ഉലമാ ആക്ടിവിസത്തിന്റെ സമകാല ഉദാഹരണമായി പറയാവുന്ന ജീവിതമായിരുന്നു ഇക്കഴിഞ്ഞ ജൂലൈ 30ന് മരണപ്പെട്ട എൻ അബ്ദുല്ലത്വീഫ് സഅദി പഴശ്ശിയുടേത്. ഗുരുനാഥന്മാരിൽ നിന്ന് തനിക്ക് ലഭിച്ച അറിവും അനുഭവങ്ങളും സാമൂഹികമായ മുന്നേറ്റത്തിനും സാധാരണ ജനങ്ങളുടെ കണ്ണീരൊപ്പാനുമാണെന്ന് ജീവിതത്തിലൂടെ വരച്ചുകാണിച്ച അതുല്യ വ്യക്തിത്വം.
1966ൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത പഴശ്ശിയിൽ അൽഹാജ് അബൂബക്കർ ഉസ്താദിന്റെയും സാറയുടെയും മകനായാണ് ജനനം. പിതാവിൽ നിന്ന് തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഒരു സന്ദർഭത്തിലും ദേഷ്യം പ്രകടിപ്പിക്കാത്ത സദാ പുഞ്ചിരിക്കുന്ന മുഖവും പ്രസന്നതയും പിതാവിൽ നിന്ന് കിട്ടിയതാവണം.
തനിക്ക് ശരിയെന്ന് ബോധ്യമുള്ള ആദർശത്തിൽ അടിയുറച്ചുനിൽക്കാൻ അദ്ദേഹം കാണിച്ച ധീരതയാണ് അദ്ദേഹത്തിന്റെ സവിശേഷമായ ഗുണമെന്നു പറയാം. ചുറ്റുപാടിലും നിരവധി പ്രലോഭനങ്ങളും അക്രമങ്ങളും അതിശക്തമായ എതിർപ്പുകളും കത്തിപ്പടർന്നപ്പോഴും അദ്ദേഹം പാറ പോലെ ഉറച്ചുനിന്നു. സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന വിശാലമായ സൗഹൃദമാണ് മറ്റൊരു സവിശേഷത. ഒരു പ്രസ്ഥാനത്തിൽ ഉറച്ചുവിശ്വസിക്കുമ്പോഴും എതിരാളികൾ ഉൾപ്പെടെ എല്ലാവരുമായും അദ്ദേഹത്തിന് ആത്മാർഥമായ സൗഹൃദവും സ്‌നേഹ ബന്ധവും കാത്തുസൂക്ഷിക്കാൻ സാധിച്ചു. മത, സംഘടന നേതാക്കൾ, രാഷ്ട്രീയ പ്രവർത്തകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ, കച്ചവടക്കാർ, പൗരപ്രമുഖർ, സാധാരണക്കാർ, കൂലിത്തൊഴിലാളികൾ തുടങ്ങി അദ്ദേഹത്തിന്റെ സുഹൃദ് വലയം പ്രവിശാലമാണ്.
