തിരുനബി(സ്വ) പറഞ്ഞു: ആരെങ്കിലും റമളാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുകയും അതിനെ തുടർന്ന് ശവ്വാൽ മാസത്തിൽ നിന്ന് ആറ് ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുകയും ചെയ്താൽ കൊല്ലം മുഴുവനായി നോമ്പ് എടുത്തത് പോലെയായി (മുസ്‌ലിം).
അല്ലാഹുവിന്റെ കാരുണ്യങ്ങൾ പെയ്തിറങ്ങിയ വിശുദ്ധ റമളാൻ വിടചൊല്ലി. നോമ്പ്, തറാവീഹ് നിസ്‌കാരം എന്നീ റമളാനിലെ പുണ്യകർമങ്ങളും ലൈലതുൽ ഖദ്‌റും വിശ്വാസിയെ പാപമോചിതനാക്കാനുള്ളതായിരുന്നു. നമ്മുടെ നോമ്പും നിസ്‌കാരവും യഥാർഥ ഫലം നൽകുന്നതാകട്ടെ എന്ന് പ്രാർഥിക്കാം. ഖുർആൻ പാരായണം, തഹജ്ജുദ് നിസ്‌കാരം, പരസ്പര സഹകരണം, ദാനധർമങ്ങൾ, ഇഅ്തികാഫ്, ജമാഅത്ത് നിസ്‌കാരം തുടങ്ങിയ സദ്പ്രവർത്തനങ്ങളും നല്ല ശീലങ്ങളും റമളാനിൽ ആവേശത്തോടെ നാം നിർവഹിച്ചു. തെറ്റുകുറ്റങ്ങളിൽ നിന്നും അനാവശ്യങ്ങളിൽ നിന്നും അകന്നുനിന്നു. റമളാൻ മാസത്തിന്റെ സ്വാധീനമാണിതിനെല്ലാം കാരണമായത്.
റമളാൻ ഹൃദയ വെളിച്ചം കൂടുതൽ തെളിഞ്ഞ കാലമായിരുന്നു. നോമ്പിന്റെയും സത്യവിശ്വാസത്തിന്റെയും കൂടിച്ചേരലാണ് ഹൃദയം പ്രകാശിപ്പിക്കുന്നതിന് സഹായകം. സത്യവിശ്വാസം നന്മയുടെ ചാലകശക്തിയാണ്. സത്യവിശ്വാസത്തിന് എഴുപതിലധികം ശാഖകളുണ്ടെന്ന് ഹദീസിൽ വന്നിട്ടുണ്ട്. സത്യവിശ്വാസം നന്മകളുടെ വഴിയെ വിശ്വാസിയെ നയിച്ചുകൊണ്ടിരിക്കും. വിശ്വാസി ചെല്ലുന്നിടങ്ങളിൽ, പ്രവർത്തന മേഖലകളിൽ, അവന്റെ സമയങ്ങളിൽ, സൗകര്യങ്ങളിലെല്ലാം നന്മയുടെയും പുണ്യങ്ങളുടെയും അവസരങ്ങളുണ്ടാക്കും. അവന്റെ മനസ്സിൽ നിന്ന് നന്മവിചാരങ്ങളുടെ ഉറവുണ്ടാവും. റമളാനിന്റെ മഹത്ത്വവും പവിത്രതയും അവന്റെ മനസ്സിലിടം പിടിച്ചതും സത്യവിശ്വാസത്തിന്റെ ഫലമാണ്. പാപം കരിച്ച് കളയുന്ന മാസത്തിൽ നമ്മെയും പാപമുക്തരാക്കാൻ നമ്മുടെ വിശ്വാസം പ്രവർത്തിച്ചു. അപ്പോൾ നാം നോമ്പനുഷ്ഠിച്ചു. തറാവീഹ് നിസ്‌കരിച്ചു. മറ്റു പുണ്യങ്ങളും നിർവഹിച്ചു. അഥവാ, റമളാൻ മാസം നമ്മെ ധാരാളം നന്മകൾ പരിശീലിപ്പിച്ചു. അവ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താമെന്ന് പഠിപ്പിച്ചു. നോമ്പിന്റെ നിർബന്ധ വിധിയറിയിച്ച സൂക്തത്തിൽ നോമ്പിന്റെ ലക്ഷ്യമെന്താണെന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. ‘നിങ്ങൾ തഖ്‌വയുള്ളവരാകുന്നതിന് വേണ്ടി’ എന്നാണത്. റമളാനിലെ നിർബന്ധ അനുഷ്ഠാനമായ നോമ്പ് നമുക്ക് തഖ്‌വ ഉണ്ടാക്കിത്തന്നെങ്കിൽ നമ്മുടെ നോമ്പ് ലക്ഷ്യം നേടി എന്ന് മനസ്സിലാക്കാം.
