തിരുനബി(സ്വ) പറഞ്ഞു: ഈ പത്ത് ദിനങ്ങളിൽ സൽകർമങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന് ഏറെ പ്രിയങ്കരവും അവന്റെയടുത്ത് മഹത്ത്വമേറിയതുമാവുന്നതിനേക്കാൾ പവിത്രവും പ്രിയതരവുമായ മറ്റു ദിനങ്ങളില്ല. അതിനാൽ അന്നേ ദിനങ്ങളിൽ തഹ്ലീലും തക്ബീറും വർധിപ്പിക്കുക (അഹ്മദ്).
ദുൽഹജ്ജെന്നാൽ ഹജ്ജിന്റെ മാസമെന്നർഥം. ലോകത്തെങ്ങുമുള്ള മുസ്ലിംകളിൽ നിന്ന് ഓരോ വർഷവും മക്കയിലെത്തിച്ചേരാൻ സാധിക്കുന്നവർക്ക് മാത്രമേ അതാത് വർഷങ്ങളിൽ ഹജ്ജനുഷ്ഠാനവും അതുമായി നേരിട്ട് ബന്ധപ്പെട്ട പുണ്യങ്ങളും സാധിക്കുകയുള്ളൂ. എന്നാൽ അവിടെ എത്താനാവാത്തവർക്ക് കൂടി പുണ്യങ്ങൾ നേടാൻ നീതിമാനായ നാഥൻ അവസരങ്ങളൊരുക്കിയിട്ടുണ്ട്. അതുകൊണ്ടാണ് പുണ്യകാലമെന്ന നിലയിൽ ദുൽഹജ്ജ് മുഴുവൻ വിശ്വാസികൾക്കുമുള്ളതാണെന്നു പറയുന്നത്.
ദുൽഹജ്ജിൽ ഒരു പെരുന്നാളും അതിനോടനുബന്ധിച്ച് മൂന്ന് ദിനങ്ങളും നോമ്പനുഷ്ഠിക്കുന്നത് നിഷിദ്ധവും കുറ്റകരവുമാണ്. വർഷത്തിൽ നോമ്പ് നിഷിദ്ധമായ അഞ്ച് ദിനങ്ങളുള്ളതിൽ നാലും ദുൽഹജ്ജിലാണ്. ഈ നാല് ദിനങ്ങളുടെ മുമ്പുള്ള ഒമ്പത് ദിനങ്ങളും തീർഥാടകരും അല്ലാത്തവരും അഭൗമമായ ഒരു അടുപ്പത്തെ പ്രാപിക്കുന്നുണ്ട്. ഈ അടുപ്പത്തിന്റെ ഗുണങ്ങളെ കൂടുതലായി ആവാഹിച്ചനുഭവിക്കാനും വിജയോപാധിയാക്കാനും വിശ്വാസികൾ പരിശ്രമിക്കണം.
ഇമാം ഇബ്നു റജബിൽ ഹമ്പലീ(റ) രേഖപ്പെടുത്തുന്നു: അല്ലാഹു, വിശ്വാസി മാനസങ്ങളിൽ അവന്റെ ഭവനമായ കഅ്ബയെ നേരിട്ട് ദർശനം ചെയ്യുവാൻ അതിയായ മോഹം നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ എല്ലാവർക്കും എല്ലാ വർഷങ്ങളിലും ഭവനത്തിങ്കലെത്തുക സാധ്യമല്ലല്ലോ. അതിനാൽ ആവതുള്ള ആളുകൾക്ക് ആയുസ്സിൽ ഒരു പ്രാവശ്യം മാത്രം കഅ്ബയിലെത്തി ഹജ്ജ് ചെയ്യൽ അവൻ നിർബന്ധമാക്കി. അതോടൊപ്പം തീർഥയാത്ര നടത്തുന്നവർക്കും നടത്താത്തവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന നന്മകളുടെ പ്രത്യേക കാലഘട്ടമായി ദുൽഹജ്ജ് ആദ്യത്തെ പത്തിനെ അല്ലാഹു നിശ്ചയിച്ചു. അതു കൊണ്ട് ഹജ്ജിന് സാധിക്കാത്തവർക്ക് ഓരോ വർഷവും ആ വർഷത്തെ ദുൽഹജ്ജിലെ ആദ്യത്തെ പത്ത് ദിനരാത്രങ്ങളിൽ ഹജ്ജിനേക്കാൾ മഹത്ത്വമുള്ള, ധർമസമരത്തേക്കാൾ ശ്രേഷ്ഠമായ പ്രതിഫലം ലഭിക്കുന്ന അമലുകൾ സ്വന്തം വീട്ടിൽ വെച്ച് തന്നെ നിർവഹിക്കാൻ സാധിക്കും (ലത്വാഇഫുൽ മആരിഫ്).