ചുറ്റുപാടുകളിൽ നടക്കുന്ന പ്രശ്‌നങ്ങളിലെല്ലാം ആവശ്യമുള്ള സന്ദർഭങ്ങളിൽ ഇടപെടാൻ അദ്ദേഹം കാണിച്ച സാമർഥ്യവും നയതന്ത്രജ്ഞതയും എടുത്തുപറയേണ്ടതാണ്. അടിപിടി കേസുകൾ, അക്രമങ്ങൾ, സ്റ്റേജ് കയ്യേറ്റങ്ങൾ, സ്ഥാപനങ്ങൾക്കു നേരെയുള്ള അക്രമങ്ങൾ… നീണ്ടുപോകുന്ന ഈ പട്ടികയിൽ സഅദി ഉസ്താദിന്റെ അനുരഞ്ജന ജീവിതം അടയാളപ്പെടുത്തുന്ന നൂറു കൂട്ടം സന്ദർഭങ്ങൾ കാണാം. പ്രശ്‌നങ്ങളുണ്ടായാൽ അതിൽ നിന്ന് പരമാവധി മാറിനിൽക്കാനും സ്വന്തം തടി കേടാകാതെ നോക്കാനും ചിന്തിക്കുന്നവരാണ് പലരും. എന്നാൽ പ്രശ്‌നങ്ങളിൽ ഇടപെടുക, തന്നാലാകുന്ന വിധം പരിഹരിക്കുക എന്നത് പഴശ്ശി ഉസ്താദിന് ഒരു ജീവൽദൗത്യമാണ്. അതിനായി പാതിരാ കഴിഞ്ഞും ഉറക്കമൊഴിക്കാൻ അദ്ദേഹം റെഡി. എരിതീയിൽ എണ്ണയൊഴിക്കുന്നതല്ല അദ്ദേഹത്തിന്റെ നിലപാട്. മറിച്ച്, ഏറ്റവും വേഗത്തിൽ തന്ത്രപരമായി പരിഹരിക്കുന്നതാണ്. അതിനുവേണ്ടി ക്ഷുഭിതനാവാനും കണ്ണുരുട്ടാനും അദ്ദേഹം കാണിച്ച മെയ്‌വഴക്കം അസാമാന്യം. നിറഞ്ഞ ആ പുഞ്ചിരി തന്നെ മതി ഏതു ശത്രുവിനെയും വഴക്കിയെടുക്കാൻ. ഒരു പ്രശ്‌നവും വലുതാവാൻ തന്റെ ഒരു വാക്ക്, പ്രവൃത്തി കാരണമാകരുതെന്ന് അദ്ദേഹത്തിന് നിർബന്ധ ബുദ്ധിയായിരുന്നു. വേണ്ടിടത്ത് താഴ്ന്നുകൊടുക്കാനും കൂടെയുള്ളവരെ അതിനു പാകപ്പെടുത്താനും അദ്ദേഹം സന്നദ്ധനായിരുന്നു.
സമരമുഖം എന്നും അദ്ദേഹത്തിന്റെ ആവേശമായിരുന്നു. എസ്എസ്എഫ് പ്രവർത്തന കാലത്തും പിന്നീട് എസ്‌വൈഎസിലെത്തിയപ്പോഴും ഒടുവിൽ കേരള മുസ്‌ലിം ജമാഅത്തിന്റെ ഭാരവാഹിയായപ്പോഴും സമരാവേശം കെടാതെ നിലനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. അനീതിക്കെതിരെ, അവകാശങ്ങൾ നേടിയെടുക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങളിൽ അദ്ദേഹം എന്നും മുൻനിരയിലുണ്ടാകും. ഉസ്താദ് മുന്നിൽ നിന്നു നയിച്ച നിരവധി സമര മുഖങ്ങൾ മനസ്സിൽ മിന്നിമറയുന്നു. ഏറ്റവും കത്തിനിൽക്കുന്ന ഒരനുഭവം പങ്കുവെക്കാതെ നിർവാഹമില്ല. വിനീതൻ എസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ ഇരിക്കൂറിൽ എസ്‌വൈഎസിന്റെ വാഹന ജാഥയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ചിലർ സ്റ്റേജ് കയ്യേറി. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം കാത്തുനിൽക്കുന്ന സന്ദർഭമായിരുന്നു അത്. പിറ്റേ ദിവസം എസ്ബിഎസ്, എസ്എസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിക്കൂറിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആയിരക്കണക്കിനു പ്രവർത്തകരാണ് മാർച്ചിൽ അണി നിരന്നത്. മാർച്ചിലെ ജനപങ്കാളിത്തം ശത്രുക്കളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. അതവരെ കൂടുതൽ പ്രകോപിതരാക്കി. അക്രമി സംഘങ്ങൾ മാർച്ചിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങൾ നശിപ്പിച്ചു. ഒറ്റപ്പെട്ടവരെ തിരഞ്ഞുപിടിച്ച് അക്രമിച്ചു. യുദ്ധ സമാനമായ രംഗം. ആ സമര മുഖത്ത് ഒരു പടനായകന്റെ വൈഭവത്തോടെ നേതൃത്വം വഹിച്ചത് സഅദി ഉസ്താദായിരുന്നു. അന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗവും ഇടപെടലും ശ്രദ്ധേയമായി. അതു നാട്ടിൽ സമാധാനം പുന:സ്ഥാപിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. പിന്നീട് ഇരിക്കൂറിൽ ഇന്നുവരെ ഒരക്രമവുമുണ്ടായില്ല എന്നതാണ് സത്യം. മറ്റൊരു സമരമുഖത്തു നിറഞ്ഞു നിന്ന ശേഷമാണ് അദ്ദേഹത്തിന്റെ അന്ത്യയാത്ര എന്നത് അവിചാരിതമാണെങ്കിലും ഉസ്താദിന്റെ ജീവിതത്തോട് ഔചിത്യമുള്ളതു തന്നെ.
