കാരണം? നമ്മുടെ പരിസ്ഥിതി സാക്ഷരത പൂർണമല്ലേ? നാളേക്കു വേണ്ടി ഇനി എന്തെല്ലാം അഴിച്ചുപണികളാണ് മാനവരാശി ചെയ്യേണ്ടത്?
മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുന്നതു വഴി ഓസോൺ വിള്ളലിനും ആഗോളതാപനത്തിനും കാരണമാകുന്ന ഗ്രീൻ ഹൗസ് വാതകങ്ങൾ പരമാവധി കുറയ്ക്കാൻ നമുക്കു സാധിക്കും. ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശം ‘ആവാസ വ്യവസ്ഥ പുനസ്ഥാപനം’ എന്നായിരുന്നു. ആവാസ വ്യവസ്ഥയെ നശിപ്പിക്കാതെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് താൽപര്യം.

ആഗോളതാപന മുന്നറിയിപ്പുകൾ

ഒരു മനുഷ്യന് ജീവിക്കാൻ പ്രാഥമികമായി വേണ്ടത് വെള്ളം, ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയവയാണ്. എന്നാൽ ഇതിനെല്ലാം മുമ്പ് പ്രധാനമായി വേണ്ടത് ശുദ്ധവായുവാണ്. ആദ്യം പറഞ്ഞവ ഇല്ലാതെ കുറച്ചു നാളെങ്കിലും നാം പിടിച്ചുനിൽക്കും. പക്ഷേ ശ്വസനവായു ഇല്ലാതെ അൽപം പോലും നമുക്കാകില്ല. ഇത്രയേറെ പ്രാധാന്യമുള്ള വായുവിന് നമ്മൾ ശരിയായ പരിഗണന നൽകുന്നുണ്ടോ? ലോകത്ത് ഏറ്റവും കൂടുതൽ മലിനമാകുന്ന പ്രകൃതി വസ്തു വായുവാണ്. ഏറ്റവും ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളിലൊന്ന് അന്തരീക്ഷ മലിനീകരണവും. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് പൊതു ജനങ്ങളിൽ എത്രത്തോളം അവബോധമുണ്ട്?
ലോകത്ത് പത്തിൽ ഒമ്പത് പേരും ശ്വസിക്കുന്നത് മലിനവായുവാണ്. ലോകാരോഗ്യ സംഘടനയുടെ ഒരു പഠനം പറയുന്നത് ആഗോള ജനസംഖ്യയുടെ 92% ആളുകൾക്കും ശുദ്ധവായു ലഭിക്കുന്നില്ലെന്നതാണ്. നമുക്കുണ്ടാകുന്ന പല ശാരീരിക രോഗങ്ങളുടേയും പിന്നിൽ ഒരുപക്ഷേ വായുമലിനീകരണമാകാം. ശ്വാസകോശാർബുദം, ഹൃദ്രോഗം, വിവിധ ത്വക്ക് രോഗങ്ങൾ വായു മലിനീകരണം കാരണം വരുന്നു. മനുഷ്യന്റെ പ്രവൃത്തികളാണ് വായു മലിനീകരണത്തിന് പ്രധാന കാരണം. അഗ്‌നിപർവത സ്‌ഫോടനം, കാട്ടുതീ, പൊടിക്കാറ്റ് പോലുള്ള പ്രതിഭാസങ്ങൾ മൂലം പ്രകൃത്യാ വായു മലിനീകരണം സംഭവിക്കാറുണ്ട്. എന്നാൽ മനുഷ്യ പ്രവൃത്തി മൂലമുണ്ടാകുന്ന വായു മലിനീകരണത്തിന്റെ തോതും വ്യാപ്തിയും ഏറെ കൂടുതലാണ്.
പ്ലാസ്റ്റിക്, ഫോസിൽ ഇന്ധനങ്ങൾ, ജൈവാവശിഷ്ടങ്ങൾ എന്നിവ കത്തിക്കൽ, ജനറേറ്ററുകളുടേയും എയർകണ്ടീഷനുകളുടേയും ഉപയോഗം, തെർമൽ പ്ലാന്റുകൾ തുടങ്ങിയവയെല്ലാം മലിനീകരണത്തിന് കാരണമാകുന്നവയാണ്. ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ കാരണം വായു മലിനീകരണമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് 2014ലാണ്. തുടർന്ന് വായുമലിനീകരണം കുറക്കാനായി വികസിത രാജ്യങ്ങൾ ചില നടപടികൾ കൈകൊള്ളുകയുണ്ടായി. എന്നാൽ വികസ്വര രാജ്യങ്ങളുടെ സ്ഥിതി ഗുരുതരമാണ്. ഗ്രാമങ്ങൾ പോലും ഗുരുതരമായ വായുമലിനീകരണം നേരിടുന്നു.