തുടർന്നുദ്ധരിക്കുന്ന ഒരു ആധ്യാത്മിക കവിതയുടെ ആശയം ഇങ്ങനെ: ദുൽഹജ്ജ് ആദ്യ പത്ത് രാവുകൾ പ്രാർഥനകൾക്കുത്തരം ലഭിക്കുന്ന സമയങ്ങളാകയാൽ അത് പ്രാപിക്കാനും അതിന്റെ പ്രതിഫലം നേടാനും നീ ഉത്സാഹിക്കുക.
ഈ പത്ത് ദിനരാത്രങ്ങളിലെ പുണ്യകർമങ്ങൾ വലിയ പ്രതിഫലം ലഭിക്കാൻ ഏറെ സാധ്യതയുള്ള കാലമാണ്, അതുകൊണ്ട് കൂടുതൽ സുകൃതങ്ങളുമായി പരിശ്രമിക്കുക. ജീവിത സഞ്ചാരത്തിൽ നേർവഴിയിലേക്കുള്ള മടക്കത്തെ കാംക്ഷിക്കുക. അന്നേ ദിവസങ്ങളിൽ ധിക്കാരപൂർവം ഒരു തിന്മയും ചെയ്യാതിരിക്കുക. കാരണം, കരുണയുടെ കാലമായ നാളുകളിൽ നമുക്ക് ലഭിക്കേണ്ട പാപമോചനം നഷ്ടപ്പെടുത്തി ക്കളയാൻ പാപങ്ങൾ കാരണമാവും.
ഇമാം മർവദീ(റ) ഒരു സാത്വികനുണ്ടായ സ്വപ്ന ദർശനം വിവരിച്ചതു കാണാം. ദുൽഹജ്ജ് ആദ്യ പത്തിലായിരുന്നു അത്. തന്റെ അടുത്ത് ഒരാൾ വന്ന് പറയുന്നു: ഈ ദിനങ്ങളിൽ ഓരോ ദിവസവും അഞ്ചു പ്രാവശ്യങ്ങളിലായി എല്ലാ മുസ്ലിമിനും പാപമോചനം നൽകപ്പെടും. പക്ഷേ, ഹലാലായതാണെങ്കിലും വിനോദങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്ക് അത് ലഭിക്കില്ല.
ഹലാലായ വിനോദം കൊണ്ട് പോലും ഈ ദിനങ്ങളിലെ പാപമോചനവും കാരുണ്യവും നഷ്ടമാകുമെന്നാണെങ്കിൽ മഹാപാപങ്ങളെന്ന് ഏകാഭിപ്രായമുള്ള കാര്യങ്ങൾ ചെയ്യുന്നവരുടെ നഷ്ടമെത്ര ഗുരുതരമാണ്?!
നിങ്ങളുടെ സഹോദരങ്ങൾ ഇതേ ദിവസങ്ങളിൽ അല്ലാഹുവിന്റെ ഭവനത്തെ ലക്ഷ്യമിട്ട് നീങ്ങുകയും കേന്ദ്രീകരിക്കുകയും ചെയ്തിരിക്കുകയാണ്. അവർ തൽബിയത്തും തക്ബീറും തഹ്ലീലും തഹ്മീദും അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്ന മറ്റു മന്ത്രങ്ങളും കൊണ്ട് അന്തരീക്ഷത്തെ മുഖരിതമാക്കിയിരിക്കുകയാണ്. അവർ വിശുദ്ധ ഭവനത്തിലേക്ക് തീർഥയാത്രികരായി സഞ്ചരിച്ചെത്തി. നമുക്കതിനു സാധിച്ചിട്ടില്ല. നാം നമ്മുടെ കേന്ദ്രങ്ങളിൽ തന്നെ തുടരുകയാണ്. അവർ അല്ലാഹുവിന്റെ ഭവനത്തോട് അടുത്തുകഴിഞ്ഞു. നമ്മളോ? വളരെ അകലെയും. അവരോടൊപ്പം നമുക്ക് എന്തെങ്കിലും ഒന്നുണ്ടെങ്കിൽ നാം വിജയികളായി. പ്രതിബന്ധങ്ങൾ കാരണം യാത്രയാവാത്തവൻ യാത്രികന്റെ ഭാഗ്യങ്ങളിൽ പങ്കാളിയാണ്. ഒരുപക്ഷേ അവൻ, നല്ല നിയ്യത്ത് നിറഞ്ഞ ഖൽബ് കൊണ്ട് സഞ്ചരിച്ച് ശാരീരികമായി യാത്ര നടത്തിയവരേക്കാൾ മുന്നിലെത്താനും ഇടയുണ്ട് (ലത്വാഇഫുൽ മആരിഫ്).