അസാധാരണമായ വാക്ചാതുരിയുടെ ഉടമയായ അദ്ദേഹം ചുരുങ്ങിയ കാലംകൊണ്ട് ആയിരക്കണക്കിന് വേദികളിൽ പ്രസംഗിച്ചു. മതപ്രഭാഷണത്തിനു പുറമെ, സൗഹൃദ സദസ്സുകളിലും സാംസ്‌കാരിക വേദികളിലും നടത്തിയ പ്രസംഗം ജാതി-മത ഭേദമന്യേ മുഴുവൻ ജനങ്ങളുടെയും പ്രശംസ പിടിച്ചുപറ്റി. ആശയപരമായ വിയോജിപ്പുകൾ പറയുമ്പോഴും പുലർത്തുന്ന തികഞ്ഞ പ്രതിപക്ഷ ബഹുമാനവും സഹിഷ്ണുതയും അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ വേറിട്ടതാക്കി. ആദർശപരമായ വിയോജിപ്പുള്ളവർക്കെതിരെ ഖണ്ഡന പ്രസംഗം നടത്തുമ്പോഴും എതിർ പക്ഷത്തുള്ളവരുമായി തികഞ്ഞ സൗഹൃദം നിലനിർത്താനും മാന്യമായ ഭാഷ പ്രയോഗിക്കാനും അദ്ദേഹം ജാഗ്രത പുലർത്തി. പഴശ്ശി ഉസ്താദ് മരണപ്പെട്ട ദിവസം മുജാഹിദ് നേതാവായ പിപി സലാം ഫേസ്ബുക്ക് പോസ്റ്റിൽ ഇക്കാര്യം സൂചിപ്പിച്ചതു കാണാം. ടേപ്പ് റിക്കാർഡുകളും ഓല കാസറ്റുകളും പ്രചാരത്തിലുണ്ടായിരുന്ന കാലത്ത് വീടുകളുടെയും ലൈബ്രറികളുടെയും അലമാരകളിൽ വർണാഭമായ കവറുകളിൽ കൂടുതൽ കാണുക അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളായിരുന്നു. പിന്നീട് സിഡി യുഗമായപ്പോഴും പെൻഡ്രൈവുകളിലേക്കെത്തിയപ്പോഴും കേരളത്തിലെ പ്രഭാഷക പട്ടികയുടെ മുൻനിരയിൽ അദ്ദേഹം തന്നെയായിരുന്നു. അനാരോഗ്യവും ഹൃദയ സംബന്ധമായ അസുഖങ്ങളും കാരണം സമീപ കാലത്ത് പ്രസംഗങ്ങളിൽ അൽപം കുറവു വരുത്തുകയുണ്ടായി.
വ്യക്തിസംസ്‌കരണത്തിനു വേണ്ടിയുള്ള പ്രസംഗങ്ങളാണ് അധികവും നടത്തിയത്. വ്യക്തി നന്നായാൽ കുടുംബവും അതുവഴി സമൂഹവും രാജ്യവും തന്നെ നന്നാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. ‘ഇസ്‌ലാമിലെ സ്ത്രീ’ എന്നതായിരുന്നു മാസ്റ്റർപീസ്. മരണവും ഖബറും അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ നിത്യവിഷയമായിരുന്നു.