നിത്യജീവിതത്തിൽ വേണ്ടതാണ് തഖ്‌വ എന്ന് നമുക്കറിയാം. അല്ലാഹുവിന്റെ വിധിവിലക്കുകൾക്ക് വിധേയപ്പെട്ടുള്ള ജീവിതമാണല്ലോ തഖ്‌വ. വിശ്വാസി എന്ന നിലയിലുള്ള അച്ചടക്കമാണത്. നോമ്പ് കാലത്ത് നിർബന്ധങ്ങളും സുന്നത്തുകളും അനുഷ്ഠിക്കാൻ വലിയ ആവേശമായിരുന്നു എല്ലാവർക്കും. തെറ്റുകളിൽ നിന്ന് മാറിനിൽക്കാൻ നാം പ്രചോദിതരായി. ഏറ്റക്കുറച്ചിലുകളുണ്ടാവാമെങ്കിലും റമളാനിലാണ് താൻ ജീവിക്കുന്നതെന്ന വിചാരം പൊതുവെ വിശ്വാസികളിൽ പ്രതിഫലനങ്ങളുണ്ടാക്കിയിട്ടുണ്ട്. ഈമാനുള്ളവരിൽ അതിന്റെ അടയാളങ്ങളും ഗുണങ്ങളും പ്രകടമാകാതിരിക്കില്ല. റമളാനിൽ അത് അധിക പ്രവർത്തനക്ഷമത നേടുന്നുമുണ്ട്.
റമളാനിൽ സജീവത നേടിയ ഈമാനിനെ സംരക്ഷിച്ച് നിർത്താനും വളർത്താനും നമുക്ക് സാധിക്കണം. അതിന്റെ അനിവാര്യ ഗുണമായ തഖ്‌വയെ ശീലവും ജീവിതരീതിയുമാക്കി അടുത്ത റമളാൻ വരെ നമുക്ക് ജീവിക്കണം. അങ്ങനെ റമളാനുകളും ഇടയിലെ കാലങ്ങളും ചിട്ടപ്പെടുത്തി ജീവിക്കാനായാൽ വിജയത്തിനുള്ള ഉപാധി നാം സ്വന്തമാക്കി എന്ന് പറയാം. നോമ്പിന്റെ നിർബന്ധവും തറാവീഹിന്റെ സുന്നത്തും പുണ്യങ്ങളുടെയും പ്രതിഫലങ്ങളുടെയും അതിവർധനവും മാത്രമാണ് പെരുന്നാളോടെ അവസാനിച്ചിട്ടുള്ളത്. മറ്റു നിർബന്ധങ്ങളും സുന്നത്തുകളും പുണ്യാവസരങ്ങളും അവസാനിക്കുന്നില്ല.