ഗ്രീൻപീസും ഐക്യു എയർവിഷ്യലും ചേർന്ന് കഴിഞ്ഞ വർഷം മാർച്ചിൽ പ്രസിദ്ധീകരിച്ച 2018ലെ വായു ഗുണനിലവാര റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട ഇരുപത് നഗരങ്ങളിൽ പതിനെട്ടെണ്ണവും ഇന്ത്യയിലാണ്. പിറ്റേ വർഷം 30 മലിന നഗരങ്ങളിൽ 22 എണ്ണം ഇന്ത്യയിലായി. ഏറ്റവും മലിനമായ നഗരം ഡൽഹിയും. കോവിഡ് കാലത്ത് ഓക്‌സിജൻ ലഭിക്കാതെ കഷ്ടപ്പെട്ട ഡൽഹിയിലെ ജനങ്ങളെ, സിലിണ്ടർ നിറച്ചുകിട്ടാതെ പിടഞ്ഞു വീണവരെ ഓർമിച്ചുകൊണ്ടു മാത്രമേ തലസ്ഥാന നഗരിയിലെ മലിനീകരണ രൂക്ഷതയെ കുറിച്ച് നമുക്ക് ആശങ്കപ്പെടാനാവൂ. പുതിയ പാർലമെന്റ് സമുച്ചയമായ ‘സെൻട്രൽ വിസ്ത’ക്കു വേണ്ടി കോടാലിയേറ്റു വീണ വൻമരങ്ങൾ മഹാനഗരത്തിന്റെ ഓക്‌സിജൻ അലഭ്യത രൂക്ഷമാക്കുകയേ ഉള്ളൂ. ഇതേ സാഹചര്യത്തിലൂടെയാണ് ലക്ഷദ്വീപും കടന്നുപോകുന്നത്. ആയിരക്കണക്കിന് തെങ്ങുകളാണ് അവിടെ ടൂറിസം വികസനത്തിനു വേണ്ടി പ്രഫുൽ പട്ടേലും സിൽബന്ധികളും മുറിച്ച് മാറ്റുന്നത്.
ലോകാരോഗ്യ സംഘടന നിശ്ചയിച്ചതിലും ഉയർന്ന അളവിൽ വായുമലിനീകരണം അനുവദിക്കുന്നതാണ് ഇന്ത്യയിൽ നിലവിലുള്ള വായു ഗുണമേന്മാ മാനദണ്ഡങ്ങൾ. രാജ്യത്തെ 313 നഗരങ്ങൾ വായു ഗുണമേന്മാ പരിശോധനക്ക് വിധേയമാക്കിയപ്പോൾ 241ലും വായു ഗുരുതരമായി മലിനീകരിക്കപ്പെട്ടതായി കണ്ടെത്തി. കേരളത്തിലും വായുമലിനീകരണം കൂടിക്കൊണ്ടിരിക്കുന്നു. ഇന്ന് കുടിവെള്ളം കുപ്പിയിലടച്ചു വാങ്ങുന്ന ജനതയാണ് നമ്മളും. ഓക്‌സിജന്റെ പോക്കറ്റ് ബോട്ടിലുകൾ വിപണിയിൽ ആദ്യം ഇറങ്ങിയതും ഇവിടെ തന്നെ. എവിടേക്കാണ് കേരളം പോകുന്നത്!