ആദർശവും അതിനു വേണ്ടിയുള്ള പ്രസംഗവും ചെറിയ പ്രായത്തിലേ അദ്ദേഹത്തിന് താൽപര്യമുള്ള മേഖലയായിരുന്നു. വിദ്യാർഥികൾക്ക് വേണ്ടിയും യുവാക്കൾക്ക് വേണ്ടിയും നിരവധി ആദർശ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകി. ആദർശ പഠനം ലക്ഷ്യമാക്കി സംഘടനക്കു കീഴിൽ സ്ഥിരം പഠനക്കളരികൾ സംഘടിപ്പിക്കാനും ക്ലാസെടുക്കാനും അദ്ദേഹം ഉത്സുകനായി. വഹാബി-ജമാഅത്ത്-തബ്‌ലീഗ് തുടങ്ങിയ മതപരിഷ്‌കരണവാദികൾക്കെതിരെ നൂറുകണക്കിന് വേദികളിൽ തെളിവുകൾ നിരത്തി പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടും, ആദർശപഠന ക്ലാസിൽ പങ്കെടുത്തും മികച്ച ആദർശ പോരാളികളായവർ നിരവധിയാണ്. പള്ളിദർസുകളിലും അറബിക് കോളേജുകളിലും പഠിക്കാനവസരം കിട്ടാത്ത സാധാരണക്കാരാണ് അതിലധികവും. സഅദി ഉസ്താദിന്റെ ആദർശ പഠനക്കളരിയിൽ അഭ്യസനം പൂർത്തിയാക്കി ഖുർആൻ ആയത്തും ഹദീസുകളും മനോഹരമായി പഠിച്ച് പ്രാസ്ഥാനിക എതിരാളികളുടെ ചോദ്യങ്ങൾക്ക് വായടപ്പൻ മറുപടി നൽകുന്ന നിരവധി പേരെ വ്യക്തിപരമായി പരിചയമുണ്ട്. അവരെല്ലാം പഴശ്ശി ഉസ്താദ് കാരണമായി വിജ്ഞാനത്തിന്റെയും സുന്നത്ത് ജമാഅത്തിന്റെയും വെളിച്ചം സ്വായത്തമാക്കിയവരാണ്.
പാവങ്ങളുടെ കണ്ണീരൊപ്പുകയെന്നത് അദ്ദേഹത്തിന്റെ ഒരു ദൗർബല്യമായിരുന്നുവെന്ന് അടുത്തു ബന്ധപ്പെട്ടവർക്കെല്ലാമറിയാം. വീടില്ലാത്തവർ, വിവാഹ പ്രായമായ പെൺകുട്ടികൾ, രോഗംകൊണ്ട് പരീക്ഷിക്കപ്പെട്ടവർ, വിദ്യാഭ്യാസത്തിന് പ്രയാസപ്പെടുന്നവർ… ഇങ്ങനെ കഷ്ടപ്പെടുന്ന അനേകരുടെ വേദനയകറ്റാൻ അദ്ദേഹം സ്വന്തത്തെ മറന്ന് സമർപ്പിച്ചു. കഷ്ടതയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ പ്രാസ്ഥാനിക സംവിധാനങ്ങളുണ്ടാക്കി. അവ മതിയാവാതെ വന്നപ്പോഴൊക്കെ വേണ്ടത് സ്വന്തം നിലക്ക് ചെയ്തു. പഴയ കാലത്ത് അദ്ദേഹത്തിന്റെ പാതിരാ വഅ്‌ളുകളുടെ ഒടുവിൽ പാവപ്പെട്ട ഏതെങ്കിലുമൊരു കുടുംബത്തിനു വേണ്ടി പിരിവെടുക്കുമായിരുന്നു. കുടുംബ പ്രാരാബ്ധം, മകളുടെ വിവാഹം, വീടു നിർമാണം, രോഗ ചികിത്സ… തുടങ്ങിയ ആവശ്യങ്ങളുമായി തന്നെ സമീപിച്ചവരുടെ കണ്ണീരനുഭവം വിവരിച്ച് അദ്ദേഹവും വേപഥുപ്പെടും. എല്ലാം മറന്ന് അവരെ സഹായിക്കും. അതുകൊണ്ടുതന്നെ കടുത്ത സാമ്പത്തിക ബാധ്യത പലപ്പോഴും അദ്ദേഹത്തിനനുഭവിക്കേണ്ടിവന്നിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി ബാധ്യത സ്വയം ഏറ്റെടുത്തതും അനേകം.