റമളാൻ കാലത്തെ എല്ലാ സുകൃതങ്ങളും സ്വീകരിക്കപ്പെടുന്നതിനും അവയുടെ കാലാനുസൃത തുടർച്ചയുണ്ടാവുന്നതിനും പ്രാർഥിക്കുക എന്നത് ആത്മജ്ഞാനികളുടെ രീതിയാണ്. നല്ലതിനൊടുവിൽ ‘റബ്ബനാ തഖബ്ബൽ മിന്നാ… എന്ന പ്രാർഥനയോടൊപ്പം തന്നെ രണ്ട് കാര്യങ്ങൾ നാം ശ്രദ്ധിക്കണം. ഒന്ന്, റമളാൻ നേട്ടങ്ങൾക്ക് കോട്ടം തട്ടരുത്. ഇനിയൊരു റമളാൻ മാസങ്ങൾക്കപ്പുറമാണ്. അങ്ങോട്ട് നാമെത്തുമോ എന്ന് നിശ്ചയമില്ല. അതുകൊണ്ട് നേടിയത് കേടുപറ്റാതെ കരുതിവെക്കണം.
രണ്ട്, നമ്മുടെ ഈമാൻ നേടിയ തിളക്കത്തെ തുടർത്തിക്കൊണ്ട് പോവണം. തിളക്കമുള്ള ഈമാനിന്റെ സദ്ഫലങ്ങൾ പുലർന്ന് കാണണം. ഇനിയൊരു റമളാനിൽ അധിക പുണ്യം നേടാൻ സാധിക്കാനതനിവാര്യമാണ്. അതിനായി ഉത്തമനായ ഒരു മുസ്‌ലിമായി ജീവിക്കാൻ നാം തയ്യാറാകേണ്ടതുണ്ട്. ഈ രണ്ട് ലക്ഷ്യങ്ങളും നേടാൻ നമുക്ക് കഴിയുമെന്നുതന്നെയാണ് റമളാനനുഭവം.
പൊതുവായതും സമയാധിഷ്ഠിതവുമായ നിർബന്ധ കാര്യങ്ങൾ മുറതെറ്റാതെ നിർവഹിക്കുക. സുന്നത്തായ കാര്യങ്ങൾ പൊതുവെയും വിശിഷ്ടവും നിർദിഷ്ടവുമായ സമയ-സന്ദർഭങ്ങളിൽ പ്രത്യേകിച്ചും അനുഷ്ഠിക്കുകയും ശീലമാക്കുകയും ചെയ്യുക. സുന്നത്ത് നോമ്പുകൾ, സുന്നത്ത് നിസ്‌കാരങ്ങൾ, രാത്രി നിസ്‌കാരം, ഖുർആൻ പാരായണം, പ്രാർഥനകൾ, ദിക്‌റുകൾ തുടങ്ങിയ കാര്യങ്ങൾ നിത്യശീലമാക്കുക. അങ്ങനെ റമളാൻ കാലത്തിന്റെ തുടർച്ച ഉറപ്പ് വരുത്തുക.
ശവ്വാൽ മാസത്തിലെ ആറ് നോമ്പുകൾ അതിന്റെ തുടക്കമാവട്ടെ. കേവലം നോമ്പല്ല ഇത്. റമളാൻ നോമ്പുമായൊരു ബന്ധം ഇതിനുണ്ട്. 30+ 6= 36. 36 ഃ10= 360. അറബി വർഷം മുന്നൂറ്റി അൻപത്തി അഞ്ച് ദിനങ്ങളാണ്. ഇരുപത്തി ഒമ്പതുള്ള റമളാൻ മാസവും ഉണ്ടാവും. ഫലത്തിൽ എല്ലാ ദിവസങ്ങൾക്കും ഒരു നോമ്പ് എന്ന ശരാശരി അവസ്ഥ പ്രാപിക്കുന്നു. ഈ ഗണിത വിശേഷമാണ് ഉപരി ഹദീസിലൂടെ പഠിപ്പിക്കുന്നത്. എല്ലാ നന്മകളും ഒന്നിന് പത്ത് എന്നാണ് പ്രതിഫലത്തിന്റെ അടിസ്ഥാന തോത്. അതുകൊണ്ട് തന്നെ ശവ്വാൽ ആറു നോമ്പുകൾക്ക് വിശ്വാസി ജീവിതത്തിൽ പ്രത്യേക സ്ഥാനമുണ്ട്.

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