Pardha- malayalam

ഹിജാബ് ധരിച്ചെത്തുന്ന പെണ്‍കുട്ടികള്‍ക്ക് എംഇഎസിന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. സമൂഹം സ്ത്രീ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തിക്കൊണ്ടിരിക്കുമ്പോഴാണ് നിഖാബ് നിരോധിച്ചുള്ള എംഇഎസിന്‍റെ പുതിയ വിവാദ സര്‍ക്കുലര്‍. മതദര്‍ശനങ്ങള്‍ക്കെതിരെയുള്ള ഇത്തരം നിയമനിര്‍മാതാക്കളോട് മുസ്ലിം വനിതകള്‍ക്ക് ചിലത് പറയാനുണ്ട്.

ഹിജാബ് നല്‍കുന്ന സുരക്ഷാബോധം അറിയണമെങ്കില്‍ അത് ധരിക്കുകതന്നെ വേണം. സ്ത്രീ സുരക്ഷിതത്വത്തിന് ഏറ്റവും നല്ലൊരു കവചമാണ് ഹിജാബ്. പഠിക്കുന്ന കാലംതൊട്ടേ ഹിജാബ് ധരിച്ചത്കൊണ്ടുള്ള അനുഭവത്തിലാണ് ഇത് പറയുന്നത്. ചെറുപ്രായം തൊട്ടേ കണ്ടുവന്ന വേഷവും ഇതുതന്നെ. ഈ വേഷത്തെ ഞാനും അതിയായി സ്നേഹിച്ചു. പര്‍ദയും നിഖാബും ഒരു ഭാരമായി തോന്നാത്തത് കൊണ്ടുതന്നെ എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടുമില്ല. ചില ആദരവും സുരക്ഷിതത്വവും ലഭിക്കുകയാണ് ചെയ്തത്.

ലൈന്‍ബസില്‍ ഹിജാബ് ധരിച്ച ഞങ്ങള്‍ അഭിമാനത്തോടെയും സുരക്ഷിതത്വത്തോടെയും യാത്ര ചെയ്യുമ്പോള്‍ മറ്റു പെണ്‍കുട്ടികള്‍ പൂവാലന്മാരുടെ നോട്ടങ്ങളില്‍പെടുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഹിജാബ് ധരിക്കാത്ത എന്‍റെ കൂട്ടുകാരികളുടെ പിന്നാലെ നടക്കുന്ന കാമവെറിയന്മാര്‍ക്ക് ഹിജാബ് ധരിച്ച ഞങ്ങളെ കാണുമ്പോള്‍ ബഹുമാനമാണെന്നു കൂടി പറയണം. ഇത്രയൊക്കെ ആദരവും സുരക്ഷിതത്വവും നല്‍കുന്ന ഈ വേഷം പിന്നെങ്ങനെയാണ് സ്ത്രീ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയെന്നാണ് മനസ്സിലാകാത്തത്.

ഒരു സ്ത്രീയുടെ മുഖത്തേക്ക് ഏതാനും നിമിഷങ്ങള്‍ തുറിച്ചുനോക്കുന്നത് പീഡനമായി ഗണിക്കുന്ന നമ്മുടെ നാട്ടില്‍ അത്തരമൊരു സാഹചര്യത്തിന് ഇടയുണ്ടാക്കാത്ത വസ്ത്രം ധരിക്കുന്നത് മാന്യതയായിട്ടല്ലേ കാണേണ്ടത്? കാമ്പസുകളിലും വഴിയോരങ്ങളിലുമുള്ള ഇത്തരക്കാരുടെ തുറിച്ചുനോട്ടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടി ഹിജാബ് ധരിക്കുന്ന ഞങ്ങളോട് മുഖം തുറന്നിട്ടുനടക്കാന്‍ പറയുന്നവര്‍ സ്ത്രീ ചൂഷകര്‍ മാത്രമാണ്.