ദുൽഹജ്ജിന്റെ ആദ്യ പതിമൂന്ന് ദിന രാത്രങ്ങൾ, ഹജ്ജിന് പോയവർക്കും പോകാത്തവർക്കും ഗുണ സമ്പാദനത്തിനുപകരിക്കുന്ന സുവർണകാലമാണ്. വിശ്വാസത്തിന്റെയും ഹൃദയസാന്നിധ്യത്തിന്റെയും അടിത്തറയിൽ ഉയിരെടുത്ത ചെറിയ നന്മകൾ പോലും ചില സന്ദർഭങ്ങളിൽ സ്ഥലകാല ബന്ധിത നന്മകൾക്കുള്ള മഹത്ത്വങ്ങളേക്കാൾ മികവ് നേടിയേക്കും. ദുൽഹജ്ജിന്റെ പവിത്രതയുടെ കരുത്തിൽ ഹാജിയുടെയും ധർമ പോരാളിയുടെയും മുന്നിലെത്താൻ വിശ്വാസിക്ക് സാധിക്കും. പുണ്യങ്ങൾ വാരിക്കൂട്ടാനും ദോഷങ്ങളിൽ നിന്ന് അകലാനും സ്വയം പ്രചോദിതനാകാൻ മാത്രം മഹത്ത്വങ്ങളും ശ്രേഷ്ഠതകളും ഈ നാളുകൾക്കുണ്ട്. സംഭവിച്ച അപരാധങ്ങളിൽ നിന്നും അരുതായ്മകളിൽ നിന്നും മോചനം നേടാനായി പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാനുള്ള കാലവുമാണിത്. ചെറിയ നന്മകൾ വലിയ നേട്ടം ഉണ്ടാക്കിത്തരുന്ന പോലെ ചെറിയ തിന്മകൾ വലിയ നഷ്ടങ്ങൾക്ക് കാരണമായേക്കും.
കേവലമായ വിനോദങ്ങൾക്ക് പോലും മഹത്ത്വങ്ങളെ തടുക്കാൻ മാത്രം പ്രതിശേഷിയുണ്ടെന്നാണ് ഉപരി സംഭവം വ്യക്തമാക്കുന്നത്. അതുകൊണ്ട് വിനോദത്തിന്റെ പരിധിയും വിട്ട്, പാടില്ലാത്തതെന്ന് ഏവർക്കുമറിയുന്ന നിഷിദ്ധമായ കാര്യങ്ങൾ എല്ലാ അർഥത്തിലും ഈ ദിനരാത്രങ്ങളിൽ വർജിക്കേണ്ടതാണ്.
ദുൽഹജ്ജ് ഒമ്പത് വരെയുള്ള ദിവസങ്ങളിൽ പൊതുവെയും എട്ടിൽ പ്രധാനമായും ഒമ്പതിൽ വളരെ വിശേഷപ്പെട്ടതുമായ സുന്നത്ത് നോമ്പുകൾ അനുഷ്ഠിക്കുക.
ഈ മാസം ഒന്ന് മുതൽ ബലിയുടെ ലക്ഷണമൊത്ത മൃഗത്തെ കാണുമ്പോഴും ഒമ്പതിന് സ്വുബ്ഹ് മുതൽ പതിമൂന്നിന് അസ്വ്റ് വരെ നിസ്കാര ശേഷവും പത്താം രാവ് മഗ്രിബ് മുതൽ പെരുന്നാൾ നിസ്കാരം വരെ എല്ലായ്പ്പോഴും തക്ബീർ ചൊല്ലുക. പത്തിന് പെരുന്നാൾ നിസ്കാര ശേഷം മുതൽ പതിമൂന്നിന് അസ്തമയം വരെയുള്ള സമയങ്ങളിൽ ലക്ഷണവും നിബന്ധനകളുമൊത്ത മൃഗത്തെ ബലിയറുക്കുക. പെരുന്നാൾദിന പുണ്യങ്ങൾ അനുഷ്ഠിക്കുക. സമയത്തിന്റെ മഹത്ത്വവും മൂല്യവും പരിഗണിച്ച് സാധ്യമായ നന്മകൾ വർധിപ്പിക്കുക. തുടങ്ങിയവയാണ് വിശ്വാസികളിൽ ഇക്കാലത്ത് പ്രകടമായി കാണേണ്ടത്.
അലവിക്കുട്ടി ഫൈസി എടക്കര