വിദ്യാഭ്യാസ, സേവന പ്രവർത്തനങ്ങളിലും സാമൂഹ്യ, സാംസ്‌കാരിക വേദികളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. കണ്ണൂർ കൂത്തുപറമ്പിനടുത്തുള്ള മൂര്യാട് പള്ളിദർസിൽ പഠിക്കുന്ന കാലത്ത് എസ്എസ്എഫിലൂടെയാണ് സംഘടനാ പ്രവർത്തന രംഗത്തെത്തിയത്. പേരോട് ഉസ്താദ്, ഒ ഖാലിദ് എന്നിവരുടെ കീഴിൽ പ്രവർത്തിച്ചു. എസ്എസ്എഫ്, എസ്‌വൈഎസ് സംഘടനകളുടെ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് പദവികളിൽ അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. കണ്ണൂർ ജില്ലക്കകത്തും പുറത്തുമുള്ള സംഘടനാ സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും നേതൃരംഗത്ത് പ്രവർത്തിച്ചു. മലയോര മേഖലയായ ഉളിയിൽ കേന്ദ്രീകരിച്ച് സുന്നി മജ്‌ലിസ് എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കാളിത്തം വഹിച്ച അദ്ദേഹം ദീർഘകാലം അതിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. നിലവിൽ സമസ്ത ഇരിട്ടി താലൂക്ക് പ്രസിഡന്റാണ്. കേരള മുസ്‌ലിം ജമാഅത്ത് ജില്ല വൈസ് പ്രസിഡന്റ്, എസ്എംഎ സംസ്ഥാന വൈസ് പ്രസിഡന്റ്, കാസർകോട് ജാമിഅ സഅദിയ്യ, തളിപ്പറമ്പ് അൽമഖർ, അൽഅബ്‌റാർ എന്നീ സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവ് അംഗവുമാണ്.
ജീവിതത്തിൽ നിരവധി സുകൃതങ്ങൾക്ക് വിശാലമായ സൗഭാഗ്യം ലഭിച്ച അദ്ദേഹം അന്ത്യയാത്രയിലും വ്യത്യസ്തനായി. തന്റെ കർമഭൂമിയായ കണ്ണൂർ ജില്ലയിൽ പരമാവധി പ്രവർത്തകന്മാർ പങ്കെടുത്ത കെഎം ബശീറിന് നീതിയാവശ്യപ്പെട്ടുള്ള സമരത്തിന് നേതൃത്വം നൽകി ആവേശകരമായി പ്രസംഗിച്ച് മണിക്കൂറുകൾക്കകമാണ് അദ്ദേഹം ഈ ലോകത്തോട് വിട ചൊല്ലിയത്. സഹപ്രവർത്തകരോടെല്ലാം നേരിൽ കണ്ട് യാത്ര ചോദിക്കാൻ ലഭിച്ച അപൂർവാവസരമായി ഇത്. ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയെന്നതിന്റെ മതിയായ തെളിവാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം ജൂൺ 30ന് ശനിയാഴ്ച സന്ധ്യയോടെ വീട്ടിലെത്തിയതു മുതൽ ഞായറാഴ്ച കാലത്ത് പഴശ്ശി ജുമാമസ്ജിദിൽ ഖബറടക്കുന്നതു വരെയുണ്ടായ അണമുറിയാത്ത ജനപ്രവാഹം. ജനാസ നിസ്‌കാരം, തഹ്‌ലീൽ, അന്നേരം തുടങ്ങിയ ഖബറിങ്ങലെ ഖുർആൻ പാരായണം ഇതെഴുതുന്നതു വരെയും കണ്ണി മുറിയാതെ തുടർന്നുകൊണ്ടിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി ദറജ ഉയർത്തട്ടെ.

ആർപി ഹുസൈൻ ഇരിക്കൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