നിഖാബ് ധരിക്കുന്നവര്‍ക്കില്ലാത്ത പ്രയാസമാണ് ധരിക്കാത്ത ചിലര്‍ക്ക്. പര്‍ദ ധരിച്ചാല്‍ ചൂടെടുക്കില്ലേ, ചൊറിച്ചിലുണ്ടാകില്ലേ എന്നൊക്കെയാണ് ചിലരുടെ ചൊറിച്ചിലുകള്‍. ജീന്‍സും ലെഗിന്‍സും ഇടുങ്ങിയ മറ്റു വസ്ത്രങ്ങളും ധരിക്കുന്ന സ്ത്രീകളുടെ ചൂടിനെ കുറിച്ചൊന്നും ആധിപ്പെടാന്‍ ഇവര്‍ക്ക് സമയം കിട്ടിയിട്ടുണ്ടാകില്ല. മുസ്ലിം സ്ത്രീകളുടെ വസ്ത്രം പൊതു ഇടങ്ങളിലും അമുസ്ലിംകള്‍ക്കിടയിലും ചര്‍ച്ച ചെയ്യാനും അവരോട് അഭിപ്രായങ്ങള്‍ തേടാനുമാണ് ചാനലുകാര്‍ക്ക് താത്പര്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ‘പട്ടിണി’യിലായ ഇവര്‍ ആര്‍ത്തിയോടെ അത് വാരിപ്പുണരുകയും ചെയ്തു. മനോരമ ചാനലില്‍ ഉന്നയിച്ച ഒരാരോപണം മുസ്ലിം സ്ത്രീയുടെ കാര്യം തീരുമാനിക്കുന്നത് പുരുഷനാണെന്നാണ്. ഈ ചാനലില്‍ എന്നാണാവോ സ്ത്രീകള്‍ കാര്യം തീരുമാനിച്ചു തുടങ്ങിയത്? മുസ്ലിം സ്ത്രീയായാലും പുരുഷനായാലും ഇസ്ലാമിലെ ഏതു കാര്യവും അവരവര്‍ തീരുമാനിച്ചു ചെയ്താലേ ഫലമുണ്ടാകൂ എന്ന പാഠം പോലും ഈ അവതാരകക്ക് ഇല്ലാതെപോയി. മുഖം മറക്കുന്നതിലൂടെ ഞങ്ങള്‍ ഒളിപ്പിച്ചുവച്ചത് ഞങ്ങളുടെ സ്വപ്നത്തെയോ സ്വാതന്ത്ര്യത്തെയോ  അല്ല. മറിച്ച് ഞങ്ങളുടെ സൗന്ദര്യത്തെയും ശരീരത്തെയുമാണ്. അമൂല്യമായതും വിലപിടിപ്പുള്ളതും നമ്മള്‍ പൊതിഞ്ഞ് സൂക്ഷിക്കും. സ്വര്‍ണവും പച്ചക്കറിയും ഒരുപോലെയല്ലല്ലോ കടകളില്‍ നിന്ന് നമുക്ക് പേക്ക് ചെയ്ത് തരാറുള്ളത്.

മുഖം മറച്ചു എന്നത് കൊണ്ട് ആര്‍ക്കും ഒന്നും നഷ്ടമാകുന്നില്ല. ഇസ്ലാമിക നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയില്‍ നിന്നാണ് മുഖം മറക്കാന്‍ മതം നിര്‍ദേശിക്കുന്നില്ലെന്ന വാദം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘നബിയേ, താങ്കളുടെ ഭാര്യമാരോടും പെണ്‍മക്കളോടും വിശ്വാസികളുടെ സ്ത്രീകളോടും ശരീരം മുഴുവന്‍ മറച്ചുകൊണ്ടുള്ള വസ്ത്രം ധരിക്കാന്‍ പറയുക. അതാണ് അവരെ തിരിച്ചറിയാന്‍ ഏറ്റവും എളുപ്പം. അപ്പോള്‍ അവര്‍ ശല്യം ചെയ്യപ്പെടുകയുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണ്’ (അല്‍അഹ്സാബ്).

പിതാവ് അബൂബക്കര്‍(റ)നെയും ഭര്‍ത്താവ് റസൂല്‍(സ്വ)യെയും പതിവായി സിയാറത്ത് ചെയ്തിരുന്ന ആഇശ ബീവി(റ) ഉമര്‍(റ)നെ നബി(സ്വ)യുടെ ചാരത്ത് മറമാടിയ ശേഷം ഹിജാബ് ധരിച്ചല്ലാതെ സിയാറത്ത് ചെയ്തിരുന്നില്ല. വിശ്വാസികളുടെ ഉമ്മയായ ആഇശ(റ)യുടെ ചരിത്രത്തില്‍ നിന്ന് നമുക്ക് ഉള്‍ക്കൊള്ളാന്‍ ഏറെയുണ്ട്. നിരവധി ഹദീസുകളും ശരീരം മുഴുവനായി മറക്കുന്ന കാര്യത്തില്‍ വന്നിട്ടുണ്ട്.