വായു മലിനീകരണം ഗുരുതരമാണ് ഹിമാലയത്തിലും. ധ്രുവ പ്രദേശങ്ങൾ കഴിഞ്ഞാൽ ഭൂമിയിൽ ഏറ്റവും കൂടുതൽ മഞ്ഞ് കാണപ്പെടുന്നത് ഹിമാലയൻ മലനിരകളിലാണ്. വേനൽക്കാലത്തും ഇന്ത്യൻ നദികളിൽ വെള്ളം ഒഴുകുന്നതിന് കാരണം തലയെടുപ്പോടെ നിൽക്കുന്ന ഹിമാലയൻ പർവതനിരകളാണ്, അവിടത്തെ മഞ്ഞുപാളികളാണ്. ഇവ ഉരുകിത്തീർന്നാൽ വരൾച്ചയായിരിക്കും. ഹിമാലയൻ മേഖലയിലെ കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും രാജ്യത്തെ വലിയ ദുരന്തത്തിലേക്ക് തള്ളിവിടും. കൊളംബിയ സർവകലാശാലയുടെ ലാമോണ്ട് ഡോഹെർട്ടി ഭൗമ നിരീക്ഷണ കേന്ദ്രത്തിലെ ഗവേഷകരാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്കൻ ഉപഗ്രഹ ചിത്രങ്ങൾ പഠന വിധേയമാക്കിയാണ് അവർ നിഗമനത്തിലെത്തിയത്. കഴിഞ്ഞ 40 വർഷമായി ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകുന്നതിന്റെ തോത് ഇരട്ടിയായി വർധിച്ചിരിക്കുന്നുവത്രെ. ഗവേഷകർ പറയുന്നതനുസരിച്ച് 2000 മുതൽ ഒരു വർഷത്തിൽ ശരാശരി അരമീറ്റർ എന്ന തോതിലാണ് മഞ്ഞുരുക്കം. നാസയുടേയും ജപ്പാൻ ബഹിരാകാശ കേന്ദ്രത്തിന്റെയും ഉപഗ്രഹ ചിത്രങ്ങൾ കൂടി പഠനവിധേയമാക്കിയാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 2000 കി.മീറ്റർ ചുറ്റളവുള്ള 650 ഹിമാനികളെയാണ് പഠനവിധേയമാക്കിയത്. 1975നും 2000നുമിടയിൽ ഒരു വർഷം ശരാശരി 400 കോടി ടൺ മഞ്ഞാണ് ഉരുകി തീർന്നത്. 2000നും 2016നുമിടയിലായി ഉരുകിയൊലിച്ച മഞ്ഞിന്റെ തോത് ഇരട്ടിയായിരിക്കുന്നു. അതായത് 800 കോടി ടൺ. ആഗോളതാപനത്തിന്റെ ഗുരുതരാവസ്ഥയാണ് ഇതെല്ലാം കുറിക്കുന്നത്.
ഹിമാലയത്തിലെ മഞ്ഞുരുക്കം ഇത്രയേറെ ചർച്ചയാകാൻ കാരണം അത് വരുത്തി വെക്കുന്ന വിപത്ത് തന്നെയാണ്. ജിഎൽഒഎഫ് (ഗ്ലേസിയൽ ലൈക്ക് ഔട്ട്‌വൈസ് ഫ്‌ളഡ്- മഞ്ഞുരുകിയൊലിച്ചെത്തുന്ന വെള്ളം) ചേർന്ന് ഹിമാലയത്തിൽ തടാകങ്ങൾ രൂപപ്പെടുന്നു. ഒരു പരിധി കഴിഞ്ഞാൽ തടാകം തകരും, പ്രളയമുണ്ടാകും, തായ്‌വരകളിലെ ഗ്രാമങ്ങളും നഗരങ്ങളും നശിക്കും. 1994ൽ ഭൂട്ടാനിൽ ഇത്തരത്തിൽ പ്രളയമുണ്ടായി 21 പേർക്ക് ജീവൻ നഷ്ടമായി. നേപ്പാളിലെ കുംമ്പു താഴ്‌വരയിൽ 2016ൽ അപകട സാധ്യത മുൻകൂട്ടിക്കണ്ട് തടാകം വറ്റിക്കുകയുണ്ടായി.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം മഞ്ഞുരുകുക മാത്രമല്ല, പുതിയ മഞ്ഞുപാളികൾ രൂപപ്പെടാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യുന്നു. അന്റാർട്ടിക്കയിലെ ഐസ് ഷെൽഫിൽ നിന്ന് കൂറ്റൻ മഞ്ഞുമല വിഘടിച്ചതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി റിപ്പോർട്ട് ചെയ്തത് ഈയിടെയാണല്ലോ. 4320 ചതുരശ്ര കി.മീറ്റർ വരുന്ന ലോകത്തെ ഏറ്റവും വലിയ മഞ്ഞു മലയായ എ 76 ആണ് വിഘടിച്ചത്. 105 മൈൽ നീളവും 15 മൈൽ വീതിയുമുള്ളതാണ് ഈ മഞ്ഞുമല.
ഇവ്വിധം മഞ്ഞുമലകൾ ഉരുകിത്തീർന്നാൽ ലോകത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവും. മാലിദ്വീപ് ഉൾപ്പെടെയുള്ള ചില ദ്വീപ് രാജ്യങ്ങൾ തന്നെ അപ്രത്യക്ഷമാകും. ഭൂമിയുടെ അവകാശികൾ നമ്മൾ മാത്രമല്ല. വരും തലമുറകളും അതിന്റെ നേരവകാശികളാണ്. അവരുടെ അവകാശങ്ങളെ നാം ഹനിക്കരുത്. അതിന് വിശാലമായ ജൈവബോധമാണ് വേണ്ടത്. ഭൂമിയുടെയും ഭാവി തലമുറകളുടേയും നന്മക്കായി നമുക്ക് കൈകോർക്കാം.

സൽമാനുൽ ഫാരിസ് ചേളാരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