സ്ത്രീയുടെ ഉടല്‍ മാത്രം ലക്ഷ്യമിടുകയും കമ്പോളവത്കരിക്കുകയും ചെയ്യുന്നവരുടെ കണ്ണുകളില്‍ നിന്ന് അവളെ സംരക്ഷിക്കുന്നതില്‍ പര്‍ദയും നിഖാബും വഹിക്കുന്ന പങ്ക് ചെറുതല്ല. അതുകൊണ്ട് തന്നെയാണ് ഇസ്ലാം സ്ത്രീക്കും പുരുഷനും കൃത്യമായ ഡ്രസ്കോഡ് ചിട്ടപ്പെടുത്തിയത്. എല്ലാ സ്ത്രീകള്‍ക്കും ഒരൊറ്റ നിയമമേ ഇസ്ലാം വച്ചിട്ടുള്ളൂ. സ്ത്രീകള്‍ പ്രത്യേകമായ ചില വസ്ത്രം മാത്രം ധരിക്കണമെന്ന വാശിയും ഇസ്ലാമിനില്ല. അന്യപുരുഷന്മാര്‍ക്കിടയില്‍ ശരീരം മുഴുവനായും മറക്കുന്ന വസ്ത്രം ധരിക്കണമെന്നാണ് നിയമം. പര്‍ദ ഇസ്ലാമിന്‍റെ വസ്ത്രമല്ല, ഇസ്ലാം സ്ത്രീകളോട് മറക്കാന്‍ പറഞ്ഞ ഭാഗങ്ങള്‍ മുഴുവനും ഇന്നത്തെ പര്‍ദകൊണ്ട് മറയുന്നുവെങ്കില്‍ അത് ഇസ്ലാമികമാകുന്നുവെന്ന് മാത്രം. അതേസമയം പര്‍ദതന്നെ ഇടുങ്ങിയതും നേരിയതും ശരീരത്തിന്‍റെ ആകാരവടിവുകള്‍ പ്രകടിപ്പിക്കുന്നതുമാണെങ്കില്‍ അതും ഇസ്ലാം വിലക്കിയതാണ്. മതം നിഷ്കര്‍ഷിക്കുന്ന വേഷം സ്വീകരിച്ച് മതചിഹ്നങ്ങള്‍ കാത്തുസൂക്ഷിച്ച് വിദ്യാഭ്യാസം നേടാനും തൊഴിലെടുക്കാനും സ്ത്രീക്ക് മതം അനുവാദം കൊടുത്തിട്ടുണ്ട്.

തന്‍റെ കുടുംബമാണ് നവോത്ഥാനത്തിന്‍റെ മികച്ച മാതൃകയെന്ന് വായിട്ടലക്കുന്ന ഫസല്‍ ഗഫൂറിനെ പോലോത്ത ലിബറല്‍ ചിന്താഗതിക്കാര്‍  നിഖാബിനെയും പര്‍ദയെയും തള്ളിപ്പറഞ്ഞിട്ടും ഇവിടെ നിഖാബ് ധരിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രമായുള്ള സ്ഥാപനങ്ങള്‍ വര്‍ധിച്ചുവരികയാണ്. അത് ഇനിയും തുടരുകയും ചെയ്യും. സ്ത്രീ സമൂഹം ഇത്തരം അബദ്ധ പഞ്ചാങ്കങ്ങളെ തള്ളിക്കളയുന്നുവെന്നതിന്‍റെ തെളിവാണിത്.

നിഖാബ് ധരിച്ച ഡോക്ടര്‍ പരിശോധന നടത്തിയാല്‍ രോഗിക്ക് തന്നെ ചികിത്സിച്ചയാളെ തിരിച്ചറിയില്ലെന്നാണ് ഫസല്‍ ഗഫൂറിന്‍റെ ന്യായം. എന്നാല്‍ തന്‍റെ സ്ഥാപനത്തിലെ 50 ശതമാനം പെണ്‍കുട്ടികളും നിഖാബ് വേണമെന്ന് ആവശ്യമുന്നയിച്ചാല്‍ ഞാനത് അംഗീകരിക്കുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം പറയുന്നുണ്ട്. അപ്പോള്‍ ചികിത്സിച്ച ഡോക്ടറുടെ മുഖം കാണണമെന്ന രോഗിയുടെ അവകാശം എന്താകും? അതിനദ്ദേഹത്തിന് ഉത്തരമില്ല. മറ്റൊരു ചോദ്യം കൂടിയുണ്ട്. പകര്‍ച്ചവ്യാധികളുള്ള സമയത്തും ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും രോഗികള്‍ക്ക് മുമ്പില്‍ സ്ഥിരമായി മാസ്ക് ധരിക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗി ചികിത്സകരെ എങ്ങനെ തിരിച്ചറിയും?

സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും ഏറിവരുന്ന സാഹചര്യത്തില്‍ മാന്യതയുള്ള വസ്ത്രം ധരിക്കുകയല്ലേ വേണ്ടത്. ചില പീഡനങ്ങളുടെ പ്രേരകം അവളുടെ അര്‍ധനഗ്ന വേഷമാണെന്നും പരാതിയുണ്ടാകാറുണ്ട്. ഇസ്ലാമിലേക്ക് കടന്നുവരുന്നതിന് മുമ്പ് തന്നെ മുംബൈയിലൂടെ പര്‍ദ ധരിച്ചാണ് വര്‍ഷങ്ങളോളം യാത്ര ചെയ്തിരുന്നതെന്ന് എഴുത്തുകാരി കമലാസുരയ്യ വെളിപ്പെടുത്തിയത് നാമാരും മറന്നിരിക്കില്ല. ട്രെയിനില്‍ സ്വസ്ഥമായി യാത്ര ചെയ്യുന്നതിന് പര്‍ദയാണ് ഉപയോഗിക്കാറുള്ളതെന്ന് പ്രമുഖ നടി വെളിപ്പെടുത്തിയതും ഓര്‍ക്കുന്നു. മോശമായ വസ്ത്രധാരണയാണ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്നതിന് പ്രധാന ഹേതുവെന്നാണ് യേശുദാസിന്‍റെ അഭിപ്രായം. ചിന്തിക്കുന്നവര്‍ക്കും വിവേകത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുന്നവര്‍ക്കും കാര്യം മനസ്സിലാകും. ചുരുക്കം ചിലര്‍ അത് ഉറക്കെ പറയും. പലരും തങ്ങളുടെ പരിഷ്കൃത മുഖം നഷ്ടപ്പെടുമോ എന്ന് ഭയന്ന് മിണ്ടാതിരിക്കും. അല്ലെങ്കില്‍ പതുക്കെ പറയും.

പര്‍ദ ധരിക്കുന്നവരെയെല്ലാം ഭീകരവാദികളോ കള്ളികളോ ആക്കുന്ന ചിലരുണ്ട്. ഈ വേഷത്തോടുള്ള അമര്‍ഷമാണ് അതിനു പിന്നില്‍. ഏതെങ്കിലും ഒരുവള്‍ പര്‍ദയോ നിഖാബോ ധരിച്ച് കളവ് നടത്തിയെന്നത് കൊണ്ട് പര്‍ദ ധരിക്കുന്നവരെ മുഴുവന്‍ അധിക്ഷേപിക്കേണ്ടതില്ല. ചൂഷണം എല്ലാ മേഖലകളിലുമുണ്ട്. അതിന്‍റെ മറപിടിച്ച് മുസ്ലിം സ്ത്രീകളുടെ വേഷവിധാനങ്ങളില്‍ കൈ വെക്കാനാണ് ഇത്തരക്കാരുടെ ശ്രമം. ഹെല്‍മെറ്റ് ധരിച്ചുകൊണ്ട് കവര്‍ച്ചയും മോഷണവും പിടിച്ചുപറിയും കൊലപാതകങ്ങളും ഇന്ന് ധാരാളം നടക്കുന്നുണ്ട്. വലിയൊരു ശതമാനം കുറ്റകൃത്യങ്ങള്‍ക്കും സിനിമകള്‍ സ്വാധീനം ചെലുത്തുന്നു. ഇതിന്‍റെ പേരില്‍ ഹെല്‍മെറ്റും സിനിമയുമൊക്കെ നിരോധിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകുമോ?

ഇന്ത്യന്‍ ഭരണഘടനയില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുള്ളപ്പോള്‍ അതില്‍ പിന്നെ മറ്റൊരാളുടെ കൈകടത്തെന്തിന്? പൗരാവകാശം ഞങ്ങള്‍ സ്ത്രീകള്‍ക്കും ബാധകമല്ലേ? മുഖം മറക്കുന്നതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ഇല്ലാതാകുന്നുവെന്ന് പറയുന്നവരുടെ പ്രധാന ഉദ്ദേശ്യം മതദര്‍ശനങ്ങളില്‍ കയ്യേറ്റം നടത്തുകയെന്നല്ലാതെ വേറെന്താണ്?

പ്രാചീനകാല മനുഷ്യര്‍ക്ക് സുസ്ഥിരമായ വസ്ത്രമില്ലായിരുന്നു. ഇലകളും തോലുകളും ഉപയോഗിച്ച് അവര്‍ നാണം മറച്ചു. ക്രമേണ അവന്‍റെ ബുദ്ധിയുറക്കുന്നതിനനുസരിച്ച് വേഷവിധാനങ്ങള്‍ മാറി. തുണികളില്‍ തന്നെ പല പുരോഗതികള്‍ വന്നു. ഇന്നര്‍വെയറുകളുടെ പല കൂട്ടുകളും വര്‍ധിച്ചു. ഇത്തരം വികാസങ്ങളില്‍ നിന്ന് പ്രാചീന കാലത്തേക്ക് തിരിച്ചുപോകാനാണ് ചിലര്‍ക്ക് താത്പര്യം.

മതനിയമങ്ങള്‍ പറയേണ്ടത് മതം പഠിച്ചവരാണ്. അല്ലാതെ ഏതെങ്കിലും പുസ്തകം വായിച്ചോ യുക്തി നോക്കിയോ വിവരക്കേട് പറയുന്നവരല്ല. മന്ത്രിമാരും രാഷ്ട്രീയ നേതാക്കന്മാരും അവരവരുടെ മേഖലകളിലുള്ള വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയാല്‍ മതി. മാന്യതയും സുരക്ഷിതത്വവുമുള്ള ഇസ്ലാമിക വേഷമായ പര്‍ദയും നിഖാബും ധരിച്ചുകൊണ്ട് തന്നെയാണ് ഞങ്ങളുടെ ഓരോ കാല്‍വെപ്പും. ഇത് വേണ്ടാത്തവര്‍ക്ക് ഇഷ്ടമുള്ള മറ്റു വേഷങ്ങളാവാമല്ലോ. അതിലും അസഹിഷ്ണുത വേണ്ടതില്ല

You May Also Like
Telling Lies- Malayalam

കളവു പറയല്‍

കള്ളം പറയലും പ്രചരിപ്പിക്കലും പരിശുദ്ധ ഇസ്ലാം കഠിനമായി വിലക്കിയതാണ്. അതിരു വിടുന്ന തമാശകളും കുസൃതികളും പലപ്പോഴും…

● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം

നഫീസത്ത് മാല: ജനസഹസ്രങ്ങളുടെ ആശ്വാസ കാവ്യം

മകൻ അബൂബക്കറിന് ശക്തമായ പനി ബാധിച്ചു. കൂടെ ശ്വാസംമുട്ടും നീർക്കെട്ടും. പിതാവായ നാലകത്ത് കുഞ്ഞിമൊയ്തീൻ സാഹിബ്(ന:മ)…

● അബ്ദുല്ല അമാനി പെരുമുഖം
Uhd War- Malayalam

കാലം കരഞ്ഞ നിമിഷം

ശക്തനും ധൈര്യശാലിയും ആയുധമുറകളില്‍ നിപുണനുമായിരുന്നു നീഗ്രോ വംശജനായ വഹ്ശി ഇബ്നു ഹര്‍ബ്. ബനൂനൗഫല്‍ ഗോത്രക്കാരനും ഖുറൈശി…

● ടിടിഎ ഫൈസി പൊഴുതന